പഠനലേഖനം 43
‘ദൈവം നിങ്ങളെ ശക്തരാക്കും’—എങ്ങനെ?
“ദൈവം നിങ്ങളെ ബലപ്പെടുത്തുകയും ശക്തരാക്കുകയും ഉറപ്പിക്കുകയും ചെയ്യും.”—1 പത്രോ. 5:10.
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
ചുരുക്കംa
1. മുൻകാലങ്ങളിലെ വിശ്വസ്തദാസർക്ക് എങ്ങനെയാണു ശക്തി ലഭിച്ചത്?
ബൈബിളിൽ പലപ്പോഴും വിശ്വസ്തദൈവദാസന്മാരെ ധൈര്യവും കരുത്തും ഉള്ളവരായി വർണിച്ചിരിക്കുന്നു. എന്നാൽ അവരിൽ ഏറ്റവും ശക്തരായവർക്കുപോലും ചിലപ്പോൾ അവരുടെ മനക്കരുത്തു നഷ്ടമായതായി തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന്, ചില അവസരങ്ങളിൽ ദാവീദ് രാജാവിനു താൻ “പർവതംപോൽ” ശക്തനാണെന്നു തോന്നി. എന്നാൽ മറ്റു ചിലപ്പോൾ അദ്ദേഹം “ഭയന്നുവിറച്ചു.” (സങ്കീ. 30:7) ദൈവാത്മാവിന്റെ സഹായമുണ്ടായിരുന്നപ്പോൾ ശിംശോൻ അതിശക്തനായിരുന്നു. എന്നാൽ, അതു നഷ്ടപ്പെട്ടാൽ തന്നിൽനിന്ന് ‘ശക്തി വിട്ട് പോകുകയും താൻ സാധാരണമനുഷ്യരെപ്പോലെയാകുകയും ചെയ്യും’ എന്ന കാര്യം ശിംശോന് അറിയാമായിരുന്നു. (ന്യായാ. 14:5, 6; 16:17) ആ വിശ്വസ്തമനുഷ്യരൊക്കെ ശക്തരായിരുന്നത് യഹോവയുടെ സഹായംകൊണ്ട് മാത്രമാണ്.
2. താൻ ബലഹീനനും അതേസമയം ശക്തനും ആണെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞത് എന്തുകൊണ്ടാണ്? (2 കൊരിന്ത്യർ 12:9, 10)
2 യഹോവയുടെ ശക്തി വേണമെന്നു തിരിച്ചറിഞ്ഞ മറ്റൊരു വ്യക്തിയാണ് അപ്പോസ്തലനായ പൗലോസ്. (2 കൊരിന്ത്യർ 12:9, 10 വായിക്കുക.) നമ്മളിൽ പലരെയുംപോലെ പൗലോസിനും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. (ഗലാ. 4:13, 14) ചിലപ്പോഴൊക്കെ ശരിയായ കാര്യങ്ങൾ ചെയ്യുന്നത് അദ്ദേഹത്തിന് ഒട്ടും എളുപ്പമായിരുന്നില്ല. (റോമ. 7:18, 19) ഇനി, മറ്റു ചിലപ്പോൾ അദ്ദേഹത്തിന് ഉത്കണ്ഠയും തനിക്ക് എന്തു സംഭവിക്കുമെന്ന ആശങ്കയും തോന്നി. (2 കൊരി. 1:8, 9) എന്നാൽ ബലഹീനനായിരിക്കുമ്പോൾത്തന്നെ അദ്ദേഹം ശക്തനുമായി. എങ്ങനെ? ആ സാഹചര്യങ്ങളിലൊക്കെ സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി യഹോവ പൗലോസിനു നൽകി.
3. ഈ ലേഖനത്തിൽ ഏതു ചോദ്യങ്ങൾക്കുള്ള ഉത്തരം നമ്മൾ പഠിക്കും?
3 യഹോവ നമ്മളെയും ശക്തരാക്കുമെന്ന് ഉറപ്പുതന്നിട്ടുണ്ട്. (1 പത്രോ. 5:10) എന്നാൽ നമ്മുടെ പക്ഷത്തെ ഒരു ശ്രമവും കൂടാതെ നമുക്ക് ആ സഹായം ലഭിക്കില്ല. അതു മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം നോക്കുക. ഒരു കാറിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശക്തി അതിന്റെ എഞ്ചിനുണ്ട്. എന്നാൽ ഒരു ഡ്രൈവർ ആക്സിലറേറ്റർ അമർത്തിയാൽ മാത്രമേ വണ്ടി മുന്നോട്ടു നീങ്ങൂ. അതുപോലെ യഹോവ നമ്മളെ ശക്തരാക്കാൻ തയ്യാറായി നിൽക്കുകയാണ്. പക്ഷേ അതു കിട്ടണമെങ്കിൽ നമ്മൾ ചില കാര്യങ്ങൾ ചെയ്യണം. നമ്മളെ ശക്തരാക്കാൻ യഹോവ എന്തൊക്കെ സഹായങ്ങളാണു തന്നിരിക്കുന്നത്? അതു നേടിയെടുക്കാൻ നമ്മൾ എന്തൊക്കെ ചെയ്യണം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാൻ യഹോവ എങ്ങനെയാണു മൂന്നു ബൈബിൾ കഥാപാത്രങ്ങളെ ശക്തരാക്കിയതെന്നു നമുക്കു നോക്കാം. യോന പ്രവാചകൻ, യേശുവിന്റെ അമ്മയായ മറിയ, അപ്പോസ്തലനായ പൗലോസ് എന്നിവരാണ് അവർ. അതേ വിധത്തിൽ ഇക്കാലത്തെ തന്റെ ദാസരെ ദൈവം ശക്തീകരിക്കുന്നത് എങ്ങനെയെന്നും നമ്മൾ കാണും.
പ്രാർഥനയിലൂടെയും പഠനത്തിലൂടെയും ശക്തി നേടുക
4. നമുക്ക് എങ്ങനെ യഹോവയിൽനിന്ന് ശക്തി നേടാനാകും?
4 യഹോവയിൽനിന്ന് ശക്തി നേടാനുള്ള ഒരു വിധം പ്രാർഥിക്കുക എന്നതാണ്. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ “അസാധാരണശക്തി” നൽകിക്കൊണ്ട് യഹോവ പ്രാർഥനയ്ക്ക് ഉത്തരം തരും. (2 കൊരി. 4:7) ഇനി, ബൈബിൾ വായിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്യുന്നതിലൂടെയും നമുക്കു ബലം നേടാനാകും. (സങ്കീ. 86:11) ബൈബിളിലൂടെ യഹോവ നമുക്കു തരുന്ന സന്ദേശം ‘ശക്തി ചെലുത്തുന്നതാണ്.’ (എബ്രാ. 4:12) നിങ്ങൾ യഹോവയോടു പ്രാർഥിക്കുകയും ദൈവവചനം വായിക്കുകയും ചെയ്യുമ്പോൾ, സഹിച്ചുനിൽക്കാനും സന്തോഷം നിലനിറുത്താനും ബുദ്ധിമുട്ടുള്ള ഒരു നിയമനം ചെയ്യാനും ആവശ്യമായ കരുത്തു നിങ്ങൾക്കു കിട്ടും. യഹോവ എങ്ങനെയാണു യോന പ്രവാചകനെ ബലപ്പെടുത്തിയതെന്നു നോക്കുക.
5. പ്രവാചകനായ യോനയ്ക്കു ധൈര്യം വേണ്ടിയിരുന്നത് എന്തുകൊണ്ടാണ്?
5 യോന പ്രവാചകനു നല്ല ധൈര്യം ആവശ്യമായിരുന്നു. യഹോവ കൊടുത്ത നിയമനം ചെയ്യാൻ പേടിയായിരുന്നതുകൊണ്ട് മറ്റൊരു സ്ഥലത്തേക്കു പോകാൻവേണ്ടി യോന കപ്പൽ കയറി. അതു കാരണം വലിയൊരു കൊടുങ്കാറ്റ് ഉണ്ടാകുകയും അദ്ദേഹത്തിന്റെയും കൂടെ യാത്ര ചെയ്തിരുന്നവരുടെയും ജീവൻ അപകടത്തിലാകുകയും ചെയ്തു. ഒടുവിൽ കപ്പൽ ജോലിക്കാർ യോനയെ കടലിൽ എറിഞ്ഞപ്പോൾ ഒരു വലിയ മത്സ്യം അദ്ദേഹത്തെ വിഴുങ്ങി. ഇപ്പോൾ യോന ആ വലിയ മത്സ്യത്തിന്റെ വയറ്റിലാണ്. ചുറ്റും കൂരിരുട്ട് മാത്രം! യോനയ്ക്ക് അപ്പോൾ എന്തു തോന്നിക്കാണും? താൻ മരിച്ചുപോകുമെന്നുതന്നെ അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും. യഹോവ തന്നെ കൈവിട്ടെന്നും അദ്ദേഹത്തിനു തോന്നിയിട്ടുണ്ടായിരിക്കാം. എന്തായാലും യോനയ്ക്കു വലിയ ഉത്കണ്ഠ തോന്നിയെന്നതിനു സംശയമില്ല.
യോന പ്രവാചകനെപ്പോലെ നമുക്ക് എങ്ങനെ പരീക്ഷണം ഉണ്ടാകുമ്പോൾ ശക്തി നേടാം? (6-9 ഖണ്ഡികകൾ കാണുക)
6. യോന 2:1, 2, 7-ൽനിന്ന് മനസ്സിലാക്കാനാകുന്നതുപോലെ മത്സ്യത്തിന്റെ വയറ്റിലായിരുന്നപ്പോൾ യോനയ്ക്കു ശക്തി കിട്ടിയത് എങ്ങനെ?
6 യോന തനിച്ച് മത്സ്യത്തിന്റെ വയറ്റിലായിരുന്ന സമയത്ത് ശക്തി കിട്ടാനായി എന്താണു ചെയ്തത്? ഒരു കാര്യം, യോന യഹോവയോടു പ്രാർഥിച്ചു. (യോന 2: 1, 2, 7 വായിക്കുക.) താൻ അനുസരണക്കേടു കാണിച്ചെങ്കിലും താഴ്മയോടെ പശ്ചാത്തപിച്ച് പ്രാർഥിച്ചാൽ യഹോവ ആ പ്രാർഥന കേൾക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. കൂടാതെ, താൻ മുമ്പ് വായിച്ച തിരുവെഴുത്തുകളെക്കുറിച്ച് യോന ആഴത്തിൽ ചിന്തിക്കുകയും ചെയ്തു. നമുക്ക് അത് എങ്ങനെ അറിയാം? യോന രണ്ടാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ പ്രാർഥനയിൽ സങ്കീർത്തനത്തിലെ പല വാക്കുകളും പദപ്രയോഗങ്ങളും കാണാം. (ഉദാഹരണത്തിന് യോന 2:2, 5-നെ സങ്കീർത്തനം 69:1-ഉം 86:7-ഉം ആയി താരതമ്യം ചെയ്യുക.) യോനയ്ക്ക് ആ തിരുവെഴുത്തുകളെല്ലാം നന്നായി അറിയാമായിരുന്നെന്നാണ് ഇതു കാണിക്കുന്നത്. വളരെ വിഷമിപ്പിക്കുന്ന ആ സാഹചര്യത്തിൽ, അതെക്കുറിച്ചെല്ലാം ആഴത്തിൽ ചിന്തിച്ചതുകൊണ്ട് തന്നെ യഹോവ സഹായിക്കുമെന്നു യോനയ്ക്ക് ഉറപ്പുകിട്ടി. യഹോവ യോനയെ രക്ഷിക്കുകയും ചെയ്തു. പിന്നീട്, യഹോവ കൊടുത്ത നിയമനം ചെയ്യാൻ യോന തയ്യാറായി.—യോന 2:10–3:4.
7-8. പരീക്ഷണങ്ങളുടെ സമയത്ത് ശക്തി നേടാൻ തായ്വാനിലുള്ള ഒരു സഹോദരനെ എന്താണു സഹായിച്ചത്?
7 പലപല പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ യോനയുടെ മാതൃക നമ്മളെ സഹായിക്കും. ഉദാഹരണത്തിന്, തായ്വാനിൽനിന്നുള്ള സെമിങ്b സഹോദരന്റെ കാര്യം നോക്കുക. അദ്ദേഹത്തിനു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. കൂടാതെ, വിശ്വാസത്തിന്റെ പേരിൽ കുടുംബാംഗങ്ങളിൽനിന്ന് ശക്തമായ എതിർപ്പും നേരിടേണ്ടിവരുന്നു. പ്രാർഥനയിലൂടെയും ദൈവവചനത്തിന്റെ പഠനത്തിലൂടെയും ആണ് അദ്ദേഹം ആ പ്രശ്നങ്ങളെ മറികടക്കാനുള്ള ശക്തി നേടുന്നത്. “ചിലപ്പോഴൊക്കെ, പ്രശ്നങ്ങൾ കാരണം ഉത്കണ്ഠ കൂടിയിട്ട് സ്വസ്ഥമായി ഇരുന്ന് പഠിക്കാൻ എനിക്കു കഴിയാറില്ല” എന്ന് അദ്ദേഹം സമ്മതിക്കുന്നു. പക്ഷേ അദ്ദേഹം ശ്രമം ഉപേക്ഷിക്കുന്നില്ല. അദ്ദേഹം പറയുന്നു: “ആദ്യം ഞാൻ യഹോവയോടു പ്രാർഥിക്കും. എന്നിട്ട് ഇയർഫോൺ വെച്ച് നമ്മുടെ രാജ്യഗീതങ്ങൾ കേൾക്കും. ചിലപ്പോൾ താഴ്ന്ന ശബ്ദത്തിൽ ഞാനും കൂടെ പാടും. അപ്പോൾ മനസ്സ് ഒന്നു ശാന്തമാകും. എന്നിട്ട് ഇരുന്ന് പഠിക്കും.”
8 ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ വിജയകരമായി മറികടക്കാൻ വ്യക്തിപരമായ പഠനം സെമിങിനെ സഹായിച്ചു. ഉദാഹരണത്തിന്, വലിയൊരു ഓപ്പറേഷനു ശേഷം ആരോഗ്യം വീണ്ടെടുക്കുന്ന സമയത്ത് സഹോദരന്റെ ചുവന്ന രക്താണുക്കളുടെ അളവ് വളരെ കുറഞ്ഞുപോയി. അതുകൊണ്ട് രക്തം കയറ്റേണ്ടിവരുമെന്ന് ഒരു നഴ്സ് അദ്ദേഹത്തോടു പറഞ്ഞു. എന്നാൽ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ സഹോദരനെ എന്താണു സഹായിച്ചത്? ഓപ്പറേഷന്റെ തലേന്നു തന്റെ അതേ ഓപ്പറേഷൻ നടത്തിയ ഒരു സഹോദരിയുടെ അനുഭവം അദ്ദേഹം വായിച്ചിരുന്നു. സഹോദരിയുടെ ചുവന്ന രക്താണുക്കളുടെ എണ്ണം സഹോദരന്റേതിലും കുറവായിരുന്നു. എന്നിട്ടും സഹോദരി രക്തം കയറ്റാതെതന്നെ ആരോഗ്യം വീണ്ടെടുത്തു. സഹോദരിയുടെ അനുഭവം ഈ സാഹചര്യത്തിൽ വിശ്വസ്തനായി നിൽക്കാനുള്ള ശക്തി സെമിങിനു നൽകി.
9. ഏതെങ്കിലും ഒരു പരീക്ഷണത്താൽ നിങ്ങൾ തളർന്നു പോകുന്നെങ്കിൽ എന്തു ചെയ്യാം? (ചിത്രവും കാണുക.)
9 ഒരു പ്രശ്നം നേരിടുന്ന സമയത്ത് പ്രാർഥിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നാറുണ്ടോ? അതല്ലെങ്കിൽ ബൈബിൾ പഠിക്കാൻ പറ്റാത്ത അത്ര ക്ഷീണം തോന്നാറുണ്ടോ? എങ്കിൽ വിഷമിക്കേണ്ടാ. യഹോവയ്ക്കു നിങ്ങളുടെ സാഹചര്യം നന്നായി മനസ്സിലാക്കാനാകും. അതുകൊണ്ട് നിങ്ങളുടെ പ്രാർഥന തീരെ ചെറുതാണെങ്കിൽപ്പോലും, നിങ്ങൾക്ക് എന്താണോ ആവശ്യം അത് യഹോവ നടത്തിത്തരുമെന്ന് ഉറപ്പുണ്ടായിരിക്കുക. (എഫെ. 3:20) ക്ഷീണമോ രോഗമോ ഉത്കണ്ഠയോ ഒക്കെ കാരണം വായിക്കാനും പഠിക്കാനും നിങ്ങൾക്ക് ഒട്ടും പറ്റാത്ത സാഹചര്യമാണെങ്കിൽ ബൈബിളിന്റെയും നമ്മുടെ പ്രസിദ്ധീകരണങ്ങളുടെയും ഓഡിയോ റെക്കോർഡിങ് കേൾക്കാൻ ശ്രമിക്കാവുന്നതാണ്. ഇനി, jw.org-ലെ നമ്മുടെ ഏതെങ്കിലും ഒരു പാട്ടു കേൾക്കുന്നതും വീഡിയോ കാണുന്നതും നിങ്ങളെ സഹായിച്ചേക്കും. നമ്മൾ ഒരു പ്രയാസസാഹചര്യം നേരിടുമ്പോൾ നമ്മളെ സഹായിക്കാൻ യഹോവ ഒരുപാട് ആഗ്രഹിക്കുന്നു. യഹോവയോടു പ്രാർഥിക്കുകയും ബൈബിളിൽനിന്നും യഹോവ തരുന്ന മറ്റു കാര്യങ്ങളിൽനിന്നും ആ പ്രാർഥനയ്ക്കുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ യഹോവ തീർച്ചയായും നിങ്ങളെ ശക്തീകരിക്കും.
സഹോദരങ്ങളിൽനിന്ന് ശക്തി നേടുക
10. സഹോദരങ്ങൾ നമ്മളെ എങ്ങനെയാണു ശക്തിപ്പെടുത്തുന്നത്?
10 നമ്മളെ ബലപ്പെടുത്താൻ യഹോവയ്ക്കു സഹോദരങ്ങളെ ഉപയോഗിക്കാനാകും. നമുക്ക് ഒരു പ്രശ്നം നേരിടുമ്പോഴോ ബുദ്ധിമുട്ടുള്ള ഒരു നിയമനം ചെയ്യേണ്ടിവരുമ്പോഴോ ‘വലിയ ഒരു ആശ്വാസമായിരിക്കാൻ’ സഹോദരങ്ങൾക്കു കഴിയും. (കൊലോ. 4:10, 11) പ്രത്യേകിച്ച് “കഷ്ടതകളുടെ സമയത്ത്” കൂട്ടുകാരുടെ സഹായം നമുക്കു വളരെ ആവശ്യമാണ്. (സുഭാ. 17:17) നമ്മൾ തളർന്നുപോകുമ്പോൾ നമുക്ക് ആവശ്യമായതു ചെയ്തുതരാനും നമ്മളെ ആശ്വസിപ്പിക്കാനും യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടരാൻ നമ്മളെ പ്രോത്സാഹിപ്പിക്കാനും അവർക്കാകും. യേശുവിന്റെ അമ്മയായ മറിയയ്ക്ക് മറ്റുള്ളവരിൽനിന്ന് സഹായം കിട്ടിയത് എങ്ങനെയാണെന്നു നമുക്കു നോക്കാം.
11. മറിയയ്ക്കു ധൈര്യം വേണ്ടിയിരുന്നത് എന്തുകൊണ്ടാണ്?
11 യഹോവ കൊടുത്ത നിയമനം ചെയ്യാൻ മറിയയ്ക്ക് നല്ല ധൈര്യം ആവശ്യമായിരുന്നു. കല്യാണം കഴിക്കാത്ത മറിയയോട് ഒരു കുഞ്ഞിനെ ഗർഭം ധരിക്കുമെന്നു ഗബ്രിയേൽ ദൂതൻ പറഞ്ഞപ്പോൾ മറിയയ്ക്ക് എന്തുമാത്രം ഉത്കണ്ഠ തോന്നിക്കാണും! ഇനി, കുട്ടികളെ വളർത്തി പരിചയമൊന്നും ഇല്ലാതിരുന്ന മറിയയ്ക്ക് ഭാവിയിൽ മിശിഹയാകുമായിരുന്ന കുഞ്ഞിനെ വളർത്തുന്നതിനുള്ള വലിയൊരു നിയമനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ലൈംഗികബന്ധങ്ങളിലൊന്നും ഏർപ്പെടാതെയാണു താൻ ഇപ്പോൾ ഗർഭിണിയായിരിക്കുന്നതെന്ന കാര്യം, കല്യാണം കഴിക്കാൻ പോകുന്ന യോസേഫിനോടു പറയുന്നതും മറിയയ്ക്ക് ഒട്ടും എളുപ്പമുള്ള കാര്യമായിരുന്നില്ല.—ലൂക്കോ. 1:26-33.
12. ലൂക്കോസ് 1:39-45 പറയുന്നതനുസരിച്ച് മറിയയ്ക്ക് ആവശ്യമായിരുന്ന ധൈര്യം എങ്ങനെയാണു കിട്ടിയത്?
12 ബുദ്ധിമുട്ടുള്ള ആ വലിയ നിയമനം ചെയ്യുന്നതിനുള്ള ധൈര്യം മറിയയ്ക്ക് എങ്ങനെയാണു കിട്ടിയത്? മറിയ മറ്റുള്ളവരുടെ സഹായം തേടി. ഉദാഹരണത്തിന്, ആ നിയമനത്തെക്കുറിച്ചുള്ള കൂടുതലായ കാര്യങ്ങൾ മറിയ ഗബ്രിയേൽ ദൂതനോടു ചോദിച്ചറിഞ്ഞു. (ലൂക്കോ. 1:34) അതു കഴിഞ്ഞ് അധികം വൈകാതെ മറിയ ബന്ധുവായ എലിസബത്തിനെ കാണാൻ വളരെ ദൂരം യാത്ര ചെയ്ത് യഹൂദയിലെ “മലനാട്ടിലുള്ള” ഒരു നഗരത്തിലേക്കു പോയി. ആ യാത്രകൊണ്ട് മറിയയ്ക്കു ശരിക്കും പ്രയോജനമുണ്ടായി. എലിസബത്ത് മറിയയെ അഭിനന്ദിക്കുകയും ദൈവാത്മാവ് പ്രചോദിപ്പിച്ചിട്ട്, ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ച് സന്തോഷം നൽകുന്ന ഒരു കാര്യം മറിയയോടു മുൻകൂട്ടി പറയുകയും ചെയ്തു. (ലൂക്കോസ് 1:39-45 വായിക്കുക.) അപ്പോൾ യഹോവ “തന്റെ കൈകൊണ്ട് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു” എന്നു മറിയ പറഞ്ഞു. (ലൂക്കോ. 1:46-51) ഗബ്രിയേൽ ദൂതനിലൂടെയും എലിസബത്തിലൂടെയും യഹോവ മറിയയ്ക്കു വേണ്ട ധൈര്യം കൊടുത്തു.
13. സഹോദരങ്ങളുടെ സഹായം ചോദിക്കാൻ തയ്യാറായതുകൊണ്ട് ബൊളീവിയയിലുള്ള ഒരു സഹോദരിക്ക് എന്തു പ്രയോജനം കിട്ടി?
13 മറിയയെപ്പോലെ നമുക്കും സഹാരാധകരിൽനിന്ന് ധൈര്യവും ശക്തിയും നേടാനാകും. ബൊളീവിയയിൽനിന്നുള്ള ദസൂരി സഹോദരിക്ക് അങ്ങനെയൊരു സഹായം ആവശ്യമായിവന്നു. സഹോദരിയുടെ അപ്പനു തീരെ സുഖമില്ലാതെ ആശുപത്രിയിലായപ്പോൾ അദ്ദേഹത്തിന്റെകൂടെ ആശുപത്രിയിൽ നിൽക്കാൻ സഹോദരി തീരുമാനിച്ചു. (1 തിമൊ. 5:4) എപ്പോഴും അത് അത്ര എളുപ്പമായിരുന്നില്ല. “എന്നെക്കൊണ്ട് ഇനി പറ്റില്ലെന്നു പലപ്പോഴും തോന്നി” എന്നു സഹോദരി പറയുന്നു. ആ സാഹചര്യത്തിൽ മറ്റുള്ളവരുടെ സഹായം ചോദിക്കാൻ സഹോദരി തയ്യാറായോ? ആദ്യമൊന്നും സഹോദരി അങ്ങനെ ചെയ്തില്ല. സഹോദരി പറയുന്നു: “എന്തിനാണു സഹോദരങ്ങളെ വെറുതേ ബുദ്ധിമുട്ടിക്കുന്നത് എന്നാണു ഞാൻ അപ്പോൾ ചിന്തിച്ചത്. എനിക്കു വേണ്ട ശക്തി യഹോവ തരുമല്ലോ എന്നും ഞാൻ ഓർത്തു. എന്നാൽ, അങ്ങനെ ചിന്തിച്ചതിലൂടെ ശരിക്കും പറഞ്ഞാൽ, ഞാൻ ഒറ്റയ്ക്കു പ്രശ്നം കൈകാര്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.” (സുഭാ. 18:1) അതുകൊണ്ട് തന്റെ പ്രശ്നത്തെക്കുറിച്ച് കൂട്ടുകാരിൽ ചിലർക്ക് എഴുതാൻ ദസൂരി തീരുമാനിച്ചു. സഹോദരി പറയുന്നു: “സ്നേഹമുള്ള എന്റെ പ്രിയ സഹോദരങ്ങൾ എന്നെ എത്രമാത്രം ബലപ്പെടുത്തിയെന്ന് എനിക്കു പറഞ്ഞറിയിക്കാനാകില്ല. അവർ ആശുപത്രിയിൽ ഭക്ഷണം കൊണ്ടുവന്ന് തരുകയും ആശ്വാസം നൽകുന്ന ബൈബിൾവാക്യങ്ങൾ എനിക്കു കാണിച്ചുതരുകയും ചെയ്തു. നമ്മൾ ഒറ്റയ്ക്കല്ലെന്ന് അറിയുന്നത് എത്ര സന്തോഷം തരുന്ന കാര്യമാണ്. നമ്മൾ യഹോവയുടെ വലിയ കുടുംബത്തിന്റെ ഭാഗമാണ്. നമുക്ക് ഒരു ആവശ്യം വരുമ്പോൾ സഹായിക്കാനും നമ്മൾ വേദനിക്കുമ്പോൾ കൂടെ കരയാനും വിശ്വസ്തമായി യഹോവയെ സേവിക്കാൻ നമ്മളെ പ്രോത്സാഹിപ്പിക്കാനും തയ്യാറുള്ള സഹോദരങ്ങൾ ചേർന്നതാണ് ആ കുടുംബം!”
14. നമ്മൾ മൂപ്പന്മാരുടെ സഹായം സ്വീകരിക്കേണ്ടത് എന്തുകൊണ്ടാണ്?
14 ഇന്നു നമ്മളെ ബലപ്പെടുത്താൻ യഹോവ ഉപയോഗിക്കുന്ന ഒരു മാർഗമാണു മൂപ്പന്മാരിലൂടെയുള്ള സഹായം. നമുക്കു ശക്തിയും ഉന്മേഷവും തരാൻ യഹോവ തന്നിരിക്കുന്ന സമ്മാനങ്ങളാണ് അവർ. (യശ. 32:1, 2) അതുകൊണ്ട് എന്തെങ്കിലും ഉത്കണ്ഠകൾ തോന്നുമ്പോൾ അതു മൂപ്പന്മാരോടു തുറന്നുപറയുക. അവർ സഹായിക്കാൻ തയ്യാറാകുമ്പോൾ സന്തോഷത്തോടെ അതു സ്വീകരിക്കുക. അവരിലൂടെ യഹോവയ്ക്കു നിങ്ങളെ ശക്തരാക്കാൻ കഴിയും.
നിങ്ങളുടെ പ്രത്യാശയിൽനിന്ന് ശക്തി നേടുക
15. എല്ലാ ക്രിസ്ത്യാനികൾക്കും എന്തു പ്രത്യാശയാണുള്ളത്?
15 ബൈബിൾ നൽകുന്ന പ്രത്യാശയ്ക്കു നമ്മളെ ബലപ്പെടുത്താനാകും. (റോമ. 4:3, 18-20) ക്രിസ്ത്യാനികളായ നമുക്കെല്ലാം എന്നെന്നും ജീവിക്കാനുള്ള പ്രത്യാശയുണ്ട്. ചിലർ സ്വർഗത്തിലും മറ്റു ചിലർ ഭൂമിയിലെ പറുദീസയിലും ആയിരിക്കും ജീവിക്കുന്നത്. ഈ പ്രത്യാശ ഉള്ളതുകൊണ്ട് പരീക്ഷണങ്ങളുണ്ടാകുമ്പോൾ സഹിച്ചുനിൽക്കാനും മറ്റുള്ളവരെ സന്തോഷവാർത്ത അറിയിക്കാനും നിയമനങ്ങളും ഉത്തരവാദിത്വങ്ങളും ഒക്കെ നന്നായി ചെയ്യാനും വേണ്ട ശക്തി നമുക്കു കിട്ടുന്നു. (1 തെസ്സ. 1:3) ഇതേ പ്രത്യാശയാണ് അപ്പോസ്തലനായ പൗലോസിനെ ശക്തനാക്കിയത്.
16. അപ്പോസ്തലനായ പൗലോസിനു ശക്തി ആവശ്യമായിരുന്നത് എന്തുകൊണ്ടാണ്?
16 പൗലോസിനു ശക്തി വേണമായിരുന്നു. കൊരിന്ത്യർക്ക് എഴുതിയ കത്തിൽ അദ്ദേഹം, പെട്ടെന്ന് ഉടഞ്ഞുപോകുന്ന മൺപാത്രത്തോടാണു തന്നെ താരതമ്യം ചെയ്തത്. അദ്ദേഹം ‘സമ്മർദം നേരിട്ട,’ ‘ആശയക്കുഴപ്പത്തിലായ,’ ‘ഉപദ്രവമേറ്റ,’ ‘മർദനമേറ്റ് വീണ’ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ജീവൻപോലും അപകടത്തിലായിരുന്നു. (2 കൊരി. 4:8-10) പൗലോസ് ഈ വാക്കുകൾ എഴുതിയതു മൂന്നാം മിഷനറി യാത്രയുടെ സമയത്താണ്. എന്നാൽ അത് എഴുതിക്കഴിഞ്ഞ് അദ്ദേഹത്തിനു കൂടുതൽ പ്രശ്നങ്ങൾ നേരിട്ടു. ജനക്കൂട്ടം ആക്രമിച്ചു, അദ്ദേഹം അറസ്റ്റിലായി, കപ്പലപകടത്തിൽപ്പെട്ടു, അദ്ദേഹത്തിനു ജയിൽ ശിക്ഷയും കിട്ടി.
17. 2 കൊരിന്ത്യർ 4:16-18 പറയുന്നതുപോലെ പരീക്ഷണങ്ങൾ സഹിച്ചുനിൽക്കാൻ പൗലോസിനു ശക്തി നൽകിയത് എന്താണ്?
17 പ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് പൗലോസിനു സഹിച്ചുനിൽക്കാനുള്ള ശക്തി കിട്ടി. (2 കൊരിന്ത്യർ 4:16-18 വായിക്കുക.) തന്റെ ശരീരം “ക്ഷയിക്കുകയാണെങ്കിലും” അതെക്കുറിച്ച് ഓർത്ത് താൻ നിരുത്സാഹപ്പെടുന്നില്ലെന്നു പൗലോസ് കൊരിന്ത്യർക്ക് എഴുതി. പൗലോസിന്റെ ശ്രദ്ധ മുഴുവൻ ഭാവി പ്രത്യാശയിലായിരുന്നു. സ്വർഗത്തിൽ അദ്ദേഹത്തിനുള്ള നിത്യജീവന്റെ പ്രത്യാശ, ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കാൾ ഒക്കെ ‘അത്യന്തം ഗംഭീരമായിരുന്നു.’ ആ പ്രത്യാശയെക്കുറിച്ച് ചിന്തിച്ചതുകൊണ്ട് താൻ ‘ഓരോ ദിവസവും പുതുക്കപ്പെടുന്നതായി’ പൗലോസിനു തോന്നി.
18. തിഹോമറിനെയും കുടുംബത്തെയും പ്രത്യാശ എങ്ങനെയാണു സഹായിച്ചത്?
18 തന്റെ ഭാവി പ്രത്യാശയെക്കുറിച്ച് ഓർത്തത് ബൾഗേറിയയിലെ തിഹോമർ സഹോദരനെ ശക്തനാക്കി. കുറച്ച് വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിന്റെ അനിയൻ സ്റ്റാർക്കോ ഒരു അപകടത്തിൽപ്പെട്ട് മരിച്ചുപോയി. അതിനു ശേഷം കുറച്ച് കാലത്തേക്കു തിഹോമർ വല്ലാത്ത ദുഃഖത്തിലായിരുന്നു. ആ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ അദ്ദേഹവും കുടുംബവും, ആളുകൾ പുനരുത്ഥാനത്തിൽ വരുമ്പോഴുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു. അദ്ദേഹം പറയുന്നു: “ഉദാഹരണത്തിന്, പുനരുത്ഥാനപ്പെട്ടുവരുന്ന സ്റ്റാർക്കോയെ എവിടെവെച്ച് കാണും, അവന് എന്തു ഭക്ഷണം ഉണ്ടാക്കി കൊടുക്കും, അവനെ സ്വീകരിക്കാൻ ആരെയൊക്കെ ക്ഷണിക്കും, അവസാന നാളുകളെക്കുറിച്ച് അവനോട് എന്തൊക്കെ പറയും എന്നെല്ലാം ഞങ്ങൾ സംസാരിക്കുമായിരുന്നു.” പ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതു, സഹിച്ചുനിൽക്കാനും യഹോവ തന്റെ അനിയനെ പുനരുത്ഥാനപ്പെടുത്തുന്ന സമയത്തിനായി കാത്തിരിക്കാനും തന്റെ കുടുംബത്തെ സഹായിച്ചതായി സഹോദരൻ പറയുന്നു.
പുതിയ ലോകത്തിലെ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങൾ എന്തൊക്കെയാണു ഭാവനയിൽ കാണുന്നത്? (19-ാം ഖണ്ഡിക കാണുക)c
19. പ്രത്യാശ ശക്തമാക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാം? (ചിത്രവും കാണുക.)
19 നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ പ്രത്യാശ ശക്തമാക്കാം? ഉദാഹരണത്തിന്, ഭൂമിയിൽ എന്നെന്നും ജീവിക്കാൻ പ്രത്യാശയുള്ള ഒരാളാണു നിങ്ങൾ എന്നിരിക്കട്ടെ. എങ്കിൽ, പറുദീസയെക്കുറിച്ച് ബൈബിൾ നൽകുന്ന വിവരണം വായിക്കുകയും അതെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുക. (യശ. 25:8; 32:16-18) പുതിയ ലോകത്തിലെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്നു ചിന്തിക്കുക. നിങ്ങൾ അവിടെയായിരിക്കുന്നതായി ഭാവനയിൽ കാണുക. ആരെയാണു നിങ്ങൾ അവിടെ കാണുന്നത്? എന്തെല്ലാം ശബ്ദങ്ങളാണു കേൾക്കുന്നത്? നിങ്ങൾക്ക് എന്തൊക്കെയായിരിക്കും അപ്പോൾ തോന്നുന്നത്? പറുദീസയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്ന് ഇങ്ങനെ ഭാവനയിൽ കാണാൻ നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ ചില ചിത്രങ്ങളോ ചില സംഗീത വീഡിയോകളോ നിങ്ങളെ സഹായിക്കും. വരാനിരിക്കുന്ന പുതിയ ലോകം, കാൺമെൻ കൺമുന്നിൽ ഞാൻ, ആ നല്ല നാൾ ഉൾക്കണ്ണാൽ കാണുക എന്നീ സംഗീത വീഡിയോകൾ അവയിൽ ചിലതാണ്. പുതിയ ലോകത്തിലെ ജീവിതത്തെക്കുറിച്ച് നമ്മൾ കൂടെക്കൂടെ ചിന്തിക്കുന്നെങ്കിൽ നമ്മുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾ “ക്ഷണികവും നിസ്സാരവും” ആയിരിക്കും. (2 കൊരി. 4:17) നിങ്ങൾക്കു നൽകിയിരിക്കുന്ന പ്രത്യാശയിലൂടെ യഹോവ നിങ്ങളെ ശക്തരാക്കും.
20. ക്ഷീണിച്ച് തളർന്നാലും നമുക്ക് എങ്ങനെ ശക്തി നേടാം?
20 നമ്മൾ ക്ഷീണിച്ച് തളർന്നുപോയാലും ‘ദൈവത്താൽ നമ്മൾ ശക്തിയാർജിക്കും.’ (സങ്കീ. 108:13) ദൈവത്തിൽനിന്ന് ശക്തി നേടുന്നതിന് ആവശ്യമായതെല്ലാം ഇതിനോടകം യഹോവ നിങ്ങൾക്കു നൽകിയിട്ടുണ്ട്. ഒരു നിയമനം ചെയ്യാനോ പരീക്ഷണം സഹിച്ചുനിൽക്കാനോ സന്തോഷം നിലനിറുത്താനോ സഹായം ആവശ്യമുള്ളപ്പോൾ യഹോവയോടു മുട്ടിപ്പായി പ്രാർഥിക്കുക. യഹോവ നൽകുന്ന നിർദേശങ്ങൾ വ്യക്തിപരമായ പഠനത്തിലൂടെ കണ്ടെത്തുക. സഹോദരങ്ങളുടെ പ്രോത്സാഹനം സ്വീകരിക്കുക. കൂടാതെ, നിങ്ങളുടെ പ്രത്യാശയെക്കുറിച്ച് കൂടെക്കൂടെ ചിന്തിക്കുക. അപ്പോൾ ‘എല്ലാം സന്തോഷത്തോടെയും ക്ഷമയോടെയും സഹിക്കാൻ കഴിയേണ്ടതിനു ദൈവത്തിന്റെ മഹനീയശക്തിയാൽ നിങ്ങൾക്കു വേണ്ടത്ര ശക്തി കിട്ടും.’—കൊലോ. 1:11.
ഗീതം 33 നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക
a കടുത്ത പരീക്ഷണത്താലോ ബുദ്ധിമുട്ടുള്ള നിയമനത്താലോ തളർന്നു പോകുന്നതായി തോന്നുന്നവരെ സാഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ലേഖനം. അത്തരം സാഹചര്യങ്ങളിൽ യഹോവ നമ്മളെ എങ്ങനെ ബലപ്പെടുത്തുമെന്നും ആ സഹായം കിട്ടാൻ നമ്മൾ എന്തു ചെയ്യണമെന്നും ഈ ലേഖനത്തിൽ പഠിക്കും.
b ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
c ചിത്രത്തിന്റെ വിവരണം: കേൾവിശക്തിയില്ലാത്ത ഒരു സഹോദരി ബൈബിളിലെ വാഗ്ദാനങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. പുതിയ ലോകത്തിലെ തന്റെ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്നു ഭാവനയിൽ കാണാൻ സഹായിക്കുന്ന സംഗീത-വീഡിയോയും സഹോദരി കാണുന്നു.