“ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയെ സേവിക്കും”
“എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ചാണെങ്കിൽ, ഞങ്ങൾ യഹോവയെ സേവിക്കും.”—യോശുവ 24:15
1. യോശുവയുടെ പുസ്തകം നമുക്ക് പ്രോത്സാഹനത്തിനും സംരക്ഷണത്തിനും ഉതകുന്നതെങ്ങനെ?
“നമ്മുടെ പ്രബോധന”ത്തിനായിട്ടും “വ്യവസ്ഥിതിയുടെ അവസാനം വന്നെത്തിയിരിക്കുന്ന” നമ്മെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും “ദൃഷ്ടാന്തങ്ങ”ളായിട്ടും ആണ് യോശുവയുടെ പുസ്തകത്തിലെ ഉത്തേജിപ്പിക്കുന്ന സംഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. (റോമർ 15:4; 1 കൊരിന്ത്യർ 10:11) സഹിഷ്ണതയും വിശ്വാസവും അനുസരണവുംപോലുള്ള ദൈവീക ഗുണങ്ങൾ വിശേഷവൽക്കരിച്ചിരിക്കുന്നു. “വിശ്വാസത്താൽ അവർ ഏഴുദിവസം വലം വച്ചശേഷം യെരീഹൊയുടെ മതിലുകൾ നിലം പതിച്ചു. വിശ്വാസത്താൽ വേശ്യയായ രാഹാബ് അനുസരണക്കേടു കാണിച്ചവരോടൊപ്പം നശിച്ചുപോയില്ല, കാരണം അവൾ ഒററുകാരെ സമാധാനപൂർവ്വമായ ഒരു വിധത്തിൽ സ്വീകരിച്ചു.” (എബ്രായർ 11:30, 31) യോശുവയുടെയും രാഹാബിന്റെയും വിശ്വസ്തരായ മററുള്ളവരുടെയും വിശ്വാസം ഇന്ന് ദൈവത്തിന്റെ വേല പൂർത്തീകരിക്കുന്നതിൽ ധൈര്യവും നിശ്ചയദാർഢ്യവും ഉള്ളവരായിരിക്കാൻ നമ്മെ ഉത്തേജിപ്പിക്കേണ്ടതാണ്.—യോശുവ 10:25; യോഹന്നാൻ 4:34.
2. (എ) അന്തിമ വിശദാംശത്തോടുപോലും യോശുവ അനുസരണം പ്രകടമാക്കിയതെങ്ങനെ? (ബി) ഏബാൽ, ഗെരീസിം പർവ്വതങ്ങളിൽ എന്തു സംഭവിച്ചു?
2 ആയ് പട്ടണത്തിലെ നിർണ്ണായക വിജയത്തിനുശേഷം യോശുവ ആവർത്തനം 27:1-28:68 വരെ രേഖപ്പെടുത്തിയിട്ടുള്ള വിശദമായ നിർദ്ദേശങ്ങൾക്ക് ശ്രദ്ധ നൽകി. അവൻ ഏബാൽ പർവ്വതത്തിൽ ചെത്തിയൊരുക്കാത്ത കല്ലുകൾ കൊണ്ടുള്ള ഒരു യാഗപീഠം പണിതു, അവിടെ അവൻ ഈ കല്പന നടപ്പാക്കുകയും ചെയ്തു: “നിങ്ങൾ സമാധാന യാഗങ്ങൾ അർപ്പിക്കുകയും അവിടെ വെച്ച് അവ ഭക്ഷിക്കുകയും വേണം, നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ സന്തോഷിക്കുകയും ചെയ്യണം.” ഒരു സ്മാരകമെന്നനിലയിൽ മററുകല്ലുകൾ നാട്ടുകയും വെള്ളപൂശുകയും ന്യായപ്രമാണത്തിലെ വചനങ്ങൾ അവയിൽ എഴുതുകയും ചെയ്തു. അതിനുശേഷം ഗോത്രങ്ങൾ വിഭജിക്കപ്പെട്ടു, “ജനത്തെ അനുഗ്രഹിക്കാനായി” ഒരു കൂട്ടം ഗെരിസിം പർവ്വതത്തിലും മറേറകൂട്ടം “ശാപത്തിനായി ഏബാൽ പർവ്വതത്തിലും” നിന്നു. അനുസരണക്കേടിനുള്ള ശാപങ്ങൾ ലേവ്യർ ഉറക്കെ പ്രഖ്യാപിച്ചു, എല്ലാ ജനങ്ങളും ആമേൻ!” എന്ന് പറയുകയും ചെയ്തു. എന്നാൽ യിസ്രായേൽ ‘ന്യായപ്രമാണത്തിലെ വചനങ്ങളെല്ലാം അനുസരിക്കാനും യഹോവയാം ദൈവത്തിന്റെ മഹത്വമേറിയതും ഭയോദ്ദീപകവും ആയ നാമത്തെ ഭയപ്പെടുവാനും’ പരാജയപ്പെടുന്നെങ്കിൽ അവരുടെമേൽ ദുരിതം വരട്ടെ!—യോശുവ 8:32-35.
3, 4. (എ) യിസ്രായേലിന്റെ ഗതി ഇന്ന് നമുക്ക് ഏതു ശക്തമായ പാഠം നൽകുന്നു? (ബി) ഒരേ കാര്യങ്ങൾ വീണ്ടും വീണ്ടും കേൾക്കുന്നതിൽ നാം ഒരിക്കലും മടുത്തുപോകരുതാത്തതെന്തുകൊണ്ട്? (സി) “ഇടുങ്ങിയ പടിവാതിലിലൂടെ” പ്രവേശിക്കാൻ എന്ത് ആവശ്യമാണ്?
3 എന്നാൽ, യിസ്രായേൽ ‘ന്യായപ്രമാണത്തിലെ വചനങ്ങൾ’ അനുസരിക്കുന്നതിൽ തുടർന്നോ? മോശെയുടെയും പിന്നീട് യോശുവയുടെയും കൂടെക്കൂടെ ആവർത്തിച്ചുള്ള ഉദ്ബോധനങ്ങൾ ഉണ്ടായിരുന്നിട്ടും അവർ ദാരുണമായി പരാജയപ്പെട്ടു. ഇത് ഇന്ന് നമുക്ക് എത്ര ശക്തമായ ഒരു പാഠമാണ് നൽകുന്നത്! തുടർച്ചയായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും തങ്ങൾക്ക് ദൈവത്തിന്റെ വ്യവസ്ഥകൾ പരിഹസിച്ചു തള്ളാനും ‘സ്വന്തം വഴിയനുസരിച്ച് പോകാനും’ എന്നിട്ടും അതിജീവിക്കാനും കഴിയുമെന്ന് കരുതുന്ന ചിലർ എല്ലാക്കാലത്തും ഉണ്ട്. എന്തു ഭോഷത്വം! യിസ്രായേലിന്റെ അനുഭവങ്ങൾ പരാമർശിക്കുമളവിൽ പൗലോസ് ഇപ്രകാരം പ്രസ്താവിച്ചു: “താൻ നിൽക്കുന്നുവെന്ന് കരുതുന്നവൻ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ.”—1 കൊരിന്ത്യർ 10:12; സഭാപ്രസംഗി 2:13.
4 ദൈവജനത്തിൽ ചിലർ നൽകപ്പെടുന്ന മുന്നറിയിപ്പുകളെ വിമർശിച്ചിട്ടുണ്ട്, ഒരേ കാര്യങ്ങൾ വീണ്ടും വീണ്ടും കേട്ട് തങ്ങൾ മടുത്തു എന്ന് പറഞ്ഞുകൊണ്ടുതന്നെ. എന്നാൽ ഇവരാണ് പലപ്പോഴും സാത്താന്റെ കെണിയിൽ ആദ്യം വീഴുന്നത്. ആവർത്തനം (എബ്രായയിൽ “നിയമത്തിന്റെ ആവർത്തനം” എന്നർത്ഥമുള്ള മിഷ്നെ ഹതോറ) എന്ന നിശ്വസ്ത ബൈബിൾ പുസ്തകത്തിൽ മുഖ്യമായും മോശെയുടെ നാലു പ്രസംഗങ്ങൾ അടങ്ങുന്നു; മുമ്പ് പ്രസ്താവിച്ച യഹോവയുടെ നിയമങ്ങൾ യിസ്രായേൽ ജനം അനുസരിച്ചേ തീരൂ എന്ന് ഇവ അവർക്ക് വ്യക്തമാക്കിക്കൊടുത്തു. മോശെ അനുസരണക്കേടും തൽഫലമായുണ്ടാകുന്ന “ശാപങ്ങളും” സംബന്ധിച്ച് മുന്നറിയിപ്പുനൽകുന്നതിന് “അനുഗ്രഹങ്ങൾ” വിവരിക്കുന്നതിന് ഉപയോഗിച്ചതിന്റെ നാലിരട്ടിയിലധികം വാക്കുകൾ ഉപയോഗിച്ചു. ഏബാൽ പർവ്വതത്തിൽ വെച്ച്, യിസ്രായേൽ അനുസരിക്കണം എന്ന് യോശുവ വീണ്ടും ശ്രദ്ധയിൽപെടുത്തി. “ഇടുങ്ങിയ പടിവാതിലിലൂടെ പോകുവാൻ” കഠിനശ്രമം ചെയ്യുന്നത് എത്ര പ്രധാനമാണെന്ന് ഇത് നമുക്ക് സൂചന നൽകുന്നില്ലേ?—മത്തായി 7:13, 14, 24-27; 24:21, 22.
5. ഏത് ഗൂഢാലോചന യിസ്രായേൽ ഇപ്പോൾ നേരിട്ടു, തുല്യമായ ഏതവസ്ഥ നാം ഇന്നു കാണുന്നു?
5 ഒരു നിർണ്ണായക പ്രഖ്യാപനം ഇപ്പോൾ രൂപം പ്രാപിച്ചുവരികയായിരുന്നു. പ്രവേശന നഗരമായ യെരീഹൊ നിർമ്മൂലമാക്കപ്പെട്ടിരുന്നു, അതുപോലെതന്നെ “മഹോപദ്രവം” ആരംഭിക്കുമ്പോൾ വ്യാജമതം നശിപ്പിക്കപ്പെടും. ആയ് നിലംപതിച്ചിരുന്നു. എന്നാൽ ഇപ്പോൾ “യോർദ്ദാന്റെ തീരത്ത് മലമ്പ്രദേശത്തും സമതലത്തിലും മഹാസമുദ്രതീരത്തും ലെബാനോന്റെ മുന്നിലും ഉള്ള ഹിത്യരും അമോര്യരും കനാന്യരും പെരീസ്യരും ഹിവ്യരും യെബൂസ്യരും ആയ രാജാക്കൻമാരെല്ലാം . . . യോശുവക്കും യിസ്രായേലിനും എതിരെ യുദ്ധം ചെയ്യാൻ ഐകമത്യത്തോടെ ഒന്നിച്ചുകൂടാൻ തുടങ്ങി.” (യോശുവ 9:1, 2) ആധുനികനാളിലെ ഇതിന്റെ സമാന്തരത്തിൽ ഭൂമിയിലെ രാഷ്ട്രങ്ങൾ ഇപ്പോൾ ഐക്യരാഷ്ട്രങ്ങൾ എന്നറിയപ്പെടുന്ന ഒന്നായി സംഘം ചേർന്നിരിക്കുന്നത് നാം കാണുന്നു. അവർ തങ്ങളുടെ സ്വന്തം മാർഗ്ഗത്തിൽ തങ്ങൾക്കായി സമാധാനവും സുരക്ഷിതത്വവും തേടുന്നു, എന്നാൽ “യഹോവക്കും അവന്റെ അഭിഷിക്തനും എതിരായി സംഘം ചേർന്നിരിക്കുന്നു,” വലിപ്പമേറിയ യോശുവക്കെതിരായിതന്നെ. (സങ്കീർത്തനം 2:1, 2) അനന്തരഫലം എന്തായിരിക്കും?
കൗശലപൂർവ്വം പ്രവർത്തിക്കുന്നു
6, 7. (എ) ഗിബെയോന്യർ എന്തിൽ താൽപര്യം പ്രകടമാക്കി, അവർ എന്ത് കൗശലം സ്വീകരിച്ചു? (ബി) യോശുവ വിഷയത്തിന് തീർപ്പുകല്പിച്ചതെങ്ങനെ?
6 തങ്ങൾക്ക് മുമ്പ് രാഹാബ് ചെയ്തതുപോലെ യിസ്രായേല്യരല്ലാത്ത മററുള്ളവർ ഇപ്പോൾ അതിജീവനത്തിൽ താല്പര്യം പ്രകടമാക്കാൻ തുടങ്ങി. ഇവർ യേബൂസ് അഥവാ യെരൂശലേമിനു വടക്കുള്ള ഒരു വലിയ നഗരമായ ഗിബെയോനിലെ നിവാസികൾ ആയിരുന്നു. അവർ യഹോവയുടെ അത്ഭുത പ്രവൃത്തികൾ സംബന്ധിച്ച് കേട്ടിരുന്നു, യഹോവയുടെ വിധങ്ങളിൽ സമാധാനവും സുരക്ഷിതത്വവും തേടണമെന്ന് അവർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ എങ്ങനെ? ഉണങ്ങി പൊടിഞ്ഞ ആഹാര സാധനങ്ങളും കീറിയ ചാക്കുകളും തുകൽ തുരുത്തികളും വഹിച്ച് കീറിതയ്ച്ച വസ്ത്രങ്ങളും ചെരുപ്പുകളും ധരിച്ച പുരുഷൻമാരെ അവർ ഗിൽഗാലിൽ യിസ്രായേല്യ പാളയത്തിലേക്കയച്ചു. യോശുവയെ സമീപിച്ച് ഈ പുരുഷൻമാർ ഇപ്രകാരം പറഞ്ഞു: “നിന്റെ ദൈവമായ യഹോവയുടെ നാമത്തെ ആദരിച്ച് ഒരു വിദൂരദേശത്തുനിന്നാണ് നിന്റെ ദാസൻമാർ വന്നിരിക്കുന്നത്, കാരണം ഞങ്ങൾ അവന്റെ പ്രശസ്തി കേട്ടിരിക്കുന്നു.” ഇതുകേട്ടപ്പോൾ, “യോശുവ അവരുമായി സമാധാനമുണ്ടാക്കുകയും അവരെ ജീവിക്കാൻ അനുവദിക്കാമെന്ന് ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു.”—യോശുവ 9:3-15.
7 എന്നിരുന്നാലും, ഗിബെയോന്യർ, വാസ്തവത്തിൽ ‘അവരുടെ മദ്ധ്യേ വസിക്കുന്നവർ’ ആയിരുന്നുവെന്ന് യിസ്രായേൽ മനസ്സിലാക്കി! യോശുവ ഇപ്പോൾ അവരുടെ കൗശലത്തെ എങ്ങനെ കണക്കാക്കി? മുമ്പ് അവരോടു ചെയ്തിരുന്ന പ്രതിജ്ഞയെ അവൻ ആദരിച്ചു, ‘അവരെ ജീവിക്കാൻ അനുവദിക്കുകയും മുഴുസഭയ്ക്കും വേണ്ടി വിറകു ശേഖരിക്കുന്നവരും വെള്ളം കോരുന്നവരും ആക്കുകയും ചെയ്തു.’—യോശുവ 9:16-27; ആവർത്തനം 20:10, 11 താരതമ്യപ്പെടുത്തുക.
8. ഗിബെയോന്യർ ഏതു വിധത്തിൽ “മഹാപുരുഷാരത്തെ” മുൻനിഴലാക്കുന്നു?
8 പിൽക്കാലത്ത് യഹോവയുടെ ആലയത്തിൽ സേവനമനുഷ്ഠിച്ചിരുന്ന നെഥിനിമുകളിൽ അനേകരും സാദ്ധ്യതയനുസരിച്ച് ഗിബെയോന്യ വംശജരായിരുന്നു. അങ്ങനെ ഗിബെയോന്യർ ഇന്ന് ദൈവത്തിന് “അവന്റെ ആലയത്തിൽ രാവും പകലും വിശുദ്ധസേവനം” അർപ്പിക്കുന്ന “മഹാപുരുഷാരത്തെ” നന്നായി മുൻനിഴലാക്കാൻ കഴിയും. (വെളിപ്പാട് 7:9, 15) ഒരു കനാൻ സമാന ലോകത്തിൽ ജീവിക്കുന്നെങ്കിലും ഇവർ ഹൃദയത്തിൽ “ലോകത്തിന്റെ ഭാഗമല്ല.” മുമ്പ് അവർക്ക് ക്രൈസ്തവലോകത്തിലെ സഭകളിൽ കാണുന്നതുപോലെ ആത്മീയ ഭക്ഷണത്തിന്റെ “കഷണങ്ങൾ” കൊണ്ട് ജീവിക്കേണ്ടിയിരുന്നു, അവർക്ക് സന്തോഷത്തിന്റെ “വീഞ്ഞും” ഉണ്ടായിരുന്നില്ല. ദൈവജനങ്ങളോട് സമ്പർക്കത്തിൽ വന്നപ്പോൾ യഹോവ തന്റെ സാക്ഷികളിലൂടെ അത്ഭുതപ്രവൃത്തികൾ ചെയ്യുന്നതായി അവർ തിരിച്ചറിഞ്ഞു. അവർ കീറിപ്പറിഞ്ഞ ‘വസ്ത്രങ്ങൾ’ മാററി പുതിയ വ്യക്തിത്വം ധരിച്ച് യഹോവയുടെ വിനീത ദാസൻമാരെന്ന ഒരു പുതിയ തിരിച്ചറിയിക്കലിനുവേണ്ടി സാത്താന്റെ ലോകത്തിൽനിന്ന് ഒരു ദീർഘയാത്ര ചെയ്തിരിക്കുന്നു.—യോഹന്നാൻ 14:6; 17:11, 14, 16; എഫേസ്യർ 4:22-24.
സ്ഥാപനപരമായ പിന്തുണ
9. (എ) അടുത്തതായി ഏതു പ്രതിസന്ധിയുണ്ടായി? (ബി) യോശുവ പ്രതികരിച്ചതെങ്ങനെ, എന്ത് ഉറപ്പോടെ?
9 ഗിബെയോന്യർ യിസ്രായേലുമായി സമാധാനത്തിലായി എന്ന് യെരൂശലേം രാജാവായ അദോനിസേദെക് കേട്ടപ്പോൾ “അവൻ വളരെയധികം ഭയമുള്ളവൻ ആയിത്തീർന്നു, കാരണം ഗിബെയോൻ ഒരു രാജകീയ നഗരം പോലെ ഒരു മഹാനഗരമായിരുന്നു . . . അതിലെ പുരുഷൻമാരെല്ലാം സുശക്തരും ആയിരുന്നു.” അവൻ മററ് നാലുരാജാക്കൻമാരുമൊത്ത് സൈന്യത്തെ സമാഹരിക്കുകയും ഗിബെയോനെ ആക്രമിക്കുകയും ചെയ്തു. ഉടൻതന്നെ ഗിബെയോന്യർ യോശുവായോട് ഇപ്രകാരം അപേക്ഷിച്ചു: “വേഗംവന്ന് ഞങ്ങളെ രക്ഷിക്കുകയും സഹായിക്കുകയും ചെയ്യൂ.” യോശുവ ഉടൻ പ്രതികരിച്ചു, യഹോവ ഇപ്രകാരം പറഞ്ഞുകൊണ്ട് അവന് ഉറപ്പു നൽകുകയും ചെയ്തു: “അവരെ ഭയപ്പെടരുത്, എന്തെന്നാൽ ഞാൻ അവരെ നിന്റെ കയ്യിൽ ഏൽപ്പിച്ചിരിക്കുന്നു. അവരിൽ ഒരു പുരുഷനും നിന്നെ എതിർത്തു നിൽക്കുകയില്ല.” യോശുവയും വീരപരാക്രമികളായ അവന്റെ ആളുകളും അപ്രതീക്ഷിതമായി ശത്രുവിനെ പൂർണ്ണമായും കീഴടക്കുന്നതിന് “രാത്രി മുഴുവൻ” സഞ്ചരിച്ചു.—യോശുവ 10:1-9.
10. (എ) ഏതുതരം പ്രവർത്തനം ഇന്ന് ഗിബെയോന്റെ ഉപരോധത്തോട് സമാന്തരത്വം വഹിക്കുന്നു? (ബി) ആധുനിക നാളിലെ ഗിബെയോന്യർ ഏതു തീരുമാനം പ്രകടമാക്കുന്നു?
10 ആ അഞ്ചുരാജാക്കൻമാരേപ്പോലെ, തങ്ങളുടെ പലയാളുകളും—“സുശക്തരായവർ” പോലും—വലിയ യോശുവക്കും അവന്റെ നീതിയുള്ള ആഗോള രാജ്യത്തിനുംവേണ്ടി നിലകൊള്ളുന്നത് കാണുകയിൽ ഇന്ന് ചില ഭരണത്തലവൻമാർ കുപിതരായിത്തീരുന്നു. രാഷ്ട്രങ്ങൾ നിരന്തരം അന്യോന്യം ശണ്ഠകൂടുകയും യുദ്ധംചെയ്യുകയും ചെയ്യുന്നെങ്കിൽതന്നെയും ദേശിയ അതിർ വരമ്പുകൾ നിലനിർത്തപ്പെടണമെന്ന് ഈ ഭരണാധികാരികൾ കുരുതുന്നു. അതുകൊണ്ട് അവർ സമാധാന പ്രിയരായ “മഹാപുരുഷാര”ത്തിനുള്ള ആത്മീയ ഭക്ഷണത്തിന്റെ വിതരണം വിച്ഛേദിക്കുന്നതിനും അവർ ഈ “ആഹാരം” ഭക്ഷിക്കുന്ന യോഗങ്ങൾ നിരോധിക്കുന്നതിനും ആത്മീയ കാര്യങ്ങൾ മററുള്ളവരോട് സംസാരിക്കുന്നതിൽ നിന്ന് അവരെ തടയുന്നതിനും ശ്രമിക്കുന്നു. എന്നാൽ ഈ ആധുനിക ഗിബെയോന്യർ “ഞങ്ങൾ നിങ്ങളോടുകൂടെ പോകും” എന്നു പറഞ്ഞുകൊണ്ട് ആത്മീയ യിസ്രായേല്യരോടൊത്ത് വിശ്വസ്തമായി നിലകൊള്ളുന്നു.—സെഖര്യാവ് 8:23; പ്രവൃത്തികൾ 4:19, 20; 5:29, താരതമ്യപ്പെടുത്തുക.
11. ഇന്ന് യഹോവയുടെ സാക്ഷികൾ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതെങ്ങനെ?
11 “മഹാപുരുഷാരം” “മാതൃ”സ്ഥാപനത്തോട് സഹായത്തിനായി അപേക്ഷിക്കുമ്പോൾ ഉടൻതന്നെ നല്ല അളവിൽ അത് നൽകപ്പെടുന്നു. യഹോവയുടെ സാക്ഷികൾ കാര്യങ്ങൾ ചെയ്യുന്നതിലുള്ള ഉത്സാഹം മററു വിധങ്ങളിലും കാണുപ്പെടുന്നു.—പ്രകൃതി വിപത്തുകളേത്തുടർന്ന് ഉടൻതന്നെ ആശ്വാസനടപടികൾ ക്രമീകരിക്കുന്നതിലും ആഹാരം” വിളമ്പുന്നതിനായി രാജ്യഹോളുകളും മററ് സമ്മേളന സ്ഥലങ്ങളും പെട്ടെന്നു നിർമ്മിക്കുന്നതിലുംതന്നെ. കഴിഞ്ഞ ജൂണിൽ യാങ്കിസ്റേറഡിയത്തിൽ ഒരു കൺവെൻഷൻ പട്ടികപ്പെടുത്തിയപ്പോൾ ഒരു ബേസ് ബോൾ കളിക്കുശേഷം സ്വമേധയാ സേവകരുടെ ഒരു സൈന്യം അർദ്ധരാത്രിയിൽ പ്രവർത്തനം ആരംഭിച്ചു. ആ സ്റേറഡിയം അടുത്ത നാലു ദിവസങ്ങളിലേതിനേക്കാൾ കൂടുതൽ ഒരിക്കലും വെടിപ്പും വൃത്തിയുമുള്ളതായിരുന്നില്ല. കൂടാതെ, സുവാർത്ത പ്രസംഗിക്കുന്നതിൽ ഉണ്ടാകുന്ന പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് യഹോവയുടെ സാക്ഷികളിലെ ഉത്തരവാദിത്വമുള്ള മൂപ്പൻമാർ പെട്ടെന്നുതന്നെ പ്രവർത്തിക്കുന്നു.—ഫിലിപ്പിയർ 1:6, 7.
യഹോവ യിസ്രായേലിനുവേണ്ടി പോരാടുന്നു
12. ഗിബെയോന്യരെ രക്ഷിക്കുന്നതിന് യിസ്രായേലിനുവേണ്ടി പൊരുതുകയിൽ യഹോവ ഏത് അത്ഭുതങ്ങൾ പ്രവർത്തിച്ചു? (ഹബക്കൂക്ക് 3:1, 2, 11, 12 താരതമ്യപ്പെടുത്തുക)
12 എന്നാൽ ഇപ്പോൾ ഗിബെയോനിലേക്ക് നോക്കുക. യഹോവ ആ ശത്രു സൈന്യങ്ങളെ കുഴപ്പത്തിലാക്കുകയാണ്. ഒരു മഹാസംഹാരം വരുത്തിക്കൊണ്ട് യിസ്രായേൽ അവരെ പിന്തുടരുകയാണ്. ആകാശങ്ങളിൽനിന്ന് എന്ത് വർഷിക്കപ്പെടുന്നതായിട്ടാണ് നാം കാണുന്നത്? വലിയ മഞ്ഞുകഷണങ്ങൾ! യിസ്രായേലിലെ യോദ്ധാക്കളാൽ കൊല്ലപ്പെട്ടവരേക്കാൾ കൂടുതൽ ഈ വലിയ കൻമഴയാൽ കൊല്ലപ്പെട്ടു. ഇപ്പോൾ ശ്രദ്ധിക്കുക. യോശുവ യഹോവയോടു സംസാരിക്കുകയാണ്, “യിസ്രായേലിന്റെ കൺ മുമ്പിൽ” അവൻ എന്താണ് പറയുന്നത്? ഇതു തന്നെ: “സൂര്യാ, ഗിബെയൊനു മുകളിലും, ചന്ദ്രാ, അയ്യാലോൻ താഴ്വരയുടെ മുകളിലും നിശ്ചലമായി നിൽക്കൂ.” മറെറാരു ഭയങ്കര അത്ഭുതം! ദൈവത്തിന്റെ പ്രതികാരം പൂർണ്ണമായി നടപ്പാക്കുന്നതുവരെ “ഒരു മുഴുവൻ ദിവസത്തോളം” സൂര്യൻ ആ യുദ്ധഭൂമിയെ പ്രകാശമാനമാക്കുന്നു. യഹോവ തന്റെ നാലാം സൃഷ്ടി “ദിവസത്തിൽ” രണ്ടു വലിയ ജോതിസ്സുകളെ പ്രകാശിക്കുന്നതിനായി ‘ഉണ്ടാക്കി’യതെങ്ങനെയെന്ന് നാം ചോദ്യം ചെയ്യാത്തതുപോലെ അവൻ ആ അത്ഭുതം ചെയ്തതെങ്ങനെയെന്നതും നാം തർക്കവിഷയമാക്കേണ്ടതില്ല. (ഉല്പത്തി 1:16-19; സങ്കീർത്തനം 135:5, 6) രേഖ തർക്കമററതാണ്: “യഹോവ ഒരു മമനുഷ്യന്റെ ശബ്ദം ചെവിക്കൊണ്ട ആ ദിവസം പോലെ മറെറാന്ന് അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല, കാരണം യിസ്രായേലിനുവേണ്ടി പൊരുതിയിരുന്നത് യഹോവതന്നെയായിരുന്നു.”—യോശുവ 10:10-14.
13. യോശുവ തന്റെ സേനാ നായകൻമാരെ തുടർന്ന് പ്രോത്സാഹിപ്പിച്ചതെങ്ങനെ, എന്ത് അന്തിമഫലത്തോടെ?
13 അഞ്ചു രാജാക്കൻമാരെ കൊന്നുകൊണ്ട് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ പരമകാഷഠയിൽ എത്തി, ആ സമയത്ത് യോശുവ തന്റെ സേനാ നായകൻമാരോട് ഇപ്രകാരം പറയുന്നു: “ഭയപ്പെടുകയോ ഭ്രമിക്കുകയോ അരുത്, ധൈര്യവും ബലവും ഉള്ളവരായിരിക്കുക, എന്തെന്നാൽ നിങ്ങൾ യുദ്ധം ചെയ്യുന്ന നിങ്ങളുടെ എല്ലാ ശത്രുക്കളോടും യഹോവ ചെയ്യാൻ പോകുന്നത് ഇതുപോലെതന്നെയാണ്.” കനാനിലെ ഏഴുരാജാക്കൻമാരുടെ കാര്യത്തിൽ ഇത് സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു, മറെറാരു പൂർണ്ണ സംഖ്യയായ 24 രാജ്യങ്ങൾ മറിച്ചിടപ്പെടുമളവിൽ തുടർന്നും സത്യമെന്ന് തെളിയുന്നു. അതിനുശേഷം മാത്രമാണ് ദേശത്തിന് സ്വസ്ഥതയുണ്ടാകുന്നത്, ആറു വർഷത്തെ യുദ്ധത്തിനുശേഷംതന്നെ.—യോശുവ 10:16-25; 12:7-24.
14. ഏത് മനോഭാവത്തോടും വിശ്വാസത്തോടും കൂടെ നാം അർമ്മഗെദ്ദോനെ അഭിമുഖീകരിക്കണം?
14 ഇന്ന് അർമ്മഗെദ്ദോനിലെ അന്തിമയുദ്ധത്തെ അഭിമുഖീകരിക്കുമളവിൽ നമുക്ക് യോശുവയും അവന്റെ വീര പുരുഷൻമാരും മുഴുയിസ്രയേൽ പാളയവും ആയിരുന്നതുപോലെ ധൈര്യവും ബലവുമുള്ളവരായിരിക്കാം. യഹോവ അനേകലക്ഷം യിസ്രായേല്യരെ ദ്രോഹമേൽക്കാതെ വാഗ്ദത്തദേശത്ത് കൊണ്ടുവന്നതുപോലെതന്നെ ദശലക്ഷക്കണക്കിനുള്ള നിർഭയരായ തന്റെ ജനത്തെ അർമ്മഗെദ്ദോനിലൂടെ പുതിയ വ്യവസ്ഥിതിയിൽ എത്തിക്കുന്നതിന് കൂടുതൽ ഭയങ്കരമായ അത്ഭുതങ്ങൾ ചെയ്യാൻ അവന് കഴിയുമെന്ന് നമുക്ക് ദൃഢവിശ്വാസമുള്ളവരായിരിക്കാം.—വെളിപ്പാട് 7:1-3, 9, 14; 19:11-21; 21:1-5.
നമ്മുടെ നിശ്ചയം
15. ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ “വേറെ ആടുകൾക്ക്” ഏതുതരം നിയമനങ്ങൾ പ്രതീക്ഷിക്കാൻ കഴിയും?
15 അവൻ ഇപ്പോൾ 90 വയസ്സിനോടടുക്കുകയായിരുന്നെങ്കിലും യോശുവ മറെറാരു വലിയ ജോലിയെ അഭിമുഖീകരിച്ചു—യിസ്രായേൽ ഗോത്രങ്ങളുടെയിടയിൽ ദേശം വിഭാഗിക്കുന്നതുതന്നെ. യിസ്രായേല്യരെ സംബന്ധിച്ചിടത്തോളം ജീവിതം എളുപ്പമായിത്തീരുമെന്ന് ഇത് അർത്ഥമാക്കിയില്ല. കാലേബ് ഹെബ്രോനിൽ പ്രദേശം ചോദിച്ചു, അനാക്കിം രാക്ഷസൻമാർ താമസിച്ചിരുന്നിടത്തുതന്നെ; യഹോവയുടെ ശത്രുക്കളിൽ അവസാനത്തെ ആളെവരെ പിഴുതുകളയുന്നതിൽ തന്നെത്തന്നെ ചെലവഴിച്ചുകൊണ്ടിരിക്കാൻ അവൻ ആഗ്രഹിച്ചു. ഇത് ഭൂമിയിൽ ക്രിസ്തുവിന്റെ ആയിരമാണ്ടു വാഴ്ചക്കാലത്ത് ശത്രുക്കളായ മനുഷ്യർ ഉണ്ടായിരിക്കുമെന്നതിന്റെ സൂചനയല്ല. എന്നാൽ വേല ചെയ്യാനുണ്ടായിരിക്കും. പുതിയ വ്യവസ്ഥിതിയിൽ നാം എളുപ്പമുള്ള ഒരു അലസജീവിതം പ്രതീക്ഷിക്കരുത്. “പുതിയ ഭൂമി”യിൽ തങ്ങളുടെ നിയമനങ്ങൾ സ്വീകരിച്ചശേഷം കർത്താവിന്റെ “വേറെയാടുകൾക്ക്” ഭൂമിയെ മനോഹരമാക്കുകയും അതിനെ അക്ഷരീയ പരദീസയാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഭീമമായ പദ്ധതിയിൽ വളരെയധികം വേല ചെയ്യാനുണ്ടായിരിക്കും.—യോശുവ 14:6-15; മർക്കോസ് 10:29, 30; റോമർ 12:11.
16. “സങ്കേത നഗരങ്ങൾ” എന്ന യഹോവയുടെ ക്രമീകരണത്താൽ ഇന്ന് എന്തു ചിത്രീകരിക്കപ്പെടുന്നു?
16 ദേശം നിയമിച്ച് കൊടിക്കുന്നതിൽ യോശുവ ലേവ്യരുടെ ആറുനഗരങ്ങൾ, യോർദ്ദാന്റെ ഓരോ കരയിലും മൂന്നു വീതം, “സങ്കേത നഗരങ്ങൾ” ആയി നീക്കിവെച്ചു. ഇത് ഈ നഗരങ്ങളിൽ ഒന്നിലേക്ക് ഓടിപ്പോകുന്ന മന:പൂർവ്വമല്ലാത്ത മാനുഷഘാതകനെ രക്ഷിക്കുന്നതിനുള്ള യഹോവയുടെ ക്രമീകരണമായിരുന്നു. അത്തരം ഒരു മനുഷ്യഘാതകൻ തനിക്ക് ദൈവമുമ്പാകെ ഒരു ശുദ്ധമന:സാക്ഷിയുണ്ടെന്ന് തെളിയിക്കേണ്ടിയിരുന്നു, മഹാപുരോഹിതന്റെ മരണംവരെ ആ നഗരത്തിൽ സ്ഥിതി ചെയ്തുകൊണ്ടുതന്നെ. അതുപോലെതന്നെ, ഈ രക്തപങ്കില ലോകവുമായുള്ള തങ്ങളുടെ ‘മുൻസഹവാസം നിമിത്തം “മഹാപുരുഷാരം” ദൈവവുമായി ഒരു നല്ല മന:സാക്ഷി തേടേണ്ടതുണ്ട്. അവർ തങ്ങളുടെ പാപങ്ങൾ ഏററു പറഞ്ഞുകൊണ്ടും അനുതപിച്ചുകൊണ്ടും തിരിഞ്ഞുവന്നുകൊണ്ടും യഹോവക്ക് സമർപ്പിച്ചുകൊണ്ടും ജലസ്നാനത്തിന് വിധേയമായിക്കൊണ്ടും ആ നല്ല മന:സാക്ഷി സമ്പാദിക്കുന്നു. തുടർന്ന് അവർ ആ നില കാത്തുസൂക്ഷിക്കണം. യേശു ആയിരമാണ്ടുവാഴ്ചയുടെ സമാപനത്തിൽ തന്റെ മഹാപുരോഹിത വേല സംബന്ധിച്ച് പ്രതീകാത്മകമായി മരിക്കുന്നതുവരെ “മഹാപുരുഷാരം” “നഗര”ത്തിൽ സ്ഥിതിചെയ്യേണ്ട ആവശ്യമുണ്ട്.—യോശുവ 20:1-9; വെളിപ്പാട് 20:4, 5; 1 കൊരിന്ത്യർ 15:22, 25, 26.
17. ഏതു സന്തോഷകരമായ ഫലം ചിത്രീകരിക്കപ്പെടുന്നു?
17 യഹോവ തന്റെ ജനമായ യിസ്രായേലിനെ അനുഗ്രഹിച്ചിരിക്കുന്നത് എത്ര അത്ഭുതകരമായിട്ടാണ്! വഴി വിഷമം പിടിച്ചതും പരീക്ഷണങ്ങൾ നിരവധിയും ആയിരുന്നു. എന്നാൽ ഒടുവിൽ അവർ വാഗ്ദത്ത ദേശത്ത് വരുകയും അവിടെ താമസമാക്കുകയും ചെയ്തു. യഹോവയോടുള്ള നന്ദിയിൽ അവരുടെ ഹൃദയങ്ങൾ എത്രമാത്രം കവിഞ്ഞൊഴുകിയിരിക്കണം! നമ്മുടെ ദൈവത്തോടുള്ള വിശ്വസ്തത തെളിയിക്കുന്നതിനാൽ “പുതിയ ഭൂമി” ഉൾപ്പെടെ അവന്റെ പുതിയ വ്യവസ്ഥിതിയിൽ പ്രവേശിക്കുമളവിൽ നമുക്ക് അതുപോലുള്ള സന്തോഷം ഉണ്ടായിരിക്കും. വാസ്തവത്തിൽ, യോശുവയുടെ നാളിൽ സത്യമായിരുന്നതുപോലെതന്നെ അത് നമ്മെ സംബന്ധിച്ചും സത്യമായിരിക്കും: “യഹോവ യിസ്രായേൽ ഗൃഹത്തോട് ചെയ്ത എല്ലാ നല്ല വാഗ്ദത്തങ്ങളിലും വെച്ച് ഒന്നുപോലും പരാജയപ്പെട്ടില്ല; അവയെല്ലാം സത്യമായി ഭവിച്ചു.” (യോശുവ 21:45) നിങ്ങൾക്കും അവിടെ ഒരു സന്തുഷ്ട പങ്ക് ഉണ്ടായിരിക്കട്ടെ!
18. (എ) യിസ്രായേലിലെ മൂപ്പൻമാരോട് യോശുവ എന്തു വീണ്ടും വിവരിച്ചുകൊടുത്തു? (ബി) യഹോവയുടെ പുതിയ വ്യവസ്ഥിതി സംബന്ധിച്ച് നമുക്ക് ഏത് ആഗ്രഹം ഉണ്ടായിരിക്കണം?
18 ഒടുവിൽ 110 വയസ്സുള്ളപ്പോൾ യോശുവ യിസ്രായേലിലെ മൂപ്പൻമാരെ വിളിച്ചുകൂട്ടി. അബ്രഹാമിന്റെ കാലം മുതൽ ആ ദിവസംവരെ യഹോവ തന്റെ വിശ്വസ്ത ജനത്തെ അനുഗ്രഹിച്ച അത്ഭുതകരമായ വിധം അവൻ അവർക്ക് വീണ്ടും വിവരിച്ചുകൊടുത്തു. യഹോവ ഇപ്പോൾ അവരോട് ഇങ്ങനെ പറഞ്ഞു: “അങ്ങനെ നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്ത ഒരു ദേശവും നിങ്ങൾ പണിയാത്ത നഗരങ്ങളും ഞാൻ നിങ്ങൾക്ക് നൽകി, നിങ്ങൾ അവിടെ വാസമുറപ്പിച്ചു. നിങ്ങൾ നട്ടുപിടിപ്പിക്കാത്ത മുന്തിരിത്തോട്ടത്തിലേയും ഒലിവുതോട്ടങ്ങളിലെയും ഫലം ആണ് നിങ്ങൾ ഭക്ഷിക്കുന്നത്.” ഈ സമൃദ്ധമായ കരുതൽ നിമിത്തം യിസ്രായേൽ നിശ്ചയമായും എന്നേക്കും “യഹോവയെ ഭയപ്പെടുകയും കുററമില്ലായ്മയിലും സത്യത്തിലും അവനെ സേവിക്കുകയും” ചെയ്യേണ്ടതായിരുന്നു. ഈ ഭൂമിക്കായുള്ള യഹോവയുടെ മഹത്തായ പുതിയ വ്യവസ്ഥിതി തൊട്ടുമുമ്പിൽ കാണുന്നതുകൊണ്ട് തീർച്ചയായും നമ്മിൽ ഓരോരുത്തർക്കും സമാനമായ ഒരു ആഗ്രഹം ഉണ്ടായിരിക്കണം.—യോശുവ 24:13, 14.
19. (എ) യോശുവ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ ഏതു തിരഞ്ഞെടുപ്പ് വെച്ചു, അവർ എങ്ങനെ ഉത്തരം നൽകി? (ബി) നാം ആരേപ്പോലെ ആയിരിക്കാൻ ആഗ്രഹിക്കണം? (സി) നാം എന്തു തെരഞ്ഞെടുക്കണം, ഏതു നിശ്ചയത്തോടെ?
19 തുടർന്ന് യോശുവ സ്പഷ്ടമായി ജനത്തോടു പറഞ്ഞു: “യഹോവയെ സേവിക്കുന്നത് നിങ്ങളുടെ ദൃഷ്ടിയിൽ ഹീനമെങ്കിൽ, നിങ്ങൾ ആരെ സേവിക്കുമെന്ന് ഇന്നുതന്നെ തെരഞ്ഞെടുത്തുകൊൾക. . . . എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ചാണെങ്കിൽ ഞങ്ങൾ യഹോവയെ സേവിക്കും.” നമുക്ക് ഓരോരുത്തർക്കും വ്യക്തിപരമായി, നമ്മുടെ കുടുംബങ്ങളിലെ വിശ്വാസികളായ അംഗങ്ങൾക്ക്, നമ്മുടെ സഭകൾക്ക്, ലോകവ്യാപകമായുള്ള “ദൈവത്തിന്റെ ഭവന”ത്തിന് ഈ വാക്കുകൾ പ്രതിധ്വനിപ്പിക്കാൻ കഴിയുമോ? നിശ്ചയമായും അവർക്ക് കഴിയും. (എഫേസ്യർ 2:19) യോശുവയുടെ നാളിലെ ജനം ഇപ്രകാരം പറഞ്ഞുകൊണ്ട് അവന് ഉത്തരം നൽകി: “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയെ സേവിക്കും, അവന്റെ ശബ്ദത്തിന് ഞങ്ങൾ ചെവികൊടുക്കും!” (യോശുവ 24:15, 24) എന്നാൽ സങ്കടകരമായി, പിൽക്കാലവർഷങ്ങളിൽ അങ്ങനെ ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടു. പരാജയപ്പെട്ടവരേപ്പോലെ ആയിരിക്കാൻ നാം ആഗ്രഹിക്കുന്നില്ല. നാം യോശുവയേയും അവന്റെ കുടുംബത്തേയുപോലെ, കാലേബിനേപ്പോലെ, ഗിബെയോന്യരേപ്പോലെ, രാഹാബിനേപ്പോലെ ആയിരിക്കാൻ ആഗ്രഹിക്കുന്നു. അതേ, “ഞങ്ങൾ യഹോവയെ സേവിക്കും.” നമുക്ക് ഇത് ധൈര്യത്തോടെയും ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്താൻ” യാതൊന്നിനും “കഴിയുകയില്ല” എന്നുള്ള പൂർണ്ണ വിശ്വാസത്തോടെയും ചെയ്യാം.—റോമർ 8:39. (w86 12/15)
നാം യോശുവയുടെ പുസ്തകത്തിൽനിന്ന് എന്തു പഠിക്കുന്നു—
◻ ആവർത്തിച്ചുള്ള ഉദ്ബോധനങ്ങളിൽനിന്ന് പ്രയോജനം നേടുന്നതു സംബന്ധിച്ച്?
◻ ആധുനിക ഗിബെയോന്യരെ പരിപാലിക്കുന്നതു സംബന്ധിച്ച്?
◻ യഹോവ അർമ്മഗെദ്ദോനിൽ എങ്ങനെ പോരാടുമെന്നതു സംബന്ധിച്ച്?
◻ ഒരു “സങ്കേത നഗരത്തി”ലേക്ക് ഓടിപ്പോകേണ്ട ആവശ്യം സംബന്ധിച്ച്?
◻ നാം ആരെ സേവിക്കണം എന്ന് തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച്?