വിജയകരമായ കുടുംബ ജീവിതത്തിനുള്ള താക്കോൽ
“അധഃപതിച്ചുകൊണ്ടിരിക്കുന്ന ഒരു കുടുംബഘടകമാണു നമുക്കുള്ളത്” എന്നു കഴിഞ്ഞ വർഷം യു.എസ്. പ്രസിഡൻറ് സ്ഥാനത്തേക്കു മത്സരിച്ച ഒരു സ്ഥാനാർഥി പ്രസ്താവിക്കുകയുണ്ടായി. നിശ്ചയമായും കുടുംബാധഃപതനത്തിന്റെ വ്യാപ്തി ഞെട്ടിക്കുന്നതാണ്. “അതേ കാലയളവിലെ സാമ്പത്തികമോ വ്യാവസായികമോ ആയ സ്ഥിതിവിവരക്കണക്കുകളിൽ കാണുന്ന സമാനവ്യാപ്തിയിലുള്ള മാററങ്ങളിൽ നാം അന്തംവിട്ടുപോകു”മെന്ന് ഫോർച്ച്യൂൺ മാഗസിൻ റിപ്പോർട്ടു ചെയ്തു.
ബൈബിൾതത്ത്വങ്ങൾ പിൻപററാൻ ശ്രമിക്കുന്ന കുടുംബങ്ങൾപോലും പലപ്പോഴും വിപൽക്കരമായി ബാധിക്കപ്പെടുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ്, കൗമാരപ്രായമെത്താത്ത ആറു കുട്ടികളുള്ള ഒരു പിതാവിനോട് ഒരു സഹക്രിസ്ത്യാനി നല്ല ഉദ്ദേശ്യത്തോടെ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ കുട്ടികളിൽ നാലുപേർ സത്യത്തിൽ ഉറച്ചുനിൽക്കില്ലെന്നു നിങ്ങൾക്കു പ്രതീക്ഷിക്കാം.” എന്നിരുന്നാലും, തന്റെ കുട്ടികളിൽ ഒരാൾക്കുപോലും അങ്ങനെ സംഭവിക്കേണ്ടതാണെന്ന് ഈ പിതാവു വിശ്വസിച്ചില്ല. അദ്ദേഹം എന്തുകൊണ്ടെന്നു വിശദീകരിച്ചു.
“ഞങ്ങളുടെ കുട്ടികൾ വാസ്തവത്തിൽ ഞങ്ങളുടേതല്ല,” അദ്ദേഹം പറഞ്ഞു. “തന്നിൽനിന്നുള്ള ഒരു ‘അവകാശമായി’ അല്ലെങ്കിൽ ഒരു സമ്മാനമായി യഹോവയാം ദൈവം അവരെ എനിക്കും ഭാര്യക്കും ഏൽപ്പിച്ചുതന്നിരിക്കുകയാണ്. ഉചിതമായ വിധത്തിൽ നാം അവരെ പരിശീലിപ്പിക്കുന്നെങ്കിൽ ‘അവർ അതിൽനിന്നു വ്യതിചലിച്ചു പോകുകയില്ല’ എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് അവർ യഹോവക്കുള്ളവരാണ് എന്നപോലെ അവരെ പരിപാലിക്കാൻ ഞങ്ങൾ എല്ലായ്പോഴും ശ്രമിച്ചിട്ടുണ്ട്.”—സങ്കീർത്തനം 127:3; സദൃശവാക്യങ്ങൾ 22:6.
സന്തുഷ്ട കുടുംബജീവിതത്തിനുള്ള ഒരു താക്കോലാണ് ആ പിതാവ് ഇവിടെ തിരിച്ചറിയിച്ചത്—ദൈവത്തിന്റെ സ്വത്തിനെ പരിപാലിക്കുന്നതുപോലെ തങ്ങളുടെ കുട്ടികളെ മാതാപിതാക്കൾ പരിപാലിക്കണം. എല്ലാ കാര്യങ്ങളിലും കുട്ടികൾ നിങ്ങളുടെ ഏററം നല്ല നിർദേശങ്ങൾ കൈക്കൊള്ളുമെന്ന് ഇതിന് അർഥമില്ലെങ്കിലും നിങ്ങളെ ദൈവം ഭരമേൽപ്പിച്ചിരിക്കുന്ന കുട്ടികളെ പരിപാലിക്കാൻ നിങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്.
ഒരു ഗൗരവമായ ഉത്തരവാദിത്വം
ഭയാദരവോടും അഗാധമായ താത്പര്യത്തോടുംകൂടെ നിങ്ങൾ ഉചിതമായി ഈ പരിപാലനം പ്രദാനം ചെയ്യുന്നു, അശ്രദ്ധയോടെയോ അനാസ്ഥയോടെയോ അല്ല. നിങ്ങൾക്കു നൽകിയ തന്റെ അവകാശത്തിന് അല്ലെങ്കിൽ സമ്മാനത്തിനു ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടതാണെന്ന ബോധ്യത്തോടെ നിങ്ങൾ പ്രവർത്തിക്കുന്നു. കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിന്റെ വിവിധ മാർഗങ്ങൾ പരീക്ഷിച്ചുനോക്കേണ്ട ആവശ്യമില്ല. തന്റെ വചനമായ ബൈബിളിൽ നൽകിയിരിക്കുന്ന ദൈവപ്രബോധനങ്ങൾ മാത്രമേ മാതാപിതാക്കൾക്ക് ആവശ്യമുള്ളൂ, അവ ശ്രദ്ധാപൂർവം പിന്തുടരുകയും വേണം.
ഇതാണ് യഹോവയാം ദൈവത്തിന്റെ ഉദ്ബോധനം: “നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻമേലും പടിവാതിലുകളിലും എഴുതേണം.” ബൈബിൾ ഇങ്ങനെയും പ്രോത്സാഹിപ്പിക്കുന്നു: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ . . . കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.”—ആവർത്തനപുസ്തകം 6:7-9; എഫെസ്യർ 6:4.
അപ്പോൾ കുട്ടികളെ പരിപാലിക്കുന്നതിൽ ദിവസേനയുള്ള ശ്രദ്ധ ആവശ്യമായിവരുന്നു; അതേ, അതു നിങ്ങൾ നിങ്ങളുടെ സമയം, വിശേഷിച്ചു നിങ്ങളുടെ സ്നേഹവും ആഴമായ താത്പര്യവും അവർക്കായി നിർലോഭം നീക്കിവെക്കുന്നതിനെ അർഥമാക്കുന്നു. തങ്ങളുടെ കുട്ടികൾക്ക് ഈ അടിസ്ഥാന ആവശ്യങ്ങൾ നിറവേററുന്ന മാതാപിതാക്കൾ ഒരു വിജയകരമായ കുടുംബജീവിതം ആസ്വദിക്കാൻ ആവശ്യമെന്നു ദൈവം പറയുന്നതാണു ചെയ്യുന്നത്.
ഇതു കണക്കിലധികം ആവശ്യപ്പെടുന്നുവെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ? തങ്ങൾക്ക് അങ്ങനെയാണു തോന്നുന്നതെന്നു പല മാതാപിതാക്കളും അവരുടെ പ്രവൃത്തികൾകൊണ്ടു സൂചിപ്പിക്കുന്നു. എന്നുവരികിലും, ദൈവത്തിൽനിന്നുള്ള ഈ ദാനങ്ങൾ—നിങ്ങളുടെ കുട്ടികൾ—അസാധാരണമാംവിധം പ്രത്യേകമായ ശ്രദ്ധയർഹിക്കുന്നു.
അവരെ പരിപാലിക്കേണ്ട വിധം
കുട്ടികളെ വളർത്തുന്നതിൽ വിജയം വരിച്ചിട്ടുള്ളവരുടെ മാതൃക ജ്ഞാനപൂർവം പരിചിന്തിക്കുക. ഒരു മാസിക “അതിശയിപ്പിക്കുന്ന കുടുംബങ്ങൾ” എന്ന അതിന്റെ പ്രധാന ലേഖനത്തിൽ കുട്ടികളെ വിജയകരമായി വളർത്തുന്നതിൽ മൂല്യവത്തായ നാലു കാര്യങ്ങൾ രേഖപ്പെടുത്തി: “[1] മനസ്സിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണവേളയിലെ സംഭാഷണം, [2] ഉത്കൃഷ്ട ഗ്രന്ഥങ്ങളുമായുള്ള സൗഹൃദം, [3] മാതൃകായോഗ്യരായ സർഗധനരിൽനിന്നുള്ള പ്രചോദനം, [4] ഉയർത്തിപ്പിടിക്കാൻ ഒരു കുടുംബപാരമ്പര്യം ഉണ്ടെന്നുള്ള ബോധം.”—യു.എസ്. ന്യൂസ് ആൻറ് വേൾഡ് റിപ്പോർട്ട്, 1988 ഡിസംബർ 12.
“ഭക്ഷണവേളയിലെ സംഭാഷണം” സംബന്ധിച്ച്, വീട്ടിലിരിക്കുമ്പോൾ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ ദൈവം മാതാപിതാക്കളെ പ്രബോധിപ്പിക്കുന്നുവെന്ന് ഓർക്കുക. സൗഹൃദത്തിനും ഉത്തേജിപ്പിക്കുന്ന സംഭാഷണത്തിനും ദിവസേന അവസരമൊരുക്കിക്കൊണ്ടു നിങ്ങളുടെ കുടുംബം ഭക്ഷണസമയത്ത് ഒരു മേശക്കു ചുററുമിരിക്കാറുണ്ടോ? കുട്ടികൾക്ക് സുസ്ഥിരതയുടെയും സുരക്ഷിതത്വത്തിന്റെയും ഒരു ബോധമുളവാക്കുന്നതിനാൽ അത്തരം അവസരങ്ങൾ മർമപ്രധാനവും മറക്കാനാവാത്തതുമാണ്. ഭക്ഷണവേളകളെ താൻ ഇഷ്ടപ്പെടുന്നതായി ഒരു ആറു വയസ്സുകാരൻ പറഞ്ഞു, എന്തുകൊണ്ടെന്നാൽ എല്ലാവരും ഒരുമിച്ചായതിനാൽ “ഓരോരുത്തരെയും കുറിച്ചു നിങ്ങൾ വിഷമിക്കേണ്ടതില്ല.”
നിങ്ങളുടെ ഭക്ഷണവേളയിലെ സംഭാഷണത്തിന്റെ ഗുണമേൻമയെ സംബന്ധിച്ചെന്ത്? അതു പലപ്പോഴും നമ്മുടെ ദൈവസേവനമോ ദൈവത്തിന്റെ സൃഷ്ടിയോടു ബന്ധപ്പെട്ട കാര്യങ്ങളോ ചർച്ചചെയ്യുന്ന ബൈബിളും ബൈബിളധിഷ്ഠിത സാഹിത്യവും ഉൾപ്പെടെയുള്ള “ഉത്കൃഷ്ട ഗ്രന്ഥങ്ങ”ളുടെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ചാണോ? ഭക്ഷണവേളയിലെ ഇത്തരത്തിലുള്ള സംഭാഷണത്തിനു പുറമെ, ഒരു ക്രമമുള്ള പഠന പരിപാടി മുഖാന്തരം മാതാപിതാക്കൾ യഹോവയോടും അവിടുത്തെ നീതിയുള്ള നിയമങ്ങളോടും ഉള്ള പ്രിയം തങ്ങളുടെ കുട്ടികളിൽ നട്ടുവളർത്തേണ്ടയാവശ്യമുണ്ട്.
“ക്രമമായി ഒരുമിച്ചു ഭക്ഷണം കഴിക്കുന്നത് ഒരു പ്രശ്നമായിരുന്നില്ല” എന്ന് മുന്നമേ സൂചിപ്പിച്ച ആറു കുട്ടികളുടെ പിതാവ് വിശദീകരിച്ചു. “ഇതു സ്വതേ പ്രവർത്തിക്കുന്നതായിരുന്നു, അതു ഞങ്ങളെ ഒരുമിപ്പിക്കാനുതകി. എന്നാൽ ബൈബിളധ്യയനത്തിന്റെ ഒരു ക്രമമായ പരിപാടിയുണ്ടായിരിക്കുന്നതു ബുദ്ധിമുട്ടായിരുന്നു.” ഒരു ദിവസത്തെ കഠിനാധ്വാനത്തിനു ശേഷമുള്ള കലശലായ ക്ഷീണംനിമിത്തം, അധ്യയനത്തിനിടയിൽ അദ്ദേഹം ചിലപ്പോഴൊക്കെ ഉറങ്ങിപ്പോകുമായിരുന്നു. എന്നുവരികിലും, തന്റെ കുട്ടികളുമൊത്തുള്ള ഒരു ക്രമമായ ബൈബിളധ്യയനം അദ്ദേഹം ഒരിക്കലും വേണ്ടന്നുവെച്ചില്ല. അദ്ദേഹം അവരുമായി മുടക്കംകൂടാതെ വ്യക്തിഗതമായി സംസാരിക്കുകയും വളരെ നേരം അവരെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
ഭക്ഷണവേളയിലെ അർഥവത്തായ സംഭാഷണത്തിൽ നേതൃത്വമെടുക്കുന്നതിനും ഉത്കൃഷ്ട ഗ്രന്ഥങ്ങളുടെ സൗഹൃദം പ്രദാനം ചെയ്യുന്നതിനും പുറമേ, “മാതൃകായോഗ്യരായ സർഗധനരിൽനിന്നുള്ള പ്രചോദനം” കുട്ടികൾക്കു ലഭിക്കുന്നുണ്ടെന്നു നിങ്ങൾ ഉറപ്പുവരുത്തുന്നുണ്ടോ? നിങ്ങളുടെ കുട്ടികൾ വിജയപ്രദരായ മുതിർന്നവർ ആയിത്തീരണമെങ്കിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യനാം യേശുക്രിസ്തുവിനെ അനുകരിക്കുന്നവരുമായി ക്രമമായി സഹവസിക്കാൻ അവർക്ക് അവസരമൊരുക്കുന്നതു മർമപ്രധാനമാണ് എന്നതാണ് സത്യം.
അവസാനമായി, “ഉയർത്തിപ്പിടിക്കാൻ ഒരു കുടുംബപാരമ്പര്യം ഉണ്ടെന്നുള്ള ബോധ”ത്തെ സംബന്ധിച്ചെന്ത്? നിങ്ങളുടെ കുട്ടികൾ ഉയർത്തിപ്പിടിക്കാൻ പ്രതീക്ഷിക്കപ്പെടുന്ന കുടുംബനിലവാരങ്ങൾ ഉണ്ടെന്ന് അവർ മനസ്സിലാക്കേണ്ടയാവശ്യമുണ്ട്—ചില പ്രത്യേകതരം നടത്ത, സംസാരം, വസ്ത്രധാരണം, പെരുമാററരീതികൾ ആദിയായവ അസ്വീകാര്യവും കുടുംബപാരമ്പര്യത്തെ ലംഘിക്കുന്നതും ആണെന്നുതന്നെ. കുടുംബപാരമ്പര്യം ലംഘിക്കുന്നത് ഒരു ഗൗരവമേറിയ കാര്യമാണെന്ന് അവർ തിരിച്ചറിയേണ്ടയാവശ്യമുണ്ട്—തന്റെ ആൺമക്കളുടെ ലജ്ജാകരമായ നടത്ത പുരാതന ഗോത്രത്തലവനായ യാക്കോബിനെ “ദേശവാസികളുടെ . . . ഇടയിൽ നാററിച്ചു വിഷമത്തിലാക്കി.” അതുപോലെ നിങ്ങളും ആഴത്തിൽ വ്രണിതരാകും.—ഉല്പത്തി 34:30.
കുട്ടികളെ ദൈവത്തിന്റെ സ്വത്തായി വീക്ഷിച്ച ആറു മക്കളുള്ള ആ പിതാവ് “കുടുംബപാരമ്പര്യ”ത്തിനു വിശേഷാൽ ഊന്നൽ കൊടുത്തു. വസ്ത്രധാരണവും ചമയവും ലോകത്തിന്റെ രീതികളിൽനിന്നുള്ള വേർപാടും സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ ആത്മാവോടും നിർദേശത്തോടും എപ്രകാരം യോജിപ്പിലായിരിക്കുന്നുവെന്ന് അദ്ദേഹം കുട്ടികളുമായി നിരന്തരം ന്യായവാദം ചെയ്തു. വളരെയധികം സമയവും സ്നേഹവും ആഴമായ താത്പര്യവും അവർക്കു നൽകിയതിന്റെ—അവർ പോകേണ്ടുന്ന വിധത്തിൽ അവരെ പരിശീലിപ്പിച്ചതിന്റെ—ഫലമായി കുട്ടികൾ ആറുപേരും അവർക്കുള്ള വഴിയിൽനിന്നു “വ്യതിചലിക്കാ”തെ പ്രതികരിച്ചിരിക്കുന്നു.—സുഭാഷിതങ്ങൾ 22:6, പി.ഒ.സി. ബൈ.
ലോകവ്യാപകമായി, അത്തരം ബലിഷ്ഠമായ കുടുംബഘടകങ്ങൾ ആയിരക്കണക്കിനുണ്ട്. തങ്ങളുടെ സ്രഷ്ടാവിന് എന്തൊരു പ്രശംസയാണവർ, നിസ്വാർഥരും സ്നേഹമുള്ളവരും ആയ മാതാപിതാക്കൾക്ക് അവർ എന്തൊരു പ്രതിഫലം! വർഷങ്ങൾ കടന്നുപോകുന്നതോടെ അത്തരം മാതാപിതാക്കളുടെ ശ്രമങ്ങളിൽനിന്നു പ്രയോജനം നേടിയിട്ടുള്ള കുട്ടികൾ അവരോടു കൂടുതൽക്കൂടുതൽ മതിപ്പു പ്രകടിപ്പിക്കുന്നു. ദൈവഭക്തിയുള്ള മാതാപിതാക്കൾ വളർത്തിയ ഒരു സ്ത്രീയുടെ അനുഭവകഥ ദയവായി ഇനി പരിചിന്തിക്കുക, അതിൽനിന്നു പഠിക്കാവുന്ന വിലയേറിയ പാഠങ്ങൾ കുറിക്കൊള്ളുക.