യഹോവയിൽ ആശ്രയിക്കുക
“ജനങ്ങളേ, എല്ലാ സമയങ്ങളിലും യഹോവയിൽ ആശ്രയിക്കുക, എന്തെന്നാൽ യഹോവയാം യാഹിൽ അനിശ്ചിതകാലങ്ങളിലെ പാറയുണ്ട്.”—യെശയ്യാവ് 26:4.
1, 2. ആഹ്ലാദകരമായ ഏതു സ്തുതിഗീതം യെശയ്യാവ് 26:1-6-ൽ വിവരിക്കപ്പെട്ടിരിക്കുന്നു, എന്തുകൊണ്ട്?
‘മർദ്ദക ജനതകളുടെ പട്ടണ’ത്തിന്റെ നിലം പരിചാക്കൽ ഒരു ജയഗീതം ആവശ്യമാക്കിത്തീർക്കുന്നു! (യെശയ്യാവ് 25:3) ആ സ്ഥിതിക്ക്, യെശയ്യാവ് 26-ാം അദ്ധ്യായം 1 മുതൽ 6 വരെയുള്ള വാക്യങ്ങൾ, ഉചിതമായി, പരമാധികാര കർത്താവായ യഹോവക്ക് ഒരു ആഹ്ലാദകരമായ സ്തുതിഗീതം രചിക്കുന്നു. അത് ഇപ്പോൾപോലും “യഹൂദാദേശത്ത്” ആലപിക്കപ്പെടുന്നു, യഹൂദയുടെ അർത്ഥം” കീർത്തിതം” എന്നാണ്. വീണ്ടും ദിവ്യനാമം ഇരട്ടിച്ചിരിക്കുന്ന ഇവിടെയും കിംഗ് ജയിംസ് വേർഷൻ കർത്താവായ യഹോവ എന്ന പദപ്രയോഗം ഉപയോഗിക്കുന്നു. എന്നാൽ ആ ഗീതത്തിലെ വാക്കുകൾ പുതിയലോകഭാഷാന്തരത്തിൽ കാണപ്പെടുമ്പോൾ എത്ര പുളകപ്രദമാണ്! അതിൽ ഇവിടെയും മറെറല്ലായിടത്തും ദിവ്യനാമം ശരിയായി വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു!
2 ഇപ്പോൾ ആ ശ്രുതിമധുരമായ ഗീതം ശ്രവിക്കുക. “നമുക്ക് ബലമുള്ള ഒരു നഗരമുണ്ട്. അവൻ [യഹോവ] രക്ഷയെത്തന്നെ മതിലുകളും കൊത്തളവുമായി സ്ഥാപിക്കുന്നു. വിശ്വസ്ത നടത്ത പാലിക്കുന്ന നീതിയുള്ള ജനത പ്രവേശിക്കേണ്ടതിന്, മനുഷ്യരേ, പടിവാതിലുകൾ തുറക്കുക. നല്ല പിന്തുണയുള്ള ചായ്വിനെ നീ തുടർച്ചയായ സമാധാനത്തിൽ കാക്കും, എന്തുകൊണ്ടെന്നാൽ ഒരുവൻ ആശ്രയിക്കാൻ ഇടയാക്കപ്പെടുന്നത് നിന്നിലാണ്. ജനങ്ങളേ, എല്ലാ സമയങ്ങളിലും യഹോവയിൽ ആശ്രയിക്കുക, എന്തെന്നാൽ യഹോവയാം യാഹിൽ അനിശ്ചിതകാലങ്ങളിലെ പാറയുണ്ട്. എന്തെന്നാൽ അവൻ ഉന്നതത്തിൽ, ഉയർന്ന പട്ടണത്തിൽ, നിവസിക്കുന്നവരെ, താഴ്ത്തിയിരിക്കുന്നു; അവൻ അതിനെ നിലംപരിചാക്കുന്നു, അവൻ അതിനെ പൊടിയോടു സമ്പർക്കത്തിൽ വരുത്തുന്നു. പാദം, പീഡിതരുടെ പാദങ്ങൾ, എളിയവരുടെ ചുവടുകൾ, അതിനെ ചവിട്ടിക്കളയും.” ഈ ഗീതം ഇപ്പോൾ പാടുന്നതിൽ പങ്കെടുക്കുന്ന യഹോവയുടെ സാക്ഷികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നത് എന്തോരു സന്തോഷമാണ്!
3. (എ) “നീതിയുള്ള ജനത” ഏതാണ്, അതിന്റെ തുറന്ന “പടിവാതിലുകളി”ലൂടെ ആർ പ്രവേശിച്ചിരിക്കുന്നു? (ബി) യഹോവയുടെ സ്ഥാപനത്തെ തകർക്കാനുള്ള ശത്രുവിന്റെ ശ്രമങ്ങൾ ഗണ്യമാക്കാതെ അത് ഒററക്കെട്ടായി മുന്നേറിയിരിക്കുന്നതെങ്ങനെ?
3 കർത്താവായ യഹോവ—യഹോവയാം യാഹ്—തീർച്ചയായും അഹങ്കാരികളെ താഴ്ത്തുകയും എല്ലായ്പ്പോഴും തന്നിലാശ്രയിക്കുന്നവരെ വിടുവിക്കുകയും ചെയ്യും. ആത്മീയ യിസ്രായേൽ ഒരു കാലത്ത് ഒരു “ചെറിയവൻ” ആയിരുന്നുവെങ്കിലും, ഒരു “ശക്തമായ ജനത,” ഒരു “നീതിയുള്ള ജനത” ആയിത്തീർന്നിരിക്കുന്നു. യഹോവയുടെ നഗരതുല്യസ്ഥാപനത്തിന്റെ തുറന്ന “പടിവാതിലുകളി”ലൂടെ മുപ്പതുലക്ഷത്തിലധികം വരുന്ന സൻമനസ്സുള്ള കൂട്ടാളികളുടെ ഒരു ശക്തമായ കൂട്ടവും പ്രവേശിച്ചിരിക്കുന്നു. അവർ ഒത്തുചേർന്ന് ഒരു സാർവ്വദേശീയ സഹോദരവർഗ്ഗമായിത്തീരുന്നു, അതിലെ ജനസംഖ്യ ഐക്യരാഷ്ട്രങ്ങൾ എന്നു വിളിക്കപ്പെടുന്നതിലെ 57 രാഷ്ട്രങ്ങളുടെയെങ്കിലും ജനസംഖ്യയെക്കാൾ കവിയുന്നു. എന്നാൽ ദൈവത്തിന്റെ ജനതയും അതിനോടു സഹവസിക്കുന്നവരും യഥാർത്ഥത്തിൽ ഒററക്കെട്ടാണ്. ഭൂവ്യാപകമായി അവരുടെ ചായ്വ് അവന്റെ നീതിയുള്ള തത്വങ്ങൾ അനുസരിക്കാനാണ്. ദൈവത്തിന്റെ “ജനതയുടെ” സംഘടനാപരമായ “മതിലുകൾ,” സത്യത്തിനനുകൂലമായ അതിന്റെ വിശ്വസ്ത നടത്തയെ തകരാറിലാക്കാനുള്ള സാത്താന്റെ ശ്രമങ്ങൾക്കെതിരെ ഒരു പ്രതിരോധം പ്രദാനം ചെയ്യുന്നു. ശത്രുവിന് ദൈവജനത്തിന്റെ വിശ്വസ്ത മുന്നേററത്തെ തകർക്കാൻ കഴികയില്ല! നമ്മുടെ ആശ്രയം എല്ലായ്പ്പോഴും ‘അനിശ്ചിതകാലത്തോളമുള്ള പാറയായ യഹോവയാം യാഹിൽ’ സ്ഥിതിചെയ്യുന്നു.—യെശയ്യാവ് 54:17; 60:22.
4, 5. (എ) “ഉയർന്ന പട്ടണം” ഏതാണ്, യഹോവയുടെ ജനം ഒരു ആലങ്കാരിക വിധത്തിൽ അതിനെ ചവിട്ടിമെതിക്കുന്നതെങ്ങനെ? (ബി) യെശയ്യാവ് 26:10-ലെ പ്രവചനത്തിന് വലിയ നിവൃത്തി ഉണ്ടായിരിക്കുന്നതെപ്പോൾ, എങ്ങനെ? (സി) ഈ പ്രവചനത്തിന് വേറെ ഏതു പ്രയുക്തതയുണ്ട്?
4 “ഉയർന്നപട്ടണ”മായ “മഹാബാബിലോനെ” യഹോവ താഴ്ത്താറായിരിക്കുന്നുവെന്ന മുന്നറിയിപ്പു നാം മുഴക്കുമ്പോൾ ഭൂമിയിലെ പീഡിതരും എളിയവരും രാജ്യത്തിന്റെ സുവാർത്ത സ്വീകരിക്കുന്നതു കാണുന്നത് സന്തോഷപ്രദമാണ്. (വെളിപ്പാട് 18:2, 4, 5) ഒരു ആലങ്കാരിക വിധത്തിൽ അവരും “ഉയർന്ന പട്ടണ”ത്തെ ചവിട്ടിമെതിക്കുന്നു, നശീകരണ പ്രവൃത്തിയിൽ പങ്കെടുക്കുന്നതിനാലല്ല, പിന്നെയോ ആ ദുഷിച്ച വ്യവസ്ഥിതിയുടെമേലുള്ള യഹോവയുടെ പ്രതികാരത്തെ ഘോഷിക്കുന്നതിൽ പങ്കെടുക്കുന്നതിനാൽ. (യെശയ്യാവ് 61:1, 2) ദശാബ്ദങ്ങളിൽ യഹോവയുടെ സാക്ഷികൾ ജീവരക്താകരമായ രാജ്യസന്ദേശവുമായി ദുഷ്ടൻമാരുടെ ഭവനങ്ങൾ സന്ദർശിക്കുന്നതിനാൽ അവരോടുപോലും അവർ ദയ കാണിച്ചിട്ടുണ്ട്. എന്നാൽ ഫലം യെശയ്യാവ് 26:10-ൽ പ്രസ്താവിച്ചിരിക്കുന്നതുപോലെയാണ്: “ദുഷ്ടനോട് ആനുകൂല്യം കാണിക്കണമെങ്കിലും, അവൻ കേവലം നീതി പഠിക്കുകയില്ല. നേരുള്ള ദേശത്ത് അവൻ അന്യായമായി പ്രവർത്തിക്കുകയും യഹോവയുടെ ശ്രേഷ്ഠത കാണാതിരിക്കുകയും ചെയ്യും.”
5 ഈ പുനഃസ്ഥിതീകരണ പ്രവചനത്തിന് ഇന്ന് വലിയ നിവൃത്തി ഉണ്ടാകുന്നു. അവസരം ലഭിച്ചിട്ടും “നേരുള്ള ദേശത്ത്” യഹോവയുടെ പ്രീതി പ്രാപിക്കേണ്ടതിന് തങ്ങളുടെ മനസ്സിനെ പുതുക്കാനാഗ്രഹിക്കുന്നവർ അധികമില്ല. യഹോവയേയും അവന്റെ വിശ്വസ്ത സാക്ഷികളെയും നിന്ദിക്കുന്നവർ “യഹോവയുടെ ശ്രേഷ്ഠത കാണുകയില്ല,” എന്തുകൊണ്ടെന്നാൽ യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെട്ടശേഷം മനുഷ്യവർഗ്ഗത്തിലേക്ക് പ്രവഹിക്കുന്ന അത്ഭുതകരമായ അനുഗ്രഹങ്ങളാസ്വദിക്കാൻ അവർ അതിജീവിക്കുകയില്ല. (യെശയ്യാവ് 11:9) പരദീസാ ഭൂമിയിൽ കല്ലറകളിൽനിന്ന് ഉയർപ്പിക്കപ്പെടുന്നവരുടെ ഇടയിലും ഈ പ്രവചനം ബാധകമായേക്കാം. ആ കാലത്തെ ദിവ്യ “ചുരുളുകളിൽ” വിശദീകരിക്കപ്പെടുന്ന ദൈവിക വ്യവസ്ഥകളോട് അനുരൂപപ്പെടാൻ വിസമ്മതിക്കുന്ന യാതൊരുവന്റെയും പേർ “ജീവന്റെ പുസ്തക”ത്തിൽ എഴുതപ്പെടുകയില്ല.—വെളിപ്പാട് 20:12, 15; യെഹെസ്ക്കേൽ 33:11 താരതമ്യപ്പെടുത്തുക.
യഹോവ സമാധാനം വിധിക്കുന്നു
6. യഹോവയുടെ വിശ്വസ്തജനം ഏതു വാക്കുകൾ സന്തോഷപൂർവ്വം ഉദ്ഘോഷിക്കുന്നു, എന്തുകൊണ്ട്?
6 എന്നാൽ, ദൈവത്തിന്റെ വിശ്വസ്ത ജനത്തിന് യഹോവയാം യാഹ് ഉയർത്തപ്പെടുന്നത്, സംസ്ഥാപിക്കപ്പെടുന്നത്, കാണുന്നതിൽ അത്യധികമായ താൽപ്പര്യമുണ്ട്. തന്റെ ജനത്തിന് “സമാധാനം വിധിക്കുന്ന”തിന് അവർ അവനെ വിളിച്ചപേക്ഷിക്കുന്നു. അവർ സന്തോഷപൂർവ്വം ഇങ്ങനെ ഉദ്ഘോഷിക്കുന്നു: “നീ ജനതയോടു കൂട്ടിയിരിക്കുന്നു; യഹോവേ, നീ ജനതയോടു കൂട്ടിയിരിക്കുന്നു: നീ നിന്നേത്തന്നെ മഹത്വീകരിച്ചിരിക്കുന്നു. നീ ദേശത്തിന്റെ അതിരുകളെയെല്ലാം ബഹുദൂരം നീട്ടിയിരിക്കുന്നു.” (യെശയ്യാവ് 26:12, 15) ഭൂമിക്കു ചുററും 210 രാജ്യങ്ങളിൽ ചെമ്മരിയാടുതുല്യരായ ആളുകളെ തന്റെ ആത്മീയ ജനതയോടു കൂട്ടുന്നതിൽ യഹോവ തുടരുന്നു. ശതസഹസ്രക്കണക്കിന് പുതിയ സഹകാരികൾ സ്നാനമേൽക്കുന്നു. അത്യുച്ച മാസങ്ങളിൽ അഞ്ചുലക്ഷത്തിലധികം പ്രത്യേക, നിരന്തര, സഹായ പയനിയർമാർ സേവിക്കുന്നു. കൂടുതൽ രാജ്യഹോളുകളും സമ്മേളനഹാളുകളും നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വാച്ച്ടവർ ബ്രാഞ്ചുകൾ അവയുടെ ബഥേൽ ഭവനങ്ങളും ഫാക്റററികളും വിപുലപ്പെടുത്തുകയും അച്ചടിസജ്ജീകരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വളർച്ച തുടരെയുള്ളതാണ്!
7. യഹോവയുടെ നഗരതുല്യസ്ഥാപനത്തിന്റെ വികസനത്തിനു കാരണമെന്ത്?
7 ഈ വികസനം ഉണ്ടാകുന്നത് “സമാധാനപ്രഭു” ഭൂമിയിലെ ദൈവജനത്തിന്റെ കാര്യങ്ങൾ നയിക്കുന്നതുകൊണ്ടാണ്. യെശയ്യാവ് തന്റെ പ്രവചനത്തിൽ നേരത്തെ പ്രസ്താവിക്കുന്നതുപോലെ “രാജകീയഭരണത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനും അവസാനമുണ്ടായിരിക്കുകയില്ല, ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അതിനെ ഉറപ്പായി സ്ഥാപിക്കുന്നതിനും ഇന്നുമുതലും അനിശ്ചിതകാലത്തോളവും ന്യായത്താലും നീതിയാലും അതിനെ നിലനിർത്തുന്നതിനുംതന്നെ. സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണതതന്നെ ഇതു ചെയ്യും.” (യെശയ്യാവ് 9:6, 7) ആ വാക്കുകൾ ഇന്ന് എത്ര മഹത്തായി നിറവേററപ്പെട്ടിരിക്കുന്നു! യഹോവയിൽ ആശ്രയിക്കുന്നവർക്ക് ഇപ്പോൾത്തന്നെ ആ രാജകീയ ഭരണത്തിന്റെ സമാധാനം, ന്യായം, നീതി അനുഭവപ്പെടുന്നുണ്ട്. അത് യേശുവിന്റെ യഥാർത്ഥ ശിഷ്യൻമാർ മാത്രം ആസ്വദിക്കുന്ന ഒരു സ്നേഹമസൃണമായ ഐക്യത്തിലേക്ക് അവരെ കൂട്ടിവരുത്തിയിരിക്കുന്നു. (യോഹന്നാൻ 13:34, 35) തന്നെയുമല്ല, യേശുവിന്റെ രാജ്യഭരണവും “യഹോവയെക്കുറിച്ചുള്ള പരിജ്ഞാനവും” മുഴുഭൂമിയെയും നിറയ്ക്കുന്ന, സത്വരം സമീപിച്ചുവരുന്ന ഒരു സമയത്തെ അവർ അത്യധികം പ്രതീക്ഷയോടെ നോക്കിപ്പാർത്തിരിക്കുകയാണ്.—യെശയ്യാവ് 11:9; ദാനിയേൽ 2:35, 44, 45.
8. യെശയ്യാവ് 26:20-ലെ യഹോവയുടെ വാക്കുകളാൽ സൂചിപ്പിക്കപ്പെടുന്നതെന്ത്, “ഉൾമുറികൾ” എന്തിനോടു ബന്ധപ്പെട്ടിരിക്കുന്നു?
8 രാജ്യ വികസനം ഒരു ഉച്ചാവസ്ഥയിലേക്ക് നീങ്ങുമ്പോൾ യെശയ്യാവ് 26:20-ലെ യഹോവയുടെ ആഹ്വാനം മുഴങ്ങുകയാണ്: “എന്റെ ജനമേ, നിങ്ങളുടെ ഉൾമുറികളിലേക്കു കടക്കുകയും നിങ്ങളുടെ വാതിലുകൾ അടയ്ക്കുകയും ചെയ്യുക. ഭീഷണി കടന്നുപോകുന്നതുവരെ ഒരു നിമിഷത്തേക്കുമാത്രം ഒളിച്ചിരിക്കുക. “ഈ പ്രവചനത്തിലെ “ഉൾമുറികൾ” ഇന്നു ഭൂമിയിലുടനീളം യഹോവയുടെ സാക്ഷികളെ സേവിക്കുന്ന 54,000-ത്തിൽപരം വരുന്ന നഗരതുല്യസഭകളോടു അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനു സംശയമില്ല. യഹോവയുടെ മനസ്സിലുള്ളതെന്തെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. എന്നാൽ അവൻ ദുഷ്ടൻമാരെ നശിപ്പിക്കുമ്പോൾ, അവൻ തന്റെ ആശ്രിത ജനത്തെ സംരക്ഷിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും, യെശയ്യാവിന്റെ നാളിൽ ക്രൂരനായ അസ്സീറിയനെ പിന്തിരിപ്പിച്ചപ്പോൾ അവൻ ചെയ്തതുപോലെതന്നെ.—യെശയ്യാവ് 10:24-26.
വിടുതൽ ഉറപ്പാക്കപ്പെട്ടിരിക്കുന്നു!
9. (എ) ഹിസ്ക്കിയാവു രാജാവ് യഹോവയിലുള്ള ആശ്രയം പ്രകടമാക്കിയതെങ്ങനെ? (ബി) നാം യഹോവയെ ദ്വേഷിക്കുന്നവരാൽ പീഡിപ്പിക്കപ്പെടുകയോ ശകാരിക്കപ്പെടുകയോ ചെയ്യുമ്പോൾ നമ്മുടെ ഉചിതമായ പ്രതികരണം എന്താണ്?
9 ഇന്നത്തെ യഹോവയുടെ ദാസൻമാർ ഹിസ്ക്കിയാവു രാജാവ് അവനെ ആശ്രയിച്ച അതേ കാരണത്താൽ അങ്ങനെ ചെയ്യുന്നു. തന്റെ പരമാധികാര കർത്താവെന്നനിലയിലാണ് അവൻ യഹോവയിൽ സമ്പൂർണ്ണമായി ആശ്രയിച്ചത്. തന്നിമിത്തം, അസ്സീറിയൻ ഭീഷണിയുടെ മൂർദ്ധന്യത്തിൽ അവൻ യഹോവയോട് ഈ വാക്കുകളിൽ പ്രാർത്ഥിച്ചു: “കെരൂബുകളുടെമേൽ ഇരിക്കുന്ന യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, ഭൂമിയിലെ സകല രാജ്യങ്ങളുടെയും സത്യദൈവം നീ മാത്രമാകുന്നു. നീതന്നെ ആകാശങ്ങളെയും ഭൂമിയെയും ഉണ്ടാക്കിയിരിക്കുന്നു. യഹോവേ, നിന്റെ ചെവിചായിക്കുകയും കേൾക്കുകയും ചെയ്യേണമേ. യഹോവേ, നിന്റെ കണ്ണുകൾ തുറക്കുകയും കാണുകയും ജീവനുള്ള ദൈവത്തെ പരിഹസിക്കാൻ അയച്ചിരിക്കുന്ന സെൻഹെരീബിന്റെ സകല വാക്കുകളും കേൾക്കുകയും ചെയ്യേണമേ.” (യെശയ്യാവ് 37:16, 17) യഹോവയെ ദ്വേഷിക്കുന്നവരാൽ പീഡിപ്പിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ശകാരിക്കപ്പെടുകയും ചെയ്യുമ്പോൾ സമാനമായ ഒരു പ്രാർത്ഥന നിങ്ങളുടെ ഹൃദയത്തിൽ രൂപം കൊള്ളുന്നില്ലേ? യഹോവയിൽ പൂർണ്ണമായ ആശ്രയത്തോടെ, അവന്റെ നാമത്തിൻമേലുള്ള നിന്ദ നീക്കാൻ നിങ്ങൾ അവനോട് അപേക്ഷിക്കുന്നില്ലേ? ദണ്ഡനസ്തംഭത്തിൽ കിടന്നു മരിക്കാറായപ്പോൾ യേശുവിനു തോന്നിയതങ്ങനെയാണ്. താൻ കുടിക്കേണ്ടിയിരുന്ന പാനപാത്രം തന്റെ പിതാവിൻമേലുണ്ടായ വലിയ നിന്ദ നിമിത്തം “നീങ്ങിപ്പോകണ”മെന്ന് അവൻ അപേക്ഷിക്കുകപോലും ചെയ്തു.—മത്തായി 26:39-44.
10. (എ) ഹിസ്ക്കിയാവിന്റെ പ്രാർത്ഥന അവന്റെ മുഖ്യതാൽപ്പര്യത്തെക്കുറിച്ച് എന്തു വെളിപ്പെടുത്തി? (ബി) അർമ്മഗെദ്ദോനു തൊട്ടുമുമ്പുള്ള പരിശോധനകളെ നാം അഭിമുഖീകരിക്കുമ്പോൾ നമുക്ക് എങ്ങനെ ഹിസ്ക്കിയാവിനെപ്പോലെയായിരിക്കാൻ കഴിയും?
10 അസ്സീറിയനിൽ നിന്ന് വിടുതൽ തേടിയതിൽ തനിക്ക് സ്വാർത്ഥമായ ആന്തരം ഇല്ലായിരുന്നുവെന്ന് ഹിസ്കീയാവിന്റെ പ്രാർത്ഥന പ്രകടമാക്കി. അവൻ സ്വന്തരക്ഷക്കുവേണ്ടി ശ്രമിക്കുക മാത്രമല്ലായിരുന്നു. പകരം, യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടുന്നതിലും അവന്റെ പരമാധികാരം സംസ്ഥാപിക്കപ്പെടുന്നതിലും അവൻ തൽപ്പരനായിരുന്നു. അങ്ങനെ അവന്റെ പ്രാർത്ഥന ഈ വാക്കുകളോടെ പര്യവസാനിച്ചു: “ഇപ്പോൾ, ഞങ്ങളുടെ ദൈവമായ യഹോവേ, നീ മാത്രം ദൈവമാകുന്നുവെന്ന്, യഹോവേ, ഭൂമിയിലെ സകല രാജ്യങ്ങളും അറിയേണ്ടതിന് ഞങ്ങളെ അവന്റെ കൈയിൽനിന്ന് രക്ഷിക്കേണമേ.” (യെശയ്യാവ് 37:20) സമാനമായി, അന്തിമ അർമ്മഗെദ്ദോൻ യുദ്ധത്തിനു മുമ്പത്തെ പരിശോധനകളെ നാം നേരിടുമ്പോൾ, നമ്മുടെ വ്യക്തിപരമായ രക്ഷക്ക് യഹോവയുടെ നാമത്തിന്റെ സംസ്ഥാപനത്തോടുള്ള ബന്ധത്തിൽ രണ്ടാം സ്ഥാനം മാത്രമാണുള്ളതെന്ന് നമുക്ക് മനസ്സിൽ പിടിക്കാം. നമ്മുടെ പരമാധികാര കർത്താവ് തന്റെ പ്രവാചകനായ യെഹെസ്ക്കേൽ മുഖാന്തരം ഏതാണ്ട് 60 പ്രാവശ്യം പ്രഖ്യാപിച്ചതുപോലെ, “ഞാൻ യഹോവയെന്ന് അവർ അറിയേണ്ടിവരും.”—യെഹെസ്ക്കേൽ 38:23.
11. (എ) സെൻഹെരീബ് എന്തു തെററു ചെയ്തു, ഇതു സംബന്ധിച്ച് യഹോവ എന്തു പറഞ്ഞു? (ബി) സെൻഹെരീബിനുണ്ടായ പരിണതഫലത്തിന്റെ വീക്ഷണത്തിൽ, നമുക്ക് എന്ത് ആശ്രയം ഉണ്ടായിരിക്കണം?
11 ഹിസ്ക്കിയാവു പ്രാർത്ഥിച്ചതിനുശേഷം, സെൻഹെരീബിനെതിരെ യഹോവ പ്രസ്താവിച്ച വാക്കുകൾ യെശയ്യാവ് രാജാവിനെ അറിയിച്ചു. അസ്സീറിയൻ ദൂഷകൻ ജീവനുള്ള ദൈവത്തെ നിന്ദിച്ചതിൽ എന്തോരു തെററാണു ചെയ്തത്! യഹോവ യെശയ്യാവു മുഖേന സെൻഹെരീബിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “നീ ആരെയാണ് പരിഹസിക്കുകയും ദുഷിപറയുകയും ചെയ്തിരിക്കുന്നത്? നീ ആർക്കെതിരായിട്ടാണ് നിന്റെ ശബ്ദം ഉയർത്തിയിരിക്കുന്നതും നിന്റെ കണ്ണുകൾ മേൽപ്പോട്ട് ഉയർത്തുന്നതും? അത് യിസ്രായേലിന്റെ പരിശുദ്ധനെതിരായിട്ടാണ്.” യിസ്രായേലിന്റെ പരിശുദ്ധനായിരുന്നു അന്നുരാത്രി പ്രവർത്തിച്ചത്! സെൻഹെരീബിന്റെ സൈന്യത്തിലെ അഭികാമ്യരായ 1,85,000 അശൂർപടയാളികളെ വെട്ടിവീഴ്ത്തി “മരിച്ച ശവങ്ങളാ”ക്കുന്നതിന് യഹോവയുടെ ഒരു ദൂതൻ മാത്രമേ ആവശ്യമായിരുന്നുള്ളു. ആ അഹങ്കാരിയായ രാജാവ് നിനവേയിലേക്ക് ലജ്ജിതനായി പിൻമാറി. കുറേ വർഷങ്ങൾക്കുശേഷം, അവന്റെ വിഗ്രഹാരാധനയിൽ തുടർന്നപ്പോൾ അവന്റെ സ്വന്തം പുത്രൻമാർ അവനെ വെട്ടിക്കൊന്നു. സാത്താനോടും യഹോവയുടെ സാക്ഷികളെ ദൈവദൂഷണത്തോടെ ശകാരിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന അവന്റെ സകല സഹകാരികളോടും യഹോവ സമാനമായി പെരുമാറുമെന്ന് വിശ്വസിച്ചുകൊണ്ട് നമുക്ക് അവനിൽ ആശ്രയിക്കാൻ കഴിയും.—യെശയ്യാവ് 37:23, 36-38.
“കൊല്ലപ്പെട്ടവർക്കു”വേണ്ടി പ്രതികാരം നടത്തൽ
12. (എ) അർമ്മഗെദ്ദോനിൽ നടക്കുന്ന കണക്കുചോദിക്കലിനെ യെശയ്യാവ് 26:21 വർണ്ണിക്കുന്നതെങ്ങനെ? (ബി) അർമ്മഗെദ്ദോനു മുമ്പുപോലും ആർക്കുവേണ്ടി പ്രതികാരം ചെയ്യപ്പെടുന്നുവോ ആ “കൊല്ലപ്പെട്ടവർ” ആരാണ്? എങ്ങനെ?
12 അന്ന് അത് ഭയാവഹമായ ഒരു യുദ്ധരംഗമായിരുന്നു, എന്നാൽ “മഹോപദ്രവ”കാലത്ത് വളരെയധികം ഭയങ്കരമായ ഒരു കണക്കുചോദ്യം നടക്കും. (മത്തായി 24:21) ആ സംഹാരത്തിന്റെ വ്യാപ്തി വീക്ഷിക്കാൻ യഹോവ നമ്മെ ക്ഷണിക്കുന്നു: “എന്തെന്നാൽ, നോക്കു! യഹോവ തനിക്കെതിരായ ദേശനിവാസിയുടെ തെററിനു കണക്കു ചോദിക്കാൻ തന്റെ സ്ഥലത്തുനിന്നു പുറപ്പെട്ടുവരുന്നു, ദേശം തീർച്ചയായും അവളുടെ രക്തച്ചൊരിച്ചിൽ വെളിച്ചത്താക്കും, മേലാൽ അവളുടെ ഹതൻമാരെ മൂടിവെക്കുകയുമില്ല.” (യെശയ്യാവ് 26:21) ആദ്യം, യഹോവ രാഷ്ട്രീയശക്തികൾ മതപരമായ തെററിന്റെ വക്താക്കളുടെമേൽ ന്യായവിധി നടത്താനിടയാക്കും. അവരുടെ വ്യാജ ദൈവങ്ങൾ അന്നാളിൽ അവരെ രക്ഷിക്കുകയില്ല! റോമാപാപ്പാ ബഹുവിശ്വാസപ്രാർത്ഥനകൾക്കുവേണ്ടി സകല മതങ്ങളെയും കൂട്ടിച്ചേർക്കുന്നതിൽ തുടരട്ടെ. ഈ മിശ്ര വിശ്വാസത്തിന്റെ രക്ഷാധികാരികളിലാരും ജീവനുള്ള സത്യദൈവമായ യഹോവയെ ബഹുമാനിക്കുന്നില്ല. അവരുടെ പഠിപ്പിക്കലുകൾ അബദ്ധജഡിലമാണ്, ബൈബിൾ വിരുദ്ധമാണ്. അവരുടെ നടപടികളും അങ്ങനെതന്നെ. അവർ നൂററാണ്ടുകളിലുടനീളം അന്യോന്യം കൊന്നൊടുക്കിയിട്ടുണ്ട്. അവർ അക്രമരഹിത ക്രിസ്ത്യാനികളുടെ രക്തം ചൊരിഞ്ഞിട്ടുണ്ട്. ഈ 20-ാം നൂററാണ്ടിൽ ഈ ദുഷ്പ്രവൃത്തിക്കാരിൽ അനേകർ കാരാഗൃഹങ്ങളിലും തടങ്കൽപാളയങ്ങളിലും ഫയറിംഗ് സ്ക്വാഡിനാലും കോടാലിയാലും യഹോവയുടെ സാക്ഷികളെ വധിച്ച ക്രൂര സ്വേച്ഛാധിപതികളെ പിന്താങ്ങിയിട്ടുണ്ട്. യഹോവ തന്റെ പ്രവാചകൻമാർ മുഖേന വളച്ചുകെട്ടില്ലാതെ പ്രഖ്യാപിക്കുന്നതുപോലെ, അങ്ങനെയുള്ള “ഹതൻമാർ”ക്കുവേണ്ടി പ്രതികാരം ചെയ്യപ്പെടും.—ആവർത്തനം 32:41, 43; യെശയ്യാവ് 1:24; 63:4; വെളിപ്പാട് 17:15-18; 18:21, 24.
13. “യഹോവയുടെ ദിവസ”ത്തെക്കുറിച്ചു യെശയ്യാവ് എന്തു മുൻകൂട്ടിപ്പറയുന്നു, ഈ വാക്കുകൾ ആർക്കു ബാധകമാകുന്നു?
13 വ്യാജമതം ശൂന്യമാക്കപ്പെട്ടുകഴിയുമ്പോൾ ക്രിസ്തുവിൻ രാജ്യത്തിന്റെ ശേഷിക്കുന്ന എതിരാളികൾക്കെതിരെ യഹോവ സത്വരം നീങ്ങും. അങ്ങനെയുള്ള സകല എതിരാളികൾക്കും “മഹാബാബിലോനും” യെശയ്യാവ് 13:6, 9-ലെ വാക്കുകൾ ബാധകമാകുന്നു. “ജനങ്ങളേ, മുറയിടുവിൻ, എന്തുകൊണ്ടെന്നാൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു! അതു സർവ്വശക്തനിൽനിന്നുള്ള ഒരു വിനാശംപോലെ വരും. നോക്കൂ! യഹോവയുടെ ദിവസംതന്നെ വരുന്നു, ദേശത്തെ ഒരു അതിശയ വിഷയമാക്കേണ്ടതിനും അത് ദേശത്തിലെ പാപികളെ അതിൽനിന്ന് നിർമ്മൂലമാക്കേണ്ടതിനും ക്രോധത്തോടും ഉഗ്രകോപത്തോടും കൂടെ ക്രൂരമായിത്തന്നെ.” അത് സങ്കീർത്തനക്കാരനായ ദാവീദ് മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെയായിരിക്കും: “യഹോവ തന്നെ സ്നേഹിക്കുന്ന സകലരെയും കാത്തുരക്ഷിക്കുന്നു, എന്നാൽ സകല ദുഷ്ടൻമാരെയും അവൻ നിർമ്മൂലമാക്കും.”—സങ്കീർത്തനം 145:20; വെളിപ്പാട് 19:11-21.
14. യെശയ്യാവിന്റെ കൂടുതലായ ഏതു വാക്കുകൾ ജനതകൾ ശ്രദ്ധിക്കുന്നതു നല്ലതാണ്, എന്തുകൊണ്ട്?
14 മുപ്പത്തിനാലാം അദ്ധ്യായം 1 മുതൽ 8 വരെയുള്ള വാക്യങ്ങളിലെ യെശയ്യാവിന്റെ കൂടുതലായ വാക്കുകൾ ഭൂമിയിലെ ജനതകൾ ശ്രദ്ധിക്കുന്നതു കൊള്ളാം: “ജനതകളേ, കേൾക്കുന്നതിന് അടുത്തുവരിക; ദേശീയ സംഘങ്ങളേ ശ്രദ്ധിക്കുവിൻ . . . എന്തെന്നാൽ യഹോവക്ക് സകല ജനതകളോടും രോഷവും അവയുടെ സകല സൈന്യത്തോടും ക്രോധവുമുണ്ട്. അവൻ അവരെ നാശത്തിന് അർപ്പിക്കേണ്ടതാണ്, അവൻ അവരെ സംഹാരത്തിന് ഏൽപ്പിക്കേണ്ടതാണ്. അവരുടെ കൊല്ലപ്പെട്ടവർ പുറത്ത് എറിയപ്പെടും; അവരുടെ ശവങ്ങളെ സംബന്ധിച്ചാണെങ്കിൽ, അവരുടെ നാററം ഉയരും അവരുടെ രക്തം നിമിത്തം പർവ്വതങ്ങൾ ഉരുകണം . . . എന്തെന്നാൽ യഹോവക്ക് ഒരു പ്രതികാരദിവസമുണ്ട്.” ഇന്നത്തെ രാഷ്ട്രീയത്തിന്റെയും വൻ ബിസിനസ്സിന്റെയും വ്യാജമതത്തിന്റെയും മണ്ഡലങ്ങളിൽ അഴിമതിയും ദുർമ്മാർഗ്ഗവും പ്രബലപ്പെട്ടിരിക്കുന്നു. എന്നാൽ യഹോവ ശുദ്ധിയുള്ള ഒരു ഭൂമിയാണ് ഉദ്ദേശിക്കുന്നത്. ഈ ലക്ഷ്യത്തിൽ, തന്നെ നീതിയിൽ സേവിക്കുന്നതിന് തങ്ങളുടെ ജീവിതത്തെ പുതുക്കാൻ സന്നദ്ധരായവരെ ജനതകളിൽനിന്ന് അതിജീവനത്തിനായി അവൻ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ്. മറെറല്ലാവരും അവന്റെ പ്രതികാരദിവസത്തിൽ നശിക്കേണ്ടതാണ്.—യിരെമ്യാവ് 25:31-33.
സമാധാനത്തിന്റെ ഒരു പരദീസ
15. (എ) ഇക്കാലത്തെ സംബന്ധിച്ച് (ബി) ഭാവിയെ സംബന്ധിച്ച് യെശയ്യാവ് 35-ാം അദ്ധ്യായത്തിൽ എന്തു വർണ്ണിക്കുന്നു?
15 ഇന്ന് എല്ലായ്പ്പോഴും യഹോവയിൽ ആശ്രയിക്കുന്നവരായ അവന്റെ പുനഃസ്ഥിതീകരിക്കപ്പെട്ട ജനത്തിന്റെ അവസ്ഥയെ യെശയ്യാവ് 35-ാം അദ്ധ്യായത്തിൽ മനോഹരമായ ചിത്രഭാഷയിൽ വർണ്ണിക്കുന്നതിൽ തുടരുകയാണ് ദൈവത്തിന്റെ പ്രവാചകൻ. ഒരു ആത്മീയ പരദീസയിലേക്കു കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നതിനാൽ അവർ “യഹോവയുടെ മഹത്വം, നമ്മുടെ ദൈവത്തിന്റെ പ്രതാപം കാണുന്നു.” ഒരു ഭൗതിക പരദീസക്കും ഈ വാഗ്ദത്ത നിവൃത്തിക്കും വേണ്ടി അവർ നോക്കിപ്പാർത്തിരിക്കുന്നു: “ആ കാലത്ത് അന്ധരുടെ കണ്ണുകൾ തുറക്കപ്പെടും, ബധിരരുടെ ചെവികൾതന്നെ തുറക്കപ്പെടും. ആ കാലത്ത് മുടന്തൻ ഒരു മാൻ ചെയ്യുന്നതുപോലെതന്നെ കയറും, ഊമന്റെ നാവ് സന്തോഷത്താൽ ഉദ്ഘോഷിക്കും. എന്തെന്നാൽ മരുഭൂമിയിൽ വെള്ളങ്ങളും മരുസമതലത്തിൽ കുത്തിയൊഴുക്കുകളും പൊട്ടിപ്പുറപ്പെട്ടിരിക്കും.” (യെശയ്യാവ് 35:1, 2, 5, 6) ആ പ്രതീക്ഷയിൽ നിങ്ങൾ സന്തോഷിക്കുന്നുവോ? യഹോവ ആ വാഗ്ദത്തങ്ങൾ നിറവേററുമെന്നുള്ള വിശ്വാസത്തോടെ നിങ്ങൾ അവനിൽ ആശ്രയിക്കുന്നുവോ?
16, 17. (എ) പരദീസയെ വർണ്ണിക്കുമ്പോൾ യെശയ്യാവ് ഏത് അടിയന്തിരമായ അഭ്യർത്ഥന നടത്തുന്നു? (ബി) യഹോവയുടെ ജനം ഈ അഭ്യർത്ഥനയോട് എങ്ങനെ പ്രതികരിക്കണം?
16 യഹോവയിൽ ആശ്രയിച്ചുകൊണ്ട് പുതിയവരെയും വിശ്വാസം ബലിഷ്ഠമാക്കപ്പെടേണ്ട മററുള്ളവരെയും പ്രോത്സാഹിപ്പിക്കുന്നതിൽ നിങ്ങൾക്കു പങ്കെടുക്കാവുന്നതാണ്. പരദീസയെ വർണ്ണിക്കുന്നതിനു മദ്ധ്യേ പ്രവാചകനായ യെശയ്യാവ് ഈ അടിയന്തിരമായ അഭ്യർത്ഥന ചേർക്കുന്നു: “ജനങ്ങളേ, ദുർബ്ബല കൈകളെ ശക്തീകരിക്കുക, കുഴയുന്ന മുഴങ്കാലുകളെ ഉറപ്പിക്കുക. ഹൃദയത്തിൽ ഉൽക്കണ്ഠയുള്ളവരോട്: ‘ശക്തരായിരിക്കുക. ഭയപ്പെടരുത്. നോക്കൂ! നിന്റെ സ്വന്തം ദൈവം പ്രതികാരത്തോടെ വരും, പ്രതിഫലത്തോടുകൂടിയ ഒരു ദൈവംതന്നെ. അവൻതന്നെ വന്നു നിങ്ങളെ രക്ഷിക്കും’ എന്നുപറയുക.” (യെശയ്യാവ് 35:3, 4) അതെ, നീതിനിഷ്ഠമായ ചായ്വോടുകൂടിയ ഹൃദയങ്ങളുള്ള എല്ലാവരും പരദീസാഭൂമിയിലേക്കു കടക്കേണ്ടതിന് യഹോവയിൽ ആശ്രയം കെട്ടുപണി ചെയ്തുകാണാൻ നാം ആഗ്രഹിക്കുന്നു.
17 അതുകൊണ്ട് “ജീവന്റെ വചനത്തിൻമേൽ ഒരു ദൃഢമായ പിടി” നിലനിർത്തേണ്ടതിന് തളർന്ന ഏതു കൈകളെയും നമുക്ക് താങ്ങിനിർത്താം. കുഴയുന്ന മുഴങ്കാലുകളുള്ള ഏതൊരാളെയും നമുക്ക് ഉറപ്പിക്കുകയും “യഹോവയെ പൂർണ്ണമായി പ്രസാദിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ അവനു യോഗ്യമായി നടക്കാൻ” ആവശ്യമായ സഹായം അവർക്കു കൊടുക്കുകയും ചെയ്യാം. (ഫിലിപ്യർ 2:16; കൊലോസ്യർ 1:10) അതെ, ഹൃദയത്തിൽ വിഷാദമുണ്ടായിരുന്നേക്കാവുന്ന ഏതൊരാളെയും നമുക്ക് ആശ്വസിപ്പിക്കാം, പരിശോധനകളെയോ പീഡനത്തെയോ അഭിമുഖീകരിക്കുമ്പോൾ “ദൈവവചനം നിർഭയം പ്രസംഗിക്കാൻ പൂർവ്വാധികം ധൈര്യം” കാണിക്കുന്നതിന് നമുക്ക് അന്യോന്യം പ്രോത്സാഹിപ്പിക്കാം. (ഫിലിപ്യർ 1:14; 1 തെസ്സലോനീക്യർ 5:14; എഫേസ്യർ 5:15, 16) അപ്പോൾ, യഹോവയുടെ പ്രതികാരദിവസം പ്രഹരിക്കുമ്പോൾ, അവൻ ‘തന്റെ ജനത്തെ രക്ഷിക്കുവാൻ വരുന്നതുകൊണ്ട് നമുക്ക് അവന്റെ അനുഗ്രഹം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അന്നാളിൽ, നിങ്ങൾ രക്ഷക്കുവേണ്ടി യഹോവയിൽ ആശ്രയിക്കുന്നവരോടുകൂടെ ആയിരിക്കുമോ?
18. യഹോവയിൽ ആശ്രയിക്കുന്നവർക്കുവേണ്ടി ഏതു മഹത്തായ പ്രതീക്ഷ സ്ഥിതിചെയ്യുന്നു, അവരുടെ ദൃഢനിശ്ചയം എന്താണ്?
18 എല്ലായ്പ്പോഴും യഹോവയെ ആശ്രയിക്കുന്നവർക്ക് ആ നാളിനുമപ്പുറം എന്തോരു മഹത്തായ പ്രതീക്ഷ സ്ഥിതിചെയ്യുന്നു! യഹോവയാം യാഹിനെ സ്നേഹിക്കുന്നവർ അവന്റെ പുത്രനാൽ പാപരഹിതപൂർണ്ണതയിൽ പുനഃസ്ഥിതീകരിക്കപ്പെടും! നിങ്ങൾ ആ സമയത്തിനുവേണ്ടി കാംക്ഷിക്കുന്നില്ലേ? യഹോവയിലുള്ള നിങ്ങളുടെ ആശ്രയം നിങ്ങളെ ആ അത്ഭുതകരമായ ദിവസത്തിലേക്ക് ആനയിക്കും. അതെ, ജനങ്ങളേ, എല്ലായ്പ്പോഴും യഹോവയിൽ ആശ്രയിക്കുക, എന്തെന്നാൽ അതിന്റെ അർത്ഥം രക്ഷയെന്നാണ്! (w88 1/15)
പുനരവലോകന ചോദ്യങ്ങൾ
◻ യെശയ്യാവ് 26-ലെ ജയഗീതം എന്തു ചെയ്യാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു?
◻ യഹോവ ഏത് “ഉയർന്ന പട്ടണ”ത്തെ നിലംപരിചാക്കും, നാം അതിനെ എങ്ങനെ ചവിട്ടിമെതിക്കുന്നു?
◻ സെൻഹെരീബിന്റെ ഭീഷണിയുടെ മുമ്പാകെയുള്ള ഹിസ്ക്കിയാവിന്റെ പ്രാർത്ഥനയിൽനിന്ന് നാം എന്തു പഠിക്കുന്നു?
◻ യെശയ്യാവ് 26:21-ലെ “ഹതൻമാർ”ക്കുവേണ്ടി എങ്ങനെ പ്രതികാരം ചെയ്യപ്പെടുന്നു?
◻ നാം യഹോവയാം യാഹിൽ ആശ്രയിക്കുന്നുവെങ്കിൽ എന്തായിരിക്കും പരിണതഫലം?
[22-ാം പേജിലെ ചതുരം]
പരിശുദ്ധ സിംഹാസനത്തെ ശിക്ഷിക്കുകയോ?
മിലാനിലെ ഇൽ ജീയോണേലിൽ അംബർട്ടോ സിനിൽക്കാച്ചി എഴുതിയ ഒരു ലേഖനത്തെ സംക്ഷേപിച്ചുകൊണ്ട് വേൾഡ് പ്രസ്സ് റിവ്യൂ ഇങ്ങനെ പ്രസ്താവിക്കുന്നു: “ബാങ്കോ അംബ്രോസിയാനോ അഴിമതി അപവാദത്തിൽ ഉൾപ്പെട്ട മൂന്ന് വത്തിക്കാൻ ബാങ്ക് ഉദ്യോഗസ്ഥൻമാരുടെ അറസ്ററ് വാറണ്ടുകൾ [1987] ജൂലൈയിൽ അസാധുവാക്കിയതു നിമിത്തം ഇററലിയിലെ അത്യുന്നത അപ്പീൽകോടതി കഠിന വിമർശനത്തിന് ഇരയായിരിക്കുകയാണ്. വത്തിക്കാനും ഇററാലിയൻ ഗവൺമെൻറും തമ്മിലുള്ള ഒരു പഴയ ഉടമ്പടിയിൽ അധിഷ്ഠിതമായ തീരുമാനം ഒരു ആർച്ച് ബിഷപ്പായ ബാങ്ക് ചെയർമാനും ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർക്കും ചീഫ് അക്കൗണ്ടൻറിനും പ്രതിരക്ഷ നൽകി. റിവ്യൂ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ചില വിമർശകർ ഈ തീരുമാനത്തെപ്രതി ന്യായാധിപൻമാരെ കുററപ്പെടുത്തുന്നില്ലെങ്കിലും, ഇററലിയിലെ മണ്ണിൽ ലംഘനം ചെയ്തിരിക്കുന്നവർക്ക് പ്രതിരക്ഷ അനുവദിക്കുന്നതിനാൽ ഈ ഉടമ്പടി ഇററാലിയൻ ഭരണ ഘടനയെ തൃണവൽഗണിക്കുകയാണെന്ന് അവർ വാദിക്കുന്നു. ഇററലിയിൽ ചെയ്ത കുററങ്ങൾക്ക് പരിശുദ്ധ സിംഹാസനത്തെ ശിക്ഷിക്കാൻ അനുവാദം നൽകുന്ന ഒരു കരാറിനുവേണ്ടി ചില നിയമനിർമ്മാതാക്കൾ സമ്മർദ്ദം ചെലുത്തുകയാണ്.”