തിരുവെഴുത്തുകളിൽ നിന്നുള്ള പാഠം: യോവേൽ 1:1—3:21
യഹോവയുടെ നാമം വിളിച്ചപേക്ഷിക്കയും രക്ഷപെടുകയും ചെയ്യുക!
“ബാധ നിയന്ത്രണം വിട്ടുപോവുകയാണെങ്കിൽ അത് കിഴക്കെ ആഫ്രിക്കയിലേക്കും സമീപ പൂർവദേശത്തേക്കും വ്യാപിക്കും. അത് ഒരു അത്യാഹിതം ആയിരിക്കാൻ കഴിയും.” അടുത്തകാലത്ത് വടക്കുപടിഞ്ഞാറെ ആഫ്രിക്കയെ ആക്രമിച്ച അത്യാർത്തി പിടിച്ച കോടിക്കണക്കിന് പ്രാണികളെ—വെട്ടുക്കിളികളെ—സംബന്ധിച്ച് യു. എൻ. ഭക്ത്യ കാർഷിക സംഘടനയുടെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത് അപ്രകാരമാണ്.
ദൈവത്തിന്റെ പ്രവാചകനായ യോവേൽ ക്രി. മു. 820 എന്ന വർഷത്തിൽ ഒരു സമാനമായ ബാധയെ സംബന്ധിച്ച് സംസാരിച്ചു. സ്പഷ്ടമായ ഭാഷയിൽ കൃത്യതയെയും യാഥാർത്ഥ്യത്തെയും ഉല്ലംഘിക്കാതെ, യഹൂദ രാഷ്ട്രം ഒരു ഷട്പദത്തിന്റെ കടന്നാക്രമണത്താൽ എപ്രകാരം നശിപ്പിക്കപ്പെടും എന്ന് അവൻ വിവരിച്ചു. എന്നിരുന്നാലും, ആ ബാധ ഒരു പരിസ്ഥിതിസംബന്ധമായ ഭീഷണിയേക്കാൾ വളരെയധികം പ്രത്യേകതയുള്ള ചിലതിന്റെ ചിത്രീകരണമായിരുന്നു. അത് “യഹോവയുടെ ദിവസത്തിന്റെ” ഒരു മുന്നോടിയായിരുന്നു! നമ്മുടെ തലമുറ ആ “ഭീതിജനകമായ ദിവസത്തെ”യും അതിന്റെ എല്ലാ വിനാശകമായ ഉഗ്രരോഷത്തെയും അഭിമുഖീകരിക്കുന്നു. രക്ഷയുടെ എന്തു പ്രതീക്ഷ നിലനിൽക്കുന്നുണ്ട്? യോവേലിന്റെ പ്രവചന പുസ്തകത്തിൽ നിന്ന് നമുക്ക് എന്തു പാഠം പഠിക്കയും ചെയ്യാം?
ഭീതിപ്പെടുത്തുന്ന ഷട്പദത്തിന്റെ ആക്രമണം
യഹോവയുടെ ഭീതിജനകമായ നാളിൽ രക്ഷക്ക് അനുതാപം ആവശ്യമാണ്. കമ്പിളിപ്പുഴുക്കളുടെ കൂട്ടങ്ങൾ, വെട്ടുക്കിളികൾ, ചിറകില്ലാത്ത, ഇഴയുന്ന വെട്ടുക്കിളികൾ, പാററകൾ മുതലായ ഷട്പദങ്ങളുടെ കൂട്ടങ്ങൾ ദേശത്തെ സസ്യജാലത്തെ ശൂന്യമാക്കിയതിനാൽ യോവേലിന്റെ കണ്ണുകളിൽക്കൂടി നാം ഒരു അത്യാഹിതം കാണുന്നു. യിസ്രായേലിലെ പുരോഹിതൻമാരെയും മൂപ്പൻമാരെയും മററു നിവാസികളെയും അനുതപിക്കുന്നതിനും “സഹായത്തിനുവേണ്ടി യഹോവയോട് നിലവിളിക്കു”ന്നതിനും പ്രോൽസാഹിപ്പിക്കുന്നു. പണ്ടകശാലകൾ ശൂന്യമായിക്കിടക്കുകയും കളപ്പുരകൾ ഉൽപ്പന്നങ്ങൾ ഇല്ലാതായിത്തീർന്നതിനാൽ പൊളിച്ചുകളയുകയും ചെയ്തിരിക്കുന്നു. വളർത്തുമൃഗങ്ങൾ മേച്ചിൽസ്ഥലം അന്വേഷിച്ചിട്ട് കാണാതെ അമ്പരന്ന് ചുററിനടുക്കുന്നു. സർവശക്തനിൽ നിന്നുള്ള ശൂന്യമാക്കലിന്റെ എന്തോരു നാൾ!—1:1-20.
യഹോവയുടെ നാളിന്റെ സാമീപ്യം നമ്മെ വിശുദ്ധപ്രവർത്തനങ്ങളിലും ദൈവികപ്രവൃത്തികളിലും ഏർപ്പെടാൻ പ്രേരിപ്പിക്കണം. (2 പത്രോ. 3:10-12) ഇതിനെ അന്ധകാരത്തിന്റെയും കാർമേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിവസമായി കാണാൻ യോവേൽ നമ്മെ പ്രാപ്തരാക്കുന്നു. വെട്ടുക്കിളികൾ ആ ദിവസത്തിന്റെ ഭീതിപ്പെടുത്തുന്ന മുന്നോടിയാണ്. അവയുടെ പിന്നാലെ യഹൂദയുടെ ഏദെൻസമാനമായ ഭൂവിഭാഗം ശൂന്യമായ ഒരു മരുഭൂമിയായിത്തീരുന്നു. വെട്ടുക്കിളികളുടെ ശബ്ദം തന്നേ ഭീഷണമാണ്, എന്തുകൊണ്ടെന്നാൽ ഇത് ഒരു രഥം പോലെയും കച്ചിയിൽ ഇരച്ചുകയറി ആളിപ്പടരുന്ന തീയ് പോലെയും ആണ്. വെട്ടുക്കിളികൾ മുന്നേറവെ “യുദ്ധമുറയിൽ അണിനിരക്കുന്ന ശക്തരായ ജനത്തെപ്പോലെ” മതിലുകൾ ചാടിക്കടക്കുകയും നഗരങ്ങളിലേക്ക് പായുകയും വീടുകളിൽ പ്രവേശിക്കയും ചെയ്യുന്നു. ‘യഹോവയുടെ ഭയജനകമായ ദിവസത്തിൽ’ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പോലും ഇരുണ്ടുപോകുന്നു.—2:1-11.
രക്ഷയുടെ വഴി
രക്ഷക്ക് നാം ‘യഹോവയാണ് ദൈവമെന്നും മറെറരുത്തനുമില്ലെന്നും’ സമ്മതിക്കണം. “നിങ്ങളുടെ മുഴുഹൃദയത്തോടെ എന്നിലേക്ക് തിരിഞ്ഞുവരിക” എന്ന് യഹോവ ബുദ്ധിയുപദേശിക്കുന്നു. പ്രായമായവരെയും ചെറുപ്പക്കാരെയും വിശുദ്ധ സമ്മേളനത്തിൽ കൂടിവന്ന് ദിവ്യാംഗീകാരത്തിനുവേണ്ടി അപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. ദൈവം കരുണ കാണിക്കയും പ്രാണികൾ നശിപ്പിച്ചതിന് നഷ്ടപരിഹാരം നൽകുകയും തന്റെ ജനത്തെ സമൃദ്ധമായി അനുഗ്രഹിക്കയും ചെയ്യും. ഏക സത്യദൈവവും രക്ഷയുടെ ഉറവുമെന്ന യഹോവയുടെ സ്ഥാനത്തെ അംഗീകരിക്കുന്നവർ നാണിച്ചുപോകയില്ല.—2:12-27.
നമ്മുടെ രക്ഷയും യഹോവയുടെ നാമത്തെ വിശ്വാസത്തോടെ വിളിച്ചപേക്ഷിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. “യഹോവയുടെ വലുതും ഭയജനകവുമായ നാളി”നു മുമ്പ് ദൈവം ‘എല്ലാത്തരത്തിലുമുള്ള ജഡത്തിൻമേലും തന്റെ ആത്മാവിനെ പകരും.’ ചെറുപ്പക്കാരും പ്രായമായവരും പുരുഷൻമാരും സ്ത്രീകളും ഒരു പ്രവചിക്കൽവേല നടത്തും. അങ്ങനെ ‘യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപെടും’ എന്ന് അനേകർ അറിയും.—2:28-32.
ജനതകളുടെമേലുള്ള ന്യായവിധി
യഹോവ ജനതകളുടെമേൽ ന്യായവിധി നടത്തുമ്പോൾ തന്റെ വിശ്വസ്തരായ ജനത്തെ രക്ഷിക്കും. (യെഹെസ്ക്കേൽ 38:18-23; വെളിപ്പാട് 16:14-16.) സോർ, സീദോൻ, ഫെലിസ്ത്യ എന്നിവ ദൈവജനത്തോട് മോശമായി പെരുമാറിയതിനും അവരെ അടിമത്വത്തിലേക്ക് വിററതിനും വില ഒടുക്കണം. യഹോവ യഹൂദയിലെയും യരുശലേമിലെയും ബന്ദികളെ മടക്കിക്കൊണ്ടുവരും. അവൻ തന്റെ ശത്രുക്കളെ ഇപ്രകാരം പറഞ്ഞുകൊണ്ട് വെല്ലുവിളിക്കുന്നു: “യുദ്ധത്തെ വിശുദ്ധീകരിപ്പിൻ!” എന്നാൽ പ്രതീകാത്മക “യഹോശാഫാത്ത് താഴ്വര”യിൽ വെച്ച് അവർക്കെതിരെ ന്യായവിധി നടത്തുന്ന ദൈവത്തോട് അവർ കിടനിൽക്കയില്ല. ആകാശവും ഭൂമിയും കുലുങ്ങിയാലും യഹോവ തന്റെ ജനത്തിന് ഒരു സംരക്ഷണമായിരിക്കും. വിശ്വസ്തർ, ജനതകളുടെമേലുള്ള ന്യായവിധിയെ അതിജീവിക്കുകയും പറുദീസാവസ്ഥകളിൻകീഴിലെ ജീവിതം ആസ്വദിക്കയും ചെയ്യും.—3:1-21.
ഓർമ്മിക്കുന്നതിനുള്ള പാഠങ്ങൾ: ഒരു വ്യക്തി യഹോവയുടെ ഭയജനകമായ ദിവസത്തിൽ രക്ഷപെടണമെങ്കിൽ മുൻകൂട്ടി അനുതപിക്കേണ്ട ആവശ്യമുണ്ട്. ആ ദിവസത്തിന്റെ സാമീപ്യം വിശുദ്ധപ്രവർത്തനങ്ങളിലും ദൈവികപ്രവൃത്തികളിലും ഏർപ്പെടാൻ നമ്മെ പ്രേരിപ്പിക്കണം. തീർച്ചയായും, നമ്മുടെ രക്ഷ യഹോവ മാത്രമാണ് ദൈവം എന്ന് സമ്മതിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. നാം വിശ്വാസത്തോടെ അവന്റെ നാമത്തെ വിളിക്കുന്നുവെങ്കിൽ അവൻ രാഷ്ട്രങ്ങളുടെമേൽ ന്യായവിധി നടത്തുമ്പോൾ നമ്മെ രക്ഷിക്കും.
യോവേലിന്റെ പ്രവചനം ചിന്തക്കുള്ള ഇതിലുമധികം വക നൽകുന്നു. എന്തെന്നാൽ, “യഹോവയുടെ വലുതും ഭയജനകവുമായ ദിവസം” ആസന്നമായിരിക്കുന്നു! മനുഷ്യവർഗ്ഗത്തിന് മുന്നറിയിപ്പ് കൊടുക്കണം. യോവേലിന്റെ നാളിലെ വെട്ടുക്കിളികളെപ്പോലെ, യഹോവയുടെ സാക്ഷികൾ ക്രൈസ്തവലോകത്തിന്റെ ആത്മീയമായ ശൂന്യാവസ്ഥ രൂക്ഷമായി വെളിപ്പെടുത്തിക്കൊണ്ട് അവളെ ആക്രമിക്കുന്നു. ഇത് അവളുടെ നേതാക്കൻമാരുടെ എതിർപ്പിന്റെ ഉഗ്രരോഷം ഉണർത്തുന്നു, എന്നാൽ പ്രതീകാത്മക വെട്ടുക്കിളികളുടെ പാതയിൽ അവർ വെക്കാൻ ശ്രമിക്കുന്ന ഏത് മതിൽസമാന തടസ്സങ്ങളും നിഷ്ഫലമെന്ന് തെളിയുന്നു. യഹോവ തന്റെ ന്യായവിധികൾ പ്രഖ്യാപിക്കുന്നതിന് തന്റെ ജനത്തെ ഒരുക്കുന്നതിന് അവരുടെമേൽ തന്റെ ആത്മാവിനെ പകർന്നിരിക്കുന്നു. അതുകൊണ്ട് ദൈവത്തിന്റെ ഭയജനകമായ ദിവസത്തിനുമുൻപ് അവശേഷിച്ചിരിക്കുന്ന ചുരുങ്ങിയ കാലത്തിനുള്ളിൽ മററുള്ളവർ രക്ഷപ്പെടേണ്ടതിന് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കാൻ സഹായിക്കുന്നതിൽ നമുക്ക് ഒരു പൂർണ്ണ പങ്കുള്ളവരായിരിക്കാം. (w89 3/15)
[26-ാം പേജിലെ ചതുരം]
ബൈബിൾ വാക്യങ്ങൾ പരിശോധിക്കപ്പെടുന്നു
1:2—യോവേൽ ജനതയെ വഴിതെററിച്ച “മൂപ്പൻമാരെ” സംബോധന ചെയ്യുന്നു. “ദേശനിവാസികൾ ആ വ്യാജമായ നേതൃത്വത്തെ പിൻപററിയതിനാൽ അവരും യഹോവയുടെ ദൃഷ്ടികളിൽ കണക്കുബോധിപ്പിക്കേണ്ടവരായിരുന്നു. ഇന്ന്, ക്രൈസ്തവലോകത്തിലെ മതനേതാക്കൻമാർ സമാനമായി തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ വഴിതെററിച്ചിരിക്കുന്നു. യോവേലിനെപ്പോലെ യഹോവയുടെ സാക്ഷികൾ ആ വൈദികവർഗ്ഗത്തിന് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ജനത്തോട് പൊതുവെയും ദൈവവചനം പ്രഖ്യാപിക്കേണ്ടതുണ്ട്, എന്തുകൊണ്ടെന്നാൽ അവരും യഹോവയോട് ഒരു കണക്കുബോധിപ്പിക്കും.—യെശയ്യാവ് 9:15-17; റോമർ 14:12.
2:1-10, 28—യിസ്രായേല്യർ ദൈവത്തോട് അനുസരണക്കേട് കാണിച്ചാൽ വെട്ടുക്കിളികളും മററ് ജീവികളും അവരുടെ വിളവുകൾ നശിപ്പിക്കും എന്ന് മുന്നറിയിപ്പു കൊടുക്കപ്പെട്ടു. (ആവർത്തനം 28:38-45) യോവേൽ പറഞ്ഞ പരിണാമത്തിൽ ഒരു കീടശല്യം കനാനിൽ ഉണ്ടായതായി തിരുവെഴുത്തുകൾ രേഖപ്പെടുത്തുന്നില്ലാത്തതുകൊണ്ട്, അവൻ വർണ്ണിച്ച ബാധ പ്രത്യക്ഷത്തിൽ ആലങ്കാരികമായിരുന്നു. തെളിവനുസരിച്ച്, തങ്ങളുടെ ദൈവദത്തമായ സന്ദേശം കൊണ്ട് വ്യാജമതസ്ഥരെ ദണ്ഡിപ്പിച്ച യേശുവിന്റെ അനുഗാമികളുടെമേൽ ക്രി.വ. 33-ലെ പെന്തക്കൊസ്തിൽ യഹോവ ‘തന്റെ ആത്മാവിനെ പകരാൻ’ തുടങ്ങിയപ്പോൾ ഈ പ്രവചനം നിവൃത്തിയേറാൻ തുടങ്ങി. (പ്രവൃത്തികൾ 2:1, 14-21; 5:27-29) യഹോവയുടെ സാക്ഷികൾ ഇപ്പോൾ സമാനമായ ഒരു വിനാശക പ്രവർത്തനം നടത്തുന്നു.
● 2:12, 13—പുരാതനകാലങ്ങളിൽ, ഒരുവന്റെ വസ്ത്രം കീറുന്നത് ദു:ഖത്തിന്റെ ഒരു ബാഹ്യപ്രകടനമായിരുന്നു. (ഉൽപ്പത്തി 37:29, 30; 44:13) എന്നാൽ ഇത് ആത്മാർത്ഥതയില്ലാതെ, കപടഭക്തിപരമായി ചെയ്യാൻ കഴിയുമായിരുന്നു. സങ്കടത്തിന്റെ ബാഹ്യപ്രകടനം മതിയാകയില്ലെന്ന് യോവേൽ വ്യക്തമാക്കി. ജനം ഹൃദയംഗമമായ അനുതാപം പ്രകടമാക്കിക്കൊണ്ട് ‘തങ്ങളുടെ ഹൃദയങ്ങളെ കീറണമായിരുന്നു.’
● 2:31, 32—യഹോവ യോവേലിന്റെ കാലത്ത് വിശ്വസ്തരായവർക്ക് നാശത്തിൽ നിന്ന് രക്ഷ പ്രദാനം ചെയ്തു. ഇപ്പോൾ, ഈ “അന്ത്യനാളുകളിൽ” ദൈവം യേശുക്രിസ്തുമുഖാന്തരം രക്ഷ സാധ്യമാക്കിത്തീർക്കുന്നു. (2 തിമൊഥെയോസ് 3:1; റോമർ 5:8, 12; 6:23) എന്നിരുന്നാലും പാപികളായ മനുഷ്യർ നിത്യ രക്ഷക്കുവേണ്ടി വിളിച്ചപേക്ഷിക്കേണ്ടത് യഹോവയുടെ നാമത്തെയാണ്. ഇതിന്റെ അർത്ഥം ദിവ്യനാമം അറിയുകയും അതിനെ പൂർണ്ണമായി ബഹുമാനിക്കുകയും അത് വഹിക്കുന്നവനിൽ പൂർണ്ണമായി ആശ്രയിക്കുകയും ചെയ്യുക എന്നാണ്. അപ്രകാരം വിശ്വാസത്തോടെ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവർ, ദൈവം തന്റെ “വലുതും ഭയജനകവും ആയ ദിവസത്തിൽ” രാഷ്ട്രങ്ങളുടെമേൽ തന്റെ ന്യായവിധി നിർവഹിക്കുമ്പോൾ “രക്ഷപെടും.”—സെഫന്യാവ് 2:2, 3; 3:12; റോമർ 10:11-13.
● 3:2, 14—“യഹോവയുടെ ദിവസ”ത്തിൽ ദിവ്യന്യായവിധി നിർവഹിക്കാനുള്ള പ്രതീകാത്മക സ്ഥലം “വിധിയുടെ താഴ്വര” എന്നു വിളിക്കപ്പെടുന്നു. അത് “യഹോശാഫാത്ത് താഴ്വര” എന്നും വിളിക്കപ്പെട്ടിരിക്കുന്നു. യഹോശാഫാത്ത് എന്ന പേരിന്റെ അർത്ഥം “യഹോവ ന്യായാധിപതി ആകുന്നു” എന്നായതുകൊണ്ട് ഇത് ഉചിതമാണ്. യഹോശാഫാത്ത് രാജാവിന്റെ വാഴ്ചക്കാലത്ത് ദൈവം മോവാബിന്റെയും അമ്മോന്റെയും സേയീർ പർവത പ്രദേശത്തിന്റെയും സൈന്യങ്ങൾ കുഴഞ്ഞുപോകാനും അന്യോന്യം സംഹരിക്കാനും ഇടയാക്കിക്കൊണ്ട് യഹൂദയെയും യെരുശലേമിനെയും അവരിൽ നിന്ന് വിടുവിച്ചു. (2 ദിനവൃത്താന്തം 20:1-30) നമ്മുടെ നാളിൽ “യഹോശാഫാത്ത് താഴ്വര, യഹോവയുടെ ജനത്തോട് അപമര്യാദയായി പെരുമാറുന്നത് നിമിത്തം ജനതകൾ മുന്തിരിപ്പഴങ്ങൾ പോലെ ഞെരിക്കപ്പെടുന്ന ഒരു പ്രതീകാത്മക മുന്തിരിച്ചക്കായി സേവിക്കുന്നു.
● 3:6—സോറും സീദോനും ഫെലിസ്ത്യയും യഹൂദയിലെയും യെരുശലേമിലെയും ജനങ്ങളെ ഗ്രീക്കുകാരുടെ അടിമത്വത്തിലേക്ക് വിററതിൽ കുററക്കാരായിരുന്നു. മററു ജനതകൾ പിടിച്ചടക്കിയ ചില യഹൂദൻമാർ സോരിലെയും സീദോനിലെയും ഫെലിസ്ത്യയിലെയും അടിമക്കച്ചവടക്കാരുടെ കൈകളിൽ ചെന്നുചേർന്നിരിക്കാൻ ഇടയുണ്ട്. ഒരുപക്ഷേ ഈ ജനതകൾ ശത്രുക്കളിൽ നിന്ന് അഭയം തേടിയ യഹൂദൻമാരെ അടിമകളാക്കിയതാണ് അതിലും മോശം. വാസ്തവമെന്തായിരുന്നാലും തന്റെ ജനത്തോട് അപമര്യാദയായി പെരുമാറിയതുനിമിത്തം ദൈവം മനുഷ്യജീവന്റെ ആ കള്ളക്കടത്തുകാരോട് കണക്കു ചോദിച്ചു. ഇത് ഇന്ന് യഹോവയുടെ ദാസൻമാരെ പീഡിപ്പിക്കുന്ന ജനതകൾക്ക് എന്ത് സംഭവിപ്പാനിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു.
[27-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.