വിപത്തുകൾ “ദൈവത്തിന്റെ പ്രവൃത്തികൾ” ആണോ?
ഒരു ഭൂകമ്പം തങ്ങളുടെ പാദങ്ങളിൻ കീഴിലെ നിലത്തെ കുലുക്കിയപ്പോൾ, ഭൂമിക്കടിയിലെ ഒരു ജീവി പിടച്ചതാണെന്ന് ചില പുരാതന ജനങ്ങൾ വിശ്വസിച്ചു. ഇടിയും മിന്നലും കൊടുങ്കാറ്റുകളും തങ്ങളുടെ ദൈവങ്ങളുടെ ഇടയിലെ പോരാട്ടങ്ങളുടെ തെളിവാണെന്നും അനേകർ വിചാരിച്ചു.
വിപത്തൊഴിവാക്കാൻ ശ്രമിക്കുന്നതിന്, അങ്ങനെയുള്ള ആളുകൾ ആ ദൈവങ്ങളെ പ്രസാദിപ്പിക്കുമെന്ന് പ്രത്യാശിച്ച മതങ്ങൾ ആചരിച്ചു. വിപത്ത്—പ്രകൃതി തിരിച്ചടിക്കുമ്പോൾ എന്ന പുസ്തകം പറയുന്നു “നാടോടിക്കഥകളും ഐതിഹ്യങ്ങളും മതവും മുഖേന . . . മനുഷ്യൻ താൻ സഹിച്ച പ്രാകൃതികാനർത്ഥങ്ങളെ വിശദീകരിക്കാൻ ശ്രമിച്ചിരിക്കുന്നു.”
ഇന്ന്, ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ “ദൈവത്തിന്റെ പ്രവൃത്തി” എന്ന പദപ്രയോഗം മിക്കപ്പോഴും ഒരു നിയമപരമായ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു. എന്നിരുന്നാലും, 19-ാം നൂറ്റാണ്ടിലെ ഒരു അഭിഭാഷകൻ ഇങ്ങനെ വിശദീകരിച്ചു: “ഈ പദപ്രയോഗം ബൈബിൾപരമായ അർത്ഥത്തിൽ ദൈവത്തിന്റെ പ്രവൃത്തിയെ അർത്ഥമാക്കുന്നില്ലെന്നുള്ളതിൽ എനിക്ക് ഒരിക്കലും ഒരു സംശയവുമുണ്ടായിട്ടില്ല. . . . മുൻകൂട്ടിക്കാണാൻ കഴിയാഞ്ഞതും സംരക്ഷണനടപടി സ്വീകരിക്കാൻ കഴിയാഞ്ഞതുമായ ഒരു അസാധാരണ സാഹചര്യം എന്നാണതിന്റെ അർത്ഥം.”
യഥാർത്ഥ ദൈവീക പ്രവൃത്തികൾ
“ദൈവത്തിന്റെ പ്രവൃത്തി” എന്ന പദപ്രയോഗത്തിന്റെ അർത്ഥം സംബന്ധിച്ച കുഴപ്പം നീക്കാൻ സഹായിക്കുന്നതിന്, ഒരു യഥാർത്ഥ ദൈവീക പ്രവൃത്തിയായിരിക്കുന്നതിന് ഒരു സംഭവം പാലിക്കേണ്ട മാനദണ്ഡത്തെ അഥവാ വ്യവസ്ഥകളെ നാം ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.
ദൈവം സർവ്വശക്തനാണെന്ന് ബൈബിൾ വ്യക്തമായി നമ്മോടു പറയുന്നു. (പുറപ്പാട് 6:3) എന്നാൽ അത് ഇങ്ങനെയും പറയുന്നു:” അവന്റെ പ്രവർത്തനം പൂർണ്ണമാണ്, എന്തെന്നാൽ അവന്റെ വഴികളെല്ലാം ന്യായമാകുന്നു. വിശ്വസ്തതയുള്ള ഒരു ദൈവം, അവനിൽ അന്യായമില്ല; അവൻ നീതിയും നേരുമുള്ളവനാകുന്നു.”—ആവർത്തനം 32:4.
യഹോവ നീതിയും നേരും പരസ്പര യോജിപ്പുമുള്ളവനാണെന്നറിയുന്നത് ഒരു വിപത്ത് യഥാർത്ഥത്തിൽ ഒരു ദൈവപ്രവൃത്തിയായിരിക്കുന്നതെപ്പോഴെന്ന് നിർണ്ണയിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന് നമ്മെ സഹായിക്കുന്നു. ചില മുഖ്യഘടകങ്ങൾ ഇവയാണ്: (1) അത് എല്ലായ്പ്പോഴും ദൈവോദ്ദേശ്യത്തിന് അനുയോജ്യമാണ്. (2) പ്രവർത്തിക്കുന്നതിനു മുമ്പ് ദൈവം നേരത്തെ മുന്നറിയിപ്പു കൊടുക്കുന്നു; (3) അനുസരണമുള്ളവർക്ക് അതിജീവനത്തിനായി അവൻ നിർദ്ദേശങ്ങൾ കൊടുക്കുന്നു.
ഇതു മനസ്സിൽ പിടിച്ചുകൊണ്ട്, ഒരു വിപത്തു വരുത്താൻ ദൈവം പ്രവർത്തിക്കുകതന്നെ ചെയ്ത രണ്ടു സന്ദർഭങ്ങൾ പരിചിന്തിക്കുക. ഒന്ന് 4300-ൽ പരം വർഷം മുമ്പ് നോഹയുടെ കാലത്തായിരുന്നു.
ദൈവത്തിന്റെ ഒരു യഥാർത്ഥ പ്രവൃത്തി
നോഹയുടെ നാളിൽ ഭൂമിയിലെ അവസ്ഥകൾ എന്തായിരുന്നു? “ഭൂമിയിൽ മനുഷ്യന്റെ വഷളത്വം പെരുകിയിരുന്നു, അവന്റെ ഹൃദയവിചാരങ്ങളുടെ ഏതു ചായ്വും എല്ലാ സമയത്തും ചീത്ത മാത്രമായിരുന്നു. ഭൂമി സത്യദൈവത്തിന്റെ കാഴ്ചയിൽ പാഴായിത്തീർന്നു, ഭൂമി അക്രമം കൊണ്ടു നിറഞ്ഞു.”—ഉല്പത്തി 6:5, 11.
തന്നിമിത്തം, ഒരു ആഗോള വിപത്തു വരുത്തി ഭൂമിയിൽനിന്ന് ദുഷ്ടമനുഷ്യരെ തുടച്ചുനീക്കാൻ ദൈവം നിശ്ചയിച്ചു. മനുഷ്യവർഗ്ഗത്തിന്റെ അധ:പതനം നിമിത്തം ഗ്രഹത്തിന്റെ “ഉടമ”യായ സ്രഷ്ടാവ് അങ്ങനെ ചെയ്യുന്നതിൽ പൂർണ്ണമായി നീതീകരിക്കപ്പെട്ടു.
ഏതായാലും, നോഹയുടെയും അവന്റെ കുടുംബത്തിന്റെയും മുന്തിനിന്ന നിർമ്മലത ദൈവം ശ്രദ്ധിച്ചു. അവന്റെ നിർദ്ദേശങ്ങൾ അനുസരിക്കുന്നപക്ഷം വരാനിരുന്ന അനർത്ഥകാലത്ത് അവർ സുരക്ഷിതരായിരിക്കുമെന്ന് അവൻ അവരോടു വാഗ്ദാനം ചെയ്തു. (ഉല്പത്തി 6:13-21) നോഹയും അവന്റെ കുടുംബവും ഈ ക്രമീകരണത്തോടു പറ്റിനിന്നോ? ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “ദൈവം തന്നോടു കൽപ്പിച്ചിരുന്നതെല്ലാമനുസരിച്ച് പ്രവർത്തിക്കാൻ നോഹ പുറപ്പെട്ടു. അവൻ അങ്ങനെതന്നെ ചെയ്തു.”—ഉല്പത്തി 6:22.
നോഹയുടെ അനുസരണം പ്രയോജനകരമായിരുന്നോ? അതെ, എന്തുകൊണ്ടെന്നാൽ ദൈവം “ഭക്തികെട്ട ജനത്തിന്റെ ലോകത്തിൽ പ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ വേറെ ഏഴുപേരോടുകൂടെ സുരക്ഷിതമായി കാത്തു”വെന്ന് അപ്പോസ്തലനായ പത്രോസ് പ്രസ്താവിക്കുന്നു. (2 പത്രോസ് 2:5) സത്യമായി, ദൈവം തന്റെ ദാസൻമാർക്കുവേണ്ടി കരുതുകയും അവരുമായി ആശയവിനിയമം നടത്തുകയും താൻ പ്രവർത്തിക്കുമ്പോൾ അവർ സംരക്ഷിക്കപ്പെടുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു. ബൈബിൾ പ്രസ്താവിക്കുന്നതുപോലെ: “തന്റെ ദാസൻമാരായ പ്രവാചകൻമാരോട് തന്റെ രഹസ്യകാര്യം വെളിപ്പെടുത്താത്തപക്ഷം പരമാധികാരിയാം കർത്താവായ യഹോവ ഒരു കാര്യവും ചെയ്യുകയില്ല.”—ആമോസ് 3:7.
ദൈവത്തിന്റെ മറ്റൊരു പ്രവൃത്തി
മറ്റൊരു ദൈവപ്രവൃത്തി പ്രളയത്തിന് പല നൂറ്റാണ്ടുകൾക്കുശേഷം സംഭവിച്ചു. സോദോം, ഗോമോറാ എന്നീ നഗരങ്ങൾ അവയുടെ കടുത്ത ദുർമ്മാർഗ്ഗം നിമിത്തം ദൈവത്തിൽനിന്നുള്ള നാശത്തെ അഭിമുഖീകരിച്ചു. അവിടെ പത്തു നീതിമാൻമാരെപോലും കാണാൻ കഴിഞ്ഞില്ല, വെറും മൂന്നുപേരേ ഉണ്ടായിരുന്നുള്ളു—ലോത്തും അവന്റെ രണ്ട് പെൺമക്കളും.
ആ നഗരത്തിലെ ആളുകളുടെ മനോഭാവം എന്തായിരുന്നു? ഒരു ദൃഷ്ടാന്തമെന്നനിലയിൽ, ലോത്തിന്റെ പുത്രിമാർക്ക് വിവാഹനിശ്ചയം ചെയ്തിരുന്ന പുരുഷൻമാരുടെ പ്രതികരണം ശ്രദ്ധിക്കുക. ദൈവത്തിൽനിന്നുള്ള നാശം ആസന്നമായിരുന്നതുകൊണ്ട് നഗരത്തിൽനിന്ന് പുറത്തുപോകാൻ അവരോടു പറയപ്പെട്ടു. അപ്പോൾ “അവന്റെ [ഭാവി] മരുമക്കളുടെ ദൃഷ്ടിയിൽ അവൻ തമാശപറയുന്ന ഒരു മനുഷ്യനെപ്പോലെ തോന്നി.”—ഉല്പത്തി 19:14.
നേരത്തെ, ദൈവത്തിന്റെ ദൂതൻമാർ ലോത്തിനോടുകൂടെ താമസിച്ചപ്പോൾ സോദോമിലെ പുരുഷൻമാർ “സകലരും ആബാലവൃദ്ധം ഒരൊറ്റ കൂട്ടമായി വീടു വളഞ്ഞു.” എന്തുകൊണ്ട്? അവർ ലോത്തിനോട് ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു: “ഇന്നു രാത്രി നിന്റെ അടുക്കൽ വന്ന പുരുഷൻമാർ എവിടെ? ഞങ്ങൾ അവരുമായി വേഴ്ചയിലേർപ്പെടേണ്ടതിന് അവരെ ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരിക.” അവർ ദൈവത്തിന്റെ ഏജൻറൻമാരുടെമേൽ തങ്ങളുടെ സ്വവർഗ്ഗസംഭോഗപരമായ വികടത്തരങ്ങൾ അടിച്ചേൽപ്പിക്കാനാഗ്രഹിച്ചു! അങ്ങനെ, അത്തരം ദുർമ്മാർഗ്ഗം നിമിത്തം ദിവ്യനാശം നഗരങ്ങളെ തുടച്ചുനീക്കി.—ഉല്പത്തി 19:4, 5, 23-25.
ഇത് ദൈവത്തിന്റെ മറ്റൊരു പ്രവൃത്തിയായിരുന്നുവെന്ന് പ്രകടമാക്കപ്പെട്ടിരിക്കുന്നു: “സോദോം ഗോമോറാ എന്നീ നഗരങ്ങളെ ഭസ്മീകരിച്ചതിനാൽ [ദൈവം] അവയെ കുറ്റംവിധിക്കുകയും ഭക്തികെട്ട ആളുകൾക്ക് വരാനിരിക്കുന്ന കാര്യങ്ങളുടെ ദൃഷ്ടാന്തമാക്കുകയും ചെയ്തു; നിയമത്തെ ധിക്കരിക്കുന്ന ആളുകളുടെ ദുർന്നടത്തയിലുള്ള ആശക്തിയാൽ അതിയായി ദുഃഖിതനായിരുന്ന നീതിമാനായ ലോത്തിനെ അവൻ വിടുവിച്ചു.”—2 പത്രോസ് 2:6, 7; യൂദാ 7.
“ദൈവത്തിന്റെ പ്രവൃത്തികള”ല്ലാത്ത വിപത്തുകൾ
ചിലർ “ദൈവത്തിന്റെ പ്രവൃത്തികൾ” എന്നു വിളിക്കുന്ന വിപത്തുകളുടെ ഒരു സൂക്ഷ്മ പരിശോധന യഥാർത്ഥത്തിൽ പലതും മനുഷ്യനിർമ്മിതമാണെന്നു വെളിപ്പെടുത്തുന്നു. തീർച്ചയായും, മറ്റു ചിലത് ഭൂകമ്പങ്ങളും കൊടുങ്കാറ്റുകളും പോലുള്ള പ്രകൃതിശക്തികളിൽനിന്ന് സംജാതമാകുന്നു.
ഈ “അന്ത്യനാളുകളെ” തിരിച്ചറിയുന്ന അടയാളങ്ങളുടെ ഭാഗമായി ബൈബിൾ മനുഷ്യനിർമ്മിതവും പ്രകൃതിപരവുമായ അനേകം അനർത്ഥങ്ങളെക്കുറിച്ചു മുൻകൂട്ടി പറയുന്നുണ്ടെങ്കിലും, ഈ കാലത്ത് അവയിൽ നിന്നുള്ള പ്രതിരക്ഷക്ക് ഉറപ്പു നൽകുന്ന നിർദ്ദേശങ്ങൾ അത് ഒരിടത്തും സമർപ്പിക്കുന്നില്ല. (2 തിമൊഥെയോസ് 3:1-5; മത്തായി 24:3-12) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അങ്ങനെയുള്ള സംഭവങ്ങൾ ദൈവത്തിന്റെ പ്രവൃത്തികളല്ല. എന്നിരുന്നാലും, നല്ല ആളുകളും ചീത്ത ആളുകളും ഒരുപോലെ അവയാൽ കഷ്ടപ്പെടുന്നതെന്തുകൊണ്ടെന്ന് ദൈവവചനം വിശദീകരിക്കുകതന്നെ ചെയ്യുന്നു.
ആദ്യമനുഷ്യർ ദൈവത്തിന്റെ വ്യക്തമായി പ്രസ്താവിക്കപ്പെട്ട നിർദ്ദേശങ്ങൾ അനുസരിക്കാതിരുന്നപ്പോൾ, അവർ വിപത്തു ക്ഷണിച്ചുവരുത്തുകയായിരുന്നു. “നിങ്ങൾ തീർച്ചയായും മരിക്കും” എന്നു ദൈവം മുന്നറിയിപ്പു കൊടുത്തിരുന്നു. (ഉല്പത്തി 2:17) “ഏക മനുഷ്യനാൽ . . . മരണം സകല മനുഷ്യരിലേക്കും പരന്നു” എന്നു പറഞ്ഞുകൊണ്ട് അപ്പോസ്തലനായ പൗലോസ് അവരുടെ നടപടികളുടെ ഫലങ്ങൾ എത്ര ദൂരവ്യാപകങ്ങളാണെന്ന് പ്രകടമാക്കുന്നു.—റോമർ 5:12.
എന്നാൽ കൂടുതൽ ഉൾപ്പെട്ടിരുന്നു. ആദ്യ ഇണകളുടെ അനുസരണക്കേട് ദൈവത്തിന്റെ വഴികാട്ടലിനെയും പരിപാലനത്തെയും തള്ളിക്കളയുന്നതിനെ അർത്ഥമാക്കി. മേലാൽ ദൈവം അവരുടെയും അവരുടെ ഭവനമായ ഭൂഗ്രഹത്തിന്റെയും ഭരണാധികാരിയായിരിക്കാൻ അവരാഗ്രഹിച്ചില്ല. ദൈവത്തിന്റെ മേൽവിചാരണയെ നഷ്ടപ്പെടുത്തിയതിനാൽ അവർക്ക് വിപത്തുകളിൽ നിന്നുള്ള സംരക്ഷണവും നഷ്ടപ്പെട്ടു.
നമ്മേ സംബന്ധിച്ച് ഇവയെല്ലാം എന്തർത്ഥമാക്കുന്നു? അതിന്റെ അർത്ഥം “സമയവും മുൻകൂട്ടിക്കാണാത്ത സംഭവങ്ങളും” നമുക്കെല്ലാം നേരിടുന്നുവെന്നാണ്. അതിന്റെ അർത്ഥം നമ്മെ അപ്രതീക്ഷിത സംഭവങ്ങളുടെ ഇരകളാക്കിയേക്കാവുന്നതായി എന്തു സംഭവിക്കുമെന്ന് നമുക്ക് അറിയാൻ കഴികയില്ലെന്നാണ്. ഒരു വലയിലകപ്പെടുന്ന മത്സ്യത്തെപ്പോലെയോ ഒരു കുരുക്കിൽ പിടിക്കപ്പെടുന്ന പക്ഷികളെപ്പോലെയോ “ഒരു അനർത്ഥസമയത്ത് മനുഷ്യപുത്രൻമാർതന്നെ കെണിയിൽപെടുന്നു,” ദൃഷ്ടാന്തമായി, “[മരണം] പെട്ടെന്ന് അവരുടെമേൽ പതിക്കുമ്പോൾ.”—സഭാപ്രസംഗി 9:11, 12.
അതുകൊണ്ട് നിയമ കോടതികൾ പ്രകൃതി വിപത്തുകളെ ഒരു നിയമപരമായ അർത്ഥത്തിൽ “ദൈവത്തിന്റെ പ്രവൃത്തികൾ” എന്നു പരാമർശിച്ചേക്കാമെങ്കിലും അവ യഥാർത്ഥത്തിൽ ദൈവത്തിന്റെ പ്രവൃത്തികളല്ലെന്ന് തീർച്ചയാണ്.
ദൈവത്തിന്റെ മറ്റൊരു പ്രവൃത്തി അടുത്തു വരുന്നു
ആയിരത്തിത്തൊള്ളായിരത്തിപ്പതിന്നാലു മുതൽ നാം ജീവിക്കുന്ന ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അന്ത്യനാളുകളുടെ പരമകോടിയെ വർണ്ണിച്ചുകൊണ്ട് യേശു ഇങ്ങനെ മുന്നറിയിപ്പു നൽകി: “ലോകാരംഭം മുതൽ സംഭവിച്ചിട്ടില്ലാത്തതും . . . , വീണ്ടും സംഭവിക്കുകയില്ലാത്തതുമായ മഹോപദ്രവം ഉണ്ടായിരിക്കും.” (മത്തായി 24:21) ആ സംഭവം ഇപ്പോഴത്തെ നീതികെട്ട വ്യവസ്ഥിതിക്ക് അറുതിവരുത്തും. അതിന്റെ പരകോടി “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മായ അർമ്മഗെദ്ദോൻ ആയിരിക്കും. അതു തീർച്ചയായും “ലോകത്തിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്നവർക്കെല്ലാം ഒരു അനർത്ഥമായിരിക്കും.—വെളിപ്പാട് 16:14, 16; യോഹന്നാൻ 17:14; 2 പത്രോസ് 3:3-13.
ഇത് ഏതുതരം ന്യായവിധി ആയിരിക്കും? അത് ചിലരെ വേർതിരിച്ചുകൊണ്ടായിരിക്കും, “ദൈവത്തെ അറിയാത്തവരെയും [അതിനിഷ്ടപ്പെടാത്തവരെ] നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവാർത്ത അനുസരിക്കാത്തവരെയും” മാത്രമേ നീക്കം ചെയ്യുന്നുള്ളു. (2 തെസ്സലോനീക്യർ 1:8-10) എന്നാൽ നോഹയേയും കുടുംബത്തെയും പോലെ ദൈവത്തിന്റെ മുന്നറിയിപ്പിനെയും നിർദ്ദേശങ്ങളെയും കേട്ടനുസരിക്കുന്നവർക്ക് അത് ഒരു വിപത്തായിരിക്കുകയില്ല. ഈ സംഭവം തീർച്ചയായും ദൈവത്തിന്റെ ഒരു പ്രവൃത്തിയായിരിക്കും; കാരണം അവൻ തന്റെ ദാസൻമാരെ സംരക്ഷിക്കും. അത് നല്ലവർക്കും ദുഷ്ടൻമാർക്കും ഒരുപോലെ ജീവഹാനി വരുത്തുന്ന മറ്റു വിപത്തുകളിൽനിന്ന് അതിനെ വ്യത്യസ്തമാക്കുന്നു.—യെശയ്യാവ് 28:21 കാണുക.
ആസന്നമായിരിക്കുന്ന “മഹോപദ്രവം” ദൈവത്തിന്റെ ഒരു പ്രവൃത്തിയായിരിക്കുമെന്ന് നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും? അത് മാനദണ്ഡങ്ങളിലെത്തുന്നതിനാൽ നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും:
(1) അതു ദൈവത്തിന്റെ പ്രഖ്യാപിതോദ്ദേശ്യങ്ങൾക്കനുയോജ്യമാണ്: ആ ഉദ്ദേശ്യം ഭക്തികെട്ട ഇപ്പോഴത്തെ വ്യവസ്ഥിതിക്ക് അറുതിവരുത്തുക എന്നതാണ്.—യിരെമ്യാവ് 25:31-33; സെഫെന്യാവ് 3:8; വെളിപ്പാട് 16:14, 16; 19:11-21.
(2) നേരത്തെയുള്ള മുന്നറിയിപ്പ്: ഇപ്പോൾ ഏതാണ്ട് ഏഴു ദശാബ്ദക്കാലം യഹോവയുടെ സാക്ഷികൾ ഈ വ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പു കൊടുത്തിട്ടുണ്ട്. ദൈവത്തിന്റെ ആസന്നമായ രാജ്യത്തിന്റെ സുവാർത്തയും അവർ പ്രസംഗിച്ചിരിക്കുന്നു. ഭൂമിയിലെങ്ങുമായി ഇപ്പോൾ മുപ്പതുലക്ഷത്തിലധികം സാക്ഷികളുണ്ടായിരിക്കത്തക്കവണ്ണം അവരുടെ വേല വളർന്നിരിക്കുന്നു. (മത്തായി 24:14; പ്രവൃത്തികൾ 20:20) അടുത്ത പ്രാവശ്യം അവർ നിങ്ങളുടെ വീടു സന്ദർശിക്കുമ്പോൾ അവരുടെ സന്ദേശത്തെക്കുറിച്ച് അവരോടു ചോദിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. നോഹയുടെ നാളിലെ ആളുകളെപ്പോലെയായിരിക്കരുത്; യേശു പറഞ്ഞപ്രകാരം അവർ “ഗൗനിച്ചില്ല,” പ്രളയത്തിൽ നശിക്കുകയും ചെയ്തു.—മത്തായി 24:37-39.
(3) അതിജീവനത്തിനുള്ള നിർദ്ദേശങ്ങൾ: “സത്യദൈവത്തെ ഭയപ്പെടുകയും അവന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യുക” എന്നു ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (സഭാപ്രസംഗി 12:13) അതിജീവനത്തിന്റെ താക്കോൽ ദൈവത്തിന്റെ നിർദ്ദേശങ്ങൾ എന്തെന്നു മനസ്സിലാക്കുകയും അനന്തരം അവ അനുസരിക്കുകയുമാണ്. യേശു അതു വ്യക്തമായി പ്രസ്താവിച്ചു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചവനായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിന്റെ അർത്ഥം നിത്യജീവൻ എന്നാകുന്നു.” (യോഹന്നാൻ 17:3) ദൈവത്തിന്റെ നിർദ്ദേശങ്ങൾ എന്തെന്ന് നിങ്ങളെ കാണിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമായിരിക്കും.
ദൈവവചനം ഇങ്ങനെയും വാഗ്ദത്തം ചെയ്യുന്നു: “യഹോവയിൽ പ്രത്യാശിക്കുകയും അവന്റെ വഴി അനുസരിക്കുകയും ചെയ്യുക. . . . ദുഷ്ടൻമാർ ഛേദിക്കപ്പെടുമ്പോൾ, നീ അതു കാണും.” (സങ്കീർത്തനം 37:34) ഇപ്പോൾ യഹോവയുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുന്നതിനാലും അവ അനുസരിക്കുന്നതിനാലും നിങ്ങളുടെ പ്രത്യാശ അതാണെന്ന് നിങ്ങൾക്ക് പ്രകടമാക്കാൻ കഴിയും. അത് ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ശ്രമിക്കുന്ന ഒരാളെന്നനിലയിൽ നിങ്ങളെ ദൈവത്തിന്റെയും മനുഷ്യന്റെയും മുമ്പാകെ തിരിച്ചറിയിക്കുകയും അതിജീവനത്തിന് യോഗ്യരായിത്തീരുകയും ചെയ്യും. “ലോകം നീങ്ങിപ്പോകുകയാകുന്നു. . . , എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും സ്ഥിതിചെയ്യുന്നു.”—1 യോഹന്നാൻ 2:15-17; മത്തായി 28:19, 20.
ആസന്നമായിരിക്കുന്ന ദൈവത്തിന്റെ പ്രവൃത്തിയെക്കുറിച്ചു പഠിക്കുകയും അതിജീവനത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നവരുടെ ഭാവിപ്രതീക്ഷകൾ തീർച്ചയായും പ്രോത്സാഹജനകമാണ്. കാരണം അവർ ദൈവരാജ്യഭരണത്തിൻ കീഴിൽ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിപ്പിക്കപ്പെടും. (മത്തായി 6:9, 10) എന്നാൽ പുതിയ വ്യവസ്ഥിതിയിൽ, മനുഷ്യനിർമ്മിതമോ പ്രകൃതിപരമോ ആയ വിപത്തുകളിൽനിന്ന് ആളുകളെ രക്ഷിക്കാൻ എന്തു ചെയ്യപ്പെടും?
ദിവ്യ അനർത്ഥ നിവാരണം
ദൈവരാജ്യം പൂർണ്ണനിയന്ത്രണം ഏറ്റെടുക്കുമ്പോൾ, അത് സമാധാനത്തിന്റെയും പുനഃസ്ഥിതീകരണത്തിന്റെയും എന്തോരു സമയമായിരിക്കും? ദൈവത്താൽ അവരോധിക്കപ്പെട്ട സ്വർഗ്ഗീയരാജാവായ ക്രിസ്തുയേശുവിന്റെ ഭരണത്തിന് കീഴ്പ്പെടുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുന്നത് അത്ഭുതകരമാണ്.
യേശു ഭൂമിയിലായിരുന്നപ്പോൾ, രാജ്യഭരണാധിപത്യകാലത്ത് താൻ എന്തു ചെയ്യുമെന്ന് പ്രകടമാക്കിക്കൊണ്ട് ചെയ്തതെന്തെന്ന് പരിചിന്തിക്കുക: അവൻ രോഗികളെയും മുടന്തരെയും സൗഖ്യമാക്കുകയും കുരുടരുടെ കണ്ണുകൾ തുറക്കുകയും ബധിരർക്ക് കേൾവി കൊടുക്കുകയും ഊമരെ സംസാരിപ്പിക്കുകയും ചെയ്തു. മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്തു!—മത്തായി 15:30, 31; ലൂക്കോസ് 7:11-17.
അതുകൊണ്ടാണ് ബൈബിൾ നമുക്ക് ഇങ്ങനെ ഉറപ്പുനൽകുന്നത്: രാജ്യഭരണത്തിൻ കീഴിൽ ദൈവം “അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മരണം മേലാൽ ഉണ്ടായിരിക്കയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല. പൂർവ്വകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.”—വെളിപ്പാട് 21:4.
യേശു ഭൂമിയിൽവച്ച് ചെയ്തത് വരുവാനിരിക്കുന്ന പുതിയ വ്യവസ്ഥിതിയിൽ തന്റെ പ്രജകൾക്കു താൻ കൊടുക്കുന്ന സഹായത്തെ ഉദാഹരിക്കുന്നു. പ്രകൃതിവിപത്തുകളിൽനിന്നുള്ള സംരക്ഷണം സംബന്ധിച്ചെന്ത്? ഒരു സന്ദർഭത്തിൽ യേശു ഒരു കൊടുങ്കാറ്റിനെ ശാന്തമാക്കിക്കൊണ്ട് ഒരു വിപത്തിനെ തടഞ്ഞുവെന്നോർക്കുക. അവന്റെ ശിഷ്യൻമാർ ഭയചകിതരാകുകയും “യഥാർത്ഥത്തിൽ ഇത് ആരാണ്, എന്തെന്നാൽ കാറ്റും കടലുംപോലും അവനെ അനുസരിക്കുന്നുവല്ലോ?” എന്ന് പരസ്പരം പറയുകയും ചെയ്തു. (മർക്കോസ് 4:37-41) അങ്ങനെ പ്രകൃതിശക്തികളുടെമേൽ പൂർണ്ണനിയന്ത്രണത്തോടെ പുതിയ വ്യവസ്ഥിതിയുടെ ശക്തനായ സ്വർഗ്ഗീയരാജാവ് വീണ്ടുമൊരിക്കലും പ്രകൃതി വിപത്തുകൾ മനുഷ്യനെ ഉപദ്രവിക്കാതിരിക്കുന്നതിൽ ശ്രദ്ധിക്കുന്നതായിരിക്കും.
മനുഷ്യ നിർമ്മിതമോ പ്രകൃതിപരമോ ആയ വിപത്തുകൾ നമ്മുടെ ഭൂഗ്രഹത്തിനും പരിസ്ഥിതി വ്യവസ്ഥകൾക്കും ഇപ്പോൾത്തന്നെ വരുത്തികൂട്ടിയിട്ടുള്ള ഏതു തകരാറിനും ദൈവരാജ്യം തീർച്ചയായും പരിഹാരം വരുത്തും. ബൈബിളിന്റെ വാഗ്ദത്തം ഇതാണ്: “ആ നാളുകളിൽ മരുഭൂമിയും വരണ്ടനിലവും പോലും ഉല്ലസിക്കും; വരണ്ടനിലം പൂക്കൾ വിരിയിക്കും. അതെ, സമൃദ്ധമായി പുഷ്പങ്ങളും ഗാനാലാപവും സന്തോഷവും ഉണ്ടായിരിക്കും! . . . മരുഭൂമിയിൽ അരുവികളും വരണ്ടനിലത്ത് നീരൊഴുക്കുകളും പൊട്ടിപ്പുറപ്പെടും.”—യെശയ്യാവ് 35:1-7, ദി ലിവിംഗ് ബൈബിൾ.
ഒരു ഐക്യ രൂപമുള്ള വിദ്യാഭ്യാസപരിപാടി നന്നായി ജോലി ചെയ്യാനും തങ്ങളുടെ സമസൃഷ്ടിക്കും ഭൂമിക്കും വേണ്ടി കരുതാനും പുതിയ വ്യവസ്ഥിതിയിലെ സകലരെയും പഠിപ്പിക്കും. “ഫലദായകമായ ദേശത്തെ നിവാസികൾ തീർച്ചയായും പഠിക്കുന്നതു നീതിയായിരിക്കും.” (യെശയ്യാവ് 26:9) ആ ഭൂവ്യാപക വിദ്യാഭ്യാസം നടക്കുന്നതോടെ, മനുഷ്യവർഗ്ഗം മാനസികമായും ശാരീരികമായും പൂർണ്ണതയിലേക്ക് ഉയർത്തപ്പെടുന്നതോടെ, അപൂർണ്ണതനിമിത്തമെന്നു പറയാവുന്ന കുഴപ്പങ്ങൾ അപ്രത്യക്ഷപ്പെടും. സ്വാർത്ഥ താൽപ്പര്യങ്ങൾ മേലാൽ അപകടങ്ങളിലേക്കു നയിച്ചേക്കാവുന്ന കുറുക്കുവഴികളിലേക്കു നയിക്കുകയില്ല.
ഇക്കാലത്ത് മനുഷ്യനിർമ്മിതവും പ്രകൃതിപരവുമായ വിപത്തുകൾ നമ്മെയെല്ലാം ബാധിക്കുന്നു. എന്നാൽ നമുക്ക് ഏറ്റവുമധികം ഉൽക്കണ്ഠ ഉണ്ടാകേണ്ട വിപത്ത്, “മഹോപദ്രവം,” ഈ ദുഷ്ട വ്യവസ്ഥിതിക്ക് അറുതിവരുത്തുന്ന ദൈവത്തിന്റെ പ്രവൃത്തിയാണ്. ദൈവത്തിന്റെ ആ പ്രവൃത്തി, ഈ കാലത്തു സത്യം തങ്ങളിൽനിന്ന് വഴുതിപ്പോകാനനുവദിക്കാത്തവർക്ക് നീതിയുള്ള ഒരു പുതുയുഗത്തിലേക്കുള്ള വഴി തുറന്നുകൊടുക്കും. അവരെ സംബന്ധിച്ച്, “സത്യദൈവം നമുക്ക് രക്ഷാപ്രവർത്തനങ്ങളുടെ ഒരു ദൈവമാകുന്നു”വെന്ന് തീർച്ചയായും പ്രകടമാക്കപ്പെടും. (സങ്കീർത്തനം 68:20) അതുകൊണ്ട് ഇപ്പോൾ ദൈവീകജ്ഞാനം പ്രകടമാക്കുന്നവർ ഒരു പുതിയ വ്യവസ്ഥിതിയിലേക്കു പ്രവേശിക്കും, അവിടെ അവർ “സുരക്ഷിതമായി വസിക്കുകയും അനർത്ഥഭീതിയാൽ അസ്വസ്ഥരാകാതിരിക്കുകയും ചെയ്യും.”—സദൃശവാക്യങ്ങൾ 1:33. (g86 8/8)
[6-ാം പേജിലെ ചതുരം]
ദൈവത്തിന്റെ ഒരു പ്രവൃത്തിയിൽ കാണപ്പെടുന്ന ഘടകങ്ങൾ:
(1) അത് എല്ലായ്പ്പോഴും ദൈവോദ്ദേശ്യത്തിന് അനുയോജ്യമാണ്.
(2) ദൈവം താൻ പ്രവർത്തിക്കുന്നതിനുമുമ്പ് നേരത്തെ മുന്നറിയിപ്പു കൊടുക്കുന്നു.
(3) അവൻ അതിജീവനത്തിന് വ്യക്തമായ നിർദ്ദേശങ്ങൾ കൊടുക്കുന്നു.
[7-ാം പേജിലെ ചിത്രം]
സോദോമിന്റെയും ഗോമോറയുടെയും നാശം ദൈവത്തിന്റെ മറ്റൊരു പ്രവൃത്തി ആയിരുന്നു
[9-ാം പേജിലെ ചിത്രം]
അപകടകരമായ ഒരു കൊടുങ്കാറ്റിനെ ശാന്തമാക്കിക്കൊണ്ട് യേശു പ്രകൃതിശക്തികളുടെമേലുള്ള തന്റെ അധികാരത്തെ പ്രകടമാക്കി