നീതി ദൈവത്തിന്റെ സകല വഴികളിലും പ്രകടം
“പാറ, അവന്റെ പ്രവർത്തനം പൂർണ്ണമാകുന്നു, എന്തുകൊണ്ടെന്നാൽ അവന്റെ വഴികളെല്ലാം ന്യായമാകുന്നു. വിശ്വസ്തതയുള്ള ഒരു ദൈവം, അവനിൽ അനീതിയില്ല; അവൻ നീതിയും നേരുമുള്ളവനാകുന്നു.”—ആവർത്തനം 32:4.
1. മോശ മരിക്കുന്നതിനുമുമ്പ് ഇസ്രായേൽപുത്രൻമാർക്കായുള്ള തന്റെ ഗീതത്തിൽ യഹോവയുടെ ഏതു ഗുണങ്ങൾ പ്രദീപ്തമാക്കി, അവന് അങ്ങനെ സംസാരിക്കാൻ യോഗ്യതയുണ്ടായിരുന്നതെന്തുകൊണ്ട്?
പരമോന്നത ന്യായാധിപതിയും നിയമദാതാവും രാജാവുമായ യഹോവ “നീതിയെയും ന്യായത്തെയും സ്നേഹിക്കുന്നവൻ ആകുന്നു.” (സങ്കീർത്തനം 33:5; യെശയ്യാവ് 33:22) ന്യായപ്രമാണ ഉടമ്പടിയുടെ മദ്ധ്യസ്ഥനും “യഹോവ മുഖത്തോടുമുഖം അറിഞ്ഞി”രുന്ന ഒരു പ്രവാചകനുമായിരുന്ന മോശ യഹോവയുടെ ന്യായമായ വഴികളോടു അടുത്തു പരിചയപ്പെട്ടു. (ആവർത്തനം 34:10; യോഹന്നാൻ 1:12) മോശ മരിക്കുന്നതിന് അല്പകാലംമുമ്പ്, അവൻ യഹോവയുടെ നീതിയെന്ന മികച്ച ഗുണത്തെ ഊന്നിപ്പറഞ്ഞു. ഇസ്രായേലിന്റെ സർവസഭയും കേൾക്കെ, അവൻ ഈ ഗീതത്തിലെ വാക്കുകൾ വിളിച്ചുപറഞ്ഞു: “ആകാശങ്ങളെ, ചെവിതരുക, ഞാൻ സംസാരിക്കട്ടെ; ഭൂമി എന്റെ വായിൻമൊഴികൾ കേൾക്കട്ടെ. . . . ഞാൻ യഹോവയുടെ നാമം പ്രഘോഷിക്കും. നിങ്ങൾ നമ്മുടെ ദൈവത്തിന് മഹത്വമുള്ളതായി പരിഗണിക്കുന്നുവോ! പാറ, അവന്റെ പ്രവർത്തനം പൂർണ്ണമാകുന്നു, എന്തുകൊണ്ടെന്നാൽ അവന്റെ വഴികളെല്ലാം ന്യായമാകുന്നു. വിശ്വസ്തതയുള്ള ഒരു ദൈവം, അവനിൽ അനീതിയില്ല; അവൻ നീതിയും നേരുമുള്ളവനാകുന്നു.”—ആവർത്തനം 32:1, 3, 4.
2. ദൈവത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും നീതി പ്രകടമായിരിക്കുന്നതെങ്ങനെ, ഇതു പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
2 നീതി യഹോവയുടെ പ്രവർത്തനങ്ങളിലെല്ലാം പ്രകടമാണ്, അത് എല്ലായ്പ്പോഴും അവന്റെ ജ്ഞാനത്തോടും സ്നേഹത്തോടും ശക്തിയോടും പൂർണ്ണയോജിപ്പിൽ പ്രയോഗിക്കപ്പെടുന്നു. ഇയ്യോബ് 37: 23-ൽ ദൈവദാസനായ ഏലീഹൂ ഇയ്യോബിനെ ഇങ്ങനെ അനുസ്മരിപ്പിച്ചു: “സർവശക്തനെസംബന്ധിച്ചാണെങ്കിൽ, നാം അവനെ കണ്ടെത്തിയിട്ടില്ല; അവൻ ശക്തിയിൽ ഉന്നതനാകുന്നു, ന്യായത്തെയും നീതിയുടെ സമൃദ്ധിയെയും അവൻ നിസ്സാരീകരിക്കുകയില്ല.” ദാവീദ്രാജാവ് ഇങ്ങനെ എഴുതി: “യഹോവ ഒരു നീതിപ്രേമി ആകുന്നു, അവൻ തന്റെ വിശ്വസ്തരെ ഉപേക്ഷിക്കുകയില്ല.” (സങ്കീർത്തനം 37:28) എത്ര ആശ്വാസപ്രദമായ ഉറപ്പ്! ദൈവത്തിന്റെ സകല വഴികളിലും, തന്നോടു വിശ്വസ്തരായിരിക്കുന്നവരെ അവൻ ഒരിക്കലും ഒരു നിമിഷത്തേക്കുപോലും ഉപേക്ഷിക്കുകയില്ല. ദൈവത്തിന്റെ നീതി ഇതിനു ഉറപ്പുനൽകുന്നു!
നീതിയുടെ അഭാവമുള്ളതെന്തുകൊണ്ട്?
3. ഇന്ന് മനുഷ്യരുടെ ഇടയിൽ എന്തിന്റെ കുറവുണ്ട്, ഇത് ദൈവത്തോടുള്ള മമനുഷ്യന്റെ ബന്ധത്തെ ബാധിച്ചിരിക്കുന്നതെങ്ങനെ?
3 യഹോവ നീതിയുടെ ദൈവവും നീതിയെ സ്നേഹിക്കുന്നവനും “ഭൂമിയുടെ അറുതികളുടെ സ്രഷ്ടാവു”മായിരുന്നിട്ടും, ഇന്നു മനുഷ്യരുടെ ഇടയിൽ നീതി ഇത്ര കുറഞ്ഞിരിക്കുന്നതെന്തുകൊണ്ട്? (യെശയ്യാവ് 40:28) മോശ ആവർത്തനം 32:5ൽ ഉത്തരംനൽകുന്നു: “അവർ തങ്ങളുടെ ഭാഗത്ത് വിനാശകമായി പ്രവർത്തിച്ചിരിക്കുന്നു; അവർ അവന്റെ മക്കളല്ല, ന്യൂനത അവരുടെ സ്വന്തമാണ്. വക്രതയും കോട്ടവുമുള്ള ഒരു തലമുറ!” “ആകാശങ്ങൾ ഭൂമിയെക്കാൾ ഉയർന്നവയായിരിക്കുന്നതുപോലെ” ദൈവത്തിന്റെ ചിന്തകളും വഴികളും മനുഷ്യന്റേതിനെക്കാൾ ഉയർന്നവയായി വർണ്ണിക്കപ്പെടത്തക്കവണ്ണം മമനുഷ്യന്റെ വിനാശകപ്രവർത്തനം അവനെ അവന്റെ സ്രഷ്ടാവിൽനിന്ന് വളരെ അകററിയിരിക്കുന്നു.—യെശയ്യാവ് 55:8, 9.
4. മനുഷ്യൻ ഏതു ഗതി സ്വീകരിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നു, ഇത് അവനെ എങ്ങോട്ടു നയിച്ചിരിക്കുന്നു?
4 മനുഷ്യൻ തന്നെ ആശ്രയിക്കാതെ പ്രവർത്തിക്കാൻ സ്രഷ്ടാവിനാൽ ഉദ്ദേശിക്കപ്പെട്ടിരുന്നില്ലെന്ന് ഒരിക്കലും മറക്കരുത്. യിരെമ്യാവ് ഇങ്ങനെ പറഞ്ഞുകൊണ്ട് നമുക്കുവേണ്ടി സാഹചര്യത്തെ ശരിയായി വിലയിരുത്തുന്നു: “യഹോവേ, ഭൗമികമനുഷ്യനുള്ളതല്ല അവന്റെ വഴിയെന്ന് എനിക്ക് നന്നായി അറിയാം. തന്റെ ചുവടിനെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.” (യിരെമ്യാവ് 10:23) ദൈവത്തിന്റെ നീതിയുള്ള വഴികളുടെയും ആധിപത്യത്തിന്റെയും മനുഷ്യനാലുള്ള നിരസനം, അവനെ തികച്ചും വ്യത്യസ്തരും വളരെ പ്രബലരുമായ അദൃശ്യശക്തികളായ പിശാചായ സാത്താന്റെയും അവന്റെ ഭൂതകൂട്ടാളികളുടെയും കീഴിലാക്കിയിരിക്കുന്നു. അപ്പോസ്തലനായ യോഹന്നാൻ ദൃഢമായി ഇങ്ങനെ പ്രസ്താവിക്കുന്നു: “മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൻകീഴിൽ കിടക്കുന്നു.” ഈ ഭൂതശക്തികൾക്ക് മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ നീതിയെ ഉയർത്തിപ്പിടിക്കാൻ അശേഷം താൽപ്പര്യമില്ല.—1 യോഹന്നാൻ 5:19.
5. ഇന്നു ലോകത്തിലെ നീതിയുടെ അഭാവത്തിന്റെ ദൃഷ്ടാന്തങ്ങൾ നൽകുക.
5 ഈ വ്യവസ്ഥിതിയുടെ അവസാനനാളുകളിലെ നീതിയുടെ അഭാവത്തിന്റെ ഒരു ദൃഷ്ടാന്തം 1984ൽ യു. എസ്. അറേറാർണി ജനറൽ വില്യം ഫ്രെഞ്ച് സ്മിത്ത് പ്രദീപ്തമാക്കുകയുണ്ടായി. 1977നും 1983നുമിടക്കത്തെ 12 അമേരിക്കൻ സംസ്ഥാനങ്ങളിലെ തടവുശിക്ഷകളുടെ ഒരു സർവേയെക്കുറിച്ച് സ്മിത്ത് ഇങ്ങനെ പറഞ്ഞു: “ഏററവും കടുത്ത കുററപ്പുള്ളികൾ—കൊലപാതകികളും ബലാൽസംഗികളും മയക്കുമരുന്നു കള്ളക്കടത്തുകാരും—ഗണ്യമായ തടുവുശിക്തകളനുഭവിക്കുന്നുവെന്ന് പൊതുജനങ്ങൾ സങ്കൽപ്പിച്ചിരിക്കുന്നു. തഴമ്പിച്ചുപോയ കുററപ്പുള്ളികൾക്ക് പുതിയ കുററകൃത്യങ്ങൾ ചെയ്യാൻതക്കവണ്ണം തെരുവുകളിൽ തിരിച്ചെത്തുക എത്ര എളുപ്പമാണെന്ന് . . . ബ്യൂറോയുടെ പഠനം പ്രകടമാക്കുന്നു.” വാഷിംഗ്ടൺ ലീഗൽ ഫൗണ്ടേഷനിലെ പോൾ കാമനർ “ഒട്ടുമിക്കപ്പോഴും നിയമവ്യവസ്ഥ തീരെ അയഞ്ഞതാണ്” എന്നു പറഞ്ഞത് അതിശയമല്ല.
6. (എ) യഹൂദയുടെ അടിമത്വത്തിനുമുമ്പത്തെ അതിന്റെ ധാർമ്മികാവസ്ഥ എന്തായിരുന്നു? (ബി) ഹബക്കൂക്ക് ഏതു ചോദ്യങ്ങൾ ചോദിച്ചു, അവ ഇന്നു ബാധകമാണോ?
6 യഹൂദാരാഷ്ട്രം ക്രി.മു. 607ൽ ബാബിലോന്യൻസൈന്യങ്ങളോടു പരാജയപ്പെടുന്നതിനുമുമ്പ് ആ രാഷ്ട്രത്തിലാകെ നീതി അയഞ്ഞതായിരുന്നു. അതുകൊണ്ട് ദൈവത്തിന്റെ പ്രവാചകനായിരുന്ന ഹബക്കൂക്ക് ഇങ്ങനെ പറയാൻ ദിവ്യമായി നിശ്വസ്തനാക്കപ്പെട്ടു: “നിയമം മരവിച്ചുപോകുന്നു, നീതി ഒരിക്കലും മുന്നേറുന്നില്ല. ദുഷ്ടൻ നീതിമാനെ വളയുന്നതുനിമിത്തം, ആ കാരണത്താൽ നീതി വക്രമായിപ്പോകുന്നു.” (ഹബക്കൂക്ക് 1:4) ഈ അന്യായമായ സാഹചര്യം യഹോവയോട് പ്രവാചകൻ ഇങ്ങനെ ചോദിക്കാനിടയാക്കി: “വഞ്ചനാപരമായി ഇടപെടുന്നവരെ നീ നോക്കിക്കൊണ്ടിരിക്കുന്നത്, ദുഷ്ടനായ ഒരുവൻ തന്നെക്കാൾ നീതിമാനായ ഒരുവനെ വിഴുങ്ങുമ്പോൾ നീ മൗനമായിരിക്കുന്നത്, എന്തുകൊണ്ട്?” (ഹബക്കൂക്ക് 1:13) മനുഷ്യപ്രവർത്തനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഇന്ന് അനീതിയാൽ ബാധിക്കപ്പെട്ടിരിക്കുന്ന ആളുകളും ഇങ്ങനെ ചോദിച്ചേക്കാം: നീതിയുടെ ദൈവം ഭൂമിയിൽ ചെയ്യപ്പെടുന്ന അനീതിയെ നോക്കിക്കൊണ്ടിരിക്കുന്നതെന്തുകൊണ്ട്? ‘നീതി വക്രമായിപ്പോകാൻ’ അവൻ അനുവദിക്കുന്നതെന്തുകൊണ്ട്? അവൻ “മൗനമായിരിക്കുന്ന”തെന്തുകൊണ്ട്? ഇവ പ്രധാനപ്പെട്ട ചോദ്യങ്ങൾതന്നെയാണ്, എന്നാൽ ദൈവത്തിന്റെ വിലയേറിയ വചനമായ ബൈബിൾമാത്രമേ യഥാർത്ഥവും സംതൃപ്തികരവുമായ ഉത്തരങ്ങൾ നൽകുന്നുള്ളു.
ദൈവം അനീതി അനുവദിച്ചിരിക്കുന്നതിന്റെ കാരണം
7. (എ) ദൈവം മനുഷ്യനു കൊടുത്തിരുന്ന പറുദീസാ അവനു നഷ്ടമായതെന്തുകൊണ്ട്? (ബി) ഏദനിൽ ഏതു വിവാദവിഷയങ്ങൾ ഉന്നയിക്കപ്പെട്ടു, ദൈവത്തിന്റെ നീതി ഇവയോട് എങ്ങനെ പ്രതികരിച്ചു?
7 മോശയാൽ സാക്ഷ്യപ്പെടുത്തപ്പെട്ടതുപോലെ ദൈവത്തിന്റെ പ്രവൃത്തികൾ പൂർണ്ണമാണ്. ദൈവം ഏദൻപറുദീസയിൽ ആക്കിവെച്ചിരുന്ന പൂർണ്ണതയുള്ള മാനുഷജോടിയെക്കുറിച്ച് ഇത് സത്യമായിരുന്നു. (ഉല്പത്തി 1:26, 27; 2:7) ആ മുഴുക്രമീകരണവും മനുഷ്യവർഗ്ഗത്തിന്റെ ക്ഷേമത്തിനും സന്തുഷ്ടിക്കും യോജിച്ചവിധം പൂർണ്ണമായിരുന്നു. ദിവ്യരേഖ നമ്മോട് ഇങ്ങനെ പറയുന്നു: “താൻ നിർമ്മിച്ചിരുന്നതിനെയെല്ലാം ദൈവം കണ്ടു, നോക്കൂ! അത് വളരെ നല്ലതായിരുന്നു.” (ഉല്പത്തി 1:31) എന്നാൽ ഏദനിക പ്രശാന്തത നീണ്ടുനിന്നില്ല. ഒരു മത്സരിയായ ആത്മജീവിയുടെ സ്വാധീനത്തിൽ ഹവ്വായും അവളുടെ ഭർത്താവായ ആദാമും അവരെ ഭരിക്കുന്ന യഹോവയുടെ വിധം സംബന്ധിച്ച് അവനുമായുള്ള ഒരു ഏററുമുട്ടലിലേക്ക് വരുത്തപ്പെട്ടു. അവരോടുള്ള ദൈവത്തിന്റെ കല്പനകളുടെ ഔചിത്യം ഇപ്പോൾ ചോദ്യംചെയ്യപ്പെട്ടു. (ഉല്പത്തി 3:1-6) ദൈവത്തിന്റെ ഭരണാധിപത്യത്തിന്റെ ന്യായതയോടുള്ള ഈ വെല്ലുവിളി മർമ്മപ്രധാനമായ ധാർമ്മിക വിവാദപ്രശ്നങ്ങൾ ഉന്നയിച്ചു. ഇപ്പോൾ ദൈവത്തിന്റെ സകല സൃഷ്ടികളുടെയും നിർമ്മലതയും ചോദ്യംചെയ്യപ്പെടുകയായിരുന്നുവെന്ന് വിശ്വസ്ത മനുഷ്യനായിരുന്ന ഇയ്യോബിനെ സംബന്ധിച്ച ചരിത്രരേഖ സൂചിപ്പിക്കുന്നു. സാർവത്രികപ്രാധാന്യമുള്ള ഈ പ്രശ്നങ്ങൾക്ക് തീർപ്പുണ്ടാക്കുന്നതിന് സമയം കൊടുക്കണമെന്ന് നീതി ആവശ്യപ്പെട്ടു.—ഇയ്യോബ് 1:6-11; 2:1-5; ലൂക്കോസ് 22:31 കൂടെ കാണുക.
8. (എ) മനുഷ്യൻ ഇപ്പോൾ ഏതു വിപൽക്കരമായ അവസ്ഥയിൽ എത്തിയിരിക്കുന്നു? (ബി) മോശയുടെ ഗീതത്തിൽ ഏതു പ്രത്യാശാകിരണമുണ്ട്?
8 ദൈവത്തിന്റെ നീതിയുള്ള വഴികളെ തള്ളിക്കളഞ്ഞതിന്റെ ഫലമായുള്ള മനുഷ്യവർഗ്ഗത്തിന്റെ വിപൽക്കരമായ അവസ്ഥ റോമർ 8:22-ൽ പൗലോസ് സംഗ്രഹിച്ചിരിക്കുന്നു. അവിടെ അപ്പോസ്തലൻ ഇങ്ങനെ എഴുതി: “സകല സൃഷ്ടിയും ഇന്നുവരെ ഒരുമിച്ചു ഞരങ്ങിക്കൊണ്ടിരിക്കുകയും ഒരുമിച്ചു വേദനപ്പെടുകയുംചെയ്യുന്നു.” ആ “ഞരക്ക”ത്തിന്റെയും “വേദന”യുടെയും ഏറിയ പങ്കും “മനുഷ്യൻ മനുഷ്യനു ദ്രോഹംവരുമാറ് അവനെ ഭരിച്ചിരിക്കു”ന്നതുനിമിത്തം മനുഷ്യരുടെ ഇടയിൽ നീതിയുടെ അഭാവമുള്ളതുകൊണ്ടാണ്. (സഭാപ്രസംഗി 8:9) എന്നാൽ സർവശക്തനായ ദൈവം അത്തരം നീതിയുടെ വളച്ചൊടിക്കൽ അനിശ്ചിതകാലം അനുവദിക്കാൻ പോകുന്നില്ലാത്തതിനാൽ അവനു നന്ദി! ഈ കാര്യത്തിൽ മോശ ആവർത്തനം 32:40, 41ലെ ഗീതത്തിൽ കൂടുതലായി പ്രസ്താവിച്ചിരിക്കുന്നതു ശ്രദ്ധിക്കുക: “‘എന്നാണ’ ഞാൻ [യഹോവ] തീർച്ചയായും എന്റെ തിളങ്ങുന്ന വാൾ മൂർച്ചയാക്കുകയും എന്റെ കൈ ന്യായവിധി നടത്തുകയും ചെയ്യുന്നുവെങ്കിൽ, ഞാൻ എന്റെ ശത്രുക്കളോടു പ്രതികാരംചെയ്യുകയും എന്നെ ശക്തമായി വെറുക്കുന്നവരോടു പ്രതിക്രിയ നടത്തുകയും ചെയ്യും.”
9. യഹോവയുടെ കൈ മനുഷ്യൻ മത്സരിച്ചപ്പോൾ “ന്യായവിധി നടത്തി”യതെങ്ങനെയെന്ന് വിശദീകരിക്കുക.
9 യഹോവയുടെ കൈ പണ്ട് ഏദനിൽ “ന്യായവിധി നടത്തി.” തന്റെ കല്പനകൾ മനഃപൂർവം ലംഘിച്ചതിനാൽ മനുഷ്യനു ദൈവം താമസംവിനാ ന്യായമായി ശിക്ഷ വിധിച്ചു. അവൻ ആദാമിനോട് ഇങ്ങനെ പറഞ്ഞു: “നീ പൊടിയാകുന്നു, പൊടിയിലേക്കു നീ തിരികെ പോകും.” (ഉല്പത്തി 3:19) നൂററാണ്ടുകൾ കഴിഞ്ഞ്, അപ്പോസ്തലനായ പൗലോസ് ആദാമിന്റെ പാപഗതിനിമിത്തം മുഴുമനുഷ്യകുടുംബത്തിനും നേരിട്ട ദാരുണമായ പരിണതഫലങ്ങളെ സംഗ്രഹിച്ചുകൊണ്ടിങ്ങനെ എഴുതി: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിലേക്കു പ്രവേശിച്ചു, അങ്ങനെ സകല മനുഷ്യരും പാപം ചെയ്തിരുന്നതുകൊണ്ട് മരണം അവരിലേക്കെല്ലാം പരന്നു.”—റോമർ 5:12.
10. ആദാമിന്റെ മത്സരത്തിനുശേഷം ഏതു രണ്ടു സന്തതികൾ വളർന്നുവന്നിരിക്കുന്നു, യഹോവ എങ്ങനെ പ്രതികരിച്ചിരിക്കുന്നു?
10 മമനുഷ്യന്റെ മത്സരത്തിന്റെ പൊട്ടിപ്പുറപ്പെടലിനെ തുടർന്ന് ദൈവം ഇങ്ങനെയും പ്രസ്താവിച്ചു: “ഞാൻ നിനക്കും സ്ത്രീക്കും തമ്മിലും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിലും ശത്രുത വെക്കും. അവൻ നിന്നെ തലയിൽ ചതക്കും, നീ അവനെ കുതികാലിൽ ചതക്കും.” (ഉല്പത്തി 3:15, 17-19) ഈ രണ്ടു സന്തതികളുടെ വളർച്ച 6,000 വർഷമായി തുടർന്നിരിക്കുകയാണ്, അവരുടെ ഇടയിൽ “ശത്രുത” എല്ലായ്പ്പോഴും സ്ഥിതിചെയ്തിരിക്കുന്നു. എന്നാൽ ഭൂമിയിലെ മാറിക്കൊണ്ടിരിക്കുന്ന രംഗങ്ങളിലൊന്നും യഹോവയുടെ നീതിയുള്ള വഴികൾക്കു മാററമുണ്ടായിട്ടില്ല. തന്റെ പ്രവാചകനായ മലാഖിമുഖാന്തരം അവൻ പറയുന്നു: “ഞാൻ യഹോവ ആകുന്നു; ഞാൻ മാറിയിട്ടില്ല.” (മലാഖി 3:6) ഇത് അപൂർണ്ണരും മത്സരികളുമായ മനുഷ്യവർഗ്ഗത്തോട് ഇടപെടുന്നതിനുള്ള ദൈവത്തിന്റെ വഴികളിൽ എല്ലായ്പ്പോഴും നീതി പ്രകടമായിരിക്കുന്നുവെന്നതിന് ഉറപ്പുനൽകിയിരിക്കുന്നു. യഹോവ ഒരിക്കലും അവന്റെ ഉന്നതവും നീതിയുക്തവുമായ തത്വങ്ങളിൽനിന്ന് വ്യതിചലിച്ചിട്ടില്ല, അതേസമയം അവയെ തന്റെ അത്ഭുതഗുണങ്ങളായ ജ്ഞാനത്തോടും സ്നേഹത്തോടും ശക്തിയോടും പൊരുത്തപ്പെടുത്തിയിട്ടുണ്ട്.
ദൈവം മമനുഷ്യന്റെ രക്ഷക്കെത്തുന്നു
11, 12. മമനുഷ്യന്റെ ദുരവസ്ഥയെ സങ്കീർത്തനം 49 നന്നായി വർണ്ണിക്കുന്നതെങ്ങനെ?
11 ഒരു വലിയ നീരാളിയുടെ സ്പർശിനികൾ പോലെ, സാത്താന്റെ ദുഷ്ടസ്വാധീനം മുഴു മനുഷ്യവർഗ്ഗത്തെയും ആശ്ലേഷിക്കാൻ വ്യാപിച്ചിരിക്കുന്നു. മനുഷ്യർ തങ്ങളുടെമേലുള്ള മരണവിധിയിൽനിന്നു മാത്രമല്ല, അപൂർണ്ണ മനുഷ്യാധിപത്യത്തിന്റെ അന്യായവ്യവസ്ഥിതികളിൽനിന്നും വിടുവിക്കപ്പെടേണ്ടത് എത്ര അത്യാവശ്യമാണ്!
12 മമനുഷ്യന്റെ മേൽ മരണവിധി ഉച്ചരിച്ച ശേഷം അവൻ വന്നെത്തിയിരിക്കുന്ന ഭീതിദമായ ദുരവസ്ഥ കോരഹ്പുത്രൻമാരുടെ പിൻവരുന്ന സങ്കീർത്തനത്തിൽ നന്നായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു: “ജനങ്ങളേ, നിങ്ങളെല്ലാം ഇതു കേൾക്കുക. വ്യവസ്ഥിതിയിലെ നിവാസികളായ നിങ്ങളെല്ലാം, മനുഷ്യവർഗ്ഗത്തിന്റെ പുത്രൻമാരായ നിങ്ങളും മനുഷ്യപുത്രൻമാരായ നിങ്ങളും, ധനവാനായ നീയും ദരിദ്രനായ നീയും ഒരുമിച്ച്, ചെവിതരുക. അവരിൽ ഒരുവനും യാതൊരു വിധത്തിലും ഒരു സഹോദരനെ പോലും വീണ്ടെടുക്കാനോ അവനുവേണ്ടി ദൈവത്തിന് ഉദ്ധാരണദ്രവ്യം കൊടുക്കാനോ കഴികയില്ല; (അവരുടെ ദേഹിയുടെ വീണ്ടെടുപ്പുവില അനിശ്ചിതകാലത്തോളം നിന്നുപോകത്തക്കവണ്ണം അത് വളരെ വിലയേറിയതാണ്) അവൻ ഇനിയും എന്നേക്കും ജീവിക്കുകയും കുഴികാണാതിരിക്കുകയും ചെയ്യേണ്ടതിനുതന്നെ.” (സങ്കീർത്തനം 49:1, 2, 7-9) ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട നീതിയുടെ വീക്ഷണത്തിലാണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നത്!
13, 14. (എ) എന്തിനു മാത്രമേ മനുഷ്യനെ രക്ഷിക്കാൻ കഴിയുമായിരുന്നുള്ളു, ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവൻ വളരെ യോഗ്യനായിരുന്നതെന്തുകൊണ്ട്? (ബി) യേശു ദൈവത്തിന്റെ സകല വാഗ്ദത്തങ്ങളും സംബന്ധിച്ച് “ഉവ്വ്” എന്നായിത്തീർന്നതെങ്ങനെ?
13 അപ്പോൾ എവിടെനിന്ന് സഹായം വരാൻ കഴിയും? മനുഷ്യനെ മരണത്തിന്റെ ശക്തിയിൽനിന്ന് ആർക്കു രക്ഷിക്കാൻ കഴിയും? സങ്കീർത്തനം ഉത്തരം നൽകുന്നു: “ദൈവംതന്നെ എന്റെ ദേഹിയെ ഷീയോളിന്റെ കൈയിൽനിന്ന് വീണ്ടെടുക്കും.” (സങ്കീർത്തനം 49:15) ദൈവത്തിന്റെ നീതിക്ക് അനുയോജ്യമായി പ്രവർത്തിക്കുന്ന ദൈവത്തിന്റെ വലിയ സ്നേഹത്തിനുമാത്രമേ മനുഷ്യനെ “ഷീയോളിന്റെ കൈ”യിൽനിന്ന് രക്ഷിക്കാൻകഴിയൂ. യേശുവും സൂക്ഷ്മതയുള്ള പരീശനായിരുന്ന നിക്കൊദെമോസും തമ്മിൽ രാത്രിയിൽ നടന്ന ഒരു സംഭാഷണവേളയിൽ നമ്മുടെ ചോദ്യങ്ങൾക്ക് കൂടുതലായി ഉത്തരംനൽകപ്പെട്ടു. യേശു അയാളോട് ഇങ്ങനെ പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ആരും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാന്തക്കവണ്ണം ദൈവം ലോകത്തെ അത്ര സ്നേഹിച്ചു.” (യോഹന്നാൻ 3:16) ദൈവപുത്രൻ ഭൂമിയിലേക്കു വന്നതിനുമുമ്പ് അവൻ തന്റെ പിതാവിനോടുകൂടെ സ്വർഗ്ഗത്തിൽ വസിക്കുകയായിരുന്നു. അവന്റെ മനുഷ്യത്വപൂർവ അസ്തിത്വത്തിൽ അവന് ‘മനുഷ്യപുത്രൻമാരോട് ഇഷ്ട’മായിരുന്നതായി പറയപ്പെട്ടു. (സദൃശവാക്യങ്ങൾ 8:31) അപ്പോൾ, യഹോവ മനുഷ്യവർഗ്ഗത്തെ വീണ്ടെടുക്കാൻ ഈ പ്രത്യേക ആത്മജീവിയെ—തന്റെ ഏകജാതനായ പുത്രനെ—തെരഞ്ഞെടുത്തത് എത്ര ഉചിതമായിരുന്നു!
14 യേശുവിനെസംബന്ധിച്ച് പൗലോസ് ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്രയായിരുന്നാലും അവ അവൻമുഖേന ഉവ്വ് എന്നായിത്തീർന്നിരിക്കുന്നു.” (2 കൊരിന്ത്യർ 1:20) പ്രവാചകനായ യെശയ്യാവ് രേഖപ്പെടുത്തിയിരിക്കുന്ന ഈ വാഗ്ദാനങ്ങളിലൊന്ന് മത്തായി 12:18, 21-ൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. നാം അവിടെ യേശുവിനെ സംബന്ധിച്ച് ഇങ്ങനെ വായിക്കുന്നു: “നോക്കു! എന്റെ ദേഹി അംഗീകരിച്ച എന്റെ പ്രിയപ്പെട്ടവൻ, ഞാൻ തെരഞ്ഞെടുത്ത എന്റെ ദാസൻ! ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും, അവൻ നീതിയെന്താണെന്ന് ജനതകൾക്ക് വ്യക്തമാക്കും. തീർച്ചയായും, ജനതകൾ അവന്റെ നാമത്തിൽ പ്രത്യാശിക്കും.”—യെശയ്യാവ് 42:1-4 കാണുക.
15, 16. യേശുവിന് ആദാമിന്റെ സന്തതികളുടെ “നിത്യപിതാവ്” ആയിത്തീരുക സാദ്ധ്യമായതെങ്ങനെ?
15 യേശുവിന്റെ ഭൗമികശുശ്രൂഷക്കാലത്ത്, സകല ജനതകളിലെയും ആളുകൾക്ക് ഒടുവിൽ തന്റെ നാമത്തിൽ പ്രത്യാശിക്കുന്നതിനും അങ്ങനെ ദൈവത്തിന്റെ നീതിയുടെ പ്രയോജനങ്ങളനുഭവിക്കുന്നതിനും കഴിയുമെന്ന് അവൻ വ്യക്തമാക്കി. യേശു പറഞ്ഞു: “മനുഷ്യപുത്രൻ വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും തന്റെ ദേഹിയെ അനേകർക്കുവേണ്ടി ഒരു മറുവിലയായി കൊടുക്കാനുമത്രെ.” (മത്തായി 20:28) ഇസ്രായേൽജനതക്കു കൊടുക്കപ്പെട്ട ദൈവത്തിന്റെ പൂർണ്ണതയുള്ള നിയമം “ദേഹിക്ക് പകരം ദേഹിയായിരിക്കും” എന്നു പ്രസ്താവിച്ചു. (ആവർത്തനം 19:21) അതുകൊണ്ട് യേശു തന്റെ പൂർണ്ണജീവനെ മരണത്തിൽ വെച്ചുകൊടുക്കുകയും സ്വർഗ്ഗത്തിലേക്ക് ആരോഹണംചെയ്യാൻ ദൈവശക്തിയാൽ പുനരുത്ഥാനംപ്രാപിക്കുകയുംചെയ്ത ശേഷം അവൻ യഹോവക്ക് തന്റെ പൂർണ്ണതയുള്ള ജീവന്റെ മൂല്യം ആദാമിന്റെ ജീവാവകാശങ്ങൾക്കു പകരം കാഴ്ചവെക്കാവുന്ന ഒരു സ്ഥാനത്തായിരുന്നു. ഈ വിധത്തിൽ യേശു “ഒടുക്കത്തെ [അഥവാ രണ്ടാമത്തെ] ആദാം” ആയിത്തീർന്നു, ഇപ്പോൾ വിശ്വാസമുള്ള ആദാമിന്റെ സകല സന്തതികളുടെയും “നിത്യപിതാവായി” പ്രവർത്തിക്കാൻ അധികാരപ്പെടുത്തപ്പെട്ടിരിക്കുകയുമാണ്.—1 കൊരിന്ത്യർ 15:45; യെശയ്യാവ് 9:6.
16 തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ സ്നേഹനിർഭരമായ കരുതൽമുഖേനയുള്ള ദൈവത്തിന്റെ രക്ഷാമാർഗ്ഗം അങ്ങനെ ‘ജനതകൾക്ക് വ്യക്തമാക്കപ്പെട്ടിരിക്കുന്നു.’ അതിൽ തീർച്ചയായും ദിവ്യനീതി പ്രകടമാണ്. ‘നമ്മുടെ ദേഹിയെ ഷീയോളിന്റെ കൈയിൽനിന്ന് വീണ്ടെടുക്കുന്നതിനുള്ള’ മാർഗ്ഗം ദൈവം പ്രദാനംചെയ്തിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരായിരിക്കണം!
മറുവിലയെ ഉയർത്തിപ്പിടിക്കൽ
17, 18. സി. ററി റസ്സൽ 1870കളിൽ ഏതു പങ്കാളിത്തത്തിൽ ഏർപ്പെട്ടു, എന്നാൽ 1878ൽ ബാർബർ അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിയതെങ്ങനെ?
17 ഒന്നാംനൂററാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ, ആധുനികകാലങ്ങളിലെ യഹോവയുടെ സാക്ഷികൾ എല്ലായ്പ്പോഴും യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ ഉപദേശത്തെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. വാച്ച്ററവർ സൊസൈററിയുടെ ആദ്യത്തെ പ്രസിഡണ്ടായിരുന്ന ചാൾസ് റെറയ്സ് റസ്സൽ ഒരു കാലത്ത് ഹെറൾഡ ഓഫ ദി മോണിംഗ എന്ന ഒരു മതാത്മക മാസികയുടെ സഹപത്രാധിപരും സാമ്പത്തിക പിന്തുണക്കാരനുമായിരുന്നുവെന്ന് അനുസ്മരിക്കുന്നത് രസാവഹമാണ്. ആ മാസിക ആദ്യം പ്രസിദ്ധീകരിച്ചിരുന്നത് റോച്ചസ്ററർ, ന്യൂയോർക്ക്, യു.എസ്.എ.യിലെ ഒരു അഡ്വൻറിസ്ററായിരുന്ന എൻ. എച്ച് . ബാർബർ ആയിരുന്നു. റസ്സൽ തന്റെ 20കളിലായിരുന്നു, എന്നാൽ ബാർബർ വളരെ പ്രായക്കൂടുതലുള്ളയാളായിരുന്നു.
18 ഈ പങ്കാളിത്തം 1878വരെ നന്നായി പോകുന്നതായി തോന്നി. അന്ന് ബാർബർ മറുവിലയുടെ ഉപദേശത്തെ നിഷേധിച്ചുകൊണ്ട് അപ്രതീക്ഷിതമായി ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. സംഭവിച്ചതിനെ വർണ്ണിച്ചുകൊണ്ട് റസ്സൽ ഇങ്ങനെ പറഞ്ഞു: “മി. ബാർബർ പാപപരിഹാരത്തിന്റെ ഉപദേശത്തെ നിഷേധിച്ചുകൊണ്ട് . . . ദി ഹെറൾഡിനുവേണ്ടി ഒരു ലേഖനം എഴുതി—ക്രിസ്തുവിന്റെ മരണം ആദാമിനും അവന്റെ വർഗ്ഗത്തിനും വേണ്ടിയുള്ള മറുവിലയാണെന്നുള്ളതിനെ നിഷേധിച്ചുകൊണ്ടും നമ്മുടെ കർത്താവിന്റെ മരണം ഒരു ഈച്ചയുടെ ഉടലിലൂടെ ഒരു സൂചി കടത്തി അതിനു കഷ്ടപ്പാടും മരണവും വരുത്തുന്നത് ഒരു ഭൗമികപിതാവിന്റെ കുട്ടിയുടെ തെററിനു ന്യായമായ പരിഹാരമാണെന്ന് കരുതാവുന്നതിലുപരി മമനുഷ്യന്റെ പാപങ്ങളുടെ ശിക്ഷക്കുള്ള വിലകൊടുക്കലായി മേലാൽ പ്രയോജനപ്പെടുകയില്ല എന്നു പറഞ്ഞുകൊണ്ടുംതന്നെ.”
19. (എ) മറുവിലയെസംബന്ധിച്ച ബാർബറിന്റെ വീക്ഷണത്തോടുള്ള റസ്സലിന്റെ പ്രതികരണമെന്തായിരുന്നു? (ബി) വീക്ഷാഗോപുരത്തെസംബന്ധിച്ച റസ്സലിന്റെ ആഗ്രഹം സഫലമായോ?
19 റസ്സലിന് തന്റെ പ്രായക്കൂടുതലുള്ള പങ്കാളിയാൽ സ്വാധീനിക്കപ്പെടാൻ കഴിയുമായിരുന്നു, എന്നാൽ സ്വാധീനിക്കപ്പെട്ടില്ല. പല മാസങ്ങളിൽ പത്രികയുടെ പേജുകളിൽ ഒരു ഉഗ്രസംവാദം നടന്നു. ബാർബർ മറുവിലയെ നിഷേധിക്കുകയും റസ്സൽ അതിനെ അനുകൂലിച്ച് എഴുതുകയുംചെയ്തു. ഒടുവിൽ, റസ്സൽ ബാർബറുമായുള്ള സകല ബന്ധവും പിൻവലിക്കുകയും അന്ന് സീയോന്റെ വീക്ഷാഗോപുരവും ക്രിസ്തു സാന്നിദ്ധ്യഘോഷകനും എന്നു വിളിക്കപ്പെട്ടിരുന്ന ഈ മാസിക പ്രസിദ്ധപ്പെടുത്താൻ തുടങ്ങുകയും ചെയ്തു. സി. ററി. റസ്സൽ പുതിയ മാസികയെസംബന്ധിച്ച് ഈ വിചാരങ്ങൾ പ്രകടമാക്കി: “ആരംഭംമുതൽതന്നെ, അത് മറുവിലയുടെ ഒരു പ്രത്യേക വക്താവായിരുന്നിട്ടുണ്ട്; ദൈവകൃപയാൽ അത് അവസാനത്തോളം അങ്ങനെയായിരിക്കുമെന്ന് ഞങ്ങളാശിക്കുന്നു.” പത്രാധിപരായിരുന്ന റസ്സലിന്റെ ആശ സഫലമായിരിക്കുന്നുവോ? തീർച്ചയായും! വിശദീകരണമായി, ഈ മാസികയുടെതന്നെ 2-ാം പേജ് ഈ മാസിക “ഇപ്പോൾ വാഴ്ച നടത്തുന്ന രാജാവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നു. അവന്റെ ചൊരിയപ്പെട്ട രക്തമാണ് മനുഷ്യവർഗ്ഗത്തിനു നിത്യജീവൻ നേടാനുള്ള വഴിതുറക്കുന്നത്” എന്നു പറയുന്നു.
20. ഏതു ചോദ്യങ്ങൾക്ക് ഇനിയും ഉത്തരംകിട്ടേണ്ടതുണ്ട്?
20 നമ്മുടെ ചർച്ചയിൽ ഇത്രത്തോളം, നാം മനുഷ്യവർഗ്ഗത്തിൻമേൽ സ്ഥിതിചെയ്യുന്ന പാപത്തിന്റെയും മരണത്തിന്റെയും കുററവിധിയിൽനിന്ന് മനുഷ്യവർഗ്ഗത്തെ രക്ഷിക്കുന്നതിന് ഒരു ഉപാധി ആവശ്യപ്പെട്ടതിലുള്ള ദൈവനീതിയുടെ ഗതി പിന്തുടർന്നിരിക്കുന്നു. സ്നേഹമാണ് ആ ഉപാധി പ്രദാനംചെയ്തത്. എന്നുവരികിലും, ഇവ പോലുള്ള ചോദ്യങ്ങൾ ഉത്തരം പറയാതെ അവശേഷിക്കുന്നു: യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ എങ്ങനെ ലഭ്യമാക്കപ്പെടുന്നു? നിങ്ങൾക്ക് അവയിൽനിന്ന് എങ്ങനെ പ്രയോജനം നേടാൻകഴിയും, എത്ര പെട്ടെന്ന്? അടുത്ത ലക്കം ദൈവത്തിന്റെ സകല വഴികളിലും നീതി പ്രകടമാണെന്നുള്ള നിങ്ങളുടെ ഉറപ്പിനെ വർദ്ധിപ്പിക്കുമെന്നു തീർച്ചയുള്ള ഉത്തരങ്ങൾ പ്രദാനംചെയ്യുന്നു. (w89 3/1)
നിങ്ങൾ എങ്ങനെ ഉത്തരംപറയും?
◻ ദൈവം നീതിക്ക് എന്തു പ്രാധാന്യം കൊടുക്കുന്നു?
◻ മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽ വളരെയധികം അനീതിയുള്ളതെന്തുകൊണ്ട്?
◻ ദൈവം മമനുഷ്യന്റെ മരണത്തിൽനിന്നുള്ള വിടുതലിന് കരുതൽചെയ്യുന്നതെന്തുകൊണ്ട്?
◻ വീക്ഷാഗോപുരം മറുവിലയെ എത്രത്തോളം ഉയർത്തിപ്പിടിച്ചിരിക്കുന്നു?
[24-ാം പേജിലെ ചിത്രം]
മോശ മോവാബ്സമഭൂമിയിൽ തന്റെ ഗീതത്തിലെ വചനങ്ങൾ പ്രസ്താവിക്കുന്നു
[28-ാം പേജിലെ ചിത്രം]
തന്റെ ഏകജാതനായ പുത്രനെ നൽകുവാന്തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു