ശമുവേൽ ഒന്നാം ഭാഗം
29 ഫെലിസ്ത്യർ+ അവരുടെ സൈന്യങ്ങളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി. പക്ഷേ, ഇസ്രായേല്യർ ജസ്രീലിലെ+ നീരുറവയ്ക്കടുത്താണു പാളയമടിച്ചിരുന്നത്. 2 ഫെലിസ്ത്യപ്രഭുക്കന്മാർ നൂറും ആയിരവും വരുന്ന അവരുടെ സൈനികഗണങ്ങളോടൊപ്പം മുന്നോട്ടു നീങ്ങുമ്പോൾ ദാവീദും ആളുകളും ഏറ്റവും പിന്നിലായി ആഖീശിന്റെകൂടെയുണ്ടായിരുന്നു.+ 3 പക്ഷേ ഫെലിസ്ത്യപ്രഭുക്കന്മാർ, “ഈ എബ്രായർക്ക് എന്താണ് ഇവിടെ കാര്യം” എന്നു ചോദിച്ചു. അപ്പോൾ ആഖീശ് ആ പ്രഭുക്കന്മാരോടു പറഞ്ഞു: “അതു ദാവീദാണ്. ഇസ്രായേലിലെ ശൗൽ രാജാവിന്റെ ദാസൻ. ഏതാണ്ട് ഒരു വർഷത്തിലേറെയായി അയാൾ എന്റെകൂടെയാണ്.+ എന്റെ അടുത്ത് വന്ന നാൾമുതൽ ഇന്നുവരെ അയാളിൽ ഒരു കുറ്റവും കണ്ടിട്ടില്ല.” 4 പക്ഷേ, ഫെലിസ്ത്യപ്രഭുക്കന്മാർ രോഷംപൂണ്ട് ആഖീശിനോടു പറഞ്ഞു: “അയാളെ മടക്കി അയയ്ക്കൂ!+ അങ്ങ് നിയമിച്ചുകൊടുത്തിട്ടുള്ള സ്ഥലത്തേക്കുതന്നെ അയാൾ മടങ്ങട്ടെ. നമ്മുടെകൂടെ യുദ്ധത്തിനു പോരാൻ അയാളെ അനുവദിച്ചുകൂടാ. യുദ്ധത്തിനിടെ ഇയാൾ നമുക്കെതിരെ തിരിയില്ലെന്ന് ആരു കണ്ടു?+ അല്ല, യജമാനന്റെ പ്രീതി നേടാൻ നമ്മുടെ ആളുകളുടെ തലയെടുക്കുന്നതിനെക്കാൾ നല്ലൊരു വഴി അയാളുടെ മുന്നിലുണ്ടോ? 5 ഈ ദാവീദിനെക്കുറിച്ചല്ലേ അവർ,
‘ശൗൽ ആയിരങ്ങളെ കൊന്നു,
ദാവീദോ പതിനായിരങ്ങളെയും’ എന്നു പാടി നൃത്തം ചെയ്തത്?”+
6 അതുകൊണ്ട്, ആഖീശ്+ ദാവീദിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവയാണെ, നീ നേരുള്ളവനാണ്. യുദ്ധത്തിനു പോകുമ്പോൾ എന്റെ സൈന്യത്തിന്റെകൂടെ നീയും വരുന്നതിൽ എനിക്കു സന്തോഷമേ ഉള്ളൂ.+ കാരണം എന്റെ അടുത്ത് വന്ന നാൾമുതൽ ഇന്നുവരെ നിന്നിൽ ഒരു കുറ്റവും കണ്ടിട്ടില്ല.+ പക്ഷേ പ്രഭുക്കന്മാർക്കു നിന്നെ വിശ്വാസമില്ല.+ 7 അതുകൊണ്ട് സമാധാനത്തോടെ മടങ്ങിപ്പോകുക. ഫെലിസ്ത്യപ്രഭുക്കന്മാർക്ക് ഇഷ്ടക്കേടുണ്ടാക്കുന്നതൊന്നും ചെയ്യരുത്.” 8 പക്ഷേ ദാവീദ് ആഖീശിനോടു ചോദിച്ചു: “എന്ത്! അതിനു ഞാൻ എന്തു ചെയ്തെന്നാണ്? അങ്ങയുടെ ഈ ദാസൻ അങ്ങയുടെ അടുത്ത് വന്ന നാൾമുതൽ ഇന്നുവരെ അങ്ങ് എന്നിൽ എന്തെങ്കിലും കുറ്റം കണ്ടിട്ടുണ്ടോ? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളോടു പോരാടാൻ എനിക്ക് എന്തുകൊണ്ട് അങ്ങയോടൊപ്പം വന്നുകൂടാ?” 9 അപ്പോൾ ആഖീശ് ദാവീദിനോടു പറഞ്ഞു: “എന്റെ വീക്ഷണത്തിൽ നീ ഒരു ദൈവദൂതനെപ്പോലെ നല്ലവനാണ്.+ പക്ഷേ, ഫെലിസ്ത്യപ്രഭുക്കന്മാർ പറയുന്നത്, ‘നമ്മുടെകൂടെ യുദ്ധത്തിനു പോരാൻ അയാളെ അനുവദിച്ചുകൂടാ’ എന്നാണ്. 10 അതുകൊണ്ട് നീയും നിന്റെകൂടെ വന്ന നിന്റെ യജമാനന്റെ ദാസന്മാരും അതിരാവിലെ എഴുന്നേറ്റ് വെട്ടംവീഴുമ്പോൾത്തന്നെ ഇവിടെനിന്ന് യാത്രയാകുക.”
11 അങ്ങനെ ദാവീദും ആളുകളും അതിരാവിലെ എഴുന്നേറ്റ് ഫെലിസ്ത്യദേശത്തേക്കു മടങ്ങി. ഫെലിസ്ത്യർ ജസ്രീലിലേക്കും പോയി.+