-
പ്രവൃത്തികൾ 11:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 എന്നാൽ സൈപ്രസിൽനിന്നും കുറേനയിൽനിന്നും ചില ശിഷ്യന്മാർ അന്ത്യോക്യയിൽ ചെന്ന് ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരോടു കർത്താവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാൻതുടങ്ങി.
-
-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
അന്ത്യോക്യ: സിറിയയിലെ ഓറന്റീസ് നദിയുടെ തീരത്തുള്ള ഒരു നഗരം. മെഡിറ്ററേനിയൻ തുറമുഖനഗരമായ സെലൂക്യയിൽനിന്ന് ഏതാണ്ട് 32 കി.മീ. മാറിയായിരുന്നു ഇതിന്റെ സ്ഥാനം. എ.ഡി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും റോമൻ സാമ്രാജ്യത്തിലെ നഗരങ്ങളിൽ വലുപ്പത്തിന്റെയും സമ്പത്തിന്റെയും കാര്യത്തിൽ റോമും അലക്സാൻഡ്രിയയും കഴിഞ്ഞാൽ ഏറ്റവും വലുത് അന്ത്യോക്യയായിരുന്നു. ജൂതവംശജരുടെ വലിയൊരു കൂട്ടം പണ്ടുമുതലേ ആ നഗരത്തിലുണ്ടായിരുന്നു. ഈ സമയത്ത് ജൂതന്മാരും ജനതകളിൽപ്പെട്ടവരും തമ്മിൽ വലിയ ശത്രുതയൊന്നുമുണ്ടായിരുന്നില്ല. തികച്ചും പുതിയൊരു പ്രവർത്തനത്തിനു തുടക്കമിടാൻ എന്തുകൊണ്ടും യോജിച്ച അന്തരീക്ഷമായിരുന്നു അത്. അങ്ങനെ ശിഷ്യന്മാർ ജൂതന്മാരോടു മാത്രമല്ല പരിച്ഛേദനയേറ്റിട്ടില്ലാത്ത ജനതകളിൽപ്പെട്ടവരോടും പ്രസംഗിക്കാൻതുടങ്ങി. (ഈ വാക്യത്തിലെ ഗ്രീക്ക് ഭാഷ സംസാരിക്കുന്നവർ എന്നതിന്റെ പഠനക്കുറിപ്പു കാണുക.) ഈ അന്ത്യോക്യയും ഏഷ്യാമൈനറിലുള്ള പിസിദ്യയിലെ അന്ത്യോക്യയും ഒന്നല്ല.—പ്രവൃ 6:5; 13:14 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഗ്രീക്ക് ഭാഷ സംസാരിക്കുന്നവർ: അക്ഷ. “ഗ്രീക്കുഭാഷക്കാർ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്റെ (ഹെല്ലനിസ്റ്റിസ്) അർഥം മനസ്സിലാക്കേണ്ടതു സന്ദർഭം നോക്കിയാണ്. പ്രവൃ 6:1-ൽ ‘ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാരെ’ കുറിക്കാനാണു സാധ്യതയനുസരിച്ച് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. (പ്രവൃ 6:1-ന്റെ പഠനക്കുറിപ്പു കാണുക.) അതുകൊണ്ടുതന്നെ ഈ വാക്യത്തിൽ ‘ഗ്രീക്ക് ഭാഷ സംസാരിക്കുന്നവർ’ എന്നു വിളിച്ചിരിക്കുന്നതും, ജൂതന്മാരെയോ ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവരെയോ ആണെന്നു ചില പണ്ഡിതന്മാർ അവകാശപ്പെടുന്നു. എന്നാൽ സാധ്യതയനുസരിച്ച് ഇവിടെ പറഞ്ഞിരിക്കുന്നത് അന്ത്യോക്യയിലുണ്ടായ പുതിയ ഒരു സംഭവവികാസത്തെക്കുറിച്ചാണെന്ന് ഓർക്കുക. പ്രവൃ 11:19 പറയുന്നതനുസരിച്ച്, മുമ്പ് അന്ത്യോക്യയിൽ ജൂതന്മാരോടു മാത്രമേ ദൈവവചനം പ്രസംഗിച്ചിരുന്നുള്ളൂ. എന്നാൽ തെളിവനുസരിച്ച് ഇപ്പോൾ അവിടെ താമസിക്കുന്ന ജൂതന്മാരല്ലാത്തവരിലേക്കും ആ സന്ദേശം എത്താൻതുടങ്ങി. ഗ്രീക്ക് ഭാഷ സംസാരിച്ചിരുന്ന ഈ പുതുശിഷ്യരെ പ്രോത്സാഹിപ്പിക്കാനായിരിക്കണം ബർന്നബാസിനെ അന്ത്യോക്യയിലേക്ക് അയച്ചത്. (പ്രവൃ 11:22, 23) പുരാതനമായ ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ ഹെല്ലനിസ്റ്റിസ് എന്ന പദത്തിനു പകരം ഹെല്ലനസ് (അർഥം “ഗ്രീക്കുകാർ;” പ്രവൃ 16:3 കാണുക.) എന്ന പദമാണു കാണുന്നത്. അതുകൊണ്ടുതന്നെ പല പരിഭാഷകളും അതിനെ “ഗ്രീക്കുകാർ” എന്നോ “ജനതകളിൽപ്പെട്ടവർ” എന്നോ ആണ് തർജമ ചെയ്തിരിക്കുന്നത്. അന്ത്യോക്യയിൽ ശിഷ്യന്മാർ സന്തോഷവാർത്ത അറിയിച്ചത് ജൂതമതത്തിൽപ്പെട്ടവരോടല്ലായിരുന്നു എന്ന സൂചനയാണ് ആ പദപ്രയോഗങ്ങൾ നൽകുന്നത്. എന്നാൽ ഈ വാക്യത്തിൽ ‘ഗ്രീക്ക് ഭാഷ സംസാരിക്കുന്നവർ’ എന്നു പറഞ്ഞിരിക്കുന്നത്, ജനതകളിൽപ്പെട്ടവർക്കു പുറമേ ജൂതന്മാരെയുംകൂടെ ഉദ്ദേശിച്ചായിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ഈ പരിഭാഷയിൽ ഇവിടെ ‘ഗ്രീക്ക് ഭാഷ സംസാരിക്കുന്നവർ’ എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. സാധ്യതയനുസരിച്ച് മറ്റു ദേശങ്ങളിൽനിന്ന് അന്ത്യോക്യയിലേക്കു വന്ന ഇവർ ഗ്രീക്കുഭാഷയും ഒരുപക്ഷേ ഗ്രീക്കുകാരുടെ ആചാരങ്ങളും സ്വീകരിച്ചവരായിരുന്നു.
-