-
യഹോവ തന്നെക്കുറിച്ചു വെളിപ്പെടുത്തുന്നുവീക്ഷാഗോപുരം—2009 | ഒക്‌ടോബർ 1
-
-
സീനായ് മലയിൽവെച്ച് മോശ യഹോവയോട്, “നിന്റെ തേജസ്സു എനിക്കു കാണിച്ചുതരേണമേ” എന്ന് അപേക്ഷിച്ചു. (പുറപ്പാടു 33:18) പിറ്റേന്ന് ദൈവത്തിന്റെ തേജസ്സിന്റെ ഒരംശം കാണാനുള്ള പദവി മോശയ്‌ക്കു ലഭിച്ചു.a പ്രൗഢോജ്ജ്വലമായ ആ ദർശനത്തിൽ താൻ എന്തൊക്കെ കണ്ടു എന്ന് മോശ വിശദീകരിക്കുന്നില്ല. എന്നാൽ, അതിനെക്കാൾ പ്രാധാന്യമുള്ള ഒന്ന്, അതായത് ദൈവം പറഞ്ഞ കാര്യങ്ങൾ, അവൻ രേഖപ്പെടുത്തിയിരിക്കുന്നു. പുറപ്പാടു 34:6, 7-ൽ രേഖപ്പെടുത്തിയിരിക്കുന്ന ആ വിവരങ്ങൾ നമുക്കിപ്പോൾ പരിശോധിക്കാം.
താൻ “കരുണയും കൃപയുമുള്ള” ദൈവമാണെന്ന് പറഞ്ഞുകൊണ്ടാണ് യഹോവ തന്നെക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നത്. (6-ാം വാക്യം) “കരുണ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദം ദൈവത്തിന്റെ “ആർദ്രതയെ, ഒരു പിതാവിന് മക്കളോടുള്ളതരം വികാരത്തെ” സൂചിപ്പിക്കുന്നതായി ഒരു പണ്ഡിതൻ പറയുന്നു. “കൃപ” എന്നതിന്റെ മൂലപദം, “സഹായം ആവശ്യമുള്ള ഒരാളെ മനസ്സറിഞ്ഞ് സഹായിക്കുന്ന”തുമായി ബന്ധപ്പെട്ടിരിക്കുന്നു. മാതാപിതാക്കൾ അവരുടെ മക്കളോടു കാണിക്കുന്ന അതേ കരുതലോടും സ്‌നേഹത്തോടും കൂടെയാണ് താൻ തന്റെ ആരാധകരെ പരിപാലിക്കുന്നത് എന്നു നാം മനസ്സിലാക്കാൻ യഹോവ ആഗ്രഹിക്കുന്നു.—സങ്കീർത്തനം 103:8, 13.
അടുത്തതായി, താൻ “ദീർഘക്ഷമ”യുള്ളവനാണെന്ന് യഹോവ പറയുന്നു. (6-ാം വാക്യം) പെട്ടെന്ന് കോപിക്കുന്ന ദൈവമല്ല അവൻ. മറിച്ച്, അവൻ തന്റെ ദാസരുടെ കുറവുകൾ പൊറുക്കുകയും തങ്ങളുടെ പാപഗതി വിട്ടുതിരിയാൻ അവർക്ക് സമയം നൽകുകയും ചെയ്‌തുകൊണ്ട് ദീർഘക്ഷമ കാണിക്കുന്നു.—2 പത്രോസ് 3:9.
“മഹാദയയും വിശ്വസ്‌തതയുമുള്ള”വനാണ് താൻ എന്ന് ദൈവം തുടർന്നുപറയുന്നു. (6-ാം വാക്യം) “മഹാദയ” എന്നതിന്റെ എബ്രായപദം, സ്‌നേഹിക്കുന്ന വ്യക്തിയോട് എക്കാലവും പറ്റിനിൽക്കുന്നതിനെ സൂചിപ്പിക്കുന്നു. തന്റെ ജനവുമായി സുദൃഢവും നിലനിൽക്കുന്നതുമായ ബന്ധം സ്ഥാപിക്കുമ്പോൾ യഹോവ ഈ ഗുണമാണ് പ്രകടിപ്പിക്കുന്നത്. (ആവർത്തനപുസ്‌തകം 7:9) “സത്യത്തിന്റെ ദൈവമായ” യഹോവ വിശ്വസ്‌തതയുള്ളവനാണ്. (സങ്കീർത്തനം 31:5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) അവന് വഞ്ചന കാണിക്കാനാവില്ല, ആർക്കും അവനെ വഞ്ചിക്കാനുമാവില്ല. അവൻ ‘വിശ്വസ്‌തതയുള്ളവനായതുകൊണ്ട്’ ഭാവിയെക്കുറിച്ചുള്ള വാഗ്‌ദാനങ്ങൾ ഉൾപ്പെടെ അവൻ പറയുന്നതെന്തും നമുക്ക് പൂർണമായും വിശ്വസിക്കാം.
-
-
യഹോവ തന്നെക്കുറിച്ചു വെളിപ്പെടുത്തുന്നുവീക്ഷാഗോപുരം—2009 | ഒക്‌ടോബർ 1
-
-
a മോശ യഹോവയെ നേരിട്ടു കണ്ടില്ല. കാരണം ദൈവത്തെ കണ്ട് ജീവനോടിരിക്കാൻ ഒരു മനുഷ്യനുമാവില്ല. (പുറപ്പാടു 33:20) ഒരു ദർശനത്തിലൂടെയായിരിക്കണം ദൈവം തന്റെ തേജസ്സ് മോശയ്‌ക്കു വെളിപ്പെടുത്തിയത്. സാധ്യതയനുസരിച്ച് ആ അവസരത്തിൽ തന്റെ ഒരു ദൂതനിലൂടെയാണ് ദൈവം മോശയോടു സംസാരിച്ചത്.
-