-
ബൈബിൾ വായിക്കേണ്ടത് എന്തുകൊണ്ട്?വീക്ഷാഗോപുരം (പൊതുപതിപ്പ്)—2017 | നമ്പർ 1
-
-
മുഖ്യലേഖനം | ബൈബിൾവായനയിൽനിന്ന് പരമാവധി പ്രയോജനം നേടുക!
ബൈബിൾ വായിക്കേണ്ടത് എന്തുകൊണ്ട്?
“ബൈബിൾ മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും എന്നാണു ഞാൻ കരുതിയത്.”—ജോവി
“ഇതു വായിക്കാൻ ഒരു രസവും കാണില്ലെന്നു ഞാൻ വിചാരിച്ചു.”—ക്യൂനി
“ബൈബിളിന്റെ വലുപ്പം കണ്ടപ്പോൾത്തന്നെ അതു വായിക്കാനുള്ള എന്റെ എല്ലാ ആഗ്രഹവും കെട്ടടങ്ങി.”—ഹെസക്കിയേൽ
ബൈബിൾ ഒന്നു വായിച്ചാൽ കൊള്ളാമെന്നുണ്ടെങ്കിലും മുകളിൽ പറഞ്ഞതുപോലുള്ള ചിന്തകളാണോ അതിനു തടസ്സം നിൽക്കുന്നത്? ബൈബിൾ വായിക്കുക എന്നത് മുഷിപ്പിക്കുന്ന ഒരു കാര്യമായി പലരും വീക്ഷിക്കുന്നു. എന്നാൽ സന്തോഷവും സംതൃപ്തിയും ഉള്ള ഒരു ജീവിതം തരാൻ ബൈബിളിനു കഴിയുമെങ്കിലോ? രസകരമായ വിധത്തിൽ ബൈബിൾ വായിക്കാൻ വഴികളുണ്ടെങ്കിലോ? അതൊന്ന് വായിച്ചുനോക്കാൻ നിങ്ങൾ ഒരു ശ്രമം ചെയ്യുമോ?
ബൈബിൾ വായിച്ചുതുടങ്ങിയപ്പോൾ അതു വളരെ പ്രയോജനപ്രദമെന്നു കണ്ട ചിലരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുക.
20-കളുടെ തുടക്കത്തിലായിരിക്കുന്ന ഹെസക്കിയേൽ പറയുന്നു: “എങ്ങോട്ടെന്നില്ലാതെ കാർ ഓടിച്ചുപോകുന്ന ഒരാളെപ്പോലെയായിരുന്നു ഞാൻ. എന്നാൽ ബൈബിൾ വായിച്ചത് എനിക്കു ജീവിതത്തിൽ ലക്ഷ്യബോധം തന്നു. അനുദിനജീവിതത്തിൽ ഗുണം ചെയ്യുന്ന പ്രായോഗികമായ നിർദേശങ്ങൾ ഇതിലുണ്ട്.”
ഏറെക്കുറെ ഇതേ പ്രായത്തിലുള്ള ഫ്രീഡയും പറയുന്നത് ഇങ്ങനെയാണ്: “ചിന്തിക്കാതെ എടുത്തുചാടി കാര്യങ്ങൾ ചെയ്യുന്ന പ്രകൃതക്കാരിയായിരുന്നു ഞാൻ. പക്ഷേ ബൈബിൾ വായിച്ചപ്പോൾ, ചിന്തിച്ച് കാര്യങ്ങൾ ചെയ്യാൻ ഞാൻ പഠിച്ചു. മറ്റുള്ളവരോട് ഒത്തുപോകാൻ ഇത് എന്നെ വളരെ സഹായിച്ചു. അതുകൊണ്ട് എനിക്ക് ഇപ്പോൾ ഒരുപാടു കൂട്ടുകാരുണ്ട്.”
ഇപ്പോൾ 50-ലധികം വയസ്സുള്ള യൂനിസ് ബൈബിളിനെക്കുറിച്ച് ഇങ്ങനെയാണു പറയുന്നത്: “പല ചീത്തശീലങ്ങളും മാറ്റി ഒരു മെച്ചപ്പെട്ട വ്യക്തിയാകാൻ ബൈബിൾവായന എന്നെ സഹായിച്ചു.”
ആ വായനക്കാർക്കും അതുപോലുള്ള ലക്ഷക്കണക്കിന് മറ്റു വായനക്കാർക്കും മനസ്സിലായതുപോലെ ജീവിതം കൂടുതൽ രസകരമാക്കാൻ ബൈബിൾവായന സഹായിക്കും. (യശയ്യ 48:17, 18) നിങ്ങൾക്കു ബൈബിൾ വായിക്കുന്നതിലൂടെ (1) നല്ല തീരുമാനങ്ങളെടുക്കാം (2) നല്ല കൂട്ടുകാരെ കണ്ടെത്താം (3) ഉത്കണ്ഠകൾ കുറയ്ക്കാം (4) ഏറ്റവും പ്രധാനമായി ദൈവത്തെക്കുറിച്ചുള്ള സത്യവും മനസ്സിലാക്കാം. ബൈബിളിലെ നിർദേശങ്ങൾ ദൈവത്തിൽനിന്നുള്ളതാണ്. അതുകൊണ്ട് അതിനു ചേർച്ചയിൽ പ്രവർത്തിച്ചാൽ നിങ്ങൾക്ക് ഒരിക്കലും തെറ്റുപറ്റില്ല. ദൈവം തരുന്ന മാർഗനിർദേശങ്ങൾ ഒരിക്കലും മോശമാകില്ലല്ലോ!
എന്നാൽ ബൈബിൾ വായിച്ചുതുടങ്ങുക എന്നതാണു മുഖ്യസംഗതി. അതു തുടങ്ങാനും രസകരമാക്കാനും ഉള്ള ചില എളുപ്പവഴികൾ നോക്കാം.
-
-
എനിക്ക് എങ്ങനെ തുടങ്ങാം?വീക്ഷാഗോപുരം (പൊതുപതിപ്പ്)—2017 | നമ്പർ 1
-
-
മുഖ്യലേഖനം | ബൈബിൾവായനയിൽനിന്ന് പരമാവധി പ്രയോജനം നേടുക!
എങ്ങനെ തുടങ്ങാം?
ബൈബിൾവായന രസകരമാക്കാനും അതിൽനിന്ന് പരമാവധി പ്രയോജനം നേടാനും നിങ്ങൾക്ക് എന്തു ചെയ്യാനാകും? പലരും പരീക്ഷിച്ച് വിജയിച്ച അഞ്ച് മാർഗങ്ങൾ നോക്കാം.
നല്ലൊരു അന്തരീക്ഷം ഒരുക്കുക. സ്വസ്ഥമായ ഒരു ഇടം തിരഞ്ഞെടുക്കുക. വായിക്കുന്ന കാര്യത്തിൽ മുഴുകുന്നതിന് ശ്രദ്ധാശൈഥല്യങ്ങൾ ഒഴിവാക്കുക. മതിയായ വെളിച്ചവും ശുദ്ധവായുവും ഉള്ള ഒരിടമാണെങ്കിൽ വായനയിൽനിന്ന് പൂർണപ്രയോജനം നേടാനാകും.
നല്ല ഒരു മനോനിലയുണ്ടായിരിക്കുക. ബൈബിൾ നമ്മുടെ സ്വർഗീയപിതാവിൽനിന്നുള്ളതാണ്. സ്നേഹനിധികളായ മാതാപിതാക്കളിൽനിന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു കുട്ടിയുടേതുപോലുള്ള മനോഭാവം നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും അതിൽനിന്ന് പ്രയോജനം നേടാനാകും. എന്നാൽ ബൈബിളിനെക്കുറിച്ച് നിഷേധാത്മകമായ എന്തെങ്കിലും ധാരണകളുണ്ടെങ്കിൽ അതെല്ലാം മാറ്റിവെച്ചതിനു ശേഷം വായന തുടങ്ങുക, അപ്പോൾ ദൈവത്തിന് നിങ്ങളെ പഠിപ്പിക്കാൻ എളുപ്പമായിരിക്കും.—സങ്കീർത്തനം 25:4.
വായിക്കുന്നതിനു മുമ്പ് പ്രാർഥിക്കുക. ദൈവത്തിന്റെ ചിന്തകൾ ബൈബിളിൽ അടങ്ങിയിരിക്കുന്നതിനാൽ, അതു മനസ്സിലാക്കാൻ ദൈവത്തിന്റെ സഹായം കൂടിയേ തീരൂ എന്നു പറയേണ്ടതില്ലല്ലോ! തന്നോടു ചോദിക്കുന്നവർക്ക് ‘പരിശുദ്ധാത്മാവിനെ ധാരാളമായി നൽകും’ എന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു. (ലൂക്കോസ് 11:13) പരിശുദ്ധാത്മാവിന് ദൈവത്തിന്റെ ചിന്താഗതികൾ ഗ്രഹിക്കാൻ നിങ്ങളെ സഹായിക്കാനാകും. ക്രമേണ “ഗഹനമായ ദൈവകാര്യങ്ങൾപോലും” ഗ്രഹിക്കാൻ അതു നിങ്ങളുടെ മനസ്സിനെ പാകപ്പെടുത്തും.—1 കൊരിന്ത്യർ 2:10.
മനസ്സിലാക്കി വായിക്കുക. കേവലം വായിച്ചുതീർക്കുക എന്നതായിരിക്കരുത് നമ്മുടെ ലക്ഷ്യം. വായിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക. പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ നിങ്ങൾക്കു സ്വയം ചോദിക്കാം: ‘ഞാൻ വായിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രത്തിന് ഏതെല്ലാം ഗുണങ്ങളാണുള്ളത്? ഇത് എന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കണം?’
വ്യക്തമായ ലക്ഷ്യങ്ങൾ വെക്കുക. ബൈബിളിന്റെ വായനയിൽനിന്ന് പ്രയോജനം നേടുന്നതിന്, ജീവിതത്തെ പരിപുഷ്ടിപ്പെടുത്തുന്ന എന്തെങ്കിലും കണ്ടെത്തുക എന്ന ലക്ഷ്യത്തിൽ വായിക്കുക. ഉദാഹരണത്തിന്, ‘ദൈവത്തെക്കുറിച്ച് കൂടുതലായി എനിക്കു പഠിക്കണം, മെച്ചപ്പെട്ട വ്യക്തിയാകണം, ഒരു നല്ല ഭർത്താവോ ഭാര്യയോ ആകണം’ തുടങ്ങിയതുപോലുള്ള ലക്ഷ്യങ്ങൾ. എന്നിട്ട് ആ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുന്ന ബൈബിൾഭാഗങ്ങൾ തിരഞ്ഞെടുത്ത് വായിക്കുക.a
ഒന്നു തുടങ്ങിക്കിട്ടാനുള്ള ബുദ്ധിമുട്ടു പരിഹരിക്കാൻ മേൽപ്പറഞ്ഞ അഞ്ച് നിർദേശങ്ങൾ നിങ്ങളെ സഹായിക്കുകതന്നെ ചെയ്യും. എന്നാൽ വായന അല്പംകൂടി രസകരമാക്കുന്നതിനു നിങ്ങൾക്ക് എന്തു ചെയ്യാനാകും? അടുത്ത ലേഖനത്തിൽ ഇതാ ചില നിർദേശങ്ങൾ!
a ഏതു ബൈബിൾഭാഗങ്ങളായിരിക്കും നിങ്ങളെ സഹായിക്കുക എന്നു തിട്ടപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ യഹോവയുടെ സാക്ഷികളോടു ചോദിക്കാൻ മടിക്കേണ്ടതില്ല, നിങ്ങളെ സഹായിക്കുന്നതിന് അവർക്കു സന്തോഷമേയുള്ളൂ.
-
-
വായന രസകരമാക്കാൻ!വീക്ഷാഗോപുരം (പൊതുപതിപ്പ്)—2017 | നമ്പർ 1
-
-
മുഖ്യലേഖനം | ബൈബിൾവായനയിൽനിന്ന് പരമാവധി പ്രയോജനം നേടുക!
വായന രസകരമാക്കാൻ!
ബൈബിൾവായന നിങ്ങൾക്ക് എങ്ങനെയാണ്? ബോറടിപ്പിക്കുന്നതോ അതോ ആസ്വാദ്യകരമോ? അത് ഏറെയും നിങ്ങൾ വായനയെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ വായന കൂടുതൽ രസകരവും ആസ്വാദ്യകരവുമാക്കാൻ എന്തെല്ലാം ചെയ്യാനാകും എന്ന് നോക്കാം.
ആധുനിക ശൈലിയിലുള്ള നല്ലൊരു ബൈബിൾപരിഭാഷ തിരഞ്ഞെടുക്കുക. കാലഹരണപ്പെട്ടതോ കടുകട്ടിയായ പദങ്ങളുള്ള ഒരു പരിഭാഷയോ ആണ് കൈയിലുള്ളതെങ്കിൽ നിങ്ങൾ അതിന്റെ വായന ആസ്വദിക്കാൻ സാധ്യതയില്ല. അതുകൊണ്ട്, ഹൃദയത്തെ സ്പർശിക്കുന്നതും എളുപ്പം മനസ്സിലാക്കാവുന്നതും ആയ ഭാഷ ഉപയോഗിച്ചിരിക്കുന്ന ഒരു പരിഭാഷ കണ്ടുപിടിക്കുക. അതു ശ്രദ്ധയോടെയും കൃത്യതയോടെയും പരിഭാഷപ്പെടുത്തിയിട്ടുള്ളതാണെന്ന് ഉറപ്പുവരുത്തുക.a
ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക. ഇന്ന് ബൈബിൾ, പുസ്തകരൂപത്തിൽ മാത്രമല്ല ഇലക്ട്രോണിക് രൂപത്തിലും ലഭ്യമാണ്. ചില ബൈബിളുകൾ ഓൺലൈനായോ കമ്പ്യൂട്ടർ, ടാബ്ലെറ്റ്, മൊബൈൽ ഫോൺ എന്നിവയിൽ ഡൗൺലോഡ് ചെയ്തോ വായിക്കാവുന്നതാണ്. ചില പതിപ്പുകളിൽ നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ഭാഗത്തോടു ബന്ധപ്പെട്ട മറ്റു ബൈബിൾവാക്യങ്ങളോ അല്ലെങ്കിൽ മറ്റു പരിഭാഷകളോ കണ്ടെത്തുന്നതിനുള്ള വഴികളുണ്ട്. ഇനി, ബൈബിൾ വായിച്ചുകേൾക്കുന്നതാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ അതിന്റെ റെക്കോർഡിങ്ങുകളും ലഭ്യമാണ്. യാത്രയിലായിരിക്കുമ്പോഴോ മറ്റു ജോലിയിലായിരിക്കുമ്പോഴോ റെക്കോർഡിങ്ങ് കേൾക്കുന്നത് പലരും ആസ്വദിക്കുന്നു. ഇതിൽ ഏതു വിധമാണ് നിങ്ങൾക്ക് ഇണങ്ങുന്നതെന്ന് ഒന്നു പരീക്ഷിച്ചുനോക്കാമോ?
ബൈബിൾ പഠനസഹായികൾ ഉപയോഗിക്കുക. വായന കൂടുതൽ രസകരമാക്കാൻ ബൈബിൾ പഠനസഹായികൾ ഉപകരിക്കും. വായനാഭാഗത്ത് പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ എവിടെയാണെന്നു കണ്ടുപിടിക്കുന്നതിനും അവിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കുന്നതിനും ഭൂപടങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഈ മാസികയിലോ jw.org വെബ്സൈറ്റിലെ ‘ബൈബിൾപഠിപ്പിക്കലുകൾ’ എന്ന ഭാഗത്തോ ഉള്ള ലേഖനങ്ങൾക്ക് പല ബൈബിൾഭാഗങ്ങളുടെയും അർഥം തിരിച്ചറിയാൻ നിങ്ങളെ സഹായിക്കാനാകും.
മറ്റൊരു രീതി പരീക്ഷിച്ചുനോക്കുക. ബൈബിൾ പുറത്തോടുപുറം വായിക്കുന്നത് ഭാരിച്ച ഒരു കാര്യമായി നിങ്ങൾക്കു തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഭാഗം മുതൽ വായിച്ചുതുടങ്ങാം. ഇനി, ബൈബിളിലെ പേരുകേട്ട ആളുകളെക്കുറിച്ച് അറിയാനാണ് ആഗ്രഹിക്കുന്നതെങ്കിൽ കഥാപാത്രങ്ങളുടെ അടിസ്ഥാനത്തിലും വായിക്കാവുന്നതാണ്. അതിനായി “കഥാപാത്രങ്ങളെക്കുറിച്ച് അറിയാൻ ബൈബിളിൽ ഗവേഷണം ചെയ്യുക” എന്ന ചതുരത്തിലെ രണ്ടു വിധങ്ങൾ കാണുക. കൂടാതെ, ഓരോ വിഷയങ്ങൾ അനുസരിച്ച് അല്ലെങ്കിൽ സംഭവങ്ങൾ നടന്ന ക്രമത്തിൽ നിങ്ങൾക്കു വായിക്കാം. ഇതിൽ ഏതെങ്കിലും ഒരു വിധം നിങ്ങൾ പരീക്ഷിച്ചുനോക്കുമോ?
a വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം, കൃത്യതയും വായനാസുഖവും ഉള്ള ആശ്രയയോഗ്യമായ പരിഭാഷയാണെന്ന് അനേകർ മനസ്സിലാക്കിയിരിക്കുന്നു. യഹോവയുടെ സാക്ഷികൾ പുറത്തിറക്കിയിരിക്കുന്ന ഈ ബൈബിൾ 130-ലധികം ഭാഷകളിൽ ലഭ്യമാണ്. ഇത് jw.org-ൽ നിന്നോ JW ലൈബ്രറിആപ്പിൽനിന്നോ ഡൗൺലോഡ് ചെയ്യാം. ഇനി നിങ്ങൾ താത്പര്യപ്പെടുന്നെങ്കിൽ പുസ്തകരൂപത്തിലുള്ള ബൈബിളിന്റെ ഒരു കോപ്പി യഹോവയുടെ സാക്ഷികളിൽ ഒരാൾ നിങ്ങളുടെ വീട്ടിൽ എത്തിക്കുന്നതായിരിക്കും.
-
-
ബൈബിൾ എന്റെ ജീവിതത്തെ മെച്ചപ്പെടുത്തുമോ? എങ്കിൽ എങ്ങനെ?വീക്ഷാഗോപുരം (പൊതുപതിപ്പ്)—2017 | നമ്പർ 1
-
-
മുഖ്യലേഖനം | ബൈബിൾവായനയിൽനിന്ന് പരമാവധി പ്രയോജനം നേടുക!
ബൈബിൾ എന്റെ ജീവിതത്തെ മെച്ചപ്പെടുത്തുമോ? എങ്കിൽ എങ്ങനെ?
ബൈബിൾ ഒരു സാധാരണ പുസ്തകമല്ല. സ്രഷ്ടാവിന്റെ ഉപദേശങ്ങളാണ് അതിലുള്ളത്. (2 തിമൊഥെയൊസ് 3:16) അതിന്റെ സന്ദേശത്തിന് നമ്മളെ ആഴത്തിൽ സ്വാധീനിക്കാനാകും. “ദൈവത്തിന്റെ വാക്കുകൾ ജീവനുള്ളതും ശക്തി ചെലുത്തുന്നതും” ആണെന്ന് ബൈബിൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. (എബ്രായർ 4:12) മുഖ്യമായും രണ്ടു വിധങ്ങളിൽ നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ശക്തി ദൈവവചനത്തിനുണ്ട്. ഒന്ന്, അനുദിനജീവിതത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നു. രണ്ട്, ദൈവത്തെയും ദൈവത്തിന്റെ വാഗ്ദാനങ്ങളെയും കുറിച്ച് അറിയാൻ സഹായിക്കുന്നു.—1 തിമൊഥെയൊസ് 4:8; യാക്കോബ് 4:8.
ഇപ്പോഴത്തെ ജീവിതം മെച്ചപ്പെടുത്തുന്നു. തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽപോലും ബൈബിളിന് നമ്മളെ സഹായിക്കാനാകും. അതു പിൻവരുന്ന കാര്യങ്ങളിൽ വേണ്ട പ്രായോഗിക നിർദേശങ്ങൾ തരുന്നു.
മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ—എഫെസ്യർ 4:31, 32; 5:22, 25, 28, 33.
ശാരീരികവും വൈകാരികവും ആയ ആരോഗ്യം നിലനിറുത്തുന്നതിൽ—സങ്കീർത്തനം 37:8; സുഭാഷിതങ്ങൾ 17:22.
സദാചാര മൂല്യങ്ങൾ പിൻപറ്റുന്നതിൽ.—1 കൊരിന്ത്യർ 6:9, 10.
പണം മെച്ചമായി കൈകാര്യം ചെയ്യുന്നതിൽ.—സുഭാഷിതങ്ങൾ 10:4; 28:19; എഫെസ്യർ 4:28.a
ഏഷ്യയിലുള്ള ഒരു യുവദമ്പതികൾ ബൈബിൾ നൽകുന്ന മാർഗനിർദേശങ്ങളെക്കുറിച്ച് വിലമതിപ്പോടെ സംസാരിച്ചു. മിക്ക നവദമ്പതികളെയും പോലെ വ്യക്തിത്വഭിന്നതകളുമായി ഒത്തുപോകാനും കാര്യങ്ങൾ തുറന്ന് സംസാരിക്കാനും ഒക്കെ ഇവർക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പക്ഷേ ബൈബിൾ വായിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ അവർ ജീവിതത്തിൽ പരീക്ഷിച്ചുനോക്കാൻ തുടങ്ങി. അവർ വിജയിച്ചോ? ഭർത്താവായ വൈസന്റ് പറയുന്നു: “ഞങ്ങളുടെ വിവാഹജീവിതത്തിൽ ഉണ്ടായ അസ്വാരസ്യങ്ങൾ സ്നേഹപൂർവം പരിഹരിക്കാനും സന്തോഷകരമായ കുടുംബജീവിതം നയിക്കാനും ഞങ്ങളെ സഹായിച്ചത് ബൈബിളിലെ നിർദേശങ്ങളാണ്.” ഭാര്യ അനിലയ്ക്കും ഇതേ അഭിപ്രായം തന്നെയാണ്: “ബൈബിൾകഥാപാത്രങ്ങളുടെ മാതൃകകൾ വേണ്ട മാറ്റങ്ങൾ വരുത്താൻ ഞങ്ങളെ സഹായിച്ചു. ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും ഉണ്ട്, ലക്ഷ്യബോധത്തോടെയുള്ള ജീവിതമാണ് ഞങ്ങളുടേത്.”
ദൈവത്തെ അറിയാൻ. വിവാഹജീവിതത്തെക്കുറിച്ച് പറഞ്ഞതിനു ശേഷം വൈസന്റ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ബൈബിൾ വായിക്കാൻ തുടങ്ങിയതുമുതൽ യഹോവയോട് മുമ്പുണ്ടായിരുന്നതിനെക്കാൾ അടുപ്പം എനിക്കുണ്ട്.” അദ്ദേഹത്തിന്റെ ഈ അഭിപ്രായം, ദൈവവുമായി അടുക്കാൻ ബൈബിളിന് നിങ്ങളെ സഹായിക്കാൻ കഴിയും എന്ന പ്രധാനപ്പെട്ട വസ്തുതയ്ക്ക് അടിവരയിടുന്നു. ഇത്, ദൈവത്തിന്റെ മാർഗനിർദേശത്തിൽനിന്ന് പ്രയോജനം നേടാൻ മാത്രമല്ല ഒരു സുഹൃത്തെന്ന നിലയിൽ ദൈവത്തെ അറിയാനും നിങ്ങളെ സഹായിക്കുന്നു. അപ്പോൾ ഒരു ശോഭനമായ ഭാവിയെക്കുറിച്ച്, അതായത് ‘യഥാർഥജീവിതം’ എന്നേക്കും ആസ്വദിക്കാൻ കഴിയുന്ന കാലത്തെക്കുറിച്ച് ദൈവം വെളിപ്പെടുത്തുന്ന വിശദാംശങ്ങൾ നിങ്ങൾക്കു കൂടുതൽ വ്യക്തമായിത്തീരും. (1 തിമൊഥെയൊസ് 6:19) ഇതുപോലൊരു വാഗ്ദാനം നൽകാൻ കഴിയുന്ന മറ്റ് ഏതു പുസ്തകമാണുള്ളത്?
നിങ്ങൾ ബൈബിൾ വായിക്കാൻ തുടങ്ങിയെങ്കിൽ അതിൽ തുടരുക. ജീവിതം മെച്ചപ്പെടുത്താനും ദൈവത്തെ കൂടുതൽ അറിയാനും അതു നിങ്ങളെ സഹായിക്കും. എങ്കിലും വായന തുടങ്ങുമ്പോൾ പല ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം. അപ്പോൾ, 2,000 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ഒരു എത്യോപ്യൻ ഉദ്യോഗസ്ഥന്റെ മാതൃക മനസ്സിൽപ്പിടിക്കുക. ബൈബിളിനെക്കുറിച്ച് അദ്ദേഹത്തിന് ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. വായിക്കുന്നതിന്റെ അർഥം മനസ്സിലാകുന്നുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ “ആരെങ്കിലും അർഥം പറഞ്ഞുതരാതെ ഞാൻ എങ്ങനെ മനസ്സിലാക്കാനാണ്” എന്നായിരുന്നു മറുപടി.b ഉടനെ അദ്ദേഹം ഫിലിപ്പോസ് എന്നു പേരുള്ള യോഗ്യനായ ഒരു ബൈബിൾ അധ്യാപകനിൽനിന്ന് സഹായം സ്വീകരിച്ചു. ഫിലിപ്പോസ് യേശുവിന്റെ ഒരു ശിഷ്യനായിരുന്നു. (പ്രവൃത്തികൾ 8:30, 31, 34) അതുപോലെ, നിങ്ങൾക്കും ബൈബിളിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ www.pr2711.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ ഈ മാസികയിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ ഞങ്ങൾക്ക് എഴുതുക. അതുമല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള ഏതെങ്കിലും രാജ്യഹാൾ സന്ദർശിക്കുകയോ ഏതെങ്കിലും യഹോവയുടെ സാക്ഷിയുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ഇന്നുതന്നെ ബൈബിൾ വായിച്ചുതുടങ്ങൂ! മെച്ചപ്പെട്ട ജീവിതം നയിക്കാൻ അതു നിങ്ങളെ സഹായിക്കട്ടെ!
ബൈബിളിനെ പൂർണമായി ആശ്രയിക്കാമോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ ദയവായി ബൈബിൾ സത്യമാണെന്ന് എങ്ങനെ ഉറപ്പു വരുത്താം? എന്ന ഹ്രസ്വവീഡിയോ കാണുക. jw.org-ൽ നിന്ന് നിങ്ങൾക്ക് ഇത് കണ്ടെത്താം. തിരയാനുള്ള ബട്ടണിൽ അമർത്തിയിട്ട് ശീർഷകം ടൈപ്പ് ചെയ്യുക.
a ബൈബിൾ നൽകുന്ന കൂടുതലായ പ്രായോഗിക നിർദേശങ്ങൾ കണ്ടെത്താൻ jw.org-ലെ ബൈബിൾപഠിപ്പിക്കലുകൾ > ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്നതിനു കീഴിൽ നോക്കുക.
b “ചെറിയ ഒരു തെറ്റിദ്ധാരണ—നിസ്സാരമായി തള്ളിക്കളയാമോ?” എന്ന വിഷയമുള്ള ലേഖനം കാണുക.
-