യഹോവ ക്ഷീണിതനു ശക്തി നൽകുന്നു
“യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും.”—യെശയ്യാവു 40:31.
1, 2. തന്നിൽ ആശ്രയിക്കുന്നവർക്കു യഹോവ എന്താണു നൽകുന്നത്, നാമിപ്പോൾ എന്തു പരിചിന്തിക്കും?
ആകാശത്തു പറക്കുന്ന ഏറ്റവും കരുത്തുള്ള പക്ഷികളിൽപ്പെട്ടവയാണു കഴുകന്മാർ. ചിറകുകളടിക്കാതെപോലും ദീർഘദൂരം വട്ടമിട്ടുപറക്കാൻ അവയ്ക്കു കഴിയും. മൊത്തം രണ്ടു മീറ്ററിലധികം നീളമുള്ള ചിറകുകളുടെ ഉടമയായ കഴുകരാജനെന്ന “പക്ഷിരാജൻ കഴുകന്മാരിലേക്കും ഏറ്റവും മതിപ്പുളവാക്കുന്ന ഒന്നാണ്; കുന്നുകൾക്കും സമതലങ്ങൾക്കും മീതെ, ഏതെങ്കിലും പർവതശിഖരത്തിനു മുകളിലൂടെ മണിക്കൂറുകളോളം ഉയർന്നു പറന്ന്, ആകാശത്ത് ഒരു കറുത്ത പൊട്ടുപോലെ കാണപ്പെടുന്നതുവരെ [അത്] വട്ടമിട്ടുപറക്കുന്നു.”—ദി ഓഡുബൻ സൊസൈറ്റി എൻസൈക്ലോപീഡിയ ഓഫ് നോർത്ത് അമേരിക്കൻ ബേർഡ്സ്.
2 കഴുകന്റെ പറക്കൽ പ്രാപ്തികൾ മനസ്സിൽ കണ്ടുകൊണ്ടു യെശയ്യാവ് ഇങ്ങനെ എഴുതി: “[യഹോവ] ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൌവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവൻ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.” (യെശയ്യാവു 40:29-31) പറന്നുയരുന്ന കഴുകന്റെ ക്ഷീണമറ്റതെന്നു തോന്നിക്കുന്ന ചിറകുകൾ പിടിപ്പിച്ചാലെന്നതുപോലെ, യഹോവ തന്നിൽ ആശ്രയിക്കുന്നവർക്കു മുന്നേറാൻ ശക്തി പകരുന്നുവെന്നറിയുന്നത് എത്ര സാന്ത്വനദായകമാണ്! ക്ഷീണിതനു ശക്തി നൽകാൻ അവൻ ചെയ്തിരിക്കുന്ന ചില കരുതലുകളെപ്പറ്റി ഇപ്പോൾ പരിചിന്തിക്കുക.
പ്രാർഥനയുടെ ശക്തി
3, 4. (എ) യേശു ശിഷ്യന്മാരെ എന്തു ചെയ്യാൻ പ്രേരിപ്പിച്ചു? (ബി) നമ്മുടെ പ്രാർഥനകൾക്കുത്തരമായി യഹോവ എന്തു ചെയ്യണമെന്നു നാം പ്രതീക്ഷിച്ചേക്കാം?
3 “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കണം” എന്ന് യേശു തന്റെ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു. (ലൂക്കൊസ് 18:1) ജീവിത സമ്മർദങ്ങൾ നമ്മെ മൂടിക്കളയുന്നുവെന്നു തോന്നുമ്പോൾ ശക്തി പുതുക്കുന്നതിനും തളർന്നു പിന്മാറാതിരിക്കുന്നതിനും ഹൃദയത്തിലുള്ളതെല്ലാം യഹോവയോടു തുറന്നുപറയുന്നതു വാസ്തവത്തിൽ നമ്മെ സഹായിക്കുമോ? ഉവ്വ്, എന്നാൽ നാം മനസ്സിൽ പിടിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.
4 നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരമായി നാം യഹോവയിൽനിന്നു പ്രതീക്ഷിക്കുന്നതു സംബന്ധിച്ചു യാഥാർഥ്യബോധമുള്ളവരായിരിക്കണം. ആഴമായ വിഷാദത്തിലേക്കു വഴുതിവീണ ഒരു ക്രിസ്ത്യാനി പിന്നീട് ഇങ്ങനെ അഭിപ്രായപ്പെട്ടു: “മറ്റു രോഗങ്ങളിലെന്നപോലെ, ഇക്കാര്യത്തിൽ യഹോവ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നില്ല. എന്നാൽ ഈ വ്യവസ്ഥിതിയിൽ നമ്മുടെ കഴിവിന്റെ പരമാവധി അവ തരണം ചെയ്യുന്നതിനും സുഖംപ്രാപിക്കുന്നതിനും അവൻ നമ്മെ സഹായിക്കുന്നുണ്ട്.” അവളുടെ പ്രാർഥന ഒരു മാറ്റം വരുത്തിയത് എന്തുകൊണ്ടാണെന്നു വിശദീകരിച്ചുകൊണ്ട് അവൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “ദിവസത്തിൽ 24 മണിക്കൂറും എനിക്കു യഹോവയുടെ പരിശുദ്ധാത്മാവിനെ സമീപിക്കാൻ കഴിഞ്ഞു.” അങ്ങനെ, നമ്മെ ഭാരപ്പെടുത്തുന്ന ജീവിത സമ്മർദങ്ങളിൽനിന്നുള്ള ഒരു കവചമായി യഹോവ വർത്തിക്കുന്നില്ല. എന്നാൽ അവൻ “തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ” കൊടുക്കുകതന്നെ ചെയ്യുന്നു! (ലൂക്കൊസ് 11:13; സങ്കീർത്തനം 88:1-3) നാം അഭിമുഖീകരിച്ചേക്കാവുന്ന ഏതു പീഡനത്തെയും അല്ലെങ്കിൽ സമ്മർദത്തെയും നേരിടുന്നതിനുള്ള യോഗ്യതകളിൽ എത്തിച്ചേരുന്നതിന് ആ ആത്മാവിനു നമ്മെ സഹായിക്കാൻ കഴിയും. (1 കൊരിന്ത്യർ 10:13) ആസന്നമായിരിക്കുന്ന പുതിയലോകത്തിൽ ദൈവരാജ്യം സകലവിധ പ്രശ്നങ്ങളെയും തുടച്ചുമാറ്റുന്നതുവരെ സഹിച്ചു നിൽക്കുന്നതിന് അത്യാവശ്യമെങ്കിൽ, “സാധാരണയിൽ കവിഞ്ഞശക്തി” നമ്മിൽ പകരാനും അതിനു കഴിയും.—2 കൊരിന്ത്യർ 4:7, NW.
5. (എ) നമ്മുടെ പ്രാർഥനകൾ ഫലപ്രദമായിരിക്കുന്നതിന്, ഏതു രണ്ടു കാര്യങ്ങളാണു മർമപ്രധാനമായിരിക്കുന്നത്? (ബി) ഒരു ജഡിക ബലഹീനതയോടു പോരാടുകയാണെങ്കിൽ നാം എങ്ങനെ പ്രാർഥിക്കണം? (സി) സ്ഥിരോത്സാഹത്തോടെയും സ്പഷ്ടതയോടെയുമുള്ള നമ്മുടെ പ്രാർഥനകൾ യഹോവയുടെ മുമ്പാകെ എന്തു പ്രകടമാക്കും?
5 എങ്കിലും, നമ്മുടെ പ്രാർഥനകൾ ഫലപ്രദമായിരിക്കുന്നതിനു നാം പ്രാർഥനയിൽ ഉറ്റിരിക്കണം. കൂടാതെ നാം സ്പഷ്ടതയുള്ളവരായിരിക്കണം. (റോമർ 12:12) ഉദാഹരണത്തിന്, ചിലപ്പോഴൊക്കെ, നിങ്ങൾ ഒരു ജഡിക ബലഹീനതയുമായി പോരാടുന്നതു നിമിത്തം തളർന്നു പോകുന്നുവെങ്കിൽ ഓരോ ദിവസവും നന്നേ രാവിലെ, അന്നത്തെ ദിവസം ആ പ്രത്യേക ബലഹീനതയ്ക്കു വശംവദനാകാതിരിക്കാൻ നിങ്ങളെ സഹായിക്കുന്നതിനു യഹോവയോട് അപേക്ഷിക്കുക. സമാനമായി, പകലുടനീളവും ഓരോ രാത്രിയിലും കിടക്കുന്നതിനുമുമ്പും പ്രാർഥിക്കുക. പരാജയപ്പെടുന്നപക്ഷം യഹോവയോടു ക്ഷമ യാചിക്കുക. കൂടാതെ, പരാജയത്തിലേക്കു നയിച്ച സംഗതി, ഭാവിയിൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന സംഗതി എന്നിവ സംബന്ധിച്ചും അവനോടു സംസാരിക്കുക. സ്ഥിരോത്സാഹത്തോടെയും സ്പഷ്ടതയോടെയുമുള്ള അത്തരം പ്രാർഥനകൾ പോരാട്ടത്തിൽ വിജയിക്കാനുള്ള നിങ്ങളുടെ ആഗ്രഹം എത്രമാത്രം ആത്മാർഥമാണെന്നു “പ്രാർത്ഥന കേൾക്കുന്നവ”ന്റെ മുമ്പാകെ പ്രകടമാക്കും.—സങ്കീർത്തനം 65:2; ലൂക്കൊസ് 11:5-13.
6. പ്രാർഥിക്കാൻ യോഗ്യതയില്ലെന്നു നമുക്കു തോന്നുമ്പോൾപ്പോലും യഹോവ നമ്മുടെ പ്രാർഥന കേൾക്കുമെന്നു നമുക്കു ന്യായമായും പ്രതീക്ഷിക്കാവുന്നതെന്തുകൊണ്ട്?
6 എന്നിരുന്നാലും, തങ്ങൾക്കു പ്രാർഥിക്കാൻ യോഗ്യതയില്ലെന്നു ക്ഷീണിതർക്കു ചിലപ്പോൾ തോന്നിയേക്കാം. അപ്രകാരം അനുഭവപ്പെട്ട ഒരു ക്രിസ്തീയ സ്ത്രീ പിന്നീട് ഇങ്ങനെ പറഞ്ഞു: “അങ്ങനെ ചിന്തിക്കുന്നത് ഏറെ അപകടകരമാണ്, കാരണം അതിന്റെ അർഥം നാം ന്യായവിധി നിർവഹണം സ്വയം ഏറ്റെടുത്തിരിക്കുകയാണെന്നാണ്. എന്നാൽ അതു നമ്മുടെ ചുമതലയല്ല.” വാസ്തവത്തിൽ, “ദൈവം തന്നേ ന്യായാധിപതി.” (സങ്കീർത്തനം 50:6) “ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു” എന്നുവരികിലും “ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും” ആണ് എന്നു ബൈബിൾ നമുക്ക് ഉറപ്പുനൽകുന്നു. (1 യോഹന്നാൻ 3:20) നാം പ്രാർഥിക്കാൻ അയോഗ്യരാണെന്നു സ്വയം വിധിക്കുമ്പോൾ നമ്മുടെ കാര്യത്തിൽ യഹോവയ്ക്ക് അങ്ങനെ തോന്നുന്നില്ലെന്ന് അറിയുന്നത് എത്ര ആശ്വാസദായകമാണ്! ഒന്നിനുംകൊള്ളാത്തവരാണെന്നു നമുക്കു തോന്നാനിടയാക്കിയ ജീവിത സാഹചര്യങ്ങൾ ഉൾപ്പെടെ അവൻ ‘നമ്മെപ്പറ്റി സകലവും അറിയുന്നു.’ (സങ്കീർത്തനം 103:10-14) “തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയ”ത്തിന്റെ പ്രാർഥന കേൾക്കാൻ അവന്റെ കരുണയും ആഴമായ അറിവും അവനെ പ്രേരിപ്പിക്കുന്നു. (സങ്കീർത്തനം 51:17) “എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവ”നെ അവൻതന്നെയും കുറ്റംവിധിക്കുമ്പോൾ സഹായത്തിനായുള്ള നമ്മുടെ നിലവിളി കേൾക്കാതിരിക്കാൻ അവനെങ്ങനെ കഴിയും?—സദൃശവാക്യങ്ങൾ 21:13.
സാഹോദര്യത്തിന്റെ ഊഷ്മളത
7. (എ) ശക്തി പുതുക്കുന്നതിനു നമ്മെ സഹായിക്കാൻ യഹോവ ചെയ്തിരിക്കുന്ന മറ്റൊരു കരുതൽ എന്താണ്? (ബി) നമ്മുടെ സാഹോദര്യത്തെപ്പറ്റി എന്തറിയുന്നതു നമുക്കു ബലം പകർന്നേക്കാം?
7 ശക്തി പുതുക്കാൻ നമ്മെ സഹായിക്കുന്നതിനു യഹോവ ചെയ്തിരിക്കുന്ന മറ്റൊരു കരുതൽ ക്രിസ്തീയ സാഹോദര്യമാണ്. സഹോദരീസഹോദരന്മാരുടെ ഒരു ലോകവ്യാപക കുടുംബത്തിന്റെ ഭാഗമായിരിക്കുന്നത് എന്തൊരു വിലയേറിയ പദവിയാണ്! (1 പത്രൊസ് 2:17) ജീവിത സമ്മർദങ്ങൾ നമ്മെ ഭാരപ്പെടുത്തുമ്പോൾ നമ്മുടെ സാഹോദര്യത്തിന്റെ ഊഷ്മളതയ്ക്കു ശക്തി പുതുക്കാൻ നമ്മെ സഹായിക്കുന്നതിനു കഴിയും. അതെങ്ങനെ? സമ്മർദമേറിയ വെല്ലുവിളികളെ നേരിടുന്നതിൽ നാം തനിച്ചല്ല എന്നറിയുന്നത് അതിൽത്തന്നെ ബലമേകുന്നു. നമ്മുടേതിനു സമാനമായ സമ്മർദങ്ങളോ പീഡനങ്ങളോ അഭിമുഖീകരിക്കുകയും ചേതോവികാരങ്ങൾ അനുഭവിക്കുകയും ചെയ്തിട്ടുള്ളവർ നമ്മുടെ സഹോദരീസഹോദരന്മാരുടെയിടയിൽ ഉണ്ടെന്നതിൽ സംശയമില്ല. (1 പത്രൊസ് 5:9) നാം അനുഭവിക്കുന്നത് അസാമാന്യവും നമ്മുടെ വികാരങ്ങൾ അസാധാരണവും അല്ലെന്നറിയുന്നതു നമുക്കു ധൈര്യം പകരുന്നു.
8. (എ) നമുക്ക് ആവശ്യമായിരിക്കുന്ന സഹായവും ആശ്വാസവും നമ്മുടെ സാഹോദര്യത്തിൽ കണ്ടെത്തിയേക്കാമെന്ന് എന്ത് ഉദാഹരണങ്ങൾ കാണിക്കുന്നു? (ബി) “ഒരു യഥാർഥ സുഹൃത്ത്” വ്യക്തിപരമായി ഏതു വിധത്തിലാണു നിങ്ങളെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരിക്കുന്നത്?
8 നാം ദുഃഖത്തിലായിരിക്കുമ്പോൾ ആവശ്യമായിരിക്കുന്ന സഹായവും സാന്ത്വനവും പ്രദാനംചെയ്യാൻ കഴിയുന്ന ‘യഥാർഥ സുഹൃത്തുക്കളെ’ നമുക്കു സാഹോദര്യത്തിന്റെ ഊഷ്മളതയിൽ കണ്ടെത്താനാവും. (സദൃശവാക്യങ്ങൾ 17:17, NW) ഹൃദ്യമായ ചില വാക്കുകളോ ചിന്താപൂർവകമായ പ്രവൃത്തികളോ മാത്രമാണു മിക്കപ്പോഴും വേണ്ടിവരുന്നത്. ഒന്നിനുംകൊള്ളുകയില്ലെന്ന തോന്നലുകളുമായി മല്ലടിച്ച ഒരു ക്രിസ്ത്യാനി അനുസ്മരിക്കുന്നു: “എനിക്കുണ്ടായിരുന്ന നിഷേധാത്മകമായ ചിന്തകളെ തരണംചെയ്യുന്നതിന് ക്രിയാത്മകമായ കാര്യങ്ങൾകൊണ്ട് എന്റെ മനസ്സു നിറയ്ക്കുമായിരുന്ന സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു.” (സദൃശവാക്യങ്ങൾ 15:23) ഇളയ മകളുടെ മരണത്തിനു ശേഷം ഒരു സഹോദരിക്കു സഭായോഗങ്ങളിൽ രാജ്യഗീതങ്ങൾ, പ്രത്യേകിച്ചും പുനരുത്ഥാനത്തെപ്പറ്റിയുള്ള ഗീതങ്ങൾ, പാടുന്നതു പ്രയാസകരമായി അനുഭവപ്പെട്ടു. “ഒരിക്കൽ ഞാൻ കരയുന്നത് ഇടനാഴിക്കപ്പുറത്തിരുന്ന ഒരു സഹോദരി കണ്ടു. അവർ എന്റെയരികിൽ വന്നു തോളത്തുകയ്യിട്ടുകൊണ്ട് എന്നോടൊപ്പം ആ പാട്ടിന്റെ ബാക്കിഭാഗം പാടിത്തീർത്തു. എനിക്കു സഹോദരീസഹോദരന്മാരോട് അകമഴിഞ്ഞ സ്നേഹം തോന്നി. യോഗങ്ങളിൽ വന്നെത്താൻ കഴിഞ്ഞതിലും വളരെ സന്തോഷം തോന്നി. കാരണം അവിടെ, രാജ്യഹാളിൽനിന്നാണു നമുക്കു സഹായം ലഭിക്കുന്നതെന്നു ഞാൻ തിരിച്ചറിഞ്ഞു,” അവർ അനുസ്മരിക്കുന്നു.
9, 10. (എ) ക്രിസ്തീയ സാഹോദര്യത്തിന്റെ ഊഷ്മളതയ്ക്കു നമുക്കെങ്ങനെ സംഭാവന ചെയ്യാൻ കഴിയും? (ബി) ആരോഗ്യാവഹമായ സഹവാസം ആർക്കാണു പ്രത്യേകിച്ചും ആവശ്യമായിരിക്കുന്നത്? (സി) പ്രോത്സാഹനം ആവശ്യമുള്ളവരെ സഹായിക്കുന്നതിനു നമുക്ക് എന്തു ചെയ്യാൻ കഴിയും?
9 തീർച്ചയായും, ക്രിസ്തീയ സാഹോദര്യത്തിന്റെ ഊഷ്മളതയ്ക്കു സംഭാവന ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം നമുക്കോരോരുത്തർക്കുമുണ്ട്. അതുകൊണ്ട് എല്ലാ സഹോദരീസഹോദരന്മാരെയും ഉൾപ്പെടുത്താൻ തക്കവിധം നമ്മുടെ ഹൃദയം “വിശാല”മാക്കണം. (2 കൊരിന്ത്യർ 6:13) സഹോദരവർഗത്തിനു തങ്ങളോടുള്ള സ്നേഹം തണുത്തുപോയെന്നു ക്ഷീണിതർക്കു തോന്നുന്നത് എത്ര ദുഃഖകരമാണ്! എങ്കിലും, ചില ക്രിസ്ത്യാനികൾ തങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുന്നതായും തങ്ങളെ ഒറ്റപ്പെടുത്തിയെന്നു തോന്നുന്നതായും റിപ്പോർട്ടു ചെയ്തിരിക്കുന്നു. സത്യത്തെ എതിർക്കുന്ന ഭർത്താവുള്ള ഒരു സഹോദരി ഇങ്ങനെ അപേക്ഷിച്ചു: “കെട്ടുപണിചെയ്യുന്ന സൗഹൃദവും പ്രോത്സാഹനവും സ്നേഹനിർഭരമായ സഹവാസവും ആർക്കാണ് ആവശ്യമില്ലാത്തത്? നമ്മുടെ സഹോദരീസഹോദരന്മാരെ ഞങ്ങൾക്ക് ആവശ്യമുണ്ടെന്നു ദയവുചെയ്ത് അവരെ ഓർമിപ്പിക്കൂ!” അതേ, ഭാരപ്പെടുത്തുന്ന ജീവിത ചുറ്റുപാടുകളുള്ളവർക്ക്—അവിശ്വാസിയായ ഇണയുള്ളവർ, ഒറ്റയ്ക്കുള്ള മാതാവോ പിതാവോ ഉള്ളവർ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, പ്രായം ചെന്നവർ എന്നിവർക്കും മറ്റുചിലർക്കും—പ്രത്യേകിച്ചും ആരോഗ്യാവഹമായ സഹവാസത്തിന്റെ ആവശ്യമുണ്ട്. നമ്മിൽ ചിലരെ അതേപ്പറ്റി ഓർമിപ്പിക്കേണ്ട ആവശ്യമുണ്ടോ?
10 സഹായിക്കുന്നതിനു നമുക്കെന്തു ചെയ്യാൻ കഴിയും? സ്നേഹം പ്രകടിപ്പിക്കുന്നതിൽ നമുക്കു വിശാലതയുള്ളവരായിരിക്കാം. ആതിഥ്യോപചാരം കാണിക്കുമ്പോൾ പ്രോത്സാഹനം ആവശ്യമുള്ളവരെ നമുക്കു മറക്കാതിരിക്കാം. (ലൂക്കൊസ് 14:12-14; എബ്രായർ 13:2) ക്ഷണം സ്വീകരിക്കുന്നതിന് അവരുടെ സാഹചര്യങ്ങൾ അവരെ അനുവദിക്കുകയില്ലെന്ന് അനുമാനിക്കുന്നതിനുപകരം അവരെ എന്തുകൊണ്ടു ക്ഷണിച്ചുകൂടാ? പിന്നീട് അവർ തീരുമാനിക്കട്ടെ. അവർക്കു ക്ഷണം സ്വീകരിക്കാനാവില്ലെങ്കിലും മറ്റുള്ളവർ തങ്ങളെപ്പറ്റി ചിന്തിച്ചുവെന്ന അറിവ് അവർക്കു പ്രോത്സാഹനമേകുമെന്നതിൽ യാതൊരു സംശയവുമില്ല. ശക്തി പുതുക്കാൻ അവർക്ക് അതുമാത്രമായിരിക്കും വേണ്ടത്.
11. ഹൃദയഭാരമനുഭവിക്കുന്നവർക്ക് ഏതുവിധങ്ങളിലുള്ള സഹായമായിരിക്കാം ആവശ്യമായിരിക്കുന്നത്?
11 ഹൃദയഭാരമനുഭവിക്കുന്നവർക്കു മറ്റുവിധങ്ങളിൽ സഹായം ആവശ്യമായിരുന്നേക്കാം. ഉദാഹരണത്തിന്, അച്ഛനില്ലാത്ത തന്റെ കുട്ടിയിൽ പക്വമതിയായ ഒരു സഹോദരൻ താത്പര്യം കാണിക്കുന്നതിന് ഏകാകിയായ ഒരമ്മ ആഗ്രഹിച്ചേക്കാം. (യാക്കോബ് 1:27) ഗുരുതരമായ ആരോഗ്യപ്രശ്നമുള്ള ഒരു സഹോദരനോ സഹോദരിക്കോ സാധനങ്ങൾ വാങ്ങുന്നതിനോ കുടുംബജോലികൾ ചെയ്യുന്നതിനോ സഹായം വേണ്ടിവന്നേക്കാം. പ്രായംചെന്നയാൾ കൂട്ടിനായി കൊതിച്ചേക്കാം, അല്ലെങ്കിൽ അദ്ദേഹത്തിനു വയൽശുശ്രൂഷയ്ക്കു പോകാൻ എന്തെങ്കിലും സഹായം ആവശ്യമാണെന്നുവരാം. അത്തരം സഹായം നിരന്തരം ആവശ്യമായി വരുമ്പോൾ അതു വാസ്തവത്തിൽ ‘നമ്മുടെ സ്നേഹത്തിന്റെ പരമാർത്ഥതയെ ശോധന’ ചെയ്യുന്നു. (2 കൊരിന്ത്യർ 8:8) സമയവും ശ്രമവും വേണ്ടിവരുമല്ലോ എന്നു കരുതി സഹായം ആവശ്യമുള്ളവരിൽനിന്ന് അകന്നു മാറുന്നതിനു പകരം മറ്റുള്ളവരുടെ ആവശ്യങ്ങൾ സംബന്ധിച്ചു ബോധവാന്മാരും അതിനോടു പ്രതികരിക്കുന്നവരും ആയിരുന്നുകൊണ്ടു ക്രിസ്തീയ സ്നേഹത്തിന്റെ പരിശോധനയിൽ നമുക്കു വിജയംവരിക്കാം.
ദൈവവചനത്തിന്റെ ശക്തി
12. ശക്തി പുതുക്കുന്നതിനു ദൈവവചനം നമ്മെ എങ്ങനെ സഹായിക്കുന്നു?
12 തീറ്റി നിർത്തുന്ന ഒരുവൻ പെട്ടെന്നുതന്നെ തന്റെ ബലവും ശക്തിയും കളഞ്ഞുകുളിക്കും. തന്മൂലം, ആത്മീയമായി നാം നല്ലവണ്ണം പോഷിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, മുന്നേറുന്നതിനു മറ്റൊരുവിധത്തിൽ യഹോവ നമുക്കു ശക്തി നൽകുന്നു. (യെശയ്യാവു 65:13, 14) എന്ത് ആത്മീയ ഭക്ഷണമാണ് അവൻ നമുക്കു പ്രദാനംചെയ്തിരിക്കുന്നത്? സർവോപരി, തന്റെ വചനമായ ബൈബിൾ. (മത്തായി 4:4; എബ്രായർ 4:12 താരതമ്യം ചെയ്യുക.) ശക്തി പുതുക്കാൻ അതിനു നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും? നാം അഭിമുഖീകരിക്കുന്ന സമ്മർദങ്ങളും പ്രശ്നങ്ങളും നമ്മുടെ ബലം ചോർത്തിക്കളയാൻ തുടങ്ങുമ്പോൾ ബൈബിൾ കാലങ്ങളിലെ വിശ്വസ്ത സ്ത്രീ-പുരുഷന്മാരുടെ വികാരവിചാരങ്ങളെയും യഥാർഥ ജീവിത പോരാട്ടങ്ങളെയും കുറിച്ചു വായിക്കുന്നതിൽനിന്നു നമുക്കു ബലം നേടിയെടുക്കാം. നിർമലതയുടെ മുന്തിയ ദൃഷ്ടാന്തങ്ങളാണെന്നുവരികിലും അവർ “നമുക്കു സമസ്വഭാവമുള്ള” മനുഷ്യർ ആയിരുന്നു. (യാക്കോബ് 5:17; പ്രവൃത്തികൾ 14:15) നമ്മുടേതിനു സമാനമായ പീഡനങ്ങളും സമ്മർദങ്ങളും അവർ അഭിമുഖീകരിച്ചിട്ടുണ്ട്. ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
13. ബൈബിൾ കാലങ്ങളിലെ വിശ്വസ്ത സ്ത്രീ-പുരുഷന്മാർക്ക് ഏറെക്കുറെ നമ്മുടേതിനു സമാനമായ വികാരങ്ങളും അനുഭവങ്ങളും ഉണ്ടായിരുന്നുവെന്നു കാണിക്കുന്ന തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ ഏവ?
13 പുനരുത്ഥാനത്തിൽ വിശ്വാസമുണ്ടായിരുന്നിട്ടും ഗോത്രപിതാവായിരുന്ന അബ്രഹാം ഭാര്യയുടെ മരണത്തിൽ ആഴമായി വിലപിച്ചു. (ഉല്പത്തി 23:2; എബ്രായർ 11:8-10, 17-19 താരതമ്യം ചെയ്യുക.) അനുതാപിയായ ദാവീദിന് തന്റെ പാപം യഹോവയെ സേവിക്കാൻ തന്നെ അയോഗ്യനാക്കിയെന്നു തോന്നി. (സങ്കീർത്തനം 51:11) മോശയ്ക്ക് അപര്യാപ്തതാബോധം അനുഭവപ്പെട്ടു. (പുറപ്പാടു 4:10) ഗുരുതരമായ ഒരു രോഗം “ക്രിസ്തുവിന്റെ വേല”യിൽ തന്നെ പരിമിതപ്പെടുത്തിയെന്ന് അറിഞ്ഞപ്പോൾ എപ്പഫ്രൊദിത്തൊസ് വിഷാദചിത്തനായിത്തീർന്നു. (ഫിലിപ്പിയർ 2:25-30) പൗലോസിന് വീഴ്ചഭവിച്ച ജഡത്തിനെതിരെ പോരാടേണ്ടിവന്നു. (റോമർ 7:21-25) ഫിലിപ്പി സഭയിലെ രണ്ട് അഭിഷിക്ത സഹോദരിമാരായ യുവൊദ്യക്കും സുന്തുകയ്ക്കും പ്രത്യക്ഷത്തിൽ പരസ്പരം ഒത്തുപോകുന്നതിനു ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. (ഫിലിപ്പിയർ 1:1; 4:2, 3) ഈ വിശ്വസ്തർക്കു നമ്മുടേതിനു സമാനമായ വികാരങ്ങളും അനുഭവങ്ങളും ഉണ്ടായിരുന്നിട്ടും അവർ തളർന്നു പിന്മാറിയില്ലെന്നറിയുന്നത് എത്ര പ്രോത്സാഹജനകമാണ്! യഹോവയും അവരെ കൈവെടിഞ്ഞില്ല.
14. (എ) തന്റെ വചനമായ ബൈബിളിൽനിന്നു ബലം നേടിയെടുക്കാൻ നമ്മെ സഹായിക്കുന്നതിനു യഹോവ എന്ത് ഉപകരണമാണ് ഉപയോഗിച്ചിരിക്കുന്നത്? (ബി) സാമുദായിക, കുടുംബ, വൈകാരിക പ്രശ്നങ്ങളെക്കുറിച്ചുള്ള കാലോചിതമായ ലേഖനങ്ങൾ വീക്ഷാഗോപുരം, ഉണരുക! പത്രികകൾ ഉൾപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ട്?
14 തന്റെ വചനത്തിൽനിന്നു ബലം നേടിയെടുക്കുന്നതിനു നമ്മെ സഹായിക്കാൻ, നമുക്കു “തത്സമയത്തു ഭക്ഷണം” തുടർച്ചയായി പ്രദാനംചെയ്യുന്നതിനു യഹോവ വിശ്വസ്തനും വിവേകിയുമായ അടിമയെ ഉപയോഗിക്കുന്നു. (മത്തായി 24:45) ബൈബിൾ സത്യത്തിനുവേണ്ടി വാദിക്കുന്നതിനും മനുഷ്യന്റെ ഏക പ്രത്യാശയായി ദൈവരാജ്യം പ്രഘോഷിക്കുന്നതിനും വിശ്വസ്ത അടിമ ദീർഘനാളായി വീക്ഷാഗോപുരം, ഉണരുക! പത്രികകൾ ഉപയോഗിച്ചിരിക്കുന്നു. പ്രത്യേകിച്ചും കഴിഞ്ഞ ഏതാനും ദശകങ്ങളിലായി ഈ പത്രികകൾ, ദൈവജനത്തിൽ ചിലർപോലും അഭിമുഖീകരിക്കുന്ന സാമുദായിക, കുടുംബ, വൈകാരിക വെല്ലുവിളികളെക്കുറിച്ചു കാലോചിതമായ തിരുവെഴുത്തു ലേഖനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. അത്തരം വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? ഈ വെല്ലുവിളികൾ നേരിടുന്നവരെ ദൈവവചനത്തിൽനിന്നു പ്രോത്സാഹനം കണ്ടെത്താൻ സഹായിക്കുകയാണെന്നതു തീർച്ചയാണ്. എന്നാൽ, നമ്മുടെ സഹോദരീസഹോദരന്മാരിൽ ചിലർ അനുഭവിക്കുന്നതെന്താണെന്നു വ്യക്തമായി മനസ്സിലാക്കാൻ അത്തരം ലേഖനങ്ങൾ നമ്മെയും സഹായിക്കുന്നു. അങ്ങനെ നാം പൗലോസിന്റെ പിൻവരുന്ന വാക്കുകൾ അനുസരിക്കാൻ സുസജ്ജരാണ്: “ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ.”—1 തെസ്സലൊനീക്യർ 5:14.
“കാറ്റിന്നു ഒരു മറ”വായിരിക്കുന്ന മൂപ്പന്മാർ
15. മൂപ്പന്മാരായി സേവിക്കുന്നവരെക്കുറിച്ചു യെശയ്യാവ് എന്താണു പ്രവചിച്ചത്, അത് അവരുടെമേൽ എന്ത് ഉത്തരവാദിത്വം വയ്ക്കുന്നു?
15 ക്ഷീണിച്ചു തളരുമ്പോൾ നമ്മെ സഹായിക്കുന്നതിനു യഹോവ വേറെയും കരുതൽ ചെയ്തിരിക്കുന്നു—സഭാമൂപ്പന്മാർ. ഇവരെപ്പറ്റി പ്രവാചകനായ യെശയ്യാവ് എഴുതി: “ഓരോരുത്തൻ കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾ പോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും [“തണൽപോലെയെന്നും തെളിയണം,” NW].” (യെശയ്യാവു 32:1, 2) യഹോവ തങ്ങളെപ്പറ്റി മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുമായി ഒത്തുപോകുന്നതിനുള്ള ഉത്തരവാദിത്വം മൂപ്പന്മാർക്കുണ്ട്. അവർ മറ്റുള്ളവർക്ക് ആശ്വാസത്തിന്റെയും നവോന്മേഷത്തിന്റെയും ഉറവ് ‘ആണെന്നു തെളിയണം.’ അവർ “തമ്മിൽ തമ്മിൽ ഭാരങ്ങളെ [അല്ലെങ്കിൽ “പ്രയാസകരമായ കാര്യങ്ങൾ”; അക്ഷരാർഥത്തിൽ “ഭാരിച്ച സംഗതികൾ”] ചുമ”ക്കുകയും വേണം. (ഗലാത്യർ 6:2, NW, അടിക്കുറിപ്പ്) അവർക്കത് എങ്ങനെ ചെയ്യാൻ കഴിയും?
16. പ്രാർഥിക്കാൻ യോഗ്യതയില്ലെന്നു തോന്നുന്ന ഒരുവനെ സഹായിക്കാൻ മൂപ്പന്മാർക്ക് എന്തു ചെയ്യാൻ കഴിയും?
16 നേരത്തെ സൂചിപ്പിച്ച പ്രകാരം, തനിക്കു പ്രാർഥിക്കാൻ യോഗ്യതയില്ലെന്നു ക്ഷീണിതനായ ഒരുവനു ചിലപ്പോൾ തോന്നിയേക്കാം. മൂപ്പന്മാർക്ക് എന്തുചെയ്യാൻ കഴിയും? അവർക്ക് അയാളോടൊപ്പവും അയാൾക്കുവേണ്ടിയും പ്രാർഥിക്കാൻ കഴിയും. (യാക്കോബ് 5:14) യഹോവയും മറ്റുള്ളവരും ക്ഷീണിതനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ അയാളെ സഹായിക്കുന്നതിന് അയാൾ കേൾക്കെ യഹോവയോട് അഭ്യർഥിക്കുന്നതു പോലും തീർച്ചയായും ആശ്വാസം പകരുന്നതായിരിക്കും. ഒരു മൂപ്പന്റെ ഉള്ളുരുകിയുള്ള, ഹൃദയസ്പർശിയായ പ്രാർഥന കേൾക്കുന്നതു ദുഃഖിതനായ ഒരുവന്റെ ആത്മവിശ്വാസത്തെ ബലപ്പെടുത്തിയേക്കാം. ഒരു വ്യക്തിക്കുവേണ്ടിയുള്ള പ്രാർഥനയ്ക്കു യഹോവ ഉത്തരമരുളുമെന്നകാര്യത്തിൽ മൂപ്പന്മാർക്കു ദൃഢവിശ്വാസമുണ്ടെങ്കിൽ അതേ വിശ്വാസം എന്തുകൊണ്ട് ആ വ്യക്തിക്കും ഉണ്ടായിരുന്നുകൂടാ എന്നു ന്യായവാദം ചെയ്യാൻ സഹായിക്കാവുന്നതാണ്.
17. മൂപ്പന്മാർ സമാനുഭാവമുള്ള കേൾവിക്കാർ ആയിരിക്കേണ്ടതെന്തുകൊണ്ട്?
17 “ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും” ഉള്ളവൻ ആയിരിക്കണമെന്നു യാക്കോബ് 1:19 പറയുന്നു. ശക്തി പുതുക്കാൻ ക്ഷീണിതരെ സഹായിക്കുന്നതിനു മൂപ്പന്മാർ സമാനുഭാവമുള്ള കേൾവിക്കാരായിരിക്കണം. ചിലപ്പോൾ സഭാംഗങ്ങൾ ഈ വ്യവസ്ഥിതിയിൽ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളുമായി അല്ലെങ്കിൽ സമ്മർദങ്ങളുമായി മല്ലിടുകയായിരിക്കും. അപ്പോൾ അവർക്ക് ആവശ്യമായിരിക്കുന്നത് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എന്തെങ്കിലും മാർഗമല്ല മറിച്ച്, സംസാരിക്കാൻ പറ്റിയ നല്ല ഒരു ശ്രോതാവിനെയാണ്. മറ്റുള്ളവരോട്, അവർക്ക് എങ്ങനെ തോന്നേണ്ടതുണ്ടെന്നു പറയുന്നവനല്ല മറിച്ച്, കുറ്റംവിധിക്കുന്ന മനോഭാവമില്ലാതെ ചെവിചായ്ക്കുന്നവനാണ് ഒരു നല്ല ശ്രോതാവ്.—ലൂക്കൊസ് 6:37; റോമർ 14:13.
18, 19. (എ) കേൾക്കാൻ വേഗതയുള്ളവനായിരിക്കുന്നത് ക്ഷീണിതനായ ഒരുവന്റെ ചുമടു കൂടുതൽ ഭാരമുള്ളതാക്കുന്നത് ഒഴിവാക്കാൻ ഒരു മൂപ്പനെ സഹായിക്കുന്നതെങ്ങനെ? (ബി) മൂപ്പന്മാർ ‘സഹതാപം’ കാണിക്കുമ്പോൾ എന്തു ഫലം ചെയ്യും?
18 മൂപ്പന്മാരേ, കേൾക്കാൻ വേഗതയുള്ളവരായിരിക്കുന്നത് ക്ഷീണിതന്റെ ചുമട് അറിയാതെ വീണ്ടും കൂട്ടാതിരിക്കാൻ നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, ഒരു സഹോദരനോ സഹോദരിയോ ഏതെങ്കിലും യോഗങ്ങളിൽ പങ്കെടുക്കാതെവരുകയോ വയൽശുശ്രൂഷയിൽ പിന്നോക്കമാവുകയോ ചെയ്തെന്നിരിക്കട്ടെ. അയാൾക്ക് അല്ലെങ്കിൽ അവൾക്ക് ശുശ്രൂഷയിൽ അധികം ചെയ്യുന്നത് അല്ലെങ്കിൽ യോഗങ്ങളിൽ കൂടുതൽ ക്രമമായിരിക്കുന്നതു സംബന്ധിച്ചു വാസ്തവമായും ബുദ്ധ്യുപദേശം ആവശ്യമുണ്ടോ? ഒരുപക്ഷേ ഉണ്ടായിരിക്കും. എന്നാൽ മുഴു സാഹചര്യവും സംബന്ധിച്ചു നിങ്ങൾ ബോധവാനാണോ? മോശമായിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടോ? കുടുംബ ഉത്തരവാദിത്വങ്ങൾക്കു സമീപകാലത്തു മാറ്റംവന്നിട്ടുണ്ടോ? അയാളെ അല്ലെങ്കിൽ അവരെ ഭാരപ്പെടുത്തുന്ന മറ്റു സാഹചര്യങ്ങൾ അല്ലെങ്കിൽ സമ്മർദങ്ങൾ ഉണ്ടോ? കൂടുതൽ ചെയ്യാൻ കഴിയാത്തതുമൂലം ആ വ്യക്തിക്ക് ഇതിനോടകംതന്നെ വളരെ കുറ്റബോധമുണ്ടെന്ന കാര്യം ഓർമിക്കുക.
19 എങ്കിൽപ്പിന്നെ, നിങ്ങൾക്ക് ആ സഹോദരനെ അല്ലെങ്കിൽ സഹോദരിയെ എങ്ങനെ സഹായിക്കാം? നിഗമനങ്ങളിലെത്തി, ബുദ്ധ്യുപദേശം നൽകുന്നതിനു മുമ്പ്, ശ്രദ്ധിക്കുക! (സദൃശവാക്യങ്ങൾ 18:13) ഉള്ളുചികയുന്ന ചോദ്യങ്ങൾകൊണ്ട് ആ വ്യക്തിയുടെ ഹൃദയവികാരങ്ങൾ ‘കോരിയെടുക്കുക.’ (സദൃശവാക്യങ്ങൾ 20:5) ആ വികാരങ്ങളെ അവഗണിക്കരുത്—അവയെ അംഗീകരിക്കുക. യഹോവ നമുക്കായി കരുതുന്നുവെന്നും ചിലപ്പോഴൊക്കെ നമ്മുടെ സാഹചര്യങ്ങൾ നമ്മെ പരിമിതപ്പെടുത്തുന്നതായി അവൻ മനസ്സിലാക്കുന്നുവെന്നും ക്ഷീണിതന് ഉറപ്പേകേണ്ട ആവശ്യമുണ്ട്. (1 പത്രൊസ് 5:7) മൂപ്പന്മാർ അത്തരം ‘സഹതാപം’ കാണിക്കുമ്പോൾ ക്ലേശിതർ ‘തങ്ങളുടെ ദേഹികൾക്കു നവോന്മേഷം കണ്ടെത്തും.’ (1 പത്രൊസ് 3:8; മത്തായി 11:28-30, NW) അവർ അത്തരം നവോന്മേഷം കണ്ടെത്തുമ്പോൾ കൂടുതൽ ചെയ്യാൻ അവരോടു പറയേണ്ടിവരില്ല; യഹോവയെ സേവിക്കുന്നതിനു തങ്ങളാലാകുന്നതെല്ലാം ചെയ്യാൻ അവരുടെ ഹൃദയം അവർക്കു പ്രേരണയേകും.—2 കൊരിന്ത്യർ 8:12-ഉം 9:7-ഉം താരതമ്യം ചെയ്യുക.
20. ഈ ദുഷ്ട തലമുറയുടെ അന്ത്യം ആസന്നമായിരിക്കേ, നാം എന്തു ചെയ്യാൻ നിശ്ചയദാർഢ്യമുള്ളവരായിരിക്കണം?
20 തീർച്ചയായും, മാനവ ചരിത്രത്തിൽ ഏറ്റവും പ്രയാസമേറിയ കാലത്താണു നാം ജീവിക്കുന്നത്. അന്ത്യകാലത്തിന്റെ ഒടുവിലേക്കു നീങ്ങുന്തോറും സാത്താന്റെ ലോകത്തിൽ ജീവിക്കുന്നതുമൂലമുള്ള സമ്മർദങ്ങൾ ഏറിവരുകയാണ്. നാം ക്ഷീണിച്ചു തളർന്നു പിന്മാറാനും അപ്പോൾ നമ്മെ എളുപ്പത്തിൽ ഇരയാക്കാനും പിശാച്, ഇരപിടിക്കുന്ന സിംഹത്തെപ്പോലെ തക്കംപാർത്തിരിക്കുകയാണെന്ന് ഓർക്കുക. യഹോവ ക്ഷീണിതനു ശക്തി നൽകുന്നതിൽ നമുക്ക് എത്രമാത്രം നന്ദിയുള്ളവരായിരിക്കാം! പറന്നുയരുന്ന ഒരു കഴുകന്റെ ശക്തമായ ചിറകു നൽകിക്കൊണ്ടെന്നപോലെ, തുടർന്നു മുന്നേറുന്നതിനു ശക്തി നൽകാൻ അവൻ നമുക്കായി ചെയ്തിരിക്കുന്ന കരുതലുകൾ മുഴുവനായി നമുക്കു പ്രയോജനപ്പെടുത്താം. ഈ ദുഷ്ട തലമുറയുടെ അന്ത്യം ആസന്നമായിരിക്കേ, സമ്മാനത്തിനായുള്ള—നിത്യജീവനായുള്ള—നമ്മുടെ ഓട്ടം നിർത്തിക്കളയുന്നതിനുള്ള സമയമല്ലിത്.—എബ്രായർ 12:1.
നിങ്ങളുടെ ഉത്തരമെന്താണ്?
◻ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരമായി യഹോവ എന്തു ചെയ്യാൻ നാം പ്രതീക്ഷിച്ചേക്കാം?
◻ നമ്മുടെ ക്രിസ്തീയ സാഹോദര്യത്തിൽനിന്ന് ഏതെല്ലാം വിധങ്ങളിൽ നമുക്കു ബലം നേടിയെടുക്കാവുന്നതാണ്?
◻ ശക്തി പുതുക്കാൻ ദൈവവചനം നമ്മെ സഹായിക്കുന്നതെങ്ങനെ?
◻ ശക്തി പുതുക്കുന്നതിനു ക്ഷീണിതരെ സഹായിക്കാൻ മൂപ്പന്മാർക്ക് എന്തു ചെയ്യാൻ കഴിയും?
[17-ാം പേജിലെ ചിത്രം]
പ്രോത്സാഹനം ആവശ്യമുള്ളവരെ ആതിഥ്യോപചാരത്തിൽ നമുക്കു മറക്കാതിരിക്കാം
[18-ാം പേജിലെ ചിത്രം]
തങ്ങൾ എത്രമാത്രം സ്നേഹിക്കപ്പെടുന്നുവെന്നു മനസ്സിലാക്കാൻ ക്ഷീണിതരെ സഹായിക്കുന്നതിനു മൂപ്പന്മാർക്കു യഹോവയോട് അപേക്ഷിക്കാവുന്നതാണ്