ധാർമ്മികശുദ്ധി യുവജനങ്ങളുടെ സൗന്ദര്യം
“യൗവനക്കാരാ, നിന്റെ യുവത്വത്തിൽ സന്തോഷിക്കുക,. . . നിന്റെ ഹൃദയത്തിന്റെ വഴികളിലും നിന്റെ കണ്ണുകളാൽ കാണപ്പെടുന്ന കാര്യങ്ങളിലും നടക്കുകയുംചെയ്യുക. എന്നാൽ ഇവയെല്ലാം നിമിത്തം സത്യദൈവം നിന്നെ ന്യായവിധിയിലേക്കു വരുത്തും എന്നറിയുക.”—സഭാപ്രസംഗി 11:9.
1, 2. (എ) യഹോവ യുവജനങ്ങളെ സംബന്ധിച്ച് എന്താഗ്രഹിക്കുന്നു? (ബി) നിങ്ങളുടെ ഹൃദയത്തിന് ആകർഷകമായ എന്തും പിന്തുടരുന്നത് മൗഢ്യമായിരിക്കുന്നതെന്തുകൊണ്ട്?
“യൗവനവും ഉത്സാഹവും കരുണാർദ്രതയും വസന്തദിനങ്ങൾ പോലെയാണ്. അവയുടെ ഹ്രസ്വതയെക്കുറിച്ച് . . . പരാതിപ്പെടുന്നതിനു പകരം അവ ആസ്വദിക്കാൻ ശ്രമിക്കുക.” 19-ാം നൂററാണ്ടിലെ ഒരു ജർമ്മൻ കവി അങ്ങനെ എഴുതുകയുണ്ടായി. ചെറുപ്പക്കാരായ നിങ്ങൾക്കുവേണ്ടിയുള്ള ആ ബുദ്ധിയുപദേശവാക്കുകൾ ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് സഭാപ്രസംഗിയെന്ന ബൈബിൾ പുസ്തകത്തിൽ എഴുതപ്പെട്ടവയെ പ്രതിദ്ധ്വനിപ്പിക്കുന്നു: “യൗവനക്കാരാ, നിന്റെ യുവത്വത്തിൽ സന്തോഷിക്കുക, നിന്റെ ഇളംപുരുഷത്വത്തിന്റെ [അല്ലെങ്കിൽ ഇളം സ്ത്രീത്വത്തിന്റെ] നാളുകളിൽ നിന്റെ ഹൃദയം നിനക്ക് നൻമ ചെയ്യാൻ അനുവദിക്കുകയും നിന്റെ ഹൃദയത്തിന്റെ വഴികളിലും നിന്റെ കണ്ണുകളാൽ കാണപ്പെടുന്ന കാര്യങ്ങളിലും നടക്കുകയുംചെയ്യുക.” (സഭാപ്രസംഗി 11:9എ) അതുകൊണ്ട് യഹോവ അവശ്യം യൗവനമോഹങ്ങൾക്ക് ആകർഷകമായവയെക്കുറിച്ച് ഒരു നിഷേധാത്മക വീക്ഷണം കൈക്കൊള്ളുന്നില്ല. നിങ്ങൾ നിങ്ങളുടെ യുവത്വത്തിന്റെ ശക്തിയും ഊർജ്ജസ്വലതയും പൂർണ്ണമായി ആസ്വദിക്കാൻ അവൻ ആഗ്രഹിക്കുന്നു.—സദൃശവാക്യങ്ങൾ 20:29.
2 എന്നാൽ, നിങ്ങളുടെ കണ്ണുകൾക്കും ഹൃദയങ്ങൾക്കും ആകർഷകമായ എന്തിന്റെ പിന്നാലെയും പോകാൻ കഴിയുമെന്ന് ഇതിനർത്ഥമുണ്ടോ? അശേഷമില്ല! (സംഖ്യാപുസ്തകം 15:39; 1 യോഹന്നാൻ 2:16) ഈ തിരുവെഴുത്ത് ഇങ്ങനെ തുടർന്നു പറയുന്നു: “എന്നാൽ ഇവയെല്ലാം നിമിത്തം [നിങ്ങളുടെ മോഹങ്ങളെ തൃപ്തിപ്പെടുത്താൻ നിങ്ങൾ തെരഞ്ഞെടുക്കുന്ന വ്യാപാരങ്ങൾ] സത്യദൈവം നിങ്ങളെ ന്യായവിധിയിലേക്കു വരുത്തും എന്നറിയുക.” (സഭാപ്രസംഗി 11:9ബി) അതെ, നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തനങ്ങളുടെ പരിണതഫലങ്ങളിൽനിന്നു രക്ഷപെടാൻ കഴികയില്ല; പ്രായമുള്ളവരെപ്പോലെ ചെറുപ്പക്കാരും യഹോവയുടെ ന്യായവിധിക്കു വിധേയരാണ്.—റോമർ 14:12.
3, 4. (എ) ധാർമ്മികശുദ്ധിയുടെ ഒരു ഉയർന്ന നിലവാരം പുലർത്തുന്നത് എന്തിന്? (ബി) ദൈവവുമായുള്ള നിങ്ങളുടെ ശുദ്ധമായ നിലപാട് നഷ്ടപ്പെടുത്താൻ നിങ്ങളുടെമേൽ എന്തു സമ്മർദ്ദമുണ്ട്, ഏതു ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു?
3 യഹോവയുടെ അനുകൂല ന്യായവിധി ലഭിക്കുന്നത് നിത്യജീവനിലേക്കു മാത്രമല്ല, ഇപ്പോൾ ദൈവവുമായുള്ള ഒരു അടുത്ത ബന്ധത്തിലേക്കും നയിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ധാർമ്മികശുദ്ധിയുടെ ഒരു ഉയർന്ന നിലവാരം പുലർത്തണം. സങ്കീർത്തനം 24ന്റെ 3 മുതൽ 5 വരെയുള്ള വാക്യങ്ങൾ അതിങ്ങനെ പ്രസ്താവിക്കുന്നു: “ആർക്ക് യഹോവയുടെ പർവതത്തിലേക്കു കയറിപ്പോകാം, ആർക്ക് അവന്റെ വിശുദ്ധസ്ഥലത്ത് ഉയർച്ച പ്രാപിക്കാം? തന്റെ കൈകളിൽ നിർദ്ദോഷിയും ഹൃദയത്തിൽ ശുദ്ധിയുള്ളവനുമായ ഏവനും; എന്റെ ദേഹിയെ കേവലം ധാർമ്മികരാഹിത്യത്തിലേക്ക് എത്തിക്കുകയോ വഞ്ചനാത്മകമായി ഒരു പ്രതിജ്ഞയെടുക്കുകയോ ചെയ്തിട്ടില്ലാത്തവൻ. അവൻ യഹോവയിൽനിന്നുള്ള അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തിൽനിന്നുള്ള നീതിയും കൊണ്ടുപോകും.” അതെ, നിങ്ങൾ ധാർമ്മികശുദ്ധി പാലിക്കുമ്പോൾ യഹോവയുടെ ദൃഷ്ടികളിൽ അഴകുള്ളവരാണ്.
4 എന്നിരുന്നാലും, ദൈവത്തിങ്കലുള്ള നിങ്ങളുടെ ശുദ്ധമായ നിലപാട് നഷ്ടപ്പെടുത്താൻ നിങ്ങളുടെമേൽ നിരന്തര സമ്മർദ്ദമുണ്ട്. ഈ അന്ത്യനാളുകൾ അവയുടെ അന്ത്യത്തിലേക്കു നീങ്ങുമ്പോൾ അസാൻമാർഗ്ഗിക പെരുമാററത്തിന്റെയും അശുദ്ധ സ്വാധീനങ്ങളുടെയും ഒരു പകർച്ചവ്യാധിയുണ്ട്. (2 തിമൊഥെയോസ് 3:1-5) യുവാക്കൾക്ക് ധാർമ്മികശുദ്ധി പാലിക്കുന്നതിനുള്ള വെല്ലുവിളി ഒരിക്കലും ഇത്ര വലുതായിരുന്നിട്ടില്ല. നിങ്ങൾ വിജയപ്രദമായി വെല്ലുവിളിയെ നേരിടുന്നുണ്ടോ? നിങ്ങൾ അങ്ങനെ ചെയ്യുന്നതിൽ തുടരുമോ?
നിങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളി
5. ഏതു അശുദ്ധസ്വാധീനങ്ങൾ ദൈവമുമ്പാകെ ഒരു ശുദ്ധമായ നിലപാട് നിലനിർത്തുന്നത് പ്രയാസകരമാക്കിത്തീർക്കുന്നു?
5 വിനോദ മാദ്ധ്യമങ്ങൾ സഭ്യമായവയെ തള്ളിക്കളയുകയും തികച്ചും അധാർമ്മികമായവയെ മഹത്വീകരിക്കുകയും ചെയ്യുന്ന കാര്യങ്ങൾകൊണ്ട് യുവജനങ്ങളെ ആക്രമിക്കുകയാണ്. ദൃഷ്ടാന്തത്തിന്, അക്രമാസക്തമായ ഭീകര ചലച്ചിത്ര പരമ്പരയിൽ ഒന്ന് റിലീസ് ചെയ്യപ്പെട്ടപ്പോൾ ഒരു സിനിമാനിരൂപകൻ ഇങ്ങനെ എഴുതി: “ലൈംഗിക ഞെട്ടിക്കലും കൊലപാതക ഞെട്ടിക്കലും അശ്ലീല ഞെട്ടിക്കലും വൻതോതിൽ വിളമ്പുന്നതാണ് ഈ ചിത്രത്തിന്റെ പതിവു നടപടി. ഹാജർറക്കോർഡുകൾ അതു സ്ഥാപിക്കുന്നുവെങ്കിൽ അത് ചലച്ചിത്ര അഭിരുചിയിലെ . . . അധഃപതനത്തിന്റേതായ മറെറാരു വലിയ ഇറക്കത്തിന്റെ സ്മാരകമായിരിക്കും. അങ്ങനെയുള്ള ചലച്ചിത്രങ്ങളോടുകൂടെ ലൈംഗികമായി വ്യക്തതയുള്ള ഗാനങ്ങളും അവിഹിത ലൈംഗികതയെ വാഴ്ത്തുന്ന ടെലിവിഷൻ പരിപാടികളും ഉണ്ട്. “കാമാസക്തിസംബന്ധമായ അധഃപതനത്തി”ന്റെ ഇത്ര വിശദമായ ചിത്രീകരണങ്ങൾക്ക് നിങ്ങളെത്തന്നെ വിധേയമാക്കാനും ദൈവമുമ്പാകെയുള്ള നിങ്ങളുടെ ശുദ്ധമായ നിലപാടു നിലനിർത്താനും കഴിയുമോ? (1 പത്രോസ് 4:4) സദൃശവാക്യങ്ങൾ പറയുന്നതുപോലെ: “ഒരു മനുഷ്യന് തന്റെ വസ്ത്രങ്ങൾ കരിഞ്ഞുപോകാതെ തന്റെ മടിയിൽ തീകൂട്ടാൻ കഴിയുമോ?”—സദൃശവാക്യങ്ങൾ 6:27.
6. യുവജനങ്ങൾ അവരുടെ സമപ്രായക്കാരിൽനിന്ന് ഏതു സമ്മർദ്ദത്തെ അഭിമുഖീകരിക്കുന്നു?
6 ദൈവത്തിങ്കലെ നിങ്ങളുടെ ശുദ്ധമായ നിലപാട് നഷ്ടപ്പെടുത്താനുള്ള സമ്മർദ്ദം മറെറാരു കേന്ദ്രത്തിൽനിന്നും വരുന്നു—നിങ്ങളുടെ സമപ്രായക്കാരിൽനിന്ന്. ഒരു പതിനേഴുവയസ്സുകാരിയായ ഒരു ലൗകിക യുവതി ഇങ്ങനെ വിലപിച്ചു: “തെററായ സകല കാരണങ്ങളും നിമിത്തമാണ് ഞാൻ ആദ്യം ലൈംഗികതയിൽ ഏർപ്പെട്ടത്: എന്തുകൊണ്ടെന്നാൽ എന്റെ കാമുകൻ നിർബന്ധിച്ചു എന്നുമാത്രമല്ല എല്ലാവരും അതു ചെയ്യുന്നുവെന്ന് ഞാൻ വിചാരിക്കുകയും ചെയ്തു.” ആരും പരിഹസിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. മററുള്ളവരുടെ പ്രീതി ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ നിങ്ങൾ ബൈബിൾ ധാർമ്മികതക്കുവേണ്ടി നിലകൊള്ളുമ്പേൾ മററു യുവജനങ്ങൾ നിങ്ങളെ പരിഹസിച്ചേക്കാം. യോജിച്ചുപോകാനും നിങ്ങളുടെ സമപ്രായക്കാരുടെ അംഗീകാരം നേടാനുമുള്ള ആഗ്രഹത്തിന് തെററാണെന്നു നിങ്ങൾക്കറിയാവുന്ന എന്തെങ്കിലും ചെയ്യാനുള്ള സമ്മർദ്ദം വരുത്തിക്കൂട്ടാൻ കഴിയും.—സദൃശവാക്യങ്ങൾ 13:20.
7. അശുദ്ധ സ്വാധീനങ്ങളോടു പോരാടുന്നത് യുവാക്കൾക്ക് വിശേഷാൽ പ്രയാസകരമായിരിക്കുന്നതെന്തുകൊണ്ട്, എന്നാൽ യഹോവയുടെ സ്ഥാപനത്തിലെ ആയിരക്കണക്കിനു ചെറുപ്പക്കാർ സ്വയം എങ്ങനെയുള്ളവർ എന്നു തെളിയിച്ചിരിക്കുന്നു?
7 “നവയൗവന”കാലത്ത് ലൈംഗികപ്രചോദനങ്ങൾ ശക്തമായിരിക്കുമ്പോൾ ഈ സ്വാധീനങ്ങളോടു പോരാടുന്നത് വിശേഷാൽ പ്രയാസകരമായിരിക്കാം. (1 കൊരിന്ത്യർ 7:36) ഒരു ഗവേഷണസ്ഥാപനം ഇങ്ങനെ നിഗമനംചെയ്തത് അതിശയമല്ല: “പത്തൊൻപതു വയസ്സാകുമ്പോഴേക്ക് ദാമ്പത്യപൂർവ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ചെറുപ്പക്കാർ അതിവിശിഷ്ട സ്വഭാവമുള്ളവരാണ്.” എന്നിരുന്നാലും യഹോവയുടെ സ്ഥാപനത്തിലെ ആയിരക്കണക്കിനു ചെറുപ്പക്കാരായ നിങ്ങൾ അതിവിശിഷ്ട സ്വഭാവമുള്ളവരാണെന്ന് പ്രകടമാക്കിയിരിക്കുന്നു. നിങ്ങൾ വെല്ലുവിളിയെ പൂർണ്ണമായി അഭിമുഖീകരിക്കുകയും ധാർമ്മികശുദ്ധി പാലിക്കുകയും ചെയ്യുന്നു.
8. ചില ക്രിസ്തീയ യുവജനങ്ങൾ ലോകത്തിലെ അധാർമ്മിക മനോഭാവങ്ങൾ തങ്ങളെ ബാധിക്കാൻ അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്, എന്തു ഫലത്തോടെ?
8 എന്നിരുന്നാലും നിരവധി ക്രിസ്തീയ യുവാക്കൾ ലോകത്തിലെ ധാർമ്മിക മനോഭാവങ്ങൾ തങ്ങളെ ബാധിക്കാൻ അനുവദിച്ചിട്ടുണ്ട്. അവർ നൻമയെ സ്നേഹിക്കുന്നതായി അവകാശപ്പെട്ടേക്കാമെങ്കിലും അവർ തിൻമയെ വെറുക്കുന്നില്ല; കുറഞ്ഞപക്ഷം വേണ്ടത്ര വെറുക്കുന്നില്ല. (സങ്കീർത്തനം 97:10) ചില കേസുകളിൽ അവർ അതിനെ സ്നേഹിക്കുന്നതായിപ്പോലും തോന്നുന്നു. സങ്കീർത്തനം 52:3 പ്രസ്താവിക്കുന്നതുപോലെ: “നീ നൻമയെക്കാളധികം തിൻമയെയും നീതി സംസാരിക്കുന്നതിനേക്കാൾ അധികം വ്യാജത്തെയും ഇഷ്ടപ്പെട്ടിരിക്കുന്നു.” ചിലർ ഡെയ്ററിംഗ്, വിനോദം, ധാർമ്മികത എന്നിങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ച് യഹോവയുടെ സ്ഥാപനം നൽകുന്ന മാർഗ്ഗനിർദ്ദേശത്തെ സത്വരം തള്ളിക്കളയുന്ന ഘട്ടത്തോളം പോയിരിക്കുന്നു. തൽഫലമായി അവർ മിക്കപ്പോഴും തങ്ങളുടെമേലും തങ്ങളുടെ മാതാപിതാക്കളുടെമേലും ലജ്ജ വരുത്തിക്കൂട്ടുന്നു. അവർ ദൈവദൃഷ്ടിയിലെ തങ്ങളുടെ സൗന്ദര്യത്തെയും നഷ്ടപ്പെടുത്തുന്നു.—2 പത്രോസ് 2:21, 22.
വെല്ലുവിളിയെ നേരിടുന്നതിന് സഹായം
9. ധാർമ്മികമായി ശുദ്ധരായി നിലകൊള്ളാനുള്ള വെല്ലുവിളിയെ നേരിടാൻ എന്താണാവശ്യമായിരിക്കുന്നത്?
9 ധാർമ്മികശുദ്ധി നിലനിർത്താനുള്ള വെല്ലുവിളിയെ നിങ്ങൾക്കെങ്ങനെ നേരിടാൻ കഴിയും? സങ്കീർത്തനക്കാരൻ ഇതേ ചോദ്യം ചോദിച്ചു: “ഒരു യുവാവ് തന്റെ പാത എങ്ങനെ നിർമ്മലീകരിക്കും?” അനന്തരം അവൻ ഉത്തരം നൽകി: “നിന്റെ വചനപ്രകാരം ജാഗ്രത പാലിക്കുന്നതിനാൽ.” (സങ്കീർത്തനം 119:9) അതെ നിങ്ങൾക്ക് ദൈവവചനത്തിൽനിന്ന് മാർഗ്ഗനിർദ്ദേശമാവശ്യമാണ്. ഈ ലോകത്തിലെ അശുദ്ധ സമ്മർദ്ദങ്ങളെ ചെറുത്തു നിൽക്കാൻ നിങ്ങളെ സഹായിക്കാൻ തന്റെ സ്ഥാപനം ഇങ്ങനെയുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നതിൽ നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയപിതാവ് ശ്രദ്ധിച്ചിരിക്കുന്നു.
10, 11. (എ) ധാർമ്മികമായി ശുദ്ധരായി നിലകൊള്ളാൻ യുവജനങ്ങളെ സഹായിക്കുന്നതിന് ഏതു പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കപ്പെട്ടിരിക്കുന്നു? (ബി) “ചെറുപ്പക്കാർ ചോദിക്കുന്നു . . .” എന്ന പരമ്പരയാൽ ചില യുവാക്കൾ എങ്ങനെ സഹായിക്കപ്പെട്ടിരിക്കുന്നു? (സി) “ചെറുപ്പക്കാർ ചോദിക്കുന്നു . . .” എന്ന പരമ്പരയിൽനിന്ന് നിങ്ങൾക്ക് വ്യക്തിപരമായി പ്രയോജനം കിട്ടിയിട്ടുണ്ടോ?
10 പല വർഷങ്ങളിൽ പ്രത്യേകിച്ച് യുവജനങ്ങളെ മനസ്സിൽ പിടിച്ചുകൊണ്ട് നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക എന്ന പുസ്തകം പോലെയുള്ള നിരവധി പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. 1982 മുതൽ ഉണരുക! മാസികയിലെ “ചെറുപ്പക്കാർ ചോദിക്കുന്നു . . . ” എന്ന പരമ്പര അശ്ലീലത, ശൃംഗാരപ്രധാനമായ നോവലുകൾ, പ്രേമാഭ്യർത്ഥനക്കാലത്തെ ഉചിതമായ നടത്ത എന്നിങ്ങനെയുള്ള കാര്യങ്ങളിൽ സഹായകമായ വളരെയധികം ബുദ്ധിയുപദേശം നൽകിയിട്ടുണ്ട്. അങ്ങനെയുള്ള വിവരങ്ങൾ യഥാർത്ഥത്തിൽ യുവജനങ്ങളെ സഹായിച്ചിട്ടുണ്ടോ? ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. ഈ പരമ്പരയിലെ പല ലേഖനങ്ങൾ സ്വയംഭോഗ നടപടിയെക്കുറിച്ചു ചർച്ചചെയ്യുകയും ഈ ശീലം “ലൈംഗികതൃഷ്ണ”യെ ഉദ്ദീപിപ്പിക്കുന്നുവെന്നും അതിന് ഒരുവൻ ദുർമ്മാർഗ്ഗത്തിലേക്കു വീഴാൻ അനായാസമിടയാക്കാൻ കഴിയുമെന്നും പ്രകടമാക്കുകയും ചെയ്തു.a (കൊലോസ്യർ 3:5) ഈ ശീലത്തിനെതിരെ എങ്ങനെ പോരാടാമെന്നും ഒരു ആവർത്തനത്തെ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയുമെന്നും പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടു. ഈ ലേഖനങ്ങളോടുള്ള പ്രതികരണമായി ചില യുവാക്കൾ ഇങ്ങനെ എഴുതി: എനിക്കു പന്ത്രണ്ടു വയസ്സായപ്പോൾ മുതൽ സ്വയംഭോഗത്തിന്റെ പ്രശ്നമുണ്ടായിരുന്നു. ഇപ്പോൾ എനിക്കു പതിനെട്ടു വയസ്സുണ്ട്. നിങ്ങളുടെ ലേഖനങ്ങളുടെ സഹായത്താൽ ഞാൻ സാവധാനത്തിൽ തരണംചെയ്തുവരികയാണ്.” “ഇപ്പോൾ ഞാൻ ലേഖനങ്ങളിൽ എഴുതിയിരിക്കുന്ന ബുദ്ധിയുപദേശം സ്വീകരിച്ചിരിക്കുന്നതിനാൽ ഞാൻ വളരെ മെച്ചപ്പെട്ട ഒരു മാനസികാവസ്ഥയിലാണ്. ഞാൻ മുമ്പത്തെക്കാൾ വളരെ ശുദ്ധിയുള്ളവനാണെന്നു വിചാരിക്കുന്നു.”
11 അങ്ങനെയുള്ള വിവരങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിന് സമയമാവശ്യമാണ്, എന്നാൽ അതിന് ധാർമ്മികമായി ശുദ്ധരായി നിലകൊള്ളാൻ നിങ്ങളെ സഹായിക്കാൻ കഴിയും. നിങ്ങൾ അങ്ങനെയുള്ള പ്രസിദ്ധീകൃത വിവരങ്ങളെ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നുണ്ടോ? “വിവാഹത്തിനു മുമ്പത്തെ ലൈംഗികത—എന്തുകൊണ്ടു പാടില്ല”b എന്ന “ചെറുപ്പക്കാർ യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്നതിലെ ലേഖനത്തോടുള്ള പ്രതികരണമായി ഒരു ബൈബിളദ്ധ്യേതാവായിരുന്നു പെൺകുട്ടി ഇങ്ങനെ എഴുതി: “ദാമ്പത്യപൂർവ ലൈംഗികതക്കുശേഷം സംജാതമാകുന്ന ഹീനവും കുററബോധമുളവാക്കുന്നതും ദുഃശങ്ക തോന്നിക്കുന്നതുമായ വിചാരങ്ങളെക്കുറിച്ചെനിക്കറിയാം. എനിക്കതുസംബന്ധിച്ച് വളരെ ഖേദമുണ്ട്. ഓരോ ദിവസവും യഹോവയുടെ അംഗീകാരത്തിനും ക്ഷമക്കുംവേണ്ടി ഞാൻ അവന് നന്ദികൊടുക്കുന്നു. മററുള്ളവർ ഞാൻ ചെയ്യുന്നതുപോലെ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ലേഖനം അവരെ സഹായിക്കുമെന്ന് ഞാൻ ആശിക്കുന്നു. അത് യഥാർത്ഥത്തിൽ വേദനിപ്പിക്കുന്നു. നാം ‘ദുർവൃത്തി വർജ്ജിക്കണം’ എന്ന് യഹോവയാം ദൈവം ആഗ്രഹിക്കുന്നതെന്തുകൊണ്ടെന്ന് ഇപ്പോൾ എനിക്കു മനസ്സിലാകുന്നു.”—1 തെസ്സലോനിക്യർ 4:3.
12. യഹോവയെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്നതിന് നമ്മെ എന്തു പ്രേരിപ്പിക്കും?
12 ഇത് ഈ വെല്ലുവിളിയെ വിജയകരമായി നേരിടാൻ നിങ്ങളെ സഹായിക്കുന്ന മറെറാരു സംഗതിയിലേക്ക് നമ്മെ ആനയിക്കുന്നു: യഹോവ സർവത്രിക പരമാധികാരിയാകുന്നു എന്നും അവനെ അനുസരിക്കേണ്ടതാണെന്നും നിങ്ങൾ വിലമതിക്കേണ്ടതാണ്. (വെളിപ്പാട് 4:11) അതേസമയം അവൻ സ്നേഹവാനായ ഒരു സ്വർഗ്ഗീയ പിതാവാണ്, നമ്മുടെ അത്യുത്തമ താൽപ്പര്യങ്ങൾ അവന്റെ ഹൃദയത്തിലുണ്ട്. (സദൃശവാക്യങ്ങൾ 2:20-22; യെശയ്യാവ് 48:17) അവന്റെ നിയമങ്ങൾ നമ്മെ അനാവശ്യമായി നിയന്ത്രിക്കാനല്ല സംരക്ഷിക്കാനാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അവ അനുസരിക്കുന്നത് അങ്ങനെ ജ്ഞാനമാർഗ്ഗമായിരിക്കുന്നു. (ആവർത്തനം 4:5, 6) യഹോവ ധാർമ്മികശുദ്ധിക്ക് നിർബന്ധിക്കുന്നതെന്തുകൊണ്ടെന്ന് വ്യക്തമായി മനസ്സിലാക്കുന്നത് അതിലെ യഥാർത്ഥസൗന്ദര്യം കാണാൻ നിങ്ങളെ സഹായിക്കുകയും അവനെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നതിന നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും.—സങ്കീർത്തനം 112:1.
13. ദുർവൃത്തിയെ നിരോധിച്ചുകൊണ്ടുള്ള യഹോവയുടെ നിയമത്തിൽ നമ്മുടെ അത്യുത്തമ താൽപര്യങ്ങളാണ് ഹൃദയത്തിലുള്ളതെന്ന് നിങ്ങൾ എങ്ങനെ വിശദീകരിക്കും?
13 ദൈവം ലൈംഗികതയെ വിവാഹത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ദുർവൃത്തിയെ കർശനമായി വിലക്കുന്നുവെന്നുമുള്ള വസ്തുത പരിചിന്തിക്കുക. (എബ്രായർ 13:4) ഈ നിയമം അനുസരിക്കുന്നത് നിങ്ങളിൽനിന്ന് എന്തെങ്കിലും നൻമ കവർന്നുകളയുമോ? സ്നേഹവാനായ ഒരു സ്വർഗ്ഗീയപിതാവ് നിങ്ങളിൽനിന്ന് ജീവിതാസ്വാദനം കവർന്നുകളയാൻ ഒരു നിയമം ഉണ്ടാക്കുമോ? തീർച്ചയായും ഇല്ല! ദൈവത്തിന്റെ ധാർമ്മികനിയമത്തെ അവഗണിക്കുന്ന നിങ്ങളുടെ സമപ്രായക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്നതെന്തെന്നു കാണുക. ആവശ്യമില്ലാത്ത ഗർഭധാരണങ്ങൾ മിക്കപ്പോഴും അവരെ ഗർഭച്ഛിദ്രത്തിലേക്ക് അല്ലെങ്കിൽ ഒരുപക്ഷേ അകാല വിവാഹങ്ങളിലേക്കു നയിക്കുന്നു. മിക്കപ്പോഴും അതിന്റെ അർത്ഥം ഭർത്താവില്ലാതെ ഒരു കുട്ടിയെ വളർത്തേണ്ടി വരുന്നുവെന്നാണ്. കൂടാതെ ദുർവൃത്തിയിലേർപ്പെടുന്ന യുവജനങ്ങൾ ‘തങ്ങളുടെ സ്വന്തം ശരീരങ്ങൾക്കെതിരെ പാപം ചെയ്യുകയും’ ലൈംഗികപകർച്ചവ്യാധികൾക്ക് തങ്ങളെത്തന്നെ വിധേയരാക്കുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 6:18) യഹോവക്കു സമർപ്പണം ചെയ്തിരിക്കുന്ന യുവജനങ്ങൾ ദുർവൃത്തിയിലേർപ്പെടുമ്പോൾ വൈകാരികപാർശ്വഫലങ്ങൾ വിനാശകമായിരിക്കാൻ കഴിയും. കുററബോധമുള്ള ഒരു മനസ്സാക്ഷിയുടെ വേദനിപ്പിക്കലുകളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ക്ലേശവും നിദ്രാരഹിത രാത്രികളും വരുത്തിക്കൂട്ടിയേക്കാം. (സങ്കീർത്തനം 32:3, 4; 51:3) അപ്പോൾ ദുർവൃത്തിയെ നിരോധിക്കുന്ന യഹോവയുടെ നിയമം നിങ്ങളെ സംരക്ഷിക്കാനുള്ളതാണെന്ന് സ്പഷ്ടമല്ലയോ? ധാർമ്മികശുദ്ധി പാലിക്കുന്നതിൽ യഥാർത്ഥ പ്രയോജനമുണ്ട്!
14. കൗമാരപ്രായക്കാരുടെ വിവാഹം ഒരു സംരക്ഷണമാണ് എന്ന അവകാശവാദം സംബന്ധിച്ച് 1 കൊരിന്ത്യർ 7:9-ലെയും 1 കൊരിന്ത്യർ 7:36-ലെയും പൗലോസിന്റെ വാക്കുകളെ നാം എങ്ങനെ വീക്ഷിക്കണമെന്ന് വിശദീകരിക്കുക.
14 ധാർമ്മികത സംബന്ധിച്ച ദൈവത്തിന്റെ നിയമങ്ങളോട് പററിനിൽക്കുന്നത് എളുപ്പമല്ലെന്ന് സമ്മതിക്കുന്നു. ഇതുനിമിത്തം ഏററവും നല്ല സംരക്ഷണം കൗമാരപ്രായത്തിൽതന്നെ വിവാഹിതരാകുന്നതാണെന്ന് ചില യുവജനങ്ങൾ നിഗമനം ചെയ്തിട്ടുണ്ട്. ‘ഏതായാലും “അവർക്ക് ആത്മനിയന്ത്രണമില്ലെങ്കിൽ അവർ വിവാഹം ചെയ്യട്ടെ, എന്തെന്നാൽ വികാരത്താൽ ജ്വലിക്കുന്നതിനേക്കാൾ മെച്ചമാണ് വിവാഹം കഴിക്കുന്നത്” എന്ന് 1 കൊരിന്ത്യർ 7:9 പറയുന്നില്ലയോ?’ എന്നിരുന്നാലും അങ്ങനെയുള്ള ഒരു വീക്ഷണം ഹ്രസ്വദൃഷ്ടിയാണ്. പൗലോസിന്റെ വാക്കുകൾ കൗമാരപ്രായക്കാരെയല്ല സംബോധന ചെയ്യുന്നത്, പിന്നെയോ “നവയൗവനം പിന്നിട്ട”വരെയാണ്. (1 കൊരിന്ത്യർ 7:36) മിക്കപ്പോഴും, ഇപ്പോഴും നവയൗവനത്തിൽത്തന്നെയായിരിക്കുന്നവർ വിവാഹത്തോടുകൂടെ വരുന്ന സമ്മർദ്ദങ്ങളെയും ഉത്തരവാദിത്വങ്ങളെയും ഏറെറടുക്കാൻ വൈകാരികമായും ആത്മീയമായും വേണ്ടത്ര വളർന്നിട്ടില്ല. ജേണൽ ഓഫ മാരിയേജ ആൻഡ ഫാമിലി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “നേരത്തെ വിവാഹം കഴിക്കുന്ന ആളുകൾക്ക് കുറഞ്ഞ ദാമ്പത്യ സംതൃപ്തിയാണ് അനുഭവപ്പെടുന്നത്, എന്തുകൊണ്ടെന്നാൽ അവർക്ക് ദാമ്പത്യധർമ്മനിർവഹണത്തിന് ഒരുക്കം കുറവാണ്. മോശമായ ധർമ്മനിർവഹണം സംതൃപ്തി കുറക്കുന്നു, അത് ക്രമത്തിൽ വൈവാഹിക അസ്ഥിരതയിലേക്കു നയിക്കുന്നു.” അതുകൊണ്ട് ചെറുപ്പത്തിലേ വിവാഹം കഴിക്കാതെ വിജയപ്രദമായ വിവാഹത്തിനാവശ്യമായ സകല ഗുണങ്ങളും വളർത്തിയെടുക്കുന്നതുവരെ നിർമ്മലമായ ഏകാകിത്വം പാലിക്കുന്നതാണ് പരിഹാരം.
നിങ്ങളെത്തന്നെ ശുദ്ധരായി നിലനിർത്തുക!
15. നിങ്ങൾ ധാർമ്മികമായി ശുദ്ധരായി നിലകൊള്ളണമെങ്കിൽ ഏതു ശക്തമായ നടപടികൾ ആവശ്യമാണ്?
15 അപ്പോസ്തലനായ പൗലോസ് എഴുതി: “അതുകൊണ്ട്, ദുർവൃത്തി, അശുദ്ധി, ലൈംഗിതൃഷ്ണ എന്നിവസംബന്ധിച്ച് ഭൂമിയിലുള്ള നിങ്ങളുടെ ശരീരാവയവങ്ങളെ മരിപ്പിക്കുക.” (കൊലോസ്യർ 3:5) അതെ, ശക്തമായ നടപടികൾ ആവശ്യമാണ്; നിങ്ങൾ ധാർമ്മികമായി ശുദ്ധരായി നിലകൊള്ളുമെന്ന് ദൃഢനിശ്ചയമുള്ളവരായിരിക്കണം. “മരിപ്പിക്കുക” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ക്രിയയെക്കുറിച്ച് “വ്യാഖ്യാതാവിന്റെ ബൈബിൾ ഭാഷ്യം” ഇങ്ങനെ പറയുന്നു: “നാം കേവലം ദുഷ്ചെയ്തികളെയും മനോഭാവങ്ങളെയും അമർത്തുകയോ നിയന്ത്രിക്കുകയോ ചെയ്താൽപോരായെന്ന് അത് സൂചിപ്പിക്കുന്നു. നാം അവയെ തുടച്ചുനീക്കേണ്ടതാണ്, പഴയ ജീവിതരീതിയെ പൂർണ്ണമായും ഉൻമൂലനംചെയ്യണം. ‘പൂർണ്ണമായും നിഗ്രഹിക്കുക’ എന്നത് അതിന്റെ ശക്തിയെ മുഴുവൻ വെളിപ്പെടുത്തിയേക്കാം. . . . ക്രിയയുടെ അർത്ഥവും ക്രിയാകാലത്തിന്റെ ശക്തിയും, ഊർജ്ജിതവും വേദനാകരവുമായ വ്യക്തിപരമായ ദൃഢനിശ്ചയത്തിന്റെ ഒരു പ്രവൃത്തിയെ സൂചിപ്പിക്കുന്നു.”—മത്തായി 5:27-30 താരതമ്യപ്പെടുത്തുക.
16. ധാർമ്മികമായി ശുദ്ധിയുള്ളവരായി നിലകൊള്ളുന്നതിന് നിങ്ങൾ മാനസികശുദ്ധി പാലിക്കാൻ കഠിനശ്രമം ചെയ്യേണ്ടതെന്തുകൊണ്ട്, അതു ചെയ്യുന്നതിൽ നിങ്ങൾക്കെങ്ങനെ വിജയിക്കാൻ കഴിയും?
16 എന്നാൽ നിങ്ങൾക്ക് എങ്ങനെ ധാർമ്മികമായി അശുദ്ധമായ ക്രിയകളെയും മനോഭാവങ്ങളെയും “പൂർണ്ണമായി നിഗ്രഹിക്കാം” അല്ലെങ്കിൽ ‘തുടച്ചുനീക്കാം’? പ്രശ്നത്തിന്റെ മൂലത്തിലേക്ക് ഇറങ്ങിക്കൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ഉള്ളിൽനിന്ന്, ഹൃദയത്തിൽനിന്ന്, ഹാനികരമായ ന്യായവാദങ്ങൾ പുറപ്പെടുന്നു: ദുർവൃത്തികൾ, . . . വ്യഭിചാരങ്ങൾ, ദുർമ്മോഹങ്ങൾ.” (മത്തായി 7:21, 22) ആലങ്കാരിക ഹൃദയത്തിൽ ചിന്താപ്രാപ്തികൾ ഉൾപ്പെടുന്നു. അതുകൊണ്ടാണ് അതിനെ “ന്യായവാദങ്ങളോട്” ബന്ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ധാർമ്മികമായി ശുദ്ധരായി നിലകൊള്ളുന്നതിന് നിങ്ങൾ മാനസികമായി ശുദ്ധിപാലിക്കാൻ കഠിനശ്രമം നടത്തേണ്ടതാണ്. എങ്ങനെ? മനസ്സ് ഇന്ദ്രിയങ്ങളിലൂടെ പോഷിപ്പിക്കപ്പെടുന്നതിനാൽ നിങ്ങൾ നിങ്ങളുടെ കണ്ണുകൾ കൊണ്ട് നോക്കുന്നതിനെതിരെ ജാഗ്രത പാലിച്ചുകൊണ്ട്, ലൈംഗികദുർമ്മാർഗ്ഗത്തെ ചിത്രീകരിക്കുന്ന അഥവാ അനുവദിക്കുന്ന പുസ്തകങ്ങളൊ ററി.വി. പരിപാടികളൊ ചലച്ചിത്രങ്ങളൊ ഒഴിവാക്കുകയും വേണം. കൂടാതെ നിങ്ങൾ ലൈംഗികമായി വ്യക്തതയുള്ള ഗാനങ്ങൾ ഒഴിവാക്കിക്കൊണ്ട് കാതുകൾ കൊണ്ട് കേൾക്കുന്നതു സംബന്ധിച്ചും ശ്രദ്ധാലുക്കൾ ആയിരിക്കേണ്ടയാവശ്യമുണ്ട്. വിശേഷിച്ച് നിങ്ങളുടെ സമപ്രായക്കാരുടെ മുമ്പാകെ അങ്ങനെയൊരു നിലപാടു സ്വീകരിക്കുന്നതിന് ധൈര്യം ആവശ്യമാണ്, എന്നാൽ അങ്ങനെ ചെയ്യുന്നത് ധാർമ്മികമായി ശുദ്ധരായി നിലകൊള്ളുന്നതിനും ആത്മാഭിമാനം പുലർത്തുന്നതിനും നിങ്ങളെ സഹായിക്കും.
17. ധാർമ്മിക അശുദ്ധി നിങ്ങളുടെയിടയിൽ പറയപ്പെടുകപോലും പാടില്ലാത്തതെന്തുകൊണ്ട്?
17 അപ്പോസ്തലനായ പൗലോസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “വിശുദ്ധജനത്തിനനുയോജ്യമായിരിക്കുന്നതുപോലെ ദുർവൃത്തിയും യാതൊരു തരം അശുദ്ധിയും അല്ലെങ്കിൽ അത്യാഗ്രഹവും നിങ്ങളുടെയിടയിൽ പറയപ്പെടുകപോലും അരുത്.” (എഫേസ്യർ 5:3; 12-ാം വാക്യവും കാണുക.) അതുകൊണ്ട് ധാർമ്മിക അശുദ്ധി പറയപ്പെടുകപോലുമരുത്, അതായത് തമാശക്കുള്ള ഒരു വിഷയമായി കൈകാര്യം ചെയ്യുകയൊ ഉപയോഗിക്കുകയൊ അരുത്. എന്തുകൊണ്ട് പാടില്ല? ബൈബിൾ പണ്ഡിതനായ വില്യം ബെർക്ലെ പ്രസ്താവിക്കുന്നതുപോലെ: “ഒരു സംഗതിയെക്കുറിച്ചു സംസാരിക്കുന്നത്, ഒരു സംഗതിയെക്കുറിച്ചു തമാശ പറയുന്നത്, അതിനെ കൂടെക്കൂടെ ഒരു സംഭാഷണവിഷയമാക്കുന്നത്, അതിനെ മനസ്സിലേക്ക് അവതരിപ്പിക്കലാണ്, അത് യഥാർത്ഥത്തിൽ ചെയ്യുന്നതിനോട് ഏറെ അടുപ്പിക്കലുമാണ്.” (യാക്കോബ് 1:14, 15) വിശേഷിച്ച് മററു ചെറുപ്പക്കാർ വൃത്തികെട്ട തമാശകൾ പറയുകയൊ ലൈംഗികപ്രവർത്തനങ്ങളെ വർണ്ണിക്കാൻ അസഭ്യഭാഷ ഉപയോഗിക്കുകയൊ ചെയ്യുമ്പോൾ ‘നിങ്ങളുടെ വായിക്ക് ഒരു സംരക്ഷണമായി ഒരു മുഖക്കൊട്ട കെട്ടുന്നതിന്’ യഥാർത്ഥമായ തീരുമാനശേഷി ആവശ്യമാണ്. (സങ്കീർത്തനം 39:1) എന്നാൽ നിഷ്ക്കളങ്കരും ശുദ്ധരുമായി നിലകൊള്ളുന്നതിനാൽ നിങ്ങൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും.—സങ്കീർത്തനം 11:7; സദൃശവാക്യങ്ങൾ 27:11.
18. (എ) ധാർമ്മിക അശുദ്ധിക്കെതിരായ പോരാട്ടത്തിൽ ജയിക്കുന്നതിന് അശുദ്ധ ചിന്തകളെയും സംസാരത്തെയും ത്യജിക്കുന്നത് മതിയാകയില്ലാത്തതെന്തുകൊണ്ട്? (ബി) ഫിലിപ്പിയർക്കുള്ള പൗലോസിന്റെ ബുദ്ധിയുപദേശത്തിൽനിന്ന് നിങ്ങൾക്കെങ്ങനെ പ്രയോജനം നേടാം?
18 ധാർമ്മിക അശുദ്ധിക്കെതിരായ പോരാട്ടത്തിൽ വിജയിക്കുന്നതിന് അശുദ്ധ ചിന്തകളെയും സംസാരത്തെയും ത്യജിക്കുന്നതു മതിയാകയില്ല. ഒരു ചൈനീസ് പഴമൊഴി ഇങ്ങനെ പറയുന്നു: “ഒരു ഒഴിഞ്ഞ മനസ്സ് എല്ലാ നിർദ്ദേശങ്ങൾക്കും വിധേയമാണ്.” (മത്തായി 12:43-45 താരതമ്യപ്പെടുത്തുക.) മനസ്സിനെ ഉത്തമവും ശുദ്ധവുമായ ചിന്തകളാൽ നിറക്കേണ്ടതിന്റെ ആവശ്യത്തെ പൗലോസ് തിരിച്ചറിഞ്ഞു. അതുകൊണ്ട്, അവൻ ഫിലിപ്പിയരെ ഇങ്ങനെ പ്രോൽസാഹിപ്പിച്ചു: “സത്യമായ ഏതു കാര്യങ്ങളും ഗൗരവമുള്ള ഏതു കാര്യങ്ങളും നിർമ്മലമായ ഏതു കാര്യങ്ങളും പ്രിയങ്കരങ്ങളായ ഏതു കാര്യങ്ങളും സൽക്കീർത്തിയുള്ള ഏതു കാര്യങ്ങളും ഏതു സൽഗുണവും സ്തുത്യർഹമായുള്ള ഏതു കാര്യവും, ഈ കാര്യങ്ങൾ പരിചിന്തിക്കുന്നതിൽ തുടരുക [‘ഇവയെ ശ്രദ്ധാപൂർവകമായ വിചിന്തനത്തിനു വിധേയമാക്കുക’c].”—ഫിലിപ്പിയർ4:8.
19. ദൈവവചനം ഉത്സാഹപൂർവം പഠിക്കുന്നതെന്തിന്, ഇത് ധാർമ്മികമായി ശുദ്ധരായി നിലകൊള്ളാൻ നിങ്ങളെ ഏതു വിധത്തിൽ സഹായിക്കും?
19 ഇതിന്റെ അർത്ഥം ദൈവവചനത്തിന്റെ ഉൽസുകമായ പഠനം നടത്തണമെന്നാണ്. (യോശുവാ 1:8; സങ്കീർത്തനം 1:2) അത് നിങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും ഉറപ്പിക്കുകയും യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. അങ്ങനെ നിങ്ങൾ ധാർമ്മികമായി അശുദ്ധമായ നടത്തയിൽ ഏർപ്പെടാനുള്ള പ്രലോഭനങ്ങളെ ചെറുത്തുനിൽക്കുന്നതിന് വളരെ മെച്ചമായ സ്ഥാനത്തായിരിക്കും. നിങ്ങൾ കേവലം യഹോവയുടെ നാമത്തിൻമേൽ അപമാനവും നിങ്ങളുടെ കുടുംബത്തിനും സഭക്കും ലജ്ജയും വരുത്തുന്ന അപകടം വരുത്തിക്കൂട്ടുകയില്ല. പകരം, നിങ്ങൾ പിന്നീട് ദുഃഖിക്കേണ്ടിവരുകയില്ലാത്ത ഒരു വിധത്തിൽ നിങ്ങളുടെ യുവത്വത്തിന്റെ ശക്തിയും ഊർജ്ജിതവും ഉപയോഗിക്കും. അതെ, നിങ്ങൾ ധാർമ്മിക ശുദ്ധിയുടെ ഗതി പിന്തുടരും, സത്യമായി യഹോവയെ സേവിക്കുന്ന യുവജനങ്ങളുടെ സൗന്ദര്യമാണത്!—സദൃശവാക്യങ്ങൾ 3:1-4. (w89 11⁄1)
[അടിക്കുറിപ്പ്]
a സെപ്ററംബർ 8, 1987 ലെ എവേക്ക ലക്കത്തിന്റെ 19-21 വരെ പേജുകളും; 1987 നവംബർ 8-ലേതിന്റെ 18-20 വരെ പേജുകളും; 1988 മാർച്ച് 8-ലേതിന്റെ 20-23 വരെ പേജുകളും കാണുക.
c ദി എകസപോസിറേറഴസ ഗ്രീക്ക ടെസററമെൻറ.
യുവജനങ്ങളേ—നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻നിങ്ങൾ ധാർമ്മികശുദ്ധിയുടെ ഒരു ഉയർന്ന നിലവാരം പുലർത്തേണ്ടതെന്തുകൊണ്ട്?
◻ദൈവമുമ്പാകെ ഒരു ശുദ്ധമായ നിലപാട് പാലിക്കുന്നതിന് ഏതു സമ്മർദ്ദങ്ങൾ വെല്ലുവിളി ഉയർത്തുന്നു?
◻ധാർമ്മികമായി ശുദ്ധരായി നിലനിൽക്കുന്നതിനുള്ള വെല്ലുവിളിയെ നേരിടുന്നതിന് നിങ്ങളെ എന്തിനു സഹായിക്കാൻ കഴിയും?
◻നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധരായി നിലനിർത്തണമെങ്കിൽ ഏതു ശക്തമായ നടപടികൾ ആവശ്യമാണ്?
[23-ാം പേജിലെ ആകർഷകവാക്യം]
ഇപ്പോഴും നവയൗവനത്തിൽ ആയിരിക്കുന്ന മിക്കവർക്കും മാതാപിതാക്കളുടെ ഉത്തരവാദിത്വം വഹിക്കാൻ കഴിയാത്ത വിധം പ്രായക്കുറവാണ്.