വിശ്വാസ്യത വീണ്ടെടുക്കാനാവും!
വിശ്വാസ്യത സംബന്ധിച്ച് ഇന്നുള്ള പ്രതിസന്ധി “അന്ത്യകാല”ത്തിന്റെ ഒരു അടയാളം ആണെങ്കിലും ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പും അവിശ്വാസം പ്രകടമായിരുന്നു. (2 തിമൊഥെയൊസ് 3:1) അത് പൊന്തിവന്നത് അതു സംഭവിക്കാൻ തീരെ സാധ്യതയില്ലാഞ്ഞ ഒരു സ്ഥലത്ത്, അതായത് ഒരു പറുദീസയിൽ ആയിരുന്നു. ആ സ്ഥലത്തെക്കുറിച്ചു ബൈബിൾ പറയുന്നു. “യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി. കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.”—ഉല്പത്തി 2:8, 9.
വിശ്വാസ്യതയുടെ ആധുനികകാല പ്രതിസന്ധിയുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്മേൽ തുടർന്നുള്ള വാക്യങ്ങൾ പ്രകാശം ചൊരിയുന്നു. നാം ഇങ്ങനെ വായിക്കുന്നു: “യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്പത്തി 2:16, 17) യഹോവ പറഞ്ഞതിനെ സംശയിക്കാൻ ആദാമിന് എന്തെങ്കിലും കാരണം ഉണ്ടായിരുന്നോ?
തുടർന്ന് നാം ഇങ്ങനെ വായിക്കുന്നു: “യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു. ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു.”—ഉല്പത്തി 3:1-6.
ദൈവത്തിന്റെ മുന്നറിയിപ്പ് അവഗണിക്കുക വഴി ആദാമും ഹവ്വായും യഹോവയിൽ അവിശ്വാസം പ്രകടമാക്കി. അവർ ദൈവത്തിന്റെ ശത്രുവായ സാത്താനെ അനുകരിക്കുകയാണ് ചെയ്തത്. അവൻ ഒരു അക്ഷരീയ സർപ്പത്തെ ഉപയോഗിച്ച് ഹവ്വായോടു സംസാരിച്ചു. യഹോവയുടെ ഭരണ വിധത്തിൽ സാത്താനു വിശ്വാസം ഇല്ലായിരുന്നു. അതു നിമിത്തവും അഹങ്കാരവും അതിമോഹവും നിറഞ്ഞ ഹൃദയം നിമിത്തവും അവൻ ദൈവത്തിന് എതിരെ മത്സരിക്കുകയും അതുതന്നെ ചെയ്യുന്നതിലേക്കു മനുഷ്യരെ വഴിതെറ്റിക്കുകയും ചെയ്തു. ദൈവത്തെ ആശ്രയിക്കാൻ കൊള്ളില്ലെന്നു ചിന്തിക്കാൻ തക്കവണ്ണം അവൻ അവരെ സ്വാധീനിച്ചു.
ഫലമോ? വഷളായ ബന്ധങ്ങൾ
മറ്റുള്ളവരെ വിശ്വസിക്കാത്ത വ്യക്തികൾക്കു സൗഹൃദം നിലനിർത്താൻ ബുദ്ധിമുട്ടാണെന്നു നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകാം. പൊ.യു.മു. ഒന്നാം നൂറ്റാണ്ടിലെ ഒരു ലത്തീൻ എഴുത്തുകാരൻ ആയിരുന്ന പൂബ്ലില്യുസ് സ്യൂറുസ് ഇങ്ങനെ എഴുതി: “വിശ്വാസമാണ് സൗഹൃദത്തിന്റെ ഏക കെട്ടുബന്ധം.” ദൈവത്തിൽ തങ്ങൾക്കു വിശ്വാസം ഇല്ലെന്ന് ആദാമും ഹവ്വായും തങ്ങളുടെ മത്സരത്തിലൂടെ പ്രകടമാക്കി. അതുകൊണ്ട്, അവരെ വിശ്വസിക്കാൻ ദൈവത്തിനു തീർച്ചയായും യാതൊരു കാരണവും ഉണ്ടായിരുന്നില്ല. തത്ഫലമായി ആശ്രയത്വം അഥവാ വിശ്വാസ്യത തകർന്നു. അങ്ങനെ ആദ്യ മനുഷ്യർക്കു ദൈവവുമായുള്ള സൗഹൃദം നഷ്ടപ്പെട്ടു. അവരുടെ മത്സരം നിമിത്തം യഹോവ അവരെ കുറ്റം വിധിച്ചതിനു ശേഷം അവൻ വീണ്ടും അവരോട് എന്നെങ്കിലും സംസാരിച്ചു എന്നതിന് യാതൊരു സൂചനയും ഇല്ല.
ആദാമും ഹവ്വായും തമ്മിലുള്ള ബന്ധവും വഷളായി. യഹോവ ഹവ്വായ്ക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകി: “നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും.” (ഉല്പത്തി 3:16) (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) യെരൂശലേം ബൈബിൾ പറയുന്നു: “അവൻ നിന്നെ അടക്കി ഭരിക്കും.” ദൈവം ആഗ്രഹിച്ചതു പോലെ ആദാം ഭാര്യയുടെമേൽ ശിരഃസ്ഥാനം സ്നേഹത്തോടെ പ്രയോഗിക്കുന്നതിനു പകരം, അവൻ ഇപ്പോൾ അവളുടെ യജമാനൻ, അവളെ അടക്കി ഭരിക്കുന്നവൻ ആയിത്തീർന്നു.
അവർ പാപം ചെയ്തതിനു ശേഷം കുറ്റം ഭാര്യയുടെമേൽ കെട്ടിവെക്കാൻ ആദാം ശ്രമിച്ചു. അവന്റെ അഭിപ്രായത്തിൽ അവളുടെ പ്രവൃത്തി നിമിത്തമായിരുന്നു അവർ പൂർണതയുള്ള ഒരു തോട്ടത്തിൽനിന്നു പുറത്താക്കപ്പെടുകയും പൊടിയിലേക്കു തിരികെ ചേരുന്നതിനു മുമ്പ് അപൂർണമായ അവസ്ഥകളിൽ കഠിനാധ്വാനം ചെയ്യാൻ വിധിക്കപ്പെടുകയും ചെയ്തത്. (ഉല്പത്തി 3:17-19) അവർ തമ്മിലുള്ള ബന്ധത്തിലെ ഉരസലിനു നിദാനം അത് ആയിരുന്നുവെന്നു നമുക്ക് ഉചിതമായി നിഗമനം ചെയ്യാവുന്നതാണ്. ഹവ്വായെ താൻ മേലിൽ ഒരിക്കലും ശ്രദ്ധിക്കുകയില്ലെന്നു പ്രസ്താവിച്ചുകൊണ്ട് ആദാം അതിരുവിട്ട് പ്രതികരിച്ചിരിക്കാം. ഫലത്തിൽ, ‘ഇന്നു മുതൽ ഞാനാണ് യജമാനൻ!’ എന്ന് അവളോടു പറയുന്നത് ന്യായമാണെന്ന് അവനു തോന്നിയിരിക്കാം. മറുവശത്ത്, കുടുംബത്തലവൻ എന്ന നിലയിൽ ആദാം പരാജയപ്പെട്ടെന്നു ഹവ്വായ്ക്കു തോന്നിയിരിക്കാം. അങ്ങനെ അവൾക്ക് അവനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കാം. എന്തായാലും, ദൈവത്തിൽ അവിശ്വാസം പ്രകടിപ്പിച്ചതു വഴി മനുഷ്യർക്ക് അവനുമായുള്ള സൗഹൃദം നഷ്ടമായി, മനുഷ്യർ തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തു.
നമുക്ക് ആരെ വിശ്വസിക്കാനാകും?
എല്ലാവരെയും നമുക്കു വിശ്വസിക്കാനാവില്ല. അതാണ് ആദാമിന്റെയും ഹവ്വായുടെയും ദൃഷ്ടാന്തം ചിത്രീകരിക്കുന്നത്. ആരെ വിശ്വസിക്കാനാകുമെന്നും ആരെ വിശ്വസിക്കാനാകില്ലെന്നും നമുക്ക് എങ്ങനെ അറിയാൻ കഴിയും?
സങ്കീർത്തനം 146:3 നമ്മെ ഇങ്ങനെ ഉപദേശിക്കുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.” യിരെമ്യാവു 17:5-7-ൽ നാം വായിക്കുന്നു: “മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യൻ ശപിക്കപ്പെട്ടവൻ.” നേരേമറിച്ച്, “യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.”
മനുഷ്യരിൽ വിശ്വാസം അർപ്പിക്കുന്നത് എല്ലായ്പോഴും തെറ്റല്ലെന്നുള്ളത് സത്യംതന്നെ. ദൈവത്തിൽ അർപ്പിക്കുന്ന വിശ്വാസം ഒരിക്കലും അസ്ഥാനത്തല്ല, മറിച്ച് അപൂർണ മനുഷ്യരിൽ വിശ്വാസം അർപ്പിക്കുന്നത് ചിലപ്പോൾ ദുരന്തത്തിലേക്കു നയിച്ചേക്കാം. മേലുദ്ധരിച്ച വാക്യങ്ങൾ ഈ ആശയം വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്. ദൃഷ്ടാന്തത്തിന്, രക്ഷ പ്രദാനം ചെയ്യുക, പൂർണമായ സമാധാനവും സുരക്ഷിതത്വവും കൈവരുത്തുക എന്നിങ്ങനെ ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കായി മനുഷ്യരിൽ ആശ്രയിക്കുന്നവർ നിരാശയിലേക്കാണ് നീങ്ങുന്നത്.—സങ്കീർത്തനം 46:9; 1 തെസ്സലൊനീക്യർ 5:3.
വാസ്തവത്തിൽ, മനുഷ്യരും മാനുഷ സ്ഥാപനങ്ങളും ഏത് അളവുവരെ ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ദൈവിക തത്ത്വങ്ങൾ പ്രകടമാക്കുകയും ചെയ്യുന്നുവോ അത്രത്തോളം വിശ്വാസ്യതയേ അവർ അർഹിക്കുന്നുള്ളൂ. അതുകൊണ്ട് നമ്മെ വിശ്വസിക്കാൻ മറ്റുള്ളവർ പ്രേരിപ്പിക്കപ്പെടണം എങ്കിൽ നാം സത്യം സംസാരിക്കണം, നല്ല മനസ്സാക്ഷി ഉള്ളവരും ആശ്രയയോഗ്യരും ആയിരിക്കണം. (സദൃശവാക്യങ്ങൾ 12:19; എഫെസ്യർ 4:25; എബ്രായർ 13:18) ബൈബിൾ തത്ത്വങ്ങളോടുള്ള യോജിപ്പിൽ ജീവിക്കുന്നതിനാൽ മാത്രമേ മറ്റുള്ളവർ നമ്മിൽ അർപ്പിക്കുന്ന വിശ്വാസം നീതീകരിക്കപ്പെടുകയും പരസ്പര ശക്തിയുടെയും പ്രോത്സാഹനത്തിന്റെയും ഉറവ് എന്ന് തെളിയുകയും ചെയ്യുകയുള്ളൂ.
വിശ്വാസ്യത വീണ്ടെടുക്കുന്നു
ദൈവത്തിൽ വിശ്വാസം അർപ്പിക്കാനും മറ്റുള്ളവരെ അതിനായി പ്രോത്സാഹിപ്പിക്കാനും യഹോവയുടെ സാക്ഷികൾക്ക് ഈടുറ്റ അടിസ്ഥാനമുണ്ട്. യഹോവ സത്യസന്ധനും വിശ്വസ്തനുമാണ്. പറഞ്ഞതുപോലെ ചെയ്യുമെന്ന കാര്യത്തിൽ അവനെ എല്ലായ്പോഴും ആശ്രയിക്കാൻ കഴിയും. കാരണം ‘ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയില്ല.’ സ്നേഹത്തിന്റെ ദൈവത്തിൽ അർപ്പിക്കുന്ന വിശ്വാസം ഒരിക്കലും നിരാശയിലേക്കു നയിക്കില്ല.—എബ്രായർ 6:18; സങ്കീർത്തനം 94:14; യെശയ്യാവു 46:9-11; 1 യോഹന്നാൻ 4:8.
യഹോവയിൽ വിശ്വാസം അർപ്പിക്കുകയും അവന്റെ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കുകയും ചെയ്യുന്നതിൽ ഏകീകൃതരായ ആളുകൾ പരസ്പരം വിശ്വാസം അർപ്പിക്കാൻ ശക്തമായി പ്രേരിപ്പിക്കപ്പെടുന്നു. വിശ്വാസ്യത പ്രതിസന്ധിയിൽ ആയിരിക്കുന്ന ഒരു ലോകത്ത് വിശ്വാസയോഗ്യരായ ആളുകളെ കണ്ടെത്തുന്നത് എന്തൊരു സന്തോഷമാണ്! മറ്റെല്ലാവരും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന കാര്യങ്ങളിൽ നമുക്ക് പൂർണ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയുമായിരുന്നെങ്കിൽ ലോകം എത്ര വ്യത്യസ്തം ആയിരിക്കുമായിരുന്നു എന്ന് സങ്കൽപ്പിച്ചു നോക്കൂ! ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന വരാൻ പോകുന്ന പുതിയ ലോകത്തിൽ കാര്യങ്ങൾ അങ്ങനെ ആയിരിക്കും. വീണ്ടും ഒരിക്കലും വിശ്വാസ്യത പ്രതിസന്ധിയിൽ ആകില്ല!
അന്നു ജീവിച്ചിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ, ജീവനു വേണ്ടിയുള്ള ദൈവത്തിന്റെ നിബന്ധനകളെ കുറിച്ചു കൂടുതൽ പഠിച്ചുകൊണ്ട് അവനിലും അവന്റെ വാഗ്ദാനങ്ങളിലുമുള്ള നിങ്ങളുടെ വിശ്വാസം ബലിഷ്ഠമാക്കാൻ യഹോവയുടെ സാക്ഷികൾ നിങ്ങളെ ക്ഷണിക്കുന്നു. ഒരു ദൈവം സ്ഥിതിചെയ്യുന്നുവെന്നും അവൻ മനുഷ്യവർഗത്തിന്റെ ക്ഷേമത്തിൽ തത്പരനാണെന്നും ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തന്റെ രാജ്യം മുഖാന്തരം അവൻ ഉടൻതന്നെ നടപടി എടുക്കുമെന്നും ഉള്ളതിന് ബൈബിൾ പഠനം തെളിവു നൽകുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ദൈവത്തിലും അവന്റെ വചനമായ ബൈബിളിലും വിശ്വാസം അർപ്പിക്കാൻ പഠിച്ചിരിക്കുന്നു. യഹോവയുടെ സാക്ഷികൾ സൗജന്യമായി നടത്തുന്ന പൊതു സേവനമായ ബൈബിൾ പഠന കോഴ്സ് നിങ്ങളെ പ്രകടിപ്പിച്ചു കാണിക്കുന്നതിൽ അവർക്കു സന്തോഷമേയുള്ളൂ. അല്ലെങ്കിൽ, കൂടുതലായ വിവരങ്ങൾക്ക് ഈ മാസികയുടെ പ്രസാധകർക്ക് എഴുതുക.
[5-ാം പേജിലെ ആകർഷകവാക്യം]
ദൈവത്തിലുള്ള അവിശ്വാസം മനുഷ്യർ തമ്മിലുള്ള തകർന്ന ബന്ധങ്ങളിലേക്കു നയിക്കുന്നു
[6-ാം പേജിലെ ആകർഷകവാക്യം]
മനുഷ്യർ ദൈവത്തിന്റെ തത്ത്വങ്ങളോട് എത്രത്തോളം ചേർച്ചയിൽ പ്രവർത്തിക്കുന്നുവോ അത്രത്തോളം വിശ്വാസ്യതയേ അവർ അർഹിക്കുന്നുള്ളൂ