കഴിഞ്ഞകാലത്തെ ദൈവിക കുടുംബങ്ങൾ—നമ്മുടെ നാളിലേക്കൊരു മാതൃക
കുടുംബം—ഐക്യരാഷ്ട്രങ്ങൾ അതിനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കാൻ ശ്രമം നടത്തി. എങ്ങനെ? 1994-നെ “അന്താരാഷ്ട്ര കുടുംബവർഷ”മായി പ്രഖ്യാപിച്ചുകൊണ്ട്. നിയമവിരുദ്ധമായ ശിശുജനന വർധനവ്, കുതിച്ചുയരുന്ന വിവാഹമോചനനിരക്ക് എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചു ലോക നേതാക്കന്മാരും സാമൂഹികശാസ്ത്രജ്ഞന്മാരും കുടുംബ ഉപദേഷ്ടാക്കളും വിലപിക്കാൻ തിടുക്കമുള്ളവരാണെന്നുവരികിലും അത്തരം പ്രശ്നങ്ങൾക്കുള്ള പ്രാവർത്തികമായ, വാസ്തവികമായ, പരിഹാരങ്ങളുമായി മുന്നോട്ടുവരുന്നതിൽ അവർ മാന്ദ്യമുള്ളവരായിരിക്കുന്നു.
കുടുംബപ്രശ്നങ്ങൾക്കു ബൈബിളിൽ പരിഹാരമുണ്ടെന്നു വരുമോ? ഇന്നത്തെ കുടുംബങ്ങളെ ബൈബിളിനു സഹായിക്കാൻ കഴിയുമെന്നതു ചിലർക്കു യുക്തിരഹിതമായി തോന്നിയേക്കാം. ഒന്നുമല്ലേലും, അതു നൂറ്റാണ്ടുകൾക്കുമുമ്പു മധ്യപൂർവദേശത്തെ ചുറ്റുപാടിലും സംസ്കാരത്തിലുമാണല്ലോ എഴുതപ്പെട്ടത്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ബൈബിൾ കാലത്തിനുശേഷം ജീവിതത്തിനു നാടകീയമായ വിധത്തിൽ മാറ്റം വന്നിരിക്കുന്നു. എന്നുവരികിലും, ഓരോ കുടുംബവും അതിന്റെ പേര് കടപ്പെട്ടിരിക്കുന്നതു യഹോവയാം ദൈവത്തോടാണ്, ആ ദൈവമാണു ബൈബിൾ നിശ്വസ്തമാക്കിയത്. (എഫെസ്യർ 3:14, 15; 2 തിമൊഥെയൊസ് 3:16) കുടുംബ പ്രശ്നങ്ങളെപ്പറ്റി ബൈബിൾ എന്താണു പറയുന്നത്?
കുടുംബജീവിതം ആസ്വാദ്യവും സംതൃപ്തികരവുമാക്കുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നതെന്നു യഹോവയ്ക്ക് അറിയാം. തന്മൂലം അവന്റെ വചനമായ ബൈബിളിനു കുടുംബജീവിതത്തെപ്പറ്റി ധാരാളം കാര്യങ്ങൾ പറയാനുണ്ട്, അതിൽ ചിലതു ഗുണദോഷത്തിന്റെ രൂപത്തിലാണ്. ദൈവികതത്ത്വങ്ങൾ ബാധകമാക്കിയ കുടുംബങ്ങളുടെ ദൃഷ്ടാന്തങ്ങളും ബൈബിളിലുണ്ട്. തത്ഫലമായി അവർ ഉറ്റബന്ധവും സംതൃപ്തിയും ആസ്വദിച്ചു. നമുക്കു ബൈബിൾ കാലങ്ങളിലെ കുടുംബജീവിതത്തെപ്പറ്റി പരിശോധിച്ചിട്ട് അതിൽനിന്ന് എന്തു പാഠങ്ങൾ പഠിക്കാമെന്നു നോക്കാം.
ശിരഃസ്ഥാനം—ഒരു പീഡയോ?
ഉദാഹരണത്തിന്, കുടുംബത്തിലെ ശിരഃസ്ഥാനത്തിന്റെതന്നെ കാര്യമെടുക്കാം. ഗോത്രപിതാക്കന്മാരുടെ കാലങ്ങളിൽ അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരെപ്പോലുള്ള പുരുഷന്മാർ സർവസമ്മതരായ ‘കുടുംബനാഥന്മാർ’ ആയിരുന്നു. (പ്രവൃത്തികൾ 7:8, 9, NW; എബ്രായർ 7:4, NW) റാൾഫ് ഗോവർ രചിച്ച ബൈബിൾ കാലങ്ങളിലെ പുതിയ പെരുമാറ്റരീതികളും ആചാരങ്ങളും (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “കുടുംബം . . . പിതാവു വാണിരുന്ന ഒരു ‘കൊച്ചു രാജ്യ’മായിരുന്നു. അയാൾ ഭാര്യ, മക്കൾ, പേരക്കിടാങ്ങൾ, വേലക്കാർ എന്നിങ്ങനെ കുടുംബത്തിലുള്ള സകലരുടെമേലും വാണിരുന്നു.” വാസ്തവത്തിൽ, ഗോത്രപിതാക്കന്മാർക്ക് അവരുടെ ആൺമക്കളുടെ കുടുംബത്തിൻമേലും അധികാരമുണ്ടായിരുന്നു.—ഉല്പത്തി 42:37 താരതമ്യം ചെയ്യുക.
ഇത് പുരുഷന്മാർക്കു തങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും അടിച്ചമർത്താനുള്ള ലൈസൻസു നൽകിയില്ലേ? തീർച്ചയായും ഇല്ല. “നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും” എന്നു ദൈവം ആദ്യ സ്ത്രീയായിരുന്ന ഹവ്വായോടു പറഞ്ഞുവെന്നതു ശരിതന്നെ. (ഉല്പത്തി 3:16) വിവാഹിതരായ സ്ത്രീകളുടെ അവസ്ഥ പൊതുവേ എങ്ങനെയായിരിക്കുമെന്ന് ആ വാക്കുകൾ സൂചിപ്പിച്ചു, എന്നാൽ ദൈവത്തിന്റെ സത്യാരാധകരുടെയിടയിൽ കാര്യാദികൾ എങ്ങനെയായിരിക്കണമെന്ന് അവ വിശദീകരിച്ചില്ല. ദൈവഭയമുള്ള ഭർത്താക്കന്മാർ യഹോവയുടെ ആദിമോദ്ദേശ്യം മനസ്സിൽ പിടിക്കേണ്ടതുണ്ടായിരുന്നു. പുരുഷന്റെ “പൂരകമെന്നനിലയിൽ ഒരു സഹായി” ആയിട്ടാണു യഹോവ സ്ത്രീയെ സൃഷ്ടിച്ചത്. (ഉല്പത്തി 2:20, NW) ആദിമകാലത്തെ ദൈവഭക്തരായ പുരുഷന്മാർ ദൈവത്തോടുള്ള തങ്ങളുടെ കീഴ്പെടലും കണക്കുബോധിപ്പിക്കലും തിരിച്ചറിഞ്ഞതു നിമിത്തം അവർ തങ്ങളുടെ അധികാരത്തെ ദുർവിനിയോഗം ചെയ്തില്ല. തങ്ങളുടെ ഭാര്യമാരെയും കുട്ടികളെയും വെറും അടിമകളായി കാണുന്നതിനു പകരം ദൈവഭയമുള്ള ഗോത്രപിതാക്കന്മാർ അവരോടു യഥാർഥ സ്നേഹവും വാത്സല്യവും കാണിച്ചു.
കുട്ടികൾക്കു പൊതുവേ ലഭിച്ചിരുന്ന വാത്സല്യത്തിന്റെ ഒരു ക്ഷണികദൃശ്യം ഉല്പത്തി 50:23-ൽ കൊടുത്തിട്ടുണ്ട്. യോസേഫിന്റെ പ്രപൗത്രന്മാർ “യോസേഫിന്റെ മടിയിൽ വളർന്നു”വെന്ന് അവിടെ പറയുന്നു. യോസേഫ് ആ കുട്ടികളെ തന്റെ പിൻതുടർച്ചക്കാരായി അംഗീകരിച്ചുവെന്ന് അതിന് അർഥമാക്കാൻ കഴിയുമെന്നിരിക്കെ അവൻ വാത്സല്യപൂർവം കുട്ടികളോടൊപ്പം കളിക്കുകയും അവരെ മടിയിലിരുത്തി ലാളിക്കുകയും ചെയ്തതായി അതിനു സൂചിപ്പിക്കാൻ കഴിയും. പിതാക്കന്മാർ തങ്ങളുടെ കുട്ടികളോടു സമാനമായി വാത്സല്യം പ്രകടിപ്പിക്കുന്നതു നന്നായിരിക്കും.
കുടുംബനാഥന്മാർ എന്നനിലയിൽ ദൈവഭയമുള്ള ഗോത്രപിതാക്കന്മാർ തങ്ങളുടെ കുടുംബാംഗങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കായും കരുതൽ ചെയ്തിരുന്നു. ആഗോളവ്യാപകമായ ജലപ്രളയത്തിനുശേഷം പെട്ടകത്തിൽനിന്നു പുറത്തുവന്നപ്പോൾ “നോഹ യഹോവെക്കു യാഗപീഠം പണിതു, . . . യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു.” (ഉല്പത്തി 8:20; ഇയ്യോബ് 1:5 താരതമ്യം ചെയ്യുക.) കുടുംബാംഗങ്ങൾക്കു വ്യക്തിപരമായ പ്രബോധനം നൽകിക്കൊണ്ടു വിശ്വസ്ത ഗോത്രപിതാവായ അബ്രഹാം ഒരു നല്ല മാതൃകവെച്ചു. അവൻ ‘തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിച്ചു.’ (ഉല്പത്തി 18:19) അങ്ങനെ, സ്നേഹനിർഭരമായ ശിരഃസ്ഥാനം കുടുംബങ്ങളുടെ വൈകാരികവും ആത്മീയവുമായ ക്ഷേമത്തിനു സംഭാവനചെയ്തു.
ക്രിസ്തീയ പുരുഷന്മാർ ഇന്ന് അതേ മാതൃക പിൻപറ്റുന്നു. ദൈവത്തിന്റെ നിബന്ധനകൾ അനുസരിക്കുന്നതിനു തങ്ങളുടെ കുടുംബങ്ങളെ സഹായിക്കുകയും സ്വയം നല്ല മാതൃക വെക്കുകയും ചെയ്തുകൊണ്ട് ആരാധനയുടെ കാര്യത്തിൽ അവർ ശിരഃസ്ഥാനം പ്രയോഗിക്കുന്നു. (മത്തായി 28:19, 20; എബ്രായർ 10:24, 25) ഗോത്രപിതാക്കന്മാരെപ്പോലെ ക്രിസ്തീയ ഭർത്താക്കന്മാരും പിതാക്കന്മാരും തങ്ങളുടെ കുടുംബാംഗങ്ങൾക്കു വ്യക്തിപരമായ പ്രബോധനം നൽകുന്നതിനു സമയം കണ്ടെത്തുന്നു.
നിർണായകമായ നടപടി സ്വീകരിക്കൽ
ഗോത്രപിതാവായ യാക്കോബ് അമ്മായിയപ്പനു ഭീമമായ കടം ഒടുവിൽ കൊടുത്തുതീർത്തശേഷം ഇങ്ങനെ ചോദിച്ചു: “എന്റെ സ്വന്തഭവനത്തിന്നു വേണ്ടി ഞാൻ എപ്പോൾ കരുതും?” (ഉല്പത്തി 30:30) എല്ലാ പിതാക്കന്മാരെയുംപോലെതന്നെ യാക്കോബിനു തന്റെ കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുന്നതിലുള്ള സമ്മർദം അനുഭവപ്പെട്ടു, അതു നിറവേറ്റാനായി അവൻ കഠിനാധ്വാനം ചെയ്തു. “അവൻ മഹാസമ്പന്നനായി അവന്നു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകുകയും ചെയ്തു” എന്ന് ഉല്പത്തി 30:43 പറയുന്നു.
എന്നിരുന്നാലും, യാക്കോബ് കനാൻ ദേശത്തേക്കു മാറി ഏതാനും വർഷങ്ങൾക്കുശേഷം തന്റെ മകൾ ദീനാ പുറജാതീയരായ കനാന്യരോടൊത്തു സഹവസിക്കുന്ന ആപത്കരമായ ശീലം വളർത്തിയെടുത്തതു സംബന്ധിച്ചു പ്രത്യക്ഷത്തിൽ അവൻ അറിഞ്ഞില്ല.a (ഉല്പത്തി 34:1) തന്റെ കുടുംബത്തിൽ വിഗ്രഹാരാധനക്കുള്ള പുറജാതീയ ആടയാഭരണങ്ങൾ ഉള്ളതായി അറിഞ്ഞപ്പോൾ നടപടിയെടുക്കുന്നതിലും അവൻ പരാജയപ്പെട്ടു. എന്തുതന്നെയായാലും ഒരു കനാന്യൻ ദീനായെ ദാരുണമായി ബലാൽസംഗം ചെയ്തപ്പോൾ യാക്കോബ് നിർണായകമായ നടപടിയെടുത്തു. “നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരി”ക്കുവിൻ എന്ന് അവൻ നിർദേശിച്ചു.—ഉല്പത്തി 35:2-4.
തങ്ങളുടെ കുടുംബത്തിന്റെ ആത്മീയതയുടെ കാര്യത്തിൽ ക്രിസ്തീയ പിതാക്കന്മാർ ജാഗ്രതയുള്ളവരായിരിക്കണം. അധാർമിക സാഹിത്യമോ അനാരോഗ്യാവഹമായ സംഗീതമോ പോലെ കുടുംബത്തിന്റെ ആത്മീയ ക്ഷേമത്തിനു ഗുരുതരമായ ഭീഷണികൾ വീട്ടിൽ ഉണ്ടെന്നുവരുകിൽ അവർ നിർണായകമായ നടപടി എടുക്കണം.
രസകരമെന്നു പറയട്ടെ, വിശ്വാസമുള്ള സ്ത്രീകളായിരുന്ന സാറാ, റിബേക്കാ, റാഹേൽ എന്നിവരെപ്പോലുള്ളവർ കുടുംബത്തിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. അവർ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരുന്നെങ്കിലും ഉചിതവും അത്യാവശ്യവുമായിരുന്നപ്പോൾ മുൻകൈ എടുക്കുന്നതിൽനിന്ന് അവർ തടയപ്പെട്ടിരുന്നില്ല. ഉദാഹരണത്തിന്, മോശയും കുടുംബവും ഈജിപ്തിലേക്കു പോകവേ “യഹോവ [“യഹോവയുടെ ദൂതൻ,” സെപ്റ്റുവജിൻറ്] അവനെ [മോശയുടെ പുത്രനെ] എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു” എന്നു പുറപ്പാടു 4:24-26 നമ്മോടു പറയുന്നു. മോശ തന്റെ പുത്രനെ പരിച്ഛേദന ചെയ്യാഞ്ഞതിനാൽ അവന്റെ പുത്രൻ വധിക്കപ്പെടുന്നതിനുള്ള അപകടത്തിലായിരുന്നു എന്നതു സ്പഷ്ടമാണ്. തന്റെ മകനെ പരിച്ഛേദന ചെയ്തുകൊണ്ടു സിപ്പോരാ ഉടനടി നടപടിയെടുത്തു. തന്നിമിത്തം ആ ദൂതൻ അവനെ പോകാൻ അനുവദിച്ചു. ഇന്നു ക്രിസ്തീയ സ്ത്രീകൾക്കും ഉചിതമായ സന്ദർഭത്തിൽ മുൻകൈ എടുക്കാവുന്നതാണ്.
മോശൈക ന്യായപ്രമാണത്തിൻകീഴിൽ പിതാവിന്റെ പ്രബോധനം
പൊ.യു.മു. 1513-ൽ ഇസ്രായേൽ ഒരു ജനതയായി തീർന്നതോടെ ഗോത്രപിതാക്കന്മാരുടെ യുഗം അവസാനിച്ചു. (പുറപ്പാടു 24:3-8) പിതാക്കന്മാർ തുടർന്നും കുടുംബനാഥന്മാരായി സേവനമനുഷ്ഠിച്ചു. എന്നിരുന്നാലും കുടുംബ നിയമം, ദൈവം മോശയ്ക്കു നൽകുകയും നിയുക്ത ന്യായാധിപന്മാർ പ്രാബല്യത്തിൽ വരുത്തുകയും ചെയ്ത ദേശീയ നിയമത്തിനു വിധേയമായിരുന്നു. (പുറപ്പാടു 18:13-26) ആരാധനയിൽ യാഗത്തോടു ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ലേവ്യ പുരോഹിതർ കൈകാര്യം ചെയ്തു. എങ്കിലും, പിതാവ് തുടർന്നും ഒരു സുപ്രധാന സ്ഥാനം വഹിച്ചു. “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം” എന്നു മോശ ഉദ്ബോധിപ്പിച്ചു.—ആവർത്തനപുസ്തകം 6:6, 7.
ഔപചാരികമായും അനൗപചാരികമായും പ്രബോധനം നൽകുന്നതിനു പെസഹ പോലുള്ള അവസരങ്ങൾ ന്യായപ്രമാണം പ്രദാനംചെയ്തു. പെസഹാദിനമായ നീസാൻ 14 സമീപിക്കവേ യഹൂദകുടുംബങ്ങൾ ആചാരപ്രകാരം യെരുശലേമിലേക്കുള്ള തങ്ങളുടെ യാത്രയ്ക്കായി ഒരുക്കങ്ങൾ തുടങ്ങും. (ആവർത്തനപുസ്തകം 16:16; ലൂക്കൊസ് 2:41 താരതമ്യം ചെയ്യുക.) അത്തരം ഒരുക്കങ്ങളിൽ ഏതെങ്കിലും കുട്ടിക്ക് അത്യുത്സാഹം തോന്നാതെ വരുമോ? യാത്രതന്നെയും മോദമേകുന്നതായിരിക്കും. അപ്പോഴേക്കും മഴക്കാലം അവസാനിച്ചിരിക്കും. കൂടാതെ, വസന്തകാല സൂര്യൻ അന്തരീക്ഷത്തിൽനിന്നു ശൈത്യകാല കുളിരിനെ തുടച്ചുമാറ്റാൻ തുടങ്ങിയിരിക്കും. ഹെർമോൻ പർവതത്തിലെ മഞ്ഞുരുകിവീണു യോർദാൻ നദി കരകവിഞ്ഞൊഴുകും.
യാത്രാമധ്യേ പിതാക്കന്മാർക്കു കുട്ടികളെ തങ്ങളുടെ ദേശത്തിന്റെ ഭൂമിശാസ്ത്രം മാത്രമല്ല അവർ കടന്നുപോകാനിരുന്ന സ്ഥലങ്ങളോടു ബന്ധപ്പെട്ട സമൃദ്ധമായ ചരിത്രവും പഠിപ്പിക്കാൻ കഴിയുമായിരുന്നു. ന്യായപ്രമാണത്തിലെ അനുഗ്രഹങ്ങളും ശാപങ്ങളും വായിച്ചുകേൾപ്പിച്ചിടമായ ഏബാൽ, ഗെരിസിം എന്നീ പർവതങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നിരിക്കണം. യാക്കോബ് ദർശനത്തിൽ സ്വർഗീയ ഏണി കണ്ട ബെഥേലിലൂടെയും അവർ കടന്നുപോയിരിക്കണം. എത്ര കോൾമയിർകൊള്ളിക്കുന്ന ചർച്ചയായിരിക്കും അതേത്തുടർന്ന് ഉണ്ടാവുക! യാത്ര തുടരുകയും മറ്റു ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാർ കുടുംബക്കൂട്ടങ്ങളോടു ചേരുകയും ചെയ്യുമ്പോൾ ഏവരും പരിപുഷ്ടിദായകമായ സഹവാസം ആസ്വദിക്കുകയായി.
ഒടുവിൽ കുടുംബം “സൌന്ദര്യത്തിന്റെ പൂർണ്ണതയായ” യെരുശലേമിൽ എത്തിച്ചേരും. (സങ്കീർത്തനം 50:2) “ഈ തീർഥാടകരിൽ അനേകരും നഗരഭിത്തിക്കു വെളിയിലായിരുന്നിരിക്കണം തമ്പടിച്ചിരുന്നത്. നഗരത്തിനുള്ളിൽ താമസിച്ചിരുന്നവർക്കു താമസസൗകര്യം സൗജന്യമായിരുന്നു” എന്നു പണ്ഡിതനായ ആൽഫ്രഡ് എഡർഷീം പറയുന്നു. അതേ, എബ്രായ യുവാക്കൾക്കു സാഹോദര്യ സ്നേഹത്തിന്റെയും അതിഥിസത്കാരത്തിന്റെയും നേരിട്ടുള്ള പാഠം ലഭിച്ചു. ഇന്നു യഹോവയുടെ സാക്ഷികളുടെ വാർഷിക കൺവെൻഷനുകൾ സമാനമായ ഒരുദ്ദേശ്യം നിവർത്തിക്കുന്നു.
ഒടുവിൽ നീസാൻ 14 വന്നെത്തുകയായി. പെസഹാമൃഗത്തെ അറുത്ത് മണിക്കൂറുകളോളം അതിനെ പൊരിക്കുന്നു. അർധരാത്രിയോടടുത്തു കുടുംബം കുഞ്ഞാട്, പുളിപ്പില്ലാത്ത അപ്പം, കയ്പുചീരകൾ എന്നിവ ഭക്ഷിക്കും. ആചാരമനുസരിച്ച് ഒരു മകൻ ഇങ്ങനെ ചോദിക്കും: ‘ഈ കർമ്മം എന്തു?’ അപ്പോൾ, “മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു” എന്നു പറഞ്ഞുകൊണ്ടു പിതാവ് ഔപചാരിക പ്രബോധനം നൽകും.—പുറപ്പാടു 12:26, 27; 13:8.
‘ചിരിപ്പാൻ ഒരു കാലം; നൃത്തം ചെയ്വാൻ ഒരു കാലം’ എന്ന് ഇസ്രായേലിന്റെ രാജാവായിരുന്ന ശലോമോൻ പറഞ്ഞു. (സഭാപ്രസംഗി 3:4) ഇസ്രായേലിലെ കുട്ടികൾക്കു വിനോദവേള അനുവദിച്ചിരുന്നു. കുട്ടികൾ ചന്തസ്ഥലത്തു കളിക്കുന്നത് യേശുക്രിസ്തു വീക്ഷിച്ചിരുന്നുവെന്നതു സ്പഷ്ടമാണ്. (സെഖര്യാവു 8:5; മത്തായി 11:16) പാട്ടും നൃത്തവും വിരുന്നുമുള്ള ആസ്വാദ്യമായ കൂടിവരവുകൾ ക്രമീകരിക്കുകയെന്നതു വരുമാനമുള്ള മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അസാധാരണമല്ലായിരുന്നു. (ലൂക്കൊസ് 15:25) സമാനമായി തങ്ങളുടെ കുട്ടികൾക്ക് ആരോഗ്യാവഹമായ വിനോദവും സഹവാസവും പ്രദാനംചെയ്യുന്നതിന് ഇന്നു ക്രിസ്തീയ മാതാപിതാക്കൾ മുൻകൈയെടുക്കുന്നു.
യഹൂദസമുദായത്തിലെ അമ്മമാരും കുട്ടികളും
മോശൈക ന്യായപ്രമാണത്തിൽകീഴിൽ അമ്മമാരുടെ പങ്കെന്തായിരുന്നു? “മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു” എന്നു സദൃശവാക്യങ്ങൾ 1:8 കൽപ്പിച്ചു. ഭർത്താവിന്റെ അധികാരപരിധിക്കുള്ളിൽ ഒരു യഹൂദ ഭാര്യ കുടുംബജീവിതത്തിൽ ദൈവദത്ത നിബന്ധനകൾ ബാധകമാക്കുമായിരുന്നു. അവളുടെ മക്കൾ അവൾക്കു പ്രായംചെന്നശേഷവും അവളെ ആദരിക്കണമായിരുന്നു.—സദൃശവാക്യങ്ങൾ 23:22.
മക്കളെ പരിശീലിപ്പിക്കുന്ന കാര്യത്തിലും മാതാവിന് ഒരു വലിയ പങ്കുണ്ടായിരുന്നു. ശിശുവിന്റെ മുലകുടി മാറ്റാൻ പ്രായമാകുന്നതുവരെ അവൾ അതിനെ ഏതാണ്ടു പൂർണമായും പരിപാലിച്ചിരുന്നു. അതു സംശയലേശമന്യേ മാതാവും കുട്ടിയും തമ്മിലുള്ള ഉറ്റബന്ധത്തിൽ കലാശിക്കുമായിരുന്നു. (യെശയ്യാവു 49:15) പിതാക്കന്മാർ ആൺമക്കളെ തൊഴിൽ പഠിപ്പിക്കുമ്പോൾ മാതാക്കൾ പെൺമക്കളെ വീട്ടുജോലികൾ പഠിപ്പിക്കുമായിരുന്നു. ആൺമക്കളുടെ മേലും മാതാക്കൾക്കു ശക്തമായ സ്വാധീനമുണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്, ലെമുവേൽ രാജാവ് ‘അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടി’ൽനിന്നു പ്രയോജനമനുഭവിച്ചു.—സദൃശവാക്യങ്ങൾ 31:1.
പ്രാപ്തയായ ഒരു യഹൂദ ഭാര്യ “വീട്ടുകാരുടെ പെരുമാറ്റം . . . സൂക്ഷിച്ചു നോക്കുന്ന”തിൽ ഗണ്യമായ അളവിൽ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. സദൃശവാക്യങ്ങൾ 31:10-31 പറയുന്നതനുസരിച്ച്, വീട്ടിലേക്കുവേണ്ട സാധനങ്ങൾ വാങ്ങിക്കുന്നതിനും സ്ഥാവര വസ്തു ഇടപാടുകൾക്കുവേണ്ടി മുതൽമുടക്കുന്നതിനും ചെറുതോതിൽ കച്ചവടം ചെയ്യുന്നതിനുപോലും അവൾക്കു കഴിയുമായിരുന്നു. വിലമതിപ്പുള്ള ഒരു ഭർത്താവിന് അവളുടെ മൂല്യം ‘മുത്തുകളിലും ഏറി’യതായിരുന്നു!
ഇന്നത്തേക്ക് ഒരു മാതൃക
ബൈബിൾ കാലങ്ങളിൽ കുടുംബ ക്രമീകരണം അതിലെ സകല അംഗങ്ങളുടെയും വൈകാരികവും ആത്മീയവുമായ വളർച്ചയിൽ കലാശിച്ചിരുന്നു. പിതാക്കന്മാർ തങ്ങളുടെ കുടുംബങ്ങളുടെ പ്രയോജനത്തിൽ കലാശിക്കുന്നതിനു സ്നേഹനിർഭരമായ വിധത്തിൽ അധികാരം പ്രയോഗിക്കണമായിരുന്നു. ആരാധനയിൽ അവർ നേതൃത്വം വഹിക്കണമായിരുന്നു. പിതാക്കന്മാരും മാതാക്കളും തങ്ങളുടെ കുട്ടികളിൽ താത്പര്യം കാണിച്ചു—അവരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും, അവരോടൊപ്പം ആരാധിക്കുകയും, അവർക്കു വിനോദത്തിനുവേണ്ടി ക്രമീകരിക്കുകയും ചെയ്തുകൊണ്ടുതന്നെ. ദൈവഭയമുള്ള മാതാക്കൾ, തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി മുൻകൈ എടുക്കവേ ഭർത്താക്കന്മാരുടെ ശിരഃസ്ഥാനത്തെ ആദരിച്ചുകൊണ്ടു വിലയേറിയ സഹായമായി തെളിഞ്ഞിരിക്കുന്നു. അനുസരണയുള്ള കുട്ടികൾ തങ്ങളുടെ മാതാപിതാക്കൾക്കും യഹോവയാം ദൈവത്തിനും സന്തോഷം കൈവരുത്തി. വാസ്തവമായും, ബൈബിൾ കാലങ്ങളിലെ ദൈവഭയമുള്ള കുടുംബം നമ്മുടെ നാളിലേക്ക് ഉത്ക്കൃഷ്ടമായ ഒരു മാതൃകയായിരുന്നു.
[അടിക്കുറിപ്പ്]
a ഇതിനുമുമ്പു യാക്കോബ് കനാന്യരുടെ സ്വാധീനത്തിൽനിന്നു തന്റെ കുടുംബത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ദൃഢമായ പടികൾ സ്വീകരിച്ചിരുന്നുവെന്നതു ശ്രദ്ധിക്കേണ്ടതാണ്. കനാന്യ അയൽക്കാരിൽനിന്നു തന്നെ സംശയലേശമന്യേ വേർപെടുത്തിയ വിധത്തിലുള്ള ഒരു യാഗപീഠം അവൻ പണിതു. (ഉല്പത്തി 33:20; പുറപ്പാടു 20:24, 25) കൂടാതെ, അവൻ ശേഖേം പട്ടണത്തിനു വെളിയിൽ പാളയമടിച്ചു തനിക്കു സ്വന്തമായി ജലവിതരണത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു. (ഉല്പത്തി 33:18; യോഹന്നാൻ 4:6, 12) അങ്ങനെ ദീനായ്ക്കു താൻ കനാന്യരുമായി സഹവാസം പുലർത്തരുതെന്ന യാക്കോബിന്റെ ആഗ്രഹത്തെപ്പറ്റി നല്ലവണ്ണം ബോധമുള്ളവളായിരിക്കാൻ കഴിയുമായിരുന്നു.
[23-ാം പേജിലെ ചിത്രം]
ബൈബിൾ കാലങ്ങളിൽ യഹോവയെ ആരാധിച്ച കുടുംബങ്ങളെപ്പോലെ നിങ്ങളുടെ കുടുംബത്തിനും സന്തുഷ്ടമായിരിക്കാൻ കഴിയും