-
പ്രവൃത്തികൾ: പഠനക്കുറിപ്പുകൾ—അധ്യായം 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
ശ്രദ്ധയുള്ളവരായിരിക്കുക: അഥവാ “ജാഗ്രതയുള്ളവരായിരിക്കുക.” തന്റെ ആട്ടിൻകൂട്ടത്തിലെ ഓരോ ആടും യഹോവയ്ക്കു പ്രിയപ്പെട്ടതാണ്. കാരണം ‘സ്വന്തം പുത്രന്റെ രക്തംകൊണ്ടാണ്’ ദൈവം അവരെ വിലയ്ക്കു വാങ്ങിയത്. അതിലും വലിയൊരു വില നൽകാൻ യഹോവയ്ക്കാകുമായിരുന്നില്ല. യഹോവ തന്റെ ആടുകളെ ഇത്രയേറെ സ്നേഹിക്കുന്നെന്ന് അറിയാവുന്നതുകൊണ്ട് താഴ്മയുള്ള മേൽവിചാരകന്മാർ ആട്ടിൻകൂട്ടത്തിലെ ഓരോ ആടിന്റെയും ആവശ്യങ്ങളെക്കുറിച്ച് ശ്രദ്ധയുള്ളവരായിരിക്കും.—1പത്ര 5:1-3.
സ്വന്തം പുത്രന്റെ രക്തംകൊണ്ട്: അക്ഷ. “സ്വന്തം (ആയവന്റെ) രക്തംകൊണ്ട്.” ഇവിടെ കാണുന്ന പദപ്രയോഗത്തെ ഗ്രീക്കുവ്യാകരണമനുസരിച്ച് “സ്വന്തം രക്തംകൊണ്ട്” എന്നും പരിഭാഷപ്പെടുത്താം. എന്നാൽ ഇവിടെ വാക്യസന്ദർഭവും കണക്കിലെടുക്കേണ്ടതുണ്ട്. ഗ്രീക്കിൽ ഹോ ഇഡിയൊസ് (“സ്വന്തം.”) എന്ന പദപ്രയോഗത്തോടൊപ്പം ഒരു നാമമോ സർവനാമമോ ഉപയോഗിച്ചില്ലെങ്കിൽപ്പോലും അത് ആരെയാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാകും. ആ പദം അത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ ചില ഉദാഹരണങ്ങളാണ് യോഹ 1:11 (‘സ്വന്തം വീട്’); യോഹ 13:1 (“സ്വന്തമായുള്ള”) എന്നീ തിരുവെഴുത്തുഭാഗങ്ങൾ. ബൈബിളേതര ഗ്രീക്കു പപ്പൈറസ് രേഖകളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നതു വളരെ അടുപ്പമുള്ള ഉറ്റ ബന്ധുക്കളെ കുറിക്കാനാണ്. ഈ വാക്യത്തിന്റെ ഗ്രീക്കുപാഠം വായിക്കുന്ന ഒരാൾക്കു “സ്വന്തം” എന്ന പദത്തിനു ശേഷം ഏകവചനത്തിലുള്ള ഒരു നാമം വരേണ്ടതുണ്ടെന്നു വാക്യസന്ദർഭത്തിൽനിന്നുതന്നെ വ്യക്തമാകും. ആ നാമപദം ദൈവത്തിന്റെ ഏകജാതമകനായ യേശുക്രിസ്തുവിനെയാണു കുറിക്കുന്നതെന്നും അവർക്കു മനസ്സിലാകും. കാരണം രക്തം ചൊരിഞ്ഞയാൾ യേശുവാണ്. അതുകൊണ്ട്, ഗ്രീക്കുപാഠത്തിൽ ഇവിടെ “പുത്രൻ” എന്നൊരു വാക്ക് ഇല്ലെങ്കിലും ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതു പുത്രനെത്തന്നെയാണെന്നും അതിനാൽത്തന്നെ ഈ ഭാഗം “സ്വന്തം പുതന്റെ രക്തംകൊണ്ട്” എന്നു പരിഭാഷപ്പെടുത്താമെന്നും പല പണ്ഡിതന്മാരും പരിഭാഷകരും അഭിപ്രായപ്പെടുന്നു.
ദൈവം: ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ “കർത്താവ്” എന്നാണു കാണുന്നത്. എന്നാൽ “ദൈവം” എന്ന പദം ഉപയോഗിക്കുന്നതിനെയാണു കൂടുതൽ കൈയെഴുത്തുപ്രതികളും പിന്തുണയ്ക്കുന്നത്. മൂലപാഠത്തിലുണ്ടായിരുന്നതു “ദൈവം” എന്ന പദംതന്നെയാണ് എന്നതിനോടു പല പണ്ഡിതന്മാരും യോജിക്കുന്നു.
മേൽവിചാരകന്മാർ: “മേൽവിചാരകൻ” എന്ന് അർഥമുള്ള എപീസ്കൊപൊസ് എന്ന ഗ്രീക്കുപദത്തിന്, “ജാഗ്രതയോടെ ശ്രദ്ധിക്കുക” (എബ്ര 12:15-ൽ “ഉറപ്പു വരുത്തുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.) എന്ന് അർഥമുള്ള എപീസ്കൊപെയോ എന്ന ക്രിയയുമായും എപീസ്കൊപെ എന്ന നാമവുമായും ബന്ധമുണ്ട്. എപീസ്കൊപെ എന്ന നാമപദത്തിന്റെ അർഥം “പരിശോധന” (ലൂക്ക 19:44; 1പത്ര 2:12), ‘മേൽവിചാരകനായിരിക്കൽ’ (1തിമ 3:1), “മേൽവിചാരകസ്ഥാനം” (പ്രവൃ 1:20) എന്നൊക്കെയാണ്. അതിൽനിന്ന് ഒരു മേൽവിചാരകൻ സഭാംഗങ്ങളെ സന്ദർശിച്ച്, കാര്യങ്ങൾ പരിശോധിച്ച്, അവർക്കു നിർദേശങ്ങൾ നൽകിയിരുന്ന വ്യക്തിയാണെന്നു മനസ്സിലാക്കാം. “സംരക്ഷണമേകുക എന്ന ലക്ഷ്യത്തിൽ മേൽനോട്ടം വഹിക്കുക” എന്നാണ് ഈ ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം. സഹവിശ്വാസികൾക്ക് ആത്മീയസഹായം നൽകാനുള്ള ഉത്തരവാദിത്വം ക്രിസ്തീയസഭയിലെ മേൽവിചാരകന്മാർക്കുണ്ട്. എഫെസൊസ് സഭയിലെ ‘മൂപ്പന്മാരോടു’ സംസാരിച്ച ഈ സന്ദർഭത്തിൽ പൗലോസ് ‘മേൽവിചാരകന്മാർ’ എന്ന പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. (പ്രവൃ 20:17) ഇനി, പൗലോസ് തീത്തോസിന് എഴുതിയ കത്തിൽ, ക്രിസ്തീയസഭയിലെ മൂപ്പന്മാർക്കു വേണ്ട യോഗ്യതകളെക്കുറിച്ച് പറയുമ്പോഴും “മേൽവിചാരകൻ” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. (തീത്ത 1:5, 7) അതുകൊണ്ട്, ഈ രണ്ടു പദങ്ങളും ഒരേ സ്ഥാനത്തെയാണു കുറിക്കുന്നതെന്നു നമുക്കു മനസ്സിലാക്കാം. പ്രെസ്ബൂറ്റെറൊസ് (“മൂപ്പൻ”) എന്ന പദം നിയമിതസ്ഥാനങ്ങളിലുള്ളവരുടെ മികച്ച ആത്മീയഗുണങ്ങൾക്ക് ഊന്നൽ നൽകുമ്പോൾ എപീസ്കൊപൊസ് (“മേൽവിചാരകൻ”) എന്ന പദം നിയമിതസ്ഥാനങ്ങളിലുള്ളവരുടെ ഉത്തരവാദിത്വങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. എഫെസൊസ് സഭയിൽ ഒന്നിലധികം മേൽവിചാരകന്മാരുണ്ടായിരുന്നെന്ന്, അവിടത്തെ മൂപ്പന്മാരുമായി പൗലോസ് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഈ വിവരണത്തിൽനിന്ന് മനസ്സിലാക്കാം. ഓരോ സഭയിലെയും മൂപ്പന്മാരുടെ എണ്ണത്തിന് ഒരു നിശ്ചിതപരിധിയൊന്നും വെച്ചിരുന്നില്ല. ആത്മീയപക്വതയുള്ളവരായി യോഗ്യത നേടുന്ന എല്ലാ പുരുഷന്മാർക്കും മൂപ്പന്മാരായി സേവിക്കാമായിരുന്നു. ഇനി, ഫിലിപ്പിയിലെ ക്രിസ്ത്യാനികൾക്കു കത്ത് എഴുതിയപ്പോഴും പൗലോസ് ‘മേൽവിചാരകന്മാർ’ എന്ന പദപ്രയോഗം ഉപയോഗിച്ചു. (ഫിലി 1:1) അതു സൂചിപ്പിക്കുന്നത്, ആ സഭയുടെ കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാൻ മൂപ്പന്മാരുടെ ഒരു സംഘമുണ്ടായിരുന്നെന്നാണ്.—പ്രവൃ 1:20-ന്റെ പഠനക്കുറിപ്പു കാണുക.
-