ക്ഷീണിക്കാതെ വീണ്ടും ശക്തിയാർജ്ജിക്കുക
“അവൻ ക്ഷീണിതനു ശക്തിനൽകുന്നു; ചലനാത്മകമായ ഊർജ്ജം ഇല്ലാത്തവന് അവൻ തികഞ്ഞ ശക്തി സമൃദ്ധമാക്കിത്തീർക്കുന്നു.”—യെശയ്യാവ് 40:29.
1, 2. ക്രിസ്ത്യാനികൾക്കു പൊതുവിലുള്ള കാര്യങ്ങളെ നിങ്ങൾ മാരത്തോൺ ഓട്ടക്കാരുമായി എങ്ങനെ ദൃഷ്ടാന്തീകരിക്കും?
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിനാല് ഒക്ടോബറിലെ ഒരു പ്രഭാതത്തിൽ 16,000-ത്തോളം പോരാളികളുടെ ഒരു മനുഷ്യസമുദ്രം ന്യൂയോർക്ക് സിററി മാരത്തോണിന്റെ തുടക്കത്തിനു വേണ്ടി തെരുവുകളിലേക്ക് ഇരമ്പിക്കയറി. ഫിനീഷ് ലൈൻ ഏതാണ്ട് 26.6 മൈൽ (42.2.കി.മീ.) അകലെയായിരുന്നു. കാലാനുസൃതമല്ലാഞ്ഞ ആ ശരൽക്കാല ചൂടും ഉയർന്ന അന്തരീക്ഷക്ലീന്നതയും ഓട്ടക്കാരുടെ ഊർജ്ജത്തെ കുറയ്ക്കുകയും സഹനത്തെ പരീക്ഷിക്കുകയും ചെയ്തു. ഏററവും നല്ല കായികാഭ്യാസികൾക്കുപോലും ആ ഓട്ടം ക്ഷീണിപ്പിക്കുന്ന ഒരു പോരാട്ടമായിത്തീർന്നു. അനേകം ഓട്ടക്കാർ ക്ഷീണിതരായി ഓട്ടത്തിൽനിന്നു പിൻമാറി, 2000-ത്തോളം പേർ പൂർത്തിയാക്കിയില്ല പൂർത്തിയാക്കിയവർ വളരെ പ്രയാസകരമായ അവസ്ഥകളെ തരണം ചെയ്തിരുന്നു.
2 ക്രിസ്ത്യാനികളും ഒരു ഓട്ടത്തിലാണ്. സമ്മാനമോ? നിത്യജീവൻ. മാരത്തോൺ ഓട്ടക്കാരനെപ്പോലെ അവർ അവസാനത്തോളം പോരാടേണ്ടതാണ്. സഹനം ആവശ്യമാണ്. ശക്തി നിലനിർത്തുകയും ക്ഷീണം ഒഴിവാക്കുകയും വേണം. ജീവനുവേണ്ടിയുള്ള നമ്മുടെ ഓട്ടം ഒരു ചെറിയ ഹ്രസ്വദൂര ഓട്ടംപോലെയല്ല, പിന്നെയോ ഒരു ദീർഘദൂര ഓട്ടം പോലെയാണ്. പൗലോസ് കൊരിന്തിലെ സഹക്രിസ്ത്യാനികൾക്ക് എഴുതി: “ഒരു ഓട്ടത്തിൽ ഓട്ടക്കാരെല്ലാം ഓടുന്നുവെന്നും എന്നാൽ ഒരാൾക്കു മാത്രം സമ്മാനം കിട്ടുന്നുവെന്നും നിങ്ങൾക്ക് അറിയാൻ പാടില്ലേ? നിങ്ങൾക്ക് അത് ലഭിക്കത്തക്കവണ്ണം ഓടുക.” (1 കൊരിന്ത്യർ 9:24) ക്രിസ്ത്യാനികൾ ഓടുന്നത് തീവ്രയത്നം നടത്തിക്കൊണ്ടാണ്.—ലൂക്കോസ് 13:24.
3. ഓട്ടം പൂർത്തിയാക്കുന്നതുവരെ ക്രിസ്ത്യാനികൾക്ക് എങ്ങനെ മാത്രമേ ഊർജ്ജസ്വലമായ ഗതിവേഗം നിലനിർത്താൻ കഴിയൂ?
3 എന്നാൽ ഓട്ടം പൂർത്തിയാക്കുന്നതിന് ‘ആർക്ക് ആ ഗതിവേഗം നിലനിർത്താൻ കഴിയും?’ എന്നു നിങ്ങൾ സംശയിച്ചേക്കാം. നമ്മുടെ സ്വന്തം ശക്തിയിൽ നമ്മിലാർക്കും സാദ്ധ്യമല്ല. സമ്മാനം നേടുന്നതിന് ചലനാത്മകശക്തിയുടെ ഉറവുതന്നെയായ യഹോവയാം ദൈവത്തിൽനിന്ന് നാം ചോർത്തിയെടുക്കേണ്ടിയിരിക്കുന്നു.—ഇയ്യോബ് 36:22; സങ്കീർത്തനം 108:13.
യഹോവ—ചലനാത്മകമായ ഊർജ്ജത്തിന്റെ ഉറവ്
4. യെശയ്യാപ്രവാചകൻ പറയുന്നതനുസരിച്ച്, തന്റെ ദാസൻമാരെ പുലർത്താനുള്ള യഹോവയുടെ പ്രാപ്തിയിൽ നമുക്ക് വിശ്വാസമുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
4 നിസ്സംശയമായി യഹോവക്കു തന്റെ ദാസൻമാരെ പുലർത്താൻ കഴിയും. തന്റെ പ്രവാചകനായ യെശയ്യാവിന്റെ വായ് മുഖാന്തരം സർവ്വശക്തൻ തന്റെ പ്രാപ്തികളുടെ അതിരില്ലായ്മയെയും തന്റെ വീര്യപ്രവൃത്തികളുടെ നിസ്തുലതയേയും കുറിച്ച് പ്രസ്താവിച്ചു. “നിന്റെ കണ്ണുകൾ മേല്പ്പോട്ട് ഉയർത്തി കാണുക. ഇവയെയെല്ലാം ആർ സൃഷ്ടിച്ചിരിക്കുന്നു? അത് അവയുടെ സൈന്യത്തെ സംഖ്യയനുസരിച്ചുതന്നെ പുറപ്പെടുവിക്കുന്നവനാണ്, അവയെയെല്ലാം അവൻ പേർ ചൊല്ലിത്തന്നെ വിളിക്കുന്നു. ചലനാത്മകമായ ഊർജ്ജത്തിന്റെ സമൃദ്ധിയാലും, അവൻ ബലത്തിൽ ഊർജ്ജസ്വലനാകയാലും, അവയിലൊന്നും നഷ്ടപ്പെടുന്നില്ല. . . . നിങ്ങൾ അറിയാനിടയായിട്ടില്ലേ, അല്ലെങ്കിൽ കേട്ടിട്ടില്ലേ? ഭൂമിയുടെ അറുതികളുടെ സ്രഷ്ടാവായ യഹോവ അനിശ്ചിതകാലത്തോളം ഒരു ദൈവമാകുന്നു. അവൻ ക്ഷീണിക്കുകയോ തളർന്നുപോകുകയോ ചെയ്യുന്നില്ല. അവന്റെ വിവേകത്തിന്റെ ആരായലില്ല.”—യെശയ്യാവ് 40:26-28.
5, 6. യഹോവയുടെ ചലനാത്മകമായ ഊർജ്ജത്തിന്റെ തെളിവുകളുടെ ദൃഷ്ടാന്തങ്ങൾ നൽകുക.
5 പരിഛിന്നമായതു മുതൽ അപരിഛിന്നമായതു വരെയുള്ള യഹോവയുടെ സൃഷ്ടിപരമായ ശക്തി ഭയാവഹമാണ്! ദൃഷ്ടാന്തത്തിന്, നാം ഉൾപ്പെടെയുള്ള സകല ദ്രവ്യവും നിർമ്മിക്കപ്പെട്ടിരിക്കുന്ന നിർമ്മാണ വസ്തുക്കളെക്കുറിച്ച്—പരമാണുക്കളെക്കുറിച്ചു—ചിന്തിക്കുക. ഒരു തുള്ളി വെള്ളത്തിൽ 10,000 കോടി ബില്യൻ (അമേരിക്കൻ കണക്കു കൂട്ടലനുസരിച്ച്) പരമാണുക്കൾ ഉൾക്കൊണ്ടിരിക്കത്തക്കവണ്ണം അവ അത്ര ചെറുതാണ്. എന്നിരുന്നാലും, ഭൂമിയിൽ 32 നില ആഴത്തിലും കാൽ മൈൽ വീതിയിലും ഒരു ഗർത്തം ഉളവാക്കത്തക്ക ശക്തിയുള്ള സ്ഫോടനത്തിനു മതിയായ ഊർജ്ജം പരമാണുക്കളുടെ ന്യൂക്ലിയസിൽ അടങ്ങിയിരിക്കുന്നു.
6 വലിപ്പത്തിന്റെ എതിരററത്ത് സൂര്യനെക്കുറിച്ചു ചിന്തിക്കുക. ശതകോടിക്കണക്കിനു ടൺ തൂക്കമുള്ള ഈ ബൃഹത്തായ ന്യൂക്ലിയർ ചൂളയാണ് നമ്മുടെ സൗരയൂഥത്തിന് ചൂടു നൽകുന്നത്. ചെറിയ പരമാണുക്കളിൽനിന്ന് സിദ്ധിക്കുന്ന ഊർജ്ജമാണ് അതിന്റെ ഇന്ധനം. ഭൂമിയിലെ സകല ജീവനും—സസ്യങ്ങളും മൃഗങ്ങളും മനുഷ്യരും—ആ ബൃഹത്തായ ആകാശ പവർ പ്ലാൻറ് പ്രസരിപ്പിക്കുന്ന ഊർജ്ജത്തെയാണ് ആശ്രയിക്കുന്നതെങ്കിലും സൂര്യനിലെ ഊർജ്ജത്തിന്റെ ഒരു ചെറിയ അളവു മാത്രമേ യഥാർത്ഥത്തിൽ ഭൂമിയിലെത്തുന്നുള്ളു. എന്നിരുന്നാലും, ജീവൻ നിലനിർത്തുന്നതിന് അതു മതിയായതാണ്. ജ്യോതിശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയൽ ജ്യോതിശാസ്ത്രം എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതുന്നു: “ഭൂമിയിൽ എത്തുന്ന സൗരോർജ്ജത്തിന്റെ വളരെ ചെറിയ അംശംതന്നെ—പത്തു കോടി ദശലക്ഷത്തിന്റെ ഏതാണ്ട് അഞ്ചു ഭാഗങ്ങൾ എന്നു കണക്കാക്കപ്പെടന്നു—ലോക വ്യവസായങ്ങളിൽ ഉപയോഗിക്കപ്പെടുന്ന മുഴു ഊർജ്ജത്തെക്കാൾ 1,00,000-ത്തോളം മടങ്ങു വലുതാണ്.”
7. യഹോവയുടെ സൃഷ്ടിയിൽ പ്രകടമായിരിക്കുന്ന ശക്തിയെക്കുറിച്ച് വിചിന്തനം ചെയ്തശേഷം നാം അവനെക്കുറിച്ച് എങ്ങനെ വിചാരിക്കണം?
7 എന്നിരുന്നാലും, സൂര്യൻ നമ്മുടെ ക്ഷീരപഥതാരാപംക്തിയിലെ ശതകോടിക്കണക്കിന് നക്ഷത്രങ്ങളിൽ ഒന്നു മാത്രമാണ്—അത് മദ്ധ്യവലിപ്പത്തിലുള്ള ഒരു നക്ഷത്രവുമാണ്. മാത്രവുമല്ല, അറിയപ്പെടുന്ന പ്രപഞ്ചത്തിൽ ഏതാണ്ട് 10,000 കോടി താരാപംക്തികളുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞൻമാർ കണക്കാക്കുന്നു. ഇത് ചിന്തിക്കുമ്പോൾത്തന്നെ ഞെട്ടലുളവാക്കുന്നതാണ്, അല്ലേ? ‘യഹോവ തനിയെ ആകാശങ്ങളെ വിരിച്ച’തിനെക്കുറിച്ചു വിചിന്തനം ചെയ്തശേഷം, ദൈവം “ആരായാൻ കഴിയാത്ത വലിയ കാര്യങ്ങളും അസംഖ്യം അത്ഭുതകാര്യങ്ങളും ചെയ്യുന്നു”വെന്ന് ഇയ്യോബ് എന്ന മനുഷ്യൻ പറഞ്ഞത് ആശ്ചര്യമല്ല.—ഇയ്യോബ് 9:8-10.
യഹോവക്കു നിങ്ങളെ ഊർജ്ജസ്വലരാക്കാൻ കഴിയും
8. (എ) ആർക്കു മാത്രമേ യഹോവയുടെ ശക്തിയിൽനിന്ന് പൂർണ്ണമായ ശക്തിയാർജ്ജിക്കാൻ കഴിയൂ? (ബി) യെശയ്യാ 40:29-31-ലെ വാഗ്ദത്തം വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരിക്കുന്നതെങ്ങനെ?
8 യഹോവയുടെ സത്യാരാധകർക്ക് പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ചലനാത്മക ഊർജ്ജത്തിന്റെ ഈ ഉറവിൻനിന്ന് യഥേഷ്ടവും പൂർണ്ണമായും ശക്തിയാർജ്ജിക്കാൻ കഴിയും. യഹോവയുടെ ദാസൻമാർക്ക് ഊർജ്ജ ദൗർലഭ്യത്തിന്റെ ഭീതികൂടാതെ ‘അവന്റെ പരിശുദ്ധാത്മാവു മുഖേനയുള്ള ശക്തിയാൽ ബലിഷ്ഠ’രാക്കപ്പെടാൻ കഴിയും. (എഫേസ്യർ 3:16; സങ്കീർത്തനം 84:4, 5) യഥാർത്ഥത്തിൽ, ജീവനുവേണ്ടിയുള്ള ഓട്ടത്തിലെ നമ്മുടെ വിജയം ദൈവത്തിന്റെ ബലിഷ്ഠകരത്തിന് നമ്മെ ഫിനീഷ് ലൈനിനപ്പുറത്തേക്ക് തള്ളിനീക്കാൻ കഴിയുമെന്നുള്ള സമ്പൂർണ്ണവിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു. അവന് നമ്മെ ഊർജ്ജസ്വലരാക്കാൻ കഴിയും. യെശയ്യാ പ്രവാചകൻ യഹോവയെക്കുറിച്ച് പറയുന്ന പ്രകാരം: “അവൻ ക്ഷീണിതനു ശക്തിനൽകുന്നു; ചലനാത്മകമായ ഊർജ്ജം ഇല്ലാത്തവന് അവൻ തികഞ്ഞ ശക്തി സമൃദ്ധമാക്കിത്തീർക്കുന്നു. ബാലൻമാർ ക്ഷീണിക്കുകയും തളർന്നുപോകുകയും ചെയ്യും, യുവാക്കൻമാർതന്നെ കണിശമായും ഇടറും, എന്നാൽ യഹോവയിൽ പ്രത്യാശിക്കുന്നവർ വീണ്ടും ശക്തിയാർജ്ജിക്കും. കഴുകൻമാരെപ്പോലെ അവർ ചിറകടിച്ചു കയറും. അവർ തളർന്നുപോകാതെ ഓടും; അവർ ക്ഷീണിച്ചുപോകാതെ നടക്കും.” (യെശയ്യാവ് 40:29-31) എന്തിന്, ആ വാക്കുകളുടെ വായനതന്നെ നമ്മുടെ ചൈതന്യത്തെ ജ്വലിപ്പിക്കും!
9. യഹോവയ്ക്കു നിങ്ങളുടെ ‘പർവ്വതസമാനമായ’ പ്രശ്നങ്ങളിൽ സഹായിക്കാൻ കഴിയുന്നതെങ്ങനെ?
9 സത്യാരാധനയ്ക്കു വേണ്ടിയുള്ള നമ്മുടെ തീഷ്ണതയെ തടസ്സപ്പെടുത്തുമെന്നു ഭിഷണിപ്പെടുത്തുന്ന വമ്പിച്ചതായി തോന്നുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ നിങ്ങൾ ചെറിയവരും നിസ്സാരൻമാരുമെന്ന് വിചാരിച്ചേക്കാം. നിരാശപ്പെടരുത്. നിങ്ങളുടെ സർവ്വ ശക്തനായ സ്വർഗ്ഗീയ പിതാവിലേക്കു തിരിയുക. ‘തന്നിൽ പ്രത്യാശിക്കുന്ന എല്ലാവരെയും’ അവൻ ബലപ്പെടുത്തുന്നു. പരമാണുവിന്റെ സ്രഷ്ടാവിന് ആ ‘പർവ്വതങ്ങളെ’ നീക്കാൻ ശക്തിയുള്ള ചലനാത്മക ഊർജ്ജം കൊണ്ട് പ്രചോദിപ്പിക്കാൻ കഴികയില്ലേ? തീർച്ചയായും അവനു കഴിയും!—മർക്കോസ് 11:23.
10. (എ) ഏതു കാര്യങ്ങൾക്ക് ക്രിസ്തീയ ഓട്ടക്കാരെ ക്ഷീണിപ്പിക്കാൻ കഴിയും? (ബി) സാത്താൻ നിങ്ങളോട് എന്തു ചെയ്യാനാഗ്രഹിക്കുന്നു?
10 മറിച്ച്, ക്രീസ്തീയതത്വങ്ങളോടുള്ള അനാദരവ് പ്രകടമാക്കുന്ന ഒരു ലോകത്തിൽനിന്നുള്ള സമ്മർദ്ദങ്ങൾക്കെതിരെയുള്ള അനുദിനപോരാട്ടത്താൽ വളരെ ക്ഷീണിതരാകുക നിമിത്തം ജീവനുവേണ്ടിയുള്ള ഓട്ടത്തിൽ മന്ദീഭവിക്കാമെന്നോ നിർത്താമെന്നുപോലുമോ ചില ക്രിസ്ത്യാനികൾ വിചാരിച്ചേക്കാം. രോഗത്തിനും സാമ്പത്തിക തിരിച്ചടികൾക്കും കുടുംബപ്രശ്നങ്ങൾക്കും ഏകാന്തതക്കും അല്ലെങ്കിൽ മററു പ്രയാസങ്ങളക്കും നിരുത്സാഹത്തിനിടയാക്കാൻ കഴിയും. നിരുത്സാഹത്തിന് പെട്ടെന്നുതന്നെ ഒരു ക്രിസ്ത്യാനിയുടെ ശക്തിയെ കുറയ്ക്കാൻ കഴിയും, അത്യുഷ്ണമുള്ള ഒരു ദിവസത്തിന് ഒരു മാരത്തോൺ ഓട്ടക്കാരന്റെ ഊർജ്ജത്തെ സത്വരം വററിച്ചുകളയാൻ കഴിയുന്നതുപോലെതന്നെ. വലിയ ശത്രുവായ പിശാചായ സാത്താൻ, യഹോവയുടെ ദാസനെന്ന നിലയിലുള്ള നിങ്ങളുടെ നിർമ്മലതയെ തകർക്കാൻ ശ്രമിക്കുന്നതിന് അത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നു. (1 പത്രോസ് 5:8) അതു ചെയ്യാൻ പിശാചിനെ അനുവദിക്കരുത്! നിങ്ങളുടെ ആത്മീയ ഊർജ്ജശേഖരം വീണ്ടും നിറയ്ക്കുന്നതിന് ആ കോടിക്കണക്കിനുള്ള താരാപംക്തികളുടെ സ്രഷ്ടാവിലേക്കു നോക്കുക. യഹോവയ്ക്കു നിങ്ങളെ പിന്തുണയ്ക്കാൻ കഴിയും.—സങ്കീർത്തനം 37:17; 54:4.
11. ദാവീദ് പ്രതിബന്ധങ്ങളെ തരണം ചെയ്ത വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
11 പ്രതിബന്ധങ്ങളെ അഭിമുഖികരിച്ചപ്പോൾ ദാവീദ് എല്ലായ്പ്പോഴും യഹോവ പുതുവീര്യത്തിന്റെ ഉറവാണെന്ന് കണ്ടെത്തി. പരിശുദ്ധാത്മാവിനാൽ പുതു ജീവൻ ലഭിച്ചതിനാൽ ദാവീദിന് ഏത് എതിർപ്പിനും മീതെ ‘കയറാൻ’ കഴിഞ്ഞു. “നീ നിമിത്തം എനിക്ക് ഒരു കവർച്ച സംഘത്തിനെതിരെ ഓടാൻ കഴിയും; എന്റെ ദൈവം നിമിത്തം എനിക്ക് ഒരു മതിൽ കയറാൻ കഴിയും.” ദാവീദ് ഇങ്ങനെയും പ്രഖ്യാപിച്ചു: “ദൈവത്തിലൂടെ ഞങ്ങൾ ജീവശക്തി നേടും, അവൻതന്നെ ഞങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കും.” (സങ്കീർത്തനം 18:29; 60:12) യഹോവയ്ക്കു അതുതന്നെ നിങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയും.
ആത്മീയ ക്ഷീണത്തോടു പോരാടുക
12. (എ)ആത്മീയ ക്ഷീണത്തെ പെട്ടെന്ന് ഒഴിവാക്കേണ്ടതെന്തുകൊണ്ട്? (ബി) ആത്മീയ ക്ഷീണത്തിന്റെ ലക്ഷണങ്ങളേവാ? (സി) ആത്മീയമായി ക്ഷീണിതരായവരെ പുനരുജ്ജീവിപ്പിക്കാൻ യഹോവ എന്തു കരുതലുകൾ ചെയ്തിരിക്കുന്നു?
12 നാം ആത്മീയ ക്ഷീണത്തിന്റെ ലക്ഷണങ്ങൾ കാണുന്നതിൽ വേഗതയുള്ളവരായിരിക്കണം. അത്രതന്നെ വേഗത്തിൽ നാം അവയെ നേരിടുകയും വേണം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ‘ഇടുക്കു വാതിലിലൂടെ കടക്കാൻ തീവ്രയത്നം നടത്തുന്ന’ ചുരുക്കം ചിലർ മാത്രമാണ്, അല്ലെങ്കിൽ ഫിനീഷ് ലൈൻ കടക്കുന്ന ഓട്ടക്കാർ മാത്രമാണ് നിത്യജീവനാകുന്ന സമ്മാനം നേടുന്നത്. (ലൂക്കോസ് 13:24; ഫിലിപ്യർ 3:12, 13) “ആത്മീയ ക്ഷീണത്തോടു പോരാടാനുള്ള ചില മാർഗ്ഗങ്ങൾ” എന്ന പേരിൽ തുടർന്നു ചേർത്തിരിക്കുന്ന ചതുരം പരിശോധിക്കുക. നിങ്ങൾ നിങ്ങളിൽതന്നെയോ ഒരു കുടുംബാംഗത്തിലോ ഈ ലക്ഷണങ്ങളിൽ ചിലത് ഉള്ളതായി തിരിച്ചറിയുന്നുവോ? എങ്കിൽ ക്രമീകരണങ്ങൾ വരുത്താൻ സത്വരം നടപടികൾ സ്വീകരിക്കുക. ലിസ്ററു ചെയ്തിരിക്കുന്ന യഹോവയുടെ കരുതലുകളിൽനിന്ന് ശക്തി ആർജ്ജിച്ചുകൊണ്ട് നിങ്ങളുടെ ആത്മീയതയ്ക്ക് നവജീവൻ പകരുക.
13, 14. (എ) നമ്മുടെ ആത്മീയ ശക്തിയെ പുതുക്കുന്നതിന് ഏതു ദൃഷ്ടാന്തങ്ങൾക്ക് സഹായിക്കാൻ കഴിയും? (ബി) ദീർഘകാലമായി യഹോവയുടെ ഒരു ദാസനായിരിക്കുന്ന ഒരാളിൽനിന്നുള്ള ബുദ്ധിയുപദേശത്തിന് ഓട്ടത്തിൽ നിലനിൽക്കാൻ നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
13 ബൈബിൾ രേഖയിലെ ജയശാലികളായിരുന്ന ദൈവദാസൻമാരുടെ ദൃഷ്ടാന്തങ്ങൾ അനുകരിച്ചുകൊണ്ട്, ക്ഷീണിതനാകാനുള്ള പ്രവണതയെ നിങ്ങൾക്ക് ചെറുത്തുനിൽക്കാൻ കഴിയും. അവസാനത്തോളം സഹിച്ചു നിന്ന അനേകം സ്ത്രീ പുരുഷൻമാരും ചെറുപ്പക്കാരും പ്രായമുള്ളവരുമുണ്ടായിരുന്നു. എബ്രായർ 11:4-40 പോലെയുള്ള തിരുവെഴുത്തുകളിൽ അവരെക്കുറിച്ചു വായിക്കുക. അതുപോലെതന്നെ ആധുനിക കാലങ്ങളിൽ യഹോവയെ സേവിക്കുന്നതിൽ തുടരുന്ന അനേകം പ്രിയപ്പെട്ട സഹോദരീസഹോദരൻമാർ നമുക്കുണ്ട്.
14 അമേരിക്കൻ ഐക്യനാടുകളുടെ തെക്കു ഭാഗത്തു ജീവിക്കുന്ന ജോർജ്ജ് ക്ഷീണിതനാകാത്ത ഒരു ക്രിസ്തീയ ഓട്ടക്കാരന്റെ ദൃഷ്ടാന്തമാണ്. നിത്യജീവനുവേണ്ടിയുള്ള 50-തിലധികം വർഷത്തെ ഓട്ടത്തിനുശേഷം അയാൾ ഇപ്പോഴും ബലിഷ്ഠനായി നിലകൊള്ളുകയാണ്. അയാൾ നമുക്ക് എന്തു ബുദ്ധിയുപദേശമാണു നൽകുന്നത്?
“ഞാൻ ദൃഢമായി പറയുന്നു, സ്ഥാപനത്തോടു പററിനിൽക്കുക. യഹോവയുടെ നിയമിതൻ എന്ന നിലയിൽ യേശുക്രിസ്തു സ്ഥാപനത്തെ നടത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങളോടു വളരെ അടുപ്പമുള്ള ഒരുവൻ അവിശ്വസ്തനായിത്തീരുന്നുവെങ്കിൽ നിരുത്സാഹപ്പെടരുത്. നിങ്ങൾക്കു പൂർണ്ണമായി മനസ്സിലാകാത്തതോ അംഗീകരിക്കാൻ പ്രയാസമുള്ളതോ ആയ എന്തെങ്കിലുമുണ്ടെങ്കിൽ അത് കുറെ കാലത്തിനുശേഷം വ്യക്തമാകുമെന്ന് വിശ്വസിക്കുക. യഹോവയുടെ സ്ഥാപനം നമ്മെ ഇത്രത്തോളം കൊണ്ടുവന്നിരിക്കുന്നു. അതു നമ്മെ പുതിയ വ്യവസ്ഥിതിയിലേക്കു നയിക്കുമെന്ന് വിശ്വസിക്കുക.”—യോഹന്നാൻ 6:66-68.
15. നല്ല ദൃഷ്ടാന്തങ്ങൾ നമ്മുടെ ആത്മാവിനു നവോത്തേജനം നൽകണമെങ്കിൽ നാം എന്തു ചെയ്യണം?
15 ഈ വിലയേറിയവരിൽ ചിലർ നിങ്ങളുടെ സഭയിലുണ്ടായിരിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് അവരെ സർക്കിട്ട് സമ്മേളനത്തിൽ കണ്ടുമുട്ടാൻ കഴിയും. അവരോടു സംസാരിക്കുക. അവരിൽനിന്നു പഠിക്കുക. തന്നെയുമല്ല, മററു വിശ്വസ്തരുടെ ദൃഷ്ടാന്തങ്ങൾ വാർഷിക പുസ്തകത്തിലും വീക്ഷാഗോപുരത്തിലും മററു വാച്ച്ററവർ പ്രസിദ്ധീകരണങ്ങളിലും കാണപ്പെടുന്നു. ഈ വിവരണങ്ങൾ വായിക്കുക. ആ അനുഭവങ്ങളിൽനിന്ന് നിങ്ങൾക്ക് എങ്ങനെ ശക്തിയാർജ്ജിക്കാൻ കഴിയുമെന്നു കാണുക.
മൂപ്പൻമാർ—‘ബലപ്പെടുത്തുന്ന സഹായങ്ങൾ’ആയിരിക്കുക
16. (എ) വീണ്ടും ശക്തിയാർജ്ജിക്കുന്നതിന് മൂപ്പൻമാർക്ക് സഹക്രിസ്ത്യാനികളെ എങ്ങനെ സഹായിക്കാൻ കഴിയും? (ബി) പ്രോത്സാഹനവും ബുദ്ധിയുപദേശവും കൊടുക്കുമ്പോൾ മൂപ്പൻമാർ എന്തു ജാഗ്രതപുലർത്തേണ്ട ആവശ്യമുണ്ട്?
16 വിശേഷിച്ച് സഭാമൂപ്പൻമാർ ഇടറുന്നതിന്റെ ജാഗ്രതയുള്ളവരായിരിക്കണം. “ജനങ്ങളേ, ദുർബ്ബലകരങ്ങളെ ബലപ്പെടുത്തുക, കുഴയുന്ന മുഴങ്കാലുകളെ ഉറപ്പിക്കുക” എന്ന് പറയുമ്പോൾ യെശയ്യാവ് 35:3 നല്ല ബുദ്ധിയുപദേശമാണ് നൽകുന്നത്. എന്നാൽ മൂപ്പൻമാരായ നിങ്ങൾക്ക് അതിൽ നിങ്ങളുടെ പങ്ക് എങ്ങനെ നിർവ്വഹിക്കാൻ കഴിയും? ഒരു സംഗതി നിരീക്ഷണപടുക്കളായിരിക്കുക എന്നതാണ്. പ്രത്യക്ഷത്തിലുള്ള ഒരു മന്ദീഭാവത്തിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കുക. ആ വ്യക്തിക്കുവേണ്ടി പ്രത്യേകം തയ്യാർ ചെയ്ത തിരുവെഴുത്തു നിർദ്ദേശങ്ങൾ കൊടുക്കുക. ശ്രദ്ധയുള്ളവരായിരിക്കുക. നിങ്ങൾ നിങ്ങളുടെ സഹോദരനെ നിരുത്സാഹപ്പെടുത്താനല്ല, പ്രോത്സാഹിപ്പിക്കാനാണാഗ്രഹിക്കുന്നത്.a അതുകൊണ്ട് നിങ്ങളുടെ മനഃസാക്ഷിയെ മറെറാരാളുടെമേൽ അടിച്ചേൽപ്പിക്കരുത് അല്ലെങ്കിൽ നിങ്ങളുടെ പരിഹാരമാർഗ്ഗം സ്വീകരിക്കാൻ വ്യക്തിയുടെമേൽ സമ്മർദ്ദം ചെലുത്തരുത്, അല്ലെങ്കിൽ നിങ്ങളുടെ വ്യക്തിപരമായ വീക്ഷണം സ്വീകരിക്കാൻ അയാൾ വിമുഖത കാട്ടുന്നുവെങ്കിൽ അയാളെ ഒരു പക്വതയില്ലാത്ത ക്രിസ്ത്യാനിയായി മുദ്രയടിക്കരുത്. മൂപ്പൻമാർ തങ്ങളുടെ ബുദ്ധിയുപദേശത്തെയും പ്രോത്സാഹനത്തെയും ബൈബിളിൽ അടിസ്ഥാനപ്പെടുത്തണം. തങ്ങളുടെ സഹ ഓട്ടക്കാരുടെമേൽ അനാവശ്യമായ സഭാചട്ടങ്ങൾ കുന്നിച്ചുകൊണ്ട് അവരെ മന്ദീഭവിപ്പിക്കാൻ മൂപ്പൻമാർ ആഗ്രഹിക്കുകയില്ല.—മത്തായി 11:28, 29-നെ മത്തായി 23:2-4-നോടു താരതമ്യപ്പെടുത്തുക.
17. സഹക്രിസ്ത്യാനികളെ മന്ദീഭവിപ്പിക്കാൻ ലക്ഷ്യംവെച്ചിട്ടുള്ള സാത്താന്റെ തന്ത്രങ്ങളോട് മൂപ്പൻമാർക്ക് എങ്ങനെ എതിരിടാൻ കഴിയും?
17 സഭാംഗങ്ങളെ അഭിനന്ദിക്കുന്നതിൽ വേഗതയുള്ളവരായിരിക്കുന്നതിനാൽ മൂപ്പൻമാർക്ക് ക്രിസ്തുവിന്റെ അനുഗാമികളെന്ന നിലയിൽ നല്ല ദൃഷ്ടാന്തം വെക്കാൻ കഴിയും. ആത്മാർത്ഥമായി അവർ വേണ്ടപ്പെട്ടവരാണെന്നുള്ള തോന്നൽ ഉളവാക്കുക! സാത്താന്റെ വ്യവസ്ഥിതി ക്രിസ്ത്യാനിയെ അപര്യാപ്തനെന്നു തോന്നിക്കാൻ എല്ലായ്പ്പോഴും തയ്യാറായി നിൽക്കുകയാണ്. ജീവനുവേണ്ടിയുള്ള ഓട്ടത്തിലെ ഈ ഘട്ടത്തിൽ നമ്മുടെ സഹോദരൻമാർക്ക് ആവശ്യമായിരിക്കുന്നത് വിമർശകരെയല്ല, പിന്നെയോ വിജയത്തിലേക്ക് അവരെ പ്രോത്സാഹിപ്പിക്കാൻ സുഹൃത്തുക്കളെയാണ്. ദൃഷ്ടാന്തമായി, ഒരു മദ്ധ്യവയസ്ക്കയായ സഹോദരിക്ക് പയനിയറിംഗ് നിർത്തേണ്ടിവന്നപ്പോൾ അവളുടെ ഹൃദയം മുഴുസമയസേവനത്തിലേക്കു തിരിച്ചുവരാനുള്ള ആഗ്രഹത്താൽ ജ്വലിക്കുകയായിരുന്നു. എന്നാൽ സാമ്പത്തിക സാഹചര്യങ്ങൾ നിമിത്തം അവൾക്കു കഴിഞ്ഞില്ല. ഒരു മൂപ്പൻ സദുദ്ദേശ്യത്തോടെയായിരുന്നെങ്കിലും ഒരു വിമർശനാത്മകരീതിയിൽ “നിങ്ങൾ എന്നാണ് വീണ്ടും പയനിയറിംഗ് നടത്തുന്നത്?” എന്നു ചോദിച്ചു. “എന്റെ ഭർത്താവിന് വാടക കൊടുക്കാൻ കഴിയുമ്പോൾ” എന്ന അവളുടെ ഹ്രസ്വമായ മറുപടി അയാളെ അതിശയിപ്പിച്ചു. മുഖ്യമായി അവളുടെ ഭർത്താവിന്റെ വരുമാനം കൊണ്ടായിരുന്നു അവൾ പയനിയറിംഗ് നടത്തിക്കൊണ്ടിരുന്നത്. പിന്നീട് മനസ്സിലാക്കിയെങ്കിലും ഇതു തിരിച്ചറിയുന്നതിൽ മൂപ്പൻ പരാജയപ്പെട്ടിരുന്നു. എന്നാൽ ഭർത്താവിന്റെ മുതലാളി ഒരു ക്രിസ്ത്യാനിക്ക് പാടില്ലാത്തതെന്നു സംശയമുള്ള കൂടുതൽ കൂടുതൽ ജോലി ഏറെറടുത്തപ്പോൾ, അയാളുടെ മനഃസാക്ഷി വേറെ തൊഴിൽ തേടാൻ അയാളെ പ്രേരിപ്പിച്ചു. അയാളുടെ പ്രായത്തിൽ ജോലി കണ്ടെത്തുക എളുപ്പമായിരുന്നില്ല. അതുകൊണ്ട് വളരെ ശമ്പളം കുറഞ്ഞ ഒരു ജോലി സ്വീകരിക്കേണ്ടിവന്നു; തന്നിമിത്തം അയാളുടെ ഭാര്യ മുഴു സമയവും ജോലിക്കുപോകേണ്ടതാവശ്യമായിരുന്നു.
18. മൂപ്പൻമാർക്ക് ഏതു വിധത്തിൽ ഒരു “ബലപ്പെടുത്തുന്ന സഹായം” ആയിരിക്കാൻ കഴിയും?
18 മേൽപ്പറഞ്ഞ അനുഭവത്തിൽ നിന്ന് മൂപ്പൻമാർ സഹക്രിസ്ത്യാനികളെ ബുദ്ധിയുപദേശിക്കുന്നതിൽ വിമുഖരായിരിക്കണമെന്നാണോ നാം മനസ്സിലാക്കേണ്ടത്? അല്ല. പകരം ബുദ്ധിയുപദേശമോ പ്രോത്സാഹനമോ ആവശ്യമായിരിക്കുമ്പോൾ മൂപ്പൻമാർ ബാഹ്യപ്രത്യക്ഷതകളിൽ മാത്രം നോക്കാതെ സഹോദരങ്ങളുടെ യഥാർത്ഥ സാഹചര്യങ്ങൾ തിരിച്ചറിയണം. (യാക്കോബ് 2:15, 16) ഈ വിധത്തിൽ, മൂപ്പൻമാർക്ക് തങ്ങളുടെ സഭയിൽ ഒരു “ബലപ്പെടുത്തുന്ന സഹായം” ആയിരിക്കാൻ കഴിയും.—കൊലോസ്യർ 4:11.
19. ക്ഷീണിതരാകാതിരിക്കാൻ പയനിയർമാരെ സഹായിക്കുന്നതിന് നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
19 രാജ്യപ്രസാധകരുടെ വർദ്ധിച്ചുവരന്ന ഒരു സംഖ്യ തങ്ങളുടെ ഗതിവേഗം കൂട്ടി ഇപ്പോൾ നിരന്തര പയനിയർമാർ ആയിത്തീർന്നിരിക്കുന്നു. ജനക്കൂട്ടത്തിന്റെ ആർപ്പിടലിന് വീണ്ടും ശക്തിയാർജ്ജിക്കാൻ മാരത്തോൻ ഓട്ടക്കാരെ പ്രോത്സാഹിപ്പിക്കാൻ കഴിയും. അതുകൊണ്ട്, നിങ്ങളുടെ സഭയിലെ പയനിയർമാരെ വിജയത്തിനു പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ എന്തു ചെയ്യുന്നു? ഡഗ്ഗും ജോവാനും മുഴു സമയസേവനത്തെ തങ്ങളുടെ ജീവിതവൃത്തിയാക്കിയിരിക്കുന്നു. “നിങ്ങൾക്ക് എന്നാണ് കുട്ടികൾ ഉണ്ടാകുന്നത്?” എന്നോ “നിങ്ങൾ ഒടുവിൽ എന്നാണ് സ്ഥിരതാമസമുറപ്പിക്കുന്നത്?” എന്നോ മററുള്ളവർ ചോദിക്കുന്നത് നിരുത്സാഹപ്രദമായിരിക്കാൻ കഴിയും. എന്നിരുന്നാലും, “നല്ല വേല തുടരുക. നിങ്ങൾ ഞങ്ങളുടെ സഭയിൽ പയനിയർമാരായി സേവിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” എന്നു പറഞ്ഞുകൊണ്ട് സഹസാക്ഷികൾ ധാർമ്മിക പിന്തുണകൊടുക്കുമ്പോൾ എന്തു സംഭവിക്കുന്നു? എന്തിന്, അവർ ആത്മീയക്ഷീണം ഒഴിവാക്കുക മാത്രമല്ല, തങ്ങളുടെ പയനിയർസേവനത്തിൽ കഴുകമാരെപ്പോലെ ചിറകടിച്ചുകയറാൻ സഹായിക്കപ്പെടുകയും ചെയ്യുന്നു.—യെശയ്യാവ് 40:31 താരതമ്യപ്പെടുത്തുക.
പയനിയർമാർക്ക് വീണ്ടും ശക്തിയാർജ്ജിക്കാൻ കഴിയുന്ന വിധം
20, 21. മുഴുസമയസേവനത്തിലുള്ള ചിലർ വീണ്ടും ശക്തിയാർജ്ജിച്ചിരിക്കുന്നതെങ്ങനെ?
20 ഭാര്യാഭർത്താക്കൻമാരായ ഫ്രെഡറിക്കും മേരിയനും പറയുന്നതു ശ്രദ്ധിക്കുക. ശക്തി പുനരാർജ്ജിക്കാൻ അവർക്കറിയാം. രണ്ടുപേരും ഒരു മദ്ധ്യാഫ്രിക്കൻ രാജ്യത്ത് മിഷനറിമാരായി സേവിക്കുകയാണ്, രണ്ടുപേരും അവരുടെ 70-കളിലാണ്. അയാൾ 1946-ലാണ് മിഷനറിസേവനം തുടങ്ങിയത്, അവർ 1950-ലും. അവരെ യഹോവയുടെ സേവനത്തിൽ നിലനിർത്തുന്നതെന്താണ്? ഫ്രെഡറിക്ക് ഉത്തരം പറയുന്നു: “യഹോവയോടുള്ള സ്നേഹത്തിനും മററുള്ളവരെ സഹായിക്കുന്നതിനുള്ള ആഗ്രഹത്തിനും പുറമേ, നിത്യജീവന്റെ ലാക്ക് മനസ്സിൽ പിടിച്ചിരിക്കുന്നതുമാണ്.” ‘ദൈവത്തിന്റെ വാഗ്ദത്തങ്ങൾ ഞങ്ങളെ നിലനിർത്തിയിരിക്കുന്നു’ എന്ന് അയാളുടെ ഭാര്യ മറുപടി പറയുന്നു. അവർ ക്ഷീണിതരാകാതിരിക്കുന്നതെങ്ങനെയാണ്? “നിങ്ങളുടെ നിയമനം എന്തു തന്നെയായിരുന്നാലും, അതിൽ തിരക്കോടെ ഏർപ്പെടുക” എന്ന് അയാൾ ബുദ്ധിയുപദേശിക്കുന്നു. അവർ “ദിവ്യാധിപത്യവേലയിലെ നിരന്തരത” ശുപാർശചെയ്യുകയും ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു: “നിങ്ങൾക്ക് പ്രായം കൂടുമ്പോൾ നിങ്ങളാഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ കഴിവില്ല അതിന് എന്നെ അസഹ്യപ്പെടുത്താൻ കഴിയും, എന്നാൽ ഞാൻ അതിനെക്കുറിച്ചു പ്രാർത്ഥനയിൽ യഹോവയോടു സംസാരിക്കുന്നു.” ഫ്രെഡറിക്ക് ഈ നല്ല സദുപദേശ ശകലത്തോടെ ഉപസംഹരിക്കുന്നു: “ഞങ്ങൾ എല്ലാ രാത്രിയിലും പ്രാർത്ഥിക്കുകയും ഞങ്ങളെ സഹായിക്കാൻ യഹോവയോട് അപേക്ഷിക്കുകയും ചെയ്യുന്നു.”—1 പത്രോസ് 4:7.
21 ലവോണിയായിക്ക് 67 വയസ്സായി. കഴിഞ്ഞ 20 വർഷമായി നിരന്തരപയണിയറാണ്. കഴിഞ്ഞവർഷം അവർ 15 ദിവസം ആശുപത്രിയിൽ ചെലവഴിച്ചു. ഇപ്പോൾ ഹൃദ്രോഗത്തിന് മരുന്നു കഴിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ഭർത്താവും പിതാവും ഉൾപ്പെടെയുള്ള പല കുടുംബാംഗങ്ങളുടെയും മരണം അവർക്ക് വൈകാരികമായ ക്ഷീണം കൈവരുത്തി. എന്നിട്ടും അവർ തീവ്രയത്നം നടത്തുന്നു. അവർ എങ്ങനെ ശക്തി പുനരാർജ്ജിച്ചു? “പ്രസംഗവേലയിൽ കൂടുതൽ പൂർണ്ണമായി ഏർപ്പെടാൻ കഴിഞ്ഞത് യഥാർത്ഥത്തിൽ ഒരു സഹായമായിരുന്നു, എന്തുകൊണ്ടെന്നാൽ യഹോവയെക്കുറിച്ചു മററുള്ളവരോടു സംസാരിക്കാൻ എനിക്കു സാധിക്കുമ്പോൾ, അത് എന്റെ മനസ്സിനെ പ്രശ്നങ്ങളിൽനിന്ന് അകററുകയും എനിക്ക് ജീവിതത്തെ ജീവിതയോഗ്യമാക്കിത്തീർക്കുന്ന മനോസമാധാനവും സന്തോഷവും നൽകുകയും ചെയ്യുന്നു”വെന്ന് അവർ പറയുന്നു. അവർ പയനിയറിംഗ് നിർത്താനും പ്ലാൻ ചെയ്യുന്നില്ല. എന്നാൽ അവർ പറയുന്നു: “യഹോവയെക്കുറിച്ചും അവന്റെ മഹത്തായ ഉദ്ദേശ്യങ്ങളെക്കുറിച്ചും മററുള്ളവർ പഠിക്കുന്നതു കാണുന്നത് എനിക്കു വളരെ സന്തോഷം നൽകുന്നതുകൊണ്ട് പയനിയർ സേവനം നിർത്തുന്നതിനെക്കുറിച്ചു ഞാൻ ചിന്തിക്കുകപോലുമില്ല.”—പ്രവൃത്തികൾ 20:35.
22. നിത്യജീവനുവേണ്ടിയുള്ള ഓട്ടത്തിൽ വിജയിക്കുന്നതിന് നാം എന്തു ചെയ്യുന്നതിൽ തുടരണം?
22 ജീവിതത്തിലെ ഈ ഘട്ടത്തിൽ നമുക്ക് പയനിയർമാർ എന്ന നിലയിൽ തീവ്രയത്നം നടത്താൻ സാധിച്ചാലും ഇല്ലെങ്കിലും നമുക്കെല്ലാം ചലനാത്മക ഊർജ്ജത്തിന്റെ ഉറവായ യഹോവയോടും അവന്റെ സ്ഥാപനത്തോടും അടുത്തു നിൽക്കാൻ കഴിയും. ദൈവത്തെ വിശ്വസ്തമായി സേവിച്ചുകൊണ്ട് നമുക്ക് വീണ്ടും ശക്തിയാർജ്ജിക്കുന്നതിൽ തുടരാം. അപ്പോൾ ഹബക്കൂക്കിനെപ്പോലെ നമുക്ക് ഇങ്ങനെ പറയാൻ കഴിയും. “പരമാധികാര കർത്താവാം യഹോവയാണ് എന്റെ ജീവോർജ്ജം; അവൻ എന്റെ പാദങ്ങളെ മാൻപേടകളുടേതുപോലെയാക്കും.” (ഹബക്കൂക്ക് 3:19) അങ്ങനെ നാം ക്ഷീണിക്കുകയോ തളർന്നുപോകുകയോ ഇല്ല. ഓട്ടം മിക്കവാറും പൂർത്തിയായിരിക്കുകയാണെന്നോർക്കുക. നാം ലക്ഷ്യത്തോട് അടുത്തിരിക്കുകയാണ്! (w86 1/15)
[അടിക്കുറിപ്പുകൾ]
a ഫിലിപ്യർ 2:1 ലും എബ്രായർ 6:18 ലും കാണുന്ന പ്രോത്സാഹനം എന്നതിന്റെ പദം “വാക്കുകൾകൊണ്ട് ഒരു സൗമ്യമായ സ്വാധീനം ചെലുത്തുക” എന്നോ “ഒരുവനോട് ക്രിയാത്മകവും കരുണാപൂർവ്വകവുമായ വിധത്തിൽ സംസാരിക്കുക” എന്നോ അർത്ഥമുള്ള ഒരു ഗ്രീക്ക് ക്രിയയിൽനിന്ന് വരുന്നതാണ്.
പുനരവലോകന ചോദ്യങ്ങൾ
◻ ആർക്കു മാത്രമേ യഹോവയുടെ ചലനാത്മക ഊർജ്ജത്തിൽനിന്ന് യഥേഷ്ടം ശക്തിയാർജ്ജിക്കാൻ കഴിയൂ?
◻ ആത്മീയ ക്ഷീണത്തിന്റെ ചില ലക്ഷണങ്ങളേവ?
◻ യഹോവയുടെ ഏതു കരുതലുകൾക്ക് വീണ്ടും ശക്തിയാർജ്ജിക്കാൻ നമ്മെ സഹായിക്കാൻ കഴിയും?
◻ മൂപ്പൻമാർക്കും സഭയിലെ മററുള്ളവർക്കും “ഓട്ട”ത്തിൽ നിലനിൽക്കാൻ പയനിർമാരെ എങ്ങനെ സഹായിക്കാൻ കഴിയും?
[24-ാം പേജിലെ ചതുരം]
ആത്മീയ ക്ഷീണത്തോടു പോരാടാനുള്ള ചില മാർഗ്ഗങ്ങൾ
ക്ഷീണത്തിന്റെ ലക്ഷണങ്ങൾ
◻ തീററിയിലും കുടിയിലും ഉല്ലാസങ്ങളിലുമുള്ള ആത്മനിയന്ത്രണത്തിന്റെ അഭാവം
◻ സത്യത്തിലുള്ള ഉത്സാഹക്കുറവ്, അലംഭാവ മനോഭാവം
◻ ഗുരുതരവും തങ്ങിനിൽക്കുന്നതുമായ സംശയങ്ങൾ പുലർത്തൽ
◻ സഭാമീററിംഗുകളിലെ സഹവാസത്തെ അവഗണിക്കൽ
◻ വയൽശുശ്രൂഷയിലെ തീക്ഷണുതയുടെയും സന്തോഷത്തിന്റെയും അഭാവം
◻ മൂപ്പൻമാരെയും സ്ഥാപനത്തെയും അതിർകടന്നു വിമർശിക്കൽ
സഹിഷ്ണുതക്കുള്ള സഹായങ്ങൾ
◻ പരിശുദ്ധാത്മസഹായത്തിനു വേണ്ടി പ്രാർത്ഥന—ലൂക്കോസ് 11:13; ഗലാത്യർ 5:22, 23; 1 പത്രോസ് 4:7
◻ വ്യക്തിപരമായ പഠനം—സങ്കീർത്തനം 1:1, 2
◻ തിരുവെഴുത്തകാര്യങ്ങളുടെ ധ്യാനം—സങ്കീർത്തനം 77:12
◻ യോഗങ്ങളിലെയും സമ്മേളനങ്ങളിലെയും നിരന്തരഹാജർ—നെഹെമ്യാവ് 8:1-3, 8, 10; എബ്രായർ 10:23-25
◻ വയൽസേവനത്തിലെ നിരന്തര പങ്കുപററൽ—പ്രവൃത്തികൾ 20:18-21
◻ സഭാമൂപ്പൻമാരിൽനിന്നും സഞ്ചാരമേൽവിചാരകൻമാരിൽ നിന്നുമുള്ള ആത്മീയ സഹായം—റോമർ 1:11, 12; എബ്രായർ 13:17
[17-ാം പേജിലെ ചിത്രങ്ങൾ]
പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ യഹോവ വീണ്ടും ശക്തിയാർജ്ജിക്കാൻ തന്റെ സാക്ഷികളെ സഹായിക്കുന്നു.
[കടപ്പാട്]
NASA photo