“വളച്ചുകെട്ടില്ലാതെ മറുപടി പറയുന്നു”
ഗിരിപ്രഭാഷണത്തിൽ യേശു “ന്യായപ്രമാണത്തെയും പ്രവാചകൻമാരെയും” പരാമർശിച്ചു. എബ്രായ തിരുവെഴുത്തുകളുടെ മൂന്നാമത്തെ ഭാഗം സങ്കീർത്തനങ്ങളും സദൃശവാക്യങ്ങളുംപോലെയുള്ള കാവ്യപുസ്തകങ്ങൾ ഉൾപ്പെടുന്ന എഴുത്തുകളായിരുന്നു. (മത്തായി 7:12; ലൂക്കോസ് 24:44) ഇവയിലും ദൈവത്തിന്റെ ജ്ഞാനം അടങ്ങിയിരുന്നു.
ദൃഷ്ടാന്തത്തിന്, സദൃശവാക്യങ്ങൾ പുരാതന ന്യായാധിപൻമാർക്ക് ഇങ്ങനെ മുന്നറിയിപ്പുകൊടുത്തു: “ദുഷ്ടനോട്: ‘നീ നീതിമാനാകുന്നു’ എന്നു പറയുന്നവനെ ആളുകൾ വെറുക്കും, ദേശീയസംഘങ്ങൾ അവനെ അപലപിക്കും. എന്നാൽ അവനെ ശാസിക്കുന്നവർക്ക് അത് ഉല്ലാസകരമായിരിക്കും, അവരുടെമേൽ നൻമയുടെ അനുഗ്രഹമുണ്ടാകും. വളച്ചുകെട്ടില്ലാതെ മറുപടി പറയുന്നവൻ അധരങ്ങളെ ചുംബിക്കും.”—സദൃശവാക്യങ്ങൾ 24:24-26.
ഒരു ന്യായാധിപൻ കോഴയുടെ സമ്മർദ്ദങ്ങൾക്കോ സ്വജനപക്ഷപാതിത്വത്തിനോ വഴങ്ങുകയും ദുഷ്ടനെ നീതിമാനെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നുവെങ്കിൽ, അയാൾ തന്റെ സ്ഥാനത്തിന് കൊള്ളാത്തവനാണെന്ന് മററുള്ളവർ വിധിയെഴുതും. എന്തിന്, നീതിന്യായപരമായ അത്തരം അപകൃത്യങ്ങളെക്കുറിച്ചു കേൾക്കുന്ന വിജാതീയ “ദേശീയസംഘങ്ങ”ളിലെ അംഗങ്ങൾപോലും പുച്ഛത്തോടെ പ്രതികരിക്കും! മറിച്ച്, ഒരു ന്യായാധിപൻ ധീരമായി ആ ദുഷ്ടമനുഷ്യനെ ശാസിക്കുകയും കേസിനെസംബന്ധിച്ച് വളച്ചുകെട്ടില്ലാതെ മറുപടിപറയുകയും ചെയ്താൽ, അയാൾ ആളുകളുടെ സ്നേഹവും ആദരവും നേടും. പൊതുജനങ്ങൾ അയാൾക്ക് “നൻമയുടെ അനുഗ്രഹങ്ങൾ” ആശംസിക്കാൻ പ്രേരിതരാകും. സദൃശവാക്യങ്ങൾ കൂടുതലായി പ്രസ്താവിക്കുന്നതുപോലെ, “വളച്ചുകെട്ടില്ലാതെ മറുപടിപറയുന്നവൻ അധരങ്ങളെ ചുംബിക്കും.”
അങ്ങനെയുള്ള ഒരു ചുംബനം പരസ്പരബഹുമാനത്തെ സൂചിപ്പിച്ചു—ഉപദേശകനും വളച്ചുകെട്ടില്ലാത്ത അയാളുടെ ശാസന അനുസരിക്കുന്നവരും തമ്മിൽത്തന്നെ. ഒരുപക്ഷേ ശാസിക്കപ്പെടുന്നവൻതന്നെ അനുകൂലമായി പ്രതികരിക്കുകയും ന്യായാധിപനോടു പ്രിയം പ്രകടമാക്കുകയുംചെയ്യും. സദൃശവാക്യങ്ങൾ 28:23 പറയുന്നു: “ഒരു മനുഷ്യനെ ശാസിക്കുന്നവൻ തന്റെ നാവുകൊണ്ടു മുഖസ്തുതിപറയുന്നവനെക്കാൾ പിന്നീട് പ്രീതി കണ്ടെത്തും.” ഇന്ന് സഭാമൂപ്പൻമാരായി സേവിക്കുന്നവർ തന്നിമിത്തം തങ്ങളുടെ ന്യായവിധിയെ മറിച്ചുകളയാൻ സൗഹൃദത്തെയോ കുടുംബ ബന്ധങ്ങളെയോ അനുവദിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ആവശ്യമായിരിക്കുന്ന ബുദ്ധിയുപദേശം വളച്ചുകെട്ടില്ലാതെ കൊടുക്കുന്നതിനാൽ മൂപ്പൻമാർ സഭയുടെ ആദരവുനേടും.