സ്നേഹം പ്രഥമദർശനത്തിൽ—പിന്നെ സർവ്വദാ!
“ജനിച്ചു വീണ ശിശുക്കളെ നിങ്ങൾ നിരീക്ഷിക്കുന്നപക്ഷം, അവർ അത്യന്തം ഉണർവ്വുള്ളവരും പരിസര ബോധമുള്ളവരുമാണ്” എന്നു ന്യൂയോർക്കിലെ ആൽബേർട്ട് ഐൻസ്ററിൻ കോളജ് ഓഫ് മെഡിസിനിലെ ഡോ. സെസിലിയ മക്കാർട്ടൺ കുറിക്കൊള്ളുന്നു. “തങ്ങളുടെ അമ്മമാരോടു അവർ പ്രതികരിക്കുന്നു. ശബ്ദത്തിനുനേരെ അവർ തിരിയുന്നു. തങ്ങളുടെ അമ്മയുടെ മുഖത്തു അവർ ദൃഷ്ടിയുറപ്പിക്കുന്നു.” അമ്മ തന്റെ കുഞ്ഞുമായി ദൃഷ്ടിസമ്പർക്കം സ്ഥാപിക്കുകയും ചെയ്യുന്നു. ഇതു പ്രഥമദർശനത്തിൽ തന്നെയുള്ള സ്നേഹമാണ്—അവരിരുവർക്കുമിടയിൽ!
അമ്മയുടെയും കുഞ്ഞിന്റെയും ഇന്ദ്രിയങ്ങളെ മന്ദീഭവിപ്പിക്കുന്ന മരുന്നുകൾ കൂടാതെ, പ്രസവം സ്വാഭാവികമായി നടക്കുകയാണെങ്കിൽ അമ്മയും കുഞ്ഞും തമ്മിൽ ഉററബന്ധത്തിലേക്കു വരുന്ന ഈ നിമിഷം സ്വാഭാവികമായി ഉണ്ടാകുന്നതാണ്. അവന്റെ കരച്ചിലുകൾ അവളുടെ പാലുത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. അവളുടെ ത്വക്കിനെതിരെയുള്ള അവന്റെ ത്വക്കിന്റെ സ്പർശം അവളുടെ പ്രസവാനന്തര രക്തസ്രവത്തെ ലഘൂകരിക്കുന്ന ഒരു ഹോർമോൺ പുറപ്പെടുവിക്കുന്നു. അമ്മയുടെ ശ്രദ്ധയെ ആകർഷിക്കാൻ കരച്ചിൽ, നുകരൽ, പ്രലാപങ്ങൾ, ഗളഗളശബ്ദം വെയ്ക്കൽ, ചിരി, ഹർഷോൻമത്തമായ കാലിട്ടടി എന്നിങ്ങനെ സ്നേഹം ഉറപ്പുവരുത്തുന്നതിനുള്ള തലച്ചോറിലെ ആസൂത്രണങ്ങൾ സഹിതമാണു ശിശു ജനിക്കുന്നത്. മുഖ്യമായി അമ്മയോടുള്ള പ്രതിപത്തി സ്നേഹത്തിന്റെയും, കരുതലിന്റെയും, ആശ്രയത്വത്തിന്റെയും ബോധം വളർത്തിയെടുക്കാൻ കുഞ്ഞിനെ പ്രാപ്തമാക്കുന്നു. പെട്ടെന്നുതന്നെ പ്രതിപത്തിയുള്ള വ്യക്തിയെന്ന നിലയിൽ അച്ഛൻ പ്രസക്തനായിത്തീരുന്നു. അദ്ദേഹത്തിന്റെ ബന്ധങ്ങൾ അമ്മയുടെ ബന്ധങ്ങളിലെ ഗാഢസൗഹൃദത്തിന്റെ അഭാവമുണ്ടെങ്കിലും ഒരു പ്രധാനപ്പെട്ട മാനം കൂട്ടിച്ചേർക്കുന്നു: അദ്ദേഹം തോണ്ടുകയും കിക്കിളിക്കൊള്ളിക്കുകയും മൃദുലമായ ശബ്ദത്തോടെ കളിപ്പിക്കുകയും ചെയ്യുമ്പോൾ ആവേശപൂർവ്വമായ ചിരിയോടെയും പുളെച്ചിലോടെയും ശിശു പ്രതികരിക്കുന്നു.
നവജാതശിശുക്കളെ കൈയിലെടുത്തു പുണരുന്നതു പോഷകാഹാരം പോലെയാണെന്നു ഡോ. റിച്ചാർഡ് റെസ്ററാക്ക് റിപ്പോർട്ടു ചെയ്യുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു, “സ്പർശനം സാധാരണ ശിശുവളർച്ചക്കു ഭക്ഷണവും പ്രാണവായുവും പോലെതന്നെ ആവശ്യമുള്ളതാണ്. അമ്മ ശിശുവിന്റെ നേരെ തന്റെ കൈകൾ നീട്ടുകയും ചേർത്തുകിടത്തുകയും ജീവശാസ്ത്രപരമായ മാനസികപ്രക്രിയകളുടെ ഒരു വ്യൂഹംതന്നെ പരസ്പരചേർച്ചയിൽ കൊണ്ടുവരപ്പെടുകയും ചെയ്യുന്നു.” ഈ പെരുമാററത്താൽ അക്ഷരീയ തലച്ചോർ പോലും “ഉയർച്ചതാഴ്ചകളുടെ ഒരു വ്യത്യസ്ത സ്വഭാവം” വികസിപ്പിക്കുന്നു.
സ്നേഹബന്ധരാഹിത്യത്തിനെതിരെ ജാഗ്രത പുലർത്തുക
ജനനസമയത്ത് അമ്മയും കുഞ്ഞും തമ്മിലുള്ള ഈ സ്നേഹബന്ധം ഉണ്ടായില്ലെങ്കിൽ അതു ആപൽകരമാണെന്നു ചിലർ സൂചിപ്പിച്ചിട്ടുണ്ട്. അതു ശരിയല്ല. വാത്സല്യപൂർവ്വകമായ മാതൃത്വത്തിൽ തുടർന്നുവരുന്ന വാരങ്ങളിൽ, ബന്ധത്തെ ഭദ്രമാക്കുന്ന നൂറുകണക്കിനു ഗാഢസൗഹൃദത്തിന്റെ നിമിഷങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ കുറച്ചു നീണ്ട കാലഘട്ടത്തേയ്ക്കുള്ള ഇത്തരം ഗാഢസൗഹൃദങ്ങളുടെ നിരസനം ദാരുണമായ പരിണതഫലങ്ങളിലേക്കു നയിച്ചേക്കാം. “നമ്മുടെ ജീവിതത്തിലുടനീളം നമുക്കു പരസ്പരാവശ്യമുണ്ടെങ്കിലും ആ ആവശ്യകത അതീവ തീവ്രമായിരിക്കുന്നത് ആദ്യവർഷത്തിലാണ്. വെളിച്ചം, മനുഷ്യമുഖത്തു തുറിച്ചുനോക്കാനുള്ള അവസരം, കോരിയെടുക്കപ്പെടുന്നതിലും ആശ്ലേഷിക്കുന്നതിലും, കൊഞ്ചിയുള്ള സംസാരത്തിലും, പുകഴ്ച കോരിച്ചൊരിയുന്നതിലും, സ്പർശിക്കപ്പെടുന്നതിലുമുള്ള സന്തോഷം എന്നിവ കൊടുക്കാതിരിക്കുക—അപ്പോൾ ഒരു കുഞ്ഞ് അവ പൊറുക്കുന്നില്ല” എന്നു ഡോ. റെസ്ററാക്ക് നമ്മോടു പറയുന്നു.
കുഞ്ഞുങ്ങൾ പല കാരണങ്ങളാൽ കരയുന്നു. സാധാരണയായി അവർക്കു ശ്രദ്ധയാവശ്യമാണ്. ഒരു നിശ്ചിത സമയത്തിനുശേഷം അവരുടെ കരച്ചിലിനോടു പ്രതികരിച്ചില്ലെങ്കിൽ അവർ കരച്ചിൽ നിർത്തിയേക്കാം. തങ്ങളുടെ പരിപാലക പ്രതികരിക്കുന്നില്ലെന്ന് അവർക്കു തോന്നുന്നു. അവർ വീണ്ടും കരയുന്നു. എന്നിട്ടും പ്രതികരണമില്ലെങ്കിൽ തങ്ങൾ അവഗണിക്കപ്പെട്ടവരും അരക്ഷിതരും ആണെന്ന് അവർക്കു തോന്നുന്നു. പിന്നെ അവർ കൂടുതൽ ശക്തമായി ശ്രമിക്കുന്നു. ഇതു അധിക സമയത്തേക്കു തുടർന്നു പോവുകയും കൂടെക്കൂടെ ആവർത്തിക്കുകയും ചെയ്താൽ താൻ ഉപേക്ഷിക്കപ്പെട്ടതായി അതിനു തോന്നും. അത് ആദ്യം കോപിക്കുന്നു, രോഷാകുലനാവുക പോലും ചെയ്യുന്നു, പിന്നീടു ശ്രമം ഉപേക്ഷിക്കുന്നു. അകൽച്ച ഉളവാകുന്നു. സ്നേഹം ലഭിക്കാത്തതിനാൽ അതു സ്നേഹിക്കാൻ പഠിക്കുന്നില്ല. മനസ്സാക്ഷി പുഷ്ടിപ്പെടുന്നില്ല. അത് ആരെയും വിശ്വസിക്കുന്നില്ല, ആരെയും വകവെക്കുന്നുമില്ല. അതൊരു കുഴപ്പക്കാരൻ കുട്ടിയും, അങ്ങേയററത്തെ കേസുകളിൽ കുററകൃത്യങ്ങളെപ്പററി പശ്ചാത്താപം തോന്നാൻ കഴിവില്ലാത്ത, സന്ദേഹവും അകാരണഭീതിയുമുള്ള മാനസികരോഗിയുമായിത്തീരുന്നു.
പ്രഥമദർശനത്തിലെ സ്നേഹം അതിന്റെ അവസാനമല്ല. അതു പിന്നീട് എന്നും തുടരേണ്ടതാണ്. വാക്കുകളിൽ മാത്രമല്ല, പ്രവൃത്തികളിലും. “നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.” (1 യോഹന്നാൻ 3:18) അനവധി ആശ്ലേഷങ്ങളും ചുംബനങ്ങളും. ആരംഭം മുതൽതന്നെ, വളരെ വൈകുന്നതിനുമുമ്പ്, ദൈവത്തിന്റെ വചനമായ ബൈബിളിലെ യഥാർത്ഥ മൂല്യങ്ങൾ പഠിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുക. അപ്പോൾ തിമൊഥെയോസിനെപ്പോലെ തന്നെ നിങ്ങളുടെ കുട്ടികളും ആയിരിക്കും: “ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യം മുതൽ നീ അറിഞ്ഞിരിക്കുന്നു.” (2 തിമൊഥെയോസ് 3:15) ദൈനംദിനം അവരോടൊത്തു സമയം ചെലവഴിക്കുക, ബാല്യകാലത്തും ഇളംപ്രായത്തിലുടനീളവും തന്നെ. “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കുകയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”—ആവർത്തനം 6:6, 7.
‘ഞങ്ങൾ കരഞ്ഞേക്കാം, എന്നാൽ അതു നൻമക്കാണ്’
ശിക്ഷണം അനേകരെ സംബന്ധിച്ചും ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ്. എന്നിരുന്നാലും, നന്നായി ശിക്ഷണം കൊടുക്കപ്പെടുമ്പോൾ, അതു മാതാപിതാക്കളുടെ സ്നേഹത്തിന്റെ ഒരു സുപ്രധാനഭാഗമാണ്. ഒരു കൊച്ചുപെൺകുട്ടി ഇതു തിരിച്ചറിഞ്ഞു. “അമ്മക്ക്, ഒരു നല്ല സ്ത്രീക്ക്” എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അവൾ ഒരു കാർഡുണ്ടാക്കി. അവൾ സുവർണ്ണ സൂര്യനെയും പറക്കുന്ന പക്ഷികളെയും ചുവന്ന പൂക്കളെയും ചായപ്പെൻസിലിൽ വരച്ചുകൊണ്ട് അത് അലങ്കരിച്ചു. കാർഡ് ഇങ്ങനെ വായിക്കപ്പെട്ടു: “ഇത് അമ്മയ്ക്കാണ്, കാരണം ഞങ്ങളെല്ലാം അമ്മയെ സ്നേഹിക്കുന്നു. ഒരു കാർഡുണ്ടാക്കിക്കൊണ്ടു ഞങ്ങളുടെ വിലമതിപ്പു പ്രകടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾക്കു കുറഞ്ഞ മാർക്കുള്ളപ്പോൾ അമ്മ ഞങ്ങളുടെ പേപ്പറിൽ ഒപ്പിടുന്നു. ഞങ്ങൾ ചീത്തയായിരിക്കുമ്പോൾ അമ്മ ഞങ്ങളെ അടിക്കുന്നു. ഞങ്ങൾ കരഞ്ഞേക്കാം, എന്നാൽ അതു ഞങ്ങളുടെ നൻമക്കാണ് . . . അമ്മയെ ഞാൻ വളരെ വളരെ സ്നേഹിക്കുന്നുവെന്നു പറയാൻ മാത്രമാണ് ഞാനാഗ്രഹിക്കുന്നത്. അമ്മ എനിക്കുവേണ്ടി ചെയ്യുന്ന എല്ലാററിനും നന്ദി. സ്നേഹവും ചുംബനങ്ങളും. [ഒപ്പ്] മിഷെൽ.”
മിഷെൽ സദൃശവാക്യങ്ങൾ 13:24-നോടു യോജിക്കുന്നു: “വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു (ശിക്ഷണം നൽകുന്നു, NW).” അധികാരത്തെ സൂചിപ്പിക്കുന്ന വടിയുടെ ഉപയോഗത്തിൽ അടിക്കുന്നത് ഉൾപ്പെട്ടേക്കാം, എന്നാൽ പലപ്പോഴും അതുൾപ്പെടുന്നില്ല. വ്യത്യസ്ത കുട്ടികൾക്ക്, വ്യത്യസ്ത ദുഷ്പെരുമാററങ്ങൾക്ക് വ്യത്യസ്ത ശിക്ഷണങ്ങൾ ആവശ്യമാണ്. സ്നേഹപൂർവ്വം നൽകപ്പെടുന്ന ഒരു ശാസന മതിയായേക്കാം; നിർബന്ധബുദ്ധിക്ക് ശക്തിയേറിയ മരുന്നാവശ്യമായിവന്നേക്കാം: “ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നത് അധികം ഫലിക്കും.” (സദൃശവാക്യങ്ങൾ 17:10) “ദാസനെ (അഥവാ ഒരു ബാലനെ) ഗുണീകരിപ്പാൻ വാക്കുമാത്രം പോരാ; അവൻ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ” എന്നതും ബാധകമാണ്.—സദൃശവാക്യങ്ങൾ 29:19.
ബൈബിളിൽ “ശിക്ഷണം നൽകുക” എന്ന വാക്കു അർത്ഥമാക്കുന്നതു പ്രബോധിപ്പിക്കുക, പരിശീലിപ്പിക്കുക, ശാസിച്ചു നേരേയാക്കുക എന്നിങ്ങനെയാണ്—സ്വഭാവം തിരുത്താൻ സഹായിക്കുമെങ്കിൽ അടി ഉൾപ്പെടുത്തിക്കൊണ്ടുതന്നെ. എബ്രായർ 12:11 അതിന്റെ ഉദ്ദേശ്യം പ്രകടമാക്കുന്നു: “ഏതു ശിക്ഷയും (ശിക്ഷണം, NW) തൽക്കാലം സന്തോഷകരമല്ല, ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും.” മാതാപിതാക്കൾ തങ്ങളുടെ ശിക്ഷണത്തിൽ അമിതമായി പരുഷരായിരിക്കാൻ പാടില്ല: “പിതാക്കൻമാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിനു അവരെ കോപിപ്പിക്കരുതു.” (കൊലൊസ്സ്യർ 3:21) അതേസമയം അവർക്കു അമിതമായി സ്വാതന്ത്ര്യം നൽകാനും പാടില്ല: “വടിയും ശാസനയും ജ്ഞാനത്തെ നൽകുന്നു. തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജവരുത്തുന്നു.” (സദൃശവാക്യങ്ങൾ 29:15) അനുവാദാത്മകത പറയുന്നതു, ‘നിന്റെ ഇഷ്ടംപോലെ ചെയ്യുക; എന്നെ അലട്ടരുത്,’ ശിക്ഷണം പറയുന്നതു, ‘ശരിയായതു ചെയ്യുക; ഞാൻ നിന്നെക്കുറിച്ചു കരുതുന്നു.’
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊൻപതു ഓഗസ്ററ് 7-ലെ യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് ഉചിതമായി ഇങ്ങനെ പറഞ്ഞു: “പരുഷമായി ശിക്ഷിക്കുന്നവരല്ല, മറിച്ച് കണിശമായ അതിരുകൾ വെക്കുന്നതിൽ ദൃഢതയുള്ളവരും അതിനോടു പററിനിൽക്കുന്നവരുമായ മാതാപിതാക്കൾക്കാണ് വിശേഷാൽ ഉന്നതനേട്ടക്കാരും മററുള്ളവരോടു നന്നായി ഇണങ്ങിപ്പോകുന്നവരുമായ മക്കളെ ഉളവാക്കാൻ കൂടുതൽ സാദ്ധ്യതയുള്ളത്.” അതിന്റെ ഉപസംഹാരത്തിൽ ലേഖനം ഇങ്ങനെ പ്രസ്താവിച്ചു: “ഒരുപക്ഷേ, സകല ശാസ്ത്രീയ വിവരങ്ങളിൽ നിന്നും ഉരുത്തിരിയേണ്ട ശ്രദ്ധേയമായ വിഷയം ഓരോ കുടുംബത്തിനുമുള്ളിൽ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സ്വീകാര്യമായ പരിധികളുടെയും ഒരു മാതൃക സ്ഥാപിക്കുന്നതാണു പ്രാധാന്യമുള്ള സംഗതി എന്നതാണ്, അല്ലാതെ അനവധി സാങ്കേതിക വിശദാംശങ്ങളല്ല. ശിക്ഷണത്തിന്റെ യഥാർത്ഥ ലക്ഷ്യം അച്ചടക്കമില്ലാത്ത കുട്ടികളെ ശിക്ഷിക്കുക എന്നതല്ല, മറിച്ച്, അവരെ പഠിപ്പിക്കുകയും വഴികാട്ടുകയും ആന്തരിക നിയന്ത്രണങ്ങൾ ഉൾനടുന്നതിനു സഹായിക്കുകയും ചെയ്യുക എന്നതാണ്.”
നിങ്ങൾ പറയുന്നതു അവർ കേൾക്കുന്നു, നിങ്ങൾ ചെയ്യുന്നതു അവർ പകർത്തുന്നു
ദി അററ്ലാൻറിക്ക് മന്ത്ലിയിൽ ശിക്ഷണത്തെക്കുറിച്ച് ഒരു ലേഖനത്തിന് ഈ മുഖവുരയാണുണ്ടായിരുന്നത്: “തങ്ങൾ പഠിപ്പിക്കുന്ന മൂല്യങ്ങൾ അനുസരിച്ചു മാതാപിതാക്കൾ ജീവിച്ചാൽ മാത്രമേ തങ്ങളുടെ കുട്ടി നന്നായി പെരുമാറുമെന്നു പ്രതീക്ഷിക്കാൻ കഴിയൂ.” ലേഖനം ആന്തരിക നിയന്ത്രണങ്ങളുടെ മൂല്യം തുടർന്നിങ്ങനെ വ്യക്തമാക്കി: “നന്നായി പെരുമാറിയ കൗമാരപ്രായക്കാർ തങ്ങൾക്ക്, ഉത്തരവാദിത്വമുള്ളവരും നേരുള്ളവരും ആത്മശിക്ഷണം നേടിയവരും തങ്ങൾക്ക് ഉള്ളതായി അവകാശപ്പെട്ടതും അനുകരിക്കാൻ തങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിച്ചതുമായ മൂല്യങ്ങളനുസരിച്ചു ജീവിച്ച മാതാപിതാക്കളുണ്ടായിരിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു. ഒരു പരിശോധനയുടെ ഭാഗമായി, നല്ല കൗമാരപ്രായക്കാർ കുഴപ്പക്കാരായവരുമൊത്ത് ഇടപഴകാൻ അനുവദിക്കപ്പെട്ടപ്പോൾ അവരുടെ പെരുമാററം സ്ഥായിയായി ബാധിക്കപ്പെട്ടില്ല. അവർ തങ്ങളുടെ മാതാപിതാക്കളുടെ മൂല്യങ്ങൾ അത്യന്തം രൂഢമൂലമായി ഉൾക്കൊണ്ടിരുന്നു.” ഇത് ഈ സദൃശവാക്യം പറയുന്നതുപോലെയാണെന്നു തെളിഞ്ഞു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.”—സദൃശവാക്യങ്ങൾ 22:6.
തങ്ങളുടെ കുട്ടികളിൽ യഥാർത്ഥമൂല്യങ്ങൾ നിവേശിപ്പിക്കാൻ ശ്രമിച്ച, എന്നാൽ സ്വയം അവ അനുസരിക്കാഞ്ഞ മാതാപിതാക്കൾ വിജയിച്ചില്ല. അവരുടെ കുട്ടികൾക്ക് “ആ മൂല്യങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.” “തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിച്ച മൂല്യങ്ങളോടു എത്ര യോജിപ്പിൽ മാതാപിതാക്കൾ ജീവിച്ചു എന്നതായിരുന്നു ഇതിലെ വ്യത്യാസ”മെന്നു പഠനം തെളിയിച്ചു.
ഇത് എഴുത്തുകാരനായ ജയിംസ് ബാൾഡ്വിൻ പറഞ്ഞതുപോലെയാണെന്നു തെളിഞ്ഞു: “കുട്ടികൾ തങ്ങളുടെ മുതിർന്നവരെ ഒരിക്കലും വളരെ നന്നായി ശ്രദ്ധിച്ചിട്ടില്ല, എന്നാൽ അവരെ അനുകരിക്കുന്നതിൽ അവർ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല.” നിങ്ങൾ നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുകയും യഥാർത്ഥ മൂല്യങ്ങൾ അവരെ പഠിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഏററവും ഉത്തമമായ മാർഗ്ഗം ഉപയോഗിക്കുക: നിങ്ങൾ സ്വന്തം പഠിപ്പിക്കലുകൾക്കു മാതൃകയായിരിക്കൂ. കപടഭക്തിക്കാരെന്നു യേശു കുററം വിധിച്ച പരീശൻമാരെപ്പോലെയും ശാസ്ത്രിമാരെപ്പോലെയും ആയിരിക്കരുത്: “ആകയാൽ അവർ നിങ്ങളോടു പറയുന്നതൊക്കെയും പ്രമാണിച്ചു ചെയ്വിൻ; അവരുടെ പ്രവൃത്തിപോലെ ചെയ്യരുതു താനും.” (മത്തായി 23:3) അല്ലെങ്കിൽ അപ്പൊസ്തലനായ പൗലോസ് “ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? ‘മോഷ്ടിക്കരുതു’ എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?” എന്നു കുററപ്പെടുത്തിക്കൊണ്ടു ചോദിച്ചവരെപ്പോലെയും ആയിരിക്കരുത്.—റോമർ 2:21.
ബൈബിൾ പഴഞ്ചനാണെന്നും അതിലെ മാർഗ്ഗനിർദ്ദേശങ്ങൾ അപ്രായോഗികമാണെന്നും പറഞ്ഞുകൊണ്ട് അനേകർ ഇന്നു അതിനെ തള്ളിക്കളയുന്നു. ആ നിലപാടിനെ യേശു ഈ വാക്കുകളിൽ വെല്ലുവിളിക്കുന്നു: “ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.” (ലൂക്കോസ് 7:35) അനേക രാജ്യങ്ങളിൽ നിന്നുള്ള കുടുംബങ്ങളുടെ തുടർന്നുവരുന്ന വിവരണങ്ങൾ അവന്റെ വാക്കുകൾ സത്ത്യമാണെന്നു തെളിയിക്കുന്നു. (g91 9⁄22)
[7-ാം പേജിലെ ചിത്രം]
അമ്മയോടുള്ള ഒരു കുഞ്ഞിന്റെ അടുത്ത ബന്ധം വൈകാരികമായി വികസിക്കാൻ അതിനെ സഹായിക്കുന്നു
[8-ാം പേജിലെ ചിത്രം]
കുഞ്ഞിനോടൊപ്പമുള്ള അച്ഛന്റെ സമയവും മർമ്മപ്രധാനമാണ്