ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഏപ്രിൽ 3-9
ദൈവവചനത്തിലെ നിധികൾ | യിരെമ്യ 17-21
“നിങ്ങളുടെ ചിന്തകളെയും പെരുമാറ്റത്തെയും യഹോവ മനയട്ടെ”
(യിരെമ്യ 18:5-10) അപ്പോൾ എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: “‘ഇസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കും നിന്നോടു ചെയ്യരുതോ’ എന്ന് യഹോവ ചോദിക്കുന്നു. ‘ഇസ്രായേൽഗൃഹമേ, ഇതാ! കുശവന്റെ കൈയിലുള്ള കളിമണ്ണുപോലെ നീ എന്റെ കൈയിൽ ഇരിക്കുന്നു. ഏതെങ്കിലും ഒരു ജനതയെയോ രാജ്യത്തെയോ പിഴുതെറിയുകയും തകർത്ത് നശിപ്പിക്കുകയും ചെയ്യുമെന്നു ഞാൻ പറയുന്നെന്നിരിക്കട്ടെ. അപ്പോൾ ആ ജനത തങ്ങളുടെ ദുഷ്ടത ഉപേക്ഷിക്കുന്നെങ്കിൽ ഞാനും എന്റെ മനസ്സു മാറ്റും; അവരുടെ മേൽ വരുത്താൻ ഉദ്ദേശിച്ച ദുരന്തം വരുത്തില്ല. പക്ഷേ ഏതെങ്കിലും ഒരു ജനതയെയോ രാജ്യത്തെയോ പണിതുയർത്തുമെന്നും നട്ടുപിടിപ്പിക്കുമെന്നും ഞാൻ പറഞ്ഞിരിക്കെ അവർ എന്റെ വാക്കു കേട്ടനുസരിക്കാതെ എന്റെ മുന്നിൽവെച്ച് മോശമായ കാര്യങ്ങൾ ചെയ്താൽ ഞാൻ എന്റെ മനസ്സു മാറ്റും; അവരുടെ കാര്യത്തിൽ ഉദ്ദേശിച്ച നന്മ ഞാൻ ചെയ്യില്ല.’
it-2-E 776 ¶4
മാനസാന്തരം
കുശവൻ ഒരു പാത്രം ഉണ്ടാക്കാൻ തുടങ്ങുന്നു. എന്നാൽ താൻ ‘ഉണ്ടാക്കിക്കൊണ്ടിരുന്ന പാത്രം ശരിയാകാതെ പോയതിനാൽ,’ ആ കളിമണ്ണുകൊണ്ട് മറ്റൊരു പാത്രം ഉണ്ടാക്കാൻ അദ്ദേഹം തീരുമാനിക്കുന്നു. (യിര 18:3, 4) ‘ഉണ്ടാക്കിക്കൊണ്ടിരുന്ന പാത്രം ശരിയാകാതെ പോയ’ ഒരു കുശവനെപ്പോലെയാണ് താൻ എന്നല്ല യഹോവ ഈ ദൃഷ്ടാന്തത്തിലൂടെ പറയുന്നത്. പകരം മനുഷ്യരുടെ മേൽ തനിക്ക് അധികാരമുണ്ട് എന്ന് എടുത്തുപറയാനാണ് യഹോവ ഇത് ഉപയോഗിച്ചത്. അതെ, തന്റെ നീതിയോടും കരുണയോടും ആളുകൾ പ്രതികരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അവരോടുള്ള ഇടപെടലുകളിൽ മാറ്റം വരുത്താനുള്ള അധികാരം ദൈവത്തിനുണ്ട്. (യശ 45:9; റോമ 9:19-21 താരതമ്യം ചെയ്യുക.) ‘ഞാൻ എന്റെ മനസ്സു മാറ്റും; അവരുടെ മേൽ വരുത്താൻ ഉദ്ദേശിച്ച ദുരന്തം വരുത്തില്ല’ എന്നും “ഞാൻ എന്റെ മനസ്സു മാറ്റും; അവരുടെ കാര്യത്തിൽ ഉദ്ദേശിച്ച നന്മ ഞാൻ ചെയ്യില്ല” എന്നും യഹോവ പറഞ്ഞത് തന്റെ ഇടപെടലുകളോടുള്ള ആ ജനത്തിന്റെ നിലപാടിനു ചേർച്ചയിലാണ്. (യിര 18:5-10) അതുകൊണ്ട് വലിയ കുശവനായ യഹോവയുടെ ഭാഗത്തല്ല തെറ്റ്. മറിച്ച് ‘കളിമണ്ണിനെ’ പ്രതീകപ്പെടുത്തുന്ന മനുഷ്യരാണു തെറ്റു ചെയ്യുന്നത്. അവർ “രൂപാന്തരീകരണത്തിന്” വിധേയരാകുമ്പോഴാണ് (തങ്ങളുടെ ഹൃദയനിലയ്ക്കു മാറ്റം വരുത്തുമ്പോഴാണ്) യഹോവ തന്റെ മനസ്സ് മാറ്റുന്നത്.
ഏപ്രിൽ 17-23
ദൈവവചനത്തിലെ നിധികൾ | യിരെമ്യ 25-28
“യിരെമ്യയെപ്പോലെ ധൈര്യമുള്ളവരായിരിക്കുക”
(യിരെമ്യ 26:12, 13) അപ്പോൾ യിരെമ്യ പ്രഭുക്കന്മാരോടും ജനത്തോടും പറഞ്ഞു: “നിങ്ങൾ ഇപ്പോൾ കേട്ടതെല്ലാം ഈ ഭവനത്തിനും നഗരത്തിനും എതിരെ പ്രവചിക്കാൻ എന്നെ അയച്ചത് യഹോവയാണ്. അതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ വഴികളും പ്രവൃത്തികളും നേരെയാക്കി നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുക. അപ്പോൾ യഹോവ തന്റെ മനസ്സു മാറ്റും; നിങ്ങൾക്കെതിരെ വരുത്തുമെന്ന് അറിയിച്ച ദുരന്തം വരുത്തില്ല.
jr-E 21 ¶13
‘അവസാനനാളുകളിലെ’ ദൈവസേവനം
13 യഹൂദയിൽ നിലവിലുണ്ടായിരുന്ന മതപരവും രാഷ്ട്രീയപരവും ആയ പശ്ചാത്തലത്തിൽ യിരെമ്യ നടത്തിയ പ്രസംഗത്തോട് മതനേതാക്കന്മാർ പ്രതികരിച്ചത് എങ്ങനെയാണ്? പ്രവാചകൻതന്നെ അതിന് ഉത്തരം നൽകുന്നു: “പുരോഹിതന്മാരും പ്രവാചകന്മാരും ജനവും യിരെമ്യയെ പിടിച്ചു. അവർ പറഞ്ഞു: ‘നീ മരിക്കണം.’” അവർ കലി മൂത്ത് ഇങ്ങനെയും പറഞ്ഞു: “ഇവനു മരണശിക്ഷ കിട്ടണം.” (യിരെമ്യ 26:8-11 വായിക്കുക.) എന്തായിരുന്നാലും, യിരെമ്യയുടെ എതിരാളികൾക്കു വിജയിക്കാനായില്ല. യിരെമ്യയെ രക്ഷിക്കാൻ യഹോവ കൂടെയുണ്ടായിരുന്നു. എതിരാളികളുടെ ഭീഷണികളോ അവരുടെ എണ്ണമോ ഒന്നും യിരെമ്യയെ ഭയപ്പെടുത്തിയില്ല, നമ്മളെയും ഭയപ്പെടുത്തരുത്.
ആത്മീയമുത്തുകൾക്കായി കുഴിക്കുക
(യിരെമ്യ 27:2, 3) “യഹോവ എന്നോടു പറഞ്ഞത് ഇതാണ്: ‘നീ നുകങ്ങളും അവ കെട്ടാൻ നാടകളും ഉണ്ടാക്കുക. എന്നിട്ട്, അവ നിന്റെ കഴുത്തിൽ വെക്കണം. പിന്നെ, യഹൂദാരാജാവായ സിദെക്കിയയെ കാണാൻ യരുശലേമിൽ വരുന്ന ദൂതന്മാരുടെ കൈവശം അവ ഏദോംരാജാവിനും മോവാബുരാജാവിനും അമ്മോന്യരാജാവിനും സോർരാജാവിനും സീദോൻരാജാവിനും കൊടുത്തയയ്ക്കുക.
jr-E 27 ¶21
‘അവസാനനാളുകളിലെ’ ദൈവസേവനം
21 സിദെക്കിയ രാജാവിന്റെ വാഴ്ചയുടെ തുടക്കത്തിൽ ഏദോം, മോവാബ്, അമ്മോൻ, സോർ, സീദോൻ എന്നിവിടങ്ങളിലെ രാജാക്കന്മാർ അയച്ച സന്ദേശവാഹകർ യരുശലേമിൽ എത്തി. നെബൂഖദ്നേസർ രാജാവിന് എതിരെയുള്ള സഖ്യത്തിൽ സിദെക്കിയയെക്കൂടെ ചേർക്കുക എന്നതായിരുന്നിരിക്കാം അവരുടെ ഉദ്ദേശ്യം. എന്നാൽ ബാബിലോണിനു കീഴടങ്ങാനുള്ള നിർദേശമാണു യിരെമ്യ സിദെക്കിയയ്ക്കു നൽകിയത്. കൂടാതെ, നുകങ്ങൾ കഴുത്തിൽ വെച്ച് യിരെമ്യ സന്ദേശവാഹകരുടെ അടുത്ത് ചെന്നു. അവരും ദേശത്തിലുള്ളവരും ബാബിലോണിന്റെ അടിമത്തത്തിൻകീഴിലാകുമെന്ന് കാണിക്കാനാണ് യിരെമ്യ അങ്ങനെ ചെയ്തത്. (യിര 27:1-3, 14) യിരെമ്യയുടെ ഈ പ്രവൃത്തി ജനത്തെ ദേഷ്യം പിടിപ്പിച്ചു. ജനസമ്മതിയില്ലാത്ത അത്തരം സന്ദേശത്തിന്റെ വക്താവായി യിരെമ്യ പ്രവർത്തിച്ചത് ഹനന്യക്കും ഇഷ്ടപ്പെട്ടില്ല. ബാബിലോണിയൻ നുകം തകർക്കപ്പെടും എന്നു ദൈവനാമത്തിൽ പരസ്യമായി പ്രവചിച്ച വ്യാജപ്രവാചകനായിരുന്നു ഹനന്യ. എന്നാൽ ആ കപടനാട്യക്കാരൻ ഒരു വർഷത്തിനകം മരിക്കുമെന്ന് യിരെമ്യയിലൂടെ യഹോവ പ്രവചിച്ചു. അതുതന്നെയാണ് സംഭവിച്ചതും.—യിര 28:1-3, 16, 17.
(യിരെമ്യ 28:11) എന്നിട്ട് ഹനന്യ ജനങ്ങളുടെ മുഴുവൻ മുന്നിൽവെച്ച് ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നത് ഇതാണ്: ‘വെറും രണ്ടു വർഷത്തിനുള്ളിൽ എല്ലാ ജനതകളുടെയും കഴുത്തിലിരിക്കുന്ന, ബാബിലോണിലെ നെബൂഖദ്നേസർ രാജാവിന്റെ നുകം ഞാൻ ഇതുപോലെ ഒടിച്ചുകളയും.’” അപ്പോൾ യിരെമ്യ പ്രവാചകൻ അവിടെനിന്ന് പോയി.
jr-E 187-188 ¶11-12
“എനിക്കു മിണ്ടാതിരിക്കാൻ വയ്യാ”
11 യിരെമ്യ ഒരു മതഭ്രാന്തനായിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. എതിരാളികൾ വന്നപ്പോൾ പ്രവാചകൻ വിവേചനയോടെ പെരുമാറി. എപ്പോൾ രംഗം വിടണമെന്ന് യിരെമ്യക്ക് അറിയാമായിരുന്നു. ഹനന്യയോട് ഇടപെട്ട വിധം നോക്കാം. യഹോവയുടെ പ്രാവചനികവചനങ്ങളെ പരസ്യമായി ആ വ്യാജപ്രവാചകൻ എതിർത്തപ്പോൾ യിരെമ്യ അദ്ദേഹത്തെ തിരുത്തി. ഒരു യഥാർഥ പ്രവാചകനെ എങ്ങനെ തിരിച്ചറിയാം എന്ന വിശദീകരണവും നൽകി. ജനം ബാബിലോണിന്റെ അടിമത്തത്തിൻകീഴിലാകുമെന്ന് കാണിക്കാനായി മരംകൊണ്ടുള്ള ഒരു നുകം യിരെമ്യ കഴുത്തിൽ വെച്ചു. ദേഷ്യം വന്ന ഹനന്യ ആ നുകം ഒടിച്ചുകളഞ്ഞു. ആ ഭ്രാന്തൻ ഇനി എന്തു ചെയ്യുമെന്ന് ആർക്കറിയാം? യിരെമ്യ ഇപ്പോൾ എന്തു ചെയ്തു? നമ്മൾ വായിക്കുന്നു: “യിരെമ്യ പ്രവാചകൻ അവിടെനിന്ന് പോയി.” അതെ, പ്രവാചകൻ രംഗം വിട്ടു. പിന്നീട് യഹോവയുടെ നിർദേശപ്രകാരം പ്രവാചകൻ ഹനന്യയുടെ അടുക്കൽ മടങ്ങിവന്നു. എന്നിട്ട്, ദൈവം ജൂതരെ ബാബിലോൺ രാജാവിന്റെ അടിമത്തത്തിലാക്കുമെന്നും ഹനന്യ മരിക്കുമെന്നും യിരെമ്യ പ്രവചിച്ചു.—യിര 28:1-17.
12 സുവിശേഷവേലയിൽ നമ്മളും ധൈര്യത്തോടൊപ്പം ന്യായബോധം പ്രകടമാക്കാൻ ഈ നിശ്വസ്തരേഖ സഹായിക്കുന്നു. തിരുവെഴുത്തുകൾ ഉപയോഗിച്ച് നടത്തുന്ന ന്യായവാദം സ്വീകരിക്കാൻ ഒരു വീട്ടുകാരൻ തയ്യാറാകാതെ കോപിക്കുകയാണെങ്കിൽ, ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയാൽപ്പോലും, മര്യാദയോടെയും ബഹുമാനത്തോടെയും നമുക്ക് അവിടെനിന്ന് മറ്റൊരു വീട്ടിലേക്കു പോകാനാകും. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയെപ്രതി നമ്മൾ ആരോടും തർക്കിക്കേണ്ട ആവശ്യമില്ല. മറ്റുള്ളവർ നമ്മളോടു ‘തെറ്റു ചെയ്താലും സംയമനം പാലിക്കുന്നെങ്കിൽ’ മറ്റൊരു അവസരത്തിൽ അവരോടു സംസാരിക്കാനായേക്കും.—2 തിമൊഥെയൊസ് 2:23-25 വായിക്കുക; സുഭ 17:14.
ഏപ്രിൽ 24-30
ദൈവവചനത്തിലെ നിധികൾ | യിരെമ്യ 29–31
“പുതിയ ഉടമ്പടിയെക്കുറിച്ച് യഹോവ മുൻകൂട്ടിപ്പറഞ്ഞു”
(യിരെമ്യ 31:31) “ഇസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന കാലം ഇതാ വരുന്നു” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
it-1-E 524 ¶3-4
ഉടമ്പടി
പുതിയ ഉടമ്പടി. ബി.സി. ഏഴാം നൂറ്റാണ്ടിൽ യിരെമ്യ പ്രവാചകനിലൂടെ യഹോവ പുതിയ ഉടമ്പടിയെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞു. ആ ഉടമ്പടി ഇസ്രായേല്യർ ലംഘിച്ച നിയമ ഉടമ്പടിപോലെയായിരുന്നില്ല. (യിര 31:31-34) എ.ഡി. 33 നീസാൻ 14-ാം തീയതി, തന്റെ മരണത്തിന്റെ തലേരാത്രിയിൽ കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയപ്പോൾ യേശുക്രിസ്തു തന്റെ ബലിയിലൂടെ പ്രാബല്യത്തിൽ വരുന്ന പുതിയ ഉടമ്പടിയെക്കുറിച്ച് പ്രഖ്യാപിച്ചു. (ലൂക്ക 22:20) പുനരുത്ഥാനശേഷം 50-ാം ദിവസം, പിതാവിന്റെ അടുക്കലേക്കു പോയി 10 ദിവസം കഴിഞ്ഞപ്പോൾ, യഹോവയിൽനിന്ന് തനിക്കു ലഭിച്ച പരിശുദ്ധാത്മാവിനെ യേശു യരുശലേമിലെ മാളികമുറിയിൽ കൂടിയിരുന്ന ശിഷ്യന്മാരുടെ മേൽ പകർന്നു.—പ്രവൃ 2:1-4, 17, 33; 2കൊ 3:6, 8, 9; എബ്ര 2:3, 4.
ഈ പുതിയ ഉടമ്പടിയുടെ ഒരു കക്ഷി യഹോവയാണ്. “ദൈവത്തിന്റെ ഇസ്രായേൽ,” അതായത് ക്രിസ്തുവിന്റെ ശരീരമായിരിക്കുന്ന അല്ലെങ്കിൽ സഭയായിരിക്കുന്ന ആത്മാഭിഷിക്തരുടെ കൂട്ടമാണ്, മറ്റേ കക്ഷി. (എബ്ര 8:10; 12:22-24; ഗല 6:15, 16; 3:26-28; റോമ 2:28, 29) പുതിയ ഉടമ്പടി പ്രാബല്യത്തിൽ വന്നത് യേശു സ്വർഗാരോഹണം ചെയ്ത് തന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ മൂല്യം യഹോവയുടെ മുമ്പാകെ സമർപ്പിച്ചപ്പോഴാണ്. (മത്ത 26:28) സ്വർഗീയവിളിക്ക് ഒരാളെ തിരഞ്ഞെടുക്കുമ്പോൾ (എബ്ര 3:1), ക്രിസ്തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ അയാളെ പുതിയ ഉടമ്പടിയുടെ പങ്കാളിയാക്കുന്നു. (സങ്ക 50:5; എബ്ര 9:14, 15, 26) പുതിയ ഉടമ്പടിയുടെ മധ്യസ്ഥനും (എബ്ര 8:6; 9:15), അബ്രഹാമിന്റെ സന്തതിയുടെ മുഖ്യഭാഗവും യേശുക്രിസ്തുവാണ്. (ഗല 3:16) ഈ പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ എന്ന നിലയിൽ യേശു ഇതിലെ കക്ഷികളുടെ പാപങ്ങൾ ക്ഷമിച്ചുകൊണ്ട് അബ്രഹാമിന്റെ യഥാർഥ സന്തതിയുടെ ഭാഗമാകാൻ അവരെ സഹായിക്കുന്നു. (എബ്ര 2:16; ഗല 3:29) യഹോവ അവരെ നീതിമാന്മാരായി പ്രഖ്യാപിക്കുന്നു.—റോമ 5:1, 2; 8:33; എബ്ര 10:16, 17.
(യിരെമ്യ 31:32, 33) ഈജിപ്ത് ദേശത്തുനിന്ന് അവരുടെ പൂർവികരെ കൈപിടിച്ച് കൊണ്ടുവന്ന നാളിൽ ഞാൻ അവരുമായി ചെയ്ത ഉടമ്പടിപോലെയായിരിക്കില്ല ഇത്. ‘ഞാൻ അവരുടെ യഥാർഥത്തിലുള്ള യജമാനനായിരുന്നിട്ടും എന്റെ ആ ഉടമ്പടി അവർ ലംഘിച്ചല്ലോ’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.” “ആ നാളുകൾക്കു ശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ വെക്കും. അവരുടെ ഹൃദയത്തിൽ ഞാൻ അത് എഴുതും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആകും.”
jr-E 173-174 ¶11-12
പുതിയ ഉടമ്പടിയിൽനിന്ന് നിങ്ങൾക്കും പ്രയോജനം നേടാം
11 ഈ പുതിയ ഉടമ്പടിയുടെ സവിശേഷതകൾ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഈ ഉടമ്പടിയും മോശയ്ക്കു കൊടുത്ത നിയമ ഉടമ്പടിയും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം, അത് എവിടെ എഴുതിയിരിക്കുന്നു എന്നതാണ്. (യിരെമ്യ 31:33 വായിക്കുക.) നിയമ ഉടമ്പടിയിലെ പത്തു കല്പനകൾ കൽപ്പലകകളിലാണ് എഴുതിയിരുന്നത്. അതു ക്രമേണ അപ്രത്യക്ഷമായി. എന്നാൽ പുതിയ ഉടമ്പടിയിലെ നിയമം മനുഷ്യഹൃദയങ്ങളിൽ എഴുതുമെന്നു യിരെമ്യ പ്രവചിച്ചു. അത് എന്നേക്കും നിലനിൽക്കുമായിരുന്നു. പുതിയ ഉടമ്പടിയുടെ കക്ഷികളായ അഭിഷിക്തക്രിസ്ത്യാനികൾ ഈ നിയമം വളരെയധികം പ്രിയപ്പെടുന്നു. പുതിയ ഉടമ്പടിയിൽ നേരിട്ട് കക്ഷികളല്ലാത്ത, ഈ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള ‘വേറെ ആടുകൾ’ ഇതിനെ എങ്ങനെ കാണുന്നു? (യോഹ 10:16) ഇവരും ദൈവത്തിന്റെ നിയമം പ്രിയപ്പെടുന്നു. ഒരു അർഥത്തിൽ മോശയുടെ നിയമത്തിൽനിന്ന് പ്രയോജനം നേടിയ, ഇസ്രായേൽ ജനതകൾക്കിടയിലെ വിദേശികളെപ്പോലെയാണ് ഇവർ.—ലേവ 24:22; സംഖ 15:15.
12 ‘അഭിഷിക്തക്രിസ്ത്യാനികളുടെ ഹൃദയത്തിൽ ആലേഖനം ചെയ്തിരിക്കുന്ന നിയമം എന്താണ്’ എന്നു ചോദിച്ചാൽ നിങ്ങൾ എന്തു പറയും? ഈ നിയമത്തെ “ക്രിസ്തുവിന്റെ നിയമം” എന്നും വിളിക്കുന്നു. ഈ നിയമം ആദ്യം നൽകിയത് പുതിയ ഉടമ്പടിയിലെ കക്ഷികളായ ആത്മീയ ഇസ്രായേലിനാണ്. (ഗല 6:2; റോമ 2:28, 29) ‘ക്രിസ്തുവിന്റെ നിയമത്തെ’ ഒറ്റവാക്കിൽ നിങ്ങൾക്കു സംഗ്രഹിക്കാം: സ്നേഹം. (മത്ത 22:36-39) അഭിഷിക്തരുടെ ഹൃദയത്തിൽ ഈ നിയമം എഴുതുന്നത് എങ്ങനെയാണ്? ദൈവവചനത്തിന്റെ പഠനത്തിലൂടെയും യഹോവയോടുള്ള പ്രാർഥനയിലൂടെയും ആണ് അതു മുഖ്യമായും സാധ്യമാകുന്നത്. സത്യാരാധനയുടെ ഈ സവിശേഷതകൾ എല്ലാ സത്യക്രിസ്ത്യാനികളുടെയും ജീവിതത്തിലെ അവിഭാജ്യഘടകങ്ങളായിരിക്കണം. പുതിയ ഉടമ്പടിയുടെ കക്ഷികളല്ലെങ്കിലും അതിൽനിന്ന് പ്രയോജനം നേടാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിലും ഇതു സത്യമാണ്.
(യിരെമ്യ 31:34) “അവർ ആരും പിന്നെ അവരുടെ അയൽക്കാരനെയോ സഹോദരനെയോ ‘യഹോവയെ അറിയൂ!’ എന്ന് ഉപദേശിക്കില്ല. കാരണം, ചെറിയവൻമുതൽ വലിയവൻവരെ അവർ എല്ലാവരും എന്നെ അറിയുന്നവരായിരിക്കും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ അവരുടെ തെറ്റു ക്ഷമിക്കും; അവരുടെ പാപം പിന്നെ ഓർക്കുകയുമില്ല.”
jr-E 177 ¶18
പുതിയ ഉടമ്പടിയിൽനിന്ന് നിങ്ങൾക്കും പ്രയോജനം നേടാം
18 പാപികളായ മനുഷ്യരോട് യഹോവ ഇടപെടുന്നതിന്റെ ഒരു സവിശേഷതയാണ് പുതിയ ഉടമ്പടി എടുത്തുകാണിക്കുന്നത്. ഇതിൽനിന്ന് ഈ ഉടമ്പടിയിലെ കക്ഷികളായ അഭിഷിക്തരും, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരും പ്രയോജനം നേടുന്നു. നിങ്ങളുടെ പാപം ഒരിക്കൽ യഹോവ ക്ഷമിച്ചാൽ പിന്നീടൊരിക്കലും അത് ഓർക്കില്ലെന്ന് ഉറപ്പുണ്ടായിരിക്കാം. പുതിയ ഉടമ്പടിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം നമ്മളെ ഓരോരുത്തരെയും സുപ്രധാനമായ ഒരു പാഠം പഠിപ്പിക്കുന്നു. സ്വയം ഇങ്ങനെ ചോദിക്കുക: ‘എന്നെ വേദനിപ്പിച്ചവരോട് ഞാൻ ക്ഷമിച്ചെന്നു പറഞ്ഞാൽ അതിന്റെ ഒരു കണികപോലും മനസ്സിൽ സൂക്ഷിക്കാതെ യഹോവയെപ്പോലെ ഞാൻ അതു വിട്ടുകളയുന്നുണ്ടോ?’ (മത്ത 6:14, 15) ഇതിൽ ചെറിയ പിഴവുകൾമുതൽ ഇണയുടെ വ്യഭിചാരംപോലുള്ള ഗുരുതരമായ പാപങ്ങൾവരെ ഉൾപ്പെടുന്നു. വ്യഭിചാരം ചെയ്തെങ്കിലും മാനസാന്തരപ്പെടുന്ന ഇണയോട് മറ്റേ ഇണ ക്ഷമിക്കാമെന്നു വാക്കു കൊടുത്താൽ, ‘ആ തെറ്റ് പിന്നീട് ഓർക്കുന്നത്’ ശരിയാണോ? മറ്റുള്ളവരുടെ തെറ്റുകൾ മറക്കാൻ അത്ര എളുപ്പമല്ല എന്നതു ശരിയാണ്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ നമ്മൾ യഹോവയെ അനുകരിക്കുകയാണ്.
ആത്മീയമുത്തുകൾക്കായി കുഴിക്കുക
(യിരെമ്യ 29:10) “യഹോവ പറയുന്നത് ഇതാണ്: ‘ബാബിലോണിൽ ചെന്ന് 70 വർഷം തികയുമ്പോൾ ഞാൻ നിങ്ങളിലേക്കു ശ്രദ്ധ തിരിക്കും. നിങ്ങളെ ഇവിടേക്കു തിരികെ കൊണ്ടുവന്നുകൊണ്ട് ഞാൻ എന്റെ വാഗ്ദാനം പാലിക്കും.’
g-E 6/12 14 ¶1-2
ബൈബിൾ—കൃത്യതയുള്ള പ്രവചനങ്ങളുടെ ഒരു പുസ്തകം, ഭാഗം 2
നിവൃത്തി: ബി.സി. 607 മുതൽ 537 വരെയുള്ള 70 വർഷത്തെ പ്രവാസത്തിനു ശേഷം പേർഷ്യയിലെ കോരെശ് രാജാവ് ജൂതരായ ബന്ദികളെ അവരുടെ സ്വദേശമായ യരുശലേമിലേക്കു തിരിച്ചുപോകാനും ദേവാലയം പുനർനിർമിക്കാനും അനുവദിച്ചു.—എസ്ര 1:2-4.
ചരിത്രത്തിനു പറയാനുള്ളത്:
● ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതുപോലെ ഇസ്രായേല്യർ ബാബിലോണിൽ 70 വർഷം ബന്ദികളായി കഴിഞ്ഞോ? ഇസ്രായേലിലെ ഒരു പുരാവസ്തുഗവേഷകനായ എഫ്രയീം സ്റ്റേൺ പറഞ്ഞതു ശ്രദ്ധിക്കുക: “ബി.സി. 604 മുതൽ ബി.സി. 538 വരെയുള്ള കാലയളവിലെ ഒരു തെളിവും അവിടെ കണ്ടെത്താനായില്ല. ബാബിലോണിയർ നശിപ്പിച്ച ഒരൊറ്റ പട്ടണത്തിൽപ്പോലും ആ സമയത്ത് ആരും താമസിച്ചില്ല.” ബാബിലോണിയർ ആക്രമിച്ച പ്രദേശങ്ങളിൽ ആരും താമസിച്ചിട്ടില്ലെന്നു പറയുന്ന ഈ കാലയളവ് ബി.സി. 607 മുതൽ 537 വരെ ഇസ്രായേല്യർ ബാബിലോണിൽ പ്രവാസികളായിരുന്ന സമയത്തോട് ഏറെക്കുറെ അടുത്തുവരുന്നു.—2 ദിനവൃത്താന്തം 36:20, 21.