വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w11 1/1 പേ. 24-28
  • അവൾ യഹോവയോടു ഹൃദയം തുറന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവൾ യഹോവയോടു ഹൃദയം തുറന്നു
  • 2011 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “നീ വ്യസനി​ക്കു​ന്നത്‌ എന്ത്‌?”
  • “അവളുടെ മുഖം പിന്നെ വാടി​യ​തു​മില്ല”
  • “നമ്മുടെ ദൈവ​ത്തെ​പ്പോ​ലെ ഒരു പാറയും ഇല്ല”
  • അവൾ ദൈവസന്നിധിയിൽ ഹൃദയം പകർന്നു!
    അവരുടെ വിശ്വാസം അനുകരിക്കുക
  • ഹന്ന ഒരു മകനെ കിട്ടാൻ പ്രാർഥിക്കുന്നു
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • പ്രശാന്തതയുടെ നിറവിൽ ഹന്നാ
    2007 വീക്ഷാഗോപുരം
  • യഹോവ നിങ്ങളെ ആശ്വസി​പ്പി​ക്കും
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
കൂടുതൽ കാണുക
2011 വീക്ഷാഗോപുരം
w11 1/1 പേ. 24-28

അവരുടെ വിശ്വാ​സം അനുക​രി​ക്കു​ക

അവൾ യഹോ​വ​യോ​ടു ഹൃദയം തുറന്നു

യാത്ര​യ്‌ക്കു​വേണ്ട ഒരുക്കങ്ങൾ നടത്തുന്ന തിരക്കി​ലാണ്‌ ഹന്നാ. മനസ്സിനെ മഥിക്കുന്ന ചിന്തകളെ തത്‌കാ​ല​ത്തേക്ക്‌ അകറ്റി​നി​റു​ത്തി​യി​രി​ക്കു​ക​യാണ്‌ അവൾ. അവളുടെ ഭർത്താ​വായ എൽക്കാനാ എല്ലാവർഷ​വും പതിവാ​യി തന്റെ കുടും​ബ​ത്തെ​യും​കൊണ്ട്‌ ശീലോ​വി​ലെ സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ യഹോ​വ​യ്‌ക്ക്‌ ആരാധന കഴിക്കാ​നാ​യി പോകാ​റുണ്ട്‌. അത്തരം വേളകൾ സന്തോ​ഷ​നിർഭ​ര​മാ​യി​രി​ക്കാൻ യഹോ​വ​യാം​ദൈവം പ്രതീ​ക്ഷി​ച്ചി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 16:15) ചെറു​പ്പം​മു​തലേ ഇത്തരം പെരു​ന്നാ​ളു​ക​ളിൽ ഹന്നാ വളരെ ഉത്സാഹ​ത്തോ​ടെ പങ്കെടു​ത്തി​ട്ടു​ണ്ടാ​വണം. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങ​ളാ​യി അവളുടെ അവസ്ഥ അതല്ല.

ഹന്നായു​ടെ ഭർത്താവ്‌ അവളെ ജീവനു​തു​ല്യം സ്‌നേ​ഹി​ച്ചി​രു​ന്നു. എന്നാൽ അവന്‌ മറ്റൊരു ഭാര്യ​കൂ​ടി ഉണ്ടായി​രു​ന്നു, പെനിന്നാ. ഹന്നായു​ടെ ജീവിതം എങ്ങനെ​യും ദുരി​ത​പൂർണ​മാ​ക്കുക എന്ന ഒറ്റ ഉദ്ദേശ്യ​മേ അവൾക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. ശീലോ​വി​ലേ​ക്കുള്ള ഈ യാത്ര​കൾക്കി​ട​യിൽപ്പോ​ലും ഹന്നായെ വേദനി​പ്പി​ക്കാ​നുള്ള മാർഗം അവൾ കണ്ടു​വെ​ച്ചി​രു​ന്നു. എന്തായി​രു​ന്നു അത്‌? ദുഷ്‌ക​ര​മായ ഈ സാഹച​ര്യ​ങ്ങ​ളിൽ പിടി​ച്ചു​നിൽക്കാൻ യഹോ​വ​യി​ലുള്ള വിശ്വാ​സം എങ്ങനെ​യാണ്‌ ഹന്നായെ സഹായി​ച്ചത്‌? സർവസ​ന്തോ​ഷ​ങ്ങ​ളും കവർന്നെ​ടു​ക്കു​ന്ന​തരം പ്രശ്‌നങ്ങൾ ജീവി​ത​ത്തി​ലു​ണ്ടാ​കു​മ്പോൾ ഹന്നായു​ടെ കഥ നിങ്ങൾക്ക്‌ ഉൾക്കരു​ത്തു പകരും.

“നീ വ്യസനി​ക്കു​ന്നത്‌ എന്ത്‌?”

ബൈബി​ളിൽനി​ന്നു കാണാൻ കഴിയു​ന്ന​തു​പോ​ലെ, ഹന്നായു​ടെ ജീവി​ത​ത്തിൽ രണ്ടു വലിയ പ്രശ്‌ന​ങ്ങ​ളാ​യി​രു​ന്നു ഉണ്ടായി​രു​ന്നത്‌. രണ്ടു പ്രശ്‌ന​ങ്ങ​ളും അവളുടെ നിയ​ന്ത്ര​ണ​ത്തി​ല​ല്ലാ​യി​രു​ന്നു​താ​നും. ഭർത്താവ്‌ മറ്റൊരു സ്‌ത്രീ​യെ വിവാഹം കഴിച്ച​താ​യി​രു​ന്നു ഒരു പ്രശ്‌നം. ആ സ്‌ത്രീ​യാ​കട്ടെ അവളെ ഒരു എതിരാ​ളി​യാ​യി​ട്ടാണ്‌ കണ്ടിരു​ന്നത്‌. അവളുടെ വന്ധ്യത ആയിരു​ന്നു വേറൊ​രു പ്രശ്‌നം. കുഞ്ഞു​ങ്ങ​ളു​ണ്ടാ​കാൻ ആഗ്രഹി​ക്കുന്ന ഏതു സ്‌ത്രീ​യെ സംബന്ധി​ച്ചും വന്ധ്യത വേദനി​പ്പി​ക്കുന്ന ഒരു അനുഭ​വ​മാണ്‌. വിശേ​ഷി​ച്ചും ഹന്നായു​ടെ കാലത്ത്‌ അത്‌ തീവ്ര​മായ മനോ​വ്യ​ഥ​യ്‌ക്ക്‌ ഇടയാ​ക്കി​യി​രുന്ന ഒരു കാര്യ​മാ​യി​രു​ന്നു. കുടും​ബം നിലനി​റു​ത്തി​ക്കൊ​ണ്ടു​പോ​കാൻ ഒരു സന്തതി ഉണ്ടാക​ണ​മെ​ന്നത്‌ ഒരു അനിവാ​ര്യ​ത​യാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ വന്ധ്യത വലിയ അപമാ​ന​വും നിന്ദയും വരുത്തി​യി​രു​ന്നു.

പെനിന്നാ ഇല്ലായി​രു​ന്നെ​ങ്കിൽ ഒരുപക്ഷേ ഹന്നായ്‌ക്ക്‌ ആ ദുഃഖം സഹിക്കാ​നാ​യേനെ. ബഹുഭാ​ര്യ​ത്വം ഒരുകാ​ല​ത്തും അഭികാ​മ്യ​മായ ഒരു കാര്യ​മാ​യി​രു​ന്നി​ട്ടില്ല. അങ്ങനെ​യുള്ള കുടും​ബ​ങ്ങ​ളിൽ വഴക്കും അശാന്തി​യും വേദന​ക​ളും ഒഴിഞ്ഞ സമയമി​ല്ലാ​യി​രു​ന്നെന്നു പറയാം. വാസ്‌ത​വ​ത്തിൽ, ഏകഭാ​ര്യ​ത്വം ആയിരു​ന്നു ഏദെൻതോ​ട്ട​ത്തിൽ ദൈവം വെച്ച ക്രമീ​ക​രണം.a (ഉല്‌പത്തി 2:24) ബഹുഭാ​ര്യ​ത്വ​ത്തെ മങ്ങിയ വർണങ്ങ​ളാ​ലാണ്‌ ബൈബിൾ വരച്ചു​കാ​ട്ടു​ന്നത്‌. അസ്വസ്ഥ​തകൾ തളം​കെ​ട്ടി​നി​ന്നി​രുന്ന എൽക്കാ​നാ​യു​ടെ കുടും​ബാ​ന്ത​രീ​ക്ഷം അതിന്‌ നല്ലൊരു ഉദാഹ​ര​ണ​മാണ്‌.

രണ്ടുഭാ​ര്യ​മാ​രി​ലും​വെച്ച്‌ എൽക്കാനാ ഹന്നാ​യെ​യാണ്‌ ഏറ്റവു​മ​ധി​കം സ്‌നേ​ഹി​ച്ചത്‌. യഹൂദ വൃത്താന്തം പറയു​ന്ന​ത​നു​സ​രിച്ച്‌ എൽക്കാനാ ആദ്യം വിവാഹം കഴിച്ചത്‌ ഹന്നായെ ആയിരു​ന്നു; പിന്നീട്‌ ഏതാനും വർഷങ്ങൾക്കു​ശേഷം അവൻ പെനി​ന്നാ​യെ വിവാഹം കഴിച്ചു. എന്തായി​രു​ന്നാ​ലും, ഹന്നാ​യോട്‌ പെനി​ന്നാ​യ്‌ക്ക്‌ കടുത്ത അസൂയ​യാ​യി​രു​ന്നു. ഹന്നായു​ടെ വന്ധ്യതയെ, അവളെ കുത്തി​നോ​വി​ക്കാൻ പറ്റിയ ഒരായു​ധ​മാ​യി പെനിന്നാ കണ്ടു. പെനിന്നാ പല കുട്ടി​കൾക്ക്‌ ജന്മം നൽകി; ഓരോ കുഞ്ഞു ജനിക്കു​മ്പോ​ഴും അവളുടെ അഹംഭാ​വം വർധി​ച്ചു​വന്നു. ഹന്നാ​യോട്‌ സഹതപി​ക്കു​ക​യും അവളെ ആശ്വസി​പ്പി​ക്കു​ക​യും ചെയ്യേ​ണ്ട​തി​നു​പ​കരം പെനിന്നാ അവളുടെ സങ്കടാ​വ​സ്ഥയെ മുത​ലെ​ടു​ക്കു​ക​യാ​ണു ചെയ്‌തത്‌. ഹന്നായു​ടെ ഈ “പ്രതി​യോ​ഗി അവളെ വ്യസനി​പ്പി​പ്പാൻ തക്കവണ്ണം വളരെ മുഷി​പ്പി​ച്ചു” എന്ന്‌ ബൈബിൾ പറയുന്നു. (1 ശമൂവേൽ 1:6) പെനിന്നാ കരുതി​ക്കൂ​ട്ടി​ത്ത​ന്നെ​യാണ്‌ എല്ലാം ചെയ്‌തത്‌. തന്റെ ശ്രമത്തിൽ അവൾ വിജയി​ക്കു​ക​യും ചെയ്‌തു.

ശീലോ​വി​ലേ​ക്കുള്ള വാർഷിക തീർഥ​യാ​ത്രകൾ ഹന്നായെ വേദനി​പ്പി​ക്കാൻ പറ്റിയ അവസര​ങ്ങ​ളാ​യി​രു​ന്ന​തി​നാൽ പെനിന്നാ അവയ്‌ക്കാ​യി കാത്തി​രു​ന്നി​ട്ടു​ണ്ടാ​കണം. ഈ പെരു​ന്നാ​ളു​ക​ളിൽ യഹോ​വ​യ്‌ക്ക്‌ യാഗങ്ങൾ അർപ്പി​ക്കു​മ്പോ​ഴെ​ല്ലാം പെനി​ന്നാ​യു​ടെ ഓരോ മക്കൾക്കും എൽക്കാനാ ഓഹരി കൊടു​ക്കു​മാ​യി​രു​ന്നു. എന്നാൽ ഹന്നായ്‌ക്ക്‌ കുട്ടി​ക​ളി​ല്ലാ​തി​രു​ന്ന​തി​നാൽ അവൾക്ക്‌ അവളുടെ ഓഹരി മാത്രമേ കിട്ടി​യി​രു​ന്നു​ള്ളൂ. അപ്പോ​ഴെ​ല്ലാം പെനിന്നാ വലിയ തലക്കന​ത്തോ​ടെ ഹന്നായെ പരിഹ​സി​ക്കു​ക​യും കുട്ടി​ക​ളി​ല്ലാ​ത്ത​തി​ന്റെ പേരിൽ ആ സാധു​സ്‌ത്രീ​യെ അവഹേ​ളി​ക്കു​ക​യും ചെയ്‌തു. ഹന്നായ്‌ക്ക്‌ കരയാ​ന​ല്ലാ​തെ മറ്റൊ​ന്നി​നും കഴിയു​മാ​യി​രു​ന്നില്ല. ആഹാരം കഴിക്കാൻപോ​ലും അവൾക്കു മനസ്സു​വ​രി​ല്ലാ​യി​രു​ന്നു. തന്റെ പ്രിയ​പ​ത്‌നി ഇങ്ങനെ വിഷമി​ക്കു​ന്നത്‌ എൽക്കാ​നാ​യ്‌ക്കും സഹിക്കാ​നാ​കു​മാ​യി​രു​ന്നില്ല. അവളെ ആശ്വസി​പ്പി​ച്ചു​കൊണ്ട്‌ അവൻ ചോദി​ക്കും: “ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണി​കി​ട​ക്കു​ന്നു? നീ വ്യസനി​ക്കു​ന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്ര​ന്മാ​രെ​ക്കാൾ നന്നല്ലയോ?”—1 ശമൂവേൽ 1:4-8.

ഭാര്യ​യു​ടെ വികാ​രങ്ങൾ മനസ്സി​ലാ​ക്കി പെരു​മാ​റിയ ഒരു ഭർത്താ​വാ​യി​രു​ന്നു എൽക്കാനാ. അതു​കൊ​ണ്ടാണ്‌ ആ രീതി​യിൽ അവൻ അവളെ ആശ്വസി​പ്പി​ച്ചത്‌. എൽക്കാ​നാ​യു​ടെ ഈ സ്‌നേഹം ഹന്നാ ഏറെ വിലമ​തി​ക്കു​ക​യും ചെയ്‌തു.b എൽക്കാനാ പെനി​ന്നാ​യു​ടെ ദ്രോ​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ഹന്നാ​യോട്‌ എന്തെങ്കി​ലും പരാമർശം നടത്തി​യ​താ​യി കാണു​ന്നില്ല. ഹന്നാ അവളെ​പ്പറ്റി അവനോട്‌ പരാതി​പ്പെ​ട്ട​താ​യും തിരു​വെ​ഴു​ത്തു​കൾ പറയു​ന്നില്ല. ഒരുപക്ഷേ, പെനി​ന്നാ​യു​ടെ സ്വഭാവം വെളി​ച്ച​ത്തു​കൊ​ണ്ടു​വ​രു​ന്നത്‌ തന്റെ അവസ്ഥയെ ഒന്നുകൂ​ടെ മോശ​മാ​ക്കു​കയേ ഉള്ളൂ​വെന്ന്‌ ഹന്നാ ചിന്തി​ച്ചി​ട്ടു​ണ്ടാ​കണം. എൽക്കാ​നാ​യ്‌ക്ക്‌ ഇക്കാര്യ​ത്തിൽ കൂടു​ത​ലാ​യി ഒന്നും ചെയ്യാ​നാ​കു​മാ​യി​രു​ന്നില്ല. മാത്രമല്ല, അത്‌ പെനി​ന്നാ​യു​ടെ ശത്രുത ഒന്നുകൂ​ടെ കൂട്ടാനേ ഉതകു​മാ​യി​രു​ന്നു​ള്ളൂ. പെനി​ന്നാ​യു​ടെ മക്കളും ദാസീ​ദാ​സ​ന്മാ​രും അവളുടെ പക്ഷം ചേരു​ക​യും ചെയ്യും. അങ്ങനെ സ്വന്തം വീട്ടിൽ താനൊ​രു അധിക​പ്പ​റ്റാ​ണെന്ന ഹന്നായു​ടെ തോന്നൽ വർധി​ക്കും.

ഹന്നാ​യോ​ടു​ള്ള പെനി​ന്നാ​യു​ടെ നീചമായ പെരു​മാ​റ്റ​ത്തെ​ക്കു​റിച്ച്‌ എൽക്കാ​നാ​യ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും ഇല്ലെങ്കി​ലും യഹോ​വ​യാം​ദൈവം അതെല്ലാം കാണു​ന്നു​ണ്ടാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ തന്റെ വചനത്തിൽ ഈ സംഭവം ഇത്ര വ്യക്തമാ​യി രേഖ​പ്പെ​ടു​ത്താൻ ദൈവം ഇടയാ​ക്കി​യത്‌. ഇത്തരത്തിൽ അസൂയ​യോ​ടും ദ്രോ​ഹ​ബു​ദ്ധി​യോ​ടും കൂടെ പെരു​മാ​റു​ന്ന​വർക്ക്‌ ഈ വിവരണം ഒരു താക്കീ​താണ്‌. അതേസ​മയം, ഹന്നാ​യെ​പ്പോ​ലെ നിഷ്‌ക​ള​ങ്ക​രും സമാധാ​ന​പ്രേ​മി​ക​ളു​മാ​യ​വർക്ക്‌ അത്‌ സാന്ത്വനം പകരു​ക​യും ചെയ്യുന്നു. അതെ, നീതി​യു​ടെ​യും ന്യായ​ത്തി​ന്റെ​യും ദൈവ​മായ യഹോവ കാര്യ​ങ്ങ​ളെ​ല്ലാം തക്കസമ​യത്ത്‌ വേണ്ടവി​ധം കൈകാ​ര്യം ചെയ്യു​മെന്ന ഉറപ്പ്‌ അതു നൽകുന്നു. (ആവർത്ത​ന​പു​സ്‌തകം 32:4) ഹന്നായ്‌ക്കും അക്കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രു​ന്ന​താ​യി തോന്നു​ന്നു. അതു​കൊ​ണ്ടാ​യി​രി​ക്കു​മ​ല്ലോ സഹായ​ത്തി​നാ​യി അവൾ യഹോ​വ​യി​ലേക്കു തിരി​ഞ്ഞത്‌!

“അവളുടെ മുഖം പിന്നെ വാടി​യ​തു​മില്ല”

അതിരാ​വി​ലെ​യാ​യ​പ്പോൾ വീടു​ണർന്നു. കുട്ടി​ക​ള​ടക്കം എല്ലാവ​രും യാത്ര​യ്‌ക്കുള്ള തയ്യാ​റെ​ടു​പ്പി​ലാണ്‌. എഫ്രയീം എന്ന മലനാ​ട്ടി​ലൂ​ടെ 30 കിലോ​മീ​റ്റർ യാത്ര ചെയ്‌തു​വേണം ആ വലിയ കുടും​ബ​ത്തിന്‌ ശീലോ​വി​ലെ​ത്താൻ.c കാൽന​ട​യാ​യാണ്‌ യാത്ര​യെ​ങ്കിൽ അവി​ടെ​യെ​ത്താൻ ഒന്നോ രണ്ടോ ദിവസം വേണ്ടി​വ​രും. യാത്ര​യ്‌ക്കി​ട​യിൽ തന്നെ വ്യസനി​പ്പി​ക്കാൻ പെനിന്നാ എന്തെങ്കി​ലും വഴിക​ണ്ടി​ട്ടു​ണ്ടാ​കു​മെന്ന്‌ ഹന്നായ്‌ക്ക്‌ അറിയാം. എന്നാലും അവൾ അവരു​ടെ​കൂ​ടെ പോകാൻതന്നെ തീരു​മാ​നി​ച്ചു. ദൈവ​ജ​ന​ത്തിന്‌ അവൾ എന്നും നല്ലൊരു മാതൃ​ക​യാ​യി​രി​ക്കും. മറ്റുള്ള​വ​രു​ടെ ദുഷ്‌പെ​രു​മാ​റ്റം നമ്മുടെ ഭക്തി​യെ​യും ദൈവ​ത്തോ​ടുള്ള നമ്മുടെ ഉത്തരവാ​ദി​ത്വ​ങ്ങ​ളെ​യും ബാധി​ക്കാ​തി​രി​ക്കാൻ നാം ശ്രദ്ധി​ക്കണം. അല്ലാത്ത​പക്ഷം, പിടി​ച്ചു​നിൽക്കാൻ നമ്മെ സഹായി​ക്കുന്ന പിടി​വ​ള്ളി​ത​ന്നെ​യാ​യി​രി​ക്കും നമുക്കു നഷ്ടമാ​കു​ന്നത്‌.

മലമ്പാ​ത​ക​ളി​ലൂ​ടെ​യുള്ള ദീർഘ​മായ യാത്ര​യ്‌ക്കു​ശേഷം ആ കുടും​ബം ശീലോ​വി​ന​ടു​ത്തെത്തി. ഒരു കുന്നിൻമു​ക​ളി​ലാ​യി​രു​ന്നു ശീലോ സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌. അതിനു ചുറ്റും വേറെ​യും കുന്നു​ക​ളു​ണ്ടാ​യി​രു​ന്നു. ശീലോ​വി​നോട്‌ അടുക്കാ​റാ​യ​പ്പോൾ യഹോ​വ​യോട്‌ എന്താണ്‌ പ്രാർഥി​ക്കേ​ണ്ട​തെന്ന്‌ ഹന്നാ ചിന്തി​ച്ചി​ട്ടു​ണ്ടാ​കണം. ഒടുവിൽ അവർ സ്ഥലത്തെത്തി. എല്ലാവ​രും ആഹാരം കഴിച്ചു. ഉടനെ​തന്നെ ഹന്നാ എല്ലാവ​രെ​യും വിട്ട്‌ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന​ടു​ത്തേക്കു നടന്നു. ആലയത്തി​ന്റെ വാതിൽക്ക​ലാ​യി മഹാപു​രോ​ഹി​തൻ ഏലി ഇരിപ്പു​ണ്ടാ​യി​രു​ന്നു. അതൊ​ന്നും പക്ഷേ ഹന്നായു​ടെ ശ്രദ്ധയിൽപ്പെ​ട്ടില്ല. യഹോ​വ​യോട്‌ ഹൃദയം തുറക്കു​ന്ന​തി​നെ​ക്കു​റി​ച്ചു മാത്ര​മാ​യി​രു​ന്നു അവളുടെ ചിന്ത. സമാഗ​മ​ന​കൂ​ടാ​ര​ത്തിന്‌ അടു​ത്തെ​ത്തി​യ​പ്പോൾ അവൾക്കു ധൈര്യം കൈവന്നു. ആരും തന്റെ വേദന മനസ്സി​ലാ​ക്കി​യി​ല്ലെ​ങ്കി​ലും സ്വർഗ​ത്തി​ലുള്ള തന്റെ പിതാവ്‌ അതു മനസ്സി​ലാ​ക്കു​മെന്ന്‌ അവൾക്ക്‌ നിശ്ചയ​മു​ണ്ടാ​യി​രു​ന്നു. അവിടെ അവളുടെ ദുഃഖം അണപൊ​ട്ടി​യൊ​ഴു​കി.

വാക്കുകൾ പുറത്തു​വ​ന്നി​ല്ലെ​ങ്കി​ലും ഏങ്ങി​യേ​ങ്ങി​ക്ക​ര​ഞ്ഞു​കൊണ്ട്‌ അവൾ ഹൃദയം യഹോ​വ​യു​ടെ മുമ്പാകെ തുറന്നു. ഉള്ളിലെ തീവ്ര​വേദന വാക്കു​ക​ളി​ലാ​ക്കാൻ ശ്രമി​ക്കവെ അവളുടെ ചുണ്ടുകൾ വല്ലാതെ വിറയ്‌ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ദീർഘ​നേരം അവൾ തന്റെ പിതാ​വി​നോട്‌ അങ്ങനെ സംസാ​രി​ച്ചു​കൊ​ണ്ടി​രു​ന്നു. എന്നാൽ സന്താനങ്ങൾ ഉണ്ടാകാ​നുള്ള തന്റെ ആഗ്രഹം സഫലമാ​ക്ക​ണമേ എന്നു പ്രാർഥി​ക്കുക മാത്രമല്ല അവൾ ചെയ്‌തത്‌. യഹോ​വ​യിൽനിന്ന്‌ അനു​ഗ്ര​ഹങ്ങൾ പ്രാപി​ക്കാൻ മാത്രമല്ല, അവയ്‌ക്കു പകരമാ​യി തന്നെ​ക്കൊ​ണ്ടാ​കു​ന്നത്‌ നൽകാ​നും അവൾക്ക്‌ ഉത്‌ക​ട​മായ ആഗ്രഹം ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌ അവൾ യഹോ​വ​യ്‌ക്ക്‌ ഒരു നേർച്ച നേർന്നു: ഒരു പുത്രൻ ജനിച്ചാൽ അവനെ അവന്റെ ആയുഷ്‌കാ​ലം മുഴുവൻ യഹോ​വ​യു​ടെ സേവന​ത്തി​നാ​യി വിട്ടു​കൊ​ടു​ത്തു​കൊ​ള്ളാം.—1 ശമൂവേൽ 1:9-11.

പ്രാർഥ​ന​യു​ടെ കാര്യ​ത്തിൽ എല്ലാ ദൈവ​ദാ​സർക്കും ഹന്നാ ഒരു മികച്ച ദൃഷ്ടാന്തം വെച്ചി​രി​ക്കു​ന്നു. ഒരു കുട്ടി തന്റെ അച്ഛനോട്‌ ഉള്ളുതു​റ​ക്കു​ന്ന​തു​പോ​ലെ, ആകുല​ത​ക​ളും ആശങ്കക​ളു​മെ​ല്ലാം മടികൂ​ടാ​തെ തന്നോടു തുറന്നു​പ​റ​യാൻ യഹോവ തന്റെ ഓരോ ദാസ​നെ​യും വാത്സല്യ​പൂർവം ക്ഷണിക്കു​ന്നു. (സങ്കീർത്തനം 62:8; 1 തെസ്സ​ലോ​നി​ക്യർ 5:17) “സകല ചിന്താ​കു​ല​വും അവന്റെ​മേൽ ഇട്ടു​കൊ​ള്ളു​വിൻ” എന്ന്‌ പത്രോസ്‌ അപ്പൊ​സ്‌തലൻ എഴുതി.—1 പത്രോസ്‌ 5:7.

എന്നാൽ നമ്മെ മനസ്സി​ലാ​ക്കാ​നോ നമ്മോട്‌ അനുകമ്പ കാണി​ക്കാ​നോ യഹോ​വ​യെ​പ്പോ​ലെ മനുഷ്യർക്കു കഴിയില്ല. ഹന്നാ കരഞ്ഞു പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കെ പെട്ടെന്ന്‌ ഒരു ശബ്ദം കേട്ട്‌ അവൾ ഞെട്ടി. മഹാപു​രോ​ഹി​ത​നായ ഏലിയാ​യി​രു​ന്നു അത്‌. കുറെ നേരമാ​യി ഏലി അവളെ നിരീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഏലി അവളോട്‌, “നീ എത്ര​ത്തോ​ളം ലഹരി​പി​ടി​ച്ചി​രി​ക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ” എന്നു പറഞ്ഞു. ഹന്നായു​ടെ വൈകാ​രിക വിക്ഷുബ്ധത—അവൾ ഏങ്ങലടി​ക്കു​ന്ന​തും അവളുടെ ചുണ്ടുകൾ വിറയ്‌ക്കു​ന്ന​തും—കണ്ട്‌ തെറ്റി​ദ്ധ​രി​ച്ച​താ​യി​രു​ന്നു ഏലി. എന്താണ്‌ അവളെ വിഷമി​പ്പി​ക്കു​ന്ന​തെന്ന്‌ ചോദി​ച്ച​റി​യു​ന്ന​തി​നു​പ​കരം അവൾക്ക്‌ ലഹരി​പി​ടി​ച്ചി​രി​ക്കു​ക​യാ​ണെന്ന്‌ അവൻ നിഗമനം ചെയ്‌തു.—1 ശമൂവേൽ 1:12-14.

അങ്ങനെ​യൊ​രു അവസ്ഥയിൽ അടിസ്ഥാ​ന​ര​ഹി​ത​മായ ആ ആരോ​പണം കേട്ട്‌ ഹന്നായു​ടെ ഹൃദയം എത്ര നുറു​ങ്ങി​യി​ട്ടു​ണ്ടാ​കണം! അതും അത്ര ശ്രേഷ്‌ഠ​മായ സ്ഥാനത്തുള്ള ഒരാൾ അങ്ങനെ​യൊ​ക്കെ പറയു​മ്പോൾ! ഇവി​ടെ​യും ഹന്നാ നമു​ക്കെ​ല്ലാം ഒരു ഉത്തമമാ​തൃ​ക​യാ​കു​ന്നു. സഹമനു​ഷ്യ​രിൽ ഒരാളു​ടെ അപൂർണത, താനും യഹോ​വ​യു​മാ​യുള്ള ബന്ധത്തെ ഉലയ്‌ക്കാ​തി​രി​ക്കാൻ അവൾ ശ്രദ്ധിച്ചു. വിനയ​ത്തോ​ടും ആദര​വോ​ടും കൂടെ അവൾ ഏലി​യോട്‌ തന്റെ അവസ്ഥ വിവരി​ച്ചു. തന്റെ തെറ്റു മനസ്സി​ലാ​ക്കി​യ​പ്പോൾ ഏലി ഒരുപക്ഷേ ശാന്തനാ​യി​ട്ടു​ണ്ടാ​കണം. അവൻ അവളോ​ടു പറഞ്ഞു: “സമാധാ​ന​ത്തോ​ടെ പൊയ്‌ക്കൊൾക; യിസ്രാ​യേ​ലി​ന്റെ ദൈവ​ത്തോ​ടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്‌കു​മാ​റാ​കട്ടെ.”—1 ശമൂവേൽ 1:15-17.

ഹന്നാ സമാഗ​മ​ന​കൂ​ടാ​ര​ത്തി​ങ്കൽച്ചെന്ന്‌ തന്റെ ഹൃദയം യഹോ​വ​യോട്‌ തുറക്കു​ക​യും അവന്‌ ആരാധന കഴിക്കു​ക​യും ചെയ്‌ത​തിന്‌ ഫലമു​ണ്ടാ​യോ? ബൈബിൾ വിവരണം തുടർന്നു പറയുന്നു: “സ്‌ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടി​യ​തു​മില്ല.” (1 ശമൂവേൽ 1:18) ഹന്നായു​ടെ ദുഃഖ​ത്തിന്‌ ശമനം വന്നു. തന്നെ ഭാര​പ്പെ​ടു​ത്തി​യി​രുന്ന ആകുല​ത​ക​ളു​ടെ ചുമട്‌ അവൾ തന്നിലും ഏറെ ബലവാ​നായ തന്റെ സ്വർഗീയ പിതാ​വി​നെ ഏൽപ്പിച്ചു. (സങ്കീർത്തനം 55:22) യഹോ​വ​യ്‌ക്ക്‌ ചുമക്കാൻ പറ്റാത്തത്ര ഭാരമുള്ള ഏതെങ്കി​ലും പ്രശ്‌ന​മു​ണ്ടെന്ന്‌ നിങ്ങൾ കരുതു​ന്നു​ണ്ടോ?

ദുഃഖങ്ങൾ നമ്മെ നിരാ​ശ​രാ​ക്കു​മ്പോൾ അല്ലെങ്കിൽ ഭാര​പ്പെ​ടു​ത്തു​മ്പോൾ, ഹന്നാ​യെ​പ്പോ​ലെ നാമും “പ്രാർത്ഥന കേൾക്കു​ന്ന​വ​നായ” ദൈവ​ത്തോട്‌ ഹൃദയം തുറക്കണം. (സങ്കീർത്തനം 65:2) വിശ്വാ​സ​ത്തോ​ടെ നാം അതു ചെയ്യു​മ്പോൾ, നമ്മുടെ ഹൃദയ​ങ്ങ​ളിൽനിന്ന്‌ ദുഃഖം നീങ്ങി​പ്പോ​കും. പകരം അതിൽ “മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം” വന്നുനി​റ​യും.—ഫിലി​പ്പി​യർ 4:6, 7.

“നമ്മുടെ ദൈവ​ത്തെ​പ്പോ​ലെ ഒരു പാറയും ഇല്ല”

പിറ്റേന്നു രാവിലെ ഹന്നാ എൽക്കാ​നാ​യെ​യും കൂട്ടി സമാഗ​മ​ന​കൂ​ടാ​ര​ത്തി​ങ്കൽ ചെന്നു. യഹോ​വ​യോ​ടു കഴിച്ച അപേക്ഷ​യെ​യും നേർച്ച​യെ​യും കുറിച്ച്‌ അവൾ അവനോ​ടു പറഞ്ഞി​ട്ടു​ണ്ടാ​കണം. മോ​ശൈ​ക​ന്യാ​യ​പ്ര​മാ​ണ​പ്ര​കാ​രം, ഭർത്താ​വി​ന്റെ അനുമ​തി​യി​ല്ലാ​തെ ഭാര്യ ഒരു നേർച്ച നേർന്നാൽ അത്‌ പിൻവ​ലി​ക്കാ​നുള്ള അധികാ​രം ഭർത്താ​വിന്‌ ഉണ്ടായി​രു​ന്നു. (സംഖ്യാ​പു​സ്‌തകം 30:10-15) എന്നാൽ ദൈവ​ഭ​ക്ത​നായ എൽക്കാനാ അതു ചെയ്‌തില്ല. പകരം അവർ ഇരുവ​രും ഒരുമിച്ച്‌ അവിടെ യഹോ​വ​യ്‌ക്ക്‌ ആരാധ​ന​ക​ഴി​ച്ചു. പിന്നെ അവർ വീട്ടി​ലേക്കു മടങ്ങി.

തന്റെ അടവ്‌ ഇനി ഹന്നായു​ടെ അടുത്ത്‌ വില​പ്പോ​കി​ല്ലെന്ന്‌ പെനി​ന്നാ​യ്‌ക്ക്‌ എപ്പോ​ഴാ​യി​രി​ക്കാം മനസ്സി​ലാ​യത്‌? അതേക്കു​റിച്ച്‌ ബൈബിൾ ഒന്നും പറയു​ന്നില്ല. എന്നാൽ “അവളുടെ മുഖം പിന്നെ വാടി​യ​തു​മില്ല” എന്ന പ്രസ്‌താ​വന തെളി​യി​ക്കു​ന്നത്‌ പിന്നീ​ട​ങ്ങോട്ട്‌ ഹന്നാ ദുഃഖി​ച്ചു​ക​ഴി​ഞ്ഞില്ല എന്നാണ്‌. അതെ, തന്റെ ദുഷ്‌പെ​രു​മാ​റ്റം​കൊണ്ട്‌ ഹന്നായ്‌ക്ക്‌ ഒരു ദോഷ​വും വരുത്താൻ കഴിയി​ല്ലെന്ന്‌ പെനി​ന്നാ​യ്‌ക്ക്‌ താമസി​യാ​തെ ബോധ്യ​മാ​യി. ബൈബി​ളിൽ പിന്നെ അവളുടെ പേര്‌ പരാമർശി​ച്ചി​ട്ടേ​യില്ല.

മാസങ്ങൾ കടന്നു​പോ​യി. ഒരുദി​വസം ഹന്നാ ആ സത്യം മനസ്സി​ലാ​ക്കി. താൻ ഗർഭി​ണി​യാ​യി​രി​ക്കു​ന്നു! അവളുടെ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു! തന്നെ അനു​ഗ്ര​ഹിച്ച ദൈവത്തെ ആ സന്തോ​ഷ​ത്തി​മിർപ്പി​ലും അവൾ മറന്നു​പോ​യില്ല. കുട്ടി ജനിച്ച​പ്പോൾ അവൾ അവന്‌ ശമൂവേൽ (“ദൈവ​ത്തി​ന്റെ നാമം” എന്ന്‌ അർഥം) എന്നു പേരിട്ടു. തെളി​വ​നു​സ​രിച്ച്‌ ആ പേര്‌, ഹന്നാ ചെയ്‌ത​തു​പോ​ലെ ദൈവ​നാ​മം വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തി​നെ​യാണ്‌ സൂചി​പ്പി​ക്കു​ന്നത്‌. ആ വർഷം അവൾ എൽക്കാ​നാ​യോ​ടും കുടും​ബ​ത്തോ​ടു​മൊ​പ്പം ശീലോ​വി​ലേക്ക്‌ പോയില്ല. കുട്ടി​യു​ടെ മുലകു​ടി മാറു​ന്ന​തു​വരെ, അതായത്‌ അവന്‌ മൂന്നു വയസ്സാ​കു​ന്ന​തു​വരെ അവൾ വീട്ടിൽത്തന്നെ കഴിഞ്ഞു. പിന്നെ അവൾ തന്റെ ഓമന​പ്പു​ത്രനെ വിട്ടു​പി​രി​യേണ്ട ആ നാളി​നാ​യി മനസ്സു​കൊണ്ട്‌ ഒരുങ്ങാൻ തുടങ്ങി.

മകനിൽനിന്ന്‌ അകന്നു ജീവി​ക്കുക എന്നത്‌ അവളെ സംബന്ധി​ച്ചി​ട​ത്തോ​ളം എളുപ്പ​മുള്ള കാര്യ​മാ​യി​രു​ന്നില്ല. ശീലോ​വിൽ കൊച്ചു​ശ​മൂ​വേ​ലിന്‌ ഒരു കുറവും വരി​ല്ലെന്ന്‌ ഹന്നായ്‌ക്ക്‌ അറിയാ​മാ​യി​രു​ന്നു. കാരണം സമാഗ​മ​ന​കൂ​ടാ​ര​ത്തി​ങ്കൽ സേവി​ച്ചി​രുന്ന സ്‌ത്രീ​കൾ അവനെ നന്നായി നോക്കു​മെന്ന്‌ അവൾക്ക്‌ ഉറപ്പാ​യി​രു​ന്നു. പക്ഷേ അപ്പോ​ഴും അവൻ ഒരു കൊച്ചു​കു​ഞ്ഞാ​യി​രു​ന്നു​വെന്ന്‌ ഓർക്കണം. മാത്രമല്ല ഏത്‌ അമ്മയ്‌ക്കാണ്‌ സ്വന്തം മകനെ പിരി​യാൻ മനസ്സു​വ​രുക? എന്നാലും, ഹന്നായും എൽക്കാ​നാ​യും നിറഞ്ഞ മനസ്സോ​ടെ​തന്നെ തങ്ങളുടെ മകനെ യഹോ​വ​യു​ടെ ആലയത്തി​ലേക്കു കൊണ്ടു​വന്നു. അവിടെ അവർ യാഗങ്ങൾ അർപ്പിച്ചു. എന്നിട്ട്‌ അവർ ശമൂ​വേ​ലി​നെ ഏലി പുരോ​ഹി​തനെ ഏൽപ്പിച്ചു. മൂന്നു വർഷം​മുമ്പ്‌ ഈ ബാലനു​വേ​ണ്ടി​യാണ്‌ താൻ ഇവിടെ പ്രാർഥി​ച്ചു​കൊ​ണ്ടു​നി​ന്ന​തെന്ന കാര്യം ഹന്നാ അപ്പോൾ ഏലി​യോ​ടു പറഞ്ഞു.

തുടർന്ന്‌ ഹന്നാ ഒരു പ്രാർഥന നടത്തി. തന്റെ നിശ്വസ്‌ത വചനത്തിൽ ആ പ്രാർഥന രേഖ​പ്പെ​ടു​ത്താൻ യഹോവ തീരു​മാ​നി​ച്ചു. 1 ശമൂവേൽ 2:1-10-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ആ പ്രാർഥ​ന​യി​ലെ ഓരോ വാചക​വും ഹന്നായു​ടെ വിശ്വാ​സ​ത്തി​ന്റെ ആഴം നമുക്കു വെളി​പ്പെ​ടു​ത്തി​ത്ത​രു​ന്നു. യഹോവ തന്റെ ശക്തി ഉപയോ​ഗി​ക്കുന്ന വിധത്തെ അവൾ പ്രകീർത്തി​ക്കു​ന്നു: അവൻ അഹങ്കാ​രി​കളെ താഴ്‌ത്തു​ക​യും മർദി​തരെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്യുന്നു. അവൻ ജീവ​നെ​ടു​ക്കു​ക​യും ജീവൻ കൊടു​ക്കു​ക​യും ചെയ്യുന്നു. തുടർന്ന്‌ അവൾ തന്റെ പിതാ​വി​നെ അവന്റെ പരിശു​ദ്ധി​യെ​യും നീതി​യെ​യും വിശ്വ​സ്‌ത​ത​യും പ്രതി വാഴ്‌ത്തു​ന്നു. “നമ്മുടെ ദൈവ​ത്തെ​പ്പോ​ലെ ഒരു പാറയും ഇല്ല” എന്ന്‌ സ്വന്തം അനുഭ​വ​ത്തിൽനിന്ന്‌ ഹന്നായ്‌ക്ക്‌ പറയാൻ കഴിഞ്ഞു. യഹോവ വിശ്വാ​സ​യോ​ഗ്യ​നും മാറ്റമി​ല്ലാ​ത്ത​വ​നു​മാണ്‌. സഹായ​ത്തി​നാ​യി തന്നെ സമീപി​ക്കുന്ന മർദി​തർക്കും അഗതി​കൾക്കും അവൻ ഒരു അഭയസ്ഥാ​ന​മാണ്‌.

യഹോ​വ​യിൽ ഇത്ര വിശ്വാ​സ​മുള്ള ഒരു അമ്മയെ ലഭിച്ച ശമൂവേൽ തീർച്ച​യാ​യും അനുഗൃ​ഹീ​ത​നാ​യി​രു​ന്നു. വളർന്നു​വ​രവെ അമ്മ അടുത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും അമ്മ തന്നെ ഉപേക്ഷി​ച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്ന​താ​യി അവന്‌ ഒരിക്ക​ലും തോന്നി​യില്ല. ഓരോ വർഷവും ഹന്നാ ശീലോ​വി​ലേക്കു വരുമാ​യി​രു​ന്നു. അപ്പോ​ഴൊ​ക്കെ അവളുടെ സഞ്ചിയിൽ കയ്യില്ലാത്ത ഒരു കുഞ്ഞി​ക്കു​പ്പാ​യ​വും ഉണ്ടാകും. അവളുടെ മകന്‌ സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ സേവി​ക്കു​മ്പോൾ ഇടാനു​ള്ള​താ​യി​രു​ന്നു അത്‌. അതിന്റെ ഓരോ ഇഴയി​ലും ആ അമ്മയുടെ സ്‌നേ​ഹ​വാ​ത്സ​ല്യ​ങ്ങൾ ഉണ്ടായി​രു​ന്നു. (1 ശമൂവേൽ 2:19) അവൾ അത്‌ തന്റെ മകനെ ഇടുവി​ക്കു​ന്ന​തും എന്നിട്ട്‌ പതുക്കെ തട്ടി അതിന്റെ ചുളി​വു​കൾ തീർക്കു​ന്ന​തും പിന്നെ സ്‌നേഹം വഴിയുന്ന കണ്ണുക​ളോ​ടെ അവനെ നോക്കി​നിൽക്കു​ന്ന​തും മനസ്സിൽക്കാ​ണുക. അപ്പോ​ഴൊ​ക്കെ ആ ഇളംമ​ന​സ്സി​നെ ബലപ്പെ​ടു​ത്തുന്ന വാക്കുകൾ പറയാ​നും അവൾ മറന്നു​കാ​ണില്ല. അങ്ങനെ​യൊ​രു അമ്മയെ കിട്ടിയ ശമൂവേൽ തീർച്ച​യാ​യും അനുഗൃ​ഹീ​ത​നല്ലേ? തന്റെ മാതാ​പി​താ​ക്കൾക്കും മുഴു ഇസ്രാ​യേ​ലി​നും ഒരു അനു​ഗ്ര​ഹ​മാ​യി ശമൂവേൽ വളർന്നു​വന്നു.

ഹന്നായ്‌ക്ക്‌ പിന്നെ​യും യഹോ​വ​യിൽനിന്ന്‌ അനു​ഗ്ര​ഹങ്ങൾ ലഭിച്ചു. എൽക്കാ​നാ​യിൽനിന്ന്‌ അവൾക്ക്‌ അഞ്ചുമ​ക്കൾകൂ​ടെ ജനിച്ചു. (1 ശമൂവേൽ 2:21) എന്നാൽ ഹന്നായ്‌ക്കു ലഭിച്ച ഏറ്റവും വലിയ അനു​ഗ്രഹം അതൊ​ന്നു​മാ​യി​രു​ന്നില്ല. തന്റെ പിതാ​വായ യഹോ​വ​യു​മാ​യി അവൾക്കു​ണ്ടാ​യി​രുന്ന ബന്ധമാ​യി​രു​ന്നു ആ വലിയ അനു​ഗ്രഹം. വർഷങ്ങൾ കടന്നു​പോ​കവെ അത്‌ ഒന്നി​നൊന്ന്‌ ദൃഢമാ​കു​ക​യും ചെയ്‌തു. ഹന്നായു​ടെ വിശ്വാ​സം അനുക​രി​ക്കവെ നിങ്ങൾക്കും ആ അനു​ഗ്രഹം ലഭിക്കട്ടെ!

[അടിക്കു​റി​പ്പു​കൾ]

a തന്റെ ജനത്തി​നി​ട​യിൽ ദൈവം കുറെ​ക്കാ​ല​ത്തേക്ക്‌ ബഹുഭാ​ര്യ​ത്വം അനുവ​ദി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയാൻ 2009 ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ (ഇംഗ്ലീഷ്‌) “ദൈവം ബഹുഭാ​ര്യ​ത്വം അംഗീ​ക​രി​ക്കു​ന്നു​ണ്ടോ?” എന്ന ലേഖനം കാണുക.

b യഹോവ ഹന്നായു​ടെ ‘ഗർഭം അടച്ചി​രു​ന്നു’ എന്ന്‌ ബൈബിൾ പറയു​ന്നെ​ങ്കി​ലും വിശ്വ​സ്‌ത​യായ ഈ എളിയ സ്‌ത്രീ​യോട്‌ യഹോ​വ​യ്‌ക്ക്‌ എന്തെങ്കി​ലും അപ്രീതി ഉണ്ടായി​രു​ന്ന​താ​യി തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നേ​യില്ല. (1 ശമൂവേൽ 1:5) ഇങ്ങനെ​യുള്ള ചില കാര്യങ്ങൾ ദൈവം ചെയ്‌തി​രി​ക്കു​ന്ന​താ​യി ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്നത്‌, അങ്ങനെ സംഭവി​ക്കാൻ അവൻ അനുവ​ദി​ച്ചി​രി​ക്കു​ന്നു എന്ന അർഥത്തിൽ മാത്ര​മാണ്‌.

c എൽക്കാനായുടെ സ്വദേശം റാമ (യേശു​വി​ന്റെ നാളിൽ അരിമഥ്യ എന്ന്‌ അറിയ​പ്പെ​ടാ​നി​ട​യായ സ്ഥലം) ആയിരി​ക്കാം എന്ന നിഗമ​നത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​താണ്‌ ഈ ദൂരക്ക​ണക്ക്‌.

[27-ാം പേജിലെ ചതുരം]

ശ്രദ്ധേയമായ രണ്ടു​പ്രാർഥ​ന​കൾ

1 ശമൂവേൽ 1:11-ലും 2:1-10-ലും ആയി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഹന്നായു​ടെ പ്രാർഥ​ന​ക​ളിൽ ശ്രദ്ധേ​യ​മായ നിരവധി കാര്യ​ങ്ങ​ളുണ്ട്‌. അതിൽ ഏതാനും ചിലത്‌ ഇതാണ്‌:

◼ ആദ്യത്തെ പ്രാർഥ​ന​യിൽ അവൾ യഹോ​വയെ “സൈന്യ​ങ്ങ​ളു​ടെ യഹോവേ” എന്നു സംബോ​ധന ചെയ്‌തി​രി​ക്കു​ന്നു. ആ സ്ഥാന​പ്പേര്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി ബൈബിൾ രേഖ​പ്പെ​ടു​ത്തുന്ന ആദ്യത്തെ വ്യക്തി​യാണ്‌ ഹന്നാ. തിരു​വെ​ഴു​ത്തു​ക​ളിൽ മൊത്തം 285 പ്രാവ​ശ്യം ദൈവ​ത്തി​ന്റെ ഈ സ്ഥാന​പ്പേര്‌ കാണാം. ആത്മപു​ത്ര​ന്മാ​രു​ടെ മഹാ​സൈ​ന്യ​ത്തി​ന്മേൽ യഹോ​വ​യ്‌ക്കുള്ള അധികാ​ര​ത്തെ​യാണ്‌ ഇതു കുറി​ക്കു​ന്നത്‌.

◼ ഹന്നാ രണ്ടാമത്തെ പ്രാർഥന നടത്തി​യത്‌ അവൾക്കൊ​രു പുത്രൻ ജനിച്ച​പ്പോ​ഴല്ല ശീലോ​വിൽ ദൈവ​സേ​വ​ന​ത്തി​നാ​യി അവനെ അർപ്പി​ച്ച​പ്പോ​ഴാ​യി​രു​ന്നു എന്നതു ശ്രദ്ധേ​യ​മാണ്‌. തന്നെ എതിരാ​ളി​യാ​യി കണ്ട പെനി​ന്നാ​യു​ടെ വായട​പ്പി​ക്കാൻ കഴിഞ്ഞു എന്നതല്ല ഹന്നായെ സന്തോ​ഷി​പ്പി​ച്ചത്‌, പകരം യഹോ​വ​യാൽ അനു​ഗ്ര​ഹി​ക്ക​പ്പെട്ടു എന്നതാണ്‌.

◼ “എന്റെ കൊമ്പു യഹോ​വ​യാൽ ഉയർന്നി​രി​ക്കു​ന്നു” എന്നു ഹന്നാ പറഞ്ഞ​പ്പോൾ, കരുത്തുറ്റ കൊമ്പു​ക​ളുള്ള ഒരു കാളക്കൂ​റ്റന്റെ ചിത്ര​മാ​യി​രി​ക്കാം അവളുടെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌. ‘യഹോവ എന്നെ ശക്തയാ​ക്കി​യി​രി​ക്കു​ന്നു’ എന്നാണ്‌ ഫലത്തിൽ അവൾ പറഞ്ഞത്‌.—1 ശമൂവേൽ 2:1.

◼ ദൈവ​ത്തി​ന്റെ ‘അഭിഷി​ക്തനെ’ കുറി​ച്ചുള്ള ഹന്നായു​ടെ വാക്കു​കൾക്ക്‌ പ്രാവ​ച​നിക പ്രാധാ​ന്യ​മു​ള്ള​താ​യി കാണാം. “മിശിഹാ” എന്നതി​നുള്ള പദംത​ന്നെ​യാണ്‌ ഹന്നാ ഇവിടെ ഉപയോ​ഗി​ച്ചത്‌. ഭാവി​യിൽ അഭിഷി​ക്ത​നാ​കാ​നി​രുന്ന രാജാ​വി​നെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ലെ ആദ്യത്തെ പരാമർശ​മാ​ണിത്‌.—1 ശമൂവേൽ 2:10.

◼ ഏതാണ്ട്‌ 1,000 വർഷത്തി​നു​ശേഷം യേശു​വി​ന്റെ അമ്മയായ മറിയ, യഹോ​വയെ സ്‌തു​തി​ച്ചു​കൊണ്ട്‌ ഹന്നായു​ടേ​തു​പോ​ലുള്ള ഒരു പ്രാർഥന നടത്തു​ക​യു​ണ്ടാ​യി.—ലൂക്കോസ്‌ 1:46-55.

[26-ാം പേജിലെ ചിത്രം]

ഹന്നായുടെ വന്ധ്യത അവളെ ഏറെ വേദനി​പ്പി​ച്ചി​രു​ന്നു; പെനി​ന്നാ​യാ​കട്ടെ ആ വേദന കൂട്ടാൻ അവളെ സ്ഥിരം ദ്രോ​ഹി​ച്ചു​കൊ​ണ്ടി​രു​ന്നു

[26, 27 പേജു​ക​ളി​ലെ ചിത്രം]

ഏലി തെറ്റി​ദ്ധ​രി​ച്ചെ​ങ്കി​ലും ഹന്നാ മുഷി​ഞ്ഞി​ല്ല

[27-ാം പേജിലെ ചിത്രം]

ഉള്ളുതുറന്നു പ്രാർഥി​ക്കു​ന്ന​തിൽ നിങ്ങൾക്ക്‌ ഹന്നായെ അനുക​രി​ക്കാ​നാ​കു​മോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക