യഹൂദ കലണ്ടർ എത്ര കൃത്യതയുള്ളതാണ്?
യഹൂദ കലണ്ടർ പ്രകാരം യഹൂദ പുതുവത്സര ആഘോഷദിനം 1993 സെപ്ററംബർ 16 വ്യാഴാഴ്ചയായിരുന്നു. അപ്പോൾ പുതുവത്സരപ്പിറവിയെ പ്രഘോഷിക്കുന്ന പാരമ്പര്യമനുസരിച്ചുള്ള ഷോഫാർ അഥവാ മുട്ടനാടിൻകൊമ്പുകൊണ്ടുള്ള കാഹളം മുഴക്കി. ആ വർഷം (യഹൂദ കലണ്ടർ അനുസരിച്ച്) 5754 ആണ്. അത് 1993 സെപ്ററംബർ 16 മുതൽ 1994 സെപ്ററംബർ 5 വരെയാണ്.
യഹൂദരുടെ കാലക്കണക്കും ഇപ്പോൾ സർവസാധാരണമായി ഉപയോഗത്തിലിരിക്കുന്ന പാശ്ചാത്യ കലണ്ടർ അഥവാ ഗ്രിഗോറിയൻ കലണ്ടറും തമ്മിൽ ഒററ നോട്ടത്തിൽത്തന്നെ 3,760 വർഷങ്ങളുടെ വ്യത്യാസമുണ്ട്. എന്തുകൊണ്ടാണ് ഈ വ്യത്യാസം? യഹൂദ കലണ്ടർ എത്ര കൃത്യമാണ്?
ആരംഭം നിശ്ചയിക്കൽ
സമയം കണക്കാക്കുന്ന ഏതൊരു സമ്പ്രദായത്തിനും ഒരു നിശ്ചിത ആരംഭം അഥവാ ഒത്തുനോക്കാനുള്ള എന്തെങ്കിലും ഉണ്ടായിരിക്കണം. ഉദാഹരണത്തിന്, യേശു ജനിച്ചതെന്നു കരുതപ്പെടുന്ന വർഷം മുതലാണ് ക്രൈസ്തവലോകം സമയം കണക്കാക്കുന്നത്. അന്നുമുതലുള്ള തീയതികൾ ക്രിസ്താബ്ദത്തിൽ ഉള്ളവയായി പറയുന്നു. പലപ്പോഴും അവയെ എ.ഡി (A.D.) എന്നീ അക്ഷരങ്ങൾകൊണ്ടു സൂചിപ്പിക്കുന്നു. അവ “കർത്താവിന്റെ വർഷത്തിൽ” എന്ന് അർഥമുള്ള ലത്തീൻ പ്രയോഗമായ ആനോ ദോമിനി (anno Domini)-യിൽനിന്നാണു വരുന്നത്. അതിനു മുമ്പുള്ള തീയതികൾ “ക്രിസ്തുവിനു മുമ്പ്” (Before Christ) എന്ന് അർഥമുള്ള ബി.സി. (B.C.) എന്ന് അടയാളപ്പെടുത്തുന്നു.a അതുപോലെ, പരമ്പരാഗത ചൈനാക്കാർ പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 2698 മുതലാണ് സമയം കണക്കാക്കുന്നത്. അന്നാണ് മഞ്ഞനിറക്കാരനായ ഐതിഹാസിക ചക്രവർത്തിയായ ഹുവാങ്-ഡീയുടെ ഭരണം ആരംഭിച്ചത്. അങ്ങനെ, 1994 ഫെബ്രുവരി 10-നു 4692 എന്ന ചൈനീസ് ചാന്ദ്രിക വർഷം ആരംഭിച്ചു. അപ്പോൾ, യഹൂദ കലണ്ടറോ?
ദ ജ്യൂയിഷ് എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു: “ഒരു സംഭവത്തിന്റെ തീയതി രേഖപ്പെടുത്താൻ ലോകത്തിന്റെ സൃഷ്ടി മുതൽ അതുവരെ പിന്നിട്ടിരിക്കുന്ന വർഷങ്ങളുടെ എണ്ണം പ്രസ്താവിക്കുക എന്നതാണ് ഇന്നു യഹൂദൻമാരുടെയിടയിലുള്ള സാധാരണ രീതി.” യഹൂദരുടെ ഇടയിൽ സൃഷ്ടിവർഷം എന്ന് അറിയപ്പെടുന്ന ഈ സമ്പ്രദായം പൊ.യു. ഒൻപതാം നൂററാണ്ടോടുകൂടിയാണു പ്രചാരത്തിൽ വന്നത്. അങ്ങനെ, യഹൂദ തീയതികളുടെ മുമ്പിൽ സാധാരണമായി എ.എം (A.M.) എന്ന് ഉണ്ടായിരിക്കും. ഈ അക്ഷരങ്ങൾ “ലോകത്തിന്റെ സൃഷ്ടി മുതൽ” എന്ന് അർഥമുള്ള അബ് ക്രെയോററിയോനെ മന്തി എന്നതിന്റെ ഹ്രസ്വ രൂപമായ ആനോ മന്തിയെ (anno mundi) സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ വർഷം എ.എം. 5754 ആയതുകൊണ്ട്, സമയക്കണക്കിന്റെ ഈ സമ്പ്രദായമനുസരിച്ച് “ലോകത്തിന്റെ സൃഷ്ടി” 5,753 വർഷങ്ങൾക്കുമുമ്പു നടന്നതായി കരുതപ്പെടുന്നു. അതു നിർണയിക്കുന്നതെങ്ങനെയെന്നു നോക്കാം.
“സൃഷ്ടിവർഷം”
എൻസൈക്ലോപീഡിയ ജൂഡായിക്ക (1971) ഈ വിശദീകരണം നൽകുന്നു: “റബ്ബിമാരുടെ വിവിധ കണക്കുകൂട്ടലുകളിൽ ‘സൃഷ്ടിവർഷം’ ആരംഭിച്ചത് പൊ.യു.മു. 3762-നും 3758-നും ഇടയിലുള്ള വർഷങ്ങളിലെ ഒരു ശരത്കാലത്താണ്. എന്നിരുന്നാലും, പൊ.യു.മു. 3761-ൽ (കൃത്യമായിപ്പറഞ്ഞാൽ, ആ വർഷം ഒക്ടോബർ 7-ന്) ‘സൃഷ്ടിവർഷം’ ആരംഭിച്ചതായി പൊ.യു. 12-ാം നൂററാണ്ടു മുതൽ കരുതിപ്പോന്നു. ഒരേ കാലത്തു സംഭവിച്ചതായി ബൈബിളിലും ബൈബിളിനു പുറത്തുള്ള യഹൂദ സാഹിത്യങ്ങളിലും കാണുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ കണക്ക്.”
“ലോകത്തിന്റെ സൃഷ്ടി” മുതൽ തീയതി കണക്കാക്കുന്ന സമ്പ്രദായം അടിസ്ഥാനപരമായി അധിഷ്ഠിതമായിരിക്കുന്നത് റബ്ബിമാർ എപ്രകാരം ബൈബിൾസംഭവങ്ങളെ വ്യാഖ്യാനിക്കുന്നു എന്നതിലാണ്. ലോകവും അതിലുള്ള സമസ്തവും 24 മണിക്കൂർ ദൈർഘ്യമുള്ള ആറ് അക്ഷരീയ ദിവസങ്ങൾകൊണ്ടാണു സൃഷ്ടിക്കപ്പെട്ടതെന്ന് അവർ വിശ്വസിക്കുന്നു. അതുകൊണ്ട്, റബ്ബിമാരുടെ ഇടയിലെയും ക്രൈസ്തവലോകത്തിലെയും പണ്ഡിതൻമാർ കരുതുന്നത് ആദ്യ മനുഷ്യനായ ആദാമിന്റെ സൃഷ്ടി നടന്നത് ലോകത്തിന്റെ സൃഷ്ടി നടന്ന അതേ വർഷത്തിൽത്തന്നെയാണ് എന്നാണ്. പക്ഷേ, ഇതിനു വസ്തുതയുമായി ഒരു ബന്ധവുമില്ല.
ഉത്പത്തിയുടെ ഒന്നാം അധ്യായം ആരംഭിക്കുന്നത് ഇങ്ങനെ പ്രസ്താവിച്ചുകൊണ്ടാണ്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” അതിനുശേഷമാണ്, “പാഴായും ശൂന്യമായു”മിരുന്ന അവസ്ഥയിൽനിന്നു തുടർച്ചയായ ആറു “ദിവസങ്ങൾ”കൊണ്ട് ദൈവം ഭൂമിയെ മനുഷ്യർക്കു വാസയോഗ്യമായ ഒരു സ്ഥലമാക്കി രൂപാന്തരപ്പെടുത്തുന്നതായി വർണിക്കുന്നത്. (ഉല്പത്തി 1:1, 2) ഈ രണ്ടു ഘട്ടങ്ങൾക്കിടയിൽ ദശലക്ഷക്കണക്കിനു വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാകണം. തന്നെയുമല്ല, സ്രഷ്ടാവിന്റെ പ്രവർത്തനങ്ങൾ അത്തരം പരിമിതികളാൽ ബന്ധിതമാണ് എന്നു തോന്നുമാറ്, സൃഷ്ടിദിവസങ്ങൾക്ക് 24 മണിക്കൂറിന്റെ ദൈർഘ്യവുമല്ല ഉണ്ടായിരുന്നത്. ഈ സന്ദർഭത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു “ദിവസം” 24 മണിക്കൂറിനെക്കാൾ ദൈർഘ്യമുള്ളതാണെന്ന് ഉല്പത്തി 2:4 സൂചിപ്പിക്കുന്നു. സകല സൃഷ്ടിപ്പിൻ ഘട്ടങ്ങളെയും ഒരുമിച്ച് അവിടെ ഒരു “ദിവസ”മായി പറയുന്നു. ഒന്നാമത്തെ സൃഷ്ടിദിവസത്തിനും ആദാമിന്റെ സൃഷ്ടി നടന്ന ആറാമത്തെ ദിവസത്തിനും ഇടയിൽ ആയിരക്കണക്കിനു വർഷങ്ങൾ പിന്നിട്ടിട്ടുണ്ട്. ഭൗതിക ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെട്ട അതേസമയത്തുതന്നെയാണ് ആദാമിന്റെ സൃഷ്ടിയും നടന്നത് എന്നു കണക്കാക്കിയാൽ അതു തിരുവെഴുത്തുപരവുമല്ല, ശാസ്ത്രീയവുമല്ല. ഇനി, “സൃഷ്ടിവർഷം” പൊ.യു.മു. 3761-ൽ തുടങ്ങി എന്നു നിശ്ചയിച്ചത് എങ്ങനെയാണ്?
കാലഗണനയുടെ അടിസ്ഥാനം
ദൗർഭാഗ്യകരമെന്നുപറയട്ടെ, പ്രസ്തുത കണക്കുകൂട്ടലുകൾക്ക് അടിസ്ഥാനമായിരുന്ന മിക്ക യഹൂദ സാഹിത്യങ്ങളും ഇന്നു നിലവിലില്ല. ആകെക്കൂടിയുള്ളത് പൊ.യു. രണ്ടാം നൂററാണ്ടിലെ തൽമൂദ് പണ്ഡിതനായ യോസേ ബെൻ ഹാലാഫ്താ രചിച്ചതെന്നു കരുതപ്പെടുന്ന ഒരു കാലഗണനാ കൃതിയായ സെയ്ദർ ഒലാം (ലോകത്തിന്റെ ക്രമം) ആണ്. അങ്ങനെയായിരുന്നു അതിന്റെ ആദ്യകാല പേർ. (സെയ്ദർ ഒലാം സൂററ എന്ന പേരിലുള്ള മധ്യകാല വൃത്താന്തത്തിൽനിന്നു വേർതിരിച്ചറിയാനായി പിൽക്കാലത്ത് സെയ്ദർ ഒലാം റബ്ബാ എന്നു വിളിക്കപ്പെട്ട) ഈ കൃതി ആദാം മുതൽ വ്യാജ മിശിഹായായിരുന്ന ബാർ കോഖ്ബായുടെ കീഴിൽ യഹൂദർ റോമിനെതിരെ പൊ.യു. രണ്ടാം നൂററാണ്ടിൽ നടത്തിയ പ്രക്ഷോഭംവരെ കാലഗണന പ്രകാരമുള്ള ചരിത്രം പ്രദാനം ചെയ്യുന്നു. രചയിതാവിന് അത്തരം വിവരങ്ങൾ എങ്ങനെയാണു ലഭിച്ചത്?
യോസേ ബെൻ ഹാലാഫ്താ ബൈബിൾ വിവരണം പിൻപററാൻ ശ്രമിക്കവേ, തീയതികളെ കുറിച്ചു സന്ദിഗ്ധാവസ്ഥയുള്ളിടങ്ങളിൽ അദ്ദേഹം സ്വന്തമായ വ്യാഖ്യാനങ്ങൾ നടത്തി. “പല സംഗതികൾക്കും . . . അദ്ദേഹം പാരമ്പര്യമനുസരിച്ചുള്ള തീയതികൾ കൊടുത്തു. അതിലുപരി, അദ്ദേഹം മുൻകാല റബ്ബിമാരുടെയും അദ്ദേഹത്തിന്റെ സമകാലീകരുടെയും വചനങ്ങളും ഹാലാക്കൊട്ടും [പാരമ്പര്യങ്ങളും] അതിൽ തിരുകിക്കയററി” എന്ന് ദ ജ്യൂയിഷ് എൻസൈക്ലോപീഡിയ പറയുന്നു. മററു ചിലർ ഇത്രപോലും ദയ കാട്ടിയില്ല. യഹൂദവിജ്ഞാനകോശം [ഇംഗ്ലീഷ്] ഉറപ്പോടെ പ്രസ്താവിക്കുന്നു: “സൃഷ്ടിവർഷം മുതൽ കണക്കുകൂട്ടിയ അദ്ദേഹം, അതിൻപ്രകാരം ആദാമിന്റെ കാലംതൊട്ട് മഹാനായ അലക്സാണ്ടറുടെ കാലംവരെ സംഭവിച്ചതെന്നു കരുതുന്ന വിവിധ യഹൂദസംഭവങ്ങൾക്ക് ഉറപ്പായ തെളിവൊന്നുമില്ലാതെ കെട്ടിച്ചമച്ച തീയതികൾ കൊടുത്തു.” എന്നാൽ, അത്തരം വ്യാഖ്യാനങ്ങളും തിരുകിക്കയററലുകളും യഹൂദ കാലഗണനയുടെ കൃത്യതയെയും ആധികാരികതയെയും എങ്ങനെ ബാധിച്ചു? നമുക്കു നോക്കാം.
പാരമ്പര്യങ്ങളും വ്യാഖ്യാനങ്ങളും
റബ്ബിമാരുടെ പാരമ്പര്യത്തിനു ചേർച്ചയിൽ, യെരുശലേമിലെ രണ്ടാമത്തെ ആലയം ആകെ 420 വർഷം നിലനിന്നതായി യോസേ ബെൻ ഹാലാഫ്താ കണക്കുകൂട്ടി. ഇതാകട്ടെ, ദാനിയേൽ പ്രവചനത്തിലെ “എഴുപതു ആഴ്ചവട്ട”ത്തെ അഥവാ 490 വർഷങ്ങളെ സംബന്ധിച്ചുള്ള റബ്ബിമാരുടെ വ്യാഖ്യാനത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. (ദാനീയേൽ 9:24) ആദ്യത്തെ ആലയത്തിന്റെ നാശത്തിനും രണ്ടാമത്തേതിന്റെ ശൂന്യമാക്കലിനും ഇടയിലുള്ള ഇടവേളയായി ഈ കാലഘട്ടത്തെ കരുതി. ബാബിലോന്യ പ്രവാസത്തിനുള്ള 70 വർഷം കണക്കിലെടുത്തുകൊണ്ട്, രണ്ടാമത്തെ ആലയം 420 വർഷം നിലനിന്നു എന്ന അനുമാനത്തിൽ യോസേ ബെൻ ഹാലാഫ്താ എത്തിച്ചേർന്നത് അങ്ങനെയാണ്.
എന്നിരുന്നാലും, ഈ വ്യാഖ്യാനത്തിനു കാര്യമായ തകരാറുണ്ട്. ബാബിലോനിന്റെ പതനം സംഭവിച്ച വർഷവും (പൊ.യു.മു. 539) രണ്ടാമത്തെ ആലയത്തിന്റെ നാശം സംഭവിച്ച വർഷവും (പൊ.യു. 70) അറിയപ്പെടുന്ന ചരിത്ര തീയതികളാണ്. അതുകൊണ്ട്, രണ്ടാമത്തെ ആലയത്തിന്റെ ആയുസ്സ് 420 വർഷമായിരിക്കില്ല, 606 വർഷമായിരിക്കണം. 420 വർഷം മാത്രം എന്നു പറയുകവഴി യഹൂദ കാലഗണന 186 വർഷങ്ങളാണ് വിട്ടുകളഞ്ഞത്.
യെരുശലേമിലെ ദേവാലയം എത്ര നാൾ നിലനിൽക്കും എന്നതിനെ സംബന്ധിക്കുന്നതല്ല ദാനിയേൽ പ്രവചനം. മറിച്ച്, അതു മിശിഹാ എപ്പോൾ വരുമെന്നു മൂൻകൂട്ടിപ്പറയുകയാണ് ചെയ്തത്. “യെരുശലേമിനെ യഥാസ്ഥാനപ്പെടുത്തി പുനർനിർമിക്കാനുള്ള കൽപ്പന പുറപ്പെടുന്നതു മുതൽ നായകനായ മിശിഹാവരെ ഏഴ് ആഴ്ചകളും അറുപത്തിരണ്ട് ആഴ്ചകളും [ഉണ്ടായിരിക്കും].” (ദാനിയേൽ 9:25, 26, NW) യഹൂദൻമാർ പ്രവാസത്തിൽനിന്നു മടങ്ങിവന്നതിന്റെ രണ്ടാം വർഷം (പൊ.യു.മു. 536) ആലയത്തിനു തറക്കല്ലിട്ടു. എങ്കിലും, ‘അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടു’വരെ യെരുശലേം നഗരത്തെ പുതുക്കിപ്പണിയാനുള്ള “കല്പന” ലഭിച്ചില്ല. (നെഹെമ്യാവു 2:1-8) അതു സംഭവിച്ചത് പൊ.യു.മു. 455 എന്ന വർഷത്തിലായിരുന്നു എന്നു കൃത്യമായ ലൗകിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അവിടെനിന്ന് 69 “ആഴ്ചകൾ” അഥവാ 483 വർഷങ്ങൾ മുന്നോട്ട് എണ്ണിയാൽ നാം പൊ.യു. 29-ൽ എത്തും. യേശു സ്നാപനമേററ് മിശിഹായായി രംഗപ്രവേശം നടത്തിയത് ആ വർഷമായിരുന്നു.b
അബ്രഹാമിന്റെ ജനനസമയം സംബന്ധിച്ചു റബ്ബിമാർ നടത്തിയ വ്യാഖ്യാനവും യഹൂദ കാലഗണനയിലെ ഒരു വൻ പാളിച്ചക്കു കാരണമായി. ഉല്പത്തി 11:10-26-ൽ ഒന്നിനു പിറകെ ഒന്നായി രേഖപ്പെടുത്തിയിരിക്കുന്ന തലമുറകളുടെ വർഷങ്ങൾ കൂട്ടിനോക്കിയ റബ്ബിമാർ പ്രളയം മുതൽ അബ്രഹാമിന്റെ (അബ്രാമിന്റെ) ജനനംവരെ 292 വർഷങ്ങളായി കരുതി. എന്നുവരികിലും, 26-ാം വാക്യത്തെക്കുറിച്ചുള്ള റബ്ബിമാരുടെ വ്യാഖ്യാനം എടുക്കുമ്പോഴാണ് ആകെ പ്രശ്നമാകുന്നത്. പ്രസ്തുത വാക്യം പറയുന്നു: “എഴുപതു വയസ്സെത്തിയതിനു ശേഷം തേരാഹിന് അബ്രാം, നാഹോർ, ഹാരാൻ എന്നീ പുത്രൻമാർ ജനിച്ചു.” [പി.ഒ.സി. ബൈബിൾ] തേരഹിന് 70 വയസ്സുള്ളപ്പോഴാണ് അബ്രാം ജനിച്ചത് എന്നാണ് യഹൂദ പാരമ്പര്യം ഇതിൽനിന്ന് അനുമാനിക്കുന്നത്. പക്ഷേ, തേരഹിന്റെ 70-ാമത്തെ വയസ്സിലാണ് അബ്രഹാം ജനിച്ചത് എന്നൊന്നും വാക്യം വ്യക്തമാക്കുന്നില്ല. അതിനുപകരം, 70 വയസ്സിനു ശേഷമാണ് അദ്ദേഹത്തിനു മൂന്നു പുത്രൻമാരുണ്ടായത് എന്നു മാത്രമേ അതു പറയുന്നുള്ളൂ.
അബ്രഹാം ജനിക്കുമ്പോൾ തേരഹിനു കൃത്യമായി എത്ര വയസ്സുണ്ട് എന്നറിയാൻ ബൈബിളിന്റെതന്നെ വിവരണം വായിച്ചാൽ മതി. 205 വയസ്സിലായിരുന്നു തേരഹിന്റെ മരണം എന്നും അതേത്തുടർന്ന് യഹോവയുടെ ആജ്ഞപ്രകാരം അബ്രഹാമും കുടുംബവും ഹാരാൻ വിട്ടുപോയി എന്നും നാം ഉല്പത്തി 11:32–12:4-ൽ വായിക്കുന്നു. അന്ന് അബ്രഹാമിന് 75 വയസ്സായിരുന്നു. അതുകൊണ്ട്, തേരഹിന് 130 വയസ്സുള്ളപ്പോഴായിരിക്കണം അബ്രഹാം ജനിച്ചത്. അങ്ങനെ, പ്രളയം മുതൽ അബ്രഹാമിന്റെ ജനനംവരെ 292 വർഷങ്ങളല്ല, 352 വർഷങ്ങളാണ്. ഇവിടെ യഹൂദ കാലഗണനയ്ക്കു 60 വർഷത്തിന്റെ പിശകു സംഭവിച്ചു.
ഒരു മതസ്മരണിക
സെയ്ദർ ഒലാം റബ്ബായിലും മററു തൽമൂദ് കാലഗണനാ കൃതികളിലുമുള്ള അത്തരം തെററുകളും പാളിച്ചകളും വലിയ അന്ധാളിപ്പിനു കാരണമായി, പിന്നെ യഹൂദ പണ്ഡിതൻമാർക്കിടയിൽ കുറെ ചർച്ചകളും നടന്നു. ഈ കാലഗണനയെ അറിയപ്പെടുന്ന ചരിത്രവസ്തുതകളുമായി പൊരുത്തപ്പെടുത്താൻ പല ശ്രമങ്ങളുമുണ്ടായി. പക്ഷേ അതൊന്നും പരിപൂർണ വിജയം കണ്ടില്ല. എന്തുകൊണ്ടു വിജയിച്ചില്ല? “അവരുടെ താത്പര്യം ശാസ്ത്രീയം എന്നതിനെക്കാൾ മതപരമായിരുന്നു” എന്നാണ് എൻസൈക്ലോപീഡിയ ജൂഡായിക്കയുടെ അഭിപ്രായം. “എന്തു വില കൊടുത്തും പാരമ്പര്യം നിലനിർത്തണം, വിമത വിഭാഗീയചിന്തകരുള്ളപ്പോൾ വിശേഷിച്ചും.” പാരമ്പര്യംകൊണ്ട് ഉളവായ ആശയക്കുഴപ്പം നീക്കുന്നതിനുപകരം, ബൈബിൾവിവരണങ്ങൾ തെററാണെന്നു സ്ഥാപിക്കാനാണ് ചില യഹൂദ പണ്ഡിതൻമാർ മുതിർന്നത്. മററുള്ളവരാകട്ടെ, തെളിവിനായി പരതിയത് ബാബിലോന്യ, ഈജിപ്ഷ്യൻ, ഹൈന്ദവ ഇതിഹാസങ്ങളിലും പാരമ്പര്യങ്ങളിലുമൊക്കെയായിരുന്നു.
ഇതിന്റെയെല്ലാം ഫലമായി, “സൃഷ്ടിവർഷ”ത്തെ വിശ്വാസയോഗ്യമായ ഒരു കാലഗണനാസമ്പ്രദായമായി ചരിത്രകാരൻമാർ ഇപ്പോൾ കരുതുന്നില്ല. യഹൂദ പണ്ഡിതൻമാർ ആരുംതന്നെ അതിനെ ന്യായീകരിക്കാൻ പാടുപെടുന്നില്ല. ദ ജ്യൂയിഷ് എൻസൈക്ലോപീഡിയ, എൻസൈക്ലോപീഡിയ ജൂഡായിക്ക എന്നിവപോലുള്ള ആധികാരിക പരാമർശഗ്രന്ഥങ്ങൾപോലും ഇതിനെക്കുറിച്ചു പൊതുവേ ഒരു നിഷേധാത്കമായ കാഴ്ചപ്പാടാണു വെച്ചുപുലർത്തുന്നത്. അതുകൊണ്ട്, യഹോവയാം ദൈവത്തിന്റെ, തെളിവായിക്കൊണ്ടിരിക്കുന്ന പ്രാവചനിക സമയപ്പട്ടികയായ ബൈബിൾകാലഗണനയുടെ കാഴ്ചപ്പാടിൽനിന്നു നോക്കുമ്പോൾ ലോകത്തിന്റെ സൃഷ്ടി മുതൽ സമയം കണക്കാക്കുന്ന പരമ്പരാഗതമായ യഹൂദ സമ്പ്രദായത്തെ കൃത്യതയുള്ളതായി വീക്ഷിക്കാനാവില്ല.
[അടിക്കുറിപ്പുകൾ]
a ബൈബിൾപരവും ചരിത്രപരവുമായ തെളിവു ചൂണ്ടിക്കാണിക്കുന്നത് യേശുക്രിസ്തുവിന്റെ ജനനം ബി.സി. 2-ൽ ആയിരുന്നു എന്നാണ്. അതുകൊണ്ട്, കൃത്യതയ്ക്കുവേണ്ടി പലരും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത് പൊ.യു. (പൊതുയുഗം), പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) എന്നീ പ്രയോഗങ്ങളാണ്. ഈ രീതിയിലാണ് വാച്ച് ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളിൽ തീയതികൾ അടയാളപ്പെടുത്തിയിരിക്കുന്നത്.
b വിശദാംശങ്ങൾക്ക്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേ. 614-16, 900-902-ഉം എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു [ഇംഗ്ലീഷ്] എന്നതിന്റെ സ്ററഡി നമ്പർ 3, ഖ. 18-യും കാണുക; കൂടാതെ വീ. 93 ഏപ്രിൽ 1 പേ. 11, ഖ. 8-11.