അധ്യായം 19
വഴക്കടിക്കുന്നത് ശരിയാണോ?
കുറുമ്പുകാട്ടി ‘വലിയ ആളാകാൻ’ നോക്കുന്ന വികൃതിക്കുട്ടികളെ നിങ്ങൾ കണ്ടിട്ടുണ്ടോ?— അവരോടു കൂട്ടുകൂടാൻ നിങ്ങൾക്ക് ഇഷ്ടമാണോ? അതോ വഴക്കിനൊന്നും പോകാത്ത ശാന്തശീലരായ കുട്ടികളെയാണോ നിങ്ങൾക്കിഷ്ടം?— ‘സമാധാനം ഉണ്ടാക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; കാരണം അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും’ എന്ന് മഹാനായ അധ്യാപകൻ ഒരിക്കൽ പറഞ്ഞു.—മത്തായി 5:9.
പക്ഷേ, നമ്മളെ ദേഷ്യംപിടിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ മറ്റുള്ളവർ ചെയ്യാറുണ്ട്, അല്ലേ?— അവരോടു പകരംവീട്ടണമെന്നും ചിലപ്പോൾ നമുക്കു തോന്നും. ഒരിക്കൽ യേശുവിന്റെ ശിഷ്യന്മാർക്കും അങ്ങനെ തോന്നി. യേശുവും ശിഷ്യന്മാരും കൂടെ യെരുശലേമിലേക്കു പോകുമ്പോഴായിരുന്നു അത്. എന്താണ് ഉണ്ടായതെന്നോ?
കുറച്ചു ദൂരം ചെന്നപ്പോൾ യേശു ചില ശിഷ്യന്മാരെ ശമര്യക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിലേക്ക് അയച്ചു. വിശ്രമിക്കാൻ ഒരിടം കിട്ടുമോ എന്നറിയാനായിരുന്നു അത്. പക്ഷേ, യേശുവും കൂട്ടരും അവിടെവന്ന് താമസിക്കുന്നത് അവർക്ക് ഇഷ്ടമല്ലായിരുന്നു. കാരണം, ശമര്യക്കാർ വേറെ മതക്കാരായിരുന്നു. ദൈവത്തെ ആരാധിക്കാൻ യെരുശലേമിലേക്കു പോകുന്ന ആരെയും അവർക്ക് ഇഷ്ടമില്ലായിരുന്നു.
ശമര്യക്കാരോട് എങ്ങനെ പകരംവീട്ടാനാണ് യാക്കോബും യോഹന്നാനും ആഗ്രഹിച്ചത്?
നിങ്ങളോടാണ് അവർ അങ്ങനെ കാണിച്ചതെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു? നിങ്ങൾക്കു ദേഷ്യം തോന്നുമായിരുന്നോ? നിങ്ങൾ അവരോടു പകരംവീട്ടാൻ ശ്രമിക്കുമായിരുന്നോ?— യേശുവിന്റെ ശിഷ്യന്മാരായ യാക്കോബിനും യോഹന്നാനും നല്ല ദേഷ്യംവന്നു. ‘ആകാശത്തുനിന്ന് തീ ഇറക്കി ഞങ്ങൾ അവരെ നശിപ്പിക്കട്ടെ’ എന്ന് അവർ യേശുവിനോട് ചോദിച്ചു. വെറുതെയല്ല യേശു യാക്കോബിനെയും യോഹന്നാനെയും ‘ഇടിമുഴക്കത്തിന്റെ മക്കൾ’ എന്നു വിളിച്ചത്! ആകട്ടെ, തീ ഇറക്കി ആ ശമര്യക്കാരെ നശിപ്പിക്കാൻ യേശു സമ്മതിച്ചോ? ഇല്ല. മറ്റുള്ളവരോട് അങ്ങനെ പെരുമാറുന്നത് ശരിയല്ലെന്നാണ് അവൻ പറഞ്ഞത്.—ലൂക്കോസ് 9:51-56; മർക്കോസ് 3:17.
ചിലപ്പോൾ ചിലർ നിങ്ങളോട് മോശമായി പെരുമാറിയേക്കാം. ചില കുട്ടികൾ നിങ്ങളെ കളിക്കാൻ കൂട്ടില്ല. “നീ ഇവിടെ നിൽക്കണ്ട” എന്നുപോലും അവർ പറയും. അങ്ങനെയൊക്കെ ചെയ്‌താൽ നമുക്കു വിഷമം തോന്നും, അല്ലേ? അവരോടു പകരംവീട്ടണമെന്നു നമുക്കു തോന്നിയേക്കാം. പക്ഷേ, അങ്ങനെ ചെയ്യുന്നതു ശരിയാണോ?—
നമുക്കു ബൈബിളിൽനിന്ന് ഒരു വാക്യം വായിച്ചാലോ? സദൃശവാക്യങ്ങൾ 24-ാം അധ്യായത്തിന്റെ 29-ാം വാക്യം. “അവൻ എന്നോടു ചെയ്‌തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന്നു അവന്റെ പ്രവൃത്തിക്കു പകരം കൊടുക്കും എന്നും നീ പറയരുത്.”
ഇതിന്റെ അർഥമെന്താണെന്നു മനസ്സിലായോ?— നമ്മൾ ആരോടും പകരംവീട്ടരുതെന്നാണ് ഇവിടെ പറയുന്നത്. ഒരാൾ നമ്മളോട് മോശമായി പെരുമാറിയെന്നു പറഞ്ഞ് നമ്മൾ തിരിച്ച് അങ്ങനെ ചെയ്യരുത്. പക്ഷേ, ആരെങ്കിലും മനഃപൂർവം നിങ്ങളോട് വഴക്കുണ്ടാക്കാൻ വന്നാലോ? ദേഷ്യംപിടിപ്പിക്കാനായി അവർ നിങ്ങളെ ഇരട്ടപ്പേരു വിളിക്കുകയോ കളിയാക്കുകയോ ഒക്കെ ചെയ്‌തേക്കാം. ആരെങ്കിലും നിങ്ങളെ പേടിത്തൊണ്ടൻ എന്നു വിളിക്കുന്നെന്നു വിചാരിക്കുക. നിങ്ങൾ എന്തു ചെയ്യും? അവനുമായി വഴക്കിനു പോകണോ?—
ബൈബിളിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നമുക്ക് നോക്കാം. മത്തായി 5-ാം അധ്യായത്തിന്റെ 39-ാം വാക്യം. “ദുഷ്ടനോട്; നിന്റെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക.” യേശുവിന്റെ വാക്കുകളാണിത്. യേശു എന്തായിരിക്കും ഉദ്ദേശിച്ചത്? ആരെങ്കിലും നിങ്ങളുടെ ഒരു കവിളത്ത് ഇടിച്ചാൽ മറ്റേ കവിളുംകൂടെ കാണിച്ചുകൊടുക്കണം എന്നാണോ?—
അല്ല, അതല്ല യേശു ഉദ്ദേശിച്ചത്. കൈ ചുരുട്ടി ഇടിക്കുന്നതിനെപ്പറ്റിയല്ല ഇവിടെ പറയുന്നത്. ഒരാളെ ദേഷ്യംപിടിപ്പിക്കാൻവേണ്ടി ചിലർ താടിക്കു തട്ടാറില്ലേ? അതുപോലെ എന്തെങ്കിലും ചെയ്യുന്നതിനെയാണ് യേശു ഉദ്ദേശിച്ചത്. ദേഷ്യംതോന്നി നിങ്ങൾ തിരിച്ച് ഒന്ന് ഉന്തുകയോ തള്ളുകയോ ചെയ്‌താലോ?— മിക്കവാറും അത് അടിപിടിയിലായിരിക്കും അവസാനിക്കുക.
തന്റെ ശിഷ്യന്മാർ വഴക്കിനു പോകുന്നത് യേശുവിന് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടാണ് ആരെങ്കിലും നമ്മളെ അടിച്ചാൽ തിരിച്ചടിക്കരുതെന്ന് യേശു പറഞ്ഞത്. ദേഷ്യംപിടിച്ച് നമ്മൾ വെറുതെ വഴക്കിനു പോകരുത്. ഒരാൾ ഇങ്ങോട്ടു വഴക്കിനു വന്നെന്നുവെച്ച് നമ്മൾ തിരിച്ചു വഴക്കിനു പോകണമെന്നുണ്ടോ? പിന്നെ നമ്മളും അയാളും തമ്മിൽ എന്താണ് വ്യത്യാസം, അല്ലേ?
ആരെങ്കിലും ഇങ്ങോട്ടു വഴക്കിനു വന്നാൽ നമ്മൾ എന്തു ചെയ്യണം?— അവിടംവിട്ട് എങ്ങോട്ടെങ്കിലും പോകുക. അതാണ് ബുദ്ധി. മറ്റേയാൾ ഒന്നോ രണ്ടോ പ്രാവശ്യം കൂടെ ഉന്തുകയോ തള്ളുകയോ ചെയ്‌തേക്കാം. പക്ഷേ, അതോടെ അതു തീരും. നിങ്ങൾ അവിടെനിന്നു പോയാൽ നിങ്ങളൊരു ഭീരുവാണെന്നാണോ അതിനർഥം? അല്ല. നിങ്ങൾക്കു ശരി ചെയ്യാനുള്ള ധൈര്യമുണ്ടെന്നാണ് അതു കാണിക്കുന്നത്.
ആരെങ്കിലും വഴക്കിനു വന്നാൽ നമ്മൾ എന്തു ചെയ്യണം?
ഇനി, നിങ്ങൾ തല്ലുകൂടി ജയിച്ചെന്നുതന്നെ കരുതുക. പിന്നെ എന്തായിരിക്കും സംഭവിക്കുക?— അടികൊണ്ടവൻ പോയി കൂട്ടുകാരെയുംകൂട്ടി വരും. വലിയ വടിയോ കത്തിയോ ഒക്കെയായിവന്ന് അവർ നിങ്ങളെ ഉപദ്രവിച്ചേക്കാം. വഴക്കിനു പോകരുതെന്ന് യേശു പറഞ്ഞതിന്റെ കാരണം ഇപ്പോൾ മനസ്സിലായില്ലേ?—
മറ്റാരെങ്കിലും വഴക്കുണ്ടാക്കുന്നത് നിങ്ങൾ കണ്ടാലോ? അതിൽ ആരുടെയെങ്കിലും പക്ഷം പിടിക്കുന്നതു ശരിയാണോ?— എന്തു ചെയ്യണമെന്ന് ബൈബിൾ പറയുന്നുണ്ട്. നമുക്കിപ്പോൾ സദൃശവാക്യങ്ങൾ 26-ാം അധ്യായത്തിന്റെ 17-ാം വാക്യം വായിക്കാം. ‘തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെയാണ്.’
മറ്റുള്ളവരുടെ വഴക്കിൽ ഇടപെടുന്നത് പട്ടിയുടെ ചെവിക്കു പിടിക്കുന്നതുപോലെയാണെന്നു പറയുന്നത് എന്തുകൊണ്ട്? നിങ്ങൾ കുഴപ്പത്തിലാകും. അതുകൊണ്ട് അങ്ങനെ ചെയ്യരുത്!
പട്ടിയുടെ ചെവിക്കു പിടിച്ചാൽ എന്തായിരിക്കും സംഭവിക്കുക? അതിനു വേദനിക്കും. അപ്പോൾ അതു നിങ്ങളെ കടിക്കാൻ നോക്കും, അല്ലേ? പിടി വിടുവിക്കാൻ അതു ശ്രമിക്കുമ്പോൾ നിങ്ങൾക്കു പിടി മുറുക്കേണ്ടിവരും. പക്ഷേ അത് പട്ടിയുടെ ശൗര്യം കൂട്ടുകയേയുള്ളൂ. പിടിവിട്ടാൽ കടി ഉറപ്പ്. എന്നുവെച്ച് എത്ര നേരം നിങ്ങൾക്ക് അങ്ങനെ നിൽക്കാൻ പറ്റും? എന്നും അങ്ങനെ നിൽക്കാൻ പറ്റില്ലല്ലോ, ശരിയല്ലേ?—
രണ്ടുപേർ വഴക്കുണ്ടാക്കുമ്പോൾ നിങ്ങൾ അതിൽ ഇടപെട്ടാൽ സംഭവിക്കുന്നത് അതാണ്. ആരാണ് വഴക്കു തുടങ്ങിയതെന്നോ എന്തിനാണ് വഴക്കിടുന്നതെന്നോ നമുക്കറിയില്ല. ഒരാളെ ആരെങ്കിലും തല്ലുന്നതായിരിക്കും നമ്മൾ കാണുന്നത്. അതു പക്ഷേ അയാൾ എന്തെങ്കിലും കട്ടെടുത്തിട്ടാണെങ്കിലോ? അയാളെ സഹായിക്കാൻ ശ്രമിച്ചാൽ നമ്മൾ ഒരു കള്ളനെയായിരിക്കും സഹായിക്കുന്നത്. അതു ശരിയാണോ? ഒരിക്കലുമല്ല.
അതുകൊണ്ട് ആരെങ്കിലും അടിയുണ്ടാക്കുന്നതു കണ്ടാൽ നിങ്ങൾ എന്തു ചെയ്യണം?— സ്‌കൂളിലാണെങ്കിൽ ഓടിച്ചെന്ന് ടീച്ചറിനോട് പറയാം. വേറെ എവിടെയെങ്കിലുമാണെങ്കിൽ, അച്ഛനെയോ അമ്മയെയോ മറ്റോ വിളിക്കാവുന്നതാണ്. അതെ, മറ്റുള്ളവർ വഴക്കുണ്ടാക്കുമ്പോഴും സമാധാനം ഉണ്ടാക്കാനായിരിക്കണം നമ്മൾ ശ്രമിക്കേണ്ടത്.
ഒരു വഴക്കു നടക്കുന്നതു കണ്ടാൽ നിങ്ങൾ എന്തു ചെയ്യണം?
ശരിക്കും യേശുവിന്റെ ശിഷ്യന്മാരായിട്ടുള്ളവർ ഒരിക്കലും വഴക്കുണ്ടാക്കാൻ പോകില്ല. അത് ഒഴിവാക്കാൻ അവർ എന്തും ചെയ്യും. അങ്ങനെ, ശരി ചെയ്യാൻ ധൈര്യമുള്ളവരാണ് നമ്മളെന്ന് നമുക്കു കാണിക്കാം. യേശുവിന്റെ ശിഷ്യന്മാർ ‘വഴക്കുണ്ടാക്കുന്നവർ ആയിരിക്കരുത്; പിന്നെയോ എല്ലാവരോടും ശാന്തതയോടെ ഇടപെടുന്നവർ ആയിരിക്കണം’ എന്നു ബൈബിൾ പറയുന്നു.—2 തിമൊഥെയൊസ് 2:24.
വഴക്കിനൊന്നും പോകാതിരിക്കാൻ നമ്മളെ സഹായിക്കുന്ന മറ്റു ചില തിരുവെഴുത്തുകളാണ് റോമർ 12:17-21; 1 പത്രോസ് 3:10, 11 എന്നിവ.