അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
16 അങ്ങനെ പൗലോസ് ദർബ്ബെയിലും പിന്നെ ലുസ്ത്രയിലും എത്തി.+ അവിടെ തിമൊഥെയൊസ്+ എന്നൊരു ശിഷ്യനുണ്ടായിരുന്നു. തിമൊഥെയൊസിന്റെ അമ്മ വിശ്വാസിയായ ഒരു ജൂതസ്ത്രീയും അപ്പൻ ഗ്രീക്കുകാരനും ആയിരുന്നു. 2 ലുസ്ത്രയിലും ഇക്കോന്യയിലും ഉള്ള സഹോദരന്മാർക്കു തിമൊഥെയൊസിനെക്കുറിച്ച് വളരെ നല്ല അഭിപ്രായമായിരുന്നു. 3 തിമൊഥെയൊസിനെ കൂടെക്കൊണ്ടുപോകാൻ പൗലോസ് ആഗ്രഹിച്ചു. തിമൊഥെയൊസിന്റെ അപ്പൻ ഒരു ഗ്രീക്കുകാരനാണെന്ന് ആ സ്ഥലങ്ങളിലുള്ള ജൂതന്മാർക്ക് അറിയാമായിരുന്നതുകൊണ്ട് പൗലോസ് തിമൊഥെയൊസിനെ കൊണ്ടുപോയി പരിച്ഛേദന* ചെയ്യിച്ചു.+ 4 അവർ നഗരംതോറും സഞ്ചരിച്ച്, യരുശലേമിലെ അപ്പോസ്തലന്മാരും മൂപ്പന്മാരും എടുത്ത തീരുമാനങ്ങൾ അവിടെയുള്ളവരെ അറിയിച്ചു.+ അവർ അവ പിൻപറ്റി. 5 അങ്ങനെ സഭകളുടെ വിശ്വാസം ശക്തമായി; അംഗസംഖ്യ ദിവസേന വർധിച്ചു.
6 ഏഷ്യ സംസ്ഥാനത്ത് ദൈവവചനം പ്രസംഗിക്കുന്നതു പരിശുദ്ധാത്മാവ് വിലക്കിയതിനാൽ അവർ ഫ്രുഗ്യയിലൂടെയും ഗലാത്യദേശത്തുകൂടെയും സഞ്ചരിച്ചു.+ 7 പിന്നെ മുസ്യയിൽ എത്തിയ അവർ ബിഥുന്യക്കു+ പോകാൻ ശ്രമിച്ചു. എന്നാൽ യേശുവിന്റെ ആത്മാവ്* അവരെ അതിന് അനുവദിച്ചില്ല. 8 അതുകൊണ്ട് അവർ മുസ്യ സംസ്ഥാനത്തിലൂടെ സഞ്ചരിച്ച് ത്രോവാസിൽ എത്തി. 9 രാത്രി പൗലോസിന് ഒരു ദിവ്യദർശനം ഉണ്ടായി. മാസിഡോണിയക്കാരനായ ഒരാൾ തന്റെ മുന്നിൽനിന്ന്, “മാസിഡോണിയയിലേക്കു വന്ന് ഞങ്ങളെ സഹായിക്കണേ” എന്ന് അപേക്ഷിക്കുന്നതായി പൗലോസ് കണ്ടു. 10 ഈ ദർശനം ലഭിച്ചപ്പോൾ, മാസിഡോണിയക്കാരോടു സന്തോഷവാർത്ത അറിയിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്നു ഞങ്ങൾക്കു മനസ്സിലായി; ഉടനെ ഞങ്ങൾ അവിടേക്കു പുറപ്പെട്ടു.
11 അങ്ങനെ, ഞങ്ങൾ ത്രോവാസിൽനിന്ന് കപ്പൽ കയറി നേരെ സമൊത്രാക്കയിലും പിറ്റേന്നു നവപൊലിയിലും എത്തി. 12 അവിടെനിന്ന് മാസിഡോണിയ ജില്ലയിലെ പ്രധാനനഗരവും ഒരു റോമൻ കോളനിയും ആയ ഫിലിപ്പിയിൽ+ എത്തി. ആ നഗരത്തിൽ ഞങ്ങൾ കുറച്ച് ദിവസം തങ്ങി. 13 നഗരകവാടത്തിനു വെളിയിൽ നദിക്കരികെ ഒരു പ്രാർഥനാസ്ഥലമുണ്ടെന്നു തോന്നിയതുകൊണ്ട് ശബത്തുദിവസം ഞങ്ങൾ അവിടേക്കു പോയി. ഞങ്ങൾ അവിടെ ഇരുന്ന്, ആ സ്ഥലത്ത് കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. 14 തുയഥൈര+ നഗരത്തിൽനിന്നുള്ള ലുദിയ എന്ന ദൈവഭക്തയായ ഒരു സ്ത്രീ അക്കൂട്ടത്തിലുണ്ടായിരുന്നു. പർപ്പിൾ നിറത്തിലുള്ള തുണികൾ വിൽക്കുന്നതായിരുന്നു* ലുദിയയുടെ ജോലി. പൗലോസ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാൻ യഹോവ* ലുദിയയുടെ ഹൃദയം തുറന്നു. 15 ലുദിയയും വീട്ടുകാരും സ്നാനമേറ്റു.+ “ഞാൻ യഹോവയോടു* വിശ്വസ്തയാണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ എന്റെ വീട്ടിൽ വന്ന് താമസിക്കണേ” എന്നു ലുദിയ ഞങ്ങളോട് അപേക്ഷിച്ചു. ഇങ്ങനെ നിർബന്ധിച്ച് ഞങ്ങളെക്കൊണ്ട് സമ്മതിപ്പിച്ചു.
16 ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഭൂതം ബാധിച്ച ഒരു ദാസിപ്പെൺകുട്ടിയെ കണ്ടു. ഭൂതം അവളെ ഭാവിഫലം പറയാൻ സഹായിച്ചതുകൊണ്ട്+ അവൾ യജമാനന്മാർക്കു വലിയ സാമ്പത്തികനേട്ടം ഉണ്ടാക്കിക്കൊടുത്തിരുന്നു. 17 അവൾ പൗലോസിന്റെയും ഞങ്ങളുടെയും പിന്നാലെ നടന്ന്, “ഇവർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ;+ രക്ഷയ്ക്കുള്ള വഴി നിങ്ങളെ അറിയിക്കുന്നവർ” എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 18 ദിവസങ്ങളോളം അവൾ ഇതു തുടർന്നു. ഒടുവിൽ സഹികെട്ട പൗലോസ് തിരിഞ്ഞ് ഭൂതത്തോട്, “അവളിൽനിന്ന് പുറത്ത് പോകാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾത്തന്നെ അത് അവളിൽനിന്ന് പുറത്ത് പോയി.+
19 തങ്ങൾക്കു കിട്ടിക്കൊണ്ടിരുന്ന ലാഭം നഷ്ടപ്പെട്ടതു+ കണ്ട് അവളുടെ യജമാനന്മാർ പൗലോസിനെയും ശീലാസിനെയും പിടിച്ച് ചന്തസ്ഥലത്ത് അധികാരികളുടെ അടുത്തേക്കു ബലമായി കൊണ്ടുപോയി.+ 20 അവർ അവരെ മജിസ്റ്റ്രേട്ടുമാരുടെ മുന്നിൽ കൊണ്ടുവന്നിട്ട് പറഞ്ഞു: “ഈ മനുഷ്യർ നമ്മുടെ നഗരത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നു;+ ജൂതന്മാരായ ഇവർ 21 റോമാക്കാരായ നമ്മൾ അംഗീകരിക്കുകയോ പിൻപറ്റുകയോ ചെയ്യരുതാത്ത* ആചാരങ്ങൾ പ്രചരിപ്പിച്ചുനടക്കുന്നു.” 22 അപ്പോൾ ജനം ഒന്നടങ്കം അവർക്കെതിരെ ഇളകി. അവരുടെ മേലങ്കികൾ വലിച്ചുകീറിയിട്ട് അവരെ വടികൊണ്ട് അടിക്കാൻ മജിസ്റ്റ്രേട്ടുമാർ കല്പിച്ചു.+ 23 കുറെ അടിച്ചിട്ട് അവർ അവരെ ജയിലിലിട്ടു. എന്നിട്ട് അവർക്കു ശക്തമായ കാവൽ ഏർപ്പെടുത്താൻ ജയിലധികാരിയോടു കല്പിച്ചു.+ 24 ഇങ്ങനെയൊരു കല്പന ലഭിച്ചതിനാൽ ജയിലധികാരി അവരെ ജയിലിന്റെ ഉള്ളറയിലാക്കി അവരുടെ കാലുകൾ തടിവിലങ്ങിൽ* ഇട്ട് പൂട്ടി.
25 പാതിരാത്രിയാകാറായപ്പോൾ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തെ പാടി സ്തുതിക്കുകയും ചെയ്യുകയായിരുന്നു;+ തടവുകാർ അതു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 26 പെട്ടെന്ന്, വലിയ ഒരു ഭൂകമ്പം ഉണ്ടായി! ജയിലിന്റെ അടിസ്ഥാനം ഇളകി. ഉടൻതന്നെ വാതിലുകളെല്ലാം മലർക്കെ തുറന്നു; എല്ലാവരുടെയും വിലങ്ങുകൾ അഴിഞ്ഞു.+ 27 ഉറക്കമുണർന്ന ജയിലധികാരി ജയിലിന്റെ വാതിലുകൾ തുറന്നിരിക്കുന്നതു കണ്ട് തടവുകാർ രക്ഷപ്പെട്ടെന്നു കരുതി വാൾ ഊരി സ്വയം കുത്തി മരിക്കാൻ ഒരുങ്ങി.+ 28 എന്നാൽ പൗലോസ്, “അരുത്, സാഹസമൊന്നും കാണിക്കരുത്; ഞങ്ങളെല്ലാം ഇവിടെത്തന്നെയുണ്ട്” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. 29 വെളിച്ചം കൊണ്ടുവരാൻ ജയിലധികാരി ആവശ്യപ്പെട്ടു. അകത്തേക്ക് ഓടിച്ചെന്ന അദ്ദേഹം ഭയന്നുവിറച്ച് പൗലോസിന്റെയും ശീലാസിന്റെയും മുന്നിൽ കുമ്പിട്ടു. 30 പിന്നെ ജയിലധികാരി അവരെ പുറത്ത് കൊണ്ടുവന്നിട്ട്, “യജമാനന്മാരേ, രക്ഷ ലഭിക്കാൻ ഞാൻ എന്തു ചെയ്യണം” എന്നു ചോദിച്ചു. 31 അവർ പറഞ്ഞു: “കർത്താവായ യേശുവിൽ വിശ്വസിക്കുക; താങ്കൾക്കും താങ്കളുടെ വീട്ടിലുള്ളവർക്കും രക്ഷ ലഭിക്കും.”+ 32 അവർ ജയിലധികാരിയോടും അദ്ദേഹത്തിന്റെ വീട്ടിലുള്ള എല്ലാവരോടും യഹോവയുടെ* വചനം പ്രസംഗിച്ചു. 33 ജയിലധികാരി ആ രാത്രിയിൽത്തന്നെ അവരെ കൊണ്ടുപോയി അവരുടെ മുറിവുകൾ കഴുകി. വൈകാതെ അദ്ദേഹവും വീട്ടിലുള്ള എല്ലാവരും സ്നാനമേറ്റു.+ 34 ജയിലധികാരി അവരെ വീട്ടിലേക്കു കൊണ്ടുചെന്ന് അവർക്കു ഭക്ഷണം ഒരുക്കി. ദൈവത്തിൽ വിശ്വസിക്കാൻ ഇടയായതിൽ അദ്ദേഹവും വീട്ടുകാരും വളരെ സന്തോഷിച്ചു.
35 നേരം പുലർന്നപ്പോൾ മജിസ്റ്റ്രേട്ടുമാർ ഭടന്മാരെ അയച്ച്, “ആ പുരുഷന്മാരെ വിട്ടയയ്ക്കുക” എന്നു പറഞ്ഞു. 36 അപ്പോൾ ജയിലധികാരി പൗലോസിനോട്, “നിങ്ങളെ രണ്ടു പേരെയും വിട്ടയയ്ക്കാൻ പറഞ്ഞ് മജിസ്റ്റ്രേട്ടുമാർ ആളയച്ചിരിക്കുന്നു. സമാധാനത്തോടെ പൊയ്ക്കൊള്ളൂ” എന്നു പറഞ്ഞു. 37 എന്നാൽ പൗലോസ് അവരോടു പറഞ്ഞു: “റോമാക്കാരായ ഞങ്ങളെ അവർ വിചാരണ ചെയ്യാതെ പരസ്യമായി അടിപ്പിച്ച് ജയിലിലാക്കി;+ എന്നിട്ട് ഇപ്പോൾ രഹസ്യമായി വിട്ടയയ്ക്കുന്നോ? അതു പറ്റില്ല, അവർതന്നെ വന്ന് ഞങ്ങളെ പുറത്ത് കൊണ്ടുപോകട്ടെ.” 38 ഭടന്മാർ ഈ വിവരം മജിസ്റ്റ്രേട്ടുമാരെ അറിയിച്ചു. ആ പുരുഷന്മാർ റോമാക്കാരാണെന്നു കേട്ടപ്പോൾ അവർ ഭയന്നുപോയി.+ 39 അങ്ങനെ മജിസ്റ്റ്രേട്ടുമാർ നേരിട്ട് എത്തി അവരോടു ക്ഷമ പറഞ്ഞു. അവരെ പുറത്ത് കൊണ്ടുവന്നിട്ട് നഗരം വിട്ട് പോകണമെന്ന് അപേക്ഷിച്ചു. 40 എന്നാൽ അവർ ജയിലിൽനിന്ന് ലുദിയയുടെ വീട്ടിലേക്കു പോയി. അവിടെയുള്ള സഹോദരന്മാരെ പ്രോത്സാഹിപ്പിച്ചശേഷം+ അവിടെനിന്ന് പോയി.