ഏകാധിപത്യ ഭരണത്തിനു കീഴിൽ അര നൂറ്റാണ്ട്
ലെമ്പിറ്റ് ടോം പറഞ്ഞപ്രകാരം
വർഷം 1951. സൈബീരിയയിൽ പത്തു വർഷത്തെ അടിമപ്പണിക്ക്എന്നെ വിധിച്ചു. ആയിരക്കണക്കിനു കിലോമീറ്റർ ദൂരെ, ഉത്തരധ്രുവരേഖയിൽനിന്ന് ഏറെ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള ഒരു ക്യാമ്പിലേക്കു ഞങ്ങളെ മാറ്റി. തളർത്തിക്കളയുന്ന ജോലി, അതികഠിനമായ കാലാവസ്ഥ, ദുഷ്കരമായ ജീവിത സാഹചര്യങ്ങൾ. അവിടെ എത്തിപ്പെടാൻ ഇടയായ സാഹചര്യവും ഞങ്ങളുടെ കഷ്ടപ്പാടുകൾ വൃഥാവിലാകാഞ്ഞതിന്റെ കാരണവും ഞാൻ വിവരിക്കാം.
ബാൾട്ടിക് രാജ്യമായ എസ്തോണിയയിൽ ആണു ഞാൻ ജനിച്ചത്, 1924 മാർച്ച് 10-ന്. ഒരു ബുദ്ധിജീവി ആയിട്ടാണ് അവിടുത്തുകാർ എന്റെ ഡാഡിയെ കണ്ടിരുന്നത്. വാർധക്യകാലത്ത് അദ്ദേഹം മധ്യ എസ്തോണിയയിലെ യർവമയിലുള്ള ഞങ്ങളുടെ കുടുംബ കൃഷിയിടം നോക്കിനടത്തുക ആയിരുന്നു. ഒമ്പതു മക്കൾ അടങ്ങിയ ഒരു വലിയ ലൂഥറൻ കുടുംബമായിരുന്നു ഞങ്ങളുടേത്. ഏറ്റവും ഇളയ കുട്ടിയായിരുന്നു ഞാൻ. എനിക്ക് 13 വയസ്സുള്ളപ്പോൾ ഡാഡി മരിച്ചു.
പിറ്റേ വർഷം എന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയായി. 1939 സെപ്റ്റംബറിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ എന്റെ ജ്യേഷ്ഠൻ ഏറിഷിനെ സൈനിക സേവനത്തിനു തെരഞ്ഞെടുത്തു. അതുകൊണ്ട് എനിക്കു വിദ്യാഭ്യാസം തുടരാൻ കഴിഞ്ഞില്ല. 1940-ൽ എസ്തോണിയ സോവിയറ്റ് യൂണിയന്റെ ഭാഗമായി കൂട്ടിച്ചേർക്കപ്പെട്ടു. ഒരു വർഷത്തിനു ശേഷം ജർമൻകാർ എസ്തോണിയ പിടിച്ചെടുത്തു. ഏറിഷിനെ അവർ തടവിലാക്കി. 1941 ആഗസ്റ്റിൽ ജയിൽ മോചിതനായി ഏറിഷ് വീട്ടിൽ തിരിച്ചെത്തി. 1942-ൽ എനിക്കു കാർഷിക വിദ്യാലയത്തിൽ ചേരാൻ കഴിഞ്ഞു.
1943-ൽ, ക്രിസ്തുമസ് ആഘോഷിക്കാൻ സ്കൂളിൽ നിന്നു ഞാൻ വീട്ടിലെത്തി. ഞങ്ങളുടെ കുടുംബ ഡോക്ടർ ബൈബിളിനെ കുറിച്ചു തന്നോടു സംസാരിച്ചതായി എന്റെ മൂത്ത സഹോദരിയായ ലേയ്ഡ എന്നോടു പറഞ്ഞു. വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച ചില ചെറുപുസ്തകങ്ങളും അദ്ദേഹം നൽകിയിരുന്നു. ഞാൻ അവ വായിച്ചു. ഉടനടി ഞാൻ ഡോ. അർതർ ഇൻഡസിനെ തേടിപ്പിടിച്ചു. അദ്ദേഹം എനിക്കു ബൈബിളധ്യയനം എടുത്തു.
തീരുമാനമെടുക്കാൻ നിർബന്ധിതനാകുന്നു
അതിനിടെ, ജർമനിയും സോവിയറ്റ് യൂണിയനും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊള്ളുകയായിരുന്നു. 1944 ഫെബ്രുവരിയോടെ റഷ്യക്കാർ എസ്തോണിയയുടെ അതിർത്തിവരെ എത്തി. ഏറിഷിനെ ജർമൻ സൈന്യത്തിലേക്കു തിരഞ്ഞെടുത്തു. എനിക്കും സൈന്യത്തിൽ ചേരാനുള്ള ഔദ്യോഗിക രേഖകൾ ലഭിച്ചു. സഹമനുഷ്യരെ കൊല്ലരുതെന്ന് ദൈവ നിയമം അനുശാസിക്കുന്നതായി ഞാൻ വിശ്വസിച്ചിരുന്നു. ഡോ. ഇൻഡുസ്, യുദ്ധം അവസാനിക്കുന്നതുവരെ ഒളിവിൽ കഴിയാൻ പറ്റിയ ഒരു സ്ഥലം കണ്ടെത്താൻ എന്നെ സഹായിക്കാമെന്നേറ്റു.
ഒരു കോൺസ്റ്റബിളും സ്ഥലത്തെ സിവിൽ രക്ഷാ ഉദ്യോഗസ്ഥരുടെ തലവനും കൂടെ ഒരു ദിവസം ഞങ്ങളുടെ കൃഷിയിടത്തിൽ എത്തി. ഞാൻ സൈനിക സേവനം ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന സംശയത്തിന്റെ പേരിൽ എന്നെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് അവർക്കു ലഭിച്ചിരുന്നു. വീടുവിട്ടു പോയില്ലെങ്കിൽ ജർമൻ തടങ്കൽ പാളയത്തിലായിരിക്കും ചെന്നെത്തുക എന്നു ഞാൻ മനസ്സിലാക്കി.
യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളുടെ കൃഷിയിടത്തിൽ ഞാൻ അഭയം തേടി. ഒളിവിലായിരിക്കെ എന്റെ വിശ്വാസം ബലിഷ്ഠമാക്കാൻ ഞാൻ ബൈബിളും വാച്ച്ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളും ആകുന്നത്ര വായിച്ചു. ഒരു രാത്രി അൽപ്പം ആഹാരസാധനങ്ങൾ ശേഖരിക്കുന്നതിന് ഒളിച്ചും പാത്തും ഞാൻ എന്റെ വീട്ടിൽ ചെന്നു. വീടു നിറയെ ജർമൻ പട്ടാളക്കാരായിരുന്നു. ഏറിഷും ചില സുഹൃത്തുക്കളും കൂടെ അവധിക്കു വീട്ടിൽ വന്നതായിരുന്നു കാരണം. ആ രാത്രി കളപ്പുരയിൽ വെച്ച് ഏറിഷിനോടു രഹസ്യമായി സംസാരിക്കാൻ എനിക്കു കഴിഞ്ഞു. ഏറിഷിനെ ഞാൻ അവസാനമായി കണ്ടത് അന്നാണ്.
തലനാരിഴയ്ക്കു രക്ഷപ്പെടുന്നു
ആ രാത്രിതന്നെ, ഒളിവിൽ കഴിഞ്ഞിരുന്ന കൃഷിയിടത്തിൽ ഞാൻ തിരിച്ചെത്തിയശേഷം അവിടം റെയ്ഡു ചെയ്യപ്പെട്ടു. ആരോ അവിടെ ഒളിവിൽ കഴിയുന്നുണ്ടെന്ന അറിയിപ്പിനെ തുടർന്നാണ് സ്ഥലത്തെ കോൺസ്റ്റബിളും സിവിൽ രക്ഷാ ഉദ്യോഗസ്ഥരും അന്വേഷണത്തിന് എത്തിയത്. ഞാൻ അവിടുത്തെ നിലവറയിൽ ഒളിച്ചിരുന്നു. താമസിയാതെ തലയ്ക്കു മുകളിലായി ബൂട്ടുകളുടെ കനത്ത ശബ്ദം ഞാൻ കേട്ടു. അവിടത്തെ കൃഷിക്കാരനെ തോക്കു കാട്ടി ഭീഷണിപ്പെടുത്തിക്കൊണ്ട് ഓഫീസർ ആക്രോശിച്ചു: “ഈ വീട്ടിൽ ഒരാൾ ഒളിവിൽ കഴിയുന്നുണ്ട്! ഞങ്ങൾക്ക് ഇവിടുത്തെ നിലവറ ഒന്നു പരിശോധിക്കണം. എങ്ങനെയാണ് അങ്ങോട്ടു കടക്കുന്നത്?” അവരുടെ ടോർച്ചുകളിൽനിന്നുള്ള ശക്തിയേറിയ പ്രകാശം എനിക്കു കാണാമായിരുന്നു. ഞാൻ സാവധാനം പുറകോട്ടു നിരങ്ങിനീങ്ങി അവിടെത്തന്നെ കിടന്നു. അവർ പോയെന്ന് ഉറപ്പു വരുത്താൻ അൽപ്പനേരം കൂടെ ഞാൻ അവിടെത്തന്നെ കഴിഞ്ഞു.
നേരം വെളുക്കുന്നതിനു മുമ്പുതന്നെ ഞാൻ ആ വീടുവിട്ടു പോയി. പിടിക്കപ്പെടാഞ്ഞതിനു ഞാൻ യഹോവയോടു നന്ദി പറഞ്ഞു. ഒളിവിൽ കഴിയാൻ മറ്റൊരു സ്ഥലം കണ്ടുപിടിക്കുന്നതിൽ ക്രിസ്തീയ സഹോദരങ്ങൾ എന്നെ സഹായിച്ചു. ജർമൻ അധിനിവേശം അവസാനിക്കുന്നതുവരെ ഞാൻ അവിടെത്തന്നെയാണു കഴിഞ്ഞുകൂടിയത്. കോൺസ്റ്റബിളും സ്ഥലത്തെ സിവിൽ രക്ഷാ ഉദ്യോഗസ്ഥരുടെ തലവനും കൊല്ലപ്പെട്ടതായി പിന്നീടു ഞാൻ കേട്ടു. റഷ്യൻ പോരാളികളായിരുന്നു കൊലയ്ക്കു പിന്നിൽ ഉണ്ടായിരുന്നതെന്നു സ്പഷ്ടം. 1944 ജൂൺ 19-ന് എന്റെ സമർപ്പണം ഞാൻ ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. എന്റെ സഹോദരി ലേയ്ഡയും ഒരു യഹോവയുടെ സാക്ഷി ആയിത്തീർന്നു.
1944 ജൂണിൽ സോവിയറ്റ് യൂണിയൻ വീണ്ടും എസ്തോണിയ പിടിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഏതാനും മാസങ്ങൾക്കു ശേഷം എനിക്കു വീട്ടിലേക്കു തിരിച്ചുപോകാമെന്ന സ്ഥിതിയായി. ഞാൻ അവിടെ കൃഷിപ്പണിയിൽ സഹായിക്കാൻ തുടങ്ങി. എന്നാൽ മടങ്ങിയെത്തി അധികം കഴിയുന്നതിനു മുമ്പ്, നവംബറിൽ, റഷ്യൻ സൈന്യത്തിൽ റിപ്പോർട്ടു ചെയ്യാനുള്ള കൽപ്പന എനിക്കു ലഭിച്ചു. റിക്രൂട്ടിങ് കമ്മിറ്റിക്കു മുമ്പാകെ ഞാൻ സധൈര്യം സാക്ഷ്യം നൽകി. സോവിയറ്റ് ഭരണവ്യവസ്ഥയ്ക്ക് എന്റെ വിശ്വാസങ്ങളിലൊന്നും താത്പര്യമില്ലെന്നും എല്ലാവരും സൈനിക സേവനം അനുഷ്ഠിക്കണമെന്നു നിർബന്ധമാണെന്നും അവർ എന്നോടു പറഞ്ഞു. എങ്കിലും യുദ്ധം കഴിയുന്നതുവരെ എനിക്കു സ്വതന്ത്രനായി കഴിഞ്ഞുകൂടാൻ സാധിച്ചു, സഹസാക്ഷികൾക്കു ബൈബിൾ സാഹിത്യങ്ങൾ പ്രദാനം ചെയ്യുന്നതിൽ സഹായിക്കാനും കഴിഞ്ഞു.
യുദ്ധാനന്തര പ്രവർത്തനം
1945 മേയിൽ യുദ്ധം അവസാനിച്ചു. മനസ്സാക്ഷി നിമിത്തം സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചവർക്ക് ഗവൺമെന്റ് പൊതുമാപ്പു നൽകി. അങ്ങനെ ഞാൻ സ്കൂളിലേക്കു മടങ്ങി. 1946-ന്റെ ആരംഭത്തോടെ, എസ്തോണിയയിൽ കൃഷിപ്പണി ചെയ്യുന്നതുകൊണ്ട് ഭാവി മെച്ചപ്പെടാൻ പോകുന്നില്ലെന്ന് എനിക്കു മനസ്സിലായി. കാരണം സോവിയറ്റ് യൂണിയൻ സ്വകാര്യ മേഖലകൾക്കു പകരം സ്ഥിതിസമത്വ സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ട് ഞാൻ പഠിത്തം നിർത്തി രാജ്യപ്രസംഗ വേലയിൽ കൂടുതലായി പങ്കെടുക്കാൻ തുടങ്ങി.
സോവിയറ്റ് ഭരണത്തിൻ കീഴിൽ യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷ പരസ്യമായി തുടരാൻ കഴിയുമായിരുന്നില്ല. വാസ്തവത്തിൽ, രണ്ടാം ലോകമഹായുദ്ധ കാലത്ത് വാച്ച് ടവർ സൊസൈറ്റിയുമായി ബന്ധപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടയ്ക്കപ്പെട്ടിരുന്നു. അതുകൊണ്ട് ഒരു പഴയ കല്ലച്ച് യന്ത്രം ഉപയോഗിച്ച്, സൂക്ഷിച്ചുവെച്ചിരുന്ന സാഹിത്യത്തിന്റെ പകർപ്പുകൾ ഉണ്ടാക്കുന്നതിൽ ഞാൻ സഹായിച്ചു. സഭാ യോഗങ്ങൾ നടത്താനും ഞങ്ങൾ കഴിയുന്നത്ര ശ്രമിച്ചിരുന്നു.
1948 ആഗസ്റ്റിൽ കെജിബി (സോവിയറ്റ് രാഷ്ട്ര സുരക്ഷാ സമിതി) യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കാൻ തുടങ്ങി. വേലയ്ക്കു നേതൃത്വം കൊടുത്തിരുന്നവരിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു തടവിലാക്കി. എല്ലാവരെയും അറസ്റ്റു ചെയ്യാൻ കെജിബി പരിപാടിയിട്ടിട്ടുണ്ട് എന്നു താമസിയാതെ വ്യക്തമായി. പ്രസംഗവേല സംഘടിപ്പിക്കാനും ക്രിസ്തീയ സഹോദങ്ങളെ പ്രോത്സാഹിപ്പിക്കാനും തടവിൽ കഴിയുന്നവരെ സഹായിക്കാനുമായി ഞങ്ങൾ നാലു പേർ അടങ്ങിയ ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു. യാത്ര ചെയ്യാൻ അപ്പോഴും കുറച്ചൊക്കെ സ്വാതന്ത്ര്യം എനിക്ക് ഉണ്ടായിരുന്നതുകൊണ്ട് സഹസാക്ഷികളുമായി ബന്ധപ്പെടാൻ ഞാൻ നിയോഗിക്കപ്പെട്ടു.
1948 സെപ്റ്റംബർ 22 എന്ന തീയതി കാണിച്ച് ഞങ്ങൾ എസ്തോണിയയിലെ സോവിയറ്റ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി ഒരു പ്രതിഷേധക്കത്ത് അയച്ചു. യഹോവയുടെ സാക്ഷികളുടെ സംഘടനയെയും വേലയുടെ ഉദ്ദേശ്യത്തെയും കുറിച്ച് അതിൽ വിവരിച്ചിരുന്നു. കൂടാതെ, തടവിലാക്കപ്പെട്ടിരിക്കുന്ന സഹസാക്ഷികളെ വിട്ടയയ്ക്കാനും അതിൽ അഭ്യർഥിച്ചിരുന്നു. പ്രതികരണമോ? കൂടുതൽ അറസ്റ്റുകൾ. തടവിലാക്കിയിരിക്കുന്ന യഹോവയുടെ സാക്ഷികളെ കുറ്റവിമുക്തരാക്കി വിട്ടയയ്ക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് 1948 ഡിസംബർ 16-ന് ഞങ്ങൾ എസ്തോണിയയുടെ എസ്എസ്ആർ സുപ്രീം കോടതി കൗൺസിലിനും ഒരു പ്രതിഷേധക്കത്ത് അയച്ചു. ഇതിന്റെയും മറ്റു പരാതിക്കത്തുകളുടെയും പകർപ്പുകൾ ടാല്ലിൻ നഗരത്തിൽ ഗവൺമെന്റ് രേഖകൾ സൂക്ഷിക്കുന്ന സ്ഥലത്തെ ഫയലിൽ ഇപ്പോഴുമുണ്ട്.
ഞങ്ങൾക്ക് ഔദ്യോഗിക രേഖകൾ ഇല്ലാതിരുന്നതിനാൽ യാത്ര ചെയ്യുന്നത് അപകടകരമായിരുന്നു. എങ്കിലും അരവെറ്റെ, ഓട്ടെപ്പ, ടാല്ലിൻ, ടാർട്ടൂ, വൊറു എന്നിവിടങ്ങളിലെ സഭകൾ ഞങ്ങൾ സന്ദർശിച്ചു. സൈഡ്കാറോടുകൂടിയ ശക്തിയേറിയ ഒരു ഫോർ-സിലിൻഡർ ബ്ലോക്ക് എഞ്ചിൻ മോട്ടോർ സൈക്കിളിൽ ആയിരുന്നു ഞങ്ങളുടെ യാത്ര. ഒരു റഷ്യൻ ഉദ്യോഗസ്ഥനിൽനിന്നു വാങ്ങിയതായിരുന്നു അത്. വാത്സല്യപൂർവം ഞങ്ങൾ അതിനെ രഥം എന്നു വിളിച്ചിരുന്നു.
സ്റ്റാലിനോടുള്ള പ്രതിഷേധം
1949 ജൂൺ 1-ന് എസ്തോണിയൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ ഉന്നത ഉദ്യോഗസ്ഥർക്കും അതുപോലെ സുപ്രീം സോവിയറ്റ് പ്രിസീഡിയം ചെയർമാൻ ആയിരുന്ന ന്യിക്കലൈ ഷ്വെർനിക്കിനും ഞങ്ങൾ മറ്റൊരു പരാതി അയച്ചു. ഈ രേഖയുടെ ഒരു പകർപ്പ് ഞങ്ങൾ ടാല്ലിനിലെ ഗവൺമെന്റ് രേഖകൾ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു കണ്ടെടുക്കുകയുണ്ടായി. അതിൽ നിക്കോളൈ ഷ്വെർനിക്കിന്റെ സീൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഈ അപേക്ഷ ലഭിച്ചെന്നും സോവിയറ്റ് യൂണിയൻ ഗവൺമെന്റിന്റെ തലവൻ ആയിരുന്ന ജോസഫ് സ്റ്റാലിന് അദ്ദേഹം അതിന്റെ ഒരു പകർപ്പ് അയച്ചുകൊടുത്തെന്നും ഇത് സൂചിപ്പിക്കുന്നു. പരാതിക്കത്തിന്റെ അവസാന ഭാഗത്ത് ഇങ്ങനെ എഴുതിയിരുന്നു:
“യഹോവയുടെ സാക്ഷികളെ തടവിൽനിന്നു മോചിപ്പിക്കണമെന്നും അവർക്കെതിരെയുള്ള പീഡനം അവസാനിപ്പിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി മുഖാന്തരം സോവിയറ്റ് യൂണിയനിലെ നിവാസികളോടു യഹോവയുടെ രാജ്യത്തെ കുറിച്ച് യാതൊരു തടസ്സങ്ങളുമില്ലാതെ പ്രസംഗിക്കാൻ യഹോവയാം ദൈവത്തിന്റെ സംഘടനയെ അനുവദിക്കേണ്ടതാണ്; അല്ലാത്തപക്ഷം യഹോവ സോവിയറ്റ് യൂണിയനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും തകർത്തു തരിപ്പണമാക്കും.
“യഹോവയാം ദൈവത്തിന്റെയും അവന്റെ രാജ്യത്തിന്റെ രാജാവായ യേശുക്രിസ്തുവിന്റെയും തടവിലാക്കപ്പെട്ട എല്ലാ സഹവിശ്വാസികളുടെയും പേരിൽ ഞങ്ങൾ ഇത് ആവശ്യപ്പെടുന്നു.
“ഒപ്പ്: എസ്തോണിയയിലെ യഹോവയുടെ സാക്ഷികൾ (1949 ജൂൺ 1).”
പീഡനം രൂക്ഷമാകുന്നു
ജർമനിയിൽനിന്നു തിരിച്ചെത്തിയ ഒരു വ്യക്തിയുടെ കൈയിൽനിന്നു ഞങ്ങൾക്ക് 1950-ന്റെ ആരംഭത്തിൽ വീക്ഷാഗോപുരത്തിന്റെ 3 ലക്കങ്ങൾ ലഭിച്ചു. ഈ ആത്മീയ ആഹാരത്തിൽനിന്നു ഞങ്ങളുടെ എല്ലാ ക്രിസ്തീയ സഹോദരങ്ങൾക്കും പ്രയോജനം ലഭിക്കുന്നതിനായി ഓട്ടെപ്പ ഗ്രാമത്തിനടുത്തു താമസിക്കുന്ന ഒരു ബൈബിൾ വിദ്യാർഥിയുടെ വൈക്കോൽപ്പുരയിൽ വെച്ച് 1950 ജൂലൈ 24-ന് ഒരു സമ്മേളനം സംഘടിപ്പിക്കാനുള്ള തീരുമാനം ഉണ്ടായി. എന്നാൽ കെജിബി എങ്ങനെയോ ഞങ്ങളുടെ ഈ പരിപാടി മണത്തറിഞ്ഞു, ഞങ്ങളെ കൂട്ടത്തോടെ അറസ്റ്റു ചെയ്യാൻ വേണ്ടി അവർ തയ്യാറെടുത്തു.
സഹോദരങ്ങൾ വന്നിറങ്ങേണ്ടിയിരുന്ന പാലുപ്പെറ റെയിൽവേ സ്റ്റേഷനിൽ രണ്ടു ട്രക്ക് നിറയെ പട്ടാളക്കാരെ കൊണ്ടുവന്നു നിർത്തിയിരുന്നു. കൂടാതെ, സമ്മേളന സ്ഥലത്തുനിന്ന് അൽപ്പം അകലെയായി ഓട്ടെപ്പാ/പാലുപ്പെറ റോഡിൽ റേഡിയോ ട്രാൻസ്മിറ്ററുമായി മറ്റൊരു പട്ടാളക്കാരനും ഒളിച്ചിരുപ്പുണ്ടായിരുന്നു. നേരത്തേതന്നെ എത്തിച്ചേരേണ്ടിയിരുന്ന ചില സഹോദരന്മാരെ സമയമായിട്ടും കാണാതായപ്പോൾ, ഞങ്ങളുടെ പദ്ധതികൾ കണ്ടെത്തപ്പെട്ടുവോ എന്നു ഞങ്ങൾക്കു സംശയമായി.
ഞാനും എല്ല കിക്കാസ് എന്ന ഒരു സഹോദരനും കൂടെ പാലുപ്പെറയ്ക്കു രണ്ടു സ്റ്റോപ്പ് അപ്പുറത്തുള്ള റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി മോട്ടോർ സൈക്കിളിൽ പാഞ്ഞു. ട്രെയിൻ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. ഞാനും എല്ലയും രണ്ടറ്റത്തുനിന്നായി ട്രെയിനിൽ കയറി. യഹോവയുടെ സാക്ഷികളായ എല്ലാവരോടും ഇറങ്ങണമെന്നു വിളിച്ചുപറഞ്ഞുകൊണ്ട് ഞങ്ങൾ കമ്പാർട്ട്മെന്റുകൾ തോറും ഓടി. എല്ലാവരും ഇറങ്ങി. സമ്മേളനം പിറ്റേ ദിവസം മറ്റൊരു വൈക്കോൽപ്പുരയിൽവെച്ചു നടത്താനുള്ള ഏർപ്പാടുകൾ ചെയ്തു. അങ്ങനെ സാക്ഷികളെ കൂട്ടത്തോടെ അറസ്റ്റു ചെയ്യാനുള്ള കെജിബി-യുടെ പരിപാടികളെല്ലാം വെള്ളത്തിലായി.
എങ്കിലും സമ്മേളനം നടന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ വ്യാപകമായി അറസ്റ്റ് നടന്നു. 1950 സെപ്റ്റംബർ 22-ന് എന്നെയും എസ്തോണിയയിൽ പ്രസംഗവേലയുടെ മേൽനോട്ടം വഹിച്ചിരുന്ന കമ്മിറ്റിയിലെ മറ്റു മൂന്നു പേരെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. ടാല്ലിനിലുള്ള പാഗാരി തെരുവിലെ കെജിബി ജയിലിൽ എട്ടു മാസം ഞങ്ങളെ പാർപ്പിച്ചു. പിന്നീട് ഞങ്ങളെ ബാറ്ററി എന്നറിയപ്പെടുന്ന, കാൽദ തെരുവിലുള്ള പൊതുജയിലിലേക്കു മാറ്റി. അവിടെ ഞങ്ങളെ മൂന്നു മാസത്തേക്കു പാർപ്പിച്ചു. കെജിബി ജയിലിൽ ഒരു നിലയറയിൽ ആയിരുന്നു ഞങ്ങളെ താമസിപ്പിച്ചിരുന്നത്. അതിനെ അപേക്ഷിച്ച് ബാൾട്ടിക്ക് കടലിലെ ഈ ജയിൽ ഒരു ഒഴിവുകാല സുഖവാസകേന്ദ്രം പോലെ ആയിരുന്നു.
സൈബീരിയയിൽ ദുഷ്കരമായ ജീവിതം
താമസിയാതെ എന്നെയും ഹാരി എനിക്ക, അലക്സാണ്ടർ ഹെം, ആൽബർട്ട് കോസെ, ലെയോൺഹർഡ് ക്രിബൈ എന്നിവരെയും അങ്ങകലെ സൈബീരിയയിലെ നൊർസിൽസ്ക്കിലുള്ള ഒരു ക്യാമ്പിൽ പത്തു വർഷത്തെ തടവിനു വിധിച്ചു. അവിടെ വേനൽക്കാലത്ത് രണ്ടു മാസത്തേക്കു സൂര്യൻ അസ്തമിക്കുകയില്ല, ശിശിരത്തിൽ രണ്ടു മാസത്തേക്ക് ഉദിക്കുകയുമില്ല.
1951 ആഗസ്റ്റിൽ ടാല്ലിനിൽനിന്നു നൊറിസിൽസ്ക്കിലേക്കുള്ള ഞങ്ങളുടെ ട്രെയിൻയാത്രയുടെ ആദ്യഘട്ടം ആരംഭിച്ചു. ഞങ്ങൾ പസ്കൊഫ്, സെയ്ന്റ് പീറ്റേഴ്സ്ബർഗ് (മുമ്പത്തെ ലെനിൻഗ്രേഡ്), പെറം, യിക്കാറ്ററൻബർഗ് (മുമ്പത്തെ സ്വെർഡ്ലോഫ്സ്ക്), നോവോസിബിർസ്ക്, യെനിസേ നദിക്കരയിലുള്ള ക്രാസ്നൊയാർസ്ക് എന്നീ സ്ഥലങ്ങളിലൂടെ 6,000 കിലോമീറ്റർ യാത്ര ചെയ്തു. ഒടുവിൽ ഒക്ടോബർ ആദ്യം ഞങ്ങൾ ക്രാസ്നൊയാർസ്ക്കിൽനിന്ന് ഒരു ചരക്കുബോട്ടിൽ കയറി വടക്കോട്ട് 1,600-ൽ അധികം കിലോമീറ്റർ അകലേക്കു യാത്രയായി. രണ്ടാഴ്ചയ്ക്കു ശേഷം ഞങ്ങൾ ഉത്തരധ്രുവരേഖയിൽനിന്നു വളരെ അകലെയുള്ള ഡുഡിങ്ക എന്ന പട്ടണത്തിൽ എത്തി. ഡുഡിങ്കയിൽനിന്നു ഞങ്ങൾ 120 കിലോമീറ്റർ അകലെ നൊറിൽസ്ക്കിലേക്കു ട്രെയിൻ കയറി. നൊറിൽസ്ക് സ്റ്റേഷനിൽനിന്നു പട്ടണത്തിനു വെളിയിൽ 15 കിലോമീറ്റർ അകലെ തടവുപുള്ളികൾക്കായുള്ള ക്യാമ്പിലേക്ക്, മഞ്ഞുമൂടിയ പ്രദേശത്തുകൂടെ ഞങ്ങൾ നടന്നു.
തണുപ്പത്തു ധരിക്കാനുള്ള എന്റെ വസ്ത്രങ്ങളും മറ്റും ചരക്കുബോട്ടിൽ വെച്ചു മോഷണം പോയിരുന്നു. വേനലിൽ ധരിക്കാറുള്ള ഒരു കോട്ടും തൊപ്പിയും കട്ടിയില്ലാത്ത പാദരക്ഷകളും മാത്രമേ എന്റെ പക്കൽ ഉണ്ടായിരുന്നുള്ളൂ. ടാല്ലിനിൽനിന്നുള്ള ആഴ്ചകളെടുത്ത യാത്ര ഞങ്ങളെ തളർത്തിയിരുന്നു. തന്നെയുമല്ല പതിവനുസരിച്ചു കിട്ടിയിരുന്ന കുറഞ്ഞ അളവിലുള്ള ആഹാരം പോലും യാത്രയ്ക്കിടയിൽ ഞങ്ങൾക്കു ലഭിച്ചില്ല. ചില തടവുകാർ തലകറങ്ങി വീണു. ഞങ്ങൾ അവരെ താങ്ങിയെടുത്തു നടന്നു, കുതിരവണ്ടികൾ കണ്ടപ്പോൾ അവയിൽ അവരെ കയറ്റി യാത്ര തുടർന്നു.
ക്യാമ്പിൽ എത്തിയപ്പോൾ ഞങ്ങളുടെ പേരുകൾ രജിസ്റ്ററിൽ എഴുതി. എന്നിട്ട് ആവികൊണ്ട് കുളിക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോയി. പിന്നെ അന്നത്തെ റേഷൻ പ്രകാരമുള്ള ആഹാരവും നൽകി. ബാരക്കുകളിൽ സുഖപ്രദമായ ചൂടുണ്ടായിരുന്നു. പെട്ടെന്നുതന്നെ ഉറക്കത്തിലേക്കു വഴുതിവീണ ഞാൻ അർധരാത്രിയോടെ ഞെട്ടിയുണർന്നു. ചെവിയിലെ പഴുപ്പു മൂലം ഞാൻ വേദനകൊണ്ടു പുളയുകയായിരുന്നു. പിറ്റേ ദിവസം എനിക്കു വൈദ്യ ചികിത്സ ലഭിച്ചു, ജോലിയിൽനിന്ന് ഒഴിവും. എന്നാൽ എനിക്കു ജോലി ചെയ്യാൻ സാധിക്കാഞ്ഞതുകൊണ്ട് ജയിൽ അധികൃതർക്കു ദേഷ്യമായിരുന്നു. അവർ എന്നെ അടിച്ചു. ഒരു മാസം എന്നെ ഏകാന്ത തടവിൽ പാർപ്പിച്ചു. “ഞാൻ ക്യാമ്പിലെ സമാധാനം കെടുത്തുകയായിരുന്ന”ത്രേ. എങ്കിലും എനിക്കു വൈദ്യ ചികിത്സ ലഭിച്ചു. ആരോഗ്യം വീണ്ടെടുക്കാൻ എകാന്ത തടവ് എന്നെ സഹായിച്ചു.
ക്യാമ്പിലെ ആദ്യത്തെ ശിശിരമായിരുന്നു ഏറ്റവും ദുഷ്കരം. മിക്കവാറും എല്ലാ ദിവസവും നിക്കൽ ഖനിയിലായിരുന്നു ഞങ്ങൾക്കു പണി. അതു തളർത്തിക്കളയുന്നത് ആയിരുന്നു. മാത്രമല്ല തീരെ കുറച്ച് ആഹാരമേ ഞങ്ങൾക്കു ലഭിച്ചിരുന്നുള്ളൂ. പലർക്കും സ്കർവി രോഗത്തിന്റെ ലക്ഷണം ഉണ്ടായപ്പോൾ ഞങ്ങൾക്കു വിറ്റാമിൻ സി കുത്തിവെപ്പെടുത്തു. എങ്കിലും സന്തോഷകരമെന്നു പറയട്ടെ, മൊൾഡാവിയ, പോളണ്ട്, യൂക്രെയിൻ എന്നിവിടങ്ങളിൽനിന്നുള്ള ഒട്ടേറെ സഹസാക്ഷികളെ ഞങ്ങൾ അവിടെ കണ്ടുമുട്ടി.
തടങ്കൽ ജീവിതത്തിലെ മാറ്റങ്ങൾ
1952-ലെ വസന്തത്തിൽ തടവുകാർക്കു ചെറിയ ഒരു തുക ശമ്പളമായി ലഭിക്കാൻ തുടങ്ങി. അതുകൊണ്ട് ഭക്ഷണം വാങ്ങി ആഹാരക്രമം മെച്ചപ്പെടുത്താൻ ഞങ്ങൾക്കു സാധിച്ചു. കൂടാതെ, ചില സാക്ഷികൾക്കു രഹസ്യ അറകളുള്ള പെട്ടികളിൽ ഭക്ഷണം ലഭിക്കാനും തുടങ്ങി. ഈ അറകളിൽ ബൈബിൾ സാഹിത്യങ്ങൾ ഒളിപ്പിച്ചു വെച്ചിരുന്നു. ഒരിക്കൽ, മൊൾഡോവയിൽ നിന്നുള്ള ഒരു സാക്ഷിക്ക് ഒരു ടിൻ പന്നിക്കൊഴുപ്പു കിട്ടി. അതു ഭക്ഷിക്കവേ ഒരു പന്നിയുടെ ആമാശയ ആവരണം ദൃശ്യമായ്വന്നു. അതിനുള്ളിൽ വീക്ഷാഗോപുരത്തിന്റെ മൂന്നു ലക്കങ്ങൾ ഉണ്ടായിരുന്നു!
1953 മാർച്ച് 5-ന് സ്റ്റാലിൻ മരിച്ചപ്പോൾ തടങ്കൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ആരംഭത്തിൽ, തടവുകാർ വിമോചനം ആവശ്യപ്പെട്ടു. തുടർന്ന് സമരങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായി. അവ അടിച്ചമർത്താൻ സൈന്യത്തെ ഇറക്കി. നൊറിൽസ്ക്കിലുണ്ടായ ഒരു പ്രക്ഷോഭത്തിൽ 120 തടവുകാർ കൊല്ലപ്പെട്ടു; എന്നാൽ സാക്ഷികൾ ഇതിലൊന്നും ഉൾപ്പെട്ടിരുന്നില്ല. അതുകൊണ്ട് അവർ കൊല്ലപ്പെടുകയോ മുറിവേൽപ്പിക്കപ്പെടുകയോ ചെയ്തില്ല. 1953-ലെ വേനൽക്കാലത്ത് രണ്ടാഴ്ചത്തേക്കു നിക്കൽ ഖനിയിലെ പണി സ്തംഭിച്ചു. പിന്നീട് തടങ്കൽ ജീവിതം മെച്ചപ്പെട്ടു. ചില തടവുകാരെ വിട്ടയച്ചു, മറ്റു ചിലരുടെ തടവുശിക്ഷയിൽ ഇളവു വരുത്തി.
ഒരു വിശ്വസ്ത സാക്ഷി
ക്യാമ്പുകളിൽ നടന്ന ഈ പ്രക്ഷോഭങ്ങളെ തുടർന്ന് എന്നെ തെക്ക്, ഇർക്കുട്സ്ക് പ്രവിശ്യയിലെ ടൈഷെറ്റ് നഗരത്തിനടുത്തുള്ള ഒരു ക്യാമ്പിലേക്കു മാറ്റി. അവിടെവെച്ച് എനിക്ക് ആദ്യം ബൈബിൾ അധ്യയനം എടുത്തിരുന്ന അർതർ ഇൻഡസിനെ ഞാൻ കണ്ടുമുട്ടി. ക്യാമ്പിൽ ഒരു ഡോക്ടറായി സേവിക്കാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. പകരം കൂടുതൽ കായികാധ്വാനമുള്ള ഒരു തൊഴിലായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. അദ്ദേഹം വിവരിച്ചു: “യഥാർഥത്തിൽ രോഗികളായ തടവുകാർ പണിയെടുക്കാൻ നിർബന്ധിതരായിരിക്കെ ഉത്തരവാദിത്വ സ്ഥാനങ്ങൾ നൽകപ്പെട്ടിരുന്ന ആരോഗ്യമുള്ള തടവുകാർക്കു രോഗാവധി നൽകാൻ എന്റെ മനസ്സാക്ഷി അനുവദിച്ചില്ല.”
മുമ്പ് അത്തരം കായികാധ്വാനമുള്ള പണി എടുത്തു പരിചയമില്ലാതിരുന്നതുകൊണ്ട് ഇൻഡസ് സഹോദരൻ വല്ലാതെ മെലിഞ്ഞുപോയിരുന്നു. കൂടാതെ അദ്ദേഹം ഒരു രോഗിയുമായിത്തീർന്നു. എങ്കിലും അനുഭവിക്കേണ്ടി വന്ന യാതനകൾ തന്റെ ഹൃദയത്തെ ആത്മീയമായി ശുദ്ധീകരിച്ചതായി തോന്നിയെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. ഏതാണ്ട് മൂന്ന് ആഴ്ചയോളം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തെ ക്യാമ്പ് ആശുപത്രിയിലേക്കു കൊണ്ടുപോയി. അവിടെവെച്ച് 1954 ജനുവരിയിൽ അദ്ദേഹം മരണമടഞ്ഞു. ഉത്തരധ്രുവപ്രദേശത്തിന് അടുത്തുള്ള അനന്തമായ വനത്തിൽ എവിടെയോ അദ്ദേഹത്തിന്റെ, പേരില്ലാത്ത കുഴിമാടമുണ്ട്. മരണത്തോളം ഒരു വിശ്വസ്ത ക്രിസ്ത്യാനി ആയിരുന്ന അദ്ദേഹത്തിന് ഇനി ലഭിക്കാനിക്കുന്നതു പുനരുത്ഥാനമാണ്.
വിമോചനവും വീട്ടിലേക്കുള്ള യാത്രയും
തടവുകാരുടെ ഫയലുകൾ പരിശോധിക്കാൻ 1956-ൽ സുപ്രീം സോവിയറ്റിന്റെ പ്രിസീഡിയം കമ്മീഷൻ ഞങ്ങളുടെ ക്യാമ്പിലേക്ക് അയയ്ക്കപ്പെട്ടു. കമ്മീഷനു മുമ്പാകെ ഹാജരാക്കപ്പെട്ട എന്നോടു ജനറൽ ചോദിച്ചു: “ഇവിടെനിന്നു മോചിതനായശേഷം നിങ്ങൾ എന്തു ചെയ്യും?”
“വരട്ടെ, അപ്പോൾ നോക്കാം,” ഞാൻ പറഞ്ഞു.
മുറിയിൽനിന്നു പോകാൻ എനിക്ക് അനുവാദം ലഭിച്ചു. വീണ്ടും എന്നെ അവിടേക്കു വിളിപ്പിച്ചു. ജനറൽ പറഞ്ഞു: “സോവിയറ്റ് യൂണിയന്റെ ഏറ്റവും വലിയ ശത്രുവാണു നിങ്ങൾ. ഞങ്ങളുടെ തത്ത്വശാസ്ത്രത്തിന്റെ ശത്രു.” എന്നിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു: “നിങ്ങളെ വിട്ടയയ്ക്കാൻ പോകുകയാണ്. പക്ഷേ ഞങ്ങൾ നിങ്ങളെ പിന്തുടരും.” 1956 ജൂലൈ 26-നു ഞാൻ ജയിൽമോചിതനായി.
യൂക്രെയിൻകാരായ ചില സാക്ഷികളുമൊത്തു ഞാൻ രണ്ടു ദിവസം ടൈഷെറ്റിന് അടുത്തുള്ള ഒരു ഗ്രാമമായ സൂയെറ്റിക്ക സന്ദർശിച്ചു. 1951-ൽ ഈ സാക്ഷികളെ സൂയെറ്റിക്കയിലേക്കു നാടുകടത്തിയിരുന്നു. പിന്നെ ഞാൻ ടാംസ്ക്ക് ജില്ലയിൽ, അമ്മയെ നാടുകടത്തിയിരുന്ന സ്ഥലത്തിനടുത്ത്, നാലു ദിവസം തങ്ങി. റെയിൽവേ സ്റ്റേഷനിൽനിന്നു ഞാൻ 20 കിലോമീറ്റർ അകലെയുള്ള ഗ്രിഗറിയെവ്ക്ക ഗ്രാമത്തിലേക്കു നടന്നു. ഞങ്ങളിൽ പലരും കഴിഞ്ഞുകൂടിയ ക്യാമ്പിലേതിലും മോശമായ അവസ്ഥയായിരുന്നു അവിടെ! കസാഖ്സ്ഥാനിലെ ഒരു തടവു ക്യാമ്പിൽനിന്ന് എന്റെ സഹോദരി ലേയ്ഡയെ വിട്ടയച്ചിരുന്നു. അമ്മയോടൊപ്പം കഴിയാൻ ഏതാനും മാസം മുമ്പ് അവൾ അവിടെ എത്തിയിരുന്നു. എന്നാൽ പാസ്പോർട്ട് പിടിച്ചുവെച്ചിരുന്നതുകൊണ്ട് അവൾക്ക് എസ്തോണിയയിലേക്കു മടങ്ങാൻ അതുവരെ കഴിഞ്ഞിരുന്നില്ല.
എസ്തോണിയയിൽ സമ്മർദത്തിൻ കീഴിൽ
ഒടുവിൽ ഞാൻ എസ്തോണിയയിൽ എത്തി. ഞാൻ നേരേ പോയത് ഞങ്ങളുടെ കൃഷിയിടത്തിലേക്ക് ആയിരുന്നു. സൈബീരിയയിൽവെച്ചു കേട്ടതുപോലെതന്നെ ഗവൺമെന്റ് ഞങ്ങളുടെ കെട്ടിടങ്ങളെല്ലാം നശിപ്പിച്ചിരിക്കുന്നതായി ഞാൻ കണ്ടു! ഏതാനും ദിവസം കഴിഞ്ഞപ്പോൾ എനിക്കു പോളിയോ പിടിപെട്ടു. കുറേ കാലം ആശുപത്രിയിൽ കഴിയേണ്ടിവന്നു. അവിടെനിന്നു പോന്നശേഷവും ചികിത്സ തുടരുകയുണ്ടായി. ഇന്നും നടക്കുമ്പോൾ എനിക്കു മുടന്തുണ്ട്.
1943-ലെ വേനൽക്കാലത്ത് ഞാൻ ജോലി ചെയ്തിരുന്ന ലേറ്റ്സ പീറ്റ് കമ്പനിയിൽ എനിക്കു താമസിയാതെ വീണ്ടും ജോലി കിട്ടി. അവരുടെ സഹായത്താൽ എനിക്ക് ഒരു അപ്പാർട്ടുമെന്റും ലഭിച്ചു. 1956 ഡിസംബറിൽ അമ്മയും ലേയ്ഡയും തിരിച്ചെത്തിയപ്പോൾ അവർ എന്നോടൊപ്പം ലേറ്റ്സയിൽ താമസമാക്കി.
1957 നവംബറിൽ ഞാൻ എല്ല കിക്കാസിനെ വിവാഹം കഴിച്ചു. അവളും ആയിടെ സൈബീരിയയിലെ ഒരു തടവു ക്യാമ്പിൽനിന്നു തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. രണ്ടു മാസത്തിനു ശേഷം ഞങ്ങൾ ടാർട്ടൂവിലേക്കു താമസം മാറി. അവിടെ ഞങ്ങൾക്കു താമസിക്കാൻ ഒരു സ്വകാര്യ കെട്ടിടത്തിൽ ചെറിയൊരു അപ്പാർട്ടുമെന്റ് ലഭിച്ചു. ഒടുവിൽ ടാർട്ടു ജില്ലാ ഉപഭോക്തൃ സഹകരണ സമിതിയിൽ ഒരു ഡ്രൈവറായി എനിക്കു ജോലി കിട്ടി.
സൈബീരിയയിൽ വെച്ചു ഞാൻ പത്തു വീക്ഷാഗോപുര അധ്യയന ലേഖനങ്ങൾ റഷ്യൻ ഭാഷയിൽനിന്ന് എസ്തോണിയൻ ഭാഷയിലേക്കു വിവർത്തനം ചെയ്തിരുന്നു. ഞാൻ പോരുമ്പോൾ അവ വീട്ടിലേക്കു കൊണ്ടുവന്നിരുന്നു. പിന്നീട്, നഷ്ടപ്പെട്ട പറുദീസയിൽനിന്നു തിരിച്ചുകിട്ടിയ പറുദീസയിലേക്ക് (ഇംഗ്ലീഷ്) എന്ന പുസ്തകം ഞങ്ങൾക്കു ലഭിച്ചു. അതും ഞങ്ങൾ എസ്തോണിയൻ ഭാഷയിലേക്കു വിവർത്തനം ചെയ്തു. പിന്നീടു ഞങ്ങൾ ഈ പുസ്തകത്തിന്റെ ടൈപ്പു ചെയ്ത പകർപ്പുകൾ ഉണ്ടാക്കി. ഈ സമയമൊക്കെയും കെജിബി ഞങ്ങളുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുക ആയിരുന്നു. അവരുടെ നിരീക്ഷണ രീതികൾ ഞങ്ങൾക്കു സുപരിചിതം ആയിരുന്നതുകൊണ്ട് വേട്ടയാടപ്പെടുന്ന മൃഗങ്ങളെ പോലെ ഞങ്ങൾ സദാ ജാഗരൂകരും ശ്രദ്ധാലുക്കളും ആയിരുന്നു.
കെജിബി-യുടെ ലക്ഷ്യം
1960-കളുടെ ആരംഭത്തിൽ, കെജിബി സാക്ഷികൾക്കെതിരെ കുപ്രചരണ പരിപാടി ആരംഭിച്ചു. ഞാനും ഭാര്യയും ആയിരുന്നു അവരുടെ പ്രധാന ലക്ഷ്യങ്ങൾ. പത്രങ്ങളിൽ ഞങ്ങളെ അപകീർത്തിപ്പെടുത്തുന്ന ലേഖനങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും ഞങ്ങൾ രൂക്ഷമായി വിമർശിക്കപ്പെട്ടു. രണ്ടു പ്രാവശ്യം കെജിബി എന്റെ ജോലിസ്ഥലത്തു പരസ്യയോഗങ്ങൾ സംഘടിപ്പിച്ചു. കൂടാതെ, ടാല്ലിനിലെ എസ്തോണിയ തീയേറ്ററിൽ എന്നെ കളിയാക്കിക്കൊണ്ടുള്ള ഒരു ഹാസ്യനാടകം പ്രൊഫഷണൽ നടീനടന്മാർ അവതരിപ്പിക്കുകയുണ്ടായി. “പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു” എന്ന ദാവീദിന്റെ വാക്കുകൾ ഇത് എന്നെ അനുസ്മരിപ്പിച്ചു.—സങ്കീർത്തനം 69:12.
ഞങ്ങളെ കരിതേച്ചു കാട്ടാനുള്ള ശ്രമങ്ങൾ 1965 വരെ തുടർന്നു. ആ വർഷം ടാർട്ടുവിലെ ഒരു പൊതുജനാരോഗ്യ കേന്ദ്രത്തിൽ അവസാനമായി ഒരു യോഗം നടത്തപ്പെട്ടു. എല്ലയും ഞാനും കെജിബി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഹാൾ നിറയെ ആളുകൾ കൂടിയിരുന്നു. നിരവധി പ്രാവശ്യം എല്ലയെ ചോദ്യം ചെയ്തു. അപ്പോഴെല്ലാം ആളുകൾ ഹർഷാരവം മുഴക്കി. കാണികൾ ഞങ്ങളുടെ പക്ഷത്ത് ആയിരുന്നുവെന്നു സ്പഷ്ടമായിരുന്നു. ഇതു മൂലം കെജിബി ഏജന്റുമാർക്കു കോപവും നിരാശയും ഉണ്ടായി.
ആത്മീയ വിശപ്പ് തൃപ്തിപ്പെടുന്നു
ഞങ്ങളുടെ സാഹിത്യങ്ങൾ വിതരണം ചെയ്യുന്നതു തടയാൻ കമ്മ്യൂണിസ്റ്റുകാർ ശ്രമിച്ചെങ്കിലും 1965-നു ശേഷം ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങൾക്ക് ആവശ്യത്തിനു പ്രസിദ്ധീകരണങ്ങൾ പ്രദാനം ചെയ്യാൻ ഞങ്ങൾക്കു കഴിഞ്ഞു. എങ്കിലും പ്രസിദ്ധീകരണങ്ങൾ രഹസ്യമായി വിവർത്തനം ചെയ്യുന്നതും അച്ചടിക്കുന്നതുമൊക്കെ ഏറെ സമയവും ശ്രമവും ആവശ്യമുള്ള ഒരു ജോലിയായിരുന്നു. എന്റെ ഒളിവിലുള്ള പ്രവർത്തനത്തെയും പ്രസിദ്ധീകരണങ്ങൾ കടത്തുന്ന രീതിയെയും കുറിച്ച് ഒരു കെജിബി ഉദ്യോഗസ്ഥൻ ഇപ്രകാരം പറയുകയുണ്ടായി: “രഹസ്യ അറകൾ ഉള്ള ഒരു സ്യൂട്ട്കേസ് പോലെയാണു നിങ്ങൾ.”
ഞങ്ങളുടെ യോഗങ്ങൾ ചെറിയ കൂട്ടങ്ങളായി രഹസ്യത്തിൽ വേണമായിരുന്നു നടത്താൻ. അനൗപചാരികമായാണ് ഞങ്ങൾ സാക്ഷീകരണം നടത്തിയിരുന്നത്. അപ്പാർട്ടുമെന്റുകൾ ഏതു സമയത്തും പരിശോധിക്കപ്പെടാം എന്നുള്ളതുകൊണ്ട് സഹോദരങ്ങൾ എപ്പോഴും ഒരുങ്ങിയിരിക്കേണ്ടതുണ്ടായിരുന്നു. വാച്ച്ടവർ സൊസൈറ്റിയുടെ സാഹിത്യങ്ങൾ വളരെ ശ്രദ്ധാപൂർവം ഒളിപ്പിച്ചു വെക്കണമായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ പോലും ബൈബിൾ സത്യത്തെ സ്നേഹിക്കുന്ന ഒട്ടേറെ പേരെ കണ്ടെത്താൻ ഞങ്ങൾക്കു കഴിഞ്ഞു, അവർ ദൈവരാജ്യത്തിന്റെ പക്ഷത്തു നിലയുറപ്പിക്കുകയും ചെയ്തു.
1980-കളിൽ സോവിയറ്റ് പ്രധാനമന്ത്രിയായ മിഖായേൽ ഗോർബച്ചേവ് തന്റെ പരിഷ്കാരങ്ങൾ ആരംഭിച്ചപ്പോൾ ദൈവത്തെ സേവിക്കാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമെന്നു ഞങ്ങൾ മനസ്സിലാക്കി. ഒടുവിൽ, 1991-ൽ, സോവിയറ്റ് യൂണിയൻ പല രാഷ്ട്രങ്ങളായി പിളർന്നു. യഹോവയുടെ സാക്ഷികൾക്കു നിയമാംഗീകാരം ലഭിച്ചു. ഇപ്പോൾ ഞങ്ങൾക്കു ടാർട്ടുവിൽ നാലു സഭകൾ ഉണ്ട്. അടുത്തയിടെ ഞങ്ങളുടെ രാജ്യഹാൾ കെട്ടിടത്തിന്റെ പണി പൂർത്തിയായി. എസ്തോണിയയിൽ ഇപ്പോൾ 3,800-ലധികം സാക്ഷികൾ ശുശ്രൂഷയിൽ പങ്കെടുക്കുന്നുണ്ട്. അര നൂറ്റാണ്ടു മുമ്പ് ഞാൻ പ്രസംഗവേലയിൽ ഏർപ്പെടാൻ തുടങ്ങിയപ്പോൾ 40-ഓ 50-ഓ ശുശ്രൂഷകർ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളുവെന്നു തോന്നുന്നു.
സംതൃപ്ത ക്രിസ്തീയ ജീവിതം
യഹോവയെ സേവിക്കാൻ ഞാൻ എടുത്ത തീരുമാനം ശരിയായ ഒന്നാണോ എന്നു ഞാൻ ഒരിക്കലും സംശയിച്ചിട്ടില്ല. പിന്തിരിഞ്ഞു നോക്കുമ്പോൾ ഞാൻ അതീവ സംതൃപ്തനാണ്. യഹോവയുടെ സംഘടന ഊർജസ്വലതയോടെ മുമ്പോട്ടു പോകുന്നതും കൂടുതൽ കൂടുതൽ ആളുകൾ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നതും കാണുമ്പോൾ സന്തോഷം തോന്നുന്നു.
ഈ വർഷങ്ങളിലത്രയും എന്നെയും ഭാര്യയെയും മുന്നോട്ടു നടത്തിയതു യഹോവയുടെ സ്നേഹവും സംരക്ഷണവുമാണ്. അതിനായി ഞാൻ അവനോട് അങ്ങേയറ്റം കൃതജ്ഞത ഉള്ളവനാണ്. യഹോവയുടെ നീതി വസിക്കുന്ന വ്യവസ്ഥിതി ആസന്നമായിരിക്കുകയാണെന്ന ചിന്ത ഞങ്ങൾക്ക് ആത്മീയ കരുത്തു നൽകുന്നു. യഹോവയെ ആരാധിക്കുന്നവരുടെ എണ്ണത്തിലുള്ള അത്ഭുതകരമായ വർധനവിനെ കുറിച്ചു പരിചിന്തിക്കുമ്പോൾ ഞങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളൊന്നും വൃഥാവിലായില്ലെന്നു ഞങ്ങൾക്കു ബോധ്യമുണ്ട്.—എബ്രായർ 6:10; 2 പത്രൊസ് 3:11, 12.
[12,13 പേജുകളിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ടാല്ലിനിൽനിന്ന് കുപ്രസിദ്ധമായ നൊറിൽസ്ക് ക്യാമ്പിലേക്ക് രണ്ടു മാസം എടുത്ത യാത്ര കാണിക്കുന്ന ഒരു മാപ്പ്
ടാല്ലിൻ
പസ്കൊഫ്
സെയ്ന്റ് പീറ്റേഴ്സ്ബർഗ്
പെറം
യിക്കാറ്റൻബർഗ്
നോവോസിബിർസ്ക്
ക്രാസ്നൊയാർസ്ക്
ഡുഡിങ്ക
നൊറിൽസ്ക്
ഉത്തര ധ്രുവരേഖ
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[14-ാം പേജിലെ ചിത്രം]
അർതർ ഇൻഡസ്, കരുത്തുറ്റ ഒരു ക്രിസ്തീയ രക്തസാക്ഷി
[14-ാം പേജിലെ ചിത്രം]
സൈബീരിയയിലെ തടവുകാർ, 1956-ൽ. പിൻനിരയിൽ ഇടത്തുനിന്നു നാലാമത്തേതാണു ഞാൻ
[15-ാം പേജിലെ ചിത്രം]
മുൻ കെജിബി ഹെഡ്ക്വാർട്ടേഴ്സിനു മുന്നിൽ ഭാര്യയുമൊത്ത്. ഇവിടെ വെച്ചാണ് ഞങ്ങളെ മിക്കപ്പോഴും ചോദ്യം ചെയ്തിരുന്നത്