-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
കന്ദക്ക: സാധ്യതയനുസരിച്ച് ഇത് ഒരാളുടെ പേരല്ല, പകരം ഫറവോൻ, സീസർ എന്നിവപോലുള്ള ഒരു സ്ഥാനപ്പേര് മാത്രമാണ്. സ്ട്രെബോ, പ്ലിനി ദി എൽഡർ, യൂസേബിയസ് തുടങ്ങിയ പുരാതന എഴുത്തുകാർ എത്യോപ്യയിലെ രാജ്ഞിമാരെ കുറിക്കാൻ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പ്ലിനി ദി എൽഡർ (ഏ. എ.ഡി. 23-79) ഇങ്ങനെ എഴുതി: “ഏതാനും കെട്ടിടങ്ങളുള്ള ഒരു നഗരമാണ് (മോരെ, പുരാതന എത്യോപ്യയുടെ തലസ്ഥാനം.) അത്. കന്ദക്ക എന്നൊരു സ്ത്രീയാണ് അവിടം ഭരിക്കുന്നത് എന്ന് അവർ പറഞ്ഞു. പരമ്പരാഗതമായി അവിടത്തെ രാജ്ഞിമാർക്കു നൽകിപ്പോരുന്ന ഒരു പേരാണു കന്ദക്ക.”—പ്രകൃതിശാസ്ത്രം (ഇംഗ്ലീഷ്), VI, XXXV, 186.
എത്യോപ്യക്കാരൻ: അക്കാലത്ത് എത്യോപ്യ എന്ന് അറിയപ്പെട്ടിരുന്നത് ഈജിപ്തിനു തെക്കുള്ള ഒരു പ്രദേശമാണ്. അവിടെനിന്നുള്ള ആളായിരുന്നു ഈ വ്യക്തി. പുരാതനഗ്രീക്കുകാർ “എത്യോപ്യ” എന്നതിന്റെ ഗ്രീക്കുപദം (ഐത്യോപ്യ, അർഥം: “പൊള്ളിയ മുഖങ്ങളുടെ നാട്.”) ഉപയോഗിച്ചിരുന്നത് ഈജിപ്തിനു തെക്കുള്ള ആഫ്രിക്കൻ പ്രദേശത്തെ കുറിക്കാനാണ്. ഏതാണ്ട് ഈ പ്രദേശംതന്നെയാണ് എബ്രായഭാഷയിൽ കൂശ് എന്ന് അറിയപ്പെട്ടിരുന്നതും. പ്രധാനമായും ആധുനിക ഈജിപ്തിന്റെ തെക്കൻ ഭാഗങ്ങളും ഇന്നത്തെ സുഡാനും ഉൾക്കൊള്ളുന്ന ഒരു പ്രദേശമായിരുന്നു കൂശ്. “കൂശ്” എന്ന എബ്രായപദം പരിഭാഷപ്പെടുത്താൻ സെപ്റ്റുവജിന്റിൽ മിക്കവാറും എല്ലായിടത്തും ഉപയോഗിച്ചിരിക്കുന്നത് “എത്യോപ്യ” എന്ന ഗ്രീക്കുപദമാണ്. അതിന് ഉദാഹരണമാണ് യശ 11:11. ബാബിലോൺകാർ യഹൂദാദേശം പിടിച്ചടക്കിയപ്പോൾ ജൂതന്മാർ ചിതറിപ്പോയ ദേശങ്ങളിലൊന്ന് “കൂശ്” (LXX-ൽ “എത്യോപ്യ.”) ആണെന്ന് അവിടെ പറയുന്നു. അതുകൊണ്ട് എത്യോപ്യക്കാരനായ ഈ ഉദ്യോഗസ്ഥനു സ്വന്തനാട്ടിലുണ്ടായിരുന്ന ജൂതന്മാരെ പരിചയമുണ്ടായിരുന്നിരിക്കണം. ഇനി, ധാരാളം ജൂതന്മാർ താമസിച്ചിരുന്ന ഈജിപ്തിൽവെച്ചും അദ്ദേഹം ജൂതവംശജരുമായി ഇടപഴകിയിട്ടുണ്ടാകാം.
ഷണ്ഡൻ: ഇവിടെ കാണുന്ന യൂനൂഖൊസ് എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “പുനരുത്പാദനശേഷി ഇല്ലാതാക്കപ്പെട്ട പുരുഷൻ” എന്നാണ്. ഇത്തരം പുരുഷന്മാരെ പണ്ട് മധ്യപൂർവദേശത്തും ആഫ്രിക്കയുടെ വടക്കൻ ഭാഗങ്ങളിലും രാജകൊട്ടാരങ്ങളിലെ പല തസ്തികകളിൽ നിയമിക്കാറുണ്ടായിരുന്നു. പ്രധാനമായും രാജ്ഞിയുടെയും രാജാവിന്റെ ഉപപത്നിമാരുടെയും പരിചാരകരും ഭൃത്യരും ആയിട്ടാണ് ഇവർ സേവിച്ചിരുന്നത്. എന്നാൽ “ഷണ്ഡൻ” എന്ന പദം ഉപയോഗിച്ചിരുന്നതു പുനരുത്പാദനശേഷി ഇല്ലാതാക്കിയ പുരുഷന്മാരെ കുറിക്കാൻ മാത്രമല്ല. പിൽക്കാലത്ത് രാജകൊട്ടാരങ്ങളിൽ വിവിധ ഔദ്യോഗികചുമതലകൾ വഹിച്ചിരുന്ന പുരുഷന്മാരെ കുറിക്കാൻ വിശാലമായൊരു അർഥത്തിലും ഈ പദം ഉപയോഗിച്ചുതുടങ്ങി. “ഷണ്ഡൻ” എന്നതിന്റെ ഗ്രീക്കുപദംപോലെതന്നെ അതിന്റെ എബ്രായപദത്തിനും (സാറീസ്) കൊട്ടാരോദ്യോഗസ്ഥനെ സൂചിപ്പിക്കാനാകും. ഉദാഹരണത്തിന്, വിവാഹിതനായിരുന്ന പോത്തിഫറിനെ ‘ഫറവോന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥൻ (അക്ഷ. “ഷണ്ഡൻ.”)’ എന്നാണു വിളിച്ചിരിക്കുന്നത്. (ഉൽ 39:1) പ്രവൃത്തികളുടെ പുസ്തകത്തിലെ വിവരണത്തിൽ, രാജഖജനാവിന്റെ മേൽനോട്ടക്കാരനായ എത്യോപ്യക്കാരനെ “ഷണ്ഡൻ” എന്നു വിളിച്ചിരിക്കുന്നതും അദ്ദേഹം ഒരു കൊട്ടാരോദ്യോഗസ്ഥനാണ് എന്ന അർഥത്തിലായിരിക്കാം. അദ്ദേഹം ആരാധനയ്ക്കുവേണ്ടി യരുശലേമിൽ പോയിട്ട് വരുകയായിരുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത് അദ്ദേഹം ജനതകളിൽപ്പെട്ടവനായിരുന്നെങ്കിലും പരിച്ഛേദനയേറ്റ് ജൂതമതം സ്വീകരിച്ചിരുന്നു അഥവാ യഹോവയുടെ ആരാധകനായിത്തീർന്നിരുന്നു എന്നാണ്. (പദാവലിയിൽ “ജൂതമതം സ്വീകരിച്ചയാൾ” കാണുക.) വൃഷണം ഉടയ്ക്കപ്പെട്ട ഒരാൾ ഇസ്രായേൽസഭയിൽ വരുന്നതിനെ മോശയുടെ നിയമം വിലക്കിയിരുന്നതുകൊണ്ട് (ആവ 23:1) അദ്ദേഹം എന്തായാലും അക്ഷരാർഥത്തിലുള്ള ഒരു ഷണ്ഡനായിരുന്നില്ല എന്നു വ്യക്തം. ഈ എത്യോപ്യക്കാരൻ ജൂതമതം സ്വീകരിച്ചിരുന്നതുകൊണ്ട് ന്യായമായും അദ്ദേഹത്തെ ജനതകളിൽപ്പെട്ട ഒരാളായിട്ടല്ല കണ്ടിരുന്നത്. അതുകൊണ്ട്, പരിച്ഛേദനയേറ്റിട്ടില്ലാത്ത ജനതകളിൽനിന്ന് ക്രിസ്ത്യാനിയായിത്തീർന്ന ആദ്യത്തെ വ്യക്തി കൊർന്നേല്യൊസുതന്നെയാണ്.—പ്രവൃ 10:1, 44-48; “ഷണ്ഡൻ” എന്ന പദം ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ വിശദീകരണത്തിനായി മത്ത 19:12-ന്റെ പഠനക്കുറിപ്പു കാണുക.
-