കുടുംബ പരിപാലനത്തിന്റെ ഉത്തരവാദിത്വം വഹിക്കൽ
“പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്കാതെ അവരെ യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും വളർത്തിക്കൊണ്ടു വരുവിൻ.” (എഫെസ്യർ 6:4, NW) ആ നിശ്വസ്ത വാക്കുകളിലൂടെ പൗലൊസ് അപ്പോസ്തലൻ കുടുംബ പരിപാലനത്തിന്റെ ഉത്തരവാദിത്വം അത് ആയിരിക്കേണ്ടിടത്ത് വ്യക്തമായി പ്രതിഷ്ഠിച്ചു—പിതാവിന്റെ ചുമലിൽ.
മിക്ക കുടുംബങ്ങളിലും കുട്ടിക്കുവേണ്ടി കരുതുന്നതിൽ പിതാവു തനിച്ചല്ല. അദ്ദേഹത്തിന്റെ ഭാര്യയും—അദ്ദേഹത്തിന്റെ കുട്ടികളുടെ അമ്മ—ആ ചുമട് സന്തോഷപൂർവം പങ്കുവെക്കുന്നു. അതുകൊണ്ട് ശലോമോൻ രാജാവ് ഇങ്ങനെ പ്രഖ്യാപിച്ചു: “മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.”—സദൃശവാക്യങ്ങൾ 1:8.
ഭൗതികവും ആത്മീയവുമായ പരിപാലനം
തങ്ങളുടെ മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ അവരെ ഒരിക്കലും മനപ്പൂർവം അവഗണിക്കില്ല. തീർച്ചയായും, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അപ്രകാരം ചെയ്യുന്നത് വിശ്വാസം ത്യജിക്കുന്നതിനു തുല്യമായിരിക്കും. തിമൊഥെയൊസിനുള്ള പൗലൊസിന്റെ വാക്കുകളിൽനിന്നു നാം ആ നിഗമനത്തിലാണ് എത്തിച്ചേരുന്നത്. അവൻ പറഞ്ഞു: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” (1 തിമൊഥെയൊസ് 5:8) മക്കളെ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും” വളർത്തുന്നതിൽ അവർക്കു വേണ്ടി ഭൗതികമായി കരുതുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നു എന്ന് ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു.
ഇസ്രായേൽ ജനത വാഗ്ദത്ത ദേശത്തു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് അവർ മോവാബ് സമഭൂമിയിൽ പാളയമടിച്ചിരുന്നപ്പോൾ മോശ അവർക്കു നൽകിയ ഉദ്ബോധനം പരിചിന്തിക്കുക. അവിടെ അവൻ ദൈവ നിയമം അവരോട് ആവർത്തിച്ചു പറഞ്ഞിട്ട് ഇപ്രകാരം പ്രബോധിപ്പിച്ചു: “നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹി”ക്കണം. (ആവർത്തനപുസ്തകം 11:18) യഹോവയെ മുഴു ഹൃദയത്തോടെയും ദേഹിയോടെയും ശക്തിയോടെയും സ്നേഹിക്കണമെന്ന് അവൻ അതിനുമുമ്പ് അവരെ ഓർമിപ്പിച്ചിരുന്നു. എന്നിട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.” (ആവർത്തനപുസ്തകം 6:5, 6) ദൈവ നിയമം തങ്ങളുടെ ഹൃദയത്തിൽ പതിപ്പിക്കുന്നത് ഇസ്രായേല്യ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മർമപ്രധാനമായിരുന്നു. ആത്മീയകാര്യങ്ങളിൽ വിലമതിപ്പു നിറഞ്ഞ ഹൃദയത്തോടെ ഇസ്രായേല്യ മാതാപിതാക്കൾക്കു മോശയുടെ തുടർന്നുള്ള വാക്കുകൾ ഫലപ്രദമായി അനുസരിക്കാൻ കഴിയുമായിരുന്നു: “നീ അവയെ [ദൈവത്തിന്റെ ന്യായപ്രമാണത്തിലെ വാക്കുകളെ] നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും [“മക്കളിൽ ഉൾനടുകയും,” NW] നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”—ആവർത്തനപുസ്തകം 6:7; 11:19; മത്തായി 12:34, 35 താരതമ്യം ചെയ്യുക.
പിതാക്കന്മാർ ആ വാക്കുകൾ മക്കളിൽ “ഉൾനടുകയും” “അവയെക്കുറിച്ചു സംസാരിക്കയും” വേണമായിരുന്നെന്നു ശ്രദ്ധിക്കുക. മെറിയം-വെബ്സ്റ്റേഴ്സ് കൊളീജിയേറ്റ് ഡിക്ഷണറി “ഉൾനടുക” (“inculcate”) എന്നതിനെ, “കൂടെക്കൂടെയുള്ള ആവർത്തനത്താലോ ഉദ്ബോധനത്താലോ പഠിപ്പിക്കുകയും [മനസ്സിൽ] പതിപ്പിക്കുകയും ചെയ്യുക” എന്ന് നിർവചിക്കുന്നു. മാതാപിതാക്കൾ ദൈവത്തിന്റെ ന്യായപ്രമാണത്തെക്കുറിച്ച് അനുദിനം—രാവിലെയും ഉച്ചയ്ക്കും വൈകിട്ടും—സംസാരിച്ചപ്പോൾ അത് കുട്ടികൾക്കു വളരെയേറെ കാര്യങ്ങൾ പകർന്നുകൊടുത്തു. ദൈവത്തിന്റെ ന്യായപ്രമാണത്തോടു മാതാപിതാക്കൾക്കുള്ള സ്നേഹം കുട്ടികൾ ഗ്രഹിച്ചപ്പോൾ, യഹോവയോട് ഒരു അടുപ്പം വളർത്തിയെടുക്കാൻ അത് അവരെ സ്വാധീനിച്ചു. (ആവർത്തനപുസ്തകം 6:24, 25) രസാവഹമായി, ‘വീട്ടിൽ ഇരിക്കുമ്പോൾ’ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ മോശ പിതാക്കന്മാരെ പ്രത്യേകാൽ പ്രബോധിപ്പിച്ചു. അത്തരം പഠിപ്പിക്കൽ കുടുംബ പരിപാലനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇന്നോ?
‘നീ വീട്ടിൽ ഇരിക്കുമ്പോൾ’
“അത് എളുപ്പമല്ല,” നാലു കുട്ടികളുള്ള ഒരു ക്രിസ്ത്യാനിയായ ജാനെറ്റ് വിശദീകരിക്കുന്നു.a “നിശ്ചയദാർഢ്യം ആവശ്യമാണ്” എന്നു പറഞ്ഞുകൊണ്ട് അവരുടെ ഭർത്താവായ പോൾ അതിനോടു യോജിക്കുന്നു. സാക്ഷികളായ മറ്റനേകം മാതാപിതാക്കളെപ്പോലെ പോളും ജാനെറ്റും തങ്ങളുടെ കുട്ടികളോടൊപ്പം ആഴ്ചയിൽ ഒരിക്കൽ എങ്കിലും ബൈബിൾ പഠിക്കാൻ പരിശ്രമിക്കുന്നു. “എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം ഒരു നിശ്ചിത സമയത്ത് കുടുംബ ബൈബിൾ ചർച്ച നടത്താൻ ഞങ്ങൾ ശ്രമിക്കുന്നു,” പോൾ വിശദീകരിക്കുന്നു. “എന്നാൽ അതെപ്പോഴും സാധിക്കുന്നില്ല” എന്ന് അദ്ദേഹം സമ്മതിക്കുന്നു. സഭയിലെ ഒരു നിയമിത മൂപ്പനെന്നനിലയിൽ അടിയന്തിര കാര്യങ്ങൾ കൈകാര്യം ചെയ്യാനായി അദ്ദേഹത്തിനു ചിലപ്പോൾ പോകേണ്ടതുണ്ട്. അദ്ദേഹത്തിന്റെ മൂത്ത രണ്ടു മക്കൾ മുഴുസമയ ശുശ്രൂഷകരായി സേവിക്കുന്നു. ശുശ്രൂഷയിൽ ആളുകളുമായി ബന്ധപ്പെടാൻ വൈകുന്നേരങ്ങൾ ഫലപ്രദമായ സമയമാണെന്ന് അവർ കണ്ടെത്തുന്നു. അതുകൊണ്ട് ഒരു കുടുംബമെന്ന നിലയിൽ, അവർ തങ്ങളുടെ കുടുംബ അധ്യയനത്തിന്റെ സമയത്തിൽ ക്രമീകരണം വരുത്തിയിട്ടുണ്ട്. “ചിലപ്പോൾ അത്താഴം കഴിഞ്ഞ ഉടൻ ഞങ്ങൾ അധ്യയനം നടത്തുന്നു” എന്നു പോൾ വിശദീകരിക്കുന്നു.
കുടുംബ അധ്യയനത്തിന്റെ സമയത്തിൽ മാതാപിതാക്കൾ ജ്ഞാനപൂർവം വഴക്കം പ്രകടമാക്കിയേക്കാം എങ്കിലും അതു പതിവായി നടത്താൻ അവർ ശ്രമിക്കുന്നു. “അധ്യയനത്തിന്റെ സമയം മാറ്റേണ്ടതുണ്ടെങ്കിൽ അത് എപ്പോഴായിരിക്കും എന്നു ഞങ്ങളെല്ലാം അറിയേണ്ടതിന് പുതിയ സമയം ഡാഡി എല്ലായ്പോഴും ഫ്രിഡ്ജിന്റെ വാതിലിൽ തൂക്കിയിടുന്നു” എന്ന് മകൾ ക്ലെയർ പറയുന്നു.
പതിവായ കുടുംബ ബൈബിൾ അധ്യയനത്തിനു കൂടിവരുന്നത് മാതാപിതാക്കളുമായി തങ്ങളുടെ ആകുലതകളും പ്രശ്നങ്ങളും പങ്കുവെക്കാൻ കുട്ടികൾക്കു നല്ലൊരു അവസരം പ്രദാനം ചെയ്യുന്നു. ഉപയോഗിക്കുന്ന ബൈബിൾ പഠന സഹായിയിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം കുട്ടികൾ വെറുതെ വായിക്കുക മാത്രമല്ല ചെയ്യുന്നതെങ്കിൽ അത്തരം അധ്യയനം നല്ല ഫലമുളവാക്കുന്നു. “ഞങ്ങളുടെ കുടുംബ അധ്യയനം ചർച്ചയ്ക്കുള്ള ഒരു വേദിയാണ്” എന്ന് രണ്ടു പുത്രന്മാരുള്ള മാർട്ടിൻ വിശദീകരിക്കുന്നു. “ഒരു തിരുവെഴുത്തു വിഷയം ചർച്ച ചെയ്യാനായി നിങ്ങൾ ആഴ്ചയിൽ ഒരിക്കൽ ഒത്തുകൂടുമ്പോൾ, നിങ്ങളുടെ കുടുംബത്തിന്റെ ആത്മീയ സ്ഥിതി നിങ്ങൾ മനസ്സിലാക്കുന്നു” എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. “ചർച്ചയിൽ എല്ലാത്തരം കാര്യങ്ങളും പുറത്തുവരുന്നു. സ്കൂളിൽ എന്താണു സംഭവിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. കൂടുതൽ രസാവഹമായി, കുട്ടികൾ ഏത് മനോഭാവങ്ങളാണു വളർത്തിയെടുക്കുന്നത് എന്നു നിങ്ങൾ കണ്ടെത്തുന്നു.” അദ്ദേഹത്തിന്റെ ഭാര്യ സാന്ദ്ര അതിനോടു യോജിക്കുന്നു. തനിക്കും കുടുംബ അധ്യയനത്തിൽനിന്ന് ധാരാളം പ്രയോജനം ലഭിക്കുന്നതായി അവർ കരുതുന്നു. “ഭർത്താവ് അധ്യയനം നടത്തുമ്പോൾ, പുത്രന്മാർ അദ്ദേഹത്തിന്റെ ചോദ്യത്തിന് ഉത്തരം നൽകുന്ന വിധം ശ്രദ്ധിക്കുന്നതിൽനിന്ന് ഞാൻ വളരെയേറെ പഠിക്കുന്നു” എന്ന് അവർ വിശദീകരിക്കുന്നു. എന്നിട്ട് സാന്ദ്ര തന്റെ അഭിപ്രായങ്ങളെ പുത്രന്മാർക്കു പ്രയോജനം ചെയ്യത്തക്കവിധത്തിലാക്കുന്നു. സാന്ദ്ര അധ്യയനം ഏറെ ആസ്വദിക്കുന്നു, കാരണം അവർ അതിൽ സജീവമായി ഉൾപ്പെടുന്നു. അതേ, കുടുംബ അധ്യയന സമയങ്ങൾ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ ചിന്ത സംബന്ധിച്ച് ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നു.—സദൃശവാക്യങ്ങൾ 16:23; 20:5.
താദാത്മ്യപ്പെടുന്നവരും സ്ഥിരോത്സാഹമുള്ളവരും ആയിരിക്കുക
കുടുംബ അധ്യയനത്തിന്റെ സമയത്ത് ഒരു കുട്ടി ജാഗ്രതയും താത്പര്യവും ഉള്ളവനാണെന്നും അതേസമയം മറ്റൊരു കുട്ടി ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രയോജനം നേടുകയുമൊക്കെ ചെയ്യണമെങ്കിൽ അൽപ്പം ചക്കരവാക്കു പറഞ്ഞ് പ്രേരിപ്പിക്കേണ്ടതുണ്ടെന്നും നിങ്ങൾ കണ്ടെത്തിയേക്കാം. ഒരു ക്രിസ്തീയ മാതാവ് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “കുടുംബ ജീവിതം അങ്ങനെയാണ്! മാതാപിതാക്കൾ എന്നനിലയിൽ എന്താണു ചെയ്യേണ്ടതെന്നു നിങ്ങൾക്ക് അറിയാം. നിങ്ങൾ അതിൽ സ്ഥിരോത്സാഹം കാണിക്കുമ്പോൾ യഹോവ സഹായിക്കുകയും ഫലം നൽകുകയും ചെയ്യുന്നു.”
ഒരു കുട്ടിയുടെ ശ്രദ്ധാപ്രാപ്തി അവന്റെ പ്രായമനുസരിച്ച് വളരെയേറെ വ്യത്യാസപ്പെട്ടിരുന്നേക്കാം. വിവേകമുള്ള മാതാപിതാക്കൾ ഇതു പരിഗണനയിൽ എടുക്കുന്നു. ഒരു ദമ്പതികൾക്ക് 6 മുതൽ 20 വരെ വയസ്സുള്ള അഞ്ചു കുട്ടികളുണ്ട്. പിതാവായ മൈക്കിൾ പറയുന്നു: “ചോദ്യത്തിന് ആദ്യം ഉത്തരം പറയാനുള്ള അവസരം ഏറ്റവും ഇളയകുട്ടിക്ക് കൊടുക്കുക. തുടർന്ന് മൂത്തകുട്ടികൾ വിശദാംശങ്ങൾ കൂട്ടിച്ചേർക്കുകയും തങ്ങൾ തയ്യാറായിട്ടുള്ള ആശയങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യട്ടെ.” കുട്ടികളുമായി ഈ വിധത്തിൽ വിവേകത്തോടെ ഇടപെടുന്നത് മറ്റുള്ളവരെ പരിഗണിക്കുന്നതിന്റെ മൂല്യം അവരെ പഠിപ്പിക്കാൻ മാതാപിതാക്കളെ സഹായിക്കും. മാർട്ടിൻ പറയുന്നു: “ഞങ്ങളുടെ പുത്രന്മാരിൽ ഒരുവന് ആശയം മനസ്സിലായേക്കാം, എന്നാൽ മറ്റവന് അതു മനസ്സിലാക്കാൻ കൂടുതൽ സഹായം ആവശ്യമാണ്. അധ്യയനം, ക്രിസ്തീയ ക്ഷമയും ആത്മാവിന്റെ മറ്റു ഫലങ്ങളും പ്രകടിപ്പിക്കാനുള്ള ഒരു പരിശീലന സ്ഥലം ആയിത്തീരുന്നതായി ഞാൻ കണ്ടെത്തുന്നു.”—ഗലാത്യർ 5:22, 23; ഫിലിപ്പിയർ 2:4.
കുട്ടികളുടെ വ്യത്യസ്തമായ പ്രാപ്തികളും പ്രായവുമായി താദാത്മ്യപ്പെടാൻ ഒരുക്കമുള്ളവർ ആയിരിക്കുക. തങ്ങൾ കുറെക്കൂടെ ചെറുപ്പമായിരുന്നപ്പോൾ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ പുസ്തകം മാതാപിതാക്കളോടൊപ്പം പഠിച്ചിരുന്നത് ശരിക്കും ആസ്വദിച്ചിരുന്നെന്ന് ഇപ്പോൾ കൗമാര പ്രായക്കാരായ സൈമണും മാർക്കും പറയുന്നു. “പിതാവ് ഞങ്ങളെക്കൊണ്ട് വ്യത്യസ്ത ഭാഗങ്ങൾ നാടകംപോലെ അഭിനയിപ്പിക്കുമായിരുന്നു” എന്ന് അവർ ഓർമിക്കുന്നു. തന്റെ പുത്രന്മാരുമായി അയൽക്കാരനായ ശമര്യാക്കാരന്റെ ദൃഷ്ടാന്തം അഭിനയിക്കാൻ കൈയ്യും മുട്ടുംകുത്തി നിൽക്കുന്നത് അവരുടെ പിതാവ് ഓർമിക്കുന്നു. (ലൂക്കൊസ് 10:30-35) “അതു വസ്തുനിഷ്ഠവും വളരെ വിനോദപ്രദവുമായിരുന്നു.”
നിരവധി കുട്ടികൾ ക്രമമായ കുടുംബ അധ്യയനത്തോട് എതിർപ്പു പ്രകടിപ്പിക്കുന്നു. ഉദ്ദേശിച്ച സമയത്ത് അധ്യയനം നടത്തുന്നതിൽനിന്ന് ഇത് മാതാപിതാക്കളെ തടയണമോ? തീർച്ചയായും വേണ്ട. “ബാലന്റെ [അല്ലെങ്കിൽ, ബാലികയുടെ] ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 22:15 സമ്മതിച്ചു പറയുന്നു. അനേക അവസരങ്ങളിൽ ശ്രദ്ധാശൈഥില്യം അധ്യയനത്തെ കുഴപ്പിക്കുന്നതായി തോന്നിയപ്പോൾ കുടുംബ അധ്യയന നിർവാഹക എന്നനിലയിൽ താൻ പരാജയപ്പെടുകയാണെന്ന് ഒരു ഏകാകിയായ മാതാവു വിചാരിച്ചു. എന്നാൽ അവർ സ്ഥിരോത്സാഹം കാട്ടി. ഇപ്പോൾ കുട്ടികൾക്ക് അവരോടു വലിയ ആദരവുണ്ട്. ക്രമമായി കുടുംബ അധ്യയനം നടത്തുന്നതിൽ സ്ഥിരോത്സാഹം കാട്ടിക്കൊണ്ട് അമ്മ പ്രകടമാക്കിയ സ്നേഹത്തെയും താത്പര്യത്തെയും അവരിപ്പോൾ വിലമതിക്കുന്നു.
“അനാഥ” ബാലികാബാലന്മാരെ സഹായിക്കൽ
ക്രിസ്തീയ മൂപ്പന്മാർ “ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയി”ക്കേണ്ടവരാണ്. (1 പത്രൊസ് 5:2, 3) സഭയിലെ കുടുംബങ്ങളെ ക്രമമായ അടിസ്ഥാനത്തിൽ സന്ദർശിക്കുന്നത്, ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന മാതാപിതാക്കളെ അഭിനന്ദിക്കാൻ അവർക്ക് അവസരമേകുന്നു. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം ആരുടെ ചുമലിലാണ്? കുട്ടികളെ പ്രബോധിപ്പിക്കാനുള്ള ഉത്തരവാദിത്വം പ്രസ്തുത മാതാവിൽ അല്ലെങ്കിൽ പിതാവിൽ നിക്ഷിപ്തമായിരിക്കുന്നു എന്നത് ഒരിക്കലും വിസ്മരിക്കരുത്.
നഷ്ടപ്പെട്ട പിതാവിന്റെ ഉത്തരവാദിത്വം മൂപ്പൻമാർ ഏറ്റെടുത്താൽ ഉളവാകുന്ന, ക്രിസ്തീയ തത്ത്വങ്ങളെ അപകടപ്പെടുത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ക്രിസ്തീയ വിവേകം അവരെ സഹായിക്കും. ഇണയില്ലാത്ത മാതാവായ ഒരു ക്രിസ്തീയ സഹോദരിയെ രണ്ടു സഹോദരന്മാർക്കു സന്ദർശിക്കാൻ കഴിഞ്ഞേക്കുമെങ്കിലും, കുടുംബ അധ്യയന ക്രമീകരണത്തെ പിന്താങ്ങാനായി തങ്ങൾ ചെയ്യുന്ന ക്രമീകരണങ്ങൾ സംബന്ധിച്ച് അവർ എല്ലായ്പോഴും ജാഗ്രതയുള്ളവർ ആയിരിക്കും. മൂപ്പന്റെ കുടുംബത്തിലെ അധ്യയനത്തിൽ ചേരാൻ ആ കുട്ടികളെ (തീർച്ചയായും പ്രസ്തുത മാതാവിനെയും) ഇടയ്ക്കിടെ ക്ഷണിക്കുന്നത് കെട്ടുപണി ചെയ്യുന്നതും പ്രായോഗികവും ആണെന്നു തെളിഞ്ഞേക്കാം. എന്നാൽ, യഹോവ നമ്മുടെ വലിയ സ്വർഗീയ പിതാവാണെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുത്. മാതാവ് തന്റെ കുട്ടികളുമായി അധ്യയനം നടത്തുമ്പോൾ—അവർ അത് ഒറ്റയ്ക്കാണു ചെയ്യുന്നതെങ്കിലും—അവരെ വഴിനയിക്കാനും സഹായിക്കാനുമായി അവൻ തീർച്ചയായും സന്നിഹിതനാണ്.
ഒരു കുട്ടിക്ക് ആത്മീയ മനോഭാവം ഉണ്ടായിരിക്കുകയും, എന്നാൽ മാതാപിതാക്കൾക്ക് ആത്മീയ ഉത്തരവാദിത്വങ്ങളോടു കാര്യമായോ ഒട്ടുംതന്നെയോ താത്പര്യം ഇല്ലാതിരിക്കയും ചെയ്യുന്ന ഒരു സാഹചര്യത്തിലോ? യഹോവയുടെ വിശ്വസ്ത ദാസന്മാർ ഒരിക്കലും നിരാശർ ആകേണ്ടതില്ല. “അഗതി തന്നെത്താൻ നിങ്കൽ [യഹോവയാം ദൈവത്തിങ്കൽ] ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു” എന്ന് സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 10:14) തങ്ങളുടെ കുട്ടികൾക്കു വേണ്ടി കരുതുന്നതിൽ ആ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കാൻ സഭയിലെ സ്നേഹമുള്ള മൂപ്പന്മാർ തങ്ങളാൽ ആവതു ചെയ്യും. അവർ ഒരു കുടുംബ ചർച്ചയ്ക്കു ശുപാർശ ചെയ്യുകയും എന്നിട്ട് എങ്ങനെ ഒരുമിച്ചു പഠിക്കാം എന്നതു സംബന്ധിച്ച് ചില പ്രായോഗിക നിർദേശങ്ങൾ നൽകാനായി ആ ചർച്ചയിൽ സംബന്ധിക്കുകയും ചെയ്തേക്കാം. തിരുവെഴുത്തുപരമായി മാതാപിതാക്കളുടെ ചുമലിൽ സ്ഥിതിചെയ്യുന്ന ഉത്തരവാദിത്വം അവർ തീർച്ചയായും എടുത്തുമാറ്റില്ല.
വിശ്വാസം സ്വീകരിക്കാത്ത മാതാപിതാക്കളുടെ കുട്ടികൾക്ക് ഏറെ പിന്തുണ ആവശ്യമാണ്. അവരുടെ മാതാപിതാക്കൾക്കു സമ്മതമാണെങ്കിൽ, അവരെ നിങ്ങളുടെ കുടുംബ അധ്യയനത്തിൽ ഉൾപ്പെടുത്തുന്നത് പ്രയോജനപ്രദമെന്നു തെളിഞ്ഞേക്കും. ഇപ്പോൾ സ്വന്തം കുടുംബമുള്ള പ്രായപൂർത്തിയായ റോബർട്ട് വെറും മൂന്നു വയസ്സുള്ളപ്പോൾ തന്റെ മാതാപിതാക്കളോടൊപ്പം ക്രിസ്തീയ യോഗങ്ങൾക്കു ഹാജരായി. മാതാപിതാക്കൾ ക്രിസ്തീയ സഭയുമായുള്ള സഹവാസം നിർത്തിയശേഷം പോലും അവന് ആ യോഗങ്ങളെക്കുറിച്ചു പ്രിയങ്കരമായ സ്മരണകളുണ്ടായിരുന്നു. പത്തു വയസ്സായപ്പോൾ അവനൊരു സാക്ഷിക്കുട്ടിയെ കണ്ടുമുട്ടി. ആ കുട്ടി അവനെ യോഗത്തിനു കൂട്ടിക്കൊണ്ടുപോയി. ആ സാക്ഷിക്കുട്ടിയുടെ മാതാപിതാക്കൾ, ഒരു ആത്മീയ അനാഥൻ എന്നനിലയിൽ റോബർട്ടിനുവേണ്ടി കരുതുകയും പിന്നീട് അവനോടൊപ്പം അധ്യയനം നടത്തുകയും ചെയ്തു. ആ സ്നേഹപൂർവകമായ പരിപാലനത്തിന്റെ ഫലമായി അവൻ സത്വരം പുരോഗതി കൈവരിച്ച് ഇപ്പോൾ സഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു.
മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ പുരോഗതിയെ തടസ്സപ്പെടുത്തുമ്പോൾ പോലും കുട്ടികൾ ഒറ്റയ്ക്കല്ല. യഹോവ വിശ്വസ്ത സ്വർഗീയ പിതാവായി നിലകൊള്ളുന്നു. “ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാ”വാണെന്ന് സങ്കീർത്തനം 68:5 പ്രസ്താവിക്കുന്നു. തങ്ങൾക്കു പ്രാർഥനയിൽ അവനിലേക്കു തിരിയാൻ കഴിയുമെന്നും അവൻ തങ്ങളെ പരിപാലിക്കുമെന്നും ആത്മീയമായി അനാഥരായ ബാലികാബാലന്മാർക്ക് അറിയാം. (സങ്കീർത്തനം 55:22; 146:9) യഹോവയുടെ മാതൃസമാന സ്ഥാപനം ആസ്വാദ്യമായ ആത്മീയ ഭക്ഷണം തയ്യാറാക്കാനുള്ള അതിന്റെ ഉത്തരവാദിത്വം ഉത്സാഹപൂർവം നിവർത്തിക്കുന്നു. അതിന്റെ പ്രസിദ്ധീകരണങ്ങളിലൂടെയും ലോകവ്യാപകമായുള്ള 85,000-ത്തിലധികം ക്രിസ്തീയ സഭകളിലെ യോഗങ്ങളിലൂടെയും ആ ഭക്ഷണം വിളമ്പിക്കൊടുക്കുന്നു. അങ്ങനെ, നമ്മുടെ പിതാവായ യഹോവയിൽ നിന്നും അവന്റെ മാതൃസമാന സ്ഥാപനത്തിൽ നിന്നുമുള്ള ആത്മീയ സഹായത്താൽ “അനാഥന്മാർ” പോലും ഒരളവിലുള്ള ബൈബിൾ പഠനം ആസ്വദിക്കും.
കുട്ടികളുമായി ക്രമമായ കുടുംബ ബൈബിൾ അധ്യയനം നടത്തുന്ന ക്രിസ്തീയ മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നു. കുട്ടികളെ യഹോവയുടെ വഴികളിൽ പരിശീലിപ്പിക്കുന്നതിൽ സ്ഥിരോത്സാഹം കാണിക്കുന്ന ഒറ്റക്കാരായ മാതാപിതാക്കൾ തങ്ങളുടെ ശ്രമങ്ങൾക്ക് പ്രത്യേക ശ്രദ്ധയും പ്രശംസയും അർഹിക്കുന്നു. (സദൃശവാക്യങ്ങൾ 22:6) ആത്മീയമായി അനാഥരായ കുട്ടികളോട് താത്പര്യം കാണിക്കുന്ന എല്ലാവർക്കും അത് നമ്മുടെ സ്വർഗീയ പിതാവായ യഹോവയെ പ്രസാദിപ്പിക്കുന്നു എന്നറിയാം. കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾക്കുവേണ്ടി കരുതുന്നത് ഒരു ഭാരിച്ച ഉത്തരവാദിത്വമാണ്. എന്നാൽ, ‘മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നിങ്ങൾ കൊയ്യും.’—ഗലാത്യർ 6:9.
[അടിക്കുറിപ്പ്]
a ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[23-ാം പേജിലെ ചിത്രം]
കുടുംബ അധ്യയനം മാതാപിതാക്കളുമായി തങ്ങളുടെ ആകുലതകളും പ്രശ്നങ്ങളും പങ്കുവെക്കാൻ കുട്ടികൾക്ക് നല്ലൊരു അവസരം പ്രദാനം ചെയ്യുന്നു
[20-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Harper’s