അധ്യായം 9
“അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലൂ!”
“ലൈംഗിക അധാർമികത, അശുദ്ധി, അനിയന്ത്രിതമായ കാമാവേശം, ദുഷിച്ച മോഹങ്ങൾ, അത്യാഗ്രഹമെന്ന വിഗ്രഹാരാധന എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളുടെ ഭൗമികാവയവങ്ങളെ കൊന്നുകളയുക.”—കൊലോസ്യർ 3:5.
1, 2. യഹോവയുടെ ജനത്തെ കുരുക്കാൻ ബിലെയാം പദ്ധതി ഒരുക്കിയത് എങ്ങനെ?
ചൂണ്ടയുമായി തന്റെ പതിവ് സ്ഥലത്തേക്കു പോകുകയാണ് ഒരു മീൻപിടിത്തക്കാരൻ. ഒരു പ്രത്യേകയിനം മത്സ്യമാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ളത്. പറ്റിയ ഇര കോർത്ത് അദ്ദേഹം ചൂണ്ട വെള്ളത്തിലേക്ക് ഇടുന്നു. അൽപ്പസമയത്തിനുള്ളിൽ മീൻ ചൂണ്ടയിൽ കൊത്തിവലിക്കുന്നു; ചൂണ്ടക്കണ വളയുന്നു. ഇര ഫലിച്ചെന്നു കണ്ട അദ്ദേഹം സന്തോഷത്തോടെ മത്സ്യത്തെ വലിച്ച് കരയ്ക്കിടുന്നു.
2 ഇതു പുരാതനകാലത്തെ ഒരു സംഭവം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. ബി.സി. 1473. ബിലെയാം എന്നൊരാൾ ദൈവജനത്തെ കുടുക്കാൻ പദ്ധതിയിട്ടു; പറ്റിയ ഒരു ഇരയെ കണ്ടെത്തുകയും ചെയ്തു. ദൈവജനം അപ്പോൾ വാഗ്ദത്തദേശത്തിന്റെ അതിർത്തിയിലുള്ള മോവാബ് സമഭൂമിയിൽ പാളയമടിച്ചിരിക്കുകയായിരുന്നു. യഹോവയുടെ പ്രവാചകനാണെന്ന് അവകാശപ്പെട്ടെങ്കിലും ഇസ്രായേലിനെ ശപിക്കാൻ ശത്രുക്കൾ കൂലിക്കെടുത്ത ഒരു അത്യാഗ്രഹിയായിരുന്നു ബിലെയാം. പക്ഷേ യഹോവ ഇടപെട്ടതുകൊണ്ട് അവന് അനുഗ്രഹിക്കാനേ കഴിഞ്ഞുള്ളൂ. ഏതു വിധേനയും തനിക്കുള്ള പ്രതിഫലം സ്വന്തമാക്കാൻ ആഗ്രഹിച്ച ബിലെയാം, ഇസ്രായേല്യരെക്കൊണ്ട് കടുത്ത പാപം ചെയ്യിക്കാൻ പദ്ധതിയിട്ടു. അങ്ങനെ സംഭവിച്ചാൽ ദൈവംതന്നെ സ്വന്തജനത്തെ ശപിച്ചുകൊള്ളുമെന്നായിരുന്നു ബിലെയാമിന്റെ കണക്കുകൂട്ടൽ. ആ ലക്ഷ്യത്തിൽ അയാൾ തന്റെ ഇര എറിഞ്ഞു—സുന്ദരികളായ മോവാബ്യയുവതികൾ.—സംഖ്യ 22:1-7; 31:15, 16; വെളിപാട് 2:14.
3. ബിലെയാമിന്റെ പദ്ധതി എത്രത്തോളം വിജയിച്ചു?
3 ആ തന്ത്രം ഫലിച്ചോ? ഉവ്വ്, ഒരു പരിധിവരെ. “മോവാബിലെ സ്ത്രീകളുമായി അധാർമികപ്രവൃത്തികൾ” ചെയ്തുകൊണ്ട് ആയിരക്കണക്കിന് ഇസ്രായേല്യപുരുഷന്മാർ ആ ഇരയിൽ കൊത്തി. എന്തിനധികം, ഫലപുഷ്ടിയുടെ അഥവാ ലൈംഗികതയുടെ ദേവനായ പെയോരിലെ ബാൽ ഉൾപ്പെടെയുള്ള മോവാബ്യദൈവങ്ങളെ അവർ ആരാധിക്കുകപോലും ചെയ്തു. ഫലമോ? വാഗ്ദത്തദേശത്തിന്റെ കവാടത്തിൽ എത്തിനിൽക്കെ 24,000 ഇസ്രായേല്യർ മരിച്ചുവീണു. എത്ര ഭീകരമായ ദുരന്തം!—സംഖ്യ 25:1-9.
4. ആയിരക്കണക്കിന് ഇസ്രായേല്യർക്ക് അധാർമികത ഒരു കെണിയായിത്തീർന്നത് എന്തുകൊണ്ട്?
4 എന്താണ് ഈ ദുരന്തത്തിനു കളമൊരുക്കിയത്? ഈജിപ്തിൽനിന്ന് തങ്ങളെ വിടുവിച്ചുകൊണ്ടുവന്ന്, മരുഭൂമിയിലുടനീളം പോറ്റിപ്പുലർത്തി, യാതൊരു ഹാനിയും തട്ടാതെ വാഗ്ദത്തദേശത്തിന്റെ കവാടത്തോളം എത്തിച്ച യഹോവയിൽനിന്ന് അകന്നുമാറിയ അവരിലനേകരും ഒരു ദുഷ്ടഹൃദയം വളർത്തിയെടുത്തിരുന്നു. (എബ്രായർ 3:12) അക്കാര്യം സൂചിപ്പിച്ചുകൊണ്ട് പൗലോസ് അപ്പോസ്തലൻ എഴുതി: “അവരിൽ ചിലരെപ്പോലെ നമ്മൾ അധാർമികപ്രവൃത്തികൾ ചെയ്യരുത്. അധാർമികപ്രവൃത്തി കാരണം ഒറ്റ ദിവസംകൊണ്ട് അവരിൽ 23,000 പേരാണു മരിച്ചുവീണത്.”a—1 കൊരിന്ത്യർ 10:8.
5, 6. മോവാബ് സമഭൂമിയിൽവെച്ച് ഇസ്രായേല്യർ പാപം ചെയ്തതു സംബന്ധിച്ച വിവരണം ഇന്നു നമുക്കു പ്രസക്തമായിരിക്കുന്നത് എന്തുകൊണ്ട്?
5 പുരാതനകാലത്തേതിനെക്കാൾ ശ്രേഷ്ഠമായ ഒരു വാഗ്ദത്തദേശത്തിന്റെ കവാടത്തിൽ എത്തിനിൽക്കുന്ന ദൈവജനത്തിനു സംഖ്യാപുസ്തകത്തിലെ ആ വിവരണത്തിൽനിന്ന് സുപ്രധാനമായ നിരവധി പാഠങ്ങൾ പഠിക്കാനുണ്ട്. (1 കൊരിന്ത്യർ 10:11) ഉദാഹരണത്തിന്, ലൈംഗികതയോടുള്ള അഭിനിവേശത്തിന്റെ കാര്യത്തിൽ പുരാതനമോവാബിലെ സ്ഥിതിവിശേഷമാണ് ഇന്നു ലോകത്തിലുള്ളത്, വാസ്തവത്തിൽ അന്നത്തെക്കാൾ അധഃപതിച്ച അവസ്ഥ. ഓരോ വർഷവും ആയിരക്കണക്കിനു ക്രിസ്ത്യാനികളാണ് ഇസ്രായേല്യർ കുടുങ്ങിയ അതേ കെണിയിൽ വീണുപോകുന്നത്. (2 കൊരിന്ത്യർ 2:11) യാതൊരു കൂസലുമില്ലാതെ ഒരു മിദ്യാന്യസ്ത്രീയെ ഇസ്രായേല്യപാളയത്തിലുള്ള തന്റെ കൂടാരത്തിലേക്കു കൊണ്ടുവന്ന സിമ്രിയെപ്പോലെ, ഇന്നു ദൈവജനവുമായി സഹവസിക്കുന്ന ചിലർ ക്രിസ്തീയസഭയിൽ ഒരു ദുസ്സ്വാധീനമായിത്തീർന്നിരിക്കുന്നു.—സംഖ്യ 25:6, 14; യൂദ 4.
6 നിങ്ങൾ ഇന്ന് എത്തിനിൽക്കുന്നത് ആധുനികകാലത്തെ മോവാബ് സമഭൂമിയിലാണെന്നു നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? നിങ്ങളുടെ പ്രതിഫലം—ഇന്നോളം കാത്തുകാത്തിരുന്ന ആ പുതിയലോകം—കൺമുമ്പിൽ കാണാൻ നിങ്ങൾക്കാകുന്നുണ്ടോ? ഉണ്ടെങ്കിൽ, “അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലൂ!” എന്ന കല്പന അനുസരിച്ചുകൊണ്ട് ദൈവസ്നേഹത്തിൽ നിലനിൽക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുക.—1 കൊരിന്ത്യർ 6:18.
മോവാബ് സമഭൂമി—ഒരു ദൃശ്യം
എന്താണു ലൈംഗിക അധാർമികത?
7, 8. എന്താണു ലൈംഗിക അധാർമികത, അധാർമികപ്രവൃത്തികൾ ചെയ്യുന്നവർ വിതയ്ക്കുന്നതുതന്നെ കൊയ്യുമെന്നു പറയുന്നത് എന്തുകൊണ്ട്?
7 ബൈബിളിൽ “ലൈംഗിക അധാർമികത” (ഗ്രീക്ക്, പോർണിയ) എന്ന പദം അവിഹിതമായ ലൈംഗികബന്ധങ്ങളെയാണു കുറിക്കുന്നത്. അതായത്, തിരുവെഴുത്തധിഷ്ഠിതമായ വിവാഹത്തിനു പുറത്തുള്ള ലൈംഗികബന്ധങ്ങൾ. വ്യഭിചാരം, വേശ്യാവൃത്തി, അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധം (അധരസംഭോഗം, ഗുദസംഭോഗം എന്നിവ ഉൾപ്പെടെ), വിവാഹയിണയല്ലാത്ത ഒരാളുടെ ലൈംഗികാവയവം ഉത്തേജിപ്പിക്കൽ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. സ്വവർഗസംഭോഗം, മൃഗസംഭോഗം എന്നിവയും ഇതിൽപ്പെടുന്നു.b
8 തിരുവെഴുത്തുവീക്ഷണം വളരെ വ്യക്തമാണ്: അധാർമികപ്രവൃത്തികൾ ചെയ്യുന്നവർക്കു ക്രിസ്തീയസഭയുടെ ഭാഗമായിരിക്കാനോ നിത്യജീവൻ നേടാനോ കഴിയില്ല. (1 കൊരിന്ത്യർ 6:9; വെളിപാട് 22:15) ഇപ്പോൾപ്പോലും അത് അവർക്കു വലിയ ദോഷം വരുത്തിവെക്കുന്നു. മറ്റുള്ളവർക്ക് അവരിലുള്ള വിശ്വാസം, അവരുടെതന്നെ ആത്മാഭിമാനം എന്നിവ നഷ്ടമാകുമെന്നു മാത്രമല്ല, ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ, കുറ്റഭാരം പേറുന്ന മനസ്സാക്ഷി, ആഗ്രഹിക്കാത്ത ഗർഭധാരണം, രോഗങ്ങൾ, മരണം തുടങ്ങിയവയ്ക്കും അതു വഴിവെക്കുന്നു. (ഗലാത്യർ 6:7, 8 വായിക്കുക.) ഇത്രയേറെ ദുരന്തങ്ങൾ നിറഞ്ഞ ഒരു പാതയിലേക്ക് എന്തിനു കാലെടുത്തുവെക്കണം? അതിലേക്കുള്ള ആദ്യചുവടു വെക്കുമ്പോൾ പലരും അത്ര കടന്നുചിന്തിക്കാറില്ല എന്നതാണു ദുഃഖകരമായ സത്യം. പലപ്പോഴും അശ്ലീലത്തിന്റെ രൂപത്തിൽ തുടങ്ങുന്ന ആ ആദ്യചുവടിനെക്കുറിച്ച് നമുക്ക് ഇപ്പോൾ ചിന്തിക്കാം.
അശ്ലീലം—ആദ്യചുവട്
9. ചിലർ പറയുന്നതുപോലെ, അശ്ലീലം നിരുപദ്രവകരമാണോ? വിശദമാക്കുക.
9 സംഗീതം, ടെലിവിഷൻ, ഇന്റർനെറ്റ്, കടകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന പത്രമാസികകൾ എന്നിവയിലെല്ലാം അശ്ലീലം സർവസാധാരണമാണ്.c ചിലർ പറയുന്നതുപോലെ അതു നിരുപദ്രവകരമാണോ? ഒരിക്കലുമല്ല! അശ്ലീലം കാണുന്നവർ സ്വയംഭോഗം ഒരു ശീലമാക്കുകയും “കടിഞ്ഞാണില്ലാത്ത കാമവികാരങ്ങൾ” മനസ്സിലിട്ട് താലോലിക്കുകയും ചെയ്തേക്കാം.d ഫലമോ? ലൈംഗികാസക്തി, വഴിപിഴച്ച മോഹങ്ങൾ, ഗുരുതരമായ ദാമ്പത്യപ്രശ്നങ്ങൾ, വിവാഹമോചനം എന്നിവതന്നെ. (റോമർ 1:24-27; എഫെസ്യർ 4:19) ലൈംഗികാസക്തിയെ ഒരു ഗവേഷകൻ കാൻസറിനോടാണ് ഉപമിച്ചത്. “അതു വളർന്നുവ്യാപിച്ചുകൊണ്ടിരിക്കും. തനിയെ മാറാൻ സാധ്യതയില്ലെന്നു മാത്രമല്ല, ചികിത്സിച്ച് ഭേദമാക്കാൻ വളരെ പ്രയാസവുമാണ്,” അദ്ദേഹം പറയുന്നു.
വീട്ടിൽ മറ്റുള്ളവർക്കു കാണാവുന്ന ഒരിടത്തുവെച്ച് ഇന്റർനെറ്റ് ഉപയോഗിക്കുന്നതാണു നല്ലത്
10. യാക്കോബ് 1:14, 15-ലെ തത്ത്വം നമുക്ക് എങ്ങനെ പ്രാവർത്തികമാക്കാം? (“ധാർമികശുദ്ധി പാലിക്കാനുള്ള ശക്തി” എന്ന ചതുരവും കാണുക.)
10 യാക്കോബ് 1:14, 15-ലെ വാക്കുകൾ ശ്രദ്ധിക്കുക: “സ്വന്തം മോഹങ്ങളാണ് ഓരോരുത്തരെയും ആകർഷിച്ച് മയക്കി പരീക്ഷണങ്ങളിൽ അകപ്പെടുത്തുന്നത്. പിന്നെ മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. അങ്ങനെ പാപം ചെയ്യുമ്പോൾ മരണം ജനിക്കുന്നു.” അതുകൊണ്ട് തെറ്റായ ഒരു മോഹം നിങ്ങളുടെ മനസ്സിൽ കയറിക്കൂടുന്നപക്ഷം എത്രയും പെട്ടെന്ന് അതു പിഴുതുകളയുക! ഉദാഹരണത്തിന്, യാദൃച്ഛികമായി നഗ്നചിത്രങ്ങൾ നിങ്ങളുടെ കൺമുമ്പിൽ പ്രത്യക്ഷപ്പെട്ടാൽ പെട്ടെന്നുതന്നെ നോട്ടം മാറ്റുകയോ കമ്പ്യൂട്ടർ ഓഫ് ചെയ്യുകയോ ടിവി ചാനൽ മാറ്റുകയോ ചെയ്യുക. അധാർമികമോഹങ്ങൾക്കു കീഴടങ്ങാതിരിക്കാൻ കഴിയുന്നതെല്ലാം ചെയ്യുക. അങ്ങനെ അവ നിയന്ത്രണാതീതമായിത്തീർന്ന് നിങ്ങളെ കീഴ്പെടുത്തുന്നത് ഒഴിവാക്കുക.—മത്തായി 5:29, 30 വായിക്കുക.
11. തെറ്റായ മോഹങ്ങളോടു പോരാടുമ്പോൾ യഹോവയിൽ ആശ്രയിക്കുന്നെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
11 നമ്മളെക്കുറിച്ച് നമ്മളെക്കാളും അറിയാവുന്ന ദൈവം, ഇങ്ങനെ ഉപദേശിക്കുന്നതിനു തക്ക കാരണമുണ്ട്: “അതുകൊണ്ട് ലൈംഗിക അധാർമികത, അശുദ്ധി, അനിയന്ത്രിതമായ കാമാവേശം, ദുഷിച്ച മോഹങ്ങൾ, അത്യാഗ്രഹമെന്ന വിഗ്രഹാരാധന എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളുടെ ഭൗമികാവയവങ്ങളെ കൊന്നുകളയുക.” (കൊലോസ്യർ 3:5) അങ്ങനെ ചെയ്യാൻ എളുപ്പമല്ല എന്നതു ശരിതന്നെ. എന്നാൽ നമുക്കു വിളിച്ചപേക്ഷിക്കാൻ, സ്നേഹവും ക്ഷമയും ഉള്ള ഒരു സ്വർഗീയപിതാവ് ഉണ്ടെന്ന് ഓർക്കുക. (സങ്കീർത്തനം 68:19) അതുകൊണ്ട് തെറ്റായ ചിന്തകൾ മനസ്സിലേക്കു വരുമ്പോൾത്തന്നെ ദൈവത്തിലേക്കു തിരിയുക. “അസാധാരണശക്തി”ക്കായി പ്രാർഥിക്കുകയും മനസ്സിനെ മറ്റു കാര്യങ്ങളിലേക്കു തിരിച്ചുവിടുകയും ചെയ്യുക.—2 കൊരിന്ത്യർ 4:7; 1 കൊരിന്ത്യർ 9:27; “എനിക്ക് എങ്ങനെ ഒരു ദുശ്ശീലം നിറുത്താനാകും?” എന്ന ചതുരം കാണുക.
12. എന്താണു നമ്മുടെ “ഹൃദയം,” അതു കാത്തുസൂക്ഷിക്കേണ്ടത് എന്തുകൊണ്ട്?
12 ജ്ഞാനിയായ ശലോമോൻ എഴുതി: “മറ്റ് എന്തിനെക്കാളും പ്രധാനം നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുന്നതാണ്; അതിൽനിന്നാണു ജീവന്റെ ഉറവുകൾ ആരംഭിക്കുന്നത്.” (സുഭാഷിതങ്ങൾ 4:23) നമ്മുടെ ആന്തരികവ്യക്തിത്വത്തെ, അതായത് ദൈവദൃഷ്ടിയിൽ നമ്മൾ എങ്ങനെയുള്ള വ്യക്തികളാണ് എന്നതിനെയാണു “ഹൃദയം” എന്ന പ്രയോഗം അർഥമാക്കുന്നത്. മറ്റുള്ളവർ നമ്മളെ എങ്ങനെ കാണുന്നു എന്നതല്ല, നമ്മുടെ ‘ഹൃദയത്തെ’ ദൈവം എങ്ങനെ കാണുന്നു എന്നതാണു നമുക്കു നിത്യജീവൻ കിട്ടുമോ ഇല്ലയോ എന്നു നിശ്ചയിക്കുന്നത്. അത്ര ലളിതമാണ് അത്, അത്രതന്നെ ഗൗരവമുള്ളതും. മോശമായ രീതിയിൽ ഒരു സ്ത്രീയെ നോക്കാതിരിക്കേണ്ടതിനു വിശ്വസ്തനായ ഇയ്യോബ് തന്റെ കണ്ണുമായി ഒരു ഉടമ്പടി ചെയ്തു. (ഇയ്യോബ് 31:1) എത്ര നല്ല മാതൃക! അതേ മനോഭാവത്തോടെ ഒരു സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രാർഥിച്ചു: “ഒരു ഗുണവുമില്ലാത്ത കാര്യങ്ങൾ കാണാതിരിക്കാൻ എന്റെ നോട്ടം തിരിച്ചുവിടേണമേ.”—സങ്കീർത്തനം 119:37.
ദീനയുടെ ബുദ്ധിമോശം
13. ദീന ആരായിരുന്നു, സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ അവൾ ബുദ്ധിമോശം കാണിച്ചത് എങ്ങനെ?
13 മൂന്നാം അധ്യായത്തിൽ കണ്ടതുപോലെ, സുഹൃത്തുക്കൾക്കു നമ്മളെ ശക്തമായി സ്വാധീനിക്കാനാകും. അതിന്റെ ഫലം നല്ലതോ മോശമോ ആകാം. (സുഭാഷിതങ്ങൾ 13:20; 1 കൊരിന്ത്യർ 15:33 വായിക്കുക.) ഗോത്രപിതാവായ യാക്കോബിന്റെ മകൾ ദീനയുടെ കാര്യമെടുക്കുക. മാതാപിതാക്കളുടെ നല്ല പരിശീലനം കിട്ടിയിരുന്നെങ്കിലും അവൾ കനാന്യപെൺകുട്ടികളുമായി ചങ്ങാത്തത്തിലായി. അതു ബുദ്ധിമോശമായിരുന്നു; കാരണം മോവാബ്യരെപ്പോലെ കനാന്യരും അധാർമികതയ്ക്കു പേര് കേട്ടവരായിരുന്നു. (ലേവ്യ 18:6-25) മറ്റു കനാന്യസ്ത്രീകളെപ്പോലെ ദീനയും തങ്ങളുടെ ആഗ്രഹങ്ങൾക്കു വഴങ്ങിത്തരുമെന്ന്, ശെഖേം (പിതൃഭവനത്തിലെ “ഏറ്റവും ആദരണീയനായിരുന്നു” ശെഖേം) ഉൾപ്പെടെയുള്ള കനാന്യപുരുഷന്മാർ ചിന്തിച്ചിരിക്കണം.—ഉൽപത്തി 34:18, 19.
14. ദീനയുടെ കൂട്ടുകെട്ടു ദുരന്തത്തിലേക്കു നയിച്ചത് എങ്ങനെ?
14 ശെഖേമുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നു ദീന ആഗ്രഹിച്ചിരിക്കാനിടയില്ല. ലൈംഗികമോഹം തോന്നുമ്പോൾ മിക്ക കനാന്യരും ചെയ്യുമായിരുന്നതു പക്ഷേ ശെഖേമും ചെയ്തു. ചെറുത്തുനിൽക്കാൻ അവൾ ശ്രമിച്ചെങ്കിൽത്തന്നെ അതു പരാജയപ്പെട്ടു. കാരണം, അവൻ അവളെ “പിടിച്ചുകൊണ്ടുപോയി” എന്നും “മാനഭംഗപ്പെടുത്തി” എന്നും ബൈബിൾ പറയുന്നു. പിന്നീട് ശെഖേം ദീനയെ ‘പ്രണയിക്കാൻതുടങ്ങിയെങ്കിലും’ അവന്റെ തെറ്റിന് അതു പരിഹാരമാകുമായിരുന്നില്ല. (ഉൽപത്തി 34:1-4 വായിക്കുക.) ദീന മാത്രമല്ല അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവന്നത്. അവളുടെ മോശമായ കൂട്ടുകെട്ട്, കുടുംബത്തിനു മൊത്തം അപമാനവും പേരുദോഷവും വരുത്തിവെച്ച സംഭവപരമ്പരകൾക്കു തുടക്കംകുറിച്ചു.—ഉൽപത്തി 34:7, 25-31; ഗലാത്യർ 6:7, 8.
15, 16. യഥാർഥജ്ഞാനം നമുക്ക് എങ്ങനെ നേടാം? (“ധ്യാനിക്കാനുള്ള തിരുവെഴുത്തുകൾ” എന്ന ചതുരവും കാണുക.)
15 ദീന ഒരു പാഠം പഠിച്ചെങ്കിൽത്തന്നെ അതു കയ്പേറിയ അനുഭവത്തിലൂടെയായിരുന്നു. യഹോവയെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ ഈ വിധത്തിൽ പാഠങ്ങൾ പഠിക്കേണ്ടതില്ല. ദൈവത്തെ അനുസരിക്കുന്ന അവർ ‘ജ്ഞാനികളുടെകൂടെ നടക്കാനായിരിക്കും’ തീരുമാനിക്കുക. (സുഭാഷിതങ്ങൾ 13:20എ) അങ്ങനെ അവർ “സകല സന്മാർഗ്ഗവും” തിരിച്ചറിയുകയും അനാവശ്യപ്രശ്നങ്ങളും വേദനകളും ഒഴിവാക്കുകയും ചെയ്യും.—സുഭാഷിതങ്ങൾ 2:6-9; സങ്കീർത്തനം 1:1-3.
16 ദൈവികജ്ഞാനത്തിനുവേണ്ടി തീവ്രമായി ആഗ്രഹിക്കുന്ന എല്ലാവർക്കും അതു ലഭ്യമാണ്. ദൈവവചനവും വിശ്വസ്തനും വിവേകിയും ആയ അടിമ തരുന്ന പ്രസിദ്ധീകരണങ്ങളും ക്രമമായി പഠിക്കുകയും പ്രാർഥനയിൽ ഉറ്റിരിക്കുകയും ചെയ്തുകൊണ്ട് ആ ആഗ്രഹം തൃപ്തിപ്പെടുത്തണമെന്നുമാത്രം. (മത്തായി 24:45; യാക്കോബ് 1:5) അതുപോലെതന്നെ പ്രധാനമാണു താഴ്മയും. അതുണ്ടെങ്കിലേ തിരുവെഴുത്തുബുദ്ധിയുപദേശം അനുസരിക്കാനുള്ള മനസ്സുണ്ടാകൂ. (2 രാജാക്കന്മാർ 22:18, 19) ഉദാഹരണത്തിന്, തന്റെ ഹൃദയം വഞ്ചകവും സാഹസത്തിനു തുനിയുന്നതും ആണെന്ന വസ്തുത ഒരു ക്രിസ്ത്യാനി അംഗീകരിച്ചേക്കാം. (യിരെമ്യ 17:9) എന്നാൽ സ്നേഹത്തോടെ തരുന്ന ബുദ്ധിയുപദേശവും സഹായവും സ്വീകരിക്കേണ്ട ഒരു സാഹചര്യത്തിൽ അദ്ദേഹം അതിനുള്ള താഴ്മ കാണിക്കുമോ?
17. കുടുംബത്തിൽ ഉണ്ടായേക്കാവുന്ന ഒരു സാഹചര്യം വിവരിക്കുക, തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ചിന്തിക്കാൻ ഒരു അപ്പനു മകളെ എങ്ങനെ സഹായിക്കാമെന്നു വിശദീകരിക്കുക.
17 ഒരു കുടുംബത്തിലെ പിൻവരുന്ന സാഹചര്യം മനസ്സിൽ കാണുക. ഒരു യുവസഹോദരനോടൊപ്പം തനിച്ചു പുറത്ത് പോകാൻ ഒരു അപ്പൻ തന്റെ മകളെ അനുവദിക്കുന്നില്ല. “ഡാഡിക്ക് എന്താ എന്നെ വിശ്വാസമില്ലേ? ഞങ്ങൾ അരുതാത്തത് എന്തെങ്കിലും ചെയ്യുമെന്നു ഡാഡിക്കു തോന്നുന്നുണ്ടോ?” പെൺകുട്ടി ചോദിക്കുന്നു. അവൾക്കു തെറ്റായ ഉദ്ദേശ്യമൊന്നുമില്ല, യഹോവയോടു സ്നേഹമുണ്ടുതാനും. എങ്കിലും അവൾ ദൈവിക“ജ്ഞാനത്തോടെ നടക്കു”കയാണെന്നു പറയാനാകുമോ? അവൾ ‘അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലുകയാണോ,’ അതോ “സ്വന്തഹൃദയത്തെ ആശ്രയി”ച്ചുകൊണ്ട് ബുദ്ധിമോശം കാണിക്കുകയാണോ? (സുഭാഷിതങ്ങൾ 28:26) ഈ സാഹചര്യത്തിലായിരിക്കുന്ന ഒരു അപ്പനെയും മകളെയും, നല്ല തീരുമാനമെടുക്കാൻ സഹായിക്കുന്ന മറ്റു തത്ത്വങ്ങളെക്കുറിച്ച് ഒരുപക്ഷേ നിങ്ങൾക്കു ചിന്തിക്കാനാകും.—സുഭാഷിതങ്ങൾ 22:3; മത്തായി 6:13; 26:41 എന്നിവ കാണുക.
ലൈംഗിക അധാർമികതയിൽനിന്ന് ഓടിയകന്ന യോസേഫ്
18, 19. യോസേഫിന് ഏതു പ്രലോഭനം നേരിട്ടു, യോസേഫ് അതു കൈകാര്യം ചെയ്തത് എങ്ങനെ?
18 ദൈവത്തോടു സ്നേഹമുണ്ടായിരുന്ന, ലൈംഗിക അധാർമികതയിൽനിന്ന് ഓടിയകന്ന ഒരു നല്ല യുവാവായിരുന്നു ദീനയുടെ അർധസഹോദരനായ യോസേഫ്. (ഉൽപത്തി 30:20-24) തന്റെ സഹോദരി കാണിച്ച ബുദ്ധിമോശത്തിന്റെ ഭവിഷ്യത്തുകൾ കുട്ടിക്കാലത്ത് നേരിൽ കണ്ടിരുന്നു യോസേഫ്. ആ ഓർമകളും ദൈവസ്നേഹത്തിൽ നിലനിൽക്കാനുള്ള ആഗ്രഹവും ആണ്, വർഷങ്ങൾക്കു ശേഷം ഈജിപ്തിൽവെച്ച് തന്നെ വശീകരിക്കാൻ യജമാനന്റെ ഭാര്യ “എല്ലാ ദിവസവും” ശ്രമിച്ചപ്പോൾ യോസേഫിനു സംരക്ഷണമായത് എന്നതിനു സംശയമില്ല. അടിമയായതുകൊണ്ട് ജോലി ഉപേക്ഷിച്ചുപോകാൻ യോസേഫിനു കഴിയില്ലായിരുന്നു; ജ്ഞാനത്തോടെയും ധൈര്യത്തോടെയും കൈകാര്യം ചെയ്യേണ്ട സാഹചര്യമായിരുന്നു അത്. പോത്തിഫറിന്റെ ഭാര്യയുടെ ആഗ്രഹം ആവർത്തിച്ച് നിരാകരിച്ചുകൊണ്ടും ഒടുവിൽ അവളിൽനിന്ന് ഓടിയകന്നുകൊണ്ടും അവൻ അതു ചെയ്തു.—ഉൽപത്തി 39:7-12 വായിക്കുക.
19 ഒന്ന് ആലോചിച്ചുനോക്കൂ: പോത്തിഫറിന്റെ ഭാര്യയെയും ലൈംഗികകാര്യങ്ങളെയും കുറിച്ച് ദിവാസ്വപ്നം കണ്ടുകൊണ്ടിരുന്നെങ്കിൽ നിഷ്കളങ്കത കൈവിടാതിരിക്കാൻ യോസേഫിനു കഴിയുമായിരുന്നോ? സാധ്യതയനുസരിച്ച് ഇല്ല. തെറ്റായ ചിന്തകളെ താലോലിക്കുന്നതിനു പകരം യഹോവയുമായുള്ള ബന്ധത്തിനു യോസേഫ് വിലകല്പിച്ചു. പോത്തിഫറിന്റെ ഭാര്യയോടുള്ള അവന്റെ വാക്കുകളിൽനിന്ന് അതു വ്യക്തമാണ്: “നിങ്ങൾ യജമാനന്റെ ഭാര്യയായതിനാൽ നിങ്ങളെയല്ലാതെ മറ്റൊന്നും (യജമാനൻ) എനിക്കു വിലക്കിയിട്ടുമില്ല. ആ സ്ഥിതിക്ക്, ഇത്ര വലിയൊരു തെറ്റു ചെയ്ത് ഞാൻ ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ?”—ഉൽപത്തി 39:8, 9.
20. യോസേഫിന്റെ കാര്യത്തിൽ യഹോവ കാര്യങ്ങളെ നയിച്ചത് എങ്ങനെ?
20 കുടുംബാംഗങ്ങളിൽനിന്ന് അകലെ കഴിയുന്ന യുവാവായ യോസേഫ് ഓരോ ദിവസവും നിഷ്കളങ്കത കൈവിടാതെ ജീവിക്കുന്നതു കണ്ടപ്പോൾ യഹോവയ്ക്ക് എന്തുമാത്രം സന്തോഷം തോന്നിക്കാണുമെന്നു ചിന്തിച്ചുനോക്കൂ. (സുഭാഷിതങ്ങൾ 27:11) തുടർന്ന് യഹോവ കാര്യങ്ങളെ നയിച്ചു. അതിന്റെ ഫലമായി, യോസേഫ് തടവറയിൽനിന്ന് മോചിതനായെന്നു മാത്രമല്ല ഈജിപ്തിന്റെ പ്രധാനമന്ത്രിയും ഭക്ഷ്യമേൽവിചാരകനും ആയിത്തീരുകയും ചെയ്തു! (ഉൽപത്തി 41:39-49) “യഹോവയെ സ്നേഹിക്കുന്നവരേ, മോശമായതെല്ലാം വെറുക്കൂ! തന്റെ വിശ്വസ്തരുടെ ജീവനെ ദൈവം കാത്തുരക്ഷിക്കുന്നു; ദുഷ്ടന്റെ കൈയിൽനിന്ന് അവരെ മോചിപ്പിക്കുന്നു” എന്ന സങ്കീർത്തനം 97:10-ലെ വാക്കുകൾ എത്ര സത്യമാണ്!
21. ആഫ്രിക്കയിലുള്ള ഒരു യുവസഹോദരൻ നിഷ്കളങ്കത കൈവിടാതിരുന്നത് എങ്ങനെ?
21 യോസേഫിനെപ്പോലെ “മോശമായതു വെറുത്ത് നല്ലതിനെ സ്നേഹിക്കു”ന്ന അനേകം ദൈവദാസന്മാർ ഇന്നുമുണ്ട്. (ആമോസ് 5:15) ഒരു ആഫ്രിക്കൻരാജ്യത്തുള്ള ഒരു യുവസഹോദരന്റെ കാര്യമെടുക്കുക. കണക്കുപരീക്ഷയ്ക്കു സഹായിച്ചാൽ താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അനുവദിക്കാമെന്നു ക്ലാസ്സിലെ ഒരു പെൺകുട്ടി പറഞ്ഞതായി അദ്ദേഹം ഓർക്കുന്നു. ആ സഹോദരൻ പറയുന്നു: “ഞാൻ അപ്പോൾത്തന്നെ അതു നിരാകരിച്ചു. നിഷ്കളങ്കത കൈവിടാതിരുന്നതുകൊണ്ട് സ്വർണത്തെക്കാളും വെള്ളിയെക്കാളും വിലയേറിയ എന്റെ അന്തസ്സും ആത്മാഭിമാനവും കാത്തുസൂക്ഷിക്കാൻ എനിക്കായി.” പാപം ‘താത്കാലികമായ സുഖം’ തന്നേക്കാമെങ്കിലും അതു പലപ്പോഴും വലിയ ദുഃഖത്തിനു കാരണമാകും. (എബ്രായർ 11:25) മാത്രമല്ല, യഹോവയെ അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന ശാശ്വതസന്തോഷത്തോടുള്ള താരതമ്യത്തിൽ അത് ഒന്നുമല്ല!—സുഭാഷിതങ്ങൾ 10:22.
കരുണാമയനായ ദൈവത്തിന്റെ സഹായം സ്വീകരിക്കുക
22, 23. (എ) ഗുരുതരമായ പാപം ചെയ്തുപോയ ഒരു ക്രിസ്ത്യാനിയുടെ സാഹചര്യം ആശയറ്റതല്ലാത്തത് എന്തുകൊണ്ട്? (ബി) തെറ്റു ചെയ്ത വ്യക്തിക്ക് എന്തു സഹായം ലഭ്യമാണ്?
22 അപൂർണരായതുകൊണ്ട് ജഡികമായ ആഗ്രഹങ്ങളെ കീഴടക്കാനും ദൈവമുമ്പാകെ ശരിയായതു ചെയ്യാനും നമുക്കു തീവ്രശ്രമം ചെയ്യേണ്ടിവരുന്നു. (റോമർ 7:21-25) യഹോവയ്ക്ക് അത് അറിയാം; “നാം പൊടിയെന്നു ദൈവം ഓർക്കുന്നു.” (സങ്കീർത്തനം 103:14) ചിലപ്പോൾ ഒരു ക്രിസ്ത്യാനി ഗുരുതരമായ പാപം ചെയ്തെന്നുവരാം. അയാളുടെ സാഹചര്യം ആശയറ്റതാണോ? ഒരിക്കലുമല്ല! ദാവീദിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, പാപത്തിന്റെ ഭവിഷ്യത്തുകൾ അദ്ദേഹം അനുഭവിക്കേണ്ടിവരും. എന്നാൽ ആത്മാർഥമായ പശ്ചാത്താപത്തോടെ പാപങ്ങൾ ‘ഏറ്റുപറയുന്നവരോടു’ “ക്ഷമിക്കാൻ” സദാ സന്നദ്ധനാണു ദൈവം.—യാക്കോബ് 5:16; സങ്കീർത്തനം 86:5; സുഭാഷിതങ്ങൾ 28:13 വായിക്കുക.
23 കൂടാതെ, നമ്മളെ സഹായിക്കാൻ യോഗ്യരും സന്നദ്ധരും ആയ ‘സമ്മാനങ്ങളായ മനുഷ്യരെ,’ അതായത് പക്വതയുള്ള ആത്മീയയിടയന്മാരെ, ദൈവം കരുണാപൂർവം ക്രിസ്തീയസഭയിൽ നിയമിച്ചിരിക്കുന്നു. (എഫെസ്യർ 4:8, 12; യാക്കോബ് 5:14, 15) തെറ്റു ചെയ്ത വ്യക്തിയെ ദൈവവുമായുള്ള ബന്ധത്തിലേക്കു തിരിച്ചുവരാൻ സഹായിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ജ്ഞാനിയായ ശലോമോന്റെ വാക്കുകളിൽ പറഞ്ഞാൽ, തെറ്റ് ആവർത്തിക്കാതിരിക്കേണ്ടതിന് “വകതിരിവ്” നേടാൻ അദ്ദേഹത്തെ സഹായിക്കാനാണ് അവർ ശ്രമിക്കുന്നത്.—സുഭാഷിതങ്ങൾ 15:32.
‘വകതിരിവ് നേടുക’
24, 25. (എ) സുഭാഷിതങ്ങൾ 7:6-23-ൽ പരാമർശിച്ചിരിക്കുന്ന യുവാവ് ‘സാമാന്യബോധമില്ലാത്തവനാണെന്ന്’ തെളിയിച്ചത് എങ്ങനെ? (ബി) നമുക്ക് എങ്ങനെ ‘വകതിരിവ് നേടാം?’
24 ‘സാമാന്യബോധമില്ലാത്തവരെ’ക്കുറിച്ചും ‘വകതിരിവ് നേടുന്നവരെ’ക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. (സുഭാഷിതങ്ങൾ 7:7) ആത്മീയപക്വതയോ ദൈവസേവനത്തിലെ അനുഭവപരിചയമോ ഇല്ലാത്തതുകൊണ്ട്, ‘സാമാന്യബോധമില്ലാത്ത’ ഒരു വ്യക്തിക്കു ശരിയായ തീരുമാനമെടുക്കാൻ കഴിയാതെപോയേക്കാം. സുഭാഷിതങ്ങൾ 7:6-23-ൽ വിവരിച്ചിരിക്കുന്ന ചെറുപ്പക്കാരനെപ്പോലെ അയാൾ ഗുരുതരമായ പാപത്തിൽ എളുപ്പം വീണുപോകാനിടയുണ്ട്. എന്നാൽ ‘വകതിരിവ് നേടുന്ന’ ഒരു വ്യക്തി പ്രാർഥനാപൂർവം, നിരന്തരം ദൈവവചനം പഠിച്ചുകൊണ്ട് തന്റെ ആന്തരികവ്യക്തിത്വത്തിനു നല്ല ശ്രദ്ധ കൊടുക്കുന്നു. അപൂർണനെങ്കിലും തന്റെ ചിന്തകളും ആഗ്രഹങ്ങളും വികാരങ്ങളും ലക്ഷ്യങ്ങളും ദൈവത്തെ പ്രസാദിപ്പിക്കുന്ന വിധത്തിലാക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കും. അതിലൂടെ ആ വ്യക്തി “സ്വന്തം ജീവനെ സ്നേഹിക്കു”കയായിരിക്കും ചെയ്യുക; അദ്ദേഹം “വിജയിക്കു”കയും ചെയ്യും.—സുഭാഷിതങ്ങൾ 19:8.
25 നിങ്ങളോടുതന്നെ ചോദിക്കുക: ‘ദൈവത്തിന്റെ നിലവാരങ്ങൾ ശരിയാണെന്ന് എനിക്കു പൂർണബോധ്യമുണ്ടോ? അവയോടു പറ്റിനിൽക്കുന്നതിലും വലിയ സന്തോഷം കിട്ടാനില്ലെന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നുണ്ടോ?’ (സങ്കീർത്തനം 19:7-10; യശയ്യ 48:17, 18) ഇക്കാര്യത്തിൽ അൽപ്പം സംശയമുണ്ടെങ്കിൽപ്പോലും വേണ്ട നടപടികൾ സ്വീകരിക്കുക. ദൈവനിയമങ്ങൾ അവഗണിക്കുന്നതിന്റെ പരിണതഫലങ്ങളെക്കുറിച്ച് ചിന്തിക്കുക. കൂടാതെ, ദിവ്യസത്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും, സത്യമായതും നീതിനിഷ്ഠമായതും നിർമലമായതും സ്നേഹം ജനിപ്പിക്കുന്നതും അത്യുത്തമമായതും ആയ കാര്യങ്ങളാൽ മനസ്സു നിറയ്ക്കുകയും ചെയ്തുകൊണ്ട് ‘യഹോവ നല്ലവനെന്നു രുചിച്ചറിയുക.’ (സങ്കീർത്തനം 34:8; ഫിലിപ്പിയർ 4:8, 9) അങ്ങനെ ചെയ്യുമ്പോൾ, ദൈവത്തോടും ദൈവം പ്രിയപ്പെടുന്ന കാര്യങ്ങളോടും ഉള്ള നിങ്ങളുടെ സ്നേഹവും ദൈവം വെറുക്കുന്ന കാര്യങ്ങളോടുള്ള നിങ്ങളുടെ വെറുപ്പും വർധിച്ചുവരും എന്നതു തീർച്ച. യോസേഫ് അമാനുഷനല്ലായിരുന്നു. എന്നിട്ടും, ‘അധാർമികപ്രവൃത്തികളിൽനിന്ന് ഓടിയകലാൻ’ യോസേഫിനു സാധിച്ചു. കാരണം, വർഷങ്ങളിലൂടെ തന്നെ രൂപപ്പെടുത്താൻ യോസേഫ് യഹോവയെ അനുവദിച്ചിരുന്നു. അതുകൊണ്ട് യോസേഫ് വകതിരിവ് നേടി. നിങ്ങളുടെ കാര്യത്തിലും അതു സത്യമായിത്തീരട്ടെ.—യശയ്യ 64:8.
26. അടുത്തതായി നമ്മൾ ഏതു സുപ്രധാനവിഷയം പഠിക്കും?
26 സ്രഷ്ടാവ് പുനരുത്പാദത്തിനുള്ള അവയവങ്ങൾ തന്നതു വെറും ഭോഗാസക്തി തൃപ്തിപ്പെടുത്താനുള്ള ഒരു ഉപാധിയെന്ന നിലയിലല്ല, മറിച്ച് മക്കളെ ജനിപ്പിക്കാനും ദാമ്പത്യത്തിൽ ആസ്വാദനം കണ്ടെത്താനും ആണ്. (സുഭാഷിതങ്ങൾ 5:18) വിവാഹം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം എന്താണെന്നു തുടർന്ന് വരുന്ന രണ്ട് അധ്യായങ്ങൾ ചർച്ച ചെയ്യും.
a സംഖ്യാപുസ്തകത്തിൽ കാണുന്ന എണ്ണത്തിൽ തെളിവനുസരിച്ച്, യഹോവ ന്യായാധിപന്മാർ മുഖാന്തരം കൊന്നുകളഞ്ഞ ‘ജനത്തിന്റെ നേതാക്കന്മാരും’ (ഇവർ 1,000-ത്തോളം പേർ ഉണ്ടായിരുന്നിരിക്കാം) യഹോവ നേരിട്ട് നശിപ്പിച്ചുകളഞ്ഞവരും ഉൾപ്പെടുന്നു.—സംഖ്യ 25:4, 5.
b അശുദ്ധനടപടികൾ, ധിക്കാരത്തോടെയുള്ള പെരുമാറ്റം എന്നീ പദപ്രയോഗങ്ങളുടെ അർഥം സംബന്ധിച്ച വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരത്തിന്റെ 2006 ജൂലൈ 15 ലക്കം “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
c ലൈംഗികമോഹങ്ങൾ ഉണർത്താൻ ഉദ്ദേശിച്ചുള്ള ചിത്രങ്ങളോ രതിവർണനകളോ റെക്കോർഡുചെയ്തതോ നേരിട്ടുള്ളതോ ആയ ടെലിഫോൺ സംഭാഷണങ്ങളോ ആണ് ഇവിടെ “അശ്ലീലം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വ്യക്തിയുടെ കാമോദ്ദീപകമായ ചിത്രംമുതൽ രണ്ടോ അതിലധികമോ ആളുകൾ ഉൾപ്പെട്ട ഹീനമായ കാമചേഷ്ടകളുടെ ചിത്രീകരണങ്ങൾവരെ ഇതിൽപ്പെടാം.
d “സ്വയംഭോഗം എന്ന ദുശ്ശീലത്തെ കീഴടക്കുക” എന്ന ഭാഗം അനുബന്ധത്തിൽ കാണുക.