മാതാപിതാക്കളേ, കുട്ടികളേ: ദൈവത്തെ ഒന്നാമതു വയ്ക്കുവിൻ!
“ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക.”—സഭാപ്രസംഗി 12:13.
1. മാതാപിതാക്കളും കുട്ടികളും ഏതു ഭയമാണു നട്ടുവളർത്തേണ്ടത്, അത് അവർക്ക് എന്തു കൈവരുത്തും?
“അവന്റെ പ്രമോദം യഹോവാഭക്തിയിൽ [“യഹോവാഭയത്തിൽ,” NW] ആയിരിക്കും” എന്ന് യേശുക്രിസ്തുവിനെപ്പറ്റിയുള്ള ഒരു പ്രവചനം പറഞ്ഞു. (യെശയ്യാവു 11:3) അവന്റെ ഭയം അവശ്യം ദൈവത്തോടുള്ള ആഴമായ ആദരവും ഭയഭക്തിയുമായിരുന്നു, ദൈവത്തെ സ്നേഹിച്ചിരുന്നതിനാൽ അവനെ അപ്രീതിപ്പെടുത്തുന്നതിലുള്ള ഭയം. മാതാപിതാക്കളും കുട്ടികളും ദൈവത്തോട് അത്തരം ക്രിസ്തുസമാന ഭയം നട്ടുവളർത്തണം. അത് യേശുവിന്റെ കാര്യത്തിലെന്നപോലെ അവർക്ക് ആനന്ദം കൈവരുത്തും. ദൈവകൽപ്പനകൾ അനുസരിച്ചുകൊണ്ട് അവർ അവനെ തങ്ങളുടെ ജീവിതത്തിൽ ഒന്നാമതു വയ്ക്കേണ്ടതുണ്ട്. ഒരു ബൈബിളെഴുത്തുകാരൻ പറയുന്നതനുസരിച്ച്, “അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.”—സഭാപ്രസംഗി 12:13.
2. ന്യായപ്രമാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൽപ്പന ഏതായിരുന്നു, അത് ആർക്കായിരുന്നു പ്രഥമമായി നൽകപ്പെട്ടത്?
2 ‘യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും, പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം’ എന്ന ന്യായപ്രമാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിയമം മാതാപിതാക്കൾക്കാണു മുഖ്യമായും നൽകിയത്. ന്യായപ്രമാണത്തിലെ അടുത്ത വാക്കുകൾ ഇതു പ്രകടമാക്കുന്നു: “[യഹോവയെ സ്നേഹിക്കണമെന്ന] ഈ വചനങ്ങൾ . . . നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ആവർത്തനപുസ്തകം 6:4-7; മർക്കൊസ് 12:28-30) അങ്ങനെ, തങ്ങൾതന്നെയും ദൈവത്തെ സ്നേഹിക്കുന്നതിനും തങ്ങളുടെ മക്കളും അതുതന്നെ ചെയ്യാൻ അവരെ പഠിപ്പിക്കുന്നതിനും മാതാപിതാക്കൾക്കു കൽപ്പന നൽകപ്പെട്ടു.
ഒരു ക്രിസ്തീയ ഉത്തരവാദിത്വം
3. കുട്ടികളെ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം യേശു പ്രകടമാക്കിയതെങ്ങനെ?
3 ചെറിയ കുട്ടികളെപോലും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം യേശു പ്രകടമാക്കി. യേശുവിന്റെ ഭൗമിക ശുശ്രൂഷയുടെ അവസാനത്തോടടുത്ത് ഒരു വേളയിൽ ജനങ്ങൾ തങ്ങളുടെ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവരാൻ തുടങ്ങി. ശല്യപ്പെടുത്താനാവാത്തവിധം യേശുവിനു തിരക്കാണെന്നു വ്യക്തമായും ധരിച്ചുകൊണ്ട് അവന്റെ ശിഷ്യന്മാർ ജനങ്ങളെ തടയാൻ ശ്രമിച്ചു. “പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു” എന്നു പറഞ്ഞുകൊണ്ട് യേശു തന്റെ ശിഷ്യന്മാരെ ശാസിച്ചു. യേശു “അവരെ അണെച്ചു അവരുടെ മേൽ കൈ”വെക്കുകപോലും ചെയ്തുകൊണ്ട് കുട്ടികൾക്കു ശ്രദ്ധനൽകേണ്ടതിന്റെ പ്രാധാന്യം ഹൃദയ സ്പർശിയായ വിധത്തിൽ പ്രകടമാക്കി.—ലൂക്കൊസ് 18:15-17; മർക്കൊസ് 10:13-16.
4. “സകലജാതികളെയും ശിഷ്യരാ”ക്കുന്നതിനുള്ള കൽപ്പന ആർക്കാണു നൽകപ്പെട്ടത്, അവർ എന്തു ചെയ്യേണ്ടത് അത് ആവശ്യമാക്കിത്തീർക്കും?
4 തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടതിനുപുറമേ മറ്റുള്ളവരെയും പഠിപ്പിക്കേണ്ട ഉത്തരവാദിത്വം തന്റെ ശിഷ്യന്മാർക്കുണ്ടെന്നും യേശു വ്യക്തമാക്കി. മരണത്തിനും പുനരുത്ഥാനത്തിനും ശേഷം യേശു—ചില മാതാപിതാക്കളുൾപ്പെടെ—“അഞ്ഞൂറിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി.” (1 കൊരിന്ത്യർ 15:6) ഇതു സ്പഷ്ടമായും തന്റെ 11 അപ്പോസ്തലന്മാരും കൂടിവന്നിരുന്ന ഗലീലയിലെ ഒരു മലയിൽവെച്ചാണു സംഭവിച്ചത്. “നിങ്ങൾ പുറപ്പെട്ടു, . . . ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന് അവിടെവെച്ച് യേശു അവരോടെല്ലാമായി കൽപ്പിച്ചു. (മത്തായി 28:16-20, ചെരിച്ചെഴുത്തു ഞങ്ങളുടേത്.) ന്യായമായും ഒരു ക്രിസ്ത്യാനിക്കും ഈ കൽപ്പന അവഗണിക്കാനാവില്ല! മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഇതു നടപ്പാക്കുന്നതിനു തങ്ങളുടെ മക്കളെ പരിപാലിക്കുന്നതോടൊപ്പം പരസ്യമായുള്ള പ്രസംഗ-പഠിപ്പിക്കൽ വേലയിൽ പങ്കെടുക്കേണ്ടത് ആവശ്യമാക്കിത്തീർക്കും.
5. (എ) അപ്പോസ്തലന്മാരിൽ മിക്കവരും, എല്ലാവരുമല്ലെങ്കിലും, വിവാഹിതരായിരുന്നുവെന്നും അവർക്കു കുട്ടികളുണ്ടായിരുന്നിരിക്കാൻ സാധ്യതയുണ്ടെന്നും കാണിക്കുന്നതെന്ത്? (ബി) കുടുംബനാഥന്മാർ എന്തു ബുദ്ധ്യുപദേശം ഗൗരവമായി എടുക്കണമായിരുന്നു?
5 ശ്രദ്ധേയമെന്നു പറയട്ടെ, അപ്പോസ്തലന്മാർക്കുപോലും പ്രസംഗിക്കുന്നതിനും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്നതിനുമുള്ള കർത്തവ്യത്തോടൊപ്പംതന്നെ തങ്ങളുടെ കുടുംബ ഉത്തരവാദിത്വങ്ങളും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകേണ്ടിയിരുന്നു. (യോഹന്നാൻ 21:1-3, 15-17; പ്രവൃത്തികൾ 1:8) അവരിൽ മിക്കവരും, എല്ലാവരുമല്ലെങ്കിലും, വിവാഹിതരായിരുന്നു എന്നതാണ് ഇതിനു കാരണം. തന്മൂലം അപ്പോസ്തലനായ പൗലോസ് ഇങ്ങനെ വിശദീകരിച്ചു: “ശേഷം അപ്പൊസ്തലന്മാരും കർത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാൻ ഞങ്ങൾക്കു അധികാരമില്ലയോ?” (1 കൊരിന്ത്യർ 9:5, ചെരിച്ചെഴുത്തു ഞങ്ങളുടേത്; മത്തായി 8:14) ചില അപ്പോസ്തലന്മാർക്കു കുട്ടികളും ഉണ്ടായിരുന്നിരിക്കാം. പത്രോസിനു കുട്ടികളുണ്ടായിരുന്നുവെന്നാണു യൂസീബിയസിനെപ്പോലുള്ള ആദിമ ചരിത്രകാരന്മാർ പറയുന്നത്. “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു” എന്നുള്ള തിരുവെഴുത്തധിഷ്ഠിത ബുദ്ധ്യുപദേശം ആദിമ ക്രിസ്ത്യാനികളെല്ലാം അനുസരിക്കേണ്ടിയിരുന്നു.—1 തിമൊഥെയൊസ് 5:8.
പ്രഥമ ഉത്തരവാദിത്വം
6. (എ) കുടുംബാംഗങ്ങളുള്ള ക്രിസ്തീയ മൂപ്പന്മാർക്ക് എന്തു വെല്ലുവിളിയാണുള്ളത്? (ബി) ഒരു മൂപ്പന്റെ പ്രാഥമിക ഉത്തരവാദിത്വം എന്ത്?
6 ഇന്നു കുടുംബാംഗങ്ങളുള്ള ക്രിസ്തീയ മൂപ്പന്മാർ അപ്പോസ്തലന്മാരുടേതിനു സമാനമായ ഒരു സാഹചര്യത്തിലാണ്. അവർ തങ്ങളുടെ കുടുംബാംഗങ്ങളുടെ ആത്മീയവും ശാരീരികവുമായ ആവശ്യങ്ങൾക്കായി കരുതുന്നതിനുള്ള ഉത്തരവാദിത്വത്തെ പരസ്യമായി പ്രസംഗവേല നടത്തുന്നതിനും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്നതിനുമുള്ള കടമയുമായി സന്തുലിതാവസ്ഥയിൽ കൊണ്ടുപോകണം. ഏതു വേലയ്ക്കായിരിക്കണം മുൻഗണന നൽകേണ്ടത്? 1964 മാർച്ച് 15-ലെ വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ അഭിപ്രായപ്പെട്ടു: “[പിതാവിന്റെ] പ്രഥമ കടപ്പാടു തന്റെ കുടുംബത്തോടാണ്. ഈ കടമ ശരിയാംവണ്ണം നിർവഹിക്കാത്തപക്ഷം അയാൾക്ക് ഉചിതമായ രീതിയിൽ സേവനമനുഷ്ഠിക്കാനാവില്ല.”
7. ക്രിസ്തീയ പിതാക്കന്മാർ ദൈവത്തെ ഒന്നാമതു വയ്ക്കുന്നതെങ്ങനെ?
7 അതുകൊണ്ട്, “നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ” എന്ന കൽപ്പന അനുസരിച്ചുകൊണ്ടു പിതാക്കന്മാർ ദൈവത്തെ ഒന്നാമതു വയ്ക്കണം. (എഫെസ്യർ 6:4) ക്രിസ്തീയ സഭയിലെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാനുള്ള നിയമനവും ഒരു പിതാവിനുണ്ടെങ്കിൽപ്പോലും ആ ഉത്തരവാദിത്വം മറ്റൊരാളെ ഏൽപ്പിച്ചുകൊടുക്കാവുന്നതല്ല. കുടുംബാംഗങ്ങൾക്കുവേണ്ടി ശാരീരികവും ആത്മീയവും വൈകാരികവുമായി കരുതുന്നതിനും അതേ സമയം സഭയിൽ അധ്യക്ഷംവഹിച്ചു മേൽവിചാരണ പ്രദാനംചെയ്യുന്നതിനും ഉള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ അത്തരം പിതാക്കന്മാർക്ക് എങ്ങനെ കഴിയും?
ആവശ്യമായ പിന്തുണ പ്രദാനംചെയ്യൽ
8. ഒരു മൂപ്പന്റെ ഭാര്യയ്ക്ക് അദ്ദേഹത്തിന് എങ്ങനെ പിന്തുണ നൽകാം?
8 സ്പഷ്ടമായും, കുടുംബ ഉത്തരവാദിത്വങ്ങളുള്ള മൂപ്പന്മാർക്കു പിന്തുണയിൽനിന്നു പ്രയോജനം നേടാൻ കഴിയും. ഭർത്താക്കന്മാർക്കു പിന്തുണ നൽകാൻ ക്രിസ്തീയ ഭാര്യമാർക്കു കഴിയുമെന്നു മേലുദ്ധരിച്ച വീക്ഷാഗോപുരം അഭിപ്രായപ്പെട്ടു. “അയാൾക്കു തന്റെ വ്യത്യസ്ത നിയമനങ്ങൾക്കുവേണ്ടി തയ്യാറാകുന്നത് ഏറെ സൗകര്യപ്രദമാക്കുന്നതിനും വീട്ടിൽ നല്ലൊരു പട്ടിക വയ്ക്കുകയും ഭക്ഷണം സമയത്തുതന്നെ കഴിക്കുകയും സഭായോഗങ്ങൾക്കായി കൃത്യസമയത്ത് ഇറങ്ങുകയും ചെയ്തുകൊണ്ട് തനിക്കും ഭർത്താവിനുംവേണ്ടി വിലയേറിയ സമയം ലാഭിക്കുന്നതിനും അവൾക്കു കഴിയും. . . . ഭർത്താവിന്റെ നിർദേശത്തിൻകീഴിൽ ഒരു ക്രിസ്തീയ ഭാര്യക്കു യഹോവയെ പ്രീതിപ്പെടുത്തുന്ന വിധത്തിൽ തന്റെ കുട്ടികളെ വളർത്തിയെടുക്കുന്നതിന് ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയും.” (സദൃശവാക്യങ്ങൾ 22:6) അതേ, ഭാര്യ സൃഷ്ടിക്കപ്പെട്ടത് “ഒരു സഹായി”യായിട്ടാണ്, ഭർത്താവ് അവളുടെ സഹായം ജ്ഞാനപൂർവം സ്വാഗതം ചെയ്യും. (ഉല്പത്തി 2:18) അവളുടെ പിന്തുണ അയാളെ തന്റെ കുടുംബത്തിലെയും സഭയിലെയും ഉത്തരവാദിത്വങ്ങൾ കൂടുതൽ ഫലപ്രദമായ രീതിയിൽ നിർവഹിക്കുന്നതിനു പ്രാപ്തനാക്കും.
9. തെസലോനിക്യ സഭയിലുള്ള ആരാണു സഭയിലുള്ള മറ്റംഗങ്ങളെ സഹായിക്കുന്നതിനു പ്രോത്സാഹിപ്പിക്കപ്പെട്ടത്?
9 എന്നിരുന്നാലും, “ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയി”ക്കുകയും സ്വന്ത കുടുംബത്തിനായി കരുതുകയും ചെയ്യേണ്ട ഒരു മേൽവിചാരകനെ പിന്തുണയ്ക്കുന്ന പ്രവർത്തനത്തിൽ ക്രിസ്തീയ മൂപ്പന്മാരുടെ ഭാര്യമാർക്കു മാത്രമല്ല പങ്കുപറ്റാവൂ. (1 പത്രൊസ് 5:2) വേറെ ആർക്കെല്ലാം അതിനു കഴിയും? തങ്ങളുടെമേൽ ‘അധ്യക്ഷം വഹിക്കുന്ന’വരെ ബഹുമാനിക്കാൻ തെസലോനിക്യയിലുള്ള സഹോദരന്മാരെ അപ്പോസ്തലനായ പൗലോസ് പ്രോത്സാഹിപ്പിച്ചു. അതേ സഹോദരന്മാരെ—പ്രത്യേകിച്ചും അധ്യക്ഷത വഹിക്കാത്തവരെ—അഭിസംബോധന ചെയ്തുകൊണ്ടു പൗലോസ് ഇങ്ങനെ തുടർന്നെഴുതി: “സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ, വിഷാദമുള്ള ദേഹികളോട് ആശ്വാസദായകമായി സംസാരിക്കുവിൻ, ബലഹീനരെ താങ്ങുവിൻ, എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ.”—1 തെസലോനിക്യർ 5:12-14, NW.
10. സഹോദരങ്ങളുടെയെല്ലാം സ്നേഹനിർഭരമായ സഹായം സഭയിൽ എന്തു ഫലം ചെയ്യുന്നു?
10 വിഷാദചിത്തരെ ആശ്വസിപ്പിക്കുന്നതിനും ബലഹീനരെ താങ്ങുന്നതിനും ക്രമം കെട്ടവരെ ബുദ്ധിയുപദേശിക്കുന്നതിനും എല്ലാവരോടും ദീർഘക്ഷമ കാണിക്കുന്നതിനും പ്രചോദനമേകുന്ന സ്നേഹം സഭയിലുള്ള സഹോദരങ്ങൾക്ക് ഉണ്ടായിരിക്കുന്നത് എത്ര നല്ലതാണ്! ബൈബിൾ സത്യം സ്വീകരിച്ചിട്ട് അധികനാളാകാത്ത തെസലോനിക്യയിലെ സഹോദരങ്ങൾ വലിയ കഷ്ടം സഹിക്കുന്നതു കണക്കാക്കാതെ ഇപ്രകാരം ചെയ്യുന്നതിനുള്ള പൗലോസിന്റെ ബുദ്ധ്യുപദേശം ബാധകമാക്കി. (പ്രവൃത്തികൾ 17:1-9; 1 തെസ്സലൊനീക്യർ 1:6; 2:14; 5:11) മുഴു സഭയെയും ബലപ്പെടുത്തുന്നതിനും ഏകീഭവിപ്പിക്കുന്നതിനുമുള്ള അവരുടെ സ്നേഹനിർഭരമായ സഹകരണം കൈവരുത്തിയ നല്ല ഫലത്തെക്കുറിച്ചു ചിന്തിച്ചുനോക്കൂ! സമാനമായി സഹോദരങ്ങൾ പരസ്പരം സാന്ത്വനപ്പെടുത്തുകയും പിന്തുണയ്ക്കുകയും അനുശാസിക്കുകയും ചെയ്യുമ്പോൾ മിക്കപ്പോഴും കുടുംബത്തെക്കൂടെ സംരക്ഷിക്കേണ്ടിയിരിക്കുന്ന മൂപ്പന്മാർക്ക് ഇടയവേലയിലെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നത് ഏറെ എളുപ്പമായിത്തീരുന്നു.
11. (എ) “സഹോദരന്മാ”ർ എന്ന പദപ്രയോഗത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു എന്നു നിഗമനംചെയ്യുന്നതു ന്യായയുക്തമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) പക്വമതിയായ ഒരു ക്രിസ്തീയ സ്ത്രീക്ക് ഇന്നു യുവ സ്ത്രീകളെ എങ്ങനെ സഹായിക്കാം?
11 അപ്പോസ്തലനായ പൗലോസ് അഭിസംബോധന ചെയ്ത “സഹോദരന്മാ”രിൽ സ്ത്രീകളും ഉൾപ്പെട്ടിരുന്നോ? ഉവ്വ്, അവർ ഉൾപ്പെട്ടിരുന്നു. കാരണം വിശ്വാസികളായിത്തീർന്ന അനേകം സ്ത്രീകളുമുണ്ടായിരുന്നു. (പ്രവൃത്തികൾ 17:1, 4; 1 പത്രൊസ് 2:17; 5:9) അത്തരം സ്ത്രീകൾക്ക് ഏതു വിധത്തിലുള്ള സഹായമാണു നൽകാൻ കഴിഞ്ഞിരുന്നത്? കൊള്ളാം, “ലൈംഗിക ആസക്തി”യെ നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുള്ളതോ “വിഷാദമുള്ള”തോ ആയ യുവ സ്ത്രീകൾ സഭകളിൽ ഉണ്ടായിരുന്നു. (1 തിമോത്തി 5:11-13, NW) സമാനമായ പ്രശ്നങ്ങൾ ഇന്നു ചില സ്ത്രീകൾക്കുണ്ട്. കേൾക്കാൻ ഒരുക്കമുള്ള കാത് അല്ലെങ്കിൽ കരയുമ്പോൾ താങ്ങുന്ന ഒരു ചുമൽ, അതായിരിക്കാം അവർക്കു മിക്കപ്പോഴും ആവശ്യമായിരിക്കുന്നത്. മിക്ക സന്ദർഭങ്ങളിലും പക്വമതിയായ ഒരു ക്രിസ്തീയ സ്ത്രീക്ക് ഏറ്റവും മെച്ചമായ രീതിയിൽ അത്തരം സഹായം പ്രദാനംചെയ്യാൻ കഴിയും. ഒരു ക്രിസ്തീയ പുരുഷന് ഉചിതമായി കൈകാര്യം ചെയ്യാനാവാത്ത വ്യക്തിപരമായ പ്രശ്നങ്ങൾ അവൾക്കു മറ്റൊരു ക്രിസ്തീയ സ്ത്രീയുമായി ചർച്ചചെയ്യാൻ കഴിയും. അത്തരം സഹായം പ്രദാനംചെയ്യുന്നതിന്റെ മൂല്യം ഊന്നിപ്പറഞ്ഞുകൊണ്ടു പൗലോസ് ഇങ്ങനെ എഴുതി: “വൃദ്ധമാരും . . . ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു യൌവനക്കാരത്തികളെ ഭർത്തൃപ്രിയമാരും പുത്രപ്രിയമാരും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കന്മാർക്കു കീഴ്പെടുന്നവരും ആയിരിപ്പാൻ ശീലിപ്പിക്കേണ്ടതിന്നു നന്മ ഉപദേശിക്കുന്നവരായിരി”ക്കേണം.—തീത്തൊസ് 2:3-5.
12. ആരുടെ ജീവത്പ്രധാനമായ മാർഗനിർദേശമാണു സഭയിലുള്ള സകലരും പിൻപറ്റേണ്ടത്?
12 താഴ്മയുള്ള സഹോദരിമാർ തങ്ങളുടെ ഭർത്താക്കന്മാർക്കും മൂപ്പന്മാർക്കും സഹകരണാത്മകമായ പിന്തുണ നൽകുമ്പോൾ അവർ സഭയ്ക്ക് എത്ര അനുഗ്രഹമാണ്! (1 തിമൊഥെയൊസ് 2:11, 12; എബ്രായർ 13:17) സകലരും സ്നേഹത്തിന്റെ ആത്മാവോടെ സഹകരിക്കുകയും നിയമിത ഇടയന്മാരുടെ മാർഗദർശനത്തിനു കീഴ്പെട്ടിരിക്കുകയും ചെയ്യുമ്പോൾ കുടുംബ ഉത്തരവാദിത്വങ്ങളുള്ള മൂപ്പന്മാർ പ്രത്യേകിച്ചും പ്രയോജനമനുഭവിക്കുന്നു.—1 പത്രൊസ് 5:1, 2.
മാതാപിതാക്കളേ, നിങ്ങൾ ഒന്നാമതു വയ്ക്കുന്നത് എന്താണ്?
13. അനേകം പിതാക്കന്മാരും തങ്ങളുടെ കുടുംബത്തിൽ വിജയപ്രദരാകാതിരിക്കുന്നതെങ്ങനെ?
13 വിനോദിപ്പിക്കൽ ജീവിതവൃത്തിയാക്കിയിട്ടുള്ള ഒരു പ്രമുഖ വ്യക്തി വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “വിജയപ്രദരായ പുരുഷന്മാർ നൂറുകണക്കിന് ആളുകളെക്കൊണ്ടു കമ്പനികൾ നടത്തുന്നതു ഞാൻ കാണുന്നു; ബിസിനസ് ലോകത്തിൽ ഓരോ സാഹചര്യത്തിലും എങ്ങനെ പെരുമാറണം, എങ്ങനെ ശിക്ഷണം നൽകണം, എങ്ങനെ പ്രതിഫലം നൽകണം എന്നെല്ലാം അവർക്കറിയാം. എന്നാൽ അവർ നടത്തുന്ന ഏറ്റവും വലിയ ബിസിനസ് അവരുടെ കുടുംബമാണ്, അതിൽ അവർ വിജയപ്രദരാകുന്നില്ല.” എന്തുകൊണ്ട്? അവർ ബിസിനസും മറ്റു താത്പര്യങ്ങളും ഒന്നാമതു വയ്ക്കുകയും ദൈവത്തിന്റെ ബുദ്ധ്യുപദേശം അവഗണിക്കുകയും ചെയ്യുന്നതുകൊണ്ടല്ലേ? “ഞാൻ . . . കല്പിക്കുന്ന ഈ വചനങ്ങൾ . . . നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്ക”ണം എന്ന് അവന്റെ വചനം പറയുന്നു. അതു ദിവസവും ചെയ്യണമായിരുന്നു. മാതാപിതാക്കൾ തങ്ങളുടെ സമയം—പ്രത്യേകിച്ചും അവരുടെ സ്നേഹവും ആഴമായ താത്പര്യവും—കലവറയില്ലാതെ നൽകണം.—ആവർത്തനപുസ്തകം 6:6-9.
14. (എ) മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കുവേണ്ടി എങ്ങനെ കരുതണം? (ബി) കുട്ടികളുടെ ഉചിതമായ പരിശീലനത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
14 മക്കൾ യഹോവയിൽനിന്നുള്ള ഒരു അവകാശമാണെന്നു ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. (സങ്കീർത്തനം 127:3) നിങ്ങളുടെ കുട്ടികളെ ദൈവത്തിന്റെ സമ്പത്തെന്നപോലെ, നിങ്ങളെ ഏൽപ്പിച്ച ഒരു സമ്മാനംപോലെ നിങ്ങൾ സംരക്ഷിക്കുന്നുണ്ടോ? നിങ്ങളുടെ കുട്ടിയെ നിങ്ങളുടെ സ്നേഹപുരസ്സരമായ കരുതലും ശ്രദ്ധയും പ്രകടമാക്കിക്കൊണ്ടു വാരിപ്പുണരുന്നെങ്കിൽ അവൻ അല്ലെങ്കിൽ അവൾ പ്രതികരിക്കാൻ സാധ്യതയുണ്ട്. (മർക്കൊസ് 10:16) ‘കുട്ടി നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പി’ക്കുന്നത് വെറും ആശ്ലേഷണങ്ങളിലും ചുംബനങ്ങളിലും ഒതുങ്ങുന്നില്ല. ജീവിതത്തിലെ വീഴ്ചകൾ ഒഴിവാക്കുന്നതിന് ആവശ്യമായ ജ്ഞാനത്താൽ സജ്ജനാകുന്നതിന് ഒരു കുട്ടിക്കു സ്നേഹനിർഭരമായ ശിക്ഷണവും ആവശ്യമാണ്. ‘തന്റെ കുട്ടിയെ . . . ചെറുപ്പത്തിലേ . . . ശിക്ഷി’ച്ചുകൊണ്ട് സ്നേഹനിധിയായ മാതാവോ പിതാവോ യഥാർഥ സ്നേഹം പ്രകടമാക്കുന്നു.—സദൃശവാക്യങ്ങൾ 13:1, 24; 22:6.
15. മാതാപിതാക്കളാലുള്ള ശിക്ഷണം അത്യാവശ്യമാണെന്നു കാണിക്കുന്നതെന്ത്?
15 തന്റെ സ്ഥാപനത്തിലേക്കു വരുന്ന കുട്ടികളെപ്പറ്റിയുള്ള ഒരു സ്കൂൾ ഉപദേഷ്ടയുടെ പിൻവരുന്ന വർണനയിൽനിന്നു മാതാപിതാക്കളിൽനിന്നുള്ള ശിക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ കഴിയും: “അവരുടെ അവസ്ഥ ദയനീയമാണ്, അവർ ഹൃദയം തകർന്നവരും നിരാലംബരുമാണ്. അവർ കരഞ്ഞുകൊണ്ടാണു വസ്തുതകളുടെ നിജസ്ഥിതി അവതരിപ്പിക്കുന്നത്. അനേകർ—ഒരുവൻ ചിന്തിച്ചേക്കാവുന്നതിലും വളരെയധികംപേർ—ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്, സന്തോഷാതിരേകത്താലല്ല; അവർ അസന്തുഷ്ടരാണ്, പരിരക്ഷണം ലഭിക്കാത്തവരാണ്, അമിത സമ്മർദവിധേയരാണ്. കാരണം അത്രയും ചെറുപ്രായത്തിലേ അവർ ‘ചുമതല വഹിക്കു’ന്നു, അതാകട്ടെ താങ്ങാവുന്നതിലധികവും.” അവർ ഇങ്ങനെയും കൂട്ടിച്ചേർത്തു: “ഒരു യുവ വ്യക്തിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങളുടെ ചുമതല വഹിക്കുന്നതു താനാണെന്ന തോന്നൽ ഭീതിദമാണ്.” കുട്ടികൾ ശിക്ഷണം നിരസിച്ചേക്കാമെന്നതു ശരിതന്നെ, എന്നാൽ മാതാപിതാക്കളുടെ മാർഗനിർദേശങ്ങളും നിബന്ധനകളും അവർ വാസ്തവത്തിൽ വിലമതിക്കുകയാണു ചെയ്യുന്നത്. തങ്ങളുടെ മാതാപിതാക്കൾ തങ്ങൾക്കു പരിമിതികൾ വയ്ക്കാൻ ശ്രദ്ധിക്കുന്നതിൽ അവർ സന്തുഷ്ടരാണ്. മാതാപിതാക്കൾ അപ്രകാരം ചെയ്ത കൗമാരപ്രായത്തിലുള്ള ഒരു കുട്ടി ഇങ്ങനെ പറഞ്ഞു: “അത് എന്റെ മനസ്സിൽനിന്നു വലിയൊരു ഭാരം ഇറക്കിവെച്ചിരിക്കുന്നു.”
16. (എ) ക്രിസ്തീയ കുടുംബങ്ങളിൽ ജനിച്ചുവളരുന്ന ചില കുട്ടികൾക്ക് എന്തു സംഭവിക്കുന്നു? (ബി) ഒരു കുട്ടിയുടെ വഴിതെറ്റിയുള്ള പോക്ക് മാതാപിതാക്കൾ നൽകിയ പരിശീലനം നല്ലതല്ലായിരുന്നുവെന്ന് അർഥമാക്കുന്നില്ലാത്തതെന്തുകൊണ്ട്?
16 എങ്കിലും, സ്നേഹവും നല്ല പരിശീലനവും നൽകുന്ന മാതാപിതാക്കളുണ്ടായിട്ടും ചില ചെറുപ്പക്കാർ യേശുവിന്റെ ദൃഷ്ടാന്തത്തിലെ മുടിയനായ പുത്രനെപ്പോലെ മാതാപിതാക്കളുടെ മാർഗനിർദേശം അവഗണിച്ചു വഴിതെറ്റിപ്പോകുന്നു. (ലൂക്കൊസ് 15:11-16) എന്നിരുന്നാലും, സദൃശവാക്യങ്ങൾ 22:6 നിർദേശിക്കുന്നതുപോലെ മാതാപിതാക്കൾ തങ്ങളുടെ കുട്ടിയെ ഉചിതമായി പരിശീലിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം നിവർത്തിച്ചില്ലെന്ന് അത് അതിൽത്തന്നെ അർഥമാക്കുന്നില്ല. ‘കുട്ടിയെ നടക്കേണ്ടുന്ന വഴിയിൽ അഭ്യസിപ്പിക്ക; അവൻ അതു വിട്ടുമാറുകയില്ല’ എന്നത് ഒരു പൊതു നിയമമായിട്ടാണു നൽകപ്പെട്ടത്. ദുഃഖകരമെന്നുപറയട്ടെ, ചില കുട്ടികൾ മുടിയനായ പുത്രനെപ്പോലെ ‘മാതാപിതാക്കളിലൊരാളെ അനുസരിക്കാതെ വരും.’—സദൃശവാക്യങ്ങൾ 30:17.
17. വഴിതെറ്റിപ്പോയ കുട്ടികളുടെ മാതാപിതാക്കൾക്ക് എന്തിൽനിന്ന് ആശ്വാസം കണ്ടെത്താം?
17 വഴിതെറ്റിപ്പോയ മകനെക്കുറിച്ച് ഒരു പിതാവ് ഇങ്ങനെ വിലപിച്ചു: “അവന്റെ ഹൃദയത്തെ സ്പർശിക്കാൻ ഞാൻ നിതാന്ത ശ്രമം ചെലുത്തി. പലവഴികളും ശ്രമിച്ചുനോക്കി, ഇനി എന്തു ചെയ്യണമെന്ന് എനിക്കറിഞ്ഞുകൂടാ. ശ്രമിച്ചതൊന്നും ഫലിച്ചില്ല.” വഴിതെറ്റിപ്പോയ അത്തരം കുട്ടികൾ തങ്ങൾക്കു ലഭിച്ച സ്നേഹനിർഭരമായ പരിശീലനത്തെക്കുറിച്ചു കാലക്രമത്തിൽ അനുസ്മരിക്കുകയും മുടിയനായ പുത്രനെപ്പോലെ തിരിച്ചുവരികയും ചെയ്യുമെന്നു പ്രതീക്ഷിക്കാം. എങ്കിലും, ചില കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ടു മത്സരിക്കുകയും അധാർമിക കാര്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുമെന്ന വസ്തുത അവശേഷിക്കുന്നു. ഭൂമിയിൽ ജീവിച്ചിരുന്നതിലേക്കും ഏറ്റവും മഹാനായ ഗുരു തന്റെ ദീർഘകാല ശിഷ്യനായിരുന്ന യൂദാ ഇസ്കര്യോത്ത തന്നെ ഒറ്റിക്കൊടുക്കുന്നതു കണ്ടുവെന്ന അറിവിൽനിന്നു മാതാപിതാക്കൾക്ക് ആശ്വാസം കണ്ടെത്താവുന്നതാണ്. യഹോവയുടെ പക്ഷത്തുനിന്നു യാതൊരു തെറ്റുമില്ലായിരുന്നെങ്കിലും അവന്റെ ആത്മീയ പുത്രന്മാരിലനേകർ തന്റെ ബുദ്ധ്യുപദേശം തള്ളിക്കളഞ്ഞു മത്സരികളെന്നു തെളിഞ്ഞപ്പോൾ അവനു ദുഃഖം തോന്നിയെന്നതിൽ സംശയമില്ല.—ലൂക്കൊസ് 22:47, 48; വെളിപ്പാടു 12:9.
കുട്ടികളേ—നിങ്ങൾ ആരെ സന്തോഷിപ്പിക്കും?
18. തങ്ങൾ ദൈവത്തെ ഒന്നാമതു വയ്ക്കുന്നുവെന്നു കുട്ടികൾക്ക് എങ്ങനെ പ്രകടമാക്കാം?
18 യുവജനങ്ങളേ, യഹോവ നിങ്ങളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ.” (എഫെസ്യർ 6:1) അപ്രകാരം ചെയ്തുകൊണ്ടു യുവജനങ്ങൾ ദൈവത്തെ ഒന്നാമതു നിർത്തുന്നു. വിഡ്ഢികളാകരുത്! “ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു” എന്നു ദൈവവചനം പറയുന്നു. ശിക്ഷണം കൂടാതെ ആകാമെന്ന് അഹങ്കാരപൂർവം ഊഹിക്കുകയുമരുത്. “സ്വന്തം ദൃഷ്ടികളിൽ നിർമ്മലമായിത്തോന്നുന്ന ഒരു തലമുറയുണ്ട്, എങ്കിലും തങ്ങളുടെ മാലിന്യങ്ങൾ കഴുകിക്കളഞ്ഞിട്ടില്ല” എന്നതാണു വാസ്തവം. (സദൃശവാക്യങ്ങൾ 15:5; 30:12, അമേരിക്കൻ പ്രമാണ ഭാഷാന്തരം) അതുകൊണ്ടു ദിവ്യ മാർഗനിർദേശം അനുസരിക്കുക—മാതാപിതാക്കളുടെ കൽപ്പനകളും ശിക്ഷണവും “കേൾക്ക,” “ഉള്ളിൽ സംഗ്രഹിക്കുക,” “മറക്കരുത്,” “ശ്രദ്ധിപ്പിൻ,” “കാത്തുകൊള്ള”ണം, “ഉപേക്ഷിക്കയുമരുത്.”—സദൃശവാക്യങ്ങൾ 1:8; 2:1; 3:1; 4:1; 6:20.
19. (എ) യഹോവയെ അനുസരിക്കുന്നതിനു കുട്ടികൾക്കു ശക്തമായ എന്തു കാരണങ്ങളുണ്ട്? (ബി) തങ്ങൾ ദൈവത്തോടു നന്ദിയുള്ളവരാണെന്നു ചെറുപ്പക്കാരായ കുട്ടികൾക്ക് എങ്ങനെ കാണിക്കാം?
19 യഹോവയെ അനുസരിക്കുന്നതിനു നിങ്ങൾക്കു ശക്തമായ കാരണങ്ങളുണ്ട്. അവൻ നിങ്ങളെ സ്നേഹിക്കുന്നു, കൂടാതെ നിങ്ങളെ സംരക്ഷിക്കുന്നതിനും സന്തുഷ്ടമായ ഒരു ജീവിതം ആസ്വദിക്കുന്നതിനു നിങ്ങളെ സഹായിക്കുന്നതിനും കുട്ടികൾ മാതാപിതാക്കളെ അനുസരിക്കണമെന്നതുൾപ്പെടെയുള്ള തന്റെ നിയമങ്ങൾ അവൻ നിങ്ങൾക്കു നൽകിയിരിക്കുന്നു. (യെശയ്യാവു 48:17) പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കപ്പെടുന്നതിനും നിത്യജീവിതം ആസ്വദിക്കുന്നതിനും നിങ്ങൾക്കുവേണ്ടി മരിക്കുന്നതിന് അവൻ തന്റെ പുത്രനെ നൽകി. (യോഹന്നാൻ 3:16) നിങ്ങൾ നന്ദിയുള്ളവരാണോ? ദൈവം, നിങ്ങൾ വാസ്തവമായും അവനെ സ്നേഹിക്കുകയും അവന്റെ കരുതലുകളെ വിലമതിക്കുകയും ചെയ്യുന്നുണ്ടോ എന്നു കാണുന്നതിനുവേണ്ടി നിങ്ങളുടെ ഹൃദയങ്ങളെ പരിശോധിച്ചുകൊണ്ടു സ്വർഗത്തിൽനിന്നു വീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. (സങ്കീർത്തനം 14:2) നിങ്ങൾ ദൈവത്തെ അനുസരിക്കുകയില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് അവനെ നിന്ദിച്ചുകൊണ്ട് സാത്താനും വീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. ദൈവത്തോട് അനുസരണക്കേടു കാട്ടുമ്പോൾ നിങ്ങൾ സാത്താനെ സന്തോഷിപ്പിക്കുകയും ദൈവത്തെ “ദുഃഖിപ്പി”ക്കുകയുമാണു ചെയ്യുന്നത്. (സങ്കീർത്തനം 78:40, 41) “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക” എന്നു യഹോവ നിങ്ങളോട് അഭ്യർഥിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) അതേ, ചോദ്യമിതാണ്, നിങ്ങൾ ആരെ സന്തോഷിപ്പിക്കും, സാത്താനെയോ യഹോവയെയോ?
20. ഒരു പെൺകുട്ടി ഭയംതോന്നിയപ്പോഴും യഹോവയെ സേവിക്കുന്നതിനുള്ള ധൈര്യം കാട്ടിയതെങ്ങനെ?
20 സാത്താനും അവന്റെ ലോകവും നിങ്ങളുടെമേൽ വരുത്തുന്ന സമ്മർദങ്ങളുടെമധ്യേ ദൈവഹിതം ചെയ്യുക എളുപ്പമല്ല. അതു ഭീതിദമായിരിക്കാം. “തണുപ്പ് അനുഭവപ്പെടുന്നപോലെയാണു പേടി അനുഭവപ്പെടുന്നത്. എന്നാൽ നിങ്ങൾക്ക് അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റും” എന്ന് ഒരു ചെറുപ്പക്കാരി അഭിപ്രായപ്പെട്ടു. അവൾ ഇങ്ങനെ വിശദീകരിച്ചു: “നിങ്ങൾക്കു തണുപ്പു തോന്നുമ്പോൾ നിങ്ങൾ സ്വെറ്റർ ധരിക്കും. എന്നിട്ടും തണുപ്പു തോന്നുന്നെങ്കിൽ നിങ്ങൾ വേറൊന്നുകൂടെ ധരിക്കും. തണുപ്പു മാറുന്നതുവരെ, നിങ്ങൾക്കു തണുപ്പു തോന്നാത്തതുവരെ നിങ്ങൾ എന്തെങ്കിലും ധരിച്ചുകൊണ്ടേയിരിക്കും. നിങ്ങൾക്കു പേടി തോന്നുമ്പോൾ യഹോവയോടു പ്രാർഥിക്കുന്നത് തണുപ്പുള്ളപ്പോൾ സ്വെറ്റർ ധരിക്കുന്നതുപോലെയാണ്. ഒരു പ്രാവശ്യത്തെ പ്രാർഥനയ്ക്കുശേഷം എനിക്കു വീണ്ടും ഭയം തോന്നുന്നെങ്കിൽ ഞാൻ വീണ്ടും പ്രാർഥിക്കും, എന്റെ പേടി മാറുന്നതുവരെ ഞാൻ വീണ്ടും വീണ്ടും പ്രാർഥിക്കും. അതു ഫലം ചെയ്യുന്നുണ്ട്. അതെന്നെ കുഴപ്പത്തിൽനിന്ന് അകറ്റിനിർത്തിയിരിക്കുന്നു!”
21. നമ്മുടെ ജീവിതത്തിൽ യഹോവയെ ഒന്നാമതു വയ്ക്കാൻ നാം യഥാർഥത്തിൽ ശ്രമിക്കുന്നുവെങ്കിൽ അവൻ നമ്മെ എങ്ങനെ പിന്തുണയ്ക്കും?
21 നമ്മുടെ ജീവിതത്തിൽ ദൈവത്തെ ഒന്നാമതു വയ്ക്കാൻ നാം യഥാർഥത്തിൽ ശ്രമിക്കുന്നുവെങ്കിൽ യഹോവ നമ്മെ പിന്തുണയ്ക്കും. നമുക്ക് ആവശ്യമുള്ളപ്പോൾ, തന്റെ പുത്രനു വേണ്ടി ചെയ്തതുപോലെ ദൂതന്മാരുടെ സംരക്ഷണമേകിക്കൊണ്ട് അവൻ നമ്മെ ബലപ്പെടുത്തും. (മത്തായി 18:10; ലൂക്കൊസ് 22:43) മാതാപിതാക്കളേ, കുട്ടികളേ, ധൈര്യമുള്ളവരായിരിക്ക. ക്രിസ്തുസമാന ഭയം ഉണ്ടായിരിക്കുക, അതു നിങ്ങൾക്കു പ്രമോദം പകരും. (യെശയ്യാവു 11:3) അതേ, “ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.”—സഭാപ്രസംഗി 12:13.
നിങ്ങൾക്ക് ഉത്തരം നൽകാമോ?
◻ യേശുവിന്റെ ആദിമ അനുഗാമികൾ എന്ത് ഉത്തരവാദിത്വങ്ങളുടെ കാര്യത്തിൽ സന്തുലനം പാലിക്കണമായിരുന്നു?
◻ ക്രിസ്തീയ മാതാപിതാക്കൾ എന്ത് ഉത്തരവാദിത്വം നിവർത്തിക്കേണ്ടതുണ്ട്?
◻ കുടുംബാംഗങ്ങളുള്ള ക്രിസ്തീയ മൂപ്പന്മാർക്ക് എന്തു സഹായമാണു ലഭ്യമായിരിക്കുന്നത്?
◻ സഹോദരിമാർക്കു സഭയിൽ ഏതു വിലയേറിയ സേവനം അനുഷ്ഠിക്കാവുന്നതാണ്?
◻ കുട്ടികൾ എന്തു ബുദ്ധ്യുപദേശവും മാർഗനിർദേശവും അനുസരിക്കേണ്ടതു ജീവത്പ്രധാനമാണ്?
[15-ാം പേജിലെ ചിത്രം]
നല്ല ഉപദേശം പ്രദാനംചെയ്തുകൊണ്ട് പക്വമതികളായ സ്ത്രീകൾക്കു ചെറുപ്പക്കാരായ സ്ത്രീകളെ സഹായിക്കാനാവും
[17-ാം പേജിലെ ചിത്രം]
തങ്ങളുടെ വഴിതെറ്റിപ്പോയ മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് തിരുവെഴുത്തുകളിൽനിന്ന് എന്ത് ആശ്വാസം കണ്ടെത്താം?