“ഗുണമേൻമയുള്ള സമയം” പരിമിതമായ അളവിൽ പങ്കിടുന്നു
ഈ നാളുകളിൽ വളരെക്കുറച്ചു മാതാപിതാക്കൾ മാത്രമേ തങ്ങളുടെ കുട്ടികൾക്കുവേണ്ടി വേണ്ടത്ര സമയം വിനിയോഗിക്കുന്നുള്ളു. അനേകരും ഒററയ്ക്കാണ്, ഒരു വിവാഹിത ഇണയുടെ സഹായമില്ലാതെ മക്കൾക്കുവേണ്ടി കരുതാൻ പാടുപെടുന്നവരാണ്. വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ചുററുപാടുകൾനിമിത്തം കുടുംബത്തിനു സാമ്പത്തികമായി കഴിഞ്ഞുകൂടാനുള്ളത് ഉണ്ടായിരിക്കുന്നതിനു ഭവനത്തിനു വെളിയിൽ ജോലിചെയ്യേണ്ടതാണെന്നു കൂടുതൽ മാതാപിതാക്കൾ കണ്ടെത്തുന്നു. അങ്ങനെയെങ്കിൽ, ഗുണമേൻമയുള്ള സമയം എന്ന ആശയം തഴച്ചുവളർന്നിരിക്കുന്നത് ആശ്ചര്യമല്ല.
പൊതുവെ മനസ്സിലാക്കിയിട്ടുള്ളതുപോലെ ഗുണമേൻമയുള്ള സമയത്തിൽ പലപ്പോഴും പ്രത്യേകമായി എന്തെങ്കിലും ചെയ്യുന്നതിന്, ഉദാഹരണത്തിന്, മൃഗശാല കാണാൻ പോകുന്നതുപോലെ ഒരു പ്രത്യേക വിനോദസഞ്ചാരത്തിനു പ്ലാൻ ചെയ്തുകൊണ്ടു കുട്ടിയോടൊത്തു ചെലവഴിക്കുന്നതിനു കുറെ സമയം പട്ടികപ്പെടുത്തുന്നതു സാധാരണമായി ഉൾപ്പെടുന്നു. സ്പഷ്ടമായും, ആശയത്തിന് അതിന്റെ മേൻമയുണ്ട്. തങ്ങൾക്കു ലഭിച്ചേക്കാവുന്ന ഏതു പ്രത്യേക ശ്രദ്ധയും കുട്ടികൾക്ക് ആവശ്യമാണ്. എന്നിരുന്നാലും, ഗുണമേൻമയുള്ള സമയം സംബന്ധിച്ച പൊതുധാരണയിലെ ചില പോരായ്മകൾ ശിശുപരിപാലനത്തിലെ വിദഗ്ദ്ധർക്കു കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.
പ്രത്യക്ഷത്തിൽ, തൊഴിലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന, തിരക്കുള്ള അനേകം മാതാപിതാക്കൾ ഒരു നിശ്ചിത ഘടനയുള്ള, പട്ടികപ്പെടുത്തിയിട്ടുള്ള സമയത്തിന്റെ അംശം കുട്ടിയോടൊപ്പം ചെലവഴിക്കുന്നത്, മാതാപിതാക്കളുടെ ശ്രദ്ധയ്ക്കുവേണ്ടിയുള്ള കുട്ടിയുടെ എല്ലാ ആവശ്യങ്ങൾക്കും മതിയാകും എന്ന തന്ത്രപൂർവകമായ ആശയം സ്വീകരിച്ചിരിക്കുന്നു. ഐക്യനാടുകളിലെ കോർണെൽ യൂണിവേഴ്സിററി മെഡിക്കൽ സ്കൂളിലെ ഒരു പ്രൊഫസറായ ഡോ. ലീ സാക്ക് ഇങ്ങനെ പറയുന്നതായി, ന്യൂയോർക്ക് ഡെയ്ലി ന്യൂസ് ഉദ്ധരിക്കുന്നു: “ഗുണമേൻമയുള്ള സമയം എന്ന ആശയം ബുദ്ധിശൂന്യമാണ്.” അദ്ദേഹം വിശദീകരിക്കുന്നു: “മാതാപിതാക്കളുടെ കുററം നിമിത്തമാണ് ഈ പദം ഉണ്ടായത്. തങ്ങളുടെ കുട്ടികളോടൊപ്പം കുറഞ്ഞസമയം ചെലവഴിക്കുന്നതിന് ആളുകൾ തങ്ങളെത്തന്നെ അനുവദിച്ചിരിക്കുകയായിരുന്നു.”
എന്നാൽ ഗുണമേൻമയുള്ള സമയത്തോടൊപ്പം കുട്ടിയിൽ കേന്ദ്രീകരിക്കുന്ന മാതാപിതാക്കളുടെ അവിഭജിത ശ്രദ്ധ സമയക്കുറവിനെ പരിഹരിക്കുന്നില്ലേ? ഇല്ല, കാരണം ലളിതമായിപ്പറഞ്ഞാൽ—മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഏററവും ശക്തമായി മാതൃകയാൽ പഠിപ്പിക്കുന്നു. നഗരമദ്ധ്യത്തിലെ യുവാക്കളെ സംബന്ധിച്ച അടുത്തകാലത്തെ ഒരു പഠനത്താൽ ഈ സാർവത്രിക സത്യത്തിന്റെ ഇരുണ്ട വശം ദാരുണമായി ചിത്രീകരിക്കപ്പെട്ടു. തങ്ങൾ വളർന്നുവരുന്ന സമയത്ത് കുടുംബാംഗങ്ങൾ ജയിലിലുണ്ടായിരുന്നവർ തടവിലാക്കപ്പെടാൻ ഇരട്ടി സാധ്യതയുള്ളവരായിരുന്നു. സമാനമായി, മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ദുരുപയോഗം നടത്തുന്നവരുടെ സംരക്ഷണയിൽ വളർന്നുവന്നവർ മാരകമായ ആ ശീലങ്ങൾ സ്വീകരിക്കുന്നതിന് ഏതാണ്ട് ഇരട്ടി സാധ്യതയുള്ളവരായിരുന്നു.
മാതാപിതാക്കളുടെ നല്ല മാതൃകക്ക് അത്രതന്നെ ശക്തമായിരിക്കാൻ കഴിയും. ഒരു നല്ല മാതൃക വയ്ക്കുന്നതിനു സമയം, നീണ്ട കാലഘട്ടങ്ങൾതന്നെ, ആവശ്യമാണ് എന്നതാണു പ്രശ്നം, കേവലം ഗുണമേൻമയുള്ള സമയത്തിന്റെ നല്ല നിലയിലുള്ള ചെറിയ ഭാഗങ്ങൾ പോര. ന്യൂയോർക്ക് ഡെയ്ലി ന്യൂസ് പ്രസ്താവിക്കുന്നതുപോലെ: “കുട്ടിയോടൊത്തുള്ള മാതാവിന്റെയോ പിതാവിന്റെയോ സുപ്രധാന നിമിഷങ്ങൾ—ഭദ്രതയും മൂല്യങ്ങളും ആത്മാഭിമാനവും നിവേശിപ്പിക്കുന്ന സംഭാഷണങ്ങളും തീരുമാനങ്ങളും—സ്വതഃപ്രേരിതമായതുകൊണ്ട് ഗുണമേൻമയുള്ള സമയം എന്ന ആശയം വികലമാണ്.” യാദൃച്ഛികമായി ലഭിക്കുന്ന ഒരു നിമിഷം ആർക്കും പട്ടികപ്പെടുത്താൻ കഴിയുകയില്ല. ഒരു മാതാവോ പിതാവോ കുട്ടിയോടൊത്തു ചെലവഴിക്കുന്നതിനു ഗുണമേൻമയുള്ള സമയത്തിൽ 15 മിനിററ് മാററിവെച്ചേക്കാം. എന്നാൽ ആ സമയത്തു മാതാവോ പിതാവോ കുട്ടിയുമായി ഒരു ഉററബന്ധത്തിൽ എത്തിച്ചേരുമെന്ന് എങ്ങനെ അറിയാം? ദിവസത്തിലെ ആ മിനിററുകൾ മാത്രമാണു മാതാവിന്റെയോ പിതാവിന്റെയോ കൂടെ ചെലവഴിക്കുന്നതെങ്കിൽ കുട്ടിക്ക് എങ്ങനെ മാതൃകകണ്ടു പഠിക്കാൻ കഴിയും?
മാതാപിതാക്കൾക്കു വളരെ കുറച്ചു സമയമേ വിനിയോഗിക്കാനുള്ളു എന്നതിനാൽ എന്താണൊരു പരിഹാരമാർഗം? ലളിതമായ ഉത്തരങ്ങൾ ഒന്നുമില്ല. ഈ ലോകം കുട്ടികളെ വളർത്തുന്നതു വളരെ ദുഷ്കരമായ ജോലിയാക്കിത്തീർത്തിരിക്കുന്നു എന്ന യാഥാർഥ്യം മാററിമറിക്കുവാൻ ഒന്നിനും സാദ്ധ്യമല്ല. ചില മാതാപിതാക്കൾക്കു തങ്ങളുടെ തൊഴിലിനു കുറഞ്ഞ ശ്രദ്ധകൊടുക്കുവാൻ കഴിഞ്ഞേക്കാം. ശിശുപരിപാലനം സംബന്ധിച്ച അടുത്തകാലത്തെ ഒരു പുസ്തകത്തിന്റെ രചയിതാവു തങ്ങളുടെ തൊഴിലിനു കുറഞ്ഞ ശ്രദ്ധകൊടുക്കാൻ സാധിക്കുന്ന മാതാവിനെ അല്ലെങ്കിൽ പിതാവിനെ അതുതന്നെ ചെയ്യാൻ—ജോലിക്കു പോകാതെ കുട്ടികളോടൊപ്പം വീട്ടിൽ കഴിയാൻ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ അനേകം മാതാപിതാക്കളെ സംബന്ധിച്ചടത്തോളം അങ്ങനെ ചെയ്യാൻ സാധിക്കുകയില്ല. വ്യതിയാനം വരുത്താവുന്ന ഒരു തൊഴിൽപ്പട്ടിക ഉള്ളവരും വേതനം വാങ്ങുന്ന ജോലിയില്ലാത്തവരും പോലും തങ്ങളുടെ കുട്ടികളോടൊപ്പം മതിയായ സമയം ചെലവഴിക്കുന്നതു പ്രയാസകരമായി കണ്ടെത്തുന്നു.
കുട്ടികളെക്കൂട്ടി ചില ജോലികൾ ചെയ്യാൻ തങ്ങൾക്കു കഴിയുമോ എന്നു കാണുന്നതിനു ശുചീകരണം, പാചകം, കേടുപോക്കൽ, യന്ത്രപരിപാലനം, വസ്ത്രംകഴുകൽ, സാധനങ്ങൾവാങ്ങൽ എന്നിവപോലെ ഭവനത്തിൽ തങ്ങൾചെയ്യുന്ന ജോലികളിലേക്ക് ഒന്നു കണ്ണോടിക്കുന്നതിനു ചില വിദഗ്ദ്ധർ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഏററവും സാധാരണമായ ജോലികൾ പോലും ഒന്നിച്ചു ചെയ്യുന്നത് അല്ലെങ്കിൽ കേവലം ഒന്നിച്ചു വിശ്രമിക്കുന്നതു മാതാപിതാക്കൾക്ക് ആശയവിനിമയ മാർഗങ്ങൾ തുറന്നിടുന്നതിനും ഒരു നല്ല മാതൃക വയ്ക്കുന്നതിനും ആവശ്യമായ സമയം പ്രദാനം ചെയ്തേക്കാം. ക്രിസ്തീയമാതാപിതാക്കൾക്കു മക്കളോടൊത്തു തങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന മററു കൃത്യങ്ങളുണ്ട്. ക്രിസ്തീയയോഗങ്ങൾ, ശുശ്രൂഷ, കുടുംബ ബൈബിളധ്യയനം, സഹവിശ്വാസികളുമായുള്ള സഹവാസം—ഇവയെല്ലാം തങ്ങളുടെ കുട്ടികളോടൊത്തായിരിക്കുന്നതിനു മാതാപിതാക്കൾക്കു പ്രാധാന്യമർഹിക്കുന്ന സമയം പ്രദാനം ചെയ്യുന്നു.
രസാവഹമായി, ഇസ്രയേൽ ജനതയ്ക്കുള്ള ന്യായപ്രമാണം ഏതാണ്ട് 3,000 വർഷം മുമ്പു സമാനമായ ഒരു ആശയം അവതരിപ്പിച്ചു. ആവർത്തനപുസ്തകം 6:6, 7-ൽ നാം ഇങ്ങനെ വായിക്കുന്നു: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴിനടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം.” പുരാതന കാലങ്ങളിൽ ജീവിതം അവശ്യം എളുപ്പമായിരുന്നില്ല. കേവലം ദൈനംദിനാവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ആവശ്യമായ മുഴുസമയത്തെക്കുറിച്ചും ചിന്തിക്കുക—തന്റെ കുടുംബത്തിനുവേണ്ടി കരുതുന്നതിന് ഒരു പിതാവിന് എത്രമാത്രം പ്രയത്നം ആവശ്യമായിരുന്നു, അല്ലെങ്കിൽ വസ്ത്രം കഴുകലോ പാചകമോ പോലെയുള്ള കൃത്യങ്ങൾക്കായി അവർക്ക് എത്ര അദ്ധ്വാനം വേണ്ടിവന്നു! എന്നാൽ യഹോവയെ സ്നേഹിച്ച മാതാപിതാക്കൾ കുട്ടികളുമൊത്തു തങ്ങൾക്കു ചെയ്യാൻ കഴിഞ്ഞതൊക്കെയും ചെയ്തു. അങ്ങനെ അവർ അവരുടെ ഇളംഹൃദയങ്ങളിലേക്കു ദൈവനിയമം ഉപദേശിച്ചുകൊടുക്കുന്നതിനു ദിവസത്തിൽ അനേകം നിമിഷങ്ങൾ കണ്ടെത്തി.
ഇന്നത്തെ ക്രിസ്തീയ മാതാപിതാക്കൾ അതുതന്നെ ചെയ്യേണ്ടതാണ്. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്ന കാര്യത്തിൽ ഏററവും സൗകര്യപ്രദമായി കാണുന്നതുമാത്രം ചെയ്യുന്നത് ഒഴിവാക്കണം. “അളവല്ല ഗുണമാണ് കാര്യം” എന്ന പഴഞ്ചൊല്ല് കുട്ടികളെ വളർത്തുന്നതിൽ ബാധകമാകുന്നില്ല. വിശേഷിച്ച് തങ്ങളുടെ സ്വഭാവരൂപവത്ക്കരണവർഷങ്ങളിൽ കുട്ടികൾക്കു സവിശേഷസമയം മാത്രമല്ല “ഒത്തൊരുമിച്ചുള്ള” സമയം തന്നെ ആവശ്യമാണ്. (g93 5/22)
[27-ാം പേജിലെ ചിത്രം]
ഭവനത്തിൽ തിരക്കുള്ള കുടുംബം, കുട്ടികൾ ഉൾപ്പെട്ടിരിക്കുന്നു
[27-ാം പേജിലെ ചിത്രം]
ഒത്തൊരുമിച്ചു യഹോവയെ സേവിക്കുന്നു