സ്വതന്ത്രമായ ഇച്ഛാശക്തിയുടെ അത്ഭുതവരം
നിങ്ങളുടെ ജീവിതത്തെ എങ്ങനെ ക്രമപ്പെടുത്തുമെന്ന്, നിങ്ങൾ എന്തു ചെയ്യുകയും പറയുകയും ചെയ്യുമെന്ന്, തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ നിങ്ങൾ വിലമതിക്കുന്നുവോ? അതോ നിങ്ങൾ ജീവിക്കുന്നടത്തോളം കാലം നിങ്ങളുടെ ഓരോ വാക്കും പ്രവൃത്തിയും ഓരോ മിനിററിലും, ഓരോ ദിവസവും, എന്തായിരിക്കണമെന്ന് ആരെങ്കിലും ആജ്ഞാപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
സമനിലയുള്ള യാതൊരു വ്യക്തിയും തന്റെ ജീവിതം തന്നിൽനിന്ന് കൈവിട്ടുപോകുന്നതിനും വേറെയാരെങ്കിലും അതു മുഴുവനായും നിയന്ത്രിക്കുന്നതിനും ആഗ്രഹിക്കുന്നില്ല. ആ വിധത്തിലുള്ള ജീവിതം വളരെ മർദ്ദകവും മുഷിപ്പനുമായിരിക്കും. നാം സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു.
എന്നാൽ നമുക്ക് സ്വാതന്ത്ര്യത്തിനുള്ള അത്തരം അഭിവാഞ്ഛയുള്ളതെന്തുകൊണ്ടാണ്? നാം നമ്മുടെ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ വിലമതിക്കുന്നതെന്തുകൊണ്ടെന്നുള്ള ഗ്രാഹ്യം, ദുഷ്ടതക്കും കഷ്ടപ്പാടിനും ഉത്ഭവിക്കാൻ കഴിഞ്ഞതെങ്ങനെയെന്നുള്ള ഗ്രാഹ്യത്തിലേക്കുള്ള ഒരു താക്കോലാണ്. കൂടാതെ, ദൈവം ദുഷ്ടതക്കും കഷ്ടപ്പാടിനും അന്തം വരുത്തുന്നതിന് നടപടി എടുക്കുന്നതിന് ഇതുവരെ കാത്തിരുന്നതെന്തുകൊണ്ടെന്ന് അറിയുന്നതിനും അതു നമ്മെ സഹായിക്കുന്നു.
നാം ഉണ്ടാക്കപ്പെട്ട വിധം
ദൈവം മനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവൻ അവർക്ക് നൽകിയ അത്ഭുതകരമായ അനേകം വരങ്ങളിൽ സ്വതന്ത്രമായ ഇച്ഛാശക്തി ഉൾപ്പെട്ടിരുന്നു. ദൈവം തന്റെ ‘പ്രതിച്ഛായയിലും സാദൃശ്യത്തിലും’ മനുഷ്യനെ സൃഷ്ടിച്ചുവെന്ന് ബൈബിൾ നമ്മോട് പറയുന്നു, ദൈവത്തിനുള്ള ഗുണങ്ങളിൽ ഒന്ന് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമാണ്. (ഉൽപ്പത്തി 1:26; ആവർത്തനം 7:6) അതുകൊണ്ട് അവൻ മനുഷ്യരെ സൃഷ്ടിച്ചപ്പോൾ അവൻ അവർക്ക് അത്ഭുതകരമായ അതേ ഗുണം—സ്വതന്ത്രമായ ഇച്ഛാശക്തിയുടെ വരം—നൽകി.
അതുകൊണ്ടാണ് നാം ഞെരുക്കുന്ന ഭരണകർത്താക്കളാലുള്ള അടിമത്വത്തെക്കാൾ സ്വാതന്ത്ര്യത്തെ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് ആളുകൾ മിക്കപ്പോഴും സ്വാതന്ത്ര്യം നേടാൻ വിപ്ലവമുണ്ടാക്കത്തക്കവണ്ണം പരുഷവും വീർപ്പുമുട്ടിക്കുന്നവയുമായ ഭരണത്തിനെതിരെ നീരസം ഉറഞ്ഞുകൂടുന്നത്.
സ്വതന്ത്ര്യത്തിനുവേണ്ടിയുള്ള വാഞ്ഛ യാദൃച്ഛികമല്ല. ബൈബിൾ അടിസ്ഥാനപരമായ കാരണം നൽകുന്നു. അത് ഇപ്രകാരം പറയുന്നു: “യഹോവയുടെ ആത്മാവുള്ളടത്ത് സ്വാതന്ത്ര്യമുണ്ട്.” (2 കൊരിന്ത്യർ 3:17) അതുകൊണ്ട് സ്വാതന്ത്ര്യം ആഗ്രഹിക്കുകയെന്നത് നമ്മുടെ പ്രകൃതത്തിന്റെ ഭാഗമാണ്, എന്തുകൊണ്ടെന്നാൽ ദൈവം നമ്മെ ആ വിധത്തിലാണ് സൃഷ്ടിച്ചത്. അവൻ നമുക്കുണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണത്, എന്തുകൊണ്ടെന്നാൽ അവൻ തന്നെ സ്വാതന്ത്ര്യത്തിന്റെ ദൈവമാണ്.—2 കൊരിന്ത്യർ 3:17.
ദൈവം നമുക്ക് ഗ്രഹണശക്തികൾ, ന്യായബോധം, വിവേചനാശക്തി മുതലായ മാനസികപ്രാപ്തികളും നൽകി, അവ സ്വതന്ത്ര ഇച്ഛാശക്തിക്കനുയോജ്യമായി പ്രവർത്തിക്കുന്നു. ഇവ ചിന്തിക്കുന്നതിനും കാര്യങ്ങൾ തൂക്കിനോക്കുന്നതിനും തീരുമാനങ്ങൾ ചെയ്യുന്നതിനും ശരിയെ തെററിൽനിന്ന് വേർതിരിക്കുന്നതിനും നമ്മെ പ്രാപ്തരാക്കുന്നു. (എബ്രായർ 5:14) നാം സ്വന്തമായ ഇച്ഛാശക്തിയില്ലാത്ത, ചിന്താപ്രാപ്തിയില്ലാത്ത, യന്ത്രമനുഷ്യരെപ്പോലെയായിരിക്കുന്നതിനല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്; മൃഗങ്ങളെപ്പോലെ മുഖ്യമായി ജൻമവാസനയാൽ പ്രവർത്തിക്കുന്നതിനുമല്ല നാം സൃഷ്ടിക്കപ്പെട്ടത്.
സ്വതന്ത്രമായ ഇച്ഛാശക്തിയോടൊപ്പം നമ്മുടെ ആദ്യമാതാപിതാക്കൾക്ക് ഏതൊരുവനും ന്യായമായി ആഗ്രഹിക്കാവുന്നതെല്ലാം കൊടുത്തിരുന്നു: അവരെ ഉദ്യാനതുല്യമായ പറുദീസയിൽ ആക്കിയിരുന്നു; അവർക്ക് ഭൗതികസമൃദ്ധിയുണ്ടായിരുന്നു; അവർക്ക് വാർദ്ധക്യം പ്രാപിക്കുകയൊ രോഗബാധിതമായിത്തീരുകയൊ ചെയ്യാത്തതും മരിക്കാത്തതുമായ മനസ്സുകളും ശരീരങ്ങളും കൊടുത്തിരുന്നു; അവർക്ക് ഒരു സന്തുഷ്ടഭാവി ഉണ്ടായിരിക്കുമായിരുന്ന കുട്ടികളും ഉണ്ടാകുമായിരുന്നു; വികസിച്ചുവരുന്ന ജനസംഖ്യക്ക് മുഴുഭൂമിയെയും ഒരു പറുദീസയാക്കി മാററുന്ന തൃപ്തികരമായ വേലയും ഉണ്ടായിരിക്കുമായിരുന്നു.—ഉൽപ്പത്തി 1:26-30; 2:15.
ദൈവം പ്രവർത്തനക്ഷമമാക്കിയതിനെക്കുറിച്ച് ബൈബിൾ ഇപ്രകാരം പറയുന്നു: “ദൈവം ഉണ്ടാക്കിയതിനെയെല്ലാം അവൻ കണ്ടു, നോക്കൂ! അത് വളരെ നല്ലതായിരുന്നു.” (ഉൽപ്പത്തി 1:31) ബൈബിൾ സ്രഷ്ടാവിനെക്കുറിച്ചും പറയുന്നു: “അവന്റെ പ്രവൃത്തി പൂർണ്ണതയുള്ളതാകുന്നു.” (ആവർത്തനം 32:4) ഉവ്വ് അവൻ മാനുഷകുടുംബത്തിന് ഒരു പൂർണ്ണതയുള്ള തുടക്കം നൽകി. അതിന് അതിലും നല്ലതായിരിക്കാൻ കഴിയുകയില്ലായിരുന്നു.
പരിമിതികളോടുകൂടിയ സ്വാതന്ത്ര്യം
എന്നിരുന്നാലും സ്വതന്ത്രമായ ഇച്ഛാശക്തിയുടെ ഈ അത്ഭുത വരം പരിമിതികളില്ലാത്തതായിരിക്കണമായിരുന്നോ? കൊള്ളാം, ഗതാഗത നിബന്ധനകൾ ഒന്നുമില്ലാത്ത, നിങ്ങൾക്ക് ഏതു നിരയിൽകൂടിയും ഏതു ദിശയിലേക്കും എത്ര വേഗതയിലും ഓടിക്കാൻ സ്വാതന്ത്ര്യമുള്ള, കനത്ത ഗതാഗതമുള്ളടത്തുകൂടെ ഒരു വാഹനം നിങ്ങൾ ഓടിക്കുമോ? തീർച്ചയായും, ഗതാഗതത്തിലെ അത്തരം അപരിമിതമായ സ്വാതന്ത്ര്യം വിപത്ക്കരമായിരിക്കും.
മാനുഷബന്ധങ്ങളിലും അങ്ങനെതന്നെയാണ്. ചിലരുടെ അപരിമിതമായ സ്വാതന്ത്ര്യം മററുള്ളവർക്ക് സ്വാതന്ത്ര്യമില്ലെന്ന് അർത്ഥമാക്കും. അനിയന്ത്രിതമായ സ്വാതന്ത്ര്യത്തിന് അരാജകത്വത്തിൽ കലാശിക്കാൻ കഴിയും, അത് എല്ലാവരുടെയും സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. പരിമിതികൾ ഉണ്ടായിരിക്കണം. അതുകൊണ്ട് ദൈവം നൽകിയിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വരത്തിന് മററുള്ളവരുടെ ക്ഷേമത്തെ പരിഗണിക്കാതെ മനുഷ്യൻ ഏതു വിധത്തിലും പെരുമാറുന്നതിന് ദൈവം ഉദ്ദേശിച്ചു എന്ന് അർത്ഥമില്ല.
ഈ ആശയം സംബന്ധിച്ച് ദൈവവചനം ഇപ്രകാരം പറയുന്നു: “സ്വതന്ത്രരായ മനുഷ്യരെപ്പോലെ പെരുമാറുക, നിങ്ങളുടെ സ്വാതന്ത്ര്യം ദുഷ്ടതക്കുള്ള ഒരു ഒഴികഴിവായി ഒരിക്കലും ഉപയോഗിക്കരുത്.” (1 പത്രോസ് 2:16, ദി ജറൂസലം ബൈബിൾ) അതുകൊണ്ട് ദൈവം നമ്മുടെ സ്വതന്ത്രമായ ഇച്ഛാശക്തിയെ പൊതുവായ നൻമക്കുവേണ്ടി സമീകരിക്കുന്നതിന് ആഗ്രഹിക്കുന്നു. അവൻ മനുഷ്യർക്ക് സമ്പൂർണ്ണ സ്വാതന്ത്ര്യം ഉദ്ദേശിച്ചില്ല, എന്നാൽ നിയമവാഴ്ചക്ക് വിധേയമായ ആപേക്ഷിക സ്വാതന്ത്ര്യമാണ് ഉദ്ദേശിച്ചത്.
ആരുടെ നിയമങ്ങൾ?
ആരുടെ നിയമങ്ങൾ അനുസരിക്കാൻ നാം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു? ആരുടെ നിയമങ്ങൾ നമുക്ക് ഏററവും മെച്ചമായി പ്രാവർത്തികമാകുന്നു? മുകളിൽ പരാമർശിച്ച 1 പത്രോസ് 2:16-ലെ മറെറാരു തിരുവെഴുത്തുഭാഗം പറയുന്നു: “നിങ്ങൾ ദൈവം ഒഴികെ ആരുടെയും അടിമകളല്ല.” ഇതിന്റെ അർത്ഥം ഒരു ഞെരുക്കുന്ന അടിമത്വമെന്നല്ല; പകരം, നാം ദൈവത്തിന്റെ നിയമങ്ങൾക്ക് വിധേയരായിരിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നാണ്. നാം അവക്ക് കീഴ്പ്പെട്ട് വസിക്കുന്നുവെങ്കിൽ നാം സന്തുഷ്ടിയേറിയവർ ആയിരിക്കും.
മനുഷ്യർക്ക് രൂപംകൊടുക്കാൻ കഴിയുന്ന ഏതൊരു നിയമസംഹിതയെക്കാളും ഉപരിയായി ദൈവത്തിന്റെ നിയമങ്ങൾ എല്ലാവർക്കും ഏററവും മെച്ചമായ മാർഗ്ഗനിർദ്ദേശം പ്രദാനം ചെയ്യുന്നു. യെശയ്യാവ് 48:17 പ്രസ്താവിക്കുന്നതുപോലെ: “യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു, നിനക്കുതന്നെ പ്രയോജനംചെയ്യാൻ നിന്നെ പഠിപ്പിക്കുന്നവൻ, നീ നടക്കേണ്ട വഴിയേ നിന്നെ നടത്തുന്നവൻ തന്നെ.” എന്നിരുന്നാലും, അതേ സമയംതന്നെ, ദൈവത്തിന്റെ നിയമങ്ങൾ അവയുടെ അതിരുകൾക്കുള്ളിൽ വിപുലമായ തോതിലുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നു. ഇത് മാനുഷകുടുംബത്തെ കൂടുതൽ രസകരവും, തീർച്ചയായും വശ്യവും ആക്കിത്തീർത്തുകൊണ്ട് വ്യക്തിപരമായ ധാരാളം തിരഞ്ഞെടുപ്പിനും വൈവിധ്യത്തിനും ഇടം നൽകുന്നു.
മനുഷ്യർ ദൈവത്തിന്റെ ഭൗതിക നിയമങ്ങൾക്കും വിധേയരാണ്. ദൃഷ്ടാന്തത്തിന് നാം ഗുരുത്വാകർഷണനിയമത്തെ അവഗണിച്ചുകൊണ്ട് ഒരു ഉയർന്ന സ്ഥലത്തുനിന്ന് താഴോട്ട് ചാടുന്നുവെങ്കിൽ നമുക്കു പരുക്കുപററുകയൊ മരണംഭവിക്കുകയൊ ചെയ്യും. നാം പ്രത്യേക ശ്വസനോപകരണം കൂടാതെ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നെങ്കിൽ മിനിട്ടുകൾക്കകം നാം മരിക്കും. നാം ശരീരത്തിനുവേണ്ടിയുള്ള ആന്തരിക നിയമങ്ങളെ അവഗണിക്കുകയും ആഹാരം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിർത്തുകയും ചെയ്താലും നാം മരിക്കും.
അതുകൊണ്ട്, നമ്മുടെ ആദ്യമാതാപിതാക്കളും അവരിൽനിന്ന് ഉണ്ടായ എല്ലാവരും ദൈവത്തിന്റെ ധാർമ്മികമോ സാമൂഹികമോ ആയ നിയമങ്ങളും ഭൗതികനിയമങ്ങളും അനുസരിക്കുന്നതിനുള്ള ആവശ്യത്തോടെയാണ് സൃഷ്ടിക്കപ്പെട്ടത്. ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നത് ഭാരമായിരിക്കയില്ലായിരുന്നു. പകരം, അത് അവരുടെയും വരാനിരിക്കുന്ന മുഴു മാനുഷകുടുംബത്തിന്റെയും ക്ഷേമത്തിന് ഉതകുമായിരുന്നു. നമ്മുടെ ആദ്യമാതാപിതാക്കൾ ദൈവത്തിന്റെ നിയമങ്ങളുടെ പരിധികൾക്കുള്ളിൽ നിന്നിരുന്നുവെങ്കിൽ എല്ലാവർക്കും നന്നായിരിക്കുമായിരുന്നു.
ആ നല്ല തുടക്കത്തെ ദുഷിപ്പിക്കത്തക്കവണ്ണം എന്തു സംഭവിച്ചു? പകരം, ദുഷ്ടതയും കഷ്ടപ്പാടും എന്തുകൊണ്ട് അനിയന്ത്രിതമായിത്തീർന്നിരിക്കുന്നു? ദൈവം അവ ഇത്ര ദീർഘമായി അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്? (g90 10⁄8)
[7-ാം പേജിലെ ചിത്രം]
അത്ഭുതകരമായ സ്വതന്ത്ര ഇച്ഛാശക്തി ചിന്താപ്രാപ്തിയില്ലാത്ത യന്ത്രമനുഷ്യരിൽനിന്നും മുഖ്യമായി ജൻമവാസനകൊണ്ട് പ്രവർത്തിക്കുന്ന മൃഗങ്ങളിൽനിന്നും നമ്മെ വേർതിരിച്ചുനിർത്തുന്നു