ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജനുവരി 6-12
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 1–2
“യഹോവ ഭൂമിയിൽ ജീവൻ സൃഷ്ടിക്കുന്നു”
it-1-E 527-528
സൃഷ്ടി
ഒന്നാം ദിവസം, “വെളിച്ചം ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചപ്പോൾ എന്തായിരിക്കാം സംഭവിച്ചത്? ദുർബലമായ വെളിച്ചം മേഘപാളികൾക്ക് ഇടയിലൂടെ ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തി. എന്നാൽ ആ വെളിച്ചത്തിന്റെ സ്രോതസ്സുകൾ ഭൂമിയിൽനിന്ന് നോക്കിയാൽ കാണാൻ കഴിയില്ലായിരുന്നു. ഇതു പെട്ടെന്ന് നടന്നതല്ല, ക്രമേണ സംഭവിച്ചതാണെന്നു തെളിയിക്കുന്നതാണ് ജെ. ഡബ്ല്യൂ. വാട്സിന്റെ ഈ പരിഭാഷ: “ക്രമേണ വെളിച്ചം ഉണ്ടായി.” (ഉൽ 1:3, 4, ഉൽപത്തിയുടെ ഒരു വ്യതിരിക്ത പരിഭാഷ) ദൈവം വെളിച്ചത്തെ ഇരുളിൽനിന്ന് വേർതിരിച്ചു. വെളിച്ചത്തെ പകൽ എന്നും ഇരുളിനെ രാത്രിയെന്നും വിളിച്ചു. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതോടൊപ്പം അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുകയും ചെയ്തിരുന്നെന്ന് അതു സൂചിപ്പിക്കുന്നു. അങ്ങനെ ഭൂമിയുടെ കിഴക്കൻ അർധഗോളത്തിനും പടിഞ്ഞാറൻ അർധഗോളത്തിനും വെളിച്ചവും ഇരുളും മാറിമാറി ലഭിക്കുമായിരുന്നു.—ഉൽ 1:3, 4.
“വെള്ളത്തെ വെള്ളത്തിൽനിന്ന് വേർതിരിക്കാൻ” ഒരു വിതാനം ഉണ്ടാകാൻ ദൈവം രണ്ടാം ദിവസം ഇടയാക്കി. കുറച്ച് വെള്ളം ഭൂമിയിൽത്തന്നെ നിലനിറുത്തി. എന്നാൽ കുറെയധികം വെള്ളം ദൈവം ഭൂമിയുടെ ഉപരിതലത്തിൽനിന്ന് മുകളിലേക്കു കൊണ്ടുപോയി അവിടെ ‘കെട്ടിനിറുത്തി.’ അങ്ങനെ താഴെയുള്ള വെള്ളത്തിനും മുകളിലുള്ള വെള്ളത്തിനും ഇടയിൽ ഒരു വിതാനമുണ്ടായി. ഈ വിതാനത്തെ ദൈവം ആകാശം എന്നു വിളിച്ചു. നക്ഷത്രങ്ങളും ശൂന്യാകാശത്തെ മറ്റ് ഗോളങ്ങളും ഉള്ള ആകാശമല്ലായിരുന്നു അത്. ഭൂമിക്കും ‘കെട്ടിനിറുത്തിയ’ വെള്ളത്തിനും ഇടയിലുള്ള ഭാഗത്തെയാണ് ആകാശം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.—ഉൽ 1:6-8.
മൂന്നാം ദിവസം ദൈവം തന്റെ അത്ഭുതകരമായ ശക്തി ഉപയോഗിച്ച് ഭൂമിയിലെ വെള്ളമെല്ലാം ഒരിടത്ത് കൂടാൻ ഇടയാക്കി. അങ്ങനെ ഉണങ്ങിയ നിലം ഉണ്ടായി. ദൈവം അതിനെ കര എന്നു വിളിച്ചു. ഈ ദിവസംതന്നെയാണ് ദൈവം പുല്ല്, സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ തുടങ്ങിയവ സൃഷ്ടിച്ചത്. പരിണാമത്തിലൂടെയല്ല, മറിച്ച് ദൈവംതന്നെയാണ് ഇവയ്ക്കു ജീവൻ കൊടുത്തത്. ഈ മൂന്നു വർഗങ്ങളും അതതിന്റെ “തരമനുസരിച്ച്” പുനരുത്പാദനം നടത്താൻ പ്രാപ്തിയുള്ളതായിരുന്നു.—ഉൽ 1:9-13.
it-1-E 528 ¶5-8
ഉൽപത്തി 1:16-ൽ സൃഷ്ടിക്കുക എന്ന് അർഥമുള്ള ബാറാ എന്ന പദത്തിനു പകരം, ഉണ്ടാക്കുക എന്ന് അർഥമുള്ള അസാഹ് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഉൽപത്തി 1:1-ൽ ദൈവം ആകാശം സൃഷ്ടിച്ചു എന്നു പറഞ്ഞിട്ടുണ്ട്. അതിൽ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഉൾപ്പെടും. അതുകൊണ്ട് നാലാം ദിവസത്തിനു വളരെ മുമ്പുതന്നെ ഇവയുണ്ടായിരുന്നു. അപ്പോൾ ദൈവം നാലാം ദിവസം ആകാശഗോളങ്ങളെ സ്ഥാപിച്ചു എന്നു പറയുമ്പോൾ എന്താണ് അർഥമാക്കുന്നത്? ഭൂമിയുടെ മേൽ പ്രകാശിക്കാൻ ദൈവം അവയെ ആകാശവിതാനത്തിൽ സ്ഥാപിച്ചു എന്നു പറഞ്ഞിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ആ ഗോളങ്ങൾ ഇപ്പോൾ വ്യക്തമായി കാണാൻ കഴിയുമായിരുന്നെന്ന് ഇതു സൂചിപ്പിക്കുന്നു, അവ ആകാശവിതാനത്തിന്റെ അടിയിലായിരുന്നാലെന്നപോലെ. ഈ ജ്യോതിസ്സുകൾ ഋതുക്കളും ദിവസങ്ങളും വർഷങ്ങളും നിർണയിക്കാനുള്ള അടയാളമായി ഉതകുമായിരുന്നു. ഭാവിയിൽ മനുഷ്യർക്ക് ഇതു പല വിധങ്ങളിൽ സഹായമാകുമായിരുന്നു.—ഉൽ 1:14
അഞ്ചാം ദിവസമാണു ജീവജാലങ്ങളെ സൃഷ്ടിക്കാൻ തുടങ്ങിയത്. ഒരു ജീവിയെ സൃഷ്ടിച്ചിട്ട് അതിൽനിന്ന് ബാക്കിയെല്ലാം പരിണമിച്ചുവരാനല്ല ദൈവം ഉദ്ദേശിച്ചത്. പകരം ദൈവം തന്റെ ശക്തിയാൽ ആദ്യംതന്നെ ജീവികൾ നിറയാൻ ഇടയാക്കി. ബൈബിൾ പറയുന്നു: “ദൈവം വലിയ കടൽജന്തുക്കളെയും നീന്തിത്തുടിക്കുന്ന എല്ലാ ജീവികളെയും തരംതരമായി സൃഷ്ടിച്ചു. അവ വെള്ളത്തിൽ പെരുകി. ചിറകുള്ള പറവകളെയെല്ലാം ദൈവം തരംതരമായി സൃഷ്ടിച്ചു.” താൻ സൃഷ്ടിച്ചതിനെ കണ്ട് ദൈവത്തിനു സന്തോഷം തോന്നി. ദൈവം അവയെ അനുഗ്രഹിച്ച് ഇങ്ങനെ കല്പിച്ചു: ‘വർധിച്ചുപെരുകുക.’ അതു സാധ്യമായിരുന്നു. കാരണം ആ ജീവികൾക്ക് ‘അതതിന്റെ തരമനുസരിച്ച്’ പുനരുത്പാദനം നടത്താനുള്ള കഴിവുണ്ടായിരുന്നു.—ഉൽ 1:20-23.
ആറാം ദിവസം “ദൈവം വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ഇഴജന്തുക്കളെയും തരംതരമായി ഉണ്ടാക്കി.” ദൈവത്തിന്റെ മുമ്പിലത്തെ സൃഷ്ടിദിവസങ്ങളിലെ കാര്യംപോലെ, ഈ ദിവസത്തിലെ സൃഷ്ടികളും നല്ലതായിരുന്നു.—ഉൽ 1:24, 25.
ആറാം ദിവസത്തിന്റെ അവസാനം ദൈവം തികച്ചും വ്യത്യസ്തമായ ഒരു സൃഷ്ടിയെ അസ്തിത്വത്തിൽ കൊണ്ടുവന്നു. മൃഗങ്ങളെക്കാൾ ഉയർന്നതും എന്നാൽ ദൂതന്മാരെക്കാൾ താഴ്ന്നതും ആയിരുന്നു ഈ സൃഷ്ടി. അതായിരുന്നു മനുഷ്യൻ. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും ആണ് മനുഷ്യനെ സൃഷ്ടിച്ചത്. മനുഷ്യകുടുംബത്തെക്കുറിച്ച് ഉൽപത്തി 1:27 ‘ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചെന്ന്’ ചുരുക്കിപ്പറയുന്നു.ഉൽപത്തി 2:7-9-ലെ സമാന്തരവിവരണം നോക്കുക. യഹോവ മനുഷ്യനെ നിലത്തെ പൊടികൊണ്ട് നിർമിച്ചു, അവന്റെ മൂക്കിലേക്കു ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള വ്യക്തിയായിത്തീർന്നു. അവന് ഒരു പറുദീസാഭവനവും ആവശ്യത്തിനു ഭക്ഷണവും ഒരുക്കിയിരുന്നു. ഭൂമിയിലെ മൂലകങ്ങൾ ഉപയോഗിച്ചാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എന്നാൽ സ്ത്രീയെ സൃഷ്ടിച്ചപ്പോൾ മനുഷ്യന്റെ ഒരു വാരിയെല്ല് ഉപയോഗിച്ചു. (ഉൽ 2:18-25) സ്ത്രീയെയുംകൂടെ സൃഷ്ടിച്ചപ്പോഴാണ് മറ്റു സൃഷ്ടികളുടെ കാര്യത്തിലെന്ന പോലെ, ഒരു ‘തരം’ എന്ന നിലയിൽ മനുഷ്യൻ പൂർണമായത്.—ഉൽ 5:1, 2.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
w15-E 6/1 5
ശാസ്ത്രവും നിങ്ങളുടെ ജീവിതവും
ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും പഴക്കം
400 കോടി വർഷം മുമ്പാണു ഭൂമി ഉളവായതെന്നും 1300-ഓ 1400-ഓ കോടി വർഷം മുമ്പാണു പ്രപഞ്ചം ഉളവായതെന്നും ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നു. പ്രപഞ്ചത്തെ സൃഷ്ടിച്ച കൃത്യസമയം ബൈബിൾ പറയുന്നില്ല. അതുപോലെ, ഭൂമിക്ക് ഏതാനും ആയിരം വർഷങ്ങളുടെ കാലപ്പഴക്കമേ ഉള്ളൂ എന്നും ബൈബിൾ ഒരിടത്തും പറയുന്നില്ല.ബൈബിളിലെ ആദ്യത്തെ വാക്യം ഇതാണ്: “ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉൽപത്തി 1:1) ഒരു പ്രത്യേക സമയം പറയാതെയുള്ള ഈ പൊതുവായ പ്രസ്താവന, യുക്തിക്കു നിരക്കുന്ന ശാസ്ത്രീയ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ പഴക്കം കണക്കാക്കാൻ ശാസ്ത്രജ്ഞന്മാരെ അനുവദിക്കുന്നു.
it-2-E 52
യേശുക്രിസ്തു
സഹസ്രഷ്ടാവല്ല. ഓരോന്നും സൃഷ്ടിക്കാൻ പിതാവിനോടൊപ്പം പുത്രൻ പങ്കെടുത്തു എന്നതുകൊണ്ട് പുത്രനും ഒരു സ്രഷ്ടാവാകുന്നില്ല. സൃഷ്ടി നടത്താനുള്ള ശക്തി ദൈവത്തിന്റെ പരിശുദ്ധാത്മാവിലൂടെയാണു വന്നത്. (ഉൽ 1:2; സങ്ക 33:6) ജീവന്റെ ഉറവ് യഹോവയായതുകൊണ്ട്, കാണാനാകുന്നതും അല്ലാത്തതും ആയ എല്ലാ ജീവികളും അവയുടെ ജീവന് യഹോവയോടു കടപ്പെട്ടിരിക്കുന്നു. (സങ്ക 36:9) അതുകൊണ്ട് യേശു ഒരു സഹസ്രഷ്ടാവല്ല, പകരം സ്രഷ്ടാവായ യഹോവ ഉപയോഗിച്ച ഒരു ഏജന്റായിരുന്നു. സൃഷ്ടി നടത്തിയതിന്റെ ബഹുമതി യേശുവും യഹോവയ്ക്കാണു കൊടുത്തത്, മറ്റു തിരുവെഴുത്തുകളും അത് യഹോവയ്ക്കുതന്നെ കൊടുക്കുന്നു.—മത്ത 19:4-6.
ജനുവരി 13-19
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 3-5
“ആദ്യത്തെ നുണയുടെ ദാരുണമായ അനന്തരഫലങ്ങൾ”
w12-E 9/1 4 ¶2
ദൈവത്തിനു സ്ത്രീകളെക്കുറിച്ച് ചിന്തയുണ്ടോ?
സ്ത്രീസമൂഹത്തെ ദൈവം ശപിച്ചോ?
ഇല്ല. പകരം ‘പിശാച് എന്നു വിളിക്കുന്ന’ ‘ഭീകരസർപ്പത്തെയാണ്’ ദൈവം ‘ശപിച്ചത്.’ (വെളിപാട് 12:9; ഉൽപത്തി 3:14) ഭർത്താവ് ഭാര്യയെ “ഭരിക്കും” എന്നു പറഞ്ഞപ്പോൾ പുരുഷനു സ്ത്രീയെ അടിച്ചമർത്താനുള്ള അനുമതി കൊടുക്കുകയായിരുന്നില്ല ദൈവം. (ഉൽപത്തി 3:16) പാപത്തിന്റെ ഫലമായി ആദ്യത്തെ ദമ്പതികൾ അനുഭവിക്കാൻപോകുന്ന സങ്കടകരമായ ഭവിഷ്യത്തുകൾ ദൈവം മുൻകൂട്ടിപ്പറയുക മാത്രമാണു ചെയ്തത്.
it-2-E 186
പ്രസവവേദന
പ്രസവസമയത്ത് അനുഭവിക്കേണ്ടിവരുന്ന വേദന. കുട്ടികൾക്കു ജന്മം നൽകുന്ന സമയത്ത് പാപത്തിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നു ദൈവം ഹവ്വയോടു പറഞ്ഞു. അനുസരണക്കേടു കാണിച്ചില്ലായിരുന്നെങ്കിൽ ഹവ്വയ്ക്ക് എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം കാണുമായിരുന്നു. അതുകൊണ്ട് കുട്ടികളെ പ്രസവിക്കുന്ന സമയത്ത് സന്തോഷം മാത്രമേ ഹവ്വയ്ക്കു കാണുമായിരുന്നുള്ളൂ. “യഹോവയുടെ അനുഗ്രഹമാണ് ഒരാളെ സമ്പന്നനാക്കുന്നത്; ദൈവം അതോടൊപ്പം വേദന നൽകുന്നില്ല” എന്നു ബൈബിൾ പറയുന്നതുപോലെതന്നെ. (സുഭ 10:22) എന്നാൽ ഇപ്പോൾ ശരീരം അപൂർണമായതുകൊണ്ട് വേദന അനുഭവിക്കേണ്ടിവരുമായിരുന്നു. അതുകൊണ്ട് ദൈവം പറഞ്ഞു: “നിന്റെ ഗർഭകാലത്തെ വേദനകൾ ഞാൻ അങ്ങേയറ്റം വർധിപ്പിക്കും. നീ വേദനയോടെ മക്കളെ പ്രസവിക്കും.” (ഉൽ 3:16) വാസ്തവത്തിൽ, വേദന ദൈവം വരുത്തുന്ന ഒരു കാര്യമല്ല. പകരം ദൈവം അത് അനുവദിക്കുന്നു എന്നേ ഉള്ളൂ. ബൈബിളിൽ പലയിടത്തും അത്തരം പദപ്രയോഗങ്ങൾ കാണാം.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-2-E 192 ¶5
ലാമെക്ക്
ഭാര്യമാർക്കുവേണ്ടി ലാമെക്ക് രചിച്ച കവിത (ഉൽ 4:23, 24) അക്കാലത്തെ അക്രമാസക്തമായ മനോഭാവമാണു കാണിക്കുന്നത്. അത് ഇങ്ങനെയാണ്: “ലാമെക്കിൻ ഭാര്യമാരേ, കേൾക്കുവിൻ; എന്റെ പാട്ടിനു ചെവി തരുവിൻ: എന്നെ മുറിവേൽപ്പിച്ച മനുഷ്യനെ ഞാൻ കൊന്നു, എന്നെ പ്രഹരിച്ച യുവാവിനെ ഞാൻ ഇല്ലാതാക്കി. കയീനുവേണ്ടിയുള്ള പ്രതികാരം 7 ഇരട്ടിയെങ്കിൽ ലാമെക്കിനുവേണ്ടിയുള്ളതോ 77 ഇരട്ടി.”കയീൻ ചെയ്തതുപോലെ മനഃപൂർവമല്ല താൻ കൊന്നതെന്നും തന്നെ ആക്രമിച്ച ഒരാളെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയതാണെന്നും ലാമെക്ക് പറയുകയായിരുന്നു. അതുകൊണ്ട്, തന്നെ ആക്രമിച്ചയാളെ കൊന്നതിന്റെ പേരിൽ ആരും തന്നോടു പ്രതികാരം ചെയ്യരുതെന്ന അഭ്യർഥനയായിരുന്നു ലാമെക്കിന്റെ കവിത.
it-1-E 338 ¶2
ദൈവനിന്ദ
പ്രളയത്തിനു മുമ്പ് എനോശിന്റെ കാലത്ത് ആളുകൾ “യഹോവയുടെ പേര് വിളിച്ചുതുടങ്ങി” എന്നു പറഞ്ഞിരിക്കുന്നു. ഇത് ഉചിതമായ രീതിയിലുള്ള ഒന്നായിരിക്കാൻ ഒരു സാധ്യതയുമില്ല. കാരണം, ഈ കാലത്തിനു വർഷങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന ഹാബേൽ നിസ്സംശയമായും ദൈവത്തിന്റെ പേര് വിളിച്ചുതന്നെ ദൈവത്തെ ആരാധിച്ചിരുന്നു. (ഉൽ 4:26; എബ്ര 11:4) ചില പണ്ഡിതന്മാർ പറയുന്നത്, ഇവിടെ ദൈവത്തിന്റെ പേര് വിളിച്ചു എന്നു പറഞ്ഞിരിക്കുന്നതു ദൈവത്തിന്റെ പേര് ദുരുപയോഗം ചെയ്യാനും മനുഷ്യരെയോ വിഗ്രഹങ്ങളെയോ ആ പേരു വിളിച്ചുകൊണ്ട് അത് അനുചിതമായി ഉപയോഗിക്കാനും തുടങ്ങി എന്ന അർഥത്തിലാണ് എന്നാണ്. അങ്ങനെയെങ്കിൽ അതു ശരിക്കും ദൈവനിന്ദയായിരുന്നു.
ജനുവരി 20-26
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 6-8
“നോഹ അങ്ങനെതന്നെ ചെയ്തു”
w13-E 4/1 14 ¶1
“നോഹ സത്യദൈവത്തോടുകൂടെ നടന്നു”
40-ഓ 50-ഓ വർഷങ്ങൾകൊണ്ടായിരിക്കാം പെട്ടകം പണിതത്. മരങ്ങൾ വെട്ടണം, തടി പണിസ്ഥലത്ത് എത്തിക്കണം, അതു മുറിച്ച്, മിനുക്കി പട്ടികകളാക്കി കൂട്ടിയോജിപ്പിക്കണം. അങ്ങനെ പല പണികളുമുണ്ടായിരുന്നു. പെട്ടകത്തിനു മൂന്നു തട്ടുകളും പല അറകളും വശത്ത് ഒരു വാതിലും ഉണ്ടായിരുന്നു. തെളിവനുസരിച്ച് മുകളിൽ ചുറ്റോടുചുറ്റും ജനാല സഹിതമാണ് അതു പണിതത്. അതുപോലെ, വെള്ളം ഒഴുകിപ്പോകുന്നതിന് ഇരുവശത്തേക്കും അൽപ്പം ചെരിവുള്ള ഒരു മേൽക്കൂരയുമുണ്ടായിരുന്നിരിക്കാം.—ഉൽപത്തി 6:14-16.
ജനുവരി 27–ഫെബ്രുവരി 2
ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 9-11
“ഭൂമി മുഴുവനും ഒരേ ഭാഷയും ഒരേ വാക്കുകളും ആണ് സംസാരിച്ചിരുന്നത്”
it-1-E 239
ബാബിലോൺ എന്ന മഹതി
പുരാതന ബാബിലോണിന്റെ സവിശേഷതകൾ. ശിനാർ സമതലത്തിൽ ബാബിലോൺ നഗരത്തിന് തുടക്കമിട്ടതും ബാബേലിലെ ഗോപുരം പണിയാൻ ശ്രമിച്ചതും ഒരേ സമയത്തായിരിക്കണം. (ഉൽ 11:2-9) ഗോപുരം പണിയാനും നഗരം നിർമിക്കാനും തുടങ്ങിയത് ദൈവനാമത്തിനു മഹത്ത്വം വരുത്താനായിരുന്നില്ല. മറിച്ച് നഗരം പണിയുന്നവർക്കു “പേരും പ്രശസ്തിയും” നേടാനായിരുന്നു. ആ ഗോപുരത്തിന്റെ ആകൃതിയും നിർമാണശൈലിയും എന്തുതന്നെയായാലും, പുരാതന ബാബിലോണിൽനിന്നും അതുപോലെ മെസൊപ്പൊത്താമ്യയിൽ പലയിടത്തുനിന്നും കണ്ടെടുത്ത ക്ഷേത്രഗോപുരങ്ങളുടെ അവശിഷ്ടങ്ങൾ ബാബേലിലെ ആദ്യത്തെ ഗോപുരത്തിന്റെ മതപരമായ സ്വഭാവം കാണിക്കുന്നു. ഈ ഗോപുരനിർമാണം തടയാൻ യഹോവ പെട്ടെന്നു നടപടിയെടുത്തത് കാണിക്കുന്നത്, ഇതു വ്യാജാരാധനയുമായി ബന്ധപ്പെട്ടതായിരുന്നു എന്നാണ്. ഈ നഗരത്തിന്റെ എബ്രായ പേരായ ബാബേലിന്റെ അർഥം “കലക്കം” എന്നാണെങ്കിലും ഇതിന്റെ സുമേറിയൻ പേരായ കടിംഗിറയും അക്കാഡിയൻ പേരായ ബാബിലുവും അർഥമാക്കുന്നത് “ദൈവത്തിന്റെ കവാടം” എന്നാണ്. അങ്ങനെ അവിടെ ബാക്കിയുണ്ടായിരുന്ന താമസക്കാർ ദൈവത്തിൽനിന്ന് കിട്ടിയ ശിക്ഷയെ സൂചിപ്പിക്കുന്ന പേരിൽ കുറച്ച് മാറ്റങ്ങൾ വരുത്തി. പക്ഷേ അതിന്റെ പുതിയ പേരും ആ നഗരത്തെ മതവുമായി ബന്ധിപ്പിക്കുന്നു.
it-2-E 202 ¶2
ഭാഷ
നോഹയോടും മക്കളോടും വെളിപ്പെടുത്തിയ ദൈവേഷ്ടത്തിനു വിരുദ്ധമായുള്ള ഒരു നിർമാണപദ്ധതിക്കു പ്രളയത്തിനു ശേഷം കുറെ മനുഷ്യർ ഒരുമിച്ചുകൂടിയതായി ഉൽപത്തി വിവരണം പറയുന്നു. (ഉൽ 9:1) മക്കളെ ജനിപ്പിച്ച് ഭൂമിയിൽ എല്ലായിടത്തും നിറയുന്നതിനു പകരം അവർ മെസൊപ്പൊത്താമ്യയിലെ ശിനാർ സമതലത്തിൽ കൂട്ടമായി താമസമുറപ്പിക്കാൻ തീരുമാനിച്ചു. മതപരമായ ഒരു ഗോപുരം സഹിതം ഈ സ്ഥലംമതപരമായ ഒരു കേന്ദ്രമാകുമായിരുന്നു.—ഉൽ 11:2-4.
it-2-E 202 ¶3
ഭാഷ
മനുഷ്യരുടെ ധിക്കാരം നിറഞ്ഞ നിർമാണപദ്ധതി ദൈവം തകിടം മറിച്ചു. എങ്ങനെയാണ് അതു ചെയ്തത്? അവർ സംസാരിച്ചിരുന്ന പൊതുവായ ഭാഷ കലക്കി, അതുവഴി പരസ്പരം മനസ്സിലാക്കി യോജിപ്പോടെ പ്രവർത്തിക്കുന്നതു ദൈവം തടഞ്ഞു. അവർ ഗോളത്തിന്റെ എല്ലാ ഭാഗത്തേക്കും ചിതറിപ്പോകാൻ അത് ഇടയാക്കി. ദൈവത്തെ ധിക്കരിച്ചുകൊണ്ടുള്ള അവരുടെ പദ്ധതികൾ, ഭാഷയുടെ കലക്കത്തോടെ മന്ദഗതിയിലാകുകയോ തടസ്സപ്പെടുകയോ ചെയ്തു. കാരണം പല ഭാഷകളായതോടെ ഓരോ കൂട്ടത്തിന്റെയും ബുദ്ധിപരവും ശാരീരികവും ആയ കഴിവുകൾ ഒരുമിച്ച് ചേർത്ത് നേട്ടങ്ങൾ കൊയ്യുന്നതു ബുദ്ധിമുട്ടായി. അതുപോലെ ദൈവത്തിൽനിന്നല്ല, സ്വന്തം അനുഭവസമ്പത്തിലൂടെയും ഗവേഷണത്തിലൂടെയും മനുഷ്യൻ നേടിയെടുത്ത അറിവ് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ കഴിയാതെയുമായി. (സഭ 7:29 താരതമ്യം ചെയ്യുക; ആവ 32:5) ഭാഷ കലങ്ങിയതോടെ മനുഷ്യസമൂഹം വിഭജിതമായി എന്നതു ശരിയാണ്. പക്ഷേ അപകടകരവും ദോഷം ചെയ്യുന്നതും ആയ ലക്ഷ്യങ്ങളിൽ എത്തുന്നതിൽനിന്ന് അത് അവരെ ഒരു അളവോളം തടഞ്ഞു. അങ്ങനെ നോക്കിയാൽ അതു മനുഷ്യസമൂഹത്തിനു ഗുണം ചെയ്തില്ലേ?(ഉൽ 11:5-9; യശ 8:9, 10 താരതമ്യം ചെയ്യുക.) ബാബേലിലെ പണി തടഞ്ഞില്ലെങ്കിൽ, എന്ത് അപകടങ്ങളാണു ദൈവം മുൻകൂട്ടിക്കണ്ടതെന്നു മനസ്സിലാക്കാൻ ഇക്കാലത്തെ സംഭവങ്ങൾ നോക്കിയാൽ മതിയാകും. മനുഷ്യൻ നേടിയെടുത്ത അറിവ് അവൻതന്നെ ദുരുപയോഗം ചെയ്തതുകൊണ്ട് എന്തൊക്കെയാണു സംഭവിച്ചിരിക്കുന്നത്!
it-2-E 472
ജനതകൾ
ഭാഷയുടെ മതിൽക്കെട്ടുകൾക്കുള്ളിൽ ഓരോ കൂട്ടവും അവരുടേതായ സംസ്കാരം, കല, ആചാരം, മതം, സ്വഭാവവിശേഷങ്ങൾ തുടങ്ങിയവ വളർത്തിയെടുത്തു. (ലേവ 18:3) ദൈവത്തിൽനിന്ന് അകന്നുപോയ ഈ ജനസമൂഹങ്ങൾ ഐതിഹ്യങ്ങളിലെ ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.—ആവ 12:30; 2രാജ 17:29, 33.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 1023 ¶4
ഹാം
ഇവിടെ പറയുന്ന സംഭവത്തിൽ കനാൻ നേരിട്ട് ഉൾപ്പെട്ടുകാണും. കനാന്റെ പിതാവായ ഹാം മകനെ തിരുത്തുന്നതിൽ പരാജയപ്പെട്ടിരിക്കാം. അല്ലെങ്കിൽ മറ്റൊരു സാധ്യതയുണ്ട്. ഹാമിന്റെ മോശം പ്രവണത കനാന്റെ സന്തതികൾ അവകാശപ്പെടുത്തുമെന്നു നോഹ ദൈവപ്രചോദിതമായി പ്രവചിക്കുകയായിരുന്നു. ആ സ്വഭാവവിശേഷതകൾ അപ്പോൾത്തന്നെ കനാനിൽ കണ്ടുതുടങ്ങിയിരിക്കാം. ശേമിന്റെ പിൻമുറക്കാരായ ഇസ്രായേല്യർ കനാന്യരെ കീഴടക്കിയപ്പോൾ, നോഹ ശപിച്ചതു ഭാഗികമായി നിറവേറി. നശിപ്പിക്കപ്പെടാതിരുന്ന കനാന്യരെ (ഉദാഹരണത്തിന്, ഗിബെയോന്യർ [യോശ 9]) ഇസ്രായേല്യർ അടിമകളാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ് യാഫെത്തിന്റെ പിൻമുറക്കാരായ മേദോ-പേർഷ്യ, ഗ്രീസ്, റോം തുടങ്ങിയ ലോകശക്തികൾ ഹാമിന്റെ മകനായ കനാന്റെ പിൻഗാമികളെ കീഴ്പെടുത്തിയപ്പോൾ ശാപത്തിന്റെ കൂടുതലായ നിവൃത്തിയുണ്ടായി.
it-2-E 503
നിമ്രോദ്
തുടക്കത്തിൽ നിമ്രോദിന്റെ രാജ്യത്തിൽ ബാബേൽ, അക്കാദ്, കൽനെ എന്നീ നഗരങ്ങളുണ്ടായിരുന്നു. എല്ലാം ശിനാർ ദേശത്തായിരുന്നു. (ഉൽ 10:10) അതുകൊണ്ട് സാധ്യതയനുസരിച്ച് ബാബേലിന്റെയും അവിടത്തെ ഗോപുരത്തിന്റെയും നിർമാണം നിമ്രോദിന്റെ നിർദേശപ്രകാരമാണു നടന്നത്. ജൂതന്മാരുടെ പാരമ്പര്യവുമായിട്ടും ഈ നിഗമനം ചേരുന്നുണ്ട്. ജോസീഫസ് ഇങ്ങനെ എഴുതി: “(നിമ്രോദ്) പതിയെപ്പതിയെ ഒരു ഏകാധിപതിയെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങി. മനുഷ്യർക്കു ദൈവത്തോടുള്ള ഭയം ഇല്ലാതാക്കണമെങ്കിൽ അവർ എപ്പോഴും തന്റെ ശക്തിയിൽ ആശ്രയിക്കാൻ ഇടയാക്കണമെന്നു നിമ്രോദ് ചിന്തിച്ചു. ദൈവം ഇനിയും ഒരു പ്രളയത്തിലൂടെ ഭൂമിയെ മുക്കിക്കളയാൻ തീരുമാനിച്ചാൽ താൻ ദൈവത്തോടു കണക്കു തീർക്കും എന്നു നിമ്രോദ് ഭീഷണിപ്പെടുത്തി. അതിനുവേണ്ടിയാണ് വെള്ളം എത്ര ഉയരത്തിൽ പൊങ്ങിയാലും അതിനും മുകളിൽ നിൽക്കുന്ന ഒരു ഗോപുരം പണിയാൻ തീരുമാനിച്ചത്. അങ്ങനെ തന്റെ പൂർവികരുടെ മരണത്തിനു പ്രതികാരം ചെയ്യാമെന്നു നിമ്രോദ് കണക്കുകൂട്ടി. നിമ്രോദിന്റെ നിർദേശം അനുസരിക്കാൻ ജനങ്ങൾക്കു മനസ്സായിരുന്നു. ദൈവത്തിനു കീഴ്പെടുന്നത് അടിമത്തമായി അവർ കരുതി. അതുകൊണ്ട് ഗോപുരം പണിയാൻ അവർ ഇറങ്ങിത്തിരിച്ചു. സകല പ്രതീക്ഷയെയും കടത്തിവെട്ടുന്ന വേഗതയിൽ പണി പുരോഗമിച്ചു.”—യഹൂദപുരാവൃത്തങ്ങൾ (ഇംഗ്ലീഷ്), I, 114, 115 (iv, 2, 3)