കുടുംബജീവിതത്തിൽ ദൈവസമാധാനം പിന്തുടരുവിൻ
“ജനതകളുടെ കുടുംബങ്ങളേ, മഹത്ത്വവും ശക്തിയും യഹോവയ്ക്കു കൊടുപ്പിൻ, യഹോവയ്ക്കു കൊടുപ്പിൻ.”—സങ്കീർത്തനം 96:7, NW.
1. യഹോവ കുടുംബജീവിതത്തിന് ഏതു വിധത്തിൽ തുടക്കമിട്ടു?
യഹോവ ആദ്യമനുഷ്യനെയും സ്ത്രീയെയും വിവാഹത്തിൽ ഐക്യപ്പെടുത്തിയപ്പോൾ കുടുംബജീവിതത്തിന് സമാധാനപൂർണവും സന്തുഷ്ടവുമായ ഒരു തുടക്കമാണിട്ടത്. വാസ്തവത്തിൽ, ആദാം അങ്ങേയറ്റം സന്തുഷ്ടനായിരുന്നു, ഒരു കവിത ചൊല്ലിക്കൊണ്ടാണ് അവൻ തന്റെ സന്തോഷം പ്രകടിപ്പിച്ചത്. രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും പഴക്കംചെന്ന ആ കവിത ഇതാണ്: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും.”—ഉല്പത്തി 2:23.
2. മനുഷ്യമക്കൾക്കു സന്തുഷ്ടി വരുത്തുന്നതുകൂടാതെ വിവാഹത്തെ സംബന്ധിച്ചു ദൈവത്തിനു മറ്റെന്ത് ഉദ്ദേശ്യവുമുണ്ടായിരുന്നു?
2 ദൈവം വിവാഹവും കുടുംബക്രമീകരണവും ഏർപ്പെടുത്തിയപ്പോൾ, തന്റെ മനുഷ്യമക്കൾക്കു സന്തുഷ്ടി കൈവരുത്തുക എന്നതു മാത്രമായിരുന്നില്ല അവന്റെ ഉദ്ദേശ്യം. അവർ തന്റെ ഹിതം പ്രവർത്തിക്കണമെന്ന് അവൻ ആഗ്രഹിച്ചു. ദൈവം ആദ്യ ജോഡിയോടു പറഞ്ഞു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.” (ഉല്പത്തി 1:28) തീർച്ചയായും പ്രതിഫലദായകമായ ഒരു നിയമനംതന്നെ. ആ ആദ്യ വിവാഹിത ദമ്പതികളായ ആദാമും ഹവ്വായും അനുസരണയോടെ യഹോവയുടെ ഹിതം നിവർത്തിച്ചിരുന്നെങ്കിൽ, അവരും ഭാവി സന്താനങ്ങളും എത്ര സന്തുഷ്ടരാകുമായിരുന്നു!
3. ദൈവഭക്തിയോടെ ജീവിക്കാൻ കുടുംബങ്ങൾക്ക് എന്താവശ്യമാണ്?
3 ഒരുമയോടെ ദൈവഹിതം നിവർത്തിക്കാൻ ശ്രമിക്കുമ്പോഴാണു കുടുംബങ്ങൾ ഇന്നും അങ്ങേയറ്റം സന്തുഷ്ടി അനുഭവിക്കുന്നത്. അത്തരം അനുസരണമുള്ള കുടുംബങ്ങൾക്ക് എത്ര ശ്രേഷ്ഠമായ പ്രതീക്ഷകളാണുള്ളത്! പൗലൊസ് അപ്പോസ്തലൻ എഴുതി: “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.” (1 തിമൊഥെയൊസ് 4:8) ശരിയായ ദൈവഭക്തിയോടെ ജീവിക്കുന്ന കുടുംബങ്ങൾ യഹോവയുടെ വചനത്തിലെ തത്ത്വങ്ങൾ പിൻപറ്റി അവന്റെ ഹിതം നിവർത്തിക്കുന്നു. അവർ ദൈവസമാധാനം പിൻപറ്റുകയും അങ്ങനെ ‘ഇപ്പോഴത്തെ ജീവിത’ത്തിൽ സന്തുഷ്ടി കണ്ടെത്തുകയും ചെയ്യുന്നു.
കുടുംബജീവിതം അപകടത്തിൽ
4, 5. ലോകവ്യാപകമായി കുടുംബജീവിതം ഇപ്പോൾ അപകടത്തിലായിരിക്കുന്നുവെന്നു പറയാവുന്നതെന്തുകൊണ്ട്?
4 സ്വാഭാവികമായും, എല്ലാ കുടുംബങ്ങളിലും നാം സമാധാനവും സന്തുഷ്ടിയും കണ്ടെത്തുന്നില്ല. ജനസംഖ്യാ സമിതി എന്നറിയപ്പെടുന്ന ഒരു ജനസംഖ്യാശാസ്ത്ര സ്ഥാപനം നടത്തിയ പഠനത്തെ ഉദ്ധരിച്ചുകൊണ്ട്, ദ ന്യൂയോർക്ക് ടൈംസ് പ്രസ്താവിക്കുന്നു: “സമ്പന്നവും ദരിദ്രവുമായ രാജ്യങ്ങളിൽ ഒരുപോലെ, കുടുംബജീവിതത്തിന്റെ ഘടനയ്ക്കു കാര്യമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.” ഈ പഠനത്തിന്റെ രചയിതാക്കളിലൊരാൾ ഇങ്ങനെ പറയുന്നതായി ഉദ്ധരിക്കപ്പെട്ടു: “കുടുംബം ഭദ്രതയുള്ളതും പരസ്പരം ഒട്ടിനിൽക്കുന്നതുമായ ഒരു ഘടകമാണെന്നും അതിൽ പിതാവ് സാമ്പത്തിക ദാതാവും മാതാവ് വൈകാരിക പരിപാലനദാത്രിയുമായി സേവിക്കുകയാണെന്നുമുള്ള ആശയം ഒരു മിഥ്യയാണ്. അവിവാഹിത മാതൃത്വം, ഉയരുന്ന വിവാഹമോചന നിരക്ക്, ചെറിയ കുടുംബങ്ങൾ . . . ഇത്യാദി പ്രവണതകൾ ലോകവ്യാപകമാണെന്നതാണ് യാഥാർഥ്യം.” അത്തരം പ്രവണതകൾനിമിത്തം, ദശലക്ഷക്കണക്കിനു കുടുംബങ്ങളിൽ ഭദ്രതയും സമാധാനവും സന്തുഷ്ടിയും ഇല്ല; അനേകവും തകർന്നുകൊണ്ടിരിക്കുന്നു. 20-ാം നൂറ്റാണ്ടിലെ അവസാന പതിറ്റാണ്ടിന്റെ ആരംഭത്തിൽ സ്പെയിനിൽ വിവാഹമോചന നിരക്ക് 8 വിവാഹങ്ങളിൽ 1 ആയി ഉയർന്നു—25 വർഷം മുമ്പുണ്ടായിരുന്ന 100-ൽ 1 എന്ന നിരക്കിൽനിന്നുള്ള ഒരു കുതിച്ചുചാട്ടമാണിത്. വിവാഹമോചനത്തിൽ ഏറ്റവും ഉയർന്ന നിരക്കുള്ളത് ഇംഗ്ലണ്ടിലാണെന്നാണ് റിപ്പോർട്ട്—അവിടെ 10 വിവാഹങ്ങളിൽ 4-ഉം പരാജയപ്പെടുന്നു. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണവും ആ രാജ്യത്ത് കുത്തനെ ഉയരുകയാണ്.
5 ചിലയാളുകൾ ധൃതികൂട്ടി വിവാഹമോചനം നടത്തുന്നതായി തോന്നുന്നു. അനേകർ ജപ്പാനിലെ ടോക്കിയോയ്ക്കടുത്തുള്ള “ബന്ധവിച്ഛേദന കോവിലി”ലേക്കു പോകുന്നു. ഈ ഷിന്റോമത ദേവാലയം വിവാഹമോചനത്തിനും മറ്റ് അനഭികാമ്യ ബന്ധങ്ങൾ വിച്ഛേദിക്കുന്നതിനുമുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. ഓരോ ആരാധകരും അവരവരുടെ അപേക്ഷ തടികൊണ്ടുള്ള ഒരു കനംകുറഞ്ഞ ബോർഡിൽ എഴുതി കോവിലിന്റെ മതിലിൽ തൂക്കിയിട്ട് ഉത്തരത്തിനായി പ്രാർഥിക്കുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടുമുമ്പ് ഈ കോവിൽ സ്ഥാപിച്ചപ്പോൾ “പ്രദേശത്തെ സമ്പന്ന വ്യാപാരികളുടെ ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാർ കാമുകിമാരെ ഉപേക്ഷിച്ചു മടങ്ങിവരാനായി അഭ്യർഥിക്കുന്ന പ്രാർഥനകൾ എഴുതിയിടുമായിരുന്നു” എന്ന് ഒരു ടോക്കിയോ വാർത്താപത്രം പറയുന്നു. എന്നാലിന്ന് അനുരഞ്ജനത്തിനല്ല, വിവാഹമോചനത്തിനുള്ള അപേക്ഷകളാണ് അധികവും. വ്യക്തമായും, ലോകമെമ്പാടും കുടുംബജീവിതം അപകടത്തിലാണ്. ഇതു ക്രിസ്ത്യാനികളെ അതിശയിപ്പിക്കണമോ? വേണ്ട, കാരണം ബൈബിൾ ഇന്നത്തെ കുടുംബപ്രതിസന്ധി സംബന്ധിച്ചു നമുക്ക് ഉൾക്കാഴ്ച നൽകുന്നുണ്ട്.
കുടുംബപ്രതിസന്ധി എന്തുകൊണ്ട്?
6. 1 യോഹന്നാൻ 5:19-ന് ഇന്നത്തെ കുടുംബപ്രതിസന്ധിയുമായി എന്തു ബന്ധമുണ്ട്?
6 ഇന്നത്തെ കുടുംബപ്രതിസന്ധിക്കുള്ള ഒരു കാരണം ഇതാണ്: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) പിശാചായ സാത്താൻ എന്ന ദുഷ്ടനിൽനിന്നു നമുക്ക് എന്തു പ്രതീക്ഷിക്കാനാകും? അവനൊരു ദുഷ്ട, അധാർമിക നുണയനാണ്. (യോഹന്നാൻ 8:44) അങ്ങനെ അവന്റെ ലോകം കുടുംബജീവിതത്തെ താറുമാറാക്കുന്ന ചതിയിലും അധാർമികതയിലും കിടന്നുരുളുന്നതിൽ തെല്ലും അതിശയിക്കാനില്ല! ദൈവസ്ഥാപനത്തിനു വെളിയിൽ സാത്താന്യ സ്വാധീനം, യഹോവ സ്ഥാപിച്ച വിവാഹ ക്രമീകരണത്തെ തകർത്ത് സമാധാനപൂർണമായ കുടുംബജീവിതത്തിന് അന്തം വരുത്തുമെന്ന ഭീഷണി ഉയർത്തുന്നു.
7. ഈ അന്ത്യനാളുകളിൽ അനേകരും പ്രകടമാക്കുന്ന സ്വഭാവവിശേഷങ്ങൾ കുടുംബങ്ങളെ എങ്ങനെ ബാധിച്ചേക്കാം?
7 ഇപ്പോൾ മനുഷ്യവർഗത്തെ അലട്ടുന്ന കുടുംബപ്രശ്നങ്ങൾക്കുള്ള മറ്റൊരു കാരണം 2 തിമൊഥെയൊസ് 3:1-5-ൽ സൂചിപ്പിച്ചിരിക്കുന്നു. അവിടെ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ പ്രാവചനിക വാക്കുകൾ നാം “അന്ത്യകാല”ത്താണു ജീവിക്കുന്നതെന്നു പ്രകടമാക്കുന്നു. കുടുംബാംഗങ്ങൾ “സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരു”മാണെങ്കിൽ കുടുംബങ്ങളിൽ സമാധാനമോ സന്തുഷ്ടിയോ ഉണ്ടായിരിക്കുകയില്ല. സ്വാഭാവികപ്രിയമോ വിശ്വസ്തതയോ ഇല്ലാത്തതു കേവലം ഒരു കുടുംബാംഗത്തിനാണെങ്കിൽപ്പോലും ആ കുടുംബം പൂർണമായും സന്തുഷ്ടമായിരിക്കുകയില്ല. ഭവനത്തിലൊരാൾ ഉഗ്രസ്വഭാവിയോ ഇണങ്ങാത്തവനോ ആണെങ്കിൽ കുടുംബത്തിൽ എങ്ങനെയാണു സമാധാനമുണ്ടാകുക? കുടുംബാംഗങ്ങൾ ദൈവപ്രിയരാകുന്നതിനുപകരം ഭോഗപ്രിയരാണെങ്കിൽ, സംഗതി അതിലും വഷളായിരിക്കും. അത്തരക്കാർക്ക് എങ്ങനെയാണു സമാധാനവും സന്തുഷ്ടിയും ഉണ്ടാകുക? ഇതാണ് സാത്താൻ ഭരിക്കുന്ന ഈ ലോകത്തിലെ ആളുകളുടെ പ്രത്യേകതകൾ. ഈ അന്ത്യനാളുകളിൽ കുടുംബസന്തുഷ്ടി ഒരു മരീചികയായിരിക്കുന്നതിൽ അതിശയിക്കാനില്ല!
8, 9. കുട്ടികളുടെ പെരുമാറ്റത്തിന് കുടുംബസന്തുഷ്ടിയുടെമേൽ എന്തു സ്വാധീനമുണ്ടാകാൻ കഴിയും?
8 അനേകം കുടുംബങ്ങളിലും സമാധാനവും സന്തുഷ്ടിയുമില്ലാത്തതിനു മറ്റൊരു കാരണം കുട്ടികളുടെ മോശമായ പെരുമാറ്റമാണ്. പൗലൊസ് അന്ത്യനാളുകളിലെ അവസ്ഥകൾ മുൻകൂട്ടിപ്പറഞ്ഞപ്പോൾ, അനേകം കുട്ടികളും മാതാപിതാക്കളോട് അനുസരണമില്ലാത്തവരായിരിക്കുമെന്നു മുൻകൂട്ടിപ്പറഞ്ഞു. നിങ്ങൾ ഒരു യുവവ്യക്തിയാണെങ്കിൽ, നിങ്ങളുടെ പെരുമാറ്റം കുടുംബത്തെ സമാധാനപൂർണവും സന്തുഷ്ടവുമാക്കുന്നുണ്ടോ?
9 ചില കുട്ടികളുടെ പെരുമാറ്റം മാതൃകാപരമല്ല. ഉദാഹരണത്തിന്, ഒരു കുട്ടി ഇങ്ങനെയൊരു നീരസംപൂണ്ട എഴുത്ത് പിതാവിനയച്ചു: “ഡാഡി എന്നെ അലക്സാൻഡ്രിയയിൽ കൊണ്ടുപോകുന്നില്ലെങ്കിൽ ഞാനിനി ഡാഡിക്ക് എഴുതുകയില്ല, ഡാഡിയോടു മിണ്ടുകയുമില്ല. എന്നെക്കൂടാതെയാണ് അലക്സാൻഡ്രിയയിലേക്കു പോകുന്നതെങ്കിൽ, ഞാനിനി ഡാഡിയുടെ കയ്യിൽ പിടിക്കുകയോ വന്ദനം പറയുകയോ ചെയ്യില്ല. എന്നെ കൊണ്ടുപോകുന്നില്ലെങ്കിൽ അതായിരിക്കും സംഭവിക്കുക . . . എനിക്കൊരു [വീണ] അയച്ചു താ, ഞാൻ കേണപേക്ഷിക്കുകയാണ്. ഇല്ലെങ്കിൽ, ഞാൻ പട്ടിണികിടക്കും. അത്രതന്നെ!” ഇന്ന് അങ്ങനെ സംഭവിക്കുന്നുണ്ടെന്നു തോന്നുന്നുവോ? 2,000-ത്തിലധികം വർഷംമുമ്പ് പുരാതന ഈജിപ്തിൽ ഒരു പിതാവിനു മകൻ അയച്ച കത്താണിത്.
10. ദൈവസമാധാനം പിന്തുടരുന്നതിനു യുവപ്രായക്കാർക്കു തങ്ങളുടെ കുടുംബങ്ങളെ എങ്ങനെ സഹായിക്കാം?
10 ഈജിപ്തുകാരനായ ആ യുവാവിന്റെ മനോഭാവം കുടുംബസമാധാനം വർധിപ്പിച്ചില്ല. തീർച്ചയായും, ഈ അവസാന നാളുകളിൽ വളരെ ഗുരുതരമായ സംഗതികൾ കുടുംബങ്ങൾക്കുള്ളിൽ സംഭവിക്കുന്നുണ്ട്. എന്നിരുന്നാലും, യുവജനങ്ങളായ നിങ്ങൾക്കു ദൈവസമാധാനം പിന്തുടരുന്നതിനു നിങ്ങളുടെ കുടുംബത്തെ സഹായിക്കാനാകും. എങ്ങനെ? ഈ ബൈബിൾ ബുദ്ധ്യുപദേശം അനുസരിച്ചുകൊണ്ട്: “മക്കളേ, നിങ്ങളുടെ അമ്മയപ്പൻമാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യൻമാരിൽ കണ്ടാൽ പ്രസാദകരമല്ലോ.”—കൊലൊസ്സ്യർ 3:20.
11. യഹോവയുടെ വിശ്വസ്ത ദാസരായിത്തീരുന്നതിനു കുട്ടികളെ മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാം?
11 മാതാപിതാക്കളായ നിങ്ങളുടെ കാര്യമോ? യഹോവയുടെ വിശ്വസ്ത ദാസന്മാരായിത്തീരാൻ നിങ്ങളുടെ മക്കളെ സ്നേഹപുരസ്സരം സഹായിക്കുക. “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല” എന്നു സദൃശവാക്യങ്ങൾ 22:6 പറയുന്നു. തിരുവെഴുത്തുപരമായ ഉത്തമ പഠിപ്പിക്കലും മാതാപിതാക്കളുടെ നല്ല മാതൃകയുമുള്ളതുകൊണ്ട്, അനേകം കുട്ടികളും പ്രായം ചെല്ലുമ്പോൾ ശരിയായ വഴി വിട്ടുമാറുന്നില്ല. എന്നാൽ ഏറെയും ആശ്രയിച്ചിരിക്കുന്നത് ബൈബിൾ പരിശീലനത്തിന്റെ ഗുണമേന്മയെയും വ്യാപ്തിയെയും യുവവ്യക്തിയുടെ ഹൃദയത്തെയുമാണ്.
12. ഒരു ക്രിസ്തീയ ഭവനം സമാധാനപൂർണമായിരിക്കേണ്ടതെന്തുകൊണ്ട്?
12 നമ്മുടെ കുടുംബാംഗങ്ങളെല്ലാം യഹോവയുടെ ഹിതം പ്രവർത്തിക്കാൻ ശ്രമിക്കുന്നെങ്കിൽ, നാം നിശ്ചയമായും ദൈവസമാധാനം ആസ്വദിച്ചുകൊണ്ടിരിക്കും. ഒരു ക്രിസ്തീയ ഭവനം ‘സമാധാനപ്രേമികളാ’ൽ നിറയും. യേശു 70 ശിഷ്യന്മാരെ അയച്ച് അവരോട് ഇങ്ങനെ പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് അത്തരമാളുകളാണെന്നു ലൂക്കൊസ് 10:1-6 പ്രകടമാക്കുന്നു: “ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ. അവിടെ ഒരു സമാധാനപുത്രൻ [“സമാധാനപ്രിയൻ,” NW] ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും.” യഹോവയുടെ ദാസന്മാർ “സമാധാനം സുവിശേഷിച്ചുകൊണ്ടു” സമാധാനപൂർവം വീടുതോറും പോകുമ്പോൾ, അവർ സമാധാനപ്രിയരെ തേടുകയാണ്. (പ്രവൃത്തികൾ 10:34-36; എഫെസ്യർ 2:13-18) തീർച്ചയായും, സമാധാനപ്രിയർ അംഗങ്ങളായുള്ള ഒരു ക്രിസ്തീയ ഭവനം സമാധാനപൂർണമായിരിക്കണം.
13, 14. (എ) രൂത്തിന്റെയും ഒർപ്പായുടെയും കാര്യത്തിൽ നെവൊമി എന്താഗ്രഹിച്ചു? (ബി) ഒരു ക്രിസ്തീയ ഭവനം ഏതുതരം വിശ്രമസ്ഥലമായിരിക്കണം?
13 സമാധാനത്തിനും വിശ്രമത്തിനുമുള്ള ഒരു സ്ഥലമായിരിക്കണം ഭവനം. യുവപ്രായത്തിൽ വിധവമാരായിത്തീർന്ന പുത്രഭാര്യമാരായ രൂത്തിനും ഒർപ്പായ്ക്കും നല്ലൊരു ഭർത്താവും ഭവനവും ഉണ്ടായിരിക്കുകവഴി വിശ്രമവും ആശ്വാസവും ദൈവം കൊടുക്കുമെന്നു വൃദ്ധവിധവയായ നൊവൊമി പ്രത്യാശിച്ചു. നൊവൊമി പറഞ്ഞു: “നിങ്ങൾ താന്താന്റെ ഭർത്താവിന്റെ വീട്ടിൽ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങൾക്കു കൃപനല്കുമാറാകട്ടെ.” (രൂത്ത് 1:9) അത്തരം ഭവനങ്ങളിൽ രൂത്തും ഒർപ്പായും “അസ്വസ്ഥതയിൽനിന്നും ഉത്കണ്ഠയിൽനിന്നും മുക്തരായിരിക്കുമായിരുന്നു”വെന്നുള്ള നൊവൊമിയുടെ ആഗ്രഹത്തെക്കുറിച്ച് ഒരു പണ്ഡിതൻ എഴുതി. “അവർ വിശ്രമം കണ്ടെത്തുമായിരുന്നു. അത് അവർക്കു വസിക്കാവുന്നതും തങ്ങളുടെ ഏറ്റവും ആർദ്രമായ വികാരങ്ങൾക്കും ഏറ്റവും മാന്യമായ ആഗ്രഹങ്ങൾക്കും തൃപ്തിയും പ്രശാന്തതയും ലഭിക്കാവുന്നതുമായ ഒരു സ്ഥലമായിരിക്കുമായിരുന്നു. എബ്രായ പദത്തിന്റെ . . . തനതായ ശക്തി [യെശയ്യാവു 32:17, 18]-ലെ ബന്ധപ്പെട്ട പ്രയോഗങ്ങളുടെ സ്വഭാവത്താൽ നന്നായി പ്രകടമായിരിക്കുന്നു.”
14 യെശയ്യാവു 32:17, 18-ലെ ആ പരാമർശം ദയവായി ശ്രദ്ധിക്കുക. അവിടെ നാം വായിക്കുന്നു: “നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും. എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.” ഒരു ക്രിസ്തീയ ഭവനം നീതി, പ്രശാന്തത, സുരക്ഷിതത്വം, ദൈവസമാധാനം എന്നിവയുള്ള വിശ്രമസ്ഥലമായിരിക്കണം. എന്നാൽ പീഡാനുഭവങ്ങളോ ഭിന്നതകളോ മറ്റു പ്രശ്നങ്ങളോ പൊന്തിവരുന്നെങ്കിലോ? അപ്പോൾ നാം കുടുംബസന്തുഷ്ടിയുടെ രഹസ്യം വിശേഷാൽ അറിയേണ്ടതുണ്ട്.
നാലു മർമപ്രധാന തത്ത്വങ്ങൾ
15. കുടുംബസന്തുഷ്ടിയുടെ രഹസ്യം നിങ്ങളെങ്ങനെ നിർവചിക്കും?
15 ഭൂമിയിലെ സകല കുടുംബത്തിനും പേർ വരുവാൻ കാരണക്കാരൻ കുടുംബങ്ങളുടെ സ്രഷ്ടാവായ യഹോവയാം ദൈവമാണ്. (എഫെസ്യർ 3:14, 15) അതുകൊണ്ട് കുടുംബസന്തുഷ്ടി ആഗ്രഹിക്കുന്നവർ അവന്റെ മാർഗനിർദേശം തേടി അവനെ സ്തുതിക്കുന്നവരായിരിക്കണം, സങ്കീർത്തനക്കാരൻ ചെയ്തതുപോലെ: “ജനതകളുടെ കുടുംബങ്ങളേ, മഹത്ത്വവും ശക്തിയും യഹോവയ്ക്കു കൊടുക്കുവിൻ, യഹോവയ്ക്കു കൊടുക്കുവിൻ.” (സങ്കീർത്തനം 96:7, NW) കുടുംബസന്തുഷ്ടിയുടെ രഹസ്യം ദൈവവചനമായ ബൈബിളിന്റെ പേജുകളിലും അതിന്റെ തത്ത്വങ്ങളുടെ ബാധകമാക്കലിലും കാണാവുന്നതാണ്. ഈ തത്ത്വങ്ങൾ ബാധകമാക്കുന്ന കുടുംബം സന്തുഷ്ടമായിരിക്കും, ദൈവസമാധാനം ആസ്വദിക്കുകയും ചെയ്യും. അതുകൊണ്ട് ഈ പ്രധാനപ്പെട്ട തത്ത്വങ്ങളിൽ നാലെണ്ണം പരിശോധിക്കാം.
16. കുടുംബജീവിതത്തിൽ ആത്മനിയന്ത്രണം എന്തു പങ്കു വഹിക്കണം?
16 ഒരു തത്ത്വം ഇതിൽ കേന്ദ്രീകൃതമാണ്: കുടുംബജീവിതത്തിലെ ദൈവസമാധാനത്തിന് ആത്മനിയന്ത്രണം മർമപ്രധാനമാണ്. ശലോമോൻ രാജാവ് പറഞ്ഞു: “ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.” (സദൃശവാക്യങ്ങൾ 25:28) സമാധാനപൂർണവും സന്തുഷ്ടവുമായ ഒരു കുടുംബം ഉണ്ടായിരിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ നമ്മുടെ വികാരത്തിനു കടിഞ്ഞാണിടേണ്ടത്—ആത്മനിയന്ത്രണം പ്രകടമാക്കേണ്ടത്—മർമപ്രധാനമാണ്. അപൂർണരെങ്കിലും, നാം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഫലമായ ആത്മനിയന്ത്രണം പ്രകടമാക്കേണ്ടതുണ്ട്. (റോമർ 7:21, 22; ഗലാത്യർ 5:22, 23) ആ ഗുണത്തിനായി നാം പ്രാർഥിക്കുകയും അതു സംബന്ധിച്ചുള്ള ബൈബിൾ ബുദ്ധ്യുപദേശം ബാധകമാക്കുകയും അതു പ്രകടമാക്കുന്നവരുമായി സഹവസിക്കുകയും ചെയ്യുന്നെങ്കിൽ ആത്മാവ് നമ്മിൽ ആത്മനിയന്ത്രണം ഉളവാക്കും. ഈ ഗതി നമ്മെ ‘പരസംഗത്തിൽനിന്ന് ഓടിയകലാൻ’ സഹായിക്കും. (1 കൊരിന്ത്യർ 6:18, NW) അക്രമത്തെ നിരാകരിക്കാനും മദ്യാസക്തി ഒഴിവാക്കാനും അല്ലെങ്കിൽ തരണം ചെയ്യാനും പ്രയാസകരമായ സ്ഥിതിവിശേഷങ്ങളിൽ കൂടുതൽ ശാന്തമായി ഇടപെടാനും ആത്മനിയന്ത്രണം നമ്മെ സഹായിക്കും.
17, 18. (എ) ക്രിസ്തീയ കുടുംബജീവിതത്തിന് 1 കൊരിന്ത്യർ 11:3 ബാധകമാകുന്നതെങ്ങനെ? (ബി) ശിരഃസ്ഥാനത്തെ അംഗീകരിക്കുന്നത് കുടുംബത്തിൽ ദൈവസമാധാനം വർധിപ്പിക്കുന്നതെങ്ങനെ?
17 പ്രധാനപ്പെട്ട മറ്റൊരു തത്ത്വം ഈ വിധം പ്രസ്താവിക്കാവുന്നതാണ്: ശിരഃസ്ഥാനത്തെ അംഗീകരിക്കുന്നത് കുടുംബങ്ങളിൽ ദൈവസമാധാനം പിന്തുടരുന്നതിനു നമ്മെ സഹായിക്കും. പൗലൊസ് എഴുതി: “ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1 കൊരിന്ത്യർ 11:3) ഇതിന്റെയർഥം ഒരു കുടുംബത്തിൽ പുരുഷൻ നേതൃത്വമെടുക്കുന്നവനും ഭാര്യ വിശ്വസ്തതയോടെ പിന്തുണയ്ക്കുന്നവളും കുട്ടികൾ അനുസരണമുള്ളവരും ആയിരിക്കണമെന്നാണ്. (എഫെസ്യർ 5:22-25, 28-33; 6:1-4) അത്തരം പ്രവർത്തനം കുടുംബജീവിതത്തിൽ ദൈവസമാധാനം ഉന്നമിപ്പിക്കും.
18 തിരുവെഴുത്തുപരമായ ശിരഃസ്ഥാനം ഏകാധിപത്യമല്ലെന്ന് ഒരു ക്രിസ്തീയ ഭർത്താവ് ഓർത്തിരിക്കണം. അയാൾ തന്റെ ശിരസ്സായ യേശുവിനെ അനുകരിക്കണം. “സർവ്വത്തിന്നും മീതെ തല”യാകേണ്ടിയിരുന്നെങ്കിലും യേശു “ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാ”നാണു “വന്നതു.” (എഫെസ്യർ 1:22; മത്തായി 20:28) സമാനമായ ഒരു വിധത്തിൽ, തന്റെ കുടുംബത്തിന്റെ താത്പര്യങ്ങൾ നന്നായി സംരക്ഷിക്കുന്നതിനു തന്നെ പ്രാപ്തനാക്കുന്ന സ്നേഹപുരസ്സരമായ ഒരു വിധത്തിലാണു ക്രിസ്തീയ പുരുഷൻ ശിരഃസ്ഥാനം പ്രയോഗിക്കുന്നത്. തീർച്ചയായും ഒരു ക്രിസ്തീയ ഭാര്യ ഭർത്താവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു. ഭർത്താവിന്റെ “സഹായി”യും “പൂരക”വുമെന്ന നിലയിൽ, അവൾ അവനിൽ കുറവുള്ള ഗുണങ്ങൾ പ്രദാനം ചെയ്യുന്നു, അങ്ങനെ അവന് ആവശ്യമായ പിന്തുണ നൽകുന്നു. (ഉല്പത്തി 2:20; സദൃശവാക്യങ്ങൾ 31:10-31) ശിരഃസ്ഥാനം ഉചിതമായി പ്രയോഗിക്കുന്നത് പരസ്പരം ആദരവോടെ ഇടപെടുന്നതിനും കുട്ടികളെ അനുസരണമുള്ളവരാകാൻ പ്രേരിപ്പിക്കുന്നതിനും ഭാര്യാഭർത്താക്കന്മാരെ സഹായിക്കുന്നു. അതേ, ശിരഃസ്ഥാനം അംഗീകരിക്കുന്നതു കുടുംബജീവിതത്തിൽ ദൈവസമാധാനം ഉന്നമിപ്പിക്കുന്നു.
19. കുടുംബസമാധാനത്തിനും സന്തുഷ്ടിക്കും നല്ല ആശയവിനിയമം അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്?
19 പ്രധാനപ്പെട്ട മൂന്നാമത്തെ തത്ത്വം ഈ വാക്കുകളിൽ പ്രകടിപ്പിക്കാവുന്നതാണ്: കുടുംബസമാധാനത്തിനും സന്തുഷ്ടിക്കും നല്ല ആശയവിനിയമം മർമപ്രധാനമാണ്. യാക്കോബ് 1:19 നമ്മോടു പറയുന്നു: “ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.” കുടുംബാംഗങ്ങൾ പരസ്പരം കേൾക്കുകയും സംസാരിക്കുകയും ചെയ്യേണ്ടതുണ്ട്, കാരണം കുടുംബത്തിലെ ആശയവിനിയമം ദ്വിദിശാ ഗതാഗതപാത പോലെയാണ്. എന്നാൽ, നാം പറയുന്നതു സത്യമാണെങ്കിൽപ്പോലും അതു ക്രൂരമോ ഗർവിഷ്ഠമോ നിർദയമോ ആയ വിധത്തിൽ പറഞ്ഞാൽ അതു ഗുണത്തെക്കാളേറെ ദോഷം ചെയ്യാനാണു സാധ്യത. നമ്മുടെ സംസാരം രുചികരമായിരിക്കണം, ‘ഉപ്പിനാൽ രുചിവരുത്തിയത്.’ (കൊലൊസ്സ്യർ 4:6) തിരുവെഴുത്തു തത്ത്വങ്ങൾ പിൻപറ്റുകയും നന്നായി ആശയവിനിയമം നടത്തുകയും ചെയ്യുന്ന കുടുംബങ്ങൾ ദൈവസമാധാനം പിൻപറ്റുകയാണ്.
20. കുടുംബസമാധാനത്തിനു സ്നേഹം അത്യന്താപേക്ഷിതമാണെന്നു നിങ്ങൾ പറയുന്നതെന്തുകൊണ്ട്?
20 നാലാമത്തെ തത്ത്വം ഇതാണ്: സ്നേഹം കുടുംബസമാധാനത്തിനും സന്തുഷ്ടിക്കും അത്യന്താപേക്ഷിതമാണ്. വിവാഹത്തിൽ അനുരാഗാർദ്ര സ്നേഹത്തിനു പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. കൂടാതെ കുടുംബാംഗങ്ങൾക്കിടയിൽ ആഴമായ ആർദ്രപ്രിയവും വികാസം പ്രാപിച്ചേക്കാം. എന്നിരുന്നാലും, കൂടുതൽ പ്രധാനപ്പെട്ടത് ഗ്രീക്കു പദമായ അഗാപെയാൽ ധ്വനിപ്പിക്കപ്പെടുന്ന സ്നേഹമാണ്. ഇതു നാം യഹോവയ്ക്കും യേശുവിനും നമ്മുടെ അയൽക്കാരനുംവേണ്ടി നട്ടുവളർത്തുന്ന സ്നേഹമാണ്. (മത്തായി 22:37-39) “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കി”ക്കൊണ്ട് മനുഷ്യവർഗത്തോട് അഗാപെ സ്നേഹം പ്രകടമാക്കി. (യോഹന്നാൻ 3:16) നമ്മുടെ കുടുംബാംഗങ്ങളോടും അത്തരം സ്നേഹം നമുക്കു പ്രകടമാക്കാനാകുമെന്നത് എത്ര വിസ്മയാവഹം! ഈ ശ്രേഷ്ഠമായ സ്നേഹം “സമ്പൂർണ്ണതയുടെ ബന്ധ”മാണ്. (കൊലൊസ്സ്യർ 3:14) അതു വിവാഹിത ദമ്പതികളെ പരസ്പരം ബന്ധിപ്പിച്ചു നിർത്തുന്നു. പരസ്പരവും കുട്ടികൾക്കും ഏറ്റവും ഉചിതമായതു ചെയ്യാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. പ്രയാസങ്ങൾ പൊന്തിവരുമ്പോൾ, സംഗതികൾ യോജിപ്പിൽ കൈകാര്യം ചെയ്യാൻ സ്നേഹം അവരെ സഹായിക്കുന്നു. നമുക്ക് ഇതു സംബന്ധിച്ച് ഉറപ്പുള്ളവരായിരിക്കാനാകും, എന്തെന്നാൽ “സ്നേഹം . . . സ്വന്തം താത്പര്യങ്ങൾ അന്വേഷിക്കുന്നില്ല . . . എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല.” (1 കൊരിന്ത്യർ 13:4-8, NW) പരസ്പരമുള്ള സ്നേഹം യഹോവയോടുള്ള സ്നേഹത്താൽ കൂട്ടിയോജിപ്പിച്ചുനിർത്തപ്പെടുന്ന കുടുംബങ്ങൾ തീർച്ചയായും സന്തുഷ്ടമാണ്!
ദൈവസമാധാനം പിന്തുടരുന്നതിൽ തുടരുക
21. നിങ്ങളുടെ കുടുംബത്തിന്റെ സമാധാനവും സന്തുഷ്ടിയും വർധിപ്പിക്കാൻ എന്തിനു സാധിച്ചേക്കും?
21 മേൽപ്പറഞ്ഞ തത്ത്വങ്ങളും ബൈബിളിൽനിന്ന് എടുത്തിരിക്കുന്ന മറ്റു സംഗതികളും “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ യഹോവ ദയാപുരസ്സരം പ്രദാനം ചെയ്തിരിക്കുന്ന പ്രസിദ്ധീകരണങ്ങളിൽ വിവരിച്ചിരിക്കുന്നു. (മത്തായി 24:45, NW) ഉദാഹരണത്തിന്, 1996/97-ൽ ലോകമെമ്പാടും നടത്തിയ, യഹോവയുടെ സാക്ഷികളുടെ “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പ്രകാശനം ചെയ്ത കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന 192 പേജുള്ള പുസ്തകത്തിൽ അത്തരം വിവരങ്ങൾ കാണാവുന്നതാണ്. അത്തരമൊരു പ്രസിദ്ധീകരണത്തിന്റെ സഹായത്തോടെയുള്ള തിരുവെഴുത്തുകളുടെ വ്യക്തിപരവും കുടുംബമൊത്തൊരുമിച്ചുമുള്ള പഠനം അനേകം പ്രയോജനങ്ങൾ കൈവരുത്തും. (യെശയ്യാവു 48:17, 18) അതേ, തിരുവെഴുത്തു ബുദ്ധ്യുപദേശം ബാധകമാക്കുന്നത് നിങ്ങളുടെ കുടുംബത്തിന്റെ സമാധാനവും സന്തുഷ്ടിയും വർധിപ്പിക്കാനാണു സാധ്യത.
22. നമ്മുടെ കുടുംബജീവിതത്തെ എന്തിൽ കേന്ദ്രീകരിക്കണം?
22 തന്റെ ഹിതം നിവർത്തിക്കുന്ന കുടുംബങ്ങൾക്കു യഹോവ അത്ഭുതകരമായ സംഗതികൾ കരുതിവെച്ചിരിക്കുന്നു. അവൻ നമ്മുടെ സ്തുതിയും സേവനവും അർഹിക്കുന്നു. (വെളിപ്പാടു 21:1-4) അതുകൊണ്ട്, നിങ്ങളുടെ കുടുംബം സത്യദൈവത്തിന്റെ ആരാധനയിൽ ജീവിതം കേന്ദ്രീകരിക്കട്ടെ. കുടുംബജീവിതത്തിൽ ദൈവസമാധാനം പിന്തുടരവേ, നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവ്, യഹോവ, നിങ്ങളെ സന്തുഷ്ടിയാൽ അനുഗ്രഹിക്കട്ടെ!
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ ദൈവ ഭക്തിയിൽ ജീവിക്കുന്നതിനു കുടുംബങ്ങൾക്ക് എന്താവശ്യമാണ്?
□ ഇന്നു കുടുംബപ്രതിസന്ധിയുള്ളതെന്തുകൊണ്ട്?
□ കുടുംബസന്തുഷ്ടിയുടെ രഹസ്യമെന്ത്?
□ കുടുംബജീവിതത്തിൽ സമാധാനവും സന്തുഷ്ടിയും ഉന്നമിപ്പിക്കാൻ നമ്മെ സഹായിക്കുന്ന ചില തത്ത്വങ്ങളേവ?
[24-ാം പേജിലെ ചിത്രം]
കുടുംബത്തിൽ ദൈവസമാധാനം പിന്തുടരുന്നതിനു നല്ല ആശയവിനിയമം സഹായിക്കുന്നു