ദാമ്പത്യ തകർച്ച ഒഴിവാക്കാൻ സഹായിക്കുന്ന ഒരു പുസ്തകം
യു.എസ്.എ-യിലെ ലൂസിയാനയിൽ താമസിക്കുന്ന ലെസ്ലി എന്ന സ്ത്രീക്ക് കഴിഞ്ഞ വർഷം ടൂലേൻ സർവകലാശാലയുടെ ഒരു പ്രതിനിധിയിൽനിന്ന് ഒരു ഫോൺകോൾ ലഭിച്ചു. ടൂലേനും മറ്റൊരു സർവകലാശാലയും ചേർന്ന് ലൂസിയാനയിലെ നവദമ്പതികൾക്കിടയിൽ ഒരു സർവേ നടത്തുകയാണെന്ന് അവർ ലെസ്ലിയെ അറിയിച്ചു.
സർവേയിൽ പങ്കെടുക്കാമെന്നു സമ്മതിച്ചതിനെ തുടർന്ന് ലെസ്ലിക്ക് ഒരു ചോദ്യാവലി ലഭിച്ചു. പൂരിപ്പിച്ച ചോദ്യാവലിയോടൊപ്പം അവർ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകവും അയച്ചു. താനും ഭർത്താവും യഹോവയുടെ സാക്ഷികളാണെന്നും വിവാഹത്തിനു തയ്യാറെടുക്കവേ തങ്ങൾ ഒരുമിച്ച് ആ പുസ്തകം പഠിച്ചെന്നും അവർ വിശദീകരിച്ചു.
ഏതാനും ആഴ്ചകൾക്കു ശേഷം പദ്ധതിയുടെ ഡയറക്ടറിൽനിന്ന് അവർക്കു ലഭിച്ച കത്തിൽ പിൻവരുന്നപ്രകാരം എഴുതിയിരുന്നു: “കെട്ടുറപ്പുള്ളതും സന്തുഷ്ടവുമായ വിവാഹജീവിതത്തിന് എന്താണ് ആവശ്യമായിരിക്കുന്നത് എന്ന് ഞങ്ങളെ പഠിപ്പിക്കാൻ നിങ്ങളെയും ഭർത്താവിനെയും പോലുള്ള ദമ്പതികൾക്കു കഴിയുമെന്ന് ഞങ്ങൾ വിചാരിക്കുന്നു. നിങ്ങൾ തികച്ചും വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽനിന്നുള്ളവരാണ് എന്നത് പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. കാരണം പലപ്പോഴും ദാമ്പത്യത്തിൽ അപസ്വരങ്ങൾ ഉയർന്നുവരാൻ ഇടയാക്കുന്ന ഒരു ഘടകമാണ് ഇത്. എന്നാൽ വിവാഹത്തിനുള്ള നിങ്ങളുടെ തയ്യാറെടുപ്പ്, പ്രത്യേകിച്ചും നിങ്ങൾ അയച്ചുതന്ന പുസ്തകത്തിലേതു പോലുള്ള വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ളത്, ഉയർന്നു വന്നേക്കാവുന്ന ഏതു പ്രശ്നത്തെയും വിജയകരമായി തരണംചെയ്യാൻ നിങ്ങളെ സഹായിക്കും. കൂടാതെ, ദാമ്പത്യജീവിതത്തിൽ മതപരമായ മൂല്യങ്ങൾക്കു പ്രാധാന്യം നൽകുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാണ്. നിങ്ങൾക്കു രണ്ടുപേർക്കും ദൈവത്തിൽ ഇത്രയും ശക്തമായ വിശ്വാസവും ആശ്രയവും ഉള്ളത് നിങ്ങളുടെ ഭാഗ്യം.
“നിങ്ങൾ തന്ന പുസ്തകം ഞാൻ എന്റെ മേശപ്പുറത്തു വെച്ചിരിക്കുകയാണ്. വിവാഹം സംബന്ധിച്ച് ഉപദേശം തേടിവരുന്ന എന്റെ വിദ്യാർഥികളെ ഇപ്പോൾ ഞാൻ ഇതു കാണിക്കുന്നു. ഈ പുസ്തകം ഞാൻ ഇതിനു മുമ്പു കണ്ടിട്ടില്ലായിരുന്നു. അത് അതിവിശിഷ്ടമാണ്.”
ഈ പുസ്തകം അമൂല്യമാണെന്ന് നിങ്ങളും കണ്ടെത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ പുസ്തകത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക. കുടുംബത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സ്രഷ്ടാവ് ഉദ്ദേശിച്ചിരുന്നതു പോലുള്ള ആനന്ദപ്രദമായ ഒരു കുടുംബ ജീവിതം നയിക്കാനും സഹായിക്കുന്ന കൃത്യമായ മാർഗനിർദേശങ്ങൾ നിങ്ങൾക്ക് അതിൽനിന്നു ലഭിക്കും. (g02 4/22)
□ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്.