“യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു”
“ഞാൻ കുററമില്ലായ്മയിൽ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു” എന്ന് ഉദ്ഘോഷിച്ചുകൊണ്ട് പുരാതനകാലത്തു ദാവീദ് രാജാവ് യഹോവയോടുള്ള തന്റെ ഭക്തി പ്രകടമാക്കി. (സങ്കീർത്തനം 26:7) എന്നാൽ, ദാവീദ് യഹോവയുടെ യാഗപീഠത്തെ ‘വലംവെച്ചത്’ എന്തിനായിരുന്നു? ഏതർഥത്തിലാണ് അവൻ അപ്രകാരം ചെയ്തത്?
ദാവീദിനെ സംബന്ധിച്ചിടത്തോളം, താമ്രംകൊണ്ടു പൊതിഞ്ഞ യാഗപീഠമുള്ള സമാഗമന കൂടാരമായിരുന്നു യഹോവയ്ക്കുള്ള ആരാധനയുടെ കേന്ദ്രം. അവന്റെ വാഴ്ചക്കാലത്ത് അത് യെരൂശലേമിന്റെ വടക്കു ഭാഗത്തുള്ള ഗിബെയോനിലാണു സ്ഥിതിചെയ്തിരുന്നത്. (1 രാജാക്കന്മാർ 3:4) ആ യാഗപീഠത്തിന് ഏകദേശം 2.2 ചതുരശ്ര മീറ്റർ വിസ്തീർണമേ ഉണ്ടായിരുന്നുള്ളൂ. ശലോമോന്റെ ആലയ പ്രാകാരത്തിൽ സ്ഥാപിക്കാനിരുന്ന ഗംഭീര യാഗപീഠത്തെ അപേക്ഷിച്ച് അതു വളരെ ചെറുതായിരുന്നു.a എന്നിട്ടും, ഇസ്രായേലിലെ നിർമല ആരാധനയുടെ കേന്ദ്രമായിരുന്ന, യാഗപീഠം സഹിതമുള്ള, സമാഗമനകൂടാരത്തിൽ ദാവീദ് അത്യധികം ആനന്ദം കണ്ടെത്തി.—സങ്കീർത്തനം 26:8.
ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അകൃത്യയാഗങ്ങളും ആ യാഗപീഠത്തിൽ അർപ്പിക്കപ്പെട്ടിരുന്നു. വാർഷിക പാപപരിഹാര ദിവസത്തിൽ മുഴു ഇസ്രായേൽ ജനതയ്ക്കും വേണ്ടിയുള്ള യാഗങ്ങളും അതിൽ അർപ്പിച്ചിരുന്നു. യാഗപീഠവും അതിലെ യാഗങ്ങളും ഇന്നു ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നു. യാഗപീഠം ദൈവേഷ്ടത്തെ പ്രതിനിധാനം ചെയ്യുന്നതായും അതിൻപ്രകാരം, മനുഷ്യവർഗത്തെ വീണ്ടെടുക്കാനായി ദൈവം ഉചിതമായ ഒരു യാഗം സ്വീകരിച്ചതായും പൗലൊസ് അപ്പൊസ്തലൻ വിശദീകരിച്ചു. അതേക്കുറിച്ച് അവൻ ഇങ്ങനെ പറഞ്ഞു: “ആ ഇഷ്ടത്തിൽ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.”—എബ്രായർ 10:5-10.
യാഗപീഠത്തിങ്കൽ ശുശ്രൂഷ തുടങ്ങുന്നതിനു മുമ്പ്, തങ്ങളെത്തന്നെ ശുദ്ധിചെയ്യാൻ പുരോഹിതന്മാർ കൈകൾ കഴുകുക പതിവായിരുന്നു. ആ സ്ഥിതിക്ക്, ദാവീദ് രാജാവ് “യാഗപീഠത്തെ വലംവെക്കുന്നു”തിനു മുമ്പ് “കുറ്റമില്ലായ്മയിൽ” തന്റെ കൈകൾ കഴുകിയതു തികച്ചും ഉചിതമായിരുന്നു. “ഹൃദയനിർമ്മലതയോടും പരമാർത്ഥതയോടുംകൂടെ”യാണ് അവൻ പ്രവർത്തിച്ചിരുന്നത്. (1 രാജാക്കന്മാർ 9:4) അവൻ അപ്രകാരം കൈകൾ കഴുകിയില്ലായിരുന്നെങ്കിൽ അവന്റെ ആരാധന, അതായത് ‘യാഗപീഠത്തെ വലംവെക്കുന്നത്,’ സ്വീകാരയോഗ്യം ആയിരിക്കുമായിരുന്നില്ല. ദാവീദ് ഒരു ലേവ്യനായിരുന്നില്ല. തന്നിമിത്തം, യാഗപീഠത്തിൽ പൗരോഹിത്യ സേവനം അനുഷ്ഠിക്കാനുള്ള പദവി അവനുണ്ടായിരുന്നില്ല. രാജാവായിരുന്നിട്ടും, സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽ പോലും പ്രവേശിക്കാൻ അവന് അനുവാദമുണ്ടായിരുന്നില്ല. എങ്കിലും, വിശ്വസ്തനായ ഒരു ഇസ്രായേല്യൻ എന്ന നിലയിൽ അവൻ മോശൈക ന്യായപ്രമാണം അനുസരിക്കുകയും യാഗപീഠത്തിൽ അർപ്പിക്കേണ്ടതിനു പതിവായി വഴിപാടുകൾ കൊണ്ടുവരുകയും ചെയ്തിരുന്നു. തന്റെ ജീവിതത്തെ നിർമല ആരാധനയിൽ കേന്ദ്രീകരിച്ചു എന്ന അർഥത്തിലാണ് അവൻ യാഗപീഠത്തെ വലംവെച്ചത്.
നമുക്കിന്നു ദാവീദിന്റെ മാതൃക പിൻപറ്റാനാകുമോ? ഉവ്വ്. യേശുവിന്റെ യാഗത്തിൽ വിശ്വാസം പ്രകടമാക്കുകയും ‘കുറ്റമില്ലാത്ത കയ്യോടും നിർമ്മലഹൃദയ’ത്തോടും കൂടെ യഹോവയെ മുഴുഹൃദയാ സേവിക്കുകയും ചെയ്യുന്നപക്ഷം നമുക്കും കുറ്റമില്ലായ്മയിൽ കൈകൾ കഴുകാനും ദൈവത്തിന്റെ യാഗപീഠത്തെ വലംവെക്കാനും സാധിക്കും.—സങ്കീർത്തനം 24:4, NW.
[അടിക്കുറിപ്പുകൾ]
a പ്രസ്തുത യാഗപീഠത്തിന് ഏകദേശം 9 ചതുരശ്ര മീറ്റർ വിസ്തീർണം ഉണ്ടായിരുന്നു.
[23-ാം പേജിലെ ചിത്രം]
മനുഷ്യവർഗത്തെ വീണ്ടെടുക്കാനായി ഉചിതമായ ഒരു യാഗം സ്വീകരിക്കാനുള്ള യഹോവയുടെ ഇഷ്ടത്തെ യാഗപീഠം ചിത്രീകരിച്ചു