യഹോവയിൽ വിശ്വാസമുണ്ടായിരിക്കുക—ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കുക!
“ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ വേണം ചോദിക്കാൻ.”—യാക്കോ. 1:6.
1. കയീൻ തെറ്റായ ഒരു തീരുമാനമെടുക്കാനുള്ള കാരണം എന്തായിരുന്നു, ആ തീരുമാനത്തിന്റെ ഫലം എന്തായിരുന്നു?
കയീൻ ഒരു തീരുമാനമെടുക്കണമായിരുന്നു. ഒന്നുകിൽ പാപപൂർണമായ വികാരങ്ങളെയും ചിന്തകളെയും കീഴടക്കുക, അല്ലെങ്കിൽ അവയ്ക്കു കീഴടങ്ങുക. തീരുമാനം എന്താണെങ്കിലും അതിന്റെ ഫലം കയീന്റെ പിന്നീടുള്ള ജീവിതത്തെ മുഴുവൻ ബാധിക്കുമായിരുന്നു. കയീൻ തെറ്റായ തീരുമാനമാണ് എടുത്തതെന്നു നമുക്ക് അറിയാം. ആ തീരുമാനം അയാളെ സ്വന്തം അനിയനായ ഹാബേലിന്റെ കൊലപാതകത്തിലാണു കൊണ്ടെത്തിച്ചത്. സ്രഷ്ടാവുമായുള്ള ബന്ധവും കയീനു നഷ്ടപ്പെട്ടു.—ഉൽപ. 4:3-16.
2. ജീവിതത്തിൽ നല്ല തീരുമാനങ്ങളെടുക്കേണ്ടതിന്റെ പ്രാധാന്യം എന്ത്?
2 അതുപോലെ, നമ്മളും ജീവിതത്തിൽ പല തീരുമാനങ്ങളെടുക്കേണ്ടതുണ്ട്. എല്ലാ തീരുമാനങ്ങളും വളരെ ഗൗരവമുള്ളതായിരിക്കണം എന്നില്ല. എങ്കിലും പല തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും നമ്മുടെ ജീവിതത്തെ കാര്യമായി ബാധിച്ചേക്കാം. നല്ല തീരുമാനങ്ങളാണ് എടുക്കുന്നതെങ്കിൽ ഏറെക്കുറെ ശാന്തവും സമാധാനപരവും ആയ ഒരു ജീവിതം നയിക്കാൻ നമുക്കു കഴിയും. എന്നാൽ തീരുമാനങ്ങൾ മോശമാണെങ്കിൽ ജീവിതം നിരാശയും പ്രശ്നങ്ങളും ആശയക്കുഴപ്പവും നിറഞ്ഞതായിരിക്കും.—സുഭാ. 14:8.
3. (എ) നല്ല തീരുമാനങ്ങളെടുക്കാൻ കഴിയണമെങ്കിൽ ഏതു കാര്യങ്ങളിൽ നമുക്കു വിശ്വാസം വേണം? (ബി) ഏതു ചോദ്യങ്ങൾക്കാണു നമ്മൾ ഉത്തരം കണ്ടെത്താൻപോകുന്നത്?
3 ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കാൻ നമ്മളെ എന്തു സഹായിക്കും? അതിനു ദൈവത്തിലുള്ള വിശ്വാസം ആവശ്യമാണ്. നമുക്കു ജ്ഞാനം തരാൻ ദൈവത്തിന് ആഗ്രഹവും കഴിവും ഉണ്ടെന്നു നമ്മൾ വിശ്വസിക്കണം. അതുപോലെ, ദൈവവചനമായ ബൈബിളിലും യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധത്തിലും നമുക്കു വിശ്വാസം വേണം. തിരുവെഴുത്തുകളിലെ ഉപദേശങ്ങളിൽ എപ്പോഴും ആശ്രയിക്കണം. (യാക്കോബ് 1:5-8 വായിക്കുക.) യഹോവയോട് അടുക്കുകയും ദൈവവചനത്തെ കൂടുതൽ സ്നേഹിക്കുകയും ചെയ്യുമ്പോൾ യഹോവയുടെ വീക്ഷണങ്ങളാണു ശരിയെന്നു നമുക്കു ബോധ്യമാകും. അപ്പോൾ ഓരോ തീരുമാനമെടുക്കുന്നതിനു മുമ്പും ദൈവവചനം പരിശോധിക്കുന്നതു നമ്മളൊരു ശീലമാക്കും. എന്നാൽ നല്ല തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തി നമുക്ക് എങ്ങനെ മെച്ചപ്പെടുത്താം? നമ്മൾ എടുക്കുന്ന തീരുമാനങ്ങൾക്കു മാറ്റം വരുത്തുന്നതിൽ തെറ്റുണ്ടോ?
നമ്മളെല്ലാവരും തീരുമാനങ്ങളെടുക്കണം
4. ആദാമിന് എന്തു തീരുമാനമാണ് എടുക്കേണ്ടിവന്നത്, അതിന്റെ ഫലം എന്തായിരുന്നു?
4 മനുഷ്യചരിത്രത്തിന്റെ തുടക്കംമുതൽ സ്ത്രീപുരുഷവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കേണ്ടിവന്നിട്ടുണ്ട്. ആദാമും ഒരു തീരുമാനമെടുക്കണമായിരുന്നു. സ്രഷ്ടാവിന്റെ വാക്കു കേൾക്കണോ അതോ ഹവ്വ പറയുന്നതു കേൾക്കണോ? ആദാം തീരുമാനമെടുക്കുകതന്നെ ചെയ്തു. പക്ഷേ അതു നല്ലൊരു തീരുമാനമായിരുന്നോ? ഹവ്വയുടെ പ്രേരണയ്ക്കു വഴങ്ങി തീർത്തും മോശമായ ഒരു തീരുമാനമാണ് ആദാം എടുത്തത്. അതിന് ആദാമിനു വില കൊടുക്കേണ്ടിവന്നു—പറുദീസയും സ്വന്തം ജീവനും! എന്നാൽ അവിടംകൊണ്ട് കാര്യങ്ങൾ അവസാനിച്ചില്ല. ആദാമിന്റെ തെറ്റായ തീരുമാനത്തിന്റെ ഭവിഷ്യത്തുകൾ നമ്മൾ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
5. തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വത്തെ നമ്മൾ എങ്ങനെയാണു കാണേണ്ടത്?
5 തീരുമാനങ്ങളൊന്നും എടുക്കേണ്ടതില്ലായിരുന്നെങ്കിൽ ജീവിതം എന്ത് എളുപ്പമായിരുന്നേനേ എന്നു ചിലർ ചിന്തിക്കാറുണ്ട്. നിങ്ങൾക്കും അങ്ങനെയാണോ തോന്നുന്നത്? ചിന്താപ്രാപ്തിയോ തീരുമാനശേഷിയോ ഇല്ലാത്ത റോബോട്ടുകളെപ്പോലെയല്ല യഹോവ മനുഷ്യനെ സൃഷ്ടിച്ചത്. എങ്ങനെ ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കാമെന്നു ബൈബിൾ നമ്മളെ പഠിപ്പിക്കുന്നുമുണ്ട്. എന്നാൽ നമുക്ക് എന്തെങ്കിലും ദോഷം വരുത്തിവെക്കുന്ന ഒന്നായിട്ടല്ല തീരുമാനമെടുക്കാനുള്ള പ്രാപ്തിയെ നമ്മൾ കാണേണ്ടത്; അതിനുവേണ്ടിയല്ല യഹോവ ഈ ഉത്തരവാദിത്വം നമ്മളെ ഏൽപ്പിച്ചിരിക്കുന്നത്. അതിന്റെ ചില തെളിവുകൾ നമുക്കു നോക്കാം.
6, 7. ഇസ്രായേല്യർ എന്തു തീരുമാനമാണ് എടുക്കേണ്ടിയിരുന്നത്, ജ്ഞാനത്തോടെ തീരുമാനമെടുക്കാൻ അവർക്കു ബുദ്ധിമുട്ടായിരുന്നത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
6 വാഗ്ദത്തദേശത്ത് താമസമാക്കിയശേഷം ഇസ്രായേല്യർക്കു വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമെടുക്കേണ്ടിവന്നു: ഒന്നുകിൽ യഹോവയെ ആരാധിക്കുക, അല്ലെങ്കിൽ മറ്റു ദൈവങ്ങളെ ആരാധിക്കുക. (യോശുവ 24:15 വായിക്കുക.) അതൊരു നിസ്സാരതീരുമാനമായിരുന്നോ? അല്ല. അവർ തെറ്റായ തീരുമാനമാണ് എടുത്തിരുന്നതെങ്കിൽ അത് അവരെ മരണത്തിൽ കൊണ്ടെത്തിക്കുമായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, ന്യായാധിപന്മാരുടെ കാലത്ത് ഇസ്രായേല്യർ കൂടെക്കൂടെ ബുദ്ധിശൂന്യമായ തിരഞ്ഞെടുപ്പുകൾ നടത്തി. അവർ യഹോവയെ ഉപേക്ഷിച്ച് വ്യാജദൈവങ്ങളെ ആരാധിച്ചു. (ന്യായാ. 2:3, 11-23) ഏലിയ പ്രവാചകന്റെ കാലത്തും ദൈവജനത്തിനു സുപ്രധാനമായ ഒരു തീരുമാനമെടുക്കേണ്ടിവന്നു. യഹോവയെ സേവിക്കണോ വ്യാജദൈവമായ ബാലിനെ സേവിക്കണോ എന്ന് അവർക്കു തീരുമാനിക്കാമെന്ന് ഏലിയ പറഞ്ഞു. (1 രാജാ. 18:21) ഇക്കാര്യത്തിൽ തീരുമാനമെടുക്കാത്തതിന് ഏലിയ ജനത്തെ കുറ്റപ്പെടുത്തി. ഇത് എളുപ്പം തീരുമാനിക്കാൻ കഴിയുന്ന ഒരു കാര്യമല്ലേ എന്നു നമുക്കു തോന്നിയേക്കാം. കാരണം യഹോവയെ സേവിക്കുന്നതാണല്ലോ എപ്പോഴും പ്രയോജനം ചെയ്യുന്നത്. നേരാംവണ്ണം ചിന്തിക്കുന്ന ഒരാളും ജീവനില്ലാത്ത ആ ബാൽ ദേവനെ ആരാധിക്കില്ല. എന്നിട്ടും ഇസ്രായേല്യർ ‘രണ്ടു പക്ഷത്ത് നിൽക്കുകയായിരുന്നു.’ സത്യദൈവമായ യഹോവയെ ആരാധിക്കാനുള്ള തീരുമാനമെടുക്കാൻ ഏലിയ ജനത്തെ പ്രോത്സാഹിപ്പിച്ചു.
7 ജ്ഞാനത്തോടെ തീരുമാനമെടുക്കാൻ ഇസ്രായേല്യർക്കു ബുദ്ധിമുട്ടായിരുന്നത് എന്തുകൊണ്ട്? ഒന്നാമതായി, അവർക്ക് യഹോവയിൽ വിശ്വാസം നഷ്ടപ്പെട്ടു. യഹോവയുടെ വാക്കുകൾക്കു ചെവി കൊടുക്കാൻ അവർ ഒരുക്കമായിരുന്നില്ല. ദൈവത്തെക്കുറിച്ചോ ദൈവത്തിന്റെ ജ്ഞാനത്തെക്കുറിച്ചോ പഠിക്കാൻ അവർ ശ്രമിച്ചില്ല. യഹോവയിൽ ആശ്രയിച്ചതുമില്ല. എന്നാൽ ശരിയായ അറിവ് നേടിയിരുന്നെങ്കിൽ അവർക്കു നല്ല തീരുമാനങ്ങളെടുക്കാൻ കഴിയുമായിരുന്നു. (സങ്കീ. 25:12) രണ്ടാമതായി, യഹോവയെ ആരാധിക്കാത്ത ആളുകളുടെ ചിന്തകൾ ഇസ്രായേല്യരെ സ്വാധീനിച്ചു. ചില സാഹചര്യങ്ങളിൽ ഇസ്രായേല്യർക്കുവേണ്ടി തീരുമാനങ്ങളെടുത്തതുപോലും ആ ദേശത്തുണ്ടായിരുന്ന ജനതകളിൽപ്പെട്ടവരായിരുന്നു. അങ്ങനെ അവർ അവരുടെ “പിന്നാലെ പോയി.” ശ്രദ്ധിച്ചില്ലെങ്കിൽ ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് യഹോവ നേരത്തേതന്നെ അവർക്കു മുന്നറിയിപ്പു കൊടുത്തിരുന്നു.—പുറ. 23:2.
മറ്റുള്ളവരാണോ നമുക്കുവേണ്ടി തീരുമാനമെടുക്കേണ്ടത്?
8. തീരുമാനമെടുക്കുന്നതിനെക്കുറിച്ചുള്ള ഏതു പ്രധാനപ്പെട്ട പാഠമാണ് ഇസ്രായേലിന്റെ ചരിത്രത്തിൽനിന്ന് നമുക്കു പഠിക്കാനുള്ളത്?
8 മുൻഖണ്ഡികകളിലെ അനുഭവങ്ങൾ നമ്മളെ ചിലതു പഠിപ്പിക്കുന്നു. തീരുമാനമെടുക്കുക എന്നതു നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതുപോലെ, ബൈബിൾപരിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങളാണ് ഏറ്റവും നല്ല തീരുമാനങ്ങൾ. ബൈബിൾ ഇങ്ങനെ നമ്മളെ ഓർമിപ്പിക്കുന്നു: “ഓരോരുത്തരും അവരുടെ ഉത്തരവാദിത്വമെന്ന ചുമടു ചുമക്കണമല്ലോ.” (ഗലാ. 6:5, അടിക്കുറിപ്പ്) നമുക്കുവേണ്ടി തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വം ഒരിക്കലും മറ്റൊരാളെ ഏൽപ്പിക്കരുത്. പകരം, ദൈവത്തിന്റെ വീക്ഷണത്തിൽ ശരി ഏതാണെന്നു മനസ്സിലാക്കി അതിനനുസരിച്ച് നമ്മൾതന്നെ തീരുമാനങ്ങളെടുക്കണം.
9. നമുക്കുവേണ്ടി തീരുമാനമെടുക്കാൻ മറ്റുള്ളവരെ അനുവദിച്ചാൽ എന്തു സംഭവിക്കും?
9 നമുക്കുവേണ്ടി തീരുമാനമെടുക്കാൻ മറ്റുള്ളവരെ നമ്മൾ അനുവദിച്ചേക്കാവുന്നത് എങ്ങനെ? മറ്റുള്ളവരുടെ സമ്മർദത്തിനു വഴങ്ങി തെറ്റായ തീരുമാനമെടുത്തുകൊണ്ട് നമ്മൾ അങ്ങനെ ചെയ്തേക്കാം. (സുഭാ. 1:10, 15) പക്ഷേ അവർ എത്രതന്നെ സമ്മർദം ചെലുത്തിയാലും ബൈബിൾപരിശീലിതമായ മനസ്സാക്ഷിക്കു ചേർച്ചയിലാണു നമ്മൾ തീരുമാനമെടുക്കേണ്ടത്. നമുക്കുവേണ്ടി തീരുമാനമെടുക്കാൻ മറ്റുള്ളവരെ അനുവദിച്ചാൽ നമ്മൾ ‘അവരുടെ പുറകേ പോകാൻ’ തീരുമാനിക്കുകയാണ്. അതു വലിയ അപകടങ്ങൾ വരുത്തിവെച്ചേക്കാം.
10. ഗലാത്യർക്കു പൗലോസ് എന്തു മുന്നറിയിപ്പാണു കൊടുത്തത്?
10 നമുക്കുവേണ്ടി തീരുമാനമെടുക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നതുകൊണ്ടുള്ള അപകടത്തെക്കുറിച്ച് ഗലാത്യർക്കു പൗലോസ് അപ്പോസ്തലൻ മുന്നറിയിപ്പു കൊടുത്തു. (ഗലാത്യർ 4:17 വായിക്കുക.) മറ്റു സഹോദരങ്ങൾക്കുവേണ്ടി തീരുമാനമെടുത്തിരുന്ന ചിലർ ഗലാത്യസഭയിലുണ്ടായിരുന്നു. സഭയിലുള്ളവരെ അപ്പോസ്തലന്മാരിൽനിന്ന് അകറ്റി പ്രാമുഖ്യത നേടുക എന്നതായിരുന്നു സ്വാർഥരായ അത്തരം ആളുകളുടെ ലക്ഷ്യം. താഴ്മയില്ലാത്ത ആ വ്യക്തികൾ തീരുമാനമെടുക്കാനുള്ള സഹക്രിസ്ത്യാനികളുടെ ഉത്തരവാദിത്വത്തിന് ഒരു വിലയും കല്പിച്ചില്ല.
11. ശരിയായ തീരുമാനങ്ങളെടുക്കാൻ നമുക്ക് എങ്ങനെ മറ്റുള്ളവരെ സഹായിക്കാം?
11 തീരുമാനമെടുക്കാനുള്ള സഹോദരങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നതിൽ പൗലോസ് ഒരു നല്ല മാതൃകയായിരുന്നു. (2 കൊരിന്ത്യർ 1:24 വായിക്കുക.) വ്യക്തിപരമായി തീരുമാനമെടുക്കേണ്ട കാര്യങ്ങളിൽ മറ്റുള്ളവർക്ക് ഉപദേശം കൊടുക്കുമ്പോൾ മൂപ്പന്മാർ ആ മാതൃക പിൻപറ്റണം. ആ വിഷയത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്നു സഹോദരങ്ങൾക്കു പറഞ്ഞുകൊടുക്കാൻ അവർക്കു സന്തോഷമേ ഉള്ളൂ. എങ്കിലും മൂപ്പന്മാർ ഒരിക്കലും ആ സഹോദരങ്ങൾക്കുവേണ്ടി തീരുമാനമെടുക്കാറില്ല. തീരുമാനമെടുക്കേണ്ടത് ഓരോ വ്യക്തിയുമാണ്. അതാണു ന്യായമായ കാര്യവും. കാരണം ആ തീരുമാനത്തിന്റെ ഗുണവും ദോഷവും അനുഭവിക്കേണ്ടത് അവർതന്നെയാണ്. അതുകൊണ്ട് പാഠം ഇതാണ്: തീരുമാനമെടുക്കാൻ ഒരു വ്യക്തിയെ സഹായിക്കുന്നതിനു തിരുവെഴുത്തിലെ ഉപദേശങ്ങളോ തത്ത്വങ്ങളോ കാണിച്ചുകൊടുക്കുന്നതു തീർച്ചയായും അദ്ദേഹത്തോടുള്ള സ്നേഹമാണ്. എന്നാൽ തീരുമാനമെടുക്കേണ്ടത് ആ വ്യക്തിയുടെ ഉത്തരവാദിത്വമാണ്. അതിനുള്ള അവകാശവും അദ്ദേഹത്തിനാണ്. ജ്ഞാനത്തോടെ തീരുമാനമെടുക്കുമ്പോൾ അത് അദ്ദേഹത്തിനു പ്രയോജനം ചെയ്യും. മറ്റു സഹോദരീസഹോദരന്മാർ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നു തീരുമാനിക്കാൻ നമുക്ക് അധികാരമുണ്ടെന്ന് ഒരിക്കലും ചിന്തിക്കരുത്.
സ്വന്തമായി തീരുമാനമെടുക്കാൻ എങ്ങനെ കഴിയുമെന്നു പഠിക്കാൻ സ്നേഹമുള്ള മൂപ്പന്മാർ മറ്റുള്ളവരെ സഹായിക്കുന്നു (11-ാം ഖണ്ഡിക കാണുക)
തീരുമാനങ്ങളെ നയിക്കുന്നതു വികാരങ്ങളായിരിക്കരുത്
12, 13. ദേഷ്യമോ നിരുത്സാഹമോ തോന്നുന്ന സമയത്ത് നമ്മുടെ ഹൃദയം പറയുന്നതു കേൾക്കുന്നതിലെ അപകടം എന്ത്?
12 ആളുകൾ പൊതുവേ പറയാറുള്ള ഒരു കാര്യമുണ്ട്: “നിങ്ങൾക്കു ശരിയെന്നു തോന്നുന്നതു ചെയ്യുക.” എന്നാൽ ഈ തത്ത്വചിന്ത അപകടങ്ങൾ വിളിച്ചുവരുത്തിയേക്കാം. ഒരർഥത്തിൽ അവ തിരുവെഴുത്തുവിരുദ്ധവുമാണ്. നമ്മുടെ തീരുമാനങ്ങളെ നയിക്കുന്നതു നമ്മുടെ തോന്നലുകളോ അപൂർണമായ ഹൃദയമോ വികാരങ്ങളോ ആയിരിക്കരുതെന്നു ബൈബിൾ പറയുന്നു. (സുഭാ. 28:26) കാരണം അപൂർണമനുഷ്യരുടെ “ഹൃദയം മറ്റ് എന്തിനെക്കാളും വഞ്ചകവും സാഹസത്തിനു തുനിയുന്നതും ആണ്.” ഹൃദയം പറയുന്നതനുസരിച്ച് നമ്മൾ കാര്യങ്ങൾ ചെയ്താൽ എന്തൊക്കെ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്നു പല ബൈബിൾവിവരണങ്ങളും കാണിച്ചുതരുന്നു. (യിരെ. 3:17; 13:10; 17:9; 1 രാജാ. 11:9) ഹൃദയം പറയുന്നത് അപ്പാടേ അനുസരിക്കുന്നെങ്കിൽ നമുക്ക് എന്തു സംഭവിച്ചേക്കാം?
13 ക്രിസ്ത്യാനികൾ അവരുടെ ഹൃദയത്തിനും വികാരങ്ങൾക്കും ഒട്ടും ശ്രദ്ധ കൊടുക്കരുതെന്നല്ല ഇതിന് അർഥം. യഹോവയെ മുഴുഹൃദയത്തോടെ സ്നേഹിക്കാനും അയൽക്കാരനെ നമ്മളെപ്പോലെതന്നെ സ്നേഹിക്കാനും ബൈബിൾ പറയുന്നുണ്ട്. (മത്താ. 22:37-39) എന്നാൽ നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കാൻ വികാരങ്ങളെ അനുവദിക്കുന്നത് അപകടമാണെന്നു കഴിഞ്ഞ ഖണ്ഡികയിലെ തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ദേഷ്യപ്പെട്ടിരിക്കുന്ന സമയത്ത് ഒരു നല്ല തീരുമാനമെടുക്കാൻ കഴിയുമോ? അതു ബുദ്ധിമുട്ടാണെന്നു നമുക്കെല്ലാം അറിയാം. (സുഭാ. 14:17; 29:22) ഇനി, നിരുത്സാഹിതരായി വിഷമിച്ചിരിക്കുന്ന സമയത്ത് ശരിയായ തീരുമാനമെടുക്കാൻ കഴിയുമോ? (സംഖ്യ 32:6-12; സുഭാ. 24:10) വികാരങ്ങളല്ല, ‘ദൈവത്തിന്റെ നിയമമാണു’ നമ്മളെ നയിക്കേണ്ടത്. (റോമ. 7:25) പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ വികാരങ്ങളെ മാറ്റിനിറുത്തുന്നില്ലെങ്കിൽ നമ്മൾ വഞ്ചിതരാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
തീരുമാനങ്ങൾക്കു മാറ്റം വരുത്തേണ്ടത് എപ്പോഴാണ്?
14. തീരുമാനങ്ങൾ മാറ്റുന്നതിൽ തെറ്റില്ലെന്നു നമുക്ക് എങ്ങനെ അറിയാം?
14 നമ്മൾ ജ്ഞാനത്തോടെയാണു തീരുമാനങ്ങളെടുക്കേണ്ടത്. എന്നാൽ അതിന്റെ അർഥം നമ്മൾ എടുത്ത തീരുമാനത്തിന് ഒരിക്കലും മാറ്റം വരുത്തരുത് എന്നല്ല. ചില സാഹചര്യങ്ങളിൽ നമ്മുടെ തീരുമാനം ഒന്നു പുനഃപരിശോധിക്കേണ്ടിവന്നേക്കാം. ചിലപ്പോൾ മാറ്റേണ്ടതുമുണ്ടായിരിക്കാം. ഈ കാര്യത്തിൽ യഹോവ നല്ലൊരു മാതൃകയാണ്. യോനയുടെ കാലത്ത് നിനെവെക്കാരോട് യഹോവ ഇടപെട്ടത് എങ്ങനെയായിരുന്നു? “അവർ ചെയ്തതെല്ലാം കണ്ടപ്പോൾ അവർക്കു വരുത്തുമെന്നു പറഞ്ഞ ദുരന്തത്തെക്കുറിച്ച് സത്യദൈവം പുനരാലോചിച്ചു. അവർ ദുഷ്ടമായ ചെയ്തികൾ ഉപേക്ഷിച്ചതുകൊണ്ട് ദൈവം അവരെ ശിക്ഷിച്ചില്ല.” (യോന 3:10) നിനെവെക്കാർ പശ്ചാത്തപിച്ച് മാറ്റം വരുത്തിയപ്പോൾ യഹോവയും തീരുമാനത്തിനു മാറ്റം വരുത്തി. യഹോവ താഴ്മയും അനുകമ്പയും ഉള്ളവനാണെന്നും വിട്ടുവീഴ്ച ചെയ്യാൻ സന്നദ്ധനാണെന്നും അതു തെളിയിച്ചു. മാത്രമല്ല, ചില മനുഷ്യരെപ്പോലെ പെട്ടെന്നുള്ള ദേഷ്യത്തിനു ചിന്താശൂന്യമായി തീരുമാനങ്ങളെടുക്കുന്ന ദൈവമല്ല യഹോവ എന്നും അതു കാണിച്ചു.
15. തീരുമാനം മാറ്റേണ്ടിവന്നേക്കാവുന്നത് എപ്പോൾ?
15 തീരുമാനങ്ങൾ പുനഃപരിശോധിക്കുന്നതു ചില സന്ദർഭങ്ങളിൽ ഗുണം ചെയ്യും. കാരണം ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തിനു മാറ്റം വന്നിട്ടുണ്ടാകാം. സാഹചര്യങ്ങൾ മാറിയപ്പോൾ യഹോവപോലും തീരുമാനത്തിനു മാറ്റം വരുത്തിയെന്ന് ഓർക്കുക. (1 രാജാ. 21:20, 21, 27-29; 2 രാജാ. 20:1-5) അതുപോലെ, കാര്യത്തിന്റെ മറ്റു ചില വശങ്ങൾകൂടി അറിയുമ്പോൾ തീരുമാനം മാറ്റേണ്ടതുണ്ടെന്നു നമ്മൾ തിരിച്ചറിഞ്ഞേക്കാം. ശൗലിന്റെ കൊച്ചുമകനായ മെഫിബോശെത്തിനെക്കുറിച്ച് കേട്ട തെറ്റായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദാവീദ് ഒരു തീരുമാനമെടുത്തു. എന്നാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമായപ്പോൾ ദാവീദ് ആ തീരുമാനത്തിനു മാറ്റം വരുത്തി. (2 ശമു. 16:3, 4; 19:24-29) ചില സന്ദർഭങ്ങളിൽ നമ്മളും ഇങ്ങനെ ചെയ്യുന്നതു ജ്ഞാനമാണ്.
16. (എ) ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കാൻ നമ്മളെ എന്തു സഹായിക്കും? (ബി) തീരുമാനങ്ങളോടുള്ള ബന്ധത്തിൽ എന്തു ചെയ്യാൻ നമ്മൾ ഒരുക്കമുള്ളവരായിരിക്കണം, എന്തുകൊണ്ട്?
16 ഒരിക്കലും എടുത്തുചാടി പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കരുതെന്നു ദൈവവചനം പറയുന്നു. (സുഭാ. 21:5) എല്ലാ വശങ്ങളെയും വസ്തുതകളെയും കുറിച്ച് സമയമെടുത്ത് ചിന്തിച്ച് തീരുമാനമെടുത്താൽ അതു വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. (1 തെസ്സ. 5:21) തീരുമാനമെടുക്കുന്നതിനു മുമ്പ് ഒരു കുടുംബനാഥൻ തിരുവെഴുത്തുകളും ക്രിസ്തീയപ്രസിദ്ധീകരണങ്ങളും പരിശോധിക്കുകയും മറ്റു കുടുംബാംഗങ്ങളുടെ അഭിപ്രായം ചോദിക്കുകയും വേണം. ഭാര്യ പറയുന്നതു കേൾക്കാൻ ദൈവം അബ്രാഹാമിനോടു പറഞ്ഞെന്ന് ഓർക്കുക. (ഉൽപ. 21:9-12) മൂപ്പന്മാർ സഭയിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് ആ വിഷയത്തെക്കുറിച്ച് നന്നായി പഠിക്കണം. എന്നാൽ പിന്നീടു കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങളോ പുതിയ ചില അറിവുകളോ ലഭിക്കുകയാണെങ്കിലോ? വീട്ടുവീഴ്ച ചെയ്യാൻ സന്നദ്ധതയുള്ള, എളിമയുള്ള മൂപ്പന്മാർ അവരുടെ വീക്ഷണങ്ങൾക്കും തീരുമാനങ്ങൾക്കും മാറ്റം വരുത്താൻ ഒരുക്കമായിരിക്കും. അങ്ങനെ മാറ്റം വരുത്തിയാൽ മറ്റുള്ളവർക്ക് അവരോടുള്ള ആദരവ് കുറഞ്ഞുപോകുമോ എന്ന് അവർ ഭയപ്പെടുന്നില്ല. മൂപ്പന്മാരുടെ ആ മാതൃക നമ്മൾ അനുകരിക്കുന്നെങ്കിൽ സഭയിൽ സമാധാനവും ഐക്യവും വളരും.—പ്രവൃ. 6:1-4.
തീരുമാനങ്ങൾ നടപ്പാക്കുക
17. നല്ല തീരുമാനങ്ങളെടുക്കാൻ നമുക്ക് എങ്ങനെ കഴിയും?
17 ചില തീരുമാനങ്ങൾ മറ്റുള്ളവയെക്കാൾ പ്രധാനപ്പെട്ടതാണ്. ചിന്തിച്ച്, പ്രാർഥനയോടെ വേണം അത്തരം തീരുമാനങ്ങളെടുക്കാൻ. അതിനു കൂടുതൽ സമയമെടുത്തേക്കാം. ഉദാഹരണത്തിന്, വിവാഹം കഴിക്കണോ വേണ്ടയോ, ആരെ വിവാഹം കഴിക്കണം ഇവയൊക്കെ ക്രിസ്ത്യാനികൾ എടുക്കേണ്ട സുപ്രധാനമായ ചില തീരുമാനങ്ങളാണ്. അനേകം അനുഗ്രഹങ്ങളിലേക്കു നയിക്കുന്ന മറ്റൊരു പ്രധാനതീരുമാനമാണ് എപ്പോൾ മുഴുസമയസേവനം ആരംഭിക്കണം എന്നത്. ഇത്തരം സാഹചര്യങ്ങളിലെല്ലാം നമ്മൾ യഹോവയിൽ ആശ്രയിക്കണം. ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കാൻ യഹോവയ്ക്കു നമ്മളെ സഹായിക്കാൻ കഴിയും, യഹോവ അതു ചെയ്യുമെന്ന് ഉറപ്പാണ്. (സുഭാ. 1:5) അതുകൊണ്ട് ഏറ്റവും നല്ല ഉപദേശങ്ങൾക്കായി നമുക്കു ബൈബിളിലേക്കു തിരിയാം. സഹായത്തിനായി യഹോവയോടു പ്രാർഥിക്കുകയും ചെയ്യാം. ഓർക്കുക: ദൈവേഷ്ടത്തിനു ചേർച്ചയിൽ തീരുമാനങ്ങളെടുക്കാൻ ആവശ്യമായ നല്ല ഗുണങ്ങൾ യഹോവ നമുക്കു തരും. അതുകൊണ്ട് പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് എപ്പോഴും ഇക്കാര്യങ്ങൾ ചിന്തിക്കുക: ‘ഈ തീരുമാനം യഹോവയെ ഞാൻ സ്നേഹിക്കുന്നെന്നു തെളിയിക്കുമോ? ഇത് എന്റെ കുടുംബത്തിനു സന്തോഷവും സമാധാനവും കൈവരുത്തുമോ? ഞാൻ ക്ഷമയും ദയയും ഉള്ളവനാണെന്ന് ഇതു കാണിക്കുമോ?’
18. നമ്മുടെ തീരുമാനങ്ങൾ നമ്മൾതന്നെ എടുക്കാൻ യഹോവ പ്രതീക്ഷിക്കുന്നത് എന്തുകൊണ്ട്?
18 തന്നെ സ്നേഹിക്കാനും സേവിക്കാനും യഹോവ നമ്മളെ നിർബന്ധിക്കുന്നില്ല. ആ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം യഹോവ നമുക്കു വിട്ടുതന്നിരിക്കുന്നു. യഹോവയെ സേവിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെയും അവകാശത്തെയും യഹോവ മാനിക്കുന്നുണ്ട്. (യോശു. 24:15; സഭാ. 5:4) അതേസമയം, യഹോവയുടെ മാർഗനിർദേശത്തിനു ചേർച്ചയിൽ എടുക്കുന്ന തീരുമാനങ്ങളെല്ലാം നമ്മൾ നടപ്പാക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. യഹോവയുടെ നിർദേശങ്ങളിൽ വിശ്വസിക്കുകയും യഹോവ നമുക്കു തന്നിരിക്കുന്ന തത്ത്വങ്ങൾ പിൻപറ്റുകയും ചെയ്യുമ്പോൾ നമുക്കു നല്ല തീരുമാനങ്ങളെടുക്കാൻ കഴിയും. എല്ലാ കാര്യത്തിലും സ്ഥിരതയുള്ളവരാണെന്നു തെളിയിക്കുകയും ചെയ്യാം.—യാക്കോ. 1:5-8; 4:8.