നിർദ്ദയമായ അസ്സീറിയാ രണ്ടാം ലോകമഹാശക്തി
പുരാതന അസ്സീറിയൻ രാജാക്കൻമാരുടെ കൊട്ടാരങ്ങളുടെ പുരാവസ്തു സംബന്ധമായ കണ്ടുപിടുത്തങ്ങൾക്ക് ബൈബിളിന്റെ കൃത്യതയിലുള്ള നിങ്ങളുടെ വിശ്വാസത്തെ വർദ്ധിപ്പിക്കാൻ സാധിക്കും. ആ കണ്ടുപിടുത്തങ്ങൾ ബൈബിൾ ചരിത്രം സംബന്ധിച്ച് എന്ത് പ്രകടമാക്കുന്നു, അത് നിങ്ങൾക്ക് എന്ത് അർത്ഥമാക്കണം?
അസ്സീറിയക്കാർ അക്രമാസക്തരും യുദ്ധപ്രിയരുമായ ഒരു ജനമായിരുന്നു. അവർ മെസപ്പെട്ടേമിയൻ സമതലത്തിന്റെ വടക്കേ അററത്തുള്ള അവരുടെ സ്വദേശം മുതൽ പരന്നു കിടന്നിരുന്ന വിസ്തൃതവും നിർദ്ദയവുമായ ഒരു സാമ്രാജ്യം വികസിപ്പിച്ചെടുത്തു. യഹൂദ്യയുടെയും യിസ്രായേലിന്റെയും ശത്രുക്കൾ എന്ന നിലയിൽ അവരെക്കുറിച്ച് ബൈബിൾ പലപ്രാവശ്യം പരാമർശിക്കുന്നു.
ഈ പുരാതന ജനത്തെക്കുറിച്ചുള്ള കൂടുതലായ അറിവ് ബൈബിൾ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിന് തീർച്ചയായും നമ്മെ സഹായിക്കും. അസ്സീറിയായുടെ സ്വന്തം രേഖകൾ പോലും ബൈബിൾ ചരിത്രത്തിന്റെയും പ്രവചനത്തിന്റെയും സത്യതയെ സ്ഥിരീകരിക്കുന്നു. എന്നാൽ അസ്സീറിയക്കാർ എവിടെനിന്നാണ് ഉത്ഭവിച്ചത്?
തടിച്ച പുരിയങ്ങളോടും താടിമീശകളോടും കൂടെ തങ്ങളെത്തന്നെ ചിത്രീകരിച്ച ഈ ശക്തമായ ജനത നോഹയുടെ ഒരു പൗത്രനായിരുന്ന അശൂറിൽനിന്നാണ് ഉത്ഭവിച്ചത്. യഥാർത്ഥത്തിൽ അതേ എബ്രായ പദത്തിന്റെ അർത്ഥം “അശൂർ” എന്നും “അസ്സീറിയ(ൻ)” എന്നുമാണ്. “യഹോവക്കെതിരെ ഒരു ശക്തനായ നായാട്ടുകാരൻ” എന്ന നിലയിൽ ബൈബിളിൽ ഗൗനിക്കപ്പെട്ടിരിക്കുന്ന നിമ്രോദ് നിനവെ, കാലഹ് എന്നീ നഗരങ്ങൾ സ്ഥാപിച്ചു. അശൂർ, കോർസാബാഡ് എന്നീ നഗരങ്ങളോടുകൂടെ ഈ രണ്ട് നഗരങ്ങൾ പിൽക്കാലത്ത് അസ്സീറിയൻ തലസ്ഥാനങ്ങളായിത്തീർന്നു.—ഉൽപ്പത്തി 10:8-12, 22.
അസ്സീറിയായുടെ തലസ്ഥാനമായ “നിനവെക്കെതിരായ ഒരു പ്രഖ്യാപനം” എന്ന വാക്കുകളോടെയാണ് നഹൂമിന്റെ പുസ്തകം ആരംഭിക്കുന്നത്? എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നഹൂം പ്രവാചകൻ പിൽക്കാലത്ത് വർണ്ണിക്കുന്നതുപോലെ, നിനവെ “രക്തപാതകങ്ങളുടെ നഗരം . . . ആകെ വഞ്ചനവും കവർച്ചയും നിറഞ്ഞത്” ആയിരുന്നു. (നഹൂം 1:1; 3:1) അവൻ അതിശയോക്തി പറയുകയായിരുന്നോ? ഒരിക്കലുമല്ല!
അസ്സീറിയക്കാർക്ക് മൃഗീയത സംബന്ധിച്ച് കിടയററ കീർത്തിയുണ്ടായിരുന്നു. അവരുടെ വമ്പിച്ച സ്വന്തം കൊട്ടാരങ്ങളിലെ അലങ്കരണങ്ങൾ ഒരു രാജ്യത്തിനുപിന്നാലെ മറെറാന്നിൽ അവർ കവർച്ചയും കൊള്ളിവയ്പും നശീകരണവും നടത്തുന്നതായി കാണിച്ചു. അവരുടെ രാജാവായ അശൂർനാസിർപാൽ തന്റെ ശത്രുക്കളുടെ ത്വക്കുകൾകൊണ്ട് ഒരു തൂൺ ആവരണം ചെയ്യുന്നതായി പൊങ്ങച്ചം പറയുന്നു. അയാൾ പറയുന്നു: “അവരുടെ ഇടയിൽനിന്നുള്ള അനേകം ബന്ദികളെ ഞാൻ തീകൊണ്ട് ചുട്ടെരിച്ചു . . . ഞാൻ ചിലരുടെ മൂക്കുകളും ചെവികളും വിരലുകളും വെട്ടിക്കളഞ്ഞു. അനേകരുടെയും കണ്ണുകൾ ഞാൻ തുരന്നെടുത്തു. ഞാൻ ജീവനുള്ളവരെക്കൊണ്ട് ഒരു തൂണും തലകൊണ്ട് മറെറാന്നും നിർമ്മിച്ചു.”
മതപരമായ സ്വാധീനം
എന്നിരുന്നാലും, ഈ ജനം വളരെ മതഭക്തരായിരുന്നു. പുരാതന അസ്സീറിയാക്കാരെ സംബന്ധിച്ച് ഇങ്ങനെ പറയപ്പെട്ടിരുന്നു: “ജനതയുടെ തൊഴിൽ പോരാട്ടമായിരുന്നു, പുരോഹിതൻമാർ ഇടമുറിയാതെ യുദ്ധം ഇളക്കിവിടുന്നവരായിരുന്നു. ദിഗ്വിജയത്തിന്റെ കൊള്ളകളിൽ നിന്നായിരുന്നു അവർ ഏറെയും പുലർത്തപ്പെട്ടത് . . . കവർച്ചക്കാരുടെ ഈ വർഗ്ഗം അത്യധികം മതഭക്തരായിരുന്നു.”—പുരാതനനഗരങ്ങൾ, ഡബ്ളിയു. ബി. റൈററ്, പേജ് 25.
അസ്സീറിയക്കാർ തങ്ങളുടെ മതം അവകാശപ്പെടുത്തിയത് ബാബിലോനിൽനിന്നായിരുന്നു. ഇലസ്ട്രേററഡ് ബൈബിൾ ഡിക്ഷ്നറി ഇങ്ങനെ പറയുന്നു: “മിക്ക കാര്യങ്ങളിലും അസ്സീറിയാ മതം ബാബിലോനിലെ മതത്തിൽ നിന്നും വ്യത്യസ്തമല്ലായിരുന്നു. അതിൽ നിന്നാണ് അത് ഉത്ഭവിച്ചിരുന്നത്.” ഇപ്പോൾ ലണ്ടനിലെ ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരുന്ന ഒരു അസ്സീറിയൻ മുദ്ര മൂന്ന് തലകളോടുകൂടിയ അവളുടെ ദേശീയ ദൈവമായ അശൂറിനെ പ്രദർശിപ്പിക്കുന്നു. അവരുടെ ആരാധനയിൽ ദൈവത്രയങ്ങളിലുള്ള വിശ്വാസം സാധാരണമായിരുന്നു. അതുകൊണ്ട്, അവരുടെ ക്രൂരതയുടെയും അക്രമത്തിന്റെയും രേഖ പരിഗണിക്കുമ്പോൾ ഏകസത്യദൈവമായ യഹോവ അസ്സീറിയക്കാരോട് “പ്രതികാരം ചെയ്യുകയും ഉഗ്രക്രോധത്തിന് ചായ്വ് കാണിക്കുകയും ചെയ്യുന്നു” എന്ന് ബൈബിൾ പ്രവാചകനായ നഹൂം എഴുതിയത് അതിശയമല്ല.—നഹൂം 1:2.
നിനവെ നിപതിച്ചപ്പോൾ അതിന്റെ സ്ഥാനം നൂററാണ്ടുകളോളം വിസ്മരിക്കപ്പെട്ടുപോകാൻ തക്കവണ്ണം പോലും അതിന്റെ നാശം അത്ര സമ്പൂർണ്ണമായിരുന്നു. ചില വിമർശകൻമാർ ഈ നഗരം ഒരിക്കലും സ്ഥിതിചെയ്തിരുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ബൈബിളിനെ പരിഹസിച്ചിട്ടുണ്ട്. എന്നാൽ അത് സ്ഥിതിചെയ്യുകതന്നെ ചെയ്തു! അത് വീണ്ടും കണ്ടുപിടിക്കപ്പെട്ടു, പുരാവസ്തുശാസ്ത്രജ്ഞൻമാർ അവിടെ കണ്ടെത്തിയത് തീർച്ചയായും ആവേശജനകമായിരുന്നു! വമ്പിച്ച കൊട്ടാരങ്ങൾ കണ്ടുപിടിക്കപ്പെടുന്നു. ഫ്രഞ്ച് പ്രതിനിധിയായിരുന്ന പോൾ എമിലി ബോട്ടാ 1843-ൽ കോർസാബാഡിൽ ഖനനം നടത്തി. അത് പുരാതന നിനവെ ആയിരിക്കുമെന്നായിരുന്നു പ്രത്യാശ. പകരം അയാൾ “അസ്സീറിയാ രാജാവായ സർഗ്ഗോന്റെ” മനോജ്ഞമായ കൊട്ടാരം കണ്ടുപിടിച്ചു. ബൈബിളിൽ യെശയ്യാ 20:1-ൽ അയാളുടെ പേർ പറഞ്ഞിട്ടുണ്ട്. ഈ രാജാവിനെക്കുറിച്ച് പറയുന്ന, അറിയപ്പെടുന്ന ഏക പുരാതന പ്രമാണം ബൈബിൾ ആയതുകൊണ്ട് അത് തെററാണെന്ന് നിരൂപകൻമാർ അവകാശപ്പെട്ടിരുന്നു. എന്നാൽ സർഗ്ഗോൻ ജീവിച്ചിരിക്കതന്നെ ചെയ്തു, എന്തുകൊണ്ടെന്നാൽ പുരാവസ്തു ശാസ്ത്രജ്ഞൻമാർ 200 മുറികളുള്ള അയാളുടെ കൊട്ടാരവും ആലേഖനങ്ങളുടെയും മററു വസ്തുക്കളുടെയും ഒരു ബൃഹത്തായ നിക്ഷേപവും കുഴിച്ചെടുത്തു. ഇവയിൽ സർഗ്ഗോന്റെ വൃത്താന്തചരിത്രവും ഉൾപ്പെടുന്നു. അത് ബൈബിളിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങളെ അസ്സീറിയൻ വീക്ഷണത്തിൽ സ്ഥിരീകരിക്കുന്നു. 19-ാം നൂററാണ്ടിന്റെ മദ്ധ്യം മുതൽ അസ്സീറിയൻ രാജാക്കൻമാരിൽ ഏററവും അധികം അറിയപ്പെടുന്നവരിൽ ഒരാൾ സർഗ്ഗോൻ ആണ്, അയാളെ സംബന്ധിച്ച് അനേകം വിശദാംശങ്ങൾ ഇപ്പോഴും അപൂർണ്ണമാണെങ്കിലും.
അങ്ങനെയിരിക്കെ, 1847-ൽ ഓഗസ്ററിൻ ഹെൻട്രി ലേയാർഡ് കോർസാബാഡിൽ നിന്ന് 12 മൈൽ തെക്കുപടിഞ്ഞാറു മാറിയുള്ള നിനവെയിൽ സെൻഹരീബിന്റെ കൊട്ടാരം കണ്ടുപിടിച്ചു. ഇത് യരൂശലേമിനെ ഉഗ്രമായി എതിർത്തവനും ബൈബിളിൽ 13 പ്രാവശ്യം പേർ പറയപ്പെട്ടവനുമായ അതേ സെൻഹരീബ് തന്നെയാണ്. ലേയാർഡ് ഈ കൊട്ടാരത്തിന്റെ 71 മുറികൾ പരിശോധിച്ചു. അത് യുദ്ധങ്ങളുടെയും വിജയങ്ങളുടെയും മതചടങ്ങുകളുടെയും രംഗങ്ങളാൽ ആർഭാടമായി അലങ്കരിക്കപ്പെട്ടിരുന്നു.
അതിലും അത്ഭുതകരമായി, പുരാവസ്തു ശാസ്ത്രജ്ഞൻമാർ സെൻഹരീബിന്റെ സ്വന്തം വൃത്താന്തചരിത്രം കണ്ടെത്തി—കളിമൺ സിലിണ്ടറുകളിലൊ പ്രിസങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളുടെ വാർഷിക റിപ്പോർട്ടുകൾ. ഒരെണ്ണം ചിക്കാഗോ യൂണിവേഴ്സിററിയുടെ ഓറിയൻറൽ ഇൻസ്ററിററ്യൂട്ടിൽ സൂക്ഷിച്ചിരിക്കുന്നു. മറെറാന്ന്, ടെയ്ലർ പ്രിസം, ബ്രിട്ടീഷ് കാഴ്ച ബംഗ്ലാവിലുണ്ട്.
ഈ കണ്ടുപിടുത്തങ്ങൾ എന്ത് പ്രകടമാക്കുന്നു? ഈ ജനത്തെ സംബന്ധിച്ചും അവർ ഉൾപ്പെട്ടിരുന്ന സംഭവങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നത് കൃത്യമായും സത്യമാണെന്നു തന്നെ—അസ്സീറിയൻ ഭരണാധികാരികളുടെ പേരുകൾ പോലും!
അസ്സീറിയൻ രാജാക്കൻമാർ
ഈ പുരാതന രാജാക്കൻമാരുടെ പേരുകൾ നിങ്ങൾക്ക് വിചിത്രമായി തോന്നിയേക്കാം. എന്നിരുന്നാലും അവയിൽ ഏഴെണ്ണമെങ്കിലും പരിചിതമാക്കുന്നത് നല്ലതാണ്. കാരണം, അവർ ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോട് അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.
ശൽമനേസ്സർ III സിംഹാസനത്തിൽ അവന്റെ പിതാവായ അശൂർനാസ്സിർപാലിന്റെ പിൻഗാമിയായി. നിമ്രൂദിൽ (കാലഹ്) കണ്ടെത്തപ്പെട്ടതും ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരിക്കുന്നതുമായ അയാളുടെ കറുത്ത ശ്രദ്ധാ സംജ്ഞയിൽ ഒരുപക്ഷേ ഒരു രഹസ്യദൂതൻ മുഖേന യിസ്രായേലിലെ യേഹൂരാജാവ് അയാൾക്ക് കപ്പം കൊടുക്കുന്നതിന്റെ ഒരു കൊത്തു പണി ഉണ്ട്.—2 രാജാക്കൻമാർ 10:31-33-ൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ താരതമ്യപ്പെടുത്തുക.
അതേ നൂററാണ്ടിൽ പിന്നീട് ക്രി. മു. 844-ാം ആണ്ടിനോടടുത്ത് ഒരു സമയത്ത് യോനാപ്രവാചകൻ വരാനിരിക്കുന്ന നാശത്തെക്കുറിച്ച് നിനവെയ്ക്ക് മുന്നറിയിപ്പുകൊടുക്കാൻ അയക്കപ്പെട്ടു.a നഗരം അനുതപിക്കുകയും നാശത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. ഇത് സംഭവിച്ചപ്പോഴത്തെ നിനവെയിലെ രാജാവ് കൃതൃമായി ആരാണെന്ന് നമുക്ക് അറിവില്ലെങ്കിലും ഈ കാലഘട്ടം അസ്സീറിയൻ ആക്രമണോൽസുകതയുടെ അധ:പതനത്തിന്റെ ഒരു ഘട്ടമായിരുന്നുവെന്നത് കുറിക്കൊള്ളുന്നത് താൽപര്യജനകമാണ്.
തിഗ്ളത്ത്-പിലേസ്സർ III (പൂൽ എന്നും വിളിക്കപ്പെടുന്നു) ബൈബിളിൽ പേർ പറഞ്ഞിരിക്കുന്ന ആദ്യത്തെ അസ്സീറിയൻ രാജാവാണ്. അയാൾ മെനാഹമിന്റെ (ക്രി. മു. 791-780) വാഴ്ചക്കാലത്ത് വടക്കേ യിസ്രായേൽ രാജ്യത്തേക്ക് നീങ്ങി. മെനാഹം അയാൾ പിൻമാറുന്നതിനുവേണ്ടി ആയിരം താലന്ത് വെള്ളി അയാൾക്ക് കൊടുത്തു എന്ന് ബൈബിൾ പറയുന്നു.—2 രാജാക്കൻമാർ 15:19, 20.
കാലഹിൽ കണ്ടെത്തപ്പെട്ട തന്റെ സ്വന്തം വൃത്താന്ത ചരിത്രത്തിൽ “ഞാൻ ശമര്യയിലെ മെനാഹമിൽ നിന്ന് . . . കപ്പം വാങ്ങി” എന്ന് പറഞ്ഞുകൊണ്ട് തിഗ്ളത്ത്-പിലേസ്സർ ഈ ബൈബിൾ വസ്തുതയെ സ്ഥിരീകരിക്കുന്നു.
ശമര്യ വീഴുന്നു
എന്നിരുന്നാലും, ശമര്യയും വടക്കേ പത്ത് ഗോത്ര യിസ്രായേൽ രാജ്യവും അസ്സീറിയക്കാരുമായി മാത്രമല്ല ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ യഹോവയാം ദൈവവുമായും കുഴപ്പത്തിലായി. അവർ അവന്റെ ആരാധനയിൽ നിന്ന് അനിയന്ത്രിതമായ, മത്തുപിടിച്ച, ബാൽ ആരാധനയിലേക്ക് തിരിഞ്ഞിരുന്നു. (ഹോശയാ 2:13) യഹോവയുടെ പ്രവാചകൻമാരിൽനിന്ന് അവർക്ക് ധാരാളം മുന്നറിയിപ്പുകൾ ലഭിച്ചിരുന്നിട്ടും അവർ പിൻതിരിയാൻ വിസമ്മതിച്ചു. അതുകൊണ്ട് ഹോശയാ പ്രവാചകൻ ഇങ്ങനെ എഴുതാൻ നിശ്വസ്തനായി: “ശമര്യയും അവളുടെ രാജാവും തീർച്ചയായും നിശബ്ദരാക്കപ്പെടും. ജലോപരിതലത്തിലെ മുറിഞ്ഞ ചുള്ളിപോലെതന്നെ.” (ഹോശയാ 10:7; 2 രാജാക്കൻമാർ 17:7; 12-18) അസ്സീറിയക്കാർ യിസ്രായേലിനോട് ഇത് ചെയ്തെന്ന് ബൈബിൾ നമ്മോടു പറയുന്നു—നാം കാണാൻ പോകുന്നതുപോലെ അസ്സീറിയക്കാരുടെ സ്വന്തം രേഖകളും അത് പറയുന്നു.
തിഗ്ലത്ത്-പിലേസറുടെ പിൻഗാമിയായ ശൽമനേസ്സർ V യിസ്രായേലിന്റെ വടക്കേ പത്ത് ഗോത്രരാജ്യത്തെ ആക്രമിക്കുകയും അതിന്റെ അതിബലിഷ്ഠമായിരുന്ന തലസ്ഥാനമായ ശമര്യയെ ഉപരോധിക്കുകയും ചെയ്തു. യഹോവയുടെ പ്രവാചകൻമാർ സംഭവിക്കുമെന്ന് പറഞ്ഞിരുന്നതുപോലെ മൂന്ന് വർഷത്തെ ഉപരോധത്തിനുശേഷം ശമര്യ വീണു. (ക്രി. മു. 740).—മീഖാ 1:1, 6; 2 രാജാക്കൻമാർ 17:5.
സാർഗോൻ II ശൽമനേസ്സറിന്റെ പിൻഗാമിയായി. അയാളുടെ വാഴ്ചയുടെ ആരംഭം നഗരം വീണവർഷത്തോട് ഒത്തു വരുന്നതായി പറയപ്പെടുന്നതുകൊണ്ട് അയാൾ ശമര്യയുടെ ജയിച്ചടക്കൽ പൂർത്തീകരിച്ചിരിക്കാം. ശമര്യ വീണശേഷം അസ്സീറിയാരാജാവ് “യിസ്രായേലിനെ അസ്സീറിയായിലെ പ്രവാസത്തിലേക്ക് കൊണ്ടുപോയി” എന്ന് ബൈബിൾ പറയുന്നു. (2 രാജാക്കൻമാർ 17:6) കോർസാബാഡിൽ കണ്ടെത്തപ്പെട്ട ഒരു അസ്സീറിയൻ ലിഖിതം ഇതിനെ സ്ഥിരീകരിക്കുന്നു. അതിൽ സർഗ്ഗോൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഞാൻ ശമര്യയെ ഉപരോധിക്കുകയും ജയിച്ചടക്കുകയും അതിലെ 27,290 നിവാസികളെ കവർച്ചയായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു.”
യിസ്രായേല്യരെ നീക്കം ചെയ്തശേഷം അസ്സീറിയായിലെ രാജാവ് “മററ് പ്രദേശങ്ങളിൽനിന്നുള്ള ആളുകളെ കൊണ്ടുവരികയും ശമര്യ നഗരങ്ങളിൽ യിസ്രായേൽ പുത്രൻമാർക്ക് പകരം അവരെ പാർപ്പിക്കയും ചെയ്തു; അവർ ശമര്യ കൈവശപ്പെടുത്തി, അതിലെ നഗരങ്ങളിൽ വസിച്ചുതുടങ്ങി,” എന്ന് ബൈബിൾ കൂടുതലായി പറയുന്നു.—2 രാജാക്കൻമാർ 17:24.
അസ്സീറിയൻ രേഖ ഇതിനെയും സ്ഥിരീകരിക്കുന്നുവോ? ഉവ്വ്, നിമ്രൂദ് പ്രിസത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സർഗ്ഗോന്റെ സ്വന്തം വൃത്താന്ത ചരിത്രം പറയുന്നു: “ഞാൻ ശമര്യ നഗരത്തെ പുന:സ്ഥിതീകരിച്ചു . . . എന്റെ സ്വന്തം കൈകളാൽ ജയിച്ചടക്കപ്പെട്ട രാജ്യങ്ങളിൽ നിന്ന് ആളുകളെ ഞാൻ അതിലേക്ക് കൊണ്ടുവന്നു.”—പഴയ നിയമചരിത്ര ചിത്രീകരണങ്ങൾ, ആർ. ഡി. ബാണററ്, പേജ് 52.
യരൂശലേം രക്ഷിക്കപ്പെടുന്നു
സർഗ്ഗോന്റെ പുത്രനും പിൻഗാമിയുമായ സൻഹെരീബ് ബൈബിൾ വിദ്യാർത്ഥികൾക്ക് സുപരിചിതനാണ്. ക്രി. മു. 732-ൽ ഈ സൈനിക മനസ്കനായ രാജാവ് തെക്കേ യഹൂദാരാജ്യത്തിനെതിരെ ശക്തമായ ഒരു യുദ്ധയന്ത്രം കൊണ്ടുവന്നു.
“അസ്സീറിയൻ രാജാവായ സൻഹെരീബ് യഹൂദയിലെ ഉറപ്പുള്ള സകല നഗരങ്ങൾക്കുമെതിരെ വരികയും അവയെ പിടിച്ചടക്കുകയും ചെയ്തു.” ഈ ഭീഷണിയാൽ ഭയചകിതനായ യരൂശലേമിലെ ഹിസ്കിയാരാജാവ് “ലാഖീശിൽ അസ്സീറിയാ രാജാവിന്റെ അടുക്കലേക്ക് ആളയക്കുകയും” വലിയ ഒരു കപ്പം കൊടുത്ത് അവനെ പ്രീണിപ്പിക്കാൻ ഒരുമ്പെടുകയും ചെയ്തു.—2 രാജാക്കൻമാർ 18:13, 14.
താൻ ലാഖീശിലായിരുന്നുവെന്ന് സൻഹെരീബ് സ്ഥിരീകരിക്കുന്നുണ്ടോ? തീർച്ചയായും! അയാൾ തന്റെ പടുകൂററൻ കൊട്ടാരത്തിന്റെ വലിയ തടിച്ചുവരുകളിൽ ഈ ഉപരോധത്തിന്റെ രംഗങ്ങൾ പ്രദർശിപ്പിച്ചു. പുരാവസ്തു ശാസ്ത്രജ്ഞൻമാർ നിനവെയിൽ ഇത് ഗവേഷണം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിലെ ഈ വിശദമായ തടിച്ചുവരുകൾ ആക്രമണത്തിൻ കീഴിലായിരിക്കുന്ന ലാഖീശിനെ കാണിച്ചു തരുന്നു. ബന്ദികളെ നടത്തിക്കൊണ്ടു പോകുന്നു. ചിലരെ തൂണുകളിൽ തറച്ചിരിക്കയാണ്. ചിലർ ബൈബിൾ വിവരണത്തിൽ പറഞ്ഞിരിക്കുന്ന ആളുതന്നെയായ സൻഹെരീബിനെ പ്രണമിക്കുന്നു. ആപ്പാകൃതിയിലുള്ള ഒരു ക്യൂനിഫോം ആലേഖനം ഇങ്ങനെ പറയുന്നു: “അശൂർ രാജാവും ലോകരാജാവുമായ സൻഹെരീബ് ഒരു നിമേഡു-സിംഹാസനത്തിൽ ഇരിക്കയും ലാഖീശിൽനിന്ന് എടുത്ത കൊള്ള പുന:പരിശോധിക്കയും ചെയ്തു.”
ഹിസ്ക്കിയാ രാജാവ് “300 വെള്ളിത്താലന്തുകളും 30 പൊൻതാലന്തുകളും” കപ്പമായി കൊടുത്തു എന്ന് ബൈബിൾ പറയുന്നു. (2 രാജാക്കൻമാർ 18:14, 15) തനിക്ക് “800 താലന്ത് വെള്ളി” കിട്ടിയെന്ന് സൻഹെരീബ് അവകാശപ്പെടുന്നുവെങ്കിലും, സൻഹെരീബിന്റെ വൃത്താന്തചരിത്രത്തിൽ ഈ കപ്പം കൊടുക്കൽ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
ഈ കപ്പം കൊടുക്കൽ ഗണ്യമാക്കാതെ അസ്സീറിയൻ രാജാവിന്റെ സന്ദേശവാഹകൻമാർ യരൂശലേമിന്റെ മതിലുകൾക്ക് പുറത്ത് നിന്നുകൊണ്ട് യഹോവയാംദൈവത്തെ പരിഹസിക്കുകയും അവന്റെ വിശുദ്ധ നഗരത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യരുശലേമിനുള്ളിലുണ്ടായിരുന്ന യെശയ്യാവ് മുഖാന്തരം യഹോവ സൻഹെരീബിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവൻ ഈ നഗരത്തിലേക്ക് വരുകയോ അവിടെ ഒരു അമ്പ് എയ്കയോ ഒരു പരിചകൊണ്ട് അതിനെ നേരിടുകയോ അതിനെതിരെ കൊത്തളം പണിയുകയോ ചെയ്കയില്ല. അവൻ വന്ന വഴിയെ മടങ്ങിപ്പോകും, ഈ നഗരത്തിലേക്ക് അവൻ വരുകയില്ല.”—2 രാജാക്കൻമാർ 18:17-19:8, 32, 33.
യഹോവ വാഗ്ദത്തം ചെയ്തിരുന്നതുപോലെ സൻഹെരീബിനെ തടഞ്ഞോ? അന്ന് രാത്രിതന്നെ 1,85,000 അസ്സീറിയക്കാർ ദൈവത്തിന്റെ ദൂതനാൽ വീഴിക്കപ്പെട്ടു. സെൻഹെരീബ് പിൻവാങ്ങുകയും നിനവെയിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. പിന്നീട് അവൻ തന്റെ ദൈവമായിരുന്ന നിസ്രോക്കിന്റെ മുമ്പാകെ കുമ്പിട്ടുകൊണ്ടിരുന്നപ്പോൾ അവന്റെ രണ്ട് പുത്രൻമാർ അവനെ കൊന്നു.—2 രാജാക്കൻമാർ 19:35-37.
തീർച്ചയായും ധിക്കാരിയായ സൻഹെരീബ് തന്റെ ഈ സൈനിക നഷ്ടത്തെക്കുറിച്ച് പൊങ്ങച്ചം പറയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. എന്നാൽ അവൻ പറയുന്നത് താൽപ്പര്യജനകമാണ്. ഓറിയൻറൽ ഇൻസ്ററിട്യൂട്ട് പ്രിസത്തിലും ടെയ്ലർ പ്രിസത്തിലും രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ വൃത്താന്തചരിത്രം പറയുന്നു: “യഹൂദനായ ഹിസ്ക്കിയാവിനെ സംബന്ധിച്ചിടത്തോളം അവൻ എന്റെ നുകത്തിന് കീഴ്പ്പെട്ടില്ല. അവന്റെ ബലമുള്ള നഗരങ്ങളിൽ 46 എണ്ണത്തെയും ചുവരുകളോടുകൂടിയ കോട്ടകളെയും അവയുടെ പരിസരത്തുള്ള അസംഖ്യം ചെറുഗ്രാമങ്ങളെയും ഞാൻ ഉപരോധിക്കയും (അവയെ കീഴടക്കുകയും ചെയ്തു) . . . അവനെത്തന്നെ അവന്റെ രാജകീയ വസതിയായ യരൂശലേമിൽ ഞാൻ തടവിലാക്കി, കൂട്ടിലെ ഒരു പക്ഷിയെപ്പോലെ”. “ഭയജനകമായ നമ്മുടെ പ്രതാപം” ഹിസ്ക്കിയാവിനെ കവിഞ്ഞു എന്ന് സൻഹെരീബ് പറയുന്നു. എന്നാൽ അവൻ “ബലമുള്ള നഗര”ങ്ങളെയും “ചെറിയ ഗ്രാമ”ങ്ങളെയും കുറിച്ച് പറഞ്ഞതുപോലെ താൻ ഹിസ്ക്കിയാവിനെ കീഴടക്കിയെന്നോ യരൂശലേമിനെ ജയിച്ചടക്കിയെന്നോ അവൻ പറയുന്നില്ല. എന്തുകൊണ്ട്? ബൈബിൾ പ്രകടമാക്കുന്നതുപോലെ അതിനുവേണ്ടി സൻഹെരീബ് അയച്ച സൈന്യത്തിലെ ശ്രേഷ്ഠൻമാർ നശിപ്പിക്കപ്പെട്ടിരുന്നു.
സൻഹെരീബിന്റെ ഒരു ഇളയപുത്രനും പിൻഗാമിയുമായ ഏസെർ-ഹദ്ദോനെക്കുറിച്ച് ബൈബിളിൽ മൂന്ന് പ്രാവശ്യം പറയപ്പെട്ടിരിക്കുന്നു—2 രാജാക്കൻമാരിലും എസ്രായിലും യെശയ്യാവിലും. അസ്സീറിയക്കാർ യഹൂദാരാജാവായ മനശ്ശെയെ കീഴടക്കിയെന്ന് ബൈബിൾ രേഖപ്പെടുത്തുന്നു. പുരാവസ്തു ശാസ്ത്രജ്ഞൻമാർ ഏസെർ-ഹദ്ദോന് കപ്പം കൊടുത്തവരിൽ “യഹൂദരാജാവായ മനശ്ശെ”യെ ഉൾപ്പെടുത്തുന്ന ഒരു അസ്സീറിയൻ പട്ടിക കണ്ടെത്തിയിട്ടുണ്ട്.—2 ദിനവൃത്താന്തം 33:11.
ഏസെർ-ഹദ്ദോന്റെ പുത്രനായ അശൂർബാനിപ്പാൽ എസ്രാ 4:10-ൽ പറയപ്പെട്ടിരിക്കുന്ന “മഹാനും മാന്യനുമായ അസനപ്പർ” ആണെന്ന് വിചാരിക്കപ്പെടുന്നു. അയാൾ അശൂർ സാമ്രാജ്യത്തെ ഏററവും വിപുലമായി വികസിപ്പിച്ചു.
ഒരു ലോകശക്തിയുടെ അവസാനം
അസ്സീറിയായുടെ ദുഷ്ടത നിമിത്തം അതിന്റെ നാശം വിധിക്കപ്പെട്ടിരുന്നു. അതിന്റെ തലസ്ഥാനമായ നിനവെ “നദികളുടെ ചീപ്പുകളിൽ” ഭേദിക്കപ്പെട്ടുവെന്നും “കൊട്ടാരം തന്നെ യഥാർത്ഥത്തിൽ വിലയിക്കപ്പെടുമെന്നും” യഹോവയുടെ പ്രവാചകനായ നഹൂം എഴുതിയിരുന്നു. വെള്ളിയുടെയും പൊന്നിന്റെയും ഒരു കവർച്ച നടക്കും. നഗരം ശൂന്യമാക്കപ്പെടും, “നിനവെ ശൂന്യമാക്കപ്പെട്ടിരിക്കുന്നു! ആർ അവളോട് സഹതപിക്കും?” എന്ന് ജനം പറയും.—നഹൂം 2:6-10; 3:7.
ഇതും സംഭവിച്ചോ? നിനവെയുടെ ജേതാക്കൾ ഉത്തരം പറയട്ടെ. ക്രി. മു. 632-ൽ ബാബിലോന്യരും മേദ്യരും അസീറിയൻ തലസ്ഥാനത്തോട് കഠിനമായി പ്രതികാരം ചെയ്തു. ബാബിലോന്റെ വൃത്താന്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു: “നഗരത്തിലെയും ആലയത്തിലെയും കൊള്ള അവർ എടുത്തുകൊണ്ടുപോവുകയും നഗരത്തെ അവർ ഒരു ശൂന്യ കൂമ്പാരമാക്കുകയും ചെയ്തു.”
രണ്ട് വലിയ കൂനകൾ ഈ ഗർവ്വിഷ്ഠമായ തലസ്ഥാനത്ത് ഇപ്പോൾ കാണപ്പെടുന്നുണ്ട്. അവ യാതൊരു ജനതയ്ക്കും—ഗർവ്വിഷ്ഠവും അക്രമാസക്തവുമായ അസ്സീറിയക്കാർക്കുപോലും—യഹോവയുടെ പ്രവചനങ്ങളുടെ സുനിശ്ചിതമായ നിവൃത്തിയെ തടയാൻ കഴിയുകയില്ലെന്നുള്ള വസ്തുതയുടെ ഒരു സാക്ഷ്യമാണ്. (w88 2/15)
[അടിക്കുറിപ്പുകൾ]
a തീയതികളുടെ കാര്യത്തിൽ ഞങ്ങൾ ബൈബിളിനാൽ സ്വീകരിക്കപ്പെടുന്ന കാലഗണനയെ സ്വീകരിക്കുന്നു. അത് അത്രയും വിശ്വാസയോഗ്യമല്ലാത്ത മതേതര ഉറവുകളിൽ അധിഷ്ഠിതമായ പുരാതന തീയതികളിൽനിന്ന് വ്യത്യസ്തമാണ്. ബൈബിൾപരമായ കാലഗണനയുടെ വിശദമായ ഒരു ചർച്ചക്ക് ബൈബിൾ ഗ്രാഹ്യസഹായി 322-48 പേജുകൾ, വിശേഷിച്ച് 325-6 പേജുകളിലെ അസ്സീറിയായെ സംബന്ധിച്ച വിഭാഗം കാണുക.
[24-ാം പേജിലെ ഭൂപടം]
[പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക]
അസ്സീറിയ സാമ്രാജ്യം
നിനെവ
ബാബിലോൻ
ദമാസ്ക്കസ്
ശമര്യ
ലാഖീശ്
യരൂശേലം
അറേബ്യ
ഈജിപ്റ്റ്
മഹാസമുദ്രം
[കടപ്പാട്]
Based on a map copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel
[27-ാം പേജിലെ ചിത്രം]
അശൂർബാനിപ്പാൽ രാജാവ് കൊല്ലപ്പെട്ട സിംഹങ്ങളുടെമേൽ ഒരു വീഞ്ഞ് ബലി പകരുന്നു. ഇത് നിങ്ങളെ നിമ്രോദിനെ ഓർമ്മിപ്പിക്കുന്നുണ്ടോ?
[കടപ്പാട്]
Courtesy of the British Museum, London
[28-ാം പേജിലെ ചിത്രം]
ലാഖീശ് എന്ന ബലിഷ്ഠ യഹൂദ്യനഗരത്തിനെതിരെ ഒരു ഉപരോധ യന്ത്രം കൊണ്ട് ആക്രമണം നടത്തുന്നതിനെ ചിത്രീകരിക്കുന്ന അസ്സീറിയൻ കൊത്തുപണി
[കടപ്പാട്]
Courtesy of the British Museum, London
റെറൽ ലാഖീശ്. ഈ തെക്കുപടിഞ്ഞാറെ പ്രധാനപ്പെട്ട ഔട്ട്പോസ്ററ് അസ്സീറിയക്കാർ ലാഖീശിനെ ഉപരോധിച്ച് ജയിച്ചടക്കുന്നതുവരെ യഹൂദാകുന്നിൻപ്രദേശത്തെ കാവൽ ചെയ്തു
[കടപ്പാട്]
Pictorial Archive (Near Eastern History) Est.
[29-ാം പേജിലെ ചിത്രം]
രാജകുമാരൻ ആയിരിക്കാവുന്ന സൻഹെരീബ് എന്ന അസ്സീറിയൻ ഉദ്യോഗസ്ഥനെ അഭിമുഖീകരിച്ച് നിൽക്കുന്ന സർഗ്ഗോൻ II-ന്റെ (ഇടതു വശത്ത്) കൊത്തുപണി