അവർക്കു ദൈവത്തിന്റെ നാമം അറിയാമായിരുന്നു
ഇംഗ്ലണ്ടിന്റെ അമേരിക്കൻ കോളനികളിൽ ആദ്യമായി എഴുതപ്പെടുകയും പ്രകാശനം ചെയ്യപ്പെടുകയും ചെയ്ത പുസ്തകം ബേ സങ്കീർത്തനപ്പുസ്തകമായിരുന്നു. അതിന്റെ ആദ്യ പതിപ്പു മാസച്ചുസെററ്സിലെ ബേ കോളനിയിൽ 1,640-ൽ സ്ററീഫൻ ഡേ ആണ് അച്ചടിച്ചത്. ആ ആദിമ പ്രസിദ്ധീകരണത്തിന്റെ ഉള്ളടക്കം എബ്രായഭാഷയിൽ നിന്ന് അന്നു സംസാരിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്തിരുന്ന ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട സങ്കീർത്തനങ്ങൾ എന്ന ബൈബിൾ പുസ്തകമായിരുന്നു.
ബേ സങ്കീർത്തനപ്പുസ്തകത്തിന്റെ ശ്രദ്ധാർഹമായ ഒരു സവിശേഷത ചില വാക്യങ്ങളിലെ ദിവ്യനാമത്തിന്റെ ഉപയോഗമായിരുന്നു. അതുകൊണ്ട് ഏതാണ്ട് 350 വർഷം മുൻപ് ആ പ്രസിദ്ധീകരണം വായിക്കുന്ന ഏതൊരാൾക്കും നമ്മുടെ സ്രഷ്ടാവിന്റെ നാമം അറിയാൻ കഴിയുമായിരുന്നു. ഉദാഹരണത്തിന്, ആ പതിപ്പിൽ സങ്കീർത്തനം 83:17, 18 ഇപ്രകാരം വായിക്കപ്പെടുന്നു: “അവർ എന്നെന്നും കുഴഞ്ഞ അവസ്ഥയിലാകട്ടെ, വല്ലാതെ അസ്വസ്ഥരാകട്ടെ, അതെ, അവർ ലജ്ജിച്ചു പോകട്ടെ, കെട്ടുപോകയും ചെയ്യട്ടെ. യഹോവ എന്ന നാമമുള്ള നീ മാത്രം സർവ്വഭൂമിക്കും മീതെ എല്ലായ്പ്പോഴും അത്യുന്നതനെന്നനിലയിൽ ശ്രേഷ്ഠനായിരിക്കുന്നു എന്നു മനുഷ്യർ അറിയേണ്ടതിനുതന്നെ”.
തീർച്ചയായും, അത്യുന്നത ദൈവത്തിന്റെ നാമം യഹോവയാണെന്ന് നാം അംഗീകരിക്കുന്നതിലധികം അവൻ നമ്മിൽനിന്ന് ആവശ്യപ്പെടുന്നു. ബേ സങ്കീർത്തനപ്പുസ്തകത്തിൽ സങ്കീർത്തനം 1:1, 2 “അനുഗൃഹീതനായ മനുഷ്യൻ” ദുഷ്ടൻമാരുടെ ആലോചനപ്രകാരം നടക്കുന്നില്ല, മറിച്ച് ‘അവന്റെ താല്പര്യപൂർവ്വകമായ ഉല്ലാസം യഹോവയുടെ നിയമത്തിലാണ്’ എന്നു പറയുന്നു. ആയിരത്തിഅറുനൂററിനാല്പത്തിയെട്ടിലെ പരിഷ്ക്കരിച്ച ന്യൂ ഇംഗ്ലണ്ട് സങ്കീർത്തനങ്ങൾ പറയുന്നു: “എന്നാൽ അവൻ യഹോവയുടെ നിയമത്തിൻമേൽ അവന്റെ മുഴു പ്രമോദവും വയ്ക്കുന്നു.”
ഇവിടെ 20-ാം നൂററാണ്ടിലെ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ഇപ്രകാരം വായിക്കപ്പെടുന്നു: “ദുഷ്ടൻമാരുടെ ആലോചനപ്രകാരം നടക്കാത്ത, പാപികളുടെ വഴിയിൽ നില്ക്കാത്ത, പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാത്ത മനുഷ്യൻ സന്തുഷ്ടനാകുന്നു. എന്നാൽ അയാളുടെ പ്രമോദം യഹോവയുടെ നിയമത്തിലാണ്, അവന്റെ നിയമത്തിൽ അയാൾ പകലും രാവും ഒരു മന്ദസ്വരത്തിൽ വായിക്കുന്നു.”
യഥാർത്ഥത്തിൽ സന്തുഷ്ടനായിരിക്കുന്നതിനു ഒരു വ്യക്തി ദുഷ്ടൻമാരുടെ ആലോചന ത്യജിക്കണം. അയാൾ പാപികളുടെ ദൃഷ്ടാന്തം അനുകരിക്കരുത്, ദൈവഭക്തിയില്ലാത്ത പരിഹാസികളോട് അയാൾ കൂട്ടുചേരാനും പാടില്ല. മററു കാര്യങ്ങളോടൊപ്പം ലൈംഗിക ദുർമ്മാർഗ്ഗത്തിലേക്കോ മയക്കുമരുന്നു ദുരുപയോഗത്തിലേക്കോ ദൈവനിയമത്തിനു വിരുദ്ധമായ മററു പ്രവർത്തനങ്ങളിലേയ്ക്കോ അയാളെ വശീകരിച്ചേക്കാവുന്ന ഉപദേശവും നടത്തയും ഉള്ളവരുടെ സഹവാസം അയാൾ ഒഴിവാക്കേണ്ടതുണ്ട്. അതെ, യഥാർത്ഥസന്തുഷ്ടി യഹോവ എന്നു നാമമുള്ള സത്യദൈവത്തെ അറിയുന്നതിനെയും ബൈബിളിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന പ്രകാരം അവന്റെ നിയമം ബാധകമാക്കുന്നതിനെയും ആശ്രയിച്ചിരിക്കുന്നു. (w92 9/15)