അധ്യായം 11
ആരാധനാസ്ഥലങ്ങൾക്കായുള്ള ക്രമീകരണങ്ങൾ
ഉപദേശം കൈക്കൊള്ളാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും വേണ്ടി സത്യാരാധകരോട് ഒരുമിച്ച് കൂടിവരാൻ യഹോവ ആവശ്യപ്പെട്ടിരിക്കുന്നു. (എബ്രാ. 10:23-25) ദൈവം തിരഞ്ഞെടുത്ത ജനമായ ഇസ്രായേല്യരുടെ ആദ്യത്തെ ആരാധനാസ്ഥലം ‘സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരമായിരുന്നു.’ (പുറ. 39:32, 40) പിൽക്കാലത്ത്, ദാവീദിന്റെ മകനായ ശലോമോൻ ദൈവമഹത്ത്വത്തിനായി ഒരു ഭവനം അഥവാ ദേവാലയം നിർമിച്ചു. (1 രാജാ. 9:3) ബി. സി. 607-ൽ ആ ദേവാലയം നശിപ്പിക്കപ്പെട്ടശേഷം ജൂതന്മാർ, സിനഗോഗുകൾ എന്നു വിളിച്ചിരുന്ന കെട്ടിടങ്ങളിൽ കൂടിവന്ന് ദൈവത്തെ ആരാധിച്ചുപോന്നു. ദേവാലയം വീണ്ടും പണിതപ്പോൾ ഒരിക്കൽക്കൂടി അതു സത്യാരാധനയുടെ കേന്ദ്രമായി വർത്തിച്ചു. യേശു സിനഗോഗുകളിലും ദേവാലയത്തിലും പഠിപ്പിച്ചു. (ലൂക്കോ. 4:16; യോഹ. 18:20) യേശു മലയിൽവെച്ചുപോലും ഒരു യോഗം നടത്തുകയുണ്ടായി.—മത്താ. 5:1–7:29.
2 യേശുവിന്റെ മരണശേഷം ക്രിസ്ത്യാനികൾ പൊതുസ്ഥലങ്ങളിൽ കൂടിവരാൻതുടങ്ങി. അവർ സ്വകാര്യഭവനങ്ങളിലും കൂടിവരുമായിരുന്നു. അവിടെ തിരുവെഴുത്തുകൾ പഠിപ്പിക്കുകയും സഹവിശ്വാസികളുമൊത്തുള്ള കൂട്ടായ്മ ആസ്വദിക്കുകയും ചെയ്തു. (പ്രവൃ. 19:8, 9; റോമ. 16:3, 5; കൊലോ. 4:15; ഫിലേ. 2) ചില സമയങ്ങളിൽ, ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അവർക്കു കൂടിവരേണ്ടിവന്നു. ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്: മുൻകാലങ്ങളിലെ വിശ്വസ്തദൈവദാസർക്ക് ആരാധനാസ്ഥലങ്ങളിൽ കൂടിവന്ന് ‘യഹോവയിൽനിന്ന് പഠിക്കാൻ’ ആത്മാർഥമായ, തീവ്രമായ, ആഗ്രഹമുണ്ടായിരുന്നു.—യശ. 54:13.
3 ഇന്ന്, ക്രിസ്തീയയോഗങ്ങൾ നടത്താൻ പൊതുകെട്ടിടങ്ങളോ പൊതുസ്ഥലങ്ങളോ സ്വകാര്യഭവനങ്ങളോ ഒക്കെ ഉപയോഗിക്കാറുണ്ട്. സ്വകാര്യഭവനങ്ങൾ പലപ്പോഴും വയൽസേവനയോഗങ്ങൾക്കായി ഉപയോഗിക്കുന്നു. അതിനുവേണ്ടി സ്വന്തം വീടുകൾ വിട്ടുകൊടുക്കുന്നത് ഒരു പദവിയായി സഹോദരങ്ങൾ കാണുന്നു. തങ്ങളുടെ വീടുകൾ ഇപ്രകാരം ഉപയോഗിച്ചത് ആത്മീയമായി ഏറെ പ്രയോജനം ചെയ്തെന്നു പല സഹോദരങ്ങളും കണ്ടിരിക്കുന്നു.
രാജ്യഹാളുകൾ
4 യഹോവയുടെ സാക്ഷികൾ മുഖ്യമായി കൂടിവരുന്ന സ്ഥലമാണു രാജ്യഹാൾ. സാധാരണയായി, ഒരു സ്ഥലം വാങ്ങി പുതിയ രാജ്യഹാൾ നിർമിക്കുകയോ നിലവിലുള്ളതു പുതുക്കിപ്പണിയുകയോ ആണ് ചെയ്യാറുള്ളത്. പ്രായോഗികമാണെന്നു കാണുന്നിടത്ത്, ചെലവ് കുറയ്ക്കാനും സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും വേണ്ടി പല സഭകൾ ഒരേ രാജ്യഹാൾതന്നെ ഉപയോഗിക്കാറുണ്ട്. ചില പ്രദേശങ്ങളിൽ ഹാൾ വാടകയ്ക്കെടുക്കും. പുതിയതായി നിർമിച്ച രാജ്യഹാളുകൾക്കും വലിയ തോതിൽ നവീകരിച്ചവയ്ക്കും ഒരു സമർപ്പണപരിപാടി നടത്തുന്നത് ഉചിതമാണ്. എന്നാൽ, നിലവിലുള്ള രാജ്യഹാൾ ചെറിയ തോതിലേ പുതുക്കിപ്പണിതുള്ളൂ എങ്കിൽ സമർപ്പണപരിപാടിയുടെ ആവശ്യമില്ല.
5 ആളുകളിൽ മതിപ്പുളവാക്കാൻ പണിയുന്ന ഗംഭീരനിർമിതികൾ ആയിരിക്കരുതു രാജ്യഹാളുകൾ. ഡിസൈനുകളിൽ അല്പസ്വല്പം വ്യത്യാസം കണ്ടേക്കാമെങ്കിലും ഉപയോഗത്തിന് ഉതകണം എന്നതാണു പ്രധാനം. (പ്രവൃ. 17:24) പ്രാദേശികമായ ചുറ്റുപാടുകൾക്കനുസരിച്ച്, സൗകര്യപ്രദവും സുഖകരവും ആയി യോഗങ്ങൾ നടത്താൻ കഴിയുന്ന സ്ഥലമായിരിക്കണം രാജ്യഹാളുകൾ.
6 യഹോവയുടെ സാക്ഷികളുടെ എല്ലാ സഭകളും അവരവർക്കു നിയമിച്ചുകിട്ടിയിരിക്കുന്ന രാജ്യഹാളുകളുടെ ഉപയോഗത്തിനും പ്രവർത്തനത്തിനും കേടുപോക്കലിനും ഉള്ള സംഭാവനകൾ നൽകുന്നു. ഇവിടെ കാണിക്ക ശേഖരിക്കുകയോ പണം പിരിക്കുകയോ ഇല്ല. ഹാളിൽ ഒരു സംഭാവനപ്പെട്ടി വെച്ചിട്ടുണ്ടായിരിക്കും. സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവരുടെ സൗകര്യാർഥമാണ് ഇത്. ഹാളിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് അവശ്യചെലവുകൾ നടത്താൻ ഇത് ഉപകരിക്കും. മനസ്സോടെയും ഹൃദയത്തിൽ തോന്നിയുമാണ് ഓരോരുത്തരും സംഭാവനകൾ നൽകുന്നത്.—2 കൊരി. 9:7.
7 രാജ്യഹാളിന്റെ പ്രവർത്തനത്തിനു സാമ്പത്തികപിന്തുണ നൽകുന്നതും രാജ്യഹാൾ വൃത്തിയായും കേടുപോക്കിയും സൂക്ഷിക്കുന്നതും സഭയിലുള്ള എല്ലാവരും ഒരു പദവിയായി കാണുന്നു. അതിന് അവർ സ്വമനസ്സാലെ മുമ്പോട്ടു വരുകയും ചെയ്യുന്നു. ഈ ജോലികൾ പട്ടികപ്പെടുത്തുന്നതിനു സാധാരണഗതിയിൽ ഒരു മൂപ്പനെയോ ശുശ്രൂഷാദാസനെയോ നിയമിച്ചിട്ടുണ്ടാകും. വയൽസേവനഗ്രൂപ്പുകളാണു രാജ്യഹാൾ വൃത്തിയാക്കുന്ന ജോലി ചെയ്യാറുള്ളത്. ഗ്രൂപ്പ് മേൽവിചാരകനോ അദ്ദേഹത്തിന്റെ സഹായിയോ അതിനു നേതൃത്വം കൊടുക്കും. യഹോവയെയും സംഘടനയെയും പ്രതിനിധീകരിക്കുന്ന വിധത്തിലുള്ളതായിരിക്കണം രാജ്യഹാളിന്റെ അകവും പുറവും.
രാജ്യഹാളിന്റെ പ്രവർത്തനത്തിനു സാമ്പത്തികപിന്തുണ നൽകുന്നതും രാജ്യഹാൾ വൃത്തിയായും കേടുപോക്കിയും സൂക്ഷിക്കുന്നതും സഭയിലുള്ള എല്ലാവരും ഒരു പദവിയായി കാണുന്നു
8 ഒന്നിലേറെ സഭകൾ ഒരു രാജ്യഹാൾ ഉപയോഗിക്കുമ്പോൾ ഉൾപ്പെട്ടിരിക്കുന്ന സഭകളിലെ മൂപ്പന്മാർ ചേർന്ന് ഒരു രാജ്യഹാൾ നടത്തിപ്പ് കമ്മിറ്റി രൂപീകരിക്കുന്നു. കെട്ടിടവും അതിന്റെ സ്ഥലവും ഉൾപ്പെടുന്ന കാര്യാദികളുടെ ഏകോപനം ഈ കമ്മിറ്റിയാണു നടത്തുന്നത്. മൂപ്പന്മാരുടെ സംഘങ്ങൾ നടത്തിപ്പുകമ്മിറ്റിയുടെ ഏകോപകനെ തിരഞ്ഞെടുക്കുന്നു. രാജ്യഹാൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നും നന്നായി പരിപാലിക്കുന്നുണ്ടെന്നും അതിലേക്ക് ആവശ്യമായ സാധനങ്ങളെല്ലാം ഉണ്ടെന്നും ഉറപ്പുവരുത്തുന്നതു മൂപ്പന്മാരുടെ സംഘങ്ങളുടെ മേൽനോട്ടത്തിൻകീഴിൽ പ്രവർത്തിക്കുന്ന ഈ കമ്മിറ്റിയാണ്. അതുകൊണ്ടുതന്നെ, ഉൾപ്പെട്ടിരിക്കുന്ന സഭകളുടെ ആത്മാർഥമായ സഹകരണം ഇതിനു കൂടിയേ തീരൂ.
9 ഒന്നിലേറെ സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുമ്പോൾ യോഗസമയങ്ങൾ ഒരു പ്രത്യേകക്രമത്തിൽ മാറിക്കൊണ്ടിരിക്കും. പരസ്പരപരിഗണനയോടെയും സഹോദരസ്നേഹത്തോടെയും മൂപ്പന്മാർ ഈ പട്ടിക തീരുമാനിക്കുന്നതാണ്. (ഫിലി. 2:2-4; 1 പത്രോ. 3:8) ഏതെങ്കിലും ഒരു സഭ ഒറ്റയ്ക്കു മറ്റു സഭകൾക്കുവേണ്ടി തീരുമാനമെടുക്കുന്നില്ല; ഏതെങ്കിലുമൊരു സഭയ്ക്കു സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമുള്ളപ്പോൾ, രാജ്യഹാൾ ഉപയോഗിക്കുന്ന മറ്റു സഭകൾ ആവശ്യമെങ്കിൽ ആ ആഴ്ചത്തേക്കുള്ള തങ്ങളുടെ യോഗപരിപാടികളിൽ വേണ്ട മാറ്റങ്ങൾ വരുത്തേണ്ടതാണ്.
10 സഭാ സേവനക്കമ്മിറ്റിയുടെ അനുവാദത്തോടെ രാജ്യഹാളുകൾ വിവാഹപ്രസംഗത്തിനും ശവസംസ്കാരശുശ്രൂഷയ്ക്കും ഉപയോഗിക്കാവുന്നതാണ്. സേവനക്കമ്മിറ്റിയിലെ മൂപ്പന്മാർ തങ്ങൾക്കു ലഭിച്ച അപേക്ഷ ശ്രദ്ധാപൂർവം പരിശോധിച്ച് ബ്രാഞ്ചോഫീസിൽനിന്നുള്ള നിർദേശങ്ങളുടെ വെളിച്ചത്തിൽ തീരുമാനമെടുക്കേണ്ടതാണ്.
11 മേൽപ്പറഞ്ഞ ഉദ്ദേശ്യങ്ങൾക്ക് ഉപയോഗിക്കാൻ രാജ്യഹാൾ അനുവദിച്ചുകിട്ടിയ സഹോദരങ്ങളിൽനിന്ന് ക്രിസ്ത്യാനികൾക്കു ചേരുന്ന തരത്തിലുള്ള പെരുമാറ്റം പ്രതീക്ഷിക്കുന്നു. സഭയിലുള്ളവരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതോ സഭയുടെ സത്പേരിനു കളങ്കം വരുത്തുന്നതോ യഹോവയുടെ പേരിനു നിന്ദ വരുത്തുന്നതോ ആയ യാതൊന്നും രാജ്യഹാളിൽവെച്ച് ഉണ്ടാകാൻ പാടില്ല. (ഫിലി. 2:14, 15) ബ്രാഞ്ചോഫീസിന്റെ നിർദേശപ്രകാരം രാജ്യശുശ്രൂഷാസ്കൂൾ, മുൻനിരസേവനസ്കൂൾ തുടങ്ങിയ മറ്റ് ആത്മീയപരിപാടികൾക്കും രാജ്യഹാൾ ഉപയോഗിക്കാവുന്നതാണ്.
12 യോഗസ്ഥലങ്ങളെ എല്ലായ്പോഴും ആദരവോടെയാണു സഭ കാണുന്നതും അവിടെ പെരുമാറുന്നതും. വസ്ത്രധാരണം, ചമയം, പെരുമാറ്റരീതികൾ എന്നിവ യഹോവയുടെ ആലയത്തിന്റെ അന്തസ്സിനു ചേരുന്ന തരത്തിലുള്ളതായിരിക്കണം. (സഭാ. 5:1; 1 തിമൊ. 2:9, 10) ഇക്കാര്യങ്ങളിലുള്ള നിർദേശങ്ങൾ അനുസരിക്കുമ്പോൾ ക്രിസ്തീയയോഗങ്ങളോടു നമ്മൾ ആദരവും വിലമതിപ്പും കാണിക്കുകയാണ്.
13 യോഗസമയത്തെ ക്രമവും ചിട്ടയും വളരെ പ്രധാനമാണ്. കുട്ടികൾ മാതാപിതാക്കളുടെകൂടെത്തന്നെ ഇരിക്കാൻ പ്രതീക്ഷിക്കുന്നു. കൊച്ചുകുഞ്ഞുങ്ങളുള്ള മാതാപിതാക്കൾ സഹോദരങ്ങൾക്ക് അധികം ശല്യമുണ്ടാകാത്ത സ്ഥലത്ത് ഇരിക്കുന്നതായിരിക്കും നല്ലത്. അതാകുമ്പോൾ കുട്ടികൾക്കു ശിക്ഷണം കൊടുക്കാനോ മറ്റ് ആവശ്യങ്ങൾക്കോ പുറത്ത് കൊണ്ടുപോകേണ്ടിവരുന്നെങ്കിൽ സൗകര്യമായിരിക്കും.
14 രാജ്യഹാളിൽ യോഗം നടക്കുന്ന സമയത്ത് യോഗ്യതയുള്ള സഹോദരന്മാരെ സേവകന്മാരായി നിയമിക്കും. അവർ നല്ല ജാഗ്രതയുള്ളവരും സൗഹൃദമനസ്കരും നല്ല തീരുമാനശേഷിയുള്ളവരും ആയിരിക്കണം. പിൻവരുന്നവയാണ് അവരുടെ ഉത്തരവാദിത്വങ്ങളിൽ ചിലത്: പുതിയവരെ അഭിവാദ്യം ചെയ്ത് ഹൃദ്യമായി സ്വാഗതം ചെയ്യുക, താമസിച്ച് വരുന്നവരെ ഇരിപ്പിടം കണ്ടെത്താൻ സഹായിക്കുക, യോഗഹാജർ എടുക്കുക, ഹാളിൽ മതിയായ വായുസഞ്ചാരവും മറ്റും ഉണ്ടെന്ന് ഉറപ്പുവരുത്തുക. ആവശ്യമെങ്കിൽ, കുട്ടികളുടെ കാര്യം ശ്രദ്ധിക്കണമെന്നു സേവകന്മാർക്കു മാതാപിതാക്കളെ ഓർമിപ്പിക്കാം. യോഗത്തിനു മുമ്പും ശേഷവും കുട്ടികൾ ഹാളിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കാതെയും സ്റ്റേജിൽക്കൂടി ഓടിക്കളിക്കാതെയും അവരെ ശ്രദ്ധിക്കാൻ അപ്പോൾ മാതാപിതാക്കൾക്കു കഴിയും. ഒട്ടും അടങ്ങിയിരിക്കാത്ത കുട്ടികളെ പുറത്ത് കൊണ്ടുപോകാൻ സേവകന്മാർക്ക് ആവശ്യപ്പെടാവുന്നതാണ്. അങ്ങനെയാകുമ്പോൾ സദസ്സിന്റെ ശ്രദ്ധ അധികം പതറുകയില്ല. പക്ഷേ ദയയോടെയും നയത്തോടെയും വേണം സേവകന്മാർ അതു പറയാൻ. എല്ലാവർക്കും യോഗങ്ങൾ ശ്രദ്ധിക്കുന്നതിനും ആസ്വദിക്കുന്നതിനും സേവകന്മാരുടെ നല്ല പ്രവർത്തനം വലിയൊരു പങ്കു വഹിക്കുന്നു. സേവകന്മാരായി മൂപ്പന്മാരെയോ ശുശ്രൂഷാദാസന്മാരെയോ നിയമിക്കുന്നതാണു കൂടുതൽ നല്ലത്.
രാജ്യഹാൾ നിർമാണം
15 ഒന്നാം നൂറ്റാണ്ടിൽ ചില ക്രിസ്ത്യാനികൾക്കു മറ്റു ക്രിസ്ത്യാനികളെക്കാൾ സാമ്പത്തികഭദ്രതയുണ്ടായിരുന്നു. അതുകൊണ്ട് പൗലോസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “നിങ്ങൾക്ക് ഇപ്പോഴുള്ള സമൃദ്ധികൊണ്ട് അവരുടെ കുറവ് നികത്തുകയാണെങ്കിൽ പിന്നീടു നിങ്ങൾക്ക് ഒരു കുറവ് ഉണ്ടാകുമ്പോൾ അവരുടെ സമൃദ്ധികൊണ്ട് അതു നികന്നുകിട്ടും. അങ്ങനെ സമത്വം ഉണ്ടാകണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.” (2 കൊരി. 8:14) ഇന്ന് ഇങ്ങനെയൊരു “സമത്വം” ഉണ്ടാകുന്നുണ്ട്. ലോകവ്യാപകമായി സഭകൾ നൽകുന്ന സംഭാവനകൾ സമാഹരിക്കുന്നു. അതിൽനിന്ന് രാജ്യഹാളുകൾ നിർമിക്കാനും പുതുക്കിപ്പണിയാനും വേണ്ട സാമ്പത്തികസഹായം നൽകുന്നു. ലോകവ്യാപകമായുള്ള സഹോദരസമൂഹത്തിന്റെ ഉദാരമായ ഈ സംഭാവനകൾ സംഘടന അതിയായി വിലമതിക്കുന്നു. ഈ സംഭാവനകളിൽനിന്ന് പ്രയോജനം നേടുന്ന സഭകളും അത് ഏറെ വിലമതിക്കുന്നു.
16 ബ്രാഞ്ചോഫീസ്, പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ സഭകൾക്കു രാജ്യഹാളുകൾ നിയമിച്ചുകൊടുക്കുന്നു. ബ്രാഞ്ചിന്റെ പരിധിയിൽ എപ്പോൾ, എവിടെ ഒരു പുതിയ രാജ്യഹാൾ നിർമിക്കണം, നിലവിലുള്ളതു പുതുക്കിപ്പണിയണം എന്നൊക്കെ തീരുമാനിക്കുന്നതു ബ്രാഞ്ചോഫീസാണ്. പ്രകൃതിദുരന്തങ്ങൾ സംഭവിക്കുമ്പോൾ, കേടുപാടുകൾ സംഭവിച്ച രാജ്യഹാളുകളുടെയും ചിലപ്പോൾ സഹോദരങ്ങളുടെ വീടുകളുടെയും അറ്റകുറ്റപ്പണികൾ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതായിരിക്കും.
17 രാജ്യഹാളുകൾക്കു സ്ഥലം വാങ്ങുക, രാജ്യഹാളുകൾ ഡിസൈൻ ചെയ്യുക, അധികാരികളിൽനിന്ന് അനുമതി നേടുക, നിർമിക്കുക, പുതുക്കിപ്പണിയുക തുടങ്ങിയ പ്രവർത്തനങ്ങൾക്കു സഹായിക്കുന്ന സന്നദ്ധസേവകരെ ഏകോപിപ്പിക്കുന്നതു ബ്രാഞ്ചോഫീസാണ്. മിക്ക ദേശങ്ങളിലും രാജ്യഹാളുകളുടെ ആവശ്യം ധാരാളമുള്ളതുകൊണ്ട് കൂടുതൽ സന്നദ്ധസേവകരെ ആവശ്യമുണ്ട്. സഹായിക്കാൻ ആഗ്രഹവും യോഗ്യതയും ഉള്ള, സ്നാനമേറ്റ എല്ലാ പ്രചാരകരും ഒരു അപേക്ഷ പൂരിപ്പിച്ച് പ്രാദേശിക സഭാ സേവനക്കമ്മിറ്റിക്കു നൽകാൻ പ്രോത്സാഹിപ്പിക്കുന്നു. സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകർക്കുപോലും സ്വന്തം രാജ്യഹാളിന്റെ നിർമാണത്തിലോ പുതുക്കിപ്പണിയിലോ സഹായിക്കാവുന്നതാണ്.
സമ്മേളനഹാളുകൾ
18 ആദ്യകാലക്രിസ്ത്യാനികൾ പൊതുവേ കൂടിവന്നിരുന്നതു ചെറിയ കൂട്ടങ്ങളായാണ്. എന്നാൽ ചില അവസരങ്ങളിൽ ‘അനേകം ആളുകൾ’ കൂടിവന്നതായും കാണുന്നു. (പ്രവൃ. 11:26) അതുപോലെ യഹോവയുടെ ജനം ഇന്നു സർക്കിട്ട് സമ്മേളനങ്ങൾക്കും മേഖലാ കൺവെൻഷനുകൾക്കും വലിയ കൂട്ടങ്ങളായി കൂടിവരുന്നു. ഇത്തരം സന്ദർഭങ്ങളിൽ മിക്കപ്പോഴും, പ്രാദേശികമായി ലഭ്യമായ സൗകര്യങ്ങൾ വാടകയ്ക്കെടുക്കുകയാണു ചെയ്യുന്നത്. എന്നാൽ പറ്റിയ ഒരു സ്ഥലം കിട്ടാതെവരികയോ ഉള്ളതു മതിയാകാതെവരികയോ ചെയ്താൽ സമ്മേളനഹാളുകൾ എന്നു വിളിക്കുന്ന ആരാധനാസ്ഥലങ്ങൾ നിർമിക്കാറുണ്ട്.
19 ചിലപ്പോൾ ഒരു കെട്ടിടം വാങ്ങി പുതുക്കിപ്പണിത് അതൊരു സമ്മേളനഹാളായി ഉപയോഗിക്കും. എന്നാൽ പലപ്പോഴും സ്ഥലം വാങ്ങി പുതിയൊരു ഹാൾ നിർമിക്കുകയാണു ചെയ്യാറുള്ളത്. പ്രാദേശികാവശ്യങ്ങളനുസരിച്ച് സമ്മേളനഹാളുകളുടെ വലുപ്പം വ്യത്യാസപ്പെട്ടിരിക്കും. അത്തരമൊരു കെട്ടിടം വാങ്ങുകയോ നിർമിക്കുകയോ ചെയ്യാനുള്ള തീരുമാനമെടുക്കുന്നതിനു മുമ്പ് ബ്രാഞ്ചോഫീസ് അതിനു വേണ്ടിവരുന്ന ചെലവും അതിന്റെ ഉപയോഗസാധ്യതയും ശ്രദ്ധാപൂർവം കണക്കുകൂട്ടും.
20 സമ്മേളനഹാളുകളുടെ പ്രവർത്തനവും പരിപാലനവും നോക്കിനടത്താനായി ബ്രാഞ്ചോഫീസ് ചില സഹോദരങ്ങളെ നിയമിക്കാറുണ്ട്. ക്രമമായ ശുചീകരണം, അർധവാർഷിക ശുചീകരണം, ക്രമമായ അടിസ്ഥാനത്തിലുള്ള കേടുപോക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി സർക്കിട്ടിൽ ചില ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടാകും. ഇതിനുവേണ്ടി സ്വമനസ്സാലെ വന്ന് സഹായിക്കുന്നതു സഹോദരങ്ങൾക്കു പ്രയോജനം ചെയ്യും. അതുകൊണ്ട് ഈ ക്രമീകരണങ്ങളെ മുഴുഹൃദയത്തോടെ പിന്തുണയ്ക്കാൻ സഭകളെ എല്ലാം പ്രോത്സാഹിപ്പിക്കുന്നു.—സങ്കീ. 110:3; മലാ. 1:10.
21 ചിലപ്പോൾ സമ്മേളനഹാളുകൾ ബൈബിൾസ്കൂളുകളും സർക്കിട്ട് മേൽവിചാരകന്മാർക്കുള്ള പ്രത്യേകയോഗങ്ങളും ഉൾപ്പെടെയുള്ള ദിവ്യാധിപത്യപരിപാടികൾക്കായി ഉപയോഗിക്കാറുണ്ട്. രാജ്യഹാളുകൾപോലെതന്നെ സമ്മേളനഹാളുകളും ആരാധനയ്ക്കായുള്ള സമർപ്പിതസ്ഥലങ്ങളാണ്. ആരാധനയ്ക്കായി രാജ്യഹാളുകളിൽ കൂടിവരുമ്പോഴും സമ്മേളനഹാളിൽ കൂടിവരുമ്പോഴും നമ്മുടെ പെരുമാറ്റം, വസ്ത്രധാരണം, ചമയം ഇവയെല്ലാം നമ്മുടെ ആരാധനയുടെ അന്തസ്സിനു ചേരുന്നതായിരിക്കണം.
22 ഈ അന്ത്യകാലത്തിന്റെ അവസാനഭാഗത്ത് സംഘടനയുടെ ഭാഗമായിത്തീരാൻ ഉത്സാഹം കാണിക്കുന്ന പുതിയവരായ ധാരാളം ആളുകളുണ്ട്. യഹോവയുടെ അനുഗ്രഹമാണ് ഇതിലൂടെ തെളിയുന്നത്. (യശ. 60:8, 10, 11, 22) അതുകൊണ്ട് വൃത്തിയുള്ളതും സുഖകരവും ആയ ആരാധനാസ്ഥലങ്ങൾ ഉണ്ടായിരിക്കാനും പരിപാലിച്ച് സൂക്ഷിക്കാനും ഉള്ള ക്രമീകരണങ്ങളെ ആത്മാർഥമായി പിന്തുണയ്ക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. യഹോവയുടെ ദിവസം അടുത്ത് വരുന്നതനുസരിച്ച് മുമ്പെന്നത്തെക്കാൾ പ്രോത്സാഹനം നമുക്ക് ആവശ്യമാണ്. അതിനു സഹായിക്കുന്നതാണു നമ്മുടെ രാജ്യഹാളുകളും സമ്മേളനഹാളുകളും മറ്റും. അതുകൊണ്ട് നമുക്ക് അവയോട് ആത്മാർഥമായ വിലമതിപ്പു കാണിക്കാം.