ദാരിദ്ര്യം—അതിന് ഒരു ശാശ്വത പരിഹാരം
ലോകമെങ്ങുനിന്നും ദാരിദ്ര്യത്തെ കുറിച്ച് മനസ്സിടിച്ചു കളയുന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നതെങ്കിലും, ഇതിനായി കാര്യമായി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ചിലർക്കെങ്കിലും ഉണ്ട്. ഉദാഹരണത്തിന്, “ഏഷ്യയ്ക്ക് 25 വർഷത്തിനുള്ളിൽ ദാരിദ്ര്യം നിർമാർജനം ചെയ്യാൻ കഴിയും” എന്ന് ഏഷ്യൻ വികസന ബാങ്ക് റിപ്പോർട്ടു ചെയ്തതായി മനിലാ ബുള്ളറ്റിന്റെ തലക്കെട്ടു പറയുകയുണ്ടായി. സാമ്പത്തിക വളർച്ച നേടുക എന്നതായിരുന്നു കൊടുംദാരിദ്ര്യത്തിൽ നിന്ന് ആളുകളെ കരകയറ്റുന്നതിന് ബാങ്ക് നിർദേശിച്ച പോംവഴി.
മറ്റു സംഘടനകളും ഗവൺമെന്റുകളും ഈ പ്രശ്നം പരിഹരിക്കാൻ ഉതകുന്ന നിർദേശങ്ങളുടെയും പദ്ധതികളുടെയും ഒരു നീണ്ട പട്ടികതന്നെ ഉണ്ടാക്കിയിരിക്കുന്നു. പിൻവരുന്നവ അവയിൽ ചിലതാണ്: സാമൂഹിക ഇൻഷുറൻസ് പരിപാടികൾ, മെച്ചപ്പെട്ട വിദ്യാഭ്യാസം, വ്യാവസായിക രാജ്യങ്ങൾക്ക് വികസ്വര രാജ്യങ്ങൾ കൊടുക്കാനുള്ള കടങ്ങൾ എഴുതിത്തള്ളുക, ദരിദ്രർ ഏറെയുള്ള രാജ്യങ്ങൾക്ക് തങ്ങളുടെ ഉത്പന്നങ്ങൾ അനായാസേന വിറ്റഴിക്കാൻ തക്കവണ്ണം കയറ്റുമതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കുക, ദരിദ്രർക്കു വേണ്ടിയുള്ള ഭവന നിർമാണം എന്നിവ.
ഐക്യരാഷ്ട്ര പൊതുസഭ, 2015-ൽ പൂർത്തീകരിക്കേണ്ട ചില ലക്ഷ്യങ്ങൾക്ക് 2000-ത്തിൽ രൂപം നൽകുകയുണ്ടായി. കൊടുംദാരിദ്ര്യവും പട്ടിണിയും നിർമാർജനം ചെയ്യുന്നതും രാജ്യങ്ങൾക്കുള്ളിൽ വരുമാനത്തിന്റെ കാര്യത്തിലുള്ള വലിയ അസമത്വം ഇല്ലാതാക്കുന്നതും ഈ ലക്ഷ്യങ്ങളിൽപ്പെടുന്നു. ഇവ എത്രതന്നെ അഭികാമ്യമാണെങ്കിലും മനുഷ്യർ പരസ്പരം പോരടിക്കുന്ന ഒരു ലോകത്തിൽ ഇതെല്ലാം നിറവേറ്റാനാകുമോ എന്നു പലരും സംശയിക്കുന്നു.
ദാരിദ്ര്യത്തെ നേരിടാൻ പ്രായോഗിക പടികൾ
ആഗോളതലത്തിൽ കാര്യങ്ങൾ മെച്ചപ്പെടാനുള്ള സാധ്യത വളരെ കുറവായിരിക്കുന്നതായി കാണപ്പെടുന്ന സ്ഥിതിക്ക് സഹായത്തിനായി ഒരുവന് എങ്ങോട്ടു തിരിയാൻ കഴിയും? മുമ്പ് പറഞ്ഞതുപോലെ, ആളുകളെ ഇപ്പോൾത്തന്നെ സഹായിക്കാൻ കഴിയുന്ന പ്രായോഗിക ജ്ഞാനത്തിന്റെ ഒരു ഉറവിടമുണ്ട്. എന്താണത്? ദൈവവചനമായ ബൈബിൾ.
വിവരങ്ങൾ പ്രദാനം ചെയ്യുന്ന ഇതര ഉറവിടങ്ങളെക്കാൾ ബൈബിളിന് എന്തു സവിശേഷതയാണുള്ളത്? അത് പരമാധികാരിയായ സ്രഷ്ടാവിൽനിന്നുള്ളതാണ്. അതിന്റെ താളുകളിൽ ജ്ഞാനത്തിന്റെ രത്നങ്ങൾ പതിച്ചിരിക്കുന്നു, എല്ലായിടത്തുമുള്ള എല്ലാവർക്കും എക്കാലത്തും പ്രയോജനം ചെയ്യുന്ന പ്രായോഗിക തത്ത്വങ്ങൾ അതിലുണ്ട്. ഈ തത്ത്വങ്ങൾ പിൻപറ്റുന്നത് ഇപ്പോൾപ്പോലും ഏറെ സംതൃപ്തിദായകമായ ഒരു ജീവിതം നയിക്കുന്നതിനു ദരിദ്രരെ സഹായിക്കും. നമുക്കു ചില ഉദാഹരണങ്ങൾ പരിചിന്തിക്കാം.
പണത്തോട് ഉചിതമായ മനോഭാവം ഉണ്ടായിരിക്കുക. ബൈബിൾ ഇപ്രകാരം പറയുന്നു: “ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം, ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.” (സഭാപ്രസംഗി 7:12) എന്താണ് ഇവിടെ വ്യക്തമാക്കുന്നത്? പണമല്ല സർവവും. അത് ഒരു പരിധിവരെ സുരക്ഷിതത്വം പ്രദാനം ചെയ്യും എന്നതു ശരിതന്നെ. നമുക്ക് ആവശ്യമുള്ള ചില സംഗതികൾ വാങ്ങാൻ പണം വേണം. പക്ഷേ പണത്തിന് അതിന്റേതായ പരിമിതികളുണ്ട്. പണം കൊടുത്തു വാങ്ങാൻ കഴിയാത്ത ചില വിലയേറിയ സംഗതികളുണ്ട്. ഈ വസ്തുത തിരിച്ചറിയുന്നത് ഭൗതിക വസ്തുക്കളെ സമനിലയോടെ വീക്ഷിക്കാൻ നമ്മെ സഹായിക്കും, അങ്ങനെ പണസമ്പാദനത്തിൽ ജീവിതം കേന്ദ്രീകരിച്ചിരിക്കുന്നവരുടെ ഇച്ഛാഭംഗങ്ങൾ നമുക്ക് ഒഴിവാക്കാനും കഴിയും. ജീവൻ പണംകൊടുത്തു വാങ്ങാൻ കഴിയില്ല. എന്നാൽ ജ്ഞാനപൂർവം പ്രവർത്തിക്കുന്നെങ്കിൽ ഇപ്പോഴുള്ള ജീവൻ സംരക്ഷിക്കാനും നിത്യജീവന്റെ പ്രത്യാശ നേടാനും കഴിയും.
ഉള്ളതുകൊണ്ടു ജീവിക്കുക. നമ്മൾ ആഗ്രഹിക്കുന്ന സംഗതികൾ എല്ലായ്പോഴും നമുക്ക് ആവശ്യമുള്ളത് ആയിരിക്കണമെന്നില്ല. അതിനാൽ മുൻഗണന കൊടുക്കേണ്ടത് ആവശ്യങ്ങൾക്കാണ്. നമുക്ക് ഇഷ്ടപ്പെട്ട ഒരു സംഗതി വളരെ അത്യാവശ്യമുള്ള ഒന്നാണെന്ന് നമ്മെത്തന്നെ ബോധ്യപ്പെടുത്താൻ എളുപ്പമാണ്, എന്നാൽ വാസ്തവത്തിൽ അതില്ലാതെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞേക്കും. ജ്ഞാനിയായ ഒരു വ്യക്തി ആദ്യംതന്നെ തന്റെ വരുമാനംകൊണ്ട് ഭക്ഷണം, വസ്ത്രം, പാർപ്പിടം മുതലായ അത്യാവശ്യ സംഗതികൾ നിറവേറ്റും. പിന്നീട്, മറ്റെന്തെങ്കിലും കാര്യത്തിനായി പണം ചെലവഴിക്കുന്നതിനു മുമ്പ് മിച്ചമുള്ള പണം അതിനു തികയും എന്ന് ഉറപ്പുവരുത്തും. യേശു ഒരു ഉപമയിൽ നിർദേശിച്ച സംഗതി, ‘ആദ്യം ഇരുന്നു അതു തീർപ്പാൻ വക ഉണ്ടോ എന്നു കണക്കു നോക്കണം’ എന്നാണ്.—ലൂക്കൊസ് 14:28.
ഫിലിപ്പീൻസിലെ യൂഫ്രോസീനായുടെ കാര്യമെടുക്കുക. ഏതാനും വർഷം മുമ്പ് ഭർത്താവ് അവളെ ഉപേക്ഷിച്ചു. തന്റെയും മൂന്നു കുട്ടികളുടെയും കാര്യം ഒറ്റയ്ക്കു നോക്കിനടത്തുന്ന ഈ മാതാവിന് ഒരു ഉപജീവനമാർഗം കണ്ടെത്തുന്നതിന്റെ ബുദ്ധിമുട്ട് നന്നായി അറിയാം. അതുപോലെ, കിട്ടുന്ന വരുമാനം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വെല്ലുവിളിയും അവൾക്കുണ്ട്. അങ്ങനെ ചെയ്യവേ ഏതൊക്കെ കാര്യങ്ങൾക്കാണു മുൻഗണന നൽകേണ്ടതെന്നു തിരിച്ചറിയാൻ അവൾ കുട്ടികളെ പരിശീലിപ്പിച്ചിരിക്കുന്നു. ഉദാഹരണത്തിന്, കുട്ടികൾ ചിലപ്പോൾ അവർക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും വാങ്ങാൻ ആവശ്യപ്പെട്ടേക്കാം. വേണ്ട എന്നു വെറുതെ പറയുന്നതിലുപരി അവൾ ഇപ്രകാരം ന്യായവാദം ചെയ്യുന്നു: “നിങ്ങൾക്കു വേണമെങ്കിൽ അതു വാങ്ങിക്കോ. പക്ഷേ നിങ്ങൾത്തന്നെ ഒരു കാര്യം തീരുമാനിക്കണം. നമുക്കിപ്പോൾ ഏതെങ്കിലും ഒരു കാര്യത്തിനുള്ള പണമേ ഉള്ളൂ. ഒന്നുകിൽ നിങ്ങൾക്കിഷ്ടമുള്ള ഈ സാധനം വാങ്ങാം അല്ലെങ്കിൽ കുറച്ച് ഇറച്ചിയോ പച്ചക്കറികളോ വാങ്ങാം, അതാകുമ്പോൾ ഈ ആഴ്ച നമുക്കു ചോറിനു കറിയുമായി. ഏതുവേണം? നിങ്ങൾ തീരുമാനിക്കുക.” സാധാരണ, കുട്ടികൾക്കു പെട്ടെന്നുതന്നെ കാര്യം മനസ്സിലാകും, മറ്റു സംഗതികൾക്കായി ആ പണം ചെലവാക്കാതെ ആഹാരസാധനങ്ങൾ വാങ്ങാൻ അവർ സമ്മതിക്കും.
തൃപ്തരായിരിക്കുക. “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.” (1 തിമൊഥെയൊസ് 6:8) ബൈബിളിൽ കാണുന്ന മറ്റൊരു തത്ത്വമാണ് ഇത്. പണം അതിൽത്തന്നെ സന്തോഷം നൽകുന്നില്ല. ധനികരായ ഒട്ടനവധിപേർ അസന്തുഷ്ടരാണ്. അതേസമയം ദരിദ്രരായ പലരും വളരെ സന്തുഷ്ടരുമാണ്. ഈ ദരിദ്രർ അവർക്ക് ജീവിതത്തിൽ ആവശ്യമായ ലളിതമായ കാര്യങ്ങൾകൊണ്ടു തൃപ്തിപ്പെടാൻ പഠിച്ചിരിക്കുന്നു. അധികം പ്രാധാന്യമുള്ള കാര്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്ന ‘ലളിതമായ കണ്ണ്’ ഉണ്ടായിരിക്കേണ്ടതിനെ കുറിച്ച് യേശു സംസാരിക്കുകയുണ്ടായി. (മത്തായി 6:22, NW) തൃപ്തനായിരിക്കാൻ ഇത് ഒരുവനെ സഹായിക്കുന്നു. സംതൃപ്തരായ അനേകം ദരിദ്രർ ഉണ്ട്, കാരണം അവർ ദൈവവുമായി ഒരു നല്ല ബന്ധം വളർത്തിയെടുത്തിരിക്കുന്നു. അതുപോലെ നല്ല കുടുംബ ജീവിതം ആസ്വദിക്കുന്നു. ഇവയൊന്നും പണം കൊടുത്താൽ കിട്ടുന്നതല്ല.
ദരിദ്രരായ ആളുകളെ തങ്ങളുടെ സാഹചര്യവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന ബൈബിളിന്റെ ചില പ്രായോഗിക നിർദേശങ്ങളിൽ ചിലതു മാത്രമാണിത്. ഇനിയുമുണ്ട് നിരവധി. ഉദാഹരണത്തിന്, പണം ദുർവ്യയം ചെയ്യാൻ ഇടയാക്കുന്ന പുകവലി, ചൂതാട്ടം എന്നിങ്ങനെയുള്ള ദുശ്ശീലങ്ങൾ ഒഴിവാക്കുക; ആത്മീയ ലക്ഷ്യങ്ങൾപോലെ ജീവിതത്തിൽ അധികം പ്രാധാന്യമുള്ള കാര്യങ്ങൾ തിരിച്ചറിയുക; തൊഴിൽ സാധ്യത കുറവുള്ള സാഹചര്യത്തിൽ മറ്റുള്ളവർക്ക് ഏറെ ആവശ്യമുള്ള സേവനം പ്രദാനം ചെയ്യുന്ന തൊഴിലുകൾ ചെയ്യുക. (സദൃശവാക്യങ്ങൾ 22:29; 23:21; ഫിലിപ്പിയർ 1:9-11, NW) അത്തരം പ്രായോഗിക “ജ്ഞാനവും വകതിരിവും” പ്രകടമാക്കാൻ ബൈബിൾ നിർദേശിക്കുന്നു. കാരണം ‘അവ നിങ്ങൾക്കു ജീവൻ’ കൈവരുത്തും.—സദൃശവാക്യങ്ങൾ 3:21, 22.
ബൈബിളിന്റെ ഈ നിർദേശങ്ങൾ ദാരിദ്ര്യം മൂലം ക്ലേശം അനുഭവിക്കുന്നവർക്കു കുറേയൊക്ക ആശ്വാസം പ്രദാനം ചെയ്തേക്കാം. എന്നാൽ, ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങൾ അപ്പോഴും അവശേഷിക്കുന്നു. ദരിദ്രർക്ക് ദാരിദ്ര്യത്തിന്റെ നീരാളിപ്പിടുത്തത്തിൽനിന്ന് ഒരിക്കലും രക്ഷപെടാനാവില്ലേ? അതിസമ്പന്നർക്കും തീരെ ദരിദ്രരായവർക്കും ഇടയിലെ അസമത്വങ്ങൾ ഒരിക്കലും അവസാനിക്കുകയില്ലേ? പലരും ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു പരിഹാരത്തെ കുറിച്ചു നമുക്കൊന്നു പരിശോധിക്കാം.
ബൈബിൾ പ്രത്യാശ പകരുന്നു
ബൈബിൾ ഒരു നല്ല പുസ്തകമാണെന്നു പലരും സമ്മതിക്കുന്നു. എന്നിരുന്നാലും, വളരെ പെട്ടെന്നു വരാനിരിക്കുന്ന ഒരു വലിയ മാറ്റത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അതു പ്രദാനം ചെയ്യുന്നുണ്ടെന്ന് പലർക്കും അറിയില്ല.
ദാരിദ്ര്യം ഉൾപ്പെടെ മനുഷ്യവർഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടിയെടുക്കാൻ ദൈവം ഉദ്ദേശിക്കുന്നു. അങ്ങനെ ചെയ്യാൻ മനുഷ്യ ഭരണകൂടങ്ങൾ പരാജയപ്പെടുകയും വിസമ്മതിക്കുകയും ചെയ്തിരിക്കുന്നതിനാൽ ദൈവം അവയെ നീക്കിക്കളയാൻ പോകുകയാണ്. എങ്ങനെ? ദാനിയേൽ 2:44-ൽ ബൈബിൾ ഇപ്രകാരം ഉറപ്പിച്ചു പറയുന്നു: “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”
ഈ “രാജത്വങ്ങളെ” അഥവാ ഭരണകൂടങ്ങളെ നീക്കിക്കളഞ്ഞിട്ട് ദൈവത്താൽ നിയമിതനായ രാജാവ് ഭരണം ഏറ്റെടുക്കും. ആ ഭരണാധികാരി ഒരു മനുഷ്യനല്ല, പിന്നെയോ ദൈവത്തെപ്പോലെയുള്ള ശക്തനായ ഒരു സ്വർഗീയ വ്യക്തി ആയിരിക്കും. ഇന്നത്തെ അസമത്വങ്ങൾ വേരോടെ പിഴുതെറിയാൻ വേണ്ട വലിയ മാറ്റങ്ങൾ വരുത്താനുള്ള പ്രാപ്തി ആ വ്യക്തിക്ക് ഉണ്ടായിരിക്കും. ഇതു ചെയ്യാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് തന്റെ സ്വന്തം പുത്രനെയാണ്. (പ്രവൃത്തികൾ 17:31) ഈ രാജാവ് എന്തെല്ലാം ചെയ്യുന്നതായിരിക്കും എന്ന് സങ്കീർത്തനം 72:12-14 വിവരിക്കുന്നു: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.” എത്ര ശോഭനമായ പ്രത്യാശ! ഒടുവിൽ ആശ്വാസം! ദൈവത്തിന്റെ നിയമിത രാജാവ് ദരിദ്രരുടെയും എളിയവരുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കും.
ദാരിദ്ര്യവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അപ്പോൾ പരിഹരിക്കപ്പെടും. 72-ാം സങ്കീർത്തനത്തിന്റെ 16-ാം വാക്യം ഇപ്രകാരം പറയുന്നു: “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും.” ക്ഷാമം നിമിത്തമോ പണം ഇല്ലാത്തതുകൊണ്ടോ ഭരണരംഗത്തെ പിടിപ്പുകേടുകൊണ്ടോ മേലാൽ ഭക്ഷ്യ ദൗർലഭ്യം ഉണ്ടായിരിക്കുകയില്ല.
മറ്റു പ്രശ്നങ്ങളും അവിടെ പരിഹരിക്കപ്പെടും. ഉദാഹരണത്തിന്, ഇന്നു ഭൂമുഖത്തു ജീവിക്കുന്നവരിൽ വലിയൊരു ശതമാനം സ്വന്തമായി വീടില്ലാത്തവരാണ്. എന്നാൽ, ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതു നോക്കൂ: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.” (യെശയ്യാവു 65:21, 22) ഓരോരുത്തർക്കും സ്വന്തം ഭവനം ഉണ്ടായിരിക്കും, അവരുടെ വേല ആസ്വാദ്യവും ആയിരിക്കും. ദാരിദ്ര്യം എന്നേക്കുമായി പാടേ അവസാനിപ്പിക്കും എന്നാണ് ദൈവം വാഗ്ദാനം ചെയ്യുന്നത് എന്നതു ശ്രദ്ധിക്കുക. ധനവാനും ദരിദ്രനും തമ്മിലുള്ള വലിയ വിടവുകൾ മേലാൽ ഉണ്ടായിരിക്കുകയില്ല. ജീവൻ നിലനിറുത്താൻ പാടുപെടുന്നവരും ഉണ്ടായിരിക്കില്ല.
ബൈബിൾ വെച്ചുനീട്ടുന്ന ഈ വാഗ്ദാനങ്ങൾ ആദ്യം കേൾക്കുമ്പോൾ, ഇതൊന്നും നടക്കാൻ പോകുന്ന കാര്യമല്ല എന്നു ഒരുവൻ ചിന്തിച്ചേക്കാം. എന്നിരുന്നാലും, ബൈബിളിന്റെ ഒരു അടുത്ത പരിശോധന വ്യക്തമാക്കുന്നത്, കഴിഞ്ഞകാലത്ത് ദൈവം നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ എല്ലാം നിവൃത്തിയേറിയിട്ടുണ്ട് എന്നാണ്. (യെശയ്യാവു 55:11) അതുകൊണ്ട്, ഇതൊക്കെ സംഭവിക്കുമോ എന്നു സംശയിക്കാൻ യാതൊരു കാരണവുമില്ല. മറിച്ച്, യഥാർഥ ചോദ്യമിതാണ്, ഈ വാഗ്ദാനങ്ങൾ നിറവേറുമ്പോൾ ഇതിൽനിന്നു പ്രയോജനം നേടാൻ നിങ്ങൾ ചെയ്യേണ്ടത് എന്താണ്?
നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ?
ഗവൺമെന്റ് ദൈവത്തിന്റേത് ആയതിനാൽ, ആ ഗവൺമെന്റിന്റെ പ്രജകളായി അവൻ അംഗീകരിക്കുന്നതരം വ്യക്തികൾ ആയിരിക്കേണ്ടതുണ്ട് നാം. അതിനു യോഗ്യത പ്രാപിക്കാൻ നമുക്ക് എന്തു ചെയ്യാനാകും എന്നതു സംബന്ധിച്ച് അവൻ നമ്മെ അറിയിക്കാതിരുന്നിട്ടില്ല. ബൈബിളിൽ അതിനുള്ള മാർഗനിർദേശങ്ങൾ അടങ്ങിയിരിക്കുന്നു.
നിയമിത രാജാവായ ദൈവപുത്രൻ നീതിയുള്ളവനാണ്. (യെശയ്യാവു 11:3-5) അതിനാൽ, ഈ ഗവൺമെന്റിന്റെ കീഴിൽ ജീവിക്കാൻ അംഗീകാരം ലഭിക്കുന്നവരും നീതിമാന്മാർ ആയിരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. സദൃശവാക്യങ്ങൾ 2:21, 22 ഇപ്രകാരം പറയുന്നു: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”
ഈ വ്യവസ്ഥകളിൽ എത്തിച്ചേരാൻ കഴിയുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? തീർച്ചയായും. ബൈബിൾ പഠിക്കുകയും അതിന്റെ നിർദേശങ്ങൾ പിൻപറ്റുകയും ചെയ്യുന്നതിലൂടെ, ഈ അത്ഭുതകരമായ ഭാവി ജീവിതം ആസ്വദിക്കാൻ നിങ്ങൾക്കു കഴിയും. (യോഹന്നാൻ 17:3) ബൈബിൾ പഠിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമുണ്ട്. ഒരിക്കലും ദാരിദ്ര്യമോ അനീതിയോ അനുഭവിക്കേണ്ടിവരില്ലാത്ത ഒരു സമൂഹത്തിന്റെ ഭാഗമായിത്തീരാനുള്ള ഈ അവസരം പ്രയോജനപ്പെടുത്താൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്.
[5 -ാം പേജിലെ ചിത്രം]
യൂഫ്രോസീനാ: “പണം സൂക്ഷിച്ചു ചെലവാക്കുന്നത് എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു”
[6 -ാം പേജിലെ ചിത്രം]
ദൈവവുമായുള്ള നല്ല ഒരു ബന്ധവും സന്തുഷ്ടി നിറഞ്ഞ കുടുംബജീവിതവും പണം കൊടുത്തു വാങ്ങാനാകില്ല