റോഡുകൾ—നാഗരികതയുടെ ധമനികൾ
സ്മരണാതീത കാലം മുതൽക്കേ, പരസ്പരം ബന്ധം പുലർത്താനായി മനുഷ്യർ നടപ്പാതകളെയും റോഡുകളെയും ഹൈവേകളെയും ആശ്രയിച്ചിരുന്നു. റോഡുകൾ, യാത്ര ചെയ്യാനും വ്യാപാരം നടത്താനും യുദ്ധം ചെയ്തു സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാനുമുള്ള മനുഷ്യന്റെ ആഗ്രഹത്തെ സാക്ഷ്യപ്പെടുത്തുന്നു. അതേ, മനുഷ്യ പ്രകൃതത്തിന്റെ ഒരു ഇരുണ്ട വശത്തെയും റോഡുകൾ വെളിപ്പെടുത്തുന്നുണ്ട്.
മനുഷ്യന്റെ പാദസ്പർശവും മൃഗങ്ങളുടെ കുളമ്പടികളുമേറ്റുണ്ടായ പുരാതന കാലത്തെ നടപ്പാതകൾ മുതൽ ആധുനിക കാലത്തെ പല ലെയ്നുകളുള്ള എക്സ്പ്രസ്സ് പാതകൾ വരെയുള്ള റോഡുകളുടെ ചരിത്രം ഗതകാലത്തേക്കുള്ള വെറുമൊരു ഊളിയിടൽ മാത്രമല്ല, മാനുഷ സ്വഭാവത്തെ കുറിച്ചുള്ള ഒരു പഠനം കൂടിയാണ്.
ആദ്യകാല റോഡുകൾ
“വേണ്ടത്ര വിശകലനം ചെയ്തു റോഡുകൾ നിർമിക്കാൻ തുടങ്ങിയ ആദ്യ ജനതതി സാധ്യതയനുസരിച്ച് മെസപ്പൊട്ടേമിയക്കാർ ആയിരുന്നിരിക്കണം” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു. അവർ താമസിച്ചിരുന്നത് ടൈഗ്രീസ്, യൂഫ്രട്ടീസ് നദീ മേഖലകളിൽ ആയിരുന്നു. ആ ഗ്രന്ഥം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു, അവർ ഘോഷയാത്രകൾ നടത്തിയിരുന്ന, “കീലും കുമ്മായവും കുഴച്ചുണ്ടാക്കിയ പാതകളിൽ ചുട്ട ഇഷ്ടികയും കല്ലും പതിപ്പിച്ചിരുന്നു.” ഈ വിവരണം ആദ്യകാല നിർമാണ വസ്തുക്കളെ കുറിച്ചു ബൈബിൾ പറയുന്നതു നമ്മെ അനുസ്മരിപ്പിക്കുന്നു: “ഇഷ്ടിക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.”—ഉല്പത്തി 11:3.
തങ്ങളുടെ മത കടമകൾ നിവർത്തിക്കുന്നതിന് പുരാതന ഇസ്രായേല്യർക്കു റോഡുകൾ അത്യാവശ്യമായിരുന്നു. യേശുക്രിസ്തുവിന്റെ ജനനത്തിന് ഏതാണ്ട് 1,500 വർഷങ്ങൾ മുമ്പ് അവരോട് ഇങ്ങനെ കൽപ്പിക്കപ്പെട്ടിരുന്നു: “നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും . . . സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ [ഒരു ആത്മീയ ആഘോഷത്തിനായി] വരേണം.” (ആവർത്തനപുസ്തകം 16:16) ആ സ്ഥലം യെരൂശലേം ആയിരുന്നു. അവിടെ വെച്ചുനടന്നിരുന്ന സന്തോഷകരമായ ഈ ആഘോഷത്തിൽ മിക്കപ്പോഴും മുഴുകുടുംബവും പങ്കെടുത്തിരുന്നു. അതിനു നല്ല റോഡുകൾ അനിവാര്യം ആയിരുന്നു!
സ്പഷ്ടമായും, പ്രധാന വീഥികൾ നന്നായി നിർമിച്ചവ ആയിരുന്നു. ക്രിസ്തു ജനിക്കുന്നതിന് ആയിരം വർഷം മുമ്പ് വാഴ്ച നടത്തിയിരുന്ന ശലോമോനെ കുറിച്ച് യഹൂദ ചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസ് പ്രസ്താവിച്ചു: “റോഡുകൾക്കു ശ്രദ്ധ കൊടുക്കുന്നതിൽ അവൻ വീഴ്ച വരുത്തിയില്ല. യെരൂശലേമിലേക്കു കരിങ്കല്ലു പതിച്ച ഒരു പാത അവൻ നിർമിച്ചു.”
അബദ്ധവശാൽ കൊലചെയ്തവർക്ക് അഭയം നൽകിയിരുന്ന ആറു സങ്കേത നഗരങ്ങൾ ഇസ്രായേലിൽ ഉണ്ടായിരുന്നു. ഈ നഗരങ്ങളിലേക്കുള്ള വഴികൾ കേടുപോക്കി നന്നായി സൂക്ഷിച്ചിരുന്നു. ഏറ്റവും അടുത്തുള്ള സങ്കേത നഗരത്തിലേക്കുള്ള വഴി വ്യക്തമാക്കുന്ന വഴികാട്ടിസ്തംഭങ്ങൾ ഓരോ കവലയിലും സ്ഥാപിച്ചിരുന്നതായി യഹൂദ പാരമ്പര്യം സൂചിപ്പിക്കുന്നു.—സംഖ്യാപുസ്തകം 35:6, 11-34.
വാണിജ്യ ആവശ്യങ്ങൾക്കും റോഡുകൾ അത്യന്താപേക്ഷിതം ആയിരുന്നു. പുരാതന കാലത്തെ ഏറ്റവും ജനപ്രീതിയാർജിച്ചിരുന്ന ഒരു വാണിജ്യവസ്തു ആയിരുന്നു പട്ട്. ഇസ്രായേല്യർ ഒരു ജനത ആയിത്തീരുന്നതിനു വളരെ മുമ്പു തന്നെ, പട്ടുനൂൽ പുഴുവിൽനിന്നു പട്ടുണ്ടാക്കുന്ന വിദ്യ ചൈനക്കാർ കണ്ടുപിടിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ ക്രിസ്തുവിന്റെ ജനനംവരെ അവർ ആ വിദ്യ പുറംലോകത്തിനു കൈമാറിയില്ല. എന്നുവരികിലും, ക്രിസ്തുവിന്റെ ജനനത്തിനു മുമ്പുതന്നെ പട്ട് പാശ്ചാത്യ ലോകത്ത് ജനപ്രീതി ആർജിച്ചിരുന്നു. കാരണം, ജെഫ്രീ ഹിൻഡ്ലീയുടെ റോഡുകളുടെ ഒരു ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം അനുസരിച്ച് ‘സ്ത്രൈണഭാവം ജനിപ്പിക്കുമെന്നു കരുതിയിരുന്നതിനാൽ’ അത് ഉപയോഗിക്കുന്നതിൽനിന്നു ‘പുരുഷന്മാരെ വിലക്കിക്കൊണ്ടുള്ള കൽപ്പനകൾ’ വിളംബരം ചെയ്യപ്പെട്ടു.
ചൈനയിൽനിന്നു പട്ടു കൊണ്ടുവന്നിരുന്ന വാണിജ്യ പാത ‘പട്ടുപാത’ എന്ന് അറിയപ്പെട്ടു. പൊ.യു. 13-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാർക്കോ പോളോ ആ പാതയിലൂടെ സഞ്ചരിച്ച സമയമായപ്പോഴേക്കും ആ പാത നിലവിൽ വന്നിട്ട് 1,400-ഓളം വർഷങ്ങൾ ആയിരുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ പാത എന്ന സ്ഥാനം 2,000-ത്തിലധികം വർഷം അതിനു സ്വന്തമായിരുന്നു. പട്ടിന്റെ ഭവനമായ ചൈനയിലെ ഷാംങൈയിൽ നിന്ന് സ്പെയിനിലെ ഗേഡിസ് (ഇപ്പോഴത്തെ കേദിസ്) വരെ നീണ്ടുകിടക്കുന്ന ഈ പാതയ്ക്ക് ഏതാണ്ട് 12,800 കിലോമീറ്റർ നീളം ഉണ്ട്.
സൈനിക പ്രാധാന്യം
സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാനുള്ള അഭിവാഞ്ഛയാണ് റോഡു നിർമാണത്തിന് ഏറ്റവും പ്രേരകമായത്. ഉദാഹരണത്തിന്, കൈസർമാരുടെ കീഴിലുണ്ടായിരുന്ന റോമാ സാമ്രാജ്യത്തിലെ റോഡുകൾ യൂറോപ്പ്, ഉത്തരാഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിൽ ഉടനീളം വ്യാപിച്ചു കിടന്നിരുന്നു. കണക്കാക്കപ്പെട്ടത് അനുസരിച്ച്, അതിനു മൊത്തം ഏതാണ്ട് 80,000 കിലോമീറ്റർ നീളമുണ്ട്. പോരാട്ടങ്ങളിൽ ഏർപ്പെടാത്ത സമയത്ത് റോമൻ പടയാളികൾ റോഡു നിർമിക്കുകയും അവയുടെ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു.
പോരാട്ടങ്ങളിൽ റോഡുകൾക്കുള്ള പ്രാധാന്യം അടുത്ത കാലത്തു നടന്ന യുദ്ധങ്ങളിലും പ്രകടമായി. 1934-ലെ ഓട്ടോബാൻ (ജർമനിയിലെ ഒരു എക്സ്പ്രസ്സ് പാത) നിർമാണ സംരംഭമായിരുന്നു മറ്റാളുകളുടെ മേൽ അധീശത്വം സ്ഥാപിക്കാനുള്ള അഡോൾഫ് ഹിറ്റ്ലറുടെ ആഗ്രഹത്തിനു വളംവെച്ചത്. ചരിത്രകാരനായ ഹിൻഡ്ലീ പറയുന്നതനുസരിച്ച്, അങ്ങനെയാണ് ജർമനി “ലോകത്തിലെ ആദ്യത്തെ മോട്ടോർ എക്സ്പ്രസ്സ് പാതകളുടെ ശൃംഖലകളുള്ള” രാജ്യം ആയിത്തീർന്നത്.
റോഡ് നിർമാണം—ഒരു ശാസ്ത്രം
സർവേ നടത്തിയിരുന്ന റോമാക്കാർ ഗ്രോമ എന്ന ഉപകരണത്തിന്റെ സഹായത്താൽ വടി പോലെ നേരേയുള്ള പാതകൾക്കു രൂപം നൽകി. കല്ലാശാരിമാർ നാഴികക്കല്ലുകൾ വളരെ മനോഹരമായി വെട്ടിയെടുത്തു. റോഡിലൂടെ കൊണ്ടുപോകാവുന്ന ഭാരത്തിന് എൻജിനീയർമാർ പരിധി നിശ്ചയിച്ചു. റോഡുകൾക്ക് ഒരു അസ്ഥിവാരവും ഉറപ്പുള്ള പ്രതലവും ഉണ്ടായിരുന്നു. എന്നാൽ അവയുടെ ദീർഘായുസ്സിന്റെ മുഖ്യ കാരണം വെള്ളം ഒഴുകിപ്പോകാൻ നന്നായി പണിത്, വക്രാകൃതിയിൽ കെട്ടിപ്പൊക്കിയിരുന്ന ഓടകളും അതുപോലെ തന്നെ തറനിരപ്പിൽനിന്നുള്ള റോഡുകളുടെ ഉയരവും ആയിരുന്നു. അങ്ങനെയാണ് “ഹൈവേ” എന്ന പദം ഉരുത്തിരിഞ്ഞത്. കടകളിൽ റോഡുമാപ്പുകൾ വിൽക്കപ്പെട്ടിരുന്നു.
“റോഡു നിർമാതാക്കൾ എന്ന നിലയിലുള്ള റോമാക്കാരുടെ നേട്ടത്തെ ചോദ്യം ചെയ്യുന്ന ഏതൊരു എഴുത്തുകാരനും, അവയെ പുകഴ്ത്താതിരിക്കാൻ അത്യന്തം പണിപ്പെടേണ്ടതായി വരുന്നു. മനുഷ്യന്റെ ഗതകാല നേട്ടങ്ങളിൽ ഇറ്റലിയിലെ റോഡുകളെക്കാൾ പഴക്കമുള്ള മറ്റെന്തെങ്കിലും ഉണ്ടോ എന്നതു സംശയാവഹമാണ്,” ഒരു ചരിത്രകാരൻ പറയുന്നു.
റോഡുകളുടെ ഒരു ചരിത്രം അനുസരിച്ച് റോമിന്റെ തെക്കു ഭാഗത്തുനിന്ന് ആരംഭിക്കുന്ന ആപ്പിയൻ പാത, “പാശ്ചാത്യരുടെ ചരിത്രത്തിലെ കല്ലുപാകിയ ഏറ്റവും ആദ്യത്തെ റോഡാണ്.” ശരാശരി 6 മീറ്റർ വീതിയുള്ള ഈ പ്രസിദ്ധ ഹൈവേയിൽ വലിയ ലാവാ കട്ടകൾ പാകിയിരിക്കുന്നു. ഒരു ജയിൽപുള്ളി എന്ന നിലയിൽ റോമിലേക്കുള്ള തന്റെ യാത്രയിൽ അപ്പൊസ്തലനായ പൗലൊസ് ആപ്പിയൻ പാതയിലൂടെ സഞ്ചരിച്ചിരുന്നു. അതിന്റെ ചില ഭാഗങ്ങൾ ഇന്നും ഉപയോഗിക്കുന്നുണ്ട്.—പ്രവൃത്തികൾ 28:15, 16.
റോഡു നിർമാണത്തിൽ ആദ്യകാല തെക്കേ അമേരിക്കൻ ഇന്ത്യക്കാരുടെ വൈദഗ്ധ്യവും ഇത്രത്തോളംതന്നെ വിസ്മയകരമാണെന്ന് ആളുകൾ കണ്ടെത്തിയേക്കാം. പൊ.യു. 1200-കൾക്കും 1500-കൾക്കും ഇടയ്ക്കുള്ള കാലത്ത് 16,000 കിലോമീറ്റർ നീളമുള്ള റോഡുകളുടെ ഒരു ശൃംഖല തന്നെ ഇങ്കകൾ നിർമിക്കുകയുണ്ടായി. അത് 1,00,00,000 ആളുകളുള്ള ഒരു രാഷ്ട്രത്തെ ഏകോപിപ്പിച്ചു. ഈ റോഡുകളുടെ ചില ഭാഗങ്ങൾ, വിചാരിക്കാൻ സാധിക്കാത്തത്ര ദുർഘടംപിടിച്ച, കുന്നും കുഴിയുമുള്ള മേഖലകളിലൂടെ ആയിരുന്നു നിർമിച്ചത്. അവയിൽ ചിലത് മരുഭൂമിയും മഴവനവും താണ്ടി വലിയ പെറൂവിയൻ ആൻഡീസ് പർവതത്തെ പോലും മുറിച്ചു കടന്നിരുന്നു!
ഒരു റോഡിനെക്കുറിച്ച് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക റിപ്പോർട്ടു ചെയ്യുന്നു: “ആൻഡീസ് പാത ശ്രദ്ധേയമായിരുന്നു. 25 അടി (7.5 മീറ്റർ) വീതിയുള്ള വളഞ്ഞുപുളഞ്ഞ ആ പാത ദുഷ്കരമായ കയറ്റിയിറക്കങ്ങൾ ഇല്ലാത്തവ ആയിരുന്നു. കടുത്ത പാറകളിലൂടെ വെട്ടിയുണ്ടാക്കിയ ഇടുങ്ങിയ വഴികളും സംരക്ഷണാർഥം കെട്ടിപ്പൊക്കിയ നൂറുകണക്കിന് അടി ഉയരമുള്ള മതിലുകളും അവയുടെ സവിശേഷത ആയിരുന്നു. മലയിടുക്കുകളും ഗർത്തങ്ങളും മറ്റും കല്ലിട്ടു നികത്തുകയും വലിയ നീർച്ചാലുകൾക്കു കുറുകെ ചണനാരുകളോ വള്ളികളോ പിരിച്ചുണ്ടാക്കിയ വടങ്ങൾ ഉപയോഗിച്ച് തൂക്കുപാലങ്ങൾ നിർമിക്കുകയും ചെയ്തിരുന്നു. മിക്ക സ്ഥലങ്ങളിലും ഉപരിതലം കല്ലുകൊണ്ടുള്ളതായിരുന്നു. ടാർ ഉത്പന്നങ്ങളും വ്യാപകമായി ഉപയോഗിച്ചിരുന്നു.”
ഇങ്കകൾക്ക് കുതിരകൾ ഇല്ലായിരുന്നെങ്കിലും, റോഡുകളുടെ ഈ ശൃംഖല അവരിലെ സന്ദേശവാഹകർക്ക് “രാജകീയ അഞ്ചലോട്ടക്കാരുടെ റണ്ണിങ് ട്രാക്ക്” എന്നു വിളിച്ചിരുന്ന പാതയായി ഉതകി. ഒരു ചരിത്രകാരൻ ഇപ്രകാരം കുറിക്കൊണ്ടു: “പാതയോരങ്ങളിൽ അങ്ങോളമിങ്ങോളം ഏതാണ്ട് രണ്ടു കിലോമീറ്റർ അകലത്തിലായി ധാരാളം ഇടത്താവളങ്ങൾ ഉണ്ടായിരുന്നു. ഓരോ താവളത്തിലും കാവൽക്കാരും അഞ്ചലോട്ടക്കാരും പാർത്തിരുന്നു. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ഈ കേന്ദ്രങ്ങൾ, ഒരു അഞ്ചലോട്ടക്കാരന് തളരാതെ ഓടിയെത്താൻ മതിയായ അകലത്തിലായിരുന്നു. ഈ സേവനം നിമിത്തം തലസ്ഥാന നഗരിയായ കൂസ്കോയിൽനിന്ന് 2,000 കിലോമീറ്റർ അകലെയുള്ള ക്വിറ്റോയിലേക്കു സന്ദേശം എത്തിക്കാൻ അഞ്ചു ദിവസമേ വേണ്ടിയിരുന്നുള്ളൂ. സമുദ്ര നിരപ്പിൽനിന്നു 4,000-ത്തിലധികം മീറ്റർ ഉയരമുള്ള റോഡിലൂടെ മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിലായിരുന്നു ആ സന്ദേശവാഹകർ സഞ്ചരിച്ചിരുന്നത് എന്നർഥം. റോമിലെ തപാൽ വകുപ്പു പോലും അത്രയും വേഗത്തിൽ സന്ദേശം എത്തിച്ചിരുന്നില്ല!”
ദുരന്തങ്ങൾക്കു കാരണം
മനുഷ്യ ശരീരത്തിലെ ധമനികളുടെ പ്രവർത്തനം നിലച്ചു പോയെന്നു വരാം. അതിന്റെ പരിണതഫലം അതിദാരുണമായിരിക്കും. സമാനമാണ് റോഡിന്റെ കാര്യവും. ജീവിത ഗുണനിലവാരം ഉയർത്താൻ ഉപകരിച്ചിരുന്ന റോഡുകളിൽ വാഹനങ്ങൾ തിങ്ങിനിറയുമ്പോൾ അതു പ്രതികൂല ഫലം ഉളവാക്കിയേക്കാം. മഴക്കാടുകൾ, വനങ്ങൾ, കുറ്റിക്കാടുകൾ, ദേശീയ പാർക്കുകൾ തുടങ്ങിയവയിലൂടെയുള്ള റോഡുകൾ വന്യജീവികളുടെ നാശത്തിൽ കലാശിക്കുന്നു. മിക്കപ്പോഴും, വനം ഭവനമാക്കിയിരിക്കുന്ന ആദിവാസികളും ദുരിതമനുഭവിക്കുന്നു. നാം റോഡുകൾ നിർമിക്കുന്ന വിധം (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു: “വികസനാർഥം ഏറ്റെടുത്ത ട്രാൻസ്-ആമസോണിയൻ ഹൈവേ, മഴവനത്തിന്റെ ഒട്ടേറെ ഭാഗങ്ങൾ നശിപ്പിച്ചിരിക്കുന്നു. വനവാസികളുടെ ജീവിതമാർഗം നശിപ്പിച്ചിരിക്കുന്നതിനാൽ, അത് അവർക്കൊരു ദുരന്തമാണ്.”
ഓരോ വർഷവും നഗരപ്രാന്തങ്ങളിലെ നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ നഗരങ്ങളും പ്രതികൂലമായി ബാധിക്കപ്പെടുന്നു. ഫണ്ടുകൾ ലഭ്യമാണെങ്കിൽ കാലക്രമത്തിൽ എക്സ്പ്രസ്സ് പാതകൾ നിർമിക്കപ്പെടുന്നു. എന്നാൽ അതു കൂടുതൽ വാഹനങ്ങൾക്കു വഴിയൊരുക്കുന്നു. അങ്ങനെ മലിനീകരണം വർധിക്കുന്നു. അത് ദശലക്ഷങ്ങളെ രോഗികളാക്കുന്നു. അതിനുപുറമേ, റോഡപകടങ്ങളിൽപെട്ട് ഓരോ വർഷവും ലോകവ്യാപകമായി ഏതാണ്ട് 5,00,000 ആളുകൾ കൊല്ലപ്പെടുകയും 15 ദശലക്ഷം ആളുകൾക്കു പരിക്കേൽക്കുകയും ചെയ്യുന്നു. അവരിൽ ചിലരുടെ പരിക്കാകട്ടെ അതീവ ഗുരുതരവും. ഒന്നാം ലോക മഹായുദ്ധത്തിൽ ഏകദേശം 90 ലക്ഷം പടയാളികൾ കൊല്ലപ്പെട്ടു. എന്നാൽ അതോടെ ആ യുദ്ധം തീർന്നു. നേരേമറിച്ച്, റോഡപകടങ്ങൾ നിമിത്തമുള്ള മരണം തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഓരോ ദിവസവും 1,000-ത്തിലധികം ആളുകളാണു കൊല്ലപ്പെടുന്നത്!
അതേ, നമ്മുടെ റോഡുകൾ നമ്മുടെ കഴിവുകളെയും കഴിവുകേടുകളെയും സൂചിപ്പിക്കുന്ന ഒരു സ്വഭാവ സർട്ടിഫിക്കറ്റ്—സാക്ഷ്യപത്രം—ആണ്. പരിപാലിക്കാനായി നമ്മെ ഏൽപ്പിച്ചിരിക്കുന്ന ഈ മഹനീയ ഗ്രഹത്തെ കുറിച്ചുള്ള നമ്മുടെ ചിന്തകളെയും അതു വെളിപ്പെടുത്തുന്നു.
[21-ാം പേജിലെ ചിത്രം]
അപ്പൊസ്തലനായ പൗലൊസ് സഞ്ചരിച്ച ആപ്പിയൻ പാത ഇന്നും ഉപയോഗത്തിലിരിക്കുന്നു
[22-ാം പേജിലെ ചിത്രം]
ലോകവ്യാപകമായി ഓരോ വർഷവും റോഡപകടങ്ങളിൽ ഏതാണ്ട് 5,00,000 ആളുകൾ കൊല്ലപ്പെടുന്നു