യഹോവയുടെ സാക്ഷികൾക്കു ഗ്രീസിൽ കുറ്റവിമുക്തി
ഉണരുക! ലേഖകൻ
ഗാസിയിലെ ക്രിറ്റൻ ഗ്രാമത്തിലെ ഓർത്തഡോക്സ് പുരോഹിതൻ തന്റെ മതപ്രഭാഷണങ്ങളിലൊന്നിൽ ഇപ്രകാരം പറഞ്ഞു: “യഹോവയുടെ സാക്ഷികൾക്കു നമ്മുടെ ഗ്രാമത്തിൽതന്നെ ഒരു ഹാളുണ്ട്. അവരെ ഒഴിവാക്കുന്നതിന് എനിക്കു നിങ്ങളുടെ സഹായമാവശ്യമാണ്.” ഏതാനും ദിവസം കഴിഞ്ഞ് ഒരു സായാഹ്നത്തിൽ അജ്ഞാതരായ ആളുകൾ രാജ്യഹാളിന്റെ ജനാലകൾ തകർക്കുകയും അതിനുനേരേ നിറയൊഴിക്കുകയും ചെയ്തു. അങ്ങനെ മതസ്വാതന്ത്ര്യത്തെ ചൊല്ലിയുള്ള വിവാദപ്രശ്നം ഗ്രീസിൽ വീണ്ടും തലപൊക്കി.
മതപരമായ യോഗങ്ങൾ നടത്തുന്നതിനുള്ള അനുവാദത്തിനായി വിദ്യാഭ്യാസ-മതകാര്യ മന്ത്രിക്ക് ഒരു അപേക്ഷ സമർപ്പിക്കാൻ, കിറിയാക്കോസ് ബാക്സേവാനിസ്, വാസിലിസ് ഹറ്റ്സാകിസ്, കോസ്റ്റാസ് മാക്രിഡാകിസ്, റ്റിറ്റോസ് മാനുസാകിസ് എന്നീ നാലു പ്രാദേശിക സാക്ഷികളെ ഈ സംഭവം പ്രേരിപ്പിച്ചു. അനുമതി ലഭിക്കുന്നപക്ഷം ഒടുവിൽ പൊലീസ് സംരക്ഷണം ഉറപ്പുവരുത്താമെന്ന് അവർ പ്രത്യാശിച്ചു. എന്നാൽ അത് അത്ര എളുപ്പം സാധ്യമാകുമായിരുന്നില്ല.
തന്റെ ഇടവകപ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അവരുടെ യോഗങ്ങൾ നിരോധിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തുകൊണ്ട്, സുരക്ഷാ പൊലീസിന്റെ ഹെറാക്ലിയോനിലുള്ള കേന്ദ്രകാര്യാലയത്തിലേക്ക് ആ പുരോഹിതൻ ഒരു കത്തയച്ചു. തത്ഫലമായി പൊലീസ് അന്വേഷണവും ചോദ്യംചെയ്യലും ഉണ്ടായി. ഒടുവിൽ സാക്ഷികൾക്കെതിരായി ക്രിമിനൽ കുറ്റത്തിനു പ്രോസിക്യൂട്ടർ നിയമനടപടികൾ ആരംഭിച്ചു, അങ്ങനെ കേസ് കോടതിയുടെ മുമ്പാകെയെത്തി.
1987 ഒക്ടോബർ 6-ന് ഹെറാക്ലിയോനിലെ ക്രിമിനൽ കോടതി നാലു പ്രതികളെയും വെറുതേ വിട്ടുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചു: “അവരുടെമേൽ ചുമത്തിയിരിക്കുന്ന കുറ്റം അവർ ചെയ്തിട്ടില്ല, കാരണം ഒരു മതത്തിലെ അംഗങ്ങൾക്കു യോഗങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യമുണ്ട് . . . , യാതൊരനുമതിയും ആവശ്യമില്ല.” എന്നാൽ രണ്ടു ദിവസം കഴിഞ്ഞ് ആ തീരുമാനത്തിനെതിരെ പ്രോസിക്യൂട്ടർ അപ്പീൽ നൽകി. കേസ് ഹൈക്കോടതിയുടെ പരിഗണനയിലെത്തി. 1990 ഫെബ്രുവരി 15-ന് ഈ കോടതി ആ സാക്ഷികൾക്കു രണ്ടുമാസത്തെ തടവുശിക്ഷയും ഏകദേശം 100 ഡോളർ പിഴയും വിധിച്ചു. അതേത്തുടർന്ന്, പ്രതികൾ ഗ്രീക്ക് സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
1991 മാർച്ച് 19-ന് സുപ്രീംകോടതി അപ്പീൽ നിരസിക്കുകയും കുറ്റം ശരിവെക്കുകയും ചെയ്തു. രണ്ടുവർഷം കഴിഞ്ഞ്, 1993 സെപ്റ്റംബർ 20-ന് സുപ്രീംകോടതിയുടെ തീരുമാനം പ്രഖ്യാപിച്ചപ്പോൾ പൊലീസ് രാജ്യഹാൾ അടച്ചുപൂട്ടി മുദ്രവെച്ചു. ഒരു പൊലീസ് രേഖ വെളിപ്പെടുത്തുന്നതനുസരിച്ച്, ഈ നടപടിക്കു പിന്നിലുണ്ടായിരുന്നതു ക്രിറ്റിലെ ഓർത്തഡോക്സ് സഭയായിരുന്നു.
മതസ്വാതന്ത്ര്യം നിയന്ത്രിക്കാൻ ഉദ്ദേശിച്ച് 1938-ൽ പാസാക്കിയ ചില നിയമങ്ങൾ ഇപ്പോഴും ഗ്രീസിൽ പ്രാബല്യത്തിലിരിക്കുന്നതിനാലാണ് ഈ സാഹചര്യം സംജാതമായത്. ഒരു വ്യക്തി ഒരു ആരാധനാലയം നടത്താൻ ആഗ്രഹിക്കുന്നെങ്കിൽ വിദ്യാഭ്യാസ-മതകാര്യ മന്ത്രാലയത്തിൽനിന്നും ഓർത്തഡോക്സ് സഭയുടെ പ്രാദേശിക ബിഷപ്പിൽനിന്നും അനുവാദം ലഭിച്ചിരിക്കണമെന്ന് ആ നിയമത്തിൽ അനുശാസിക്കുന്നു. ഈ പഴഞ്ചൻ നിയമം അനേക ദശകങ്ങളായി യഹോവയുടെ സാക്ഷികൾക്ക് ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉളവാക്കിയിരിക്കുന്നു.
മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും
തങ്ങളുടെ കുറ്റം സുപ്രീംകോടതി ശരിവെച്ചെന്നു കണ്ടപ്പോൾ, ആ നാല് സാക്ഷികൾ ഫ്രാൻസിലെ സ്ട്രാസ്ബർഗിലുള്ള, യൂറോപ്യൻ മനുഷ്യാവകാശ കമ്മീഷന് 1991 ആഗസ്റ്റ് 7-ന് ഒരു പരാതി സമർപ്പിച്ചു. ചിന്താസ്വാതന്ത്ര്യം, മനസ്സാക്ഷിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവയും തനിച്ചോ മറ്റുള്ളവരോടൊപ്പം കൂട്ടമായോ ഒരുവന്റെ മതവിശ്വാസം പരസ്യമായോ സ്വകാര്യമായോ പ്രകടിപ്പിക്കാനുള്ള അവകാശവും സംരക്ഷിക്കുന്ന യൂറോപ്യൻ ഉടമ്പടിയുടെ 9-ാം വകുപ്പിന്റെ ലംഘനമായിരുന്നു തങ്ങൾക്കെതിരായ കുറ്റവിധിയെന്ന് ഹർജിക്കാർ വാദിച്ചു.
ഈ കേസിൽ ഗ്രീസ് യൂറോപ്യൻ ഉടമ്പടിയുടെ 9-ാം വകുപ്പു ലംഘിച്ചുവെന്ന്, 25 അംഗങ്ങളടങ്ങിയ പ്രസ്തുത കമ്മീഷൻ 1995 മേയ് 25-ന് ഐകകണ്ഠ്യേന തീർപ്പു കൽപ്പിച്ചു. ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന കുറ്റവിധി മതസ്വാതന്ത്ര്യത്തിന്റെ അന്തഃസത്തയ്ക്കു നിരക്കാത്തതാണെന്നും ഒരു ജനാധിപത്യ സമൂഹത്തിൽ അത് അനിവാര്യമല്ലെന്നുമായിരുന്നു അവരുടെ പ്രഖ്യാപനം. കേസിന്റെ സ്വീകാര്യത സംബന്ധിച്ച് ഈ വിധി ഇങ്ങനെ പ്രസ്താവിച്ചു: “അനേകം യൂറോപ്യൻ രാജ്യങ്ങളിലും വ്യാപകമായി അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതുമായ മതപരമായ ആചാരാനുഷ്ഠാനങ്ങളുള്ള ഒരു പ്രസ്ഥാനത്തിലെ അംഗങ്ങളാണ് . . . അപേക്ഷകർ.” ഒടുവിൽ കമ്മീഷൻ, കേസ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചു.
യഹോവയുടെ സാക്ഷികളെ തടയാനാവില്ല
വിചാരണ 1996 മേയ് 20-ന് നടത്താൻ തീരുമാനിച്ചു. പ്രാദേശിക സർവകലാശാലയിൽനിന്നുള്ള വിദ്യാർഥികൾക്കും പ്രൊഫസർമാർക്കും പുറമേ, പത്രപ്രവർത്തകരും ഗ്രീസ്, ജർമനി, ബെൽജിയം, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള നിരവധി യഹോവയുടെ സാക്ഷികളും ഉൾപ്പെടെ 200-ലധികം പേർ കോടതിമുറിയിലുണ്ടായിരുന്നു.
ദേശീയ അധികൃതർ സ്വീകരിച്ച നയവും കൽപ്പിച്ച വിധിയും യൂറോപ്യൻ ഉടമ്പടിയെ മാത്രമല്ല ഗ്രീക്ക് ഭരണഘടനയെയും ലംഘിച്ചുവെന്ന് ഏഥൻസ് സർവകലാശാലയിൽനിന്നു വിരമിച്ച പ്രൊഫസറും സാക്ഷികളുടെ അഭിഭാഷകനുമായ ശ്രീ. ഫെഥോൻ വെഗ്ലേറിസ് തറപ്പിച്ചുപറഞ്ഞു. “അതുകൊണ്ട് ദേശീയ നിയമവും അതിന്റെ പ്രയുക്തതയുമാണ് കോടതി പരിഗണിച്ചിരിക്കുന്നത്.”
സ്റ്റേറ്റ് കൗൺസിലിൽനിന്നുള്ള ഒരു ജഡ്ജിയായിരുന്നു ഗ്രീക്ക് ഗവൺമെൻറിന്റെ അഭിഭാഷകൻ. വസ്തുതകൾ വിവരിക്കുന്നതിനു പകരം, ഗ്രീസിൽ ഓർത്തഡോക്സ് സഭ വഹിക്കുന്ന സ്ഥാനം, ഗവൺമെൻറുമായുള്ള അതിന്റെ അടുത്ത ബന്ധം, മറ്റു മതങ്ങളെ നിയന്ത്രണത്തിൽ നിർത്തേണ്ടതിന്റെ ആവശ്യം എന്നിവയെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്. കൂടുതലായി, 1960 മുതൽ യഹോവയുടെ സാക്ഷികൾ തങ്ങളുടെ അംഗസംഖ്യ വർധിപ്പിക്കുന്നതിൽ വളരെയേറെ വിജയം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഓർത്തഡോക്സ് സഭയുടെ കുത്തകസ്ഥാനം ശരിക്കും വെല്ലുവിളിക്കപ്പെട്ടിരിക്കുന്നുവെന്നർഥം!
മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചു
സെപ്റ്റംബർ 26-ന് വിധി പുറപ്പെടുവിക്കുമായിരുന്നു. രംഗം ഉദ്വേഗപൂർണമായി, വിശേഷിച്ചും യഹോവയുടെ സാക്ഷികൾക്ക്. ന്യായാധിപസഭാ പ്രസിഡൻറായ ശ്രീ. റുഡോൾഫ് ബേൺഹാർട്ട് വിധി വായിച്ചു: ഗ്രീസ്, യൂറോപ്യൻ ഉടമ്പടിയുടെ 9-ാം വകുപ്പു ലംഘിച്ചുവെന്ന് ഒമ്പതു ജഡ്ജിമാരടങ്ങിയ കോടതി ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടു. ചെലവുകൾ നികത്തുന്നതിനു കോടതി പരാതിക്കാർക്ക് ഏകദേശം 17,000 ഡോളർ സമ്മാനിക്കുകയും ചെയ്തു. ഏറ്റവും പ്രധാനമായി, മതസ്വാതന്ത്ര്യത്തിന് അനുകൂലമായുള്ള ശ്രദ്ധേയമായ ഒട്ടനവധി വാദമുഖങ്ങൾ ആ തീരുമാനത്തിൽ ഉൾപ്പെട്ടിരുന്നു.
“മതസ്വാതന്ത്ര്യം വിനിയോഗിക്കുന്ന സംഗതിയിൽ ദൂരവ്യാപകമായ കടന്നുകയറ്റം നടത്താൻ രാഷ്ട്രീയ-ഭരണ-സഭാ അധികാരികളെ” ഗ്രീക്ക് നിയമം അനുവദിക്കുന്നുവെന്നു കോടതി അഭിപ്രായപ്പെട്ടു. “ചില യാഥാസ്ഥിതികേതര പ്രസ്ഥാനങ്ങളുടെമേൽ, പ്രത്യേകിച്ചും യഹോവയുടെ സാക്ഷികളുടെമേൽ, അവരുടെ മതവിശ്വാസങ്ങൾ ആചരിക്കുന്നതിൽ കർക്കശമായ അല്ലെങ്കിൽ തീർച്ചയായും നിരോധനാർഹമായ വ്യവസ്ഥകൾ ചുമത്താൻ” അനുവാദം നേടുന്നതിന് ആവശ്യമായിരിക്കുന്ന നടപടിക്രമം ഗവൺമെൻറ് ഉപയോഗിച്ചെന്നും അതു കൂട്ടിച്ചേർത്തു. നിരവധി ദശകങ്ങളായി ഓർത്തഡോക്സ് സഭ അവലംബിച്ചുപോന്ന നികൃഷ്ട തന്ത്രങ്ങളെ ഈ സാർവദേശീയ കോടതി തുറന്നുകാട്ടി.
“[യൂറോപ്യൻ] ഉടമ്പടി ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, മതവിശ്വാസങ്ങളോ അവ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങളോ നിയമപരമാണോയെന്നു തീരുമാനിക്കാനുള്ള യാതൊരധികാരവും രാഷ്ട്രത്തിനു നൽകുന്നില്ല” എന്നു കോടതി ഊന്നിപ്പറഞ്ഞു. “യഹോവയുടെ സാക്ഷികൾ, ഗ്രീക്ക് നിയമം അനുശാസിക്കുന്നതനുസരിച്ച് ‘അറിയപ്പെടുന്ന മത’ത്തിന്റെ നിർവചനത്തിനുള്ളിൽ വരുന്നു . . . മാത്രമല്ല ഗവൺമെൻറ് അതംഗീകരിക്കുകയും ചെയ്തിരിക്കുന്നു” എന്നും കോടതി പ്രസ്താവിച്ചു.
വെറുമൊരു തമാശയല്ല
തുടർന്നുവന്ന ഏതാനും ദിവസങ്ങളിൽ, മിക്ക പ്രമുഖ ഗ്രീക്കു പത്രങ്ങളും ഈ കേസിന് പ്രചാരം നൽകി. കാത്തിമെറിനിയുടെ 1996 സെപ്റ്റംബർ 29 ഞായറാഴ്ച പതിപ്പ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇതിനെ ‘വെറുമൊരു തമാശ’യായി തള്ളിക്കളയാൻ ഗ്രീക്ക് രാഷ്ട്രം എത്രമാത്രം ശ്രമിച്ചാലും, യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽനിന്നു ഗ്രീസിന് അതിന്റെ ‘മുഖത്തേറ്റ പ്രഹരം’ വസ്തുനിഷ്ഠമായ ഒരു യാഥാർഥ്യം, സാർവദേശീയ തലത്തിൽ ഉചിതമായി രേഖപ്പെടുത്തിയ ഒരു യാഥാർഥ്യമാണ്. [യൂറോപ്യൻ] മനുഷ്യാവകാശ ഉടമ്പടിയുടെ 9-ാം വകുപ്പ് കോടതി ഗ്രീസിനെ ഓർമിപ്പിക്കുകയും ഗ്രീക്കു നിയമത്തെ ഐകകണ്ഠ്യേന കുറ്റം വിധിക്കുകയും ചെയ്തു.”
“യഹോവയുടെ സാക്ഷികളായിരിക്കുക നിമിത്തം ദൗർഭാഗ്യമനുഭവിക്കാനിടയായ പൗരൻമാർക്കു കോടതിച്ചെലവു നൽകാൻ ഉത്തരവിട്ടുകൊണ്ട്” യൂറോപ്യൻ കോടതി “ഗ്രീസിനെ കുറ്റംവിധി”ച്ചെന്ന് 1996 സെപ്റ്റംബർ 28-ന് ഏഥൻസ് ദിനപ്പത്രമായ എത്ത്നോസ് എഴുതി.
ഹർജിക്കാരുടെ അഭിഭാഷകരിൽ ഒരുവനായ ശ്രീ. പാനോസ് ബിറ്റ്സാച്ചിസ് ഒരു റേഡിയോ പരിപാടിയിൽ നടത്തിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു: “നാം ജീവിക്കുന്നത് 1996 എന്ന വർഷത്തിൽ, 21-ാം നൂറ്റാണ്ടിന്റെ വക്കിലാണ്. മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം വിനിയോഗിക്കുന്നതിനോടുള്ള ബന്ധത്തിൽ പക്ഷപാതിത്വമോ ദ്രോഹമോ ഭരണകൂടത്തിന്റെ ഇടപെടലോ ഉണ്ടാകരുതെന്നതു പറയാതെതന്നെ വ്യക്തമായ കാര്യമാണ്. . . . ഗവൺമെൻറിന് അതിന്റെ നയം പുനഃപരിശോധിക്കുന്നതിനും ഇക്കാലത്തു യാതൊരു ഉദ്ദേശ്യത്തിനും ഉപകരിക്കാത്ത വിവേകരഹിതമായ ഈ പക്ഷപാതിത്വം അവസാനിപ്പിക്കുന്നതിനുമുള്ള ഒരു നല്ല അവസരമാണിത്.”
ഗ്രീസിനെതിരെയുള്ള മാനുസാകിസിന്റെയും മറ്റുള്ളവരുടെയും ഈ കേസിന്റെ വിധി, ഭരണകൂടത്തിന്റെയോ പൊലീസിന്റെയോ സഭയുടെയോ ഇടപെടൽ കൂടാതെ യഹോവയുടെ സാക്ഷികൾക്കു ഗ്രീസിൽ മതസ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയേണ്ടതിനു ഗ്രീക്ക് രാഷ്ട്രം അതിന്റെ നിയമനിർമാണത്തെ യൂറോപ്യൻ കോടതിയുടെ വിധിയോടുള്ള ചേർച്ചയിൽ കൊണ്ടുവരുമെന്നുള്ള പ്രതീക്ഷയ്ക്ക് ആക്കംകൂട്ടുന്നു. തന്നെയുമല്ല, മതസ്വാതന്ത്ര്യത്തോടു ബന്ധപ്പെട്ട കാര്യങ്ങളിൽ ഗ്രീക്ക് നീതിന്യായവ്യവസ്ഥയ്ക്കെതിരെ യൂറോപ്യൻ കോടതി വിധികൽപ്പിക്കുന്നത് ഇതു രണ്ടാം തവണയാണ്.a
ദൈവവചനത്തിനു വിരുദ്ധമല്ലാത്ത എല്ലാ കാര്യങ്ങളിലും യഹോവയുടെ സാക്ഷികൾ ഭരണകൂടങ്ങളാകുന്ന “ശ്രേഷ്ഠാധികാരങ്ങ”ളെ അനുസരിക്കുന്നുവെന്നതു സുവിദിതമാണ്. (റോമർ 13:1, 7) ഒരു പ്രകാരത്തിലും അവർ ക്രമസമാധാനത്തിന് ഒരു ഭീഷണിയാകുന്നില്ല. നേരേമറിച്ച്, നിയമം അനുസരിക്കാനും സമാധാനപൂർണമായ ഒരു ജീവിതം നയിക്കാനും അവരുടെ പ്രസിദ്ധീകരണങ്ങളും പൊതുശുശ്രൂഷയും എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. നീതിനിഷ്ഠവും നന്നായി അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ഒരു മതമാണ് അവരുടേത്. അതിലെ അംഗങ്ങൾ അവരുടെ അയൽക്കാരുടെ ക്ഷേമത്തിനായി വളരെയേറെ സഹായം ചെയ്തിരിക്കുന്നു. ബൈബിളിലെ ഉന്നത ധാർമിക നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലെ അവരുടെ നിശ്ചയദാർഢ്യവും ബൈബിൾ വിദ്യാഭ്യാസ വേലയാൽ വിശേഷിച്ചും പ്രകടമാക്കപ്പെട്ടിരിക്കുന്ന അയൽക്കാരോടുള്ള സ്നേഹവും അവർ വസിക്കുന്ന 200-ലധികം രാജ്യങ്ങളിൽ ആരോഗ്യാവഹമായ ഫലം ഉളവാക്കിയിട്ടുണ്ട്.
യൂറോപ്യൻ കോടതിയുടെ വിധി ഗ്രീസിലെ യഹോവയുടെ സാക്ഷികൾക്കും മറ്റെല്ലാ മത ന്യൂനപക്ഷങ്ങൾക്കും വർധിച്ച മതസ്വാതന്ത്ര്യം കൈവരുത്താനുതകുമെന്നു പ്രത്യാശിക്കുന്നു.
[അടിക്കുറിപ്പ്]
a ഗ്രീസിനെതിരെയുള്ള കൊക്കിനാക്കിസിന്റെ കേസിൽ 1993-ൽ ആയിരുന്നു ആദ്യത്തെ വിധി.—1993 സെപ്റ്റംബർ 1 വീക്ഷാഗോപുരത്തിന്റെ 27-ാം പേജ് കാണുക.
[15-ാം പേജിലെ ചിത്രം]
1993 സെപ്റ്റംബർ 20-ന് പൊലീസ് അടച്ചുപൂട്ടി മുദ്രവെച്ച രാജ്യഹാൾ
[15-ാം പേജിലെ ചിത്രം]
സ്ട്രാസ്ബർഗിലെ യൂറോപ്യൻ മനുഷ്യാവകാശ കോടതി
[16-ാം പേജിലെ ചിത്രം]
ഉൾപ്പെട്ടിരുന്ന സാക്ഷികൾ: റ്റി. മാനുസാകിസ്, വി. ഹറ്റ്സാകിസ്, കെ. മാക്രിഡാകിസ്, കെ. ബാക്സെവാനിസ്