ഒക്ടോബർ 26 ഞായർ
“ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു. എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാണിക്കുന്നു.”—യാക്കോ. 4:6.
യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത അനേകം സ്ത്രീകളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. അവരെല്ലാം “ശീലങ്ങളിൽ മിതത്വം പാലിക്കുന്നവരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും” ആയിരുന്നു. (1 തിമൊ. 3:11) ഇനി, ചെറുപ്പക്കാരികളായ നിങ്ങൾക്കു നിങ്ങളുടെതന്നെ സഭയിൽ അനുകരിക്കാനാകുന്ന, പക്വതയുള്ള ക്രിസ്തീയസഹോദരിമാരെ കണ്ടെത്താനാകും. ചെറുപ്പക്കാരികളായ സഹോദരിമാരേ, നിങ്ങൾക്ക് അനുകരിക്കാൻ കഴിയുന്ന, പക്വതയുള്ള ഏതെങ്കിലും ക്രിസ്തീയസ്ത്രീകളെ അറിയാമോ? അവരുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കുക. അത് നിങ്ങൾക്ക് എങ്ങനെ പകർത്താമെന്നു ചിന്തിക്കുക. ക്രിസ്തീയപക്വതയുള്ള ഒരാൾക്ക് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഒരു ഗുണമാണ് താഴ്മ. താഴ്മയുള്ള ഒരു സ്ത്രീക്ക് യഹോവയുമായും മറ്റുള്ളവരുമായും വളരെ നല്ല ഒരു ബന്ധം ഉണ്ടായിരിക്കും. ഉദാഹരണത്തിന്, യഹോവയെ സ്നേഹിക്കുന്ന ഒരു സ്ത്രീ തന്റെ സ്വർഗീയപിതാവ് വെച്ചിരിക്കുന്ന ശിരഃസ്ഥാനക്രമീകരണത്തെ താഴ്മയോടെ പിന്തുണയ്ക്കും. (1 കൊരി. 11:3) സഭയിലും കുടുംബത്തിലും ആ ക്രമീകരണത്തിനു കീഴ്പെടേണ്ട പല സാഹചര്യങ്ങളും ഉണ്ട്.w23.12 18–19 ¶3-5
ഒക്ടോബർ 27 തിങ്കൾ
“ഭർത്താക്കന്മാരും ഭാര്യമാരെ സ്വന്തം ശരീരത്തെപ്പോലെ സ്നേഹിക്കണം.”—എഫെ. 5:28.
ഒരു ഭർത്താവ് തന്റെ ഭാര്യയെ സ്നേഹിക്കുകയും അവളുടെ നല്ലൊരു സുഹൃത്തായിരിക്കുകയും അവളുടെ ആവശ്യങ്ങൾക്കായി കരുതുകയും അവളെ ആത്മീയമായി സഹായിക്കുകയും ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നു. ചിന്താശേഷി വളർത്തിയെടുക്കുന്നതും സ്ത്രീകളെ ബഹുമാനിക്കുന്നതും ആശ്രയയോഗ്യരായിരിക്കുന്നതും നല്ലൊരു ഇണയായിരിക്കാൻ നിങ്ങളെ സഹായിക്കും. വിവാഹം കഴിഞ്ഞാൽ നിങ്ങൾ ചിലപ്പോൾ ഒരു പിതാവായിത്തീർന്നേക്കാം. ഒരു നല്ല അപ്പനാകുന്ന കാര്യത്തിൽ യഹോവയുടെ മാതൃകയിൽനിന്ന് നിങ്ങൾക്കു പലതും പഠിക്കാനുണ്ട്. (എഫെ. 6:4) തന്റെ മകനായ യേശുവിനെ സ്നേഹിക്കുന്നുണ്ടെന്നും അംഗീകരിക്കുന്നുണ്ടെന്നും യഹോവ തുറന്നുപറഞ്ഞു. (മത്താ. 3:17) നിങ്ങൾ ഒരു പിതാവായാൽ മക്കളെ സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങളും അവർക്ക് എപ്പോഴും ഉറപ്പുകൊടുക്കണം. അവർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അവരെ അഭിനന്ദിക്കാൻ ഒരിക്കലും മടിക്കരുത്. യഹോവയെ അനുകരിക്കുന്ന പിതാക്കന്മാർ തങ്ങളുടെ മക്കളെ പക്വതയുള്ള ക്രിസ്തീയ പുരുഷന്മാരും സ്ത്രീകളും ആയിത്തീരാൻ സഹായിക്കും. നല്ലൊരു പിതാവാകാൻ നിങ്ങൾക്ക് ഇപ്പോഴേ ഒരുങ്ങാം. അതിനായി കുടുംബത്തിലും സഭയിലും ഉള്ളവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുക. അവരോടുള്ള സ്നേഹവും വിലമതിപ്പും തുറന്നുപറയാൻ പഠിക്കുക.—യോഹ. 15:9. w23.12 28–29 ¶17-18
ഒക്ടോബർ 28 ചൊവ്വ
“നിന്റെ നാളുകൾക്കു സ്ഥിരത നൽകുന്നത് (യഹോവയാണ്).”—യശ. 33:6.
നമ്മൾ യഹോവയുടെ വിശ്വസ്ത ദാസരാണെങ്കിലും, നമുക്കും മറ്റുള്ളവരെപ്പോലെ പ്രശ്നങ്ങളും രോഗങ്ങളും ഒക്കെ ഉണ്ടാകും. അതുകൂടാതെ, ദൈവജനമായതിന്റെ പേരിലുള്ള എതിർപ്പോ ഉപദ്രവമോ നമുക്കു നേരിട്ടേക്കാം. ആ പ്രശ്നങ്ങളെല്ലാം ദൈവം തടയുന്നില്ലെങ്കിലും നമ്മളെ സഹായിക്കുമെന്നു വാക്കുതന്നിട്ടുണ്ട്. (യശ. 41:10) സാഹചര്യം എത്ര കഠിനമാണെങ്കിലും യഹോവയുടെ സഹായമുണ്ടെങ്കിൽ നമുക്കു സന്തോഷം നിലനിറുത്താനും നല്ല തീരുമാനങ്ങളെടുക്കാനും വിശ്വസ്തരായി തുടരാനും കഴിയും. “ദൈവസമാധാനം” നമുക്കു തരുമെന്നു യഹോവ ഉറപ്പുതന്നിട്ടുണ്ട്. (ഫിലി. 4:6, 7) എന്താണ് ആ സമാധാനം? യഹോവയുമായി ഒരു നല്ല ബന്ധമുള്ളതുകൊണ്ട് ഒരാളുടെ ഹൃദയത്തിനും മനസ്സിനും തോന്നുന്ന സ്വസ്ഥതയും ശാന്തതയും ആണ് അത്. ഈ സമാധാനം ‘മനുഷ്യബുദ്ധിക്ക് അതീതമാണ്;’ അതായത് നമുക്കു ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം! നിങ്ങൾ യഹോവയോടു തീവ്രമായി പ്രാർഥിച്ചശേഷം എപ്പോഴെങ്കിലും ഇത്തരത്തിൽ മനസ്സിനു വളരെ ശാന്തത തോന്നിയിട്ടുണ്ടോ? അതാണ് “ദൈവസമാധാനം.” w24.01 20 ¶2; 21 ¶4