-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
യഹോവയുടെ മാർഗം: ഈ പദപ്രയോഗത്തോടു സമാനാർഥമുള്ള ‘ദൈവത്തിന്റെ മാർഗം’ എന്നൊരു പദപ്രയോഗം അടുത്ത വാക്യത്തിൽ കാണാം. ക്രിസ്തീയമാർഗം എന്നത് ഏകസത്യദൈവമായ യഹോവയുടെ ആരാധനയെയും ദൈവപുത്രനായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെയും കേന്ദ്രീകരിച്ചുള്ള ഒരു ജീവിതമാണ്. പ്രവൃത്തികളുടെ പുസ്തകം ക്രിസ്തീയജീവിതത്തെ “മാർഗം” എന്നു മാത്രവും വിളിച്ചിട്ടുണ്ട്. (പ്രവൃ 19:9, 23; 22:4; 24:22; പ്രവൃ 9:2-ന്റെ പഠനക്കുറിപ്പു കാണുക.) “യഹോവയുടെ മാർഗം” എന്ന പദപ്രയോഗം സുവിശേഷവിവരണങ്ങളിൽ നാലു പ്രാവശ്യം കാണുന്നു. അവിടെയെല്ലാം അത് യശ 40:3-ൽനിന്നുള്ള ഉദ്ധരണിയുടെ ഭാഗമാണ്. (മത്ത 3:3; മർ 1:3; ലൂക്ക 3:4; യോഹ 1:23 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) യശ 40:3-ന്റെ മൂല എബ്രായപാഠത്തിൽ ദൈവനാമം (ചതുരക്ഷരി) കാണാം. “യഹോവയുടെ വഴി (അഥവാ “മാർഗം”)” എന്ന പദപ്രയോഗം ന്യായ 2:22; യിര 5:4, 5 എന്നിവിടങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്.—പ്രവൃ 19:23-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
പരിശീലനം ലഭിക്കുക: ഇവിടെ കാണുന്ന കറ്റേഖീയൊ എന്ന ഗ്രീക്കുക്രിയയുടെ അക്ഷരാർഥം “പറഞ്ഞുപതിപ്പിക്കുക” എന്നാണ്. കാര്യങ്ങൾ വാമൊഴിയായി പഠിപ്പിക്കുന്നത് അതിൽ ഉൾപ്പെട്ടേക്കാം. ദൈവവചനത്തിലെ സത്യങ്ങൾ ആവർത്തിച്ചുപറഞ്ഞ് ഒരു വിദ്യാർഥിയുടെ മനസ്സിലും ഹൃദയത്തിലും പതിപ്പിച്ചാൽ മറ്റുള്ളവരെ പഠിപ്പിക്കാൻ അദ്ദേഹവും പ്രാപ്തനാകും.—ഇതേ ഗ്രീക്കുപദം രണ്ടു പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ഗല 6:6 താരതമ്യം ചെയ്യുക.
ദൈവാത്മാവിൽ ജ്വലിച്ച്: അക്ഷ. “തിളയ്ക്കുന്ന ആത്മാവോടെ.” ‘ജ്വലിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “തിളയ്ക്കുക” എന്നാണെങ്കിലും ഇവിടെ അത് ഉപയോഗിച്ചിരിക്കുന്നതു തീക്ഷ്ണതയും ഉത്സാഹവും നിറഞ്ഞുകവിയുക അഥവാ പ്രസരിക്കുക എന്ന അർഥത്തിൽ ആലങ്കാരികമായിട്ടാണ്. എന്നാൽ സാധ്യതയനുസരിച്ച് ഇവിടെ “ആത്മാവ്” എന്നതിന്റെ ഗ്രീക്കുപദം (ന്യൂമ) ദൈവത്തിന്റെ പരിശുദ്ധാത്മാവിനെയാണു കുറിക്കുന്നത്. യഹോവയുടെ ഇഷ്ടമനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതിന് ഒരു വ്യക്തിയെ പ്രേരിപ്പിക്കാനുള്ള ശക്തി അതിനുണ്ട്. (മർ 1:12-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ ന്യൂമ എന്ന പദത്തിന് ഒരാളുടെ ആലങ്കാരികഹൃദയത്തിൽനിന്ന് ഉത്ഭവിക്കുന്ന പ്രേരകശക്തിയെയും കുറിക്കാനാകും. എന്തെങ്കിലും പറയാനോ പ്രവർത്തിക്കാനോ അയാളെ തോന്നിപ്പിക്കുന്ന ഒരു ശക്തിയാണ് അത്. ഈ വാക്യത്തിൽ മേൽപ്പറഞ്ഞ രണ്ട് ആശയവും അടങ്ങിയിരിക്കാം. ദൈവാത്മാവിന്റെ വഴിനടത്തിപ്പുള്ളതുകൊണ്ട് ഒരാൾ ശരിയായ കാര്യങ്ങൾ ചെയ്യാൻ തീക്ഷ്ണതയും ഉത്സാഹവും കാണിക്കുന്നതിനെക്കുറിച്ചായിരിക്കാം ഇവിടെ പറയുന്നത്. എന്നാൽ ഇവിടെ ഈ പദപ്രയോഗം വലിയ ആവേശത്തെയും ഉത്സാഹത്തെയും സൂചിപ്പിക്കുന്ന ഒരു ഭാഷാശൈലി മാത്രമാണെന്ന ഒരു അഭിപ്രായവുമുണ്ട്. ഇവിടെ ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നത് അങ്ങനെയൊരു അർഥത്തിലുമാകാം. കാരണം യേശുവിന്റെ നാമത്തിലുള്ള സ്നാനത്തെക്കുറിച്ച് അപ്പൊല്ലോസ് അതേവരെ കേട്ടിരുന്നില്ലല്ലോ. വസ്തുത ഇതിൽ ഏതായാലും, അപ്പൊല്ലോസ് ശരിയായ കാര്യങ്ങൾ ചെയ്യാൻ ഉത്സാഹം കാണിക്കുകയും കൂടുതൽ കൃത്യതയുള്ള ഉപദേശങ്ങൾ സ്വീകരിക്കാൻ മനസ്സുകാണിക്കുകയും ചെയ്തത് ദൈവാത്മാവിന്റെ വഴിനടത്തിപ്പ് ഉണ്ടായിരുന്നതുകൊണ്ടാണെന്നു വ്യക്തം.—പദാവലിയിൽ “ആത്മാവ്” കാണുക.
യോഹന്നാന്റെ സ്നാനം: യഹോവ മോശയ്ക്കു കൊടുത്ത നിയമത്തിന് എതിരായി ചെയ്യുന്ന പാപങ്ങളെക്കുറിച്ച് ഒരാൾ പശ്ചാത്തപിക്കുന്നു എന്നതിന്റെ പരസ്യപ്രകടനമായിരുന്നു യോഹന്നാന്റെ സ്നാനം. വാസ്തവത്തിൽ, ആ നിയമം അനുസരിച്ചുകൊള്ളാമെന്നു ജൂതന്മാർ സമ്മതിച്ചിരുന്നതാണ്. (പുറ 24:7, 8) എന്നാൽ എ.ഡി. 33-ലെ പെന്തിക്കോസ്തിൽ നിയമയുടമ്പടി അവസാനിച്ചതോടെ യോഹന്നാന്റെ സ്നാനത്തിനു പ്രസക്തിയില്ലാതായി. (റോമ 10:4; ഗല 3:13; എഫ 2:13-15; കൊലോ 2:13, 14) യേശു ശിഷ്യന്മാരോടു നിർദേശിച്ച സ്നാനത്തിനു മാത്രമേ പിന്നീട് യഹോവയുടെ അംഗീകാരമുണ്ടായിരുന്നുള്ളൂ. (മത്ത 28:19, 20) ഇവിടെ വിവരിച്ചിരിക്കുന്ന, അപ്പൊല്ലോസ് ഉൾപ്പെട്ട സംഭവങ്ങൾ നടന്നത് ഏതാണ്ട് എ.ഡി. 52-ലാണ്.
-