യഹോവയുടെ ആലയത്തിന്റെ വലിയ മഹത്ത്വം
“ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”—ഹഗ്ഗായി 2:7.
1. വിശ്വാസത്തോടും പ്രവൃത്തിയോടും പരിശുദ്ധാത്മാവ് ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
വീടുതോറുമുള്ള പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കെ, ഒരു യഹോവയുടെ സാക്ഷി ഒരു പെന്തക്കോസ്തുകാരിയെ കണ്ടുമുട്ടി. ആ സ്ത്രീ ഇങ്ങനെ പറഞ്ഞു, ‘പരിശുദ്ധാത്മാവുള്ളത് ഞങ്ങൾക്കാണ്, എന്നാൽ വേല ചെയ്യുന്നത് നിങ്ങളും.’ പരിശുദ്ധാത്മാവുള്ളവർ സ്വാഭാവികമായും ദൈവത്തിന്റെ വേല ചെയ്യാൻ പ്രചോദിതരായിത്തീരുമെന്ന് ആ സ്ത്രീയോടു നയപൂർവം വിശദീകരിച്ചുകൊടുത്തു. “വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു” എന്ന് യാക്കോബ് 2:17 പ്രസ്താവിക്കുന്നു. യഹോവയുടെ ആത്മാവിന്റെ സഹായത്താൽ, അവന്റെ സാക്ഷികൾ ശക്തമായ വിശ്വാസം നട്ടുവളർത്തിയിരിക്കുന്നു. നീതിപ്രവൃത്തികൾ, അതായത് മുഖ്യമായും ‘സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കൽ,’ നിർവഹിക്കാൻ അവരെ നിയമിച്ചിരിക്കുന്നതിനാൽ, അവൻ ‘തന്റെ ആലയത്തെ മഹത്വപൂർണ്ണമാക്കി’യിരിക്കുന്നു. യഹോവയ്ക്കു തൃപ്തി വരുവോളം ഈ വേല ചെയ്തുകഴിയുന്നതെപ്പോഴോ, “അപ്പോൾ അവസാനം വരും.”—മത്തായി 24:14.
2. (എ) യഹോവയുടെ സേവനത്തിൽ ആമഗ്നരാകുന്നത് എന്തനുഗ്രഹം കൈവരുത്തും? (ബി) പ്രത്യക്ഷത്തിലുള്ള ‘വൈകൽ’ സംബന്ധിച്ചു നാം സന്തോഷിക്കേണ്ടത് എന്തുകൊണ്ട്?
2 ‘ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷം’ മറ്റുള്ളവരോടു പ്രസംഗിക്കുകയെന്ന വേല നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നു, ഇന്നത്തെ നമ്മുടെ വേല അതിൽ കേന്ദ്രീകരിച്ചിരിക്കണമെന്നു യേശുവിന്റെ വാക്കുകളിൽനിന്നു നാം മനസ്സിലാക്കുന്നു. (1 തിമൊഥെയൊസ് 1:11) നാം സന്തോഷത്തോടെ യഹോവയുടെ സേവനത്തിൽ എത്രയധികം ആമഗ്നരാകുന്നുവോ, അത്രയധികം വേഗത്തിൽ അവസാനം വരുന്നതായി തോന്നും. ഹബക്കൂക്ക് 2:2, 3-ൽ യഹോവയുടെ വാക്കുകൾ നാം വായിക്കുന്നു: “നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെക്കുക. ദർശനത്തിന്നു ഒരു അവധി വെച്ചിരിക്കുന്നു, അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” “ദർശനം” “വൈകിയാലും” സത്യമായി ഭവിക്കും. യേശുവിന്റെ രാജ്യഭരണത്തിന്റെ 83-ാം വർഷത്തിലായ സ്ഥിതിക്ക്, ഇപ്പോൾതന്നെ വൈകിയിരിക്കുന്ന ഒരു കാലഘട്ടത്തിലാണു നാമെന്നു ചിലർ വിചാരിച്ചേക്കാം. അന്ത്യം ഇതുവരെയും വന്നെത്താത്തതിൽ നാം സന്തുഷ്ടരായിരിക്കേണ്ടതല്ലേ? 1990-കളുടെ ഈ ദശകത്തിൽ അത്ഭുതകരമെന്നു തോന്നത്തക്കവിധം, പൂർവയൂറോപ്പിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും മറ്റു ദേശങ്ങളിലും സുവാർത്താപ്രസംഗത്തിന്മേലുള്ള വിലക്കുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷത്തിലുള്ള ഈ ‘വൈകൽ’ അടുത്ത കാലത്തു തുറന്നുകിട്ടിയിരിക്കുന്ന ഈ പ്രദേശങ്ങളിൽനിന്നു കൂടുതൽ ‘ആടുകളെ’ കൂട്ടിച്ചേർക്കുന്നതിനുള്ള സമയം അനുവദിക്കുന്നു.—യോഹന്നാൻ 10:16.
3. “ഈ തലമുറ”യെ സംബന്ധിച്ച നമ്മുടെ പുതിയ ഗ്രാഹ്യം അടിയന്തിരമായി ദൈവത്തിന്റെ വേലയിൽ ഏർപ്പെടാൻ നമ്മെ പ്രേരിപ്പിക്കേണ്ടത് എന്തുകൊണ്ട്?
3 ‘അതു താമസിക്കയില്ല’ എന്നു പ്രവാചകൻ പറയുന്നു. “ഇതൊക്കെയും സംഭവിക്കുവോളം” ഇപ്പോഴത്തെ ദുഷ്ട തലമുറ ഒഴിഞ്ഞുപോകുകയില്ലെന്ന് യേശു പറഞ്ഞു. (മത്തായി 24:34) അവന്റെ വാക്കുകൾ സംബന്ധിച്ച നമ്മുടെ പുതിയ ഗ്രാഹ്യം നമ്മുടെ പ്രസംഗപ്രവർത്തനം അത്ര അടിയന്തിരമല്ലെന്ന് അർഥമാക്കുന്നുവോ?a നേരെ വിപരീതമാണു വാസ്തവമെന്നു വസ്തുതകൾ കാണിക്കുന്നു! നമ്മുടെ ഇക്കാലത്തെ തലമുറ അഭൂതപൂർവമായ ദുഷ്ടതയിലേക്കും അഴിമതിയിലേക്കും കൂപ്പുകുത്തുകയാണ്. (പ്രവൃത്തികൾ 2:40 താരതമ്യം ചെയ്യുക.) നാം അടിയന്തിരമായി നമ്മുടെ വേല ചെയ്യേണ്ടതുണ്ട്. (2 തിമൊഥെയൊസ് 4:2) മഹോപദ്രവത്തിന്റെ സമയത്തെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും കാണിക്കുന്നത് അതു ക്ഷണത്തിൽ, പെട്ടെന്നുതന്നെ, ഒരു കള്ളനെപ്പോലെ രഹസ്യമായി വരുമെന്നാണ്. (1 തെസ്സലൊനീക്യർ 5:1-4; വെളിപ്പാടു 3:3; 16:15) “അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.” (മത്തായി 24:44) മനുഷ്യവർഗത്തിലെ ദൈവരഹിത തലമുറ ഉന്മൂലനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നതിനാൽ, ലോകത്തിന്റെ ശ്രദ്ധാശൈഥില്യങ്ങളാകുന്ന ‘ചളിയിൽ ഉരുളുവാൻ’ മടങ്ങിക്കൊണ്ട് നിത്യജീവന്റെ അമൂല്യ പ്രതീക്ഷ എറിഞ്ഞുകളയാൻ നാം തീർച്ചയായും ആഗ്രഹിക്കരുത്!—2 പത്രൊസ് 2:22; 3:10; ലൂക്കൊസ് 21:32-36.
4. ഏതു സാഹചര്യം “തൽസമയത്തു” കൂടുതലായ “ഭക്ഷണം” ആവശ്യമാക്കിത്തീർത്തിരിക്കുന്നു, ഈ ആവശ്യം നിറവേറ്റിയിരിക്കുന്നത് എങ്ങനെ?
4 യേശുവിന്റെ പ്രവചനത്തിനു ചേർച്ചയിൽ, മനുഷ്യവർഗം ‘ലോകാവസാന’കാലത്തു പ്രവേശിച്ച 1914-ൽ ‘ഈററുനോവിന്റെ ആരംഭ’മുണ്ടായി. ദുഃഖം, വിപത്കരമായ സംഭവങ്ങൾ, അധർമം തുടങ്ങിയവ ഇന്നോളം പല മടങ്ങ് വർധിച്ചിരിക്കുന്നു. (മത്തായി 24:3-8, 12) അതേസമയം, തങ്ങളുടെ യജമാനനായ ക്രിസ്തുവിന്റെ വീട്ടുകാർക്ക് “തൽസമയത്തു” ആത്മീയ “ഭക്ഷണം” കൊടുക്കേണ്ടതിന് യഹോവ വിശ്വസ്തനും വിവേകിയുമായ അഭിഷിക്ത അടിമവർഗത്തെ നിയോഗിച്ചിരിക്കുന്നു. (മത്തായി 24:45-47) സ്വർഗത്തിലെ തന്റെ സിംഹാസനത്തിൽനിന്ന്, ഈ മിശിഹൈക രാജാവ് ഭൂമിയിലെമ്പാടുമുള്ള അത്ഭുതകരമായ ആത്മീയ പോഷിപ്പിക്കൽ പരിപാടിയെ നയിച്ചുകൊണ്ടിരിക്കുകയാണ്.
സമൃദ്ധമായ “ആഹാരവീതം”
5. “ആഹാര”ത്തിലെ അടിസ്ഥാന ഘടകത്തിന് എന്തു ശ്രദ്ധ ലഭിച്ചുകൊണ്ടിരിക്കുന്നു?
5 “ആഹാരവീതം” തയ്യാറാക്കുന്നത് എങ്ങനെയെന്നു പരിഗണിക്കുക. (ലൂക്കൊസ് 12:42) ക്രിസ്തീയ ഭക്ഷ്യക്രമത്തിലെ ഏറ്റവും അടിസ്ഥാന ഘടകം ദൈവവചനമായ ബൈബിളാണ്. ബൈബിൾ ഫലപ്രദമായി പഠിപ്പിക്കുന്നതിന്, ആദ്യംതന്നെ വായിക്കാനെളുപ്പമുള്ളതും കൃത്യവുമായ ഒരു പരിഭാഷ ആവശ്യമാണ്. വർഷങ്ങളായി ഈ ആവശ്യം അനുക്രമമായി നിവർത്തിച്ചുകൊണ്ടാണിരിക്കുന്നത്, പ്രത്യേകിച്ചും 1950 മുതൽ. ആ വർഷമാണു ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ഇംഗ്ലീഷിൽ പ്രകാശനം ചെയ്തത്. 1961 ആയപ്പോഴേക്കും മുഴു ബൈബിളിന്റെയും പുതിയലോക ഭാഷാന്തരം ലഭ്യമായി. പെട്ടെന്നുതന്നെ മറ്റു മുഖ്യ ഭാഷകളിലും അതിന്റെ പതിപ്പുകൾ പ്രത്യക്ഷപ്പെട്ടു. 1996 എന്ന സേവനവർഷത്തിൽ 3 വാല്യങ്ങൾ പ്രകാശനം ചെയ്തതോടെ ഇപ്പോൾ അതു മൊത്തം 27 ഭാഷകളിലുണ്ട്. അതിൽ 14 ഭാഷകളിൽ സമ്പൂർണ ബൈബിളാണുള്ളത്. ബൈബിളിന്റെയും അതുപോലെതന്നെ ബൈബിൾ സഹായികളുടെയും ഈ വേല നിർവഹിക്കുന്നതിന് ഏതാണ്ട് 1,174 സമർപ്പിത ക്രിസ്ത്യാനികൾ 77 രാജ്യങ്ങളിൽ മുഴുസമയം പരിഭാഷാവൃത്തി ചെയ്യുന്നു.
6. ബൈബിൾ പ്രസിദ്ധീകരണങ്ങൾക്കുള്ള ആവശ്യം സൊസൈറ്റി നിവർത്തിച്ചിരിക്കുന്നത് എങ്ങനെ?
6 ഈ പരിഭാഷകസംഘത്തെ പിന്തുണച്ചുകൊണ്ട് വാച്ച് ടവർ സൊസൈറ്റിയുടെ അച്ചടി നടത്തുന്ന 24 ബ്രാഞ്ചുകൾ എക്കാലത്തെക്കാളും കൂടുതൽ പ്രസിദ്ധീകരണങ്ങൾ ഉത്പാദിപ്പിച്ചുകൊണ്ടാണിരിക്കുന്നത്. ഈ ഉദ്ദേശ്യത്തിൽ, പ്രമുഖ ബ്രാഞ്ചുകളിൽ അതിവേഗതയുള്ള റോട്ടറി അച്ചടിയന്ത്രങ്ങൾ തുടർന്നും സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഉത്പാദനം ഓരോ മാസവും കൂടിക്കൊണ്ടിരിക്കുന്നു. രണ്ടിനും കൂടിയുള്ള മൊത്ത ഉത്പാദനം 94,38,92,500 കോപ്പികളാണ്. ഈ വർഷം 13.4 ശതമാനം വർധനവ്. ഐക്യനാടുകൾ, ബ്രസീൽ, ഫിൻലൻഡ്, ജർമനി, ഇറ്റലി, ജപ്പാൻ, കൊറിയ, മെക്സിക്കോ എന്നിവിടങ്ങളിൽ മാത്രം ബൈബിളിന്റെയും ബയൻറിട്ട പുസ്തകങ്ങളുടെയും മൊത്ത ഉത്പാദനം 1995-ലേതിൽനിന്ന് 40 ശതമാനം വർധിച്ച് 1996-ൽ 7,67,60,098 പ്രതികളായിത്തീർന്നു. മറ്റു ബ്രാഞ്ചുകളും സാഹിത്യ ഉത്പാദനത്തിന്റെ ആകമാന വർധനവിനു കാര്യമായ സംഭാവന ചെയ്തിരിക്കുന്നു.
7. യെശയ്യാവു 54:2-ന് ഇപ്പോൾ കൂടുതലായ അടിയന്തിരത ലഭിക്കുന്നത് എങ്ങനെ?
7 പൂർവയൂറോപ്പിലും ആഫ്രിക്കയിലും യഹോവയുടെ സാക്ഷികളുടെ മേലുള്ള നിരോധനം നീക്കം ചെയ്യപ്പെട്ടതോടെയാണ് 1990-കളിൽ ഈ വർധനവിലധികവും ആവശ്യമായിവന്നത്. ഈ സ്ഥലങ്ങളിൽ ആത്മീയ ഭക്ഷണത്തിനായുള്ള വിശപ്പ് വലുതാണ്. അതുകൊണ്ട് ഈ ആഹ്വാനം എന്നത്തെക്കാളും കൂടുതൽ അടിയന്തിരതയോടെ മുഴങ്ങിക്കേൾക്കുകയാണ്: “നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവിർക്കട്ടെ; തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുറ്റികളെ ഉറപ്പിക്ക.”—യെശയ്യാവു 54:2.
8. സാമ്പത്തിക സഹായം നൽകാൻ ഉദാരമായ എന്തു പ്രതികരണം സഹായിച്ചുകൊണ്ടിരിക്കുന്നു?
8 അങ്ങനെ, സൊസൈറ്റിയുടെ 104 ബ്രാഞ്ചുകളിൽ പലതിന്റെയും സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് ആവശ്യമായിവന്നു. പുതുതായി തുറന്നുകിട്ടിയ മിക്ക സ്ഥലങ്ങളിലെയും കടുത്ത സാമ്പത്തികാവസ്ഥകൾ നിമിത്തം ഈ വികസനത്തിനുള്ള ചെലവിന്റെ സിംഹഭാഗവും നിറവേറ്റപ്പെടുന്നത് സമ്പന്ന ദേശങ്ങളിൽനിന്നു ലോകവ്യാപക വേലയ്ക്കായി ലഭിക്കുന്ന സംഭാവനകളിലൂടെയാണ്. സന്തോഷകരമെന്നു പറയട്ടെ, പുറപ്പാടു 35:21-ൽ കാണുന്ന ആത്മാവോടെ സഭകളും വ്യക്തികളും മുഴു ഹൃദയത്തോടെ പ്രതികരിക്കുകയാണ്: “ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവൻ എല്ലാം . . . യഹോവെക്കു വഴിപാടു കൊണ്ടുവന്നു.” ഉദാരമായ ഈ കൊടുക്കലിൽ പങ്കുള്ള എല്ലാവരോടും നന്ദി പറയാൻ ഞങ്ങൾ ഈ അവസരം വിനിയോഗിക്കുകയാണ്.—2 കൊരിന്ത്യർ 9:11.
9. ഇന്ന് റോമർ 10:13, 18 നിവൃത്തിയേറിക്കൊണ്ടിരിക്കുന്നത് എങ്ങനെ?
9 1996-ൽ വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ യഹോവയുടെ നാമത്തെയും ഉദ്ദേശ്യങ്ങളെയും ഭൂമിയുടെ അറ്റങ്ങളോളം മഹത്ത്വപ്പെടുത്തിയിരിക്കുന്നു. പൗലൊസ് അപ്പോസ്തലൻ മുൻകൂട്ടിപ്പറഞ്ഞതുപോലെയാണത്. യോവേലിന്റെ പ്രവചനവും 19-ാം സങ്കീർത്തനവും ഉദ്ധരിച്ചുകൊണ്ട് അവൻ എഴുതി: ‘“കർത്താവിന്റെ [“യഹോവയുടെ,” NW] നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ നാദം സർവ്വഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അററത്തോളവും പരന്നു.”’ (റോമർ 10:13, 18) യഹോവ എന്ന അമൂല്യ നാമത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് അവന്റെ ആരാധനാലയത്തെ മഹത്ത്വംകൊണ്ടു നിറയ്ക്കുന്നതിൽ അവന്റെ ജനം നിർണായകമായ ഒരു പങ്കു വഹിച്ചിരിക്കുന്നു. എന്നിരുന്നാലും, ഈ പ്രഖ്യാപനം വിശേഷിച്ചും 1996-ൽ എങ്ങനെയാണു വർധിച്ചിരിക്കുന്നത്? 18 മുതൽ 21 വരെയുള്ള പേജുകളിൽ കൊടുത്തിരിക്കുന്ന പിൻവരുന്ന ചാർട്ട് ദയവായി പരിശോധിക്കുക.
ലോകവ്യാപകമായുള്ള കൊയ്ത്ത്
10. 18 മുതൽ 21 വരെ പേജുകളിലുള്ള ചാർട്ടിൽ സംക്ഷിപ്തമായി കൊടുത്തിരിക്കുന്നതുപോലെ, യഹോവയുടെ ജനത്തിന്റെ പ്രവർത്തനത്തിൽ ശ്രദ്ധേയമായ എന്തെല്ലാം സവിശേഷതകൾ നിങ്ങൾ കാണുന്നു?
10 ലൂക്കൊസ് 10:2-ൽ കാണുന്ന യേശുവിന്റെ വാക്കുകൾക്ക് മുമ്പൊരിക്കലും ഇത്ര പ്രസക്തി ഉണ്ടായിരുന്നിട്ടില്ല: “കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ.” നിങ്ങൾ ആ ആഹ്വാനത്തോടു പ്രതികരിക്കുന്നുണ്ടോ? ഭൂമിക്കു ചുറ്റുമുള്ള ദശലക്ഷങ്ങൾ പ്രതികരിക്കുന്നു. 1996-ൽ വയൽസേവനം റിപ്പോർട്ടു ചെയ്ത 54,13,769 രാജ്യപ്രസാധകർ എന്ന പുതിയ അത്യുച്ചത്തിൽ ഇതു കാണാവുന്നതാണ്. കൂടാതെ, 3,66,579 പുതിയ സഹോദരീസഹോദരന്മാർ സ്നാപനമേറ്റു. ഇപ്പോൾ ‘യഹോവയുടെ ആരാധനാലയത്തെ മഹത്വപൂർണ്ണമാ’ക്കുന്നതിൽ പങ്കെടുക്കുന്ന ‘സകല ജാതികളുടെയും’ ഈ ‘മനോഹരവസ്തുക്കളെ’ നാം എത്രമാത്രം വിലമതിക്കുന്നു!—ഹഗ്ഗായി 2:7.
11. അതിയായി സന്തോഷിക്കുന്നതിനു നമുക്കെല്ലാം കാരണമുള്ളത് എന്തുകൊണ്ട്?
11 പുതുതായി തുറന്നുകിട്ടിയ വയലുകളിലെ വികസനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആശ്ചര്യകരമാണ്. അത്തരം വളർച്ച ആസ്വദിക്കുന്നവരോടു നാം അസൂയയുള്ളവരാണോ? നേരെമറിച്ച്, നാം അവരോടൊപ്പം സന്തോഷിക്കുന്നു. എല്ലാ രാജ്യങ്ങളിലും കൊച്ചു കൊച്ചു തുടക്കങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഹഗ്ഗായിയുടെ സമകാലീന പ്രവാചകനായ സെഖര്യാവ് ഇങ്ങനെ എഴുതി: “അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു.” (സെഖര്യാവു 4:10) സാക്ഷ്യവേല സുസ്ഥാപിതമായിത്തീർന്നിരിക്കുന്ന രാജ്യങ്ങളിൽ ഇപ്പോൾ ദശലക്ഷക്കണക്കിനു രാജ്യപ്രസാധകർ ഉള്ളതിൽ നാം അതിയായി സന്തോഷിക്കുന്നു. പല വലിയ നഗരങ്ങളിലും പ്രദേശം കൂടെക്കൂടെ പ്രവർത്തിച്ചുതീർക്കാറുണ്ട്, ആഴ്ചതോറും പോലും. മുമ്പ് വേല തുറന്നുകിട്ടാതിരുന്ന സ്ഥലങ്ങളിൽ രക്ഷയ്ക്കുള്ള അവസരം യഹോവ ഇപ്പോൾ വെച്ചുനീട്ടിക്കൊണ്ടിരിക്കവേ മന്ദീഭവിക്കുന്നതിനു നമുക്കു കാരണമുണ്ടോ? ഒരിക്കലുമില്ല! “വയൽ ലോകം” ആണെന്ന് യേശു പറഞ്ഞു. (മത്തായി 13:38) യഹൂദവ്യവസ്ഥിതിയുടെ അവസാനകാലത്ത് ആദിമ ശിഷ്യന്മാർ ചെയ്തതുപോലെ നാം സമ്പൂർണമായ ഒരു സാക്ഷ്യം നൽകുന്നതിൽ തുടരണം.—പ്രവൃത്തികൾ 2:40; 10:42; 20:24; 28:23.
എന്നെന്നും മുന്നോട്ട്
12. “മുമ്പോട്ടു” മുന്നേറാൻ നമുക്ക് എന്തു പ്രചോദനമാണുള്ളത്? (“‘ഭൂമിയുടെ അറ്റത്തുനിന്നു’ കൊയ്തെടുക്കൽ” എന്ന ചതുരവും കാണുക.)
12 അതേ, യഹോവയുടെ ദൂത സ്വർഗീയ രഥത്തിനൊപ്പം ചരിച്ചുകൊണ്ട് നാം “മുമ്പോട്ടു” മുന്നേറണം. (യെഹെസ്കേൽ 1:12) പത്രൊസിന്റെ വാക്കുകൾ നാം മനസ്സിൽ പിടിക്കുന്നു: “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.” (2 പത്രൊസ് 3:9) സാമ്പത്തികമായി ദരിദ്രമായ രാജ്യങ്ങളിലെ നമ്മുടെ സഹോദരങ്ങളുടെ മാതൃകാപരമായ തീക്ഷ്ണത നമ്മെ പ്രചോദിപ്പിക്കട്ടെ. അർമഗെദോന്റെ പ്രത്യക്ഷത്തിലുള്ള ഏതൊരു കാലവിളംബവും ഈ ദേശങ്ങളിലും അതുപോലെതന്നെ നന്നായി പ്രവർത്തിക്കുന്ന മറ്റു ദേശങ്ങളിലും ലക്ഷക്കണക്കിനാളുകളെ കൂട്ടിച്ചേർക്കുന്നതിന് അനുവദിക്കുന്നതിനാണ്. അതു സംബന്ധിച്ച് തെറ്റിദ്ധരിക്കപ്പെടരുത്: “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു.” (സെഫന്യാവു 1:14) സമ്പൂർണമായ ഒരു അന്തിമ സാക്ഷ്യം കൊടുക്കുന്നതിൽ നമ്മുടെ ഭാഗത്തും ബദ്ധപ്പെടൽ ഉണ്ടായിരിക്കണം!
13, 14. (എ) 1996-ൽ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തതിനെക്കുറിച്ച് എന്തു പറയാൻ കഴിയും? (ബി) എന്തു പ്രത്യേക ആസൂത്രണങ്ങൾ ഓരോ വർഷവും സഭകൾക്കു ചെയ്യാവുന്നതാണ്, ഒരു പങ്കുണ്ടായിരിക്കാൻ നിങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യുന്നു?
13 വിശദാംശങ്ങൾ സേവനചാർട്ടിൽ കൊടുത്തിട്ടില്ലെങ്കിലും, കഴിഞ്ഞവർഷം ബൈബിളിന്റെയും പുസ്തകങ്ങളുടെയും മാസികകളുടെയും വിതരണത്തിൽ ശ്രദ്ധേയമായ വർധനവുണ്ടായി. ഉദാഹരണത്തിന്, മാസികാസമർപ്പണത്തിൽ ലോകവ്യാപകമായുള്ള വർധനവ് 19 ശതമാനം ആയിരുന്നു. മൊത്തം സമർപ്പിച്ച മാസികകളുടെ എണ്ണം 54,36,67,923 ആയിരുന്നു. നമ്മുടെ മാസികകൾതന്നെ ബഹുമുഖ പ്രസംഗത്തിനുതകുന്നു—തെരുവിലും പാർക്കുകളിലും ബസ്സ്റ്റോപ്പുകളിലും ബിസിനസ് മേഖലകളിലും മറ്റുമൊക്കെ. കൂടെക്കൂടെ പ്രവർത്തിക്കുന്ന ചില പ്രദേശങ്ങളിൽ, നമ്മുടെ മാസികകളുടെ ഗുണത്തിൽ മതിപ്പു തോന്നിയ, തൊഴിൽരംഗത്തുള്ള പല ആളുകളും ബൈബിളധ്യയനങ്ങൾ സ്വീകരിക്കുന്നുണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
14 ഓരോ വർഷവും ഏപ്രിൽ മാസം, സാധാരണമായി സഭകൾ പ്രത്യേക മാസികാ പ്രവർത്തനം സംഘടിപ്പിക്കാറുണ്ട്. വീടുതോറും അതുപോലെതന്നെ പൊതുസ്ഥലങ്ങളിലും ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രചാരണപരിപാടിയിൽ അവർ ഏർപ്പെടുന്നു. 1997 ഏപ്രിലിൽ ഈ പരിപാടിയിൽ നിങ്ങളുടെ സഭ പങ്കെടുക്കുമോ? വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും മികച്ച ലക്കങ്ങൾ ഏപ്രിലിലേക്കായി തയ്യാറാക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള അവയുടെ ഏകകാലിക അവതരണം തീർച്ചയായും ഗംഭീരമായിരിക്കേണ്ടതാണ്. സൈപ്രസ് ദ്വീപിൽ, “രാജ്യസന്ദേശവുമായി എല്ലാവരുടെയും അടുക്കൽ എത്തിച്ചേരുക” എന്ന ആശയം ഉപയോഗിച്ചുകൊണ്ട് ഓരോ മാസവും അത്തരം നിർദിഷ്ട മാസികാവേലയിൽ സഭകൾ പിൻപറ്റുകപോലുമുണ്ടായി. കഴിഞ്ഞ വർഷം 2,75,359 മാസികകൾ സമർപ്പിച്ചുകൊണ്ട് അവർ പുതിയ അത്യുച്ചത്തിലെത്തി. 54 ശതമാനം വർധനവായിരുന്നു അത്.
ഹഗ്ഗായിയുടെ അന്തിമ സന്ദേശങ്ങൾ
15. (എ) ഹഗ്ഗായി മുഖാന്തരം യഹോവ കൂടുതലായ സന്ദേശങ്ങൾ അയച്ചത് എന്തുകൊണ്ട്? (ബി) ഹഗ്ഗായിയുടെ മൂന്നാമത്തെ സന്ദേശം നമുക്ക് എന്തു പാഠമാണു നൽകേണ്ടത്?
15 തന്റെ രണ്ടാമത്തെ സന്ദേശം അറിയിച്ച് 63 ദിവസം കഴിഞ്ഞപ്പോൾ യഹോവ ഹഗ്ഗായിയെ അയച്ചു. നമുക്കിന്നു ഗൗരവപൂർവമെടുക്കാൻ കഴിയുന്ന മൂന്നാമത്തെ പ്രഘോഷണവും അതിൽ ഉൾപ്പെട്ടിരുന്നു. യഹൂദന്മാർ അപ്പോൾ ആലയത്തിന്റെ അടിസ്ഥാനം ഇട്ടുകൊണ്ടിരുന്നതുപോലെയാണ് ഹഗ്ഗായി സംസാരിച്ചത്. വാസ്തവത്തിൽ അവർ അതിട്ടത് 17 വർഷം മുമ്പായിരുന്നു. ഒരിക്കൽകൂടെ ഒരു വെടിപ്പാക്കൽ നടത്തുന്നത് ഉചിതമാണെന്ന് യഹോവ കണ്ടു. പുരോഹിതന്മാരും ജനങ്ങളും മന്ദീഭാവം കാട്ടി; അതുകൊണ്ട് യഹോവയുടെ ദൃഷ്ടിയിൽ അവർ അശുദ്ധരായിരുന്നു. ലോകത്തിന്റെ അനുവാദാത്മകവും ഭൗതികത്വവുമായ വഴികളിൽ ഏർപ്പെട്ടുകൊണ്ട് ഇന്നു യഹോവയുടെ ജനത്തിൽ ചിലർ മന്ദീഭാവം കാട്ടുന്നുണ്ടായിരിക്കുമോ? “ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും” എന്നുള്ള യഹോവയുടെ വാഗ്ദത്തത്തിൽ ഉറപ്പുള്ളവരായി അവന്റെ നാമത്തിനു മഹത്ത്വം കരേറ്റിക്കൊണ്ടു നാമെല്ലാവരും “ഇന്നുതൊട്ടു” മുമ്പോട്ട് നമ്മുടെ ഹൃദയം സ്ഥിരപ്പെടുത്തേണ്ടത് അടിയന്തിരമാണ്.—ഹഗ്ഗായി 2:10-19; എബ്രായർ 6:11, 12.
16. എന്ത് ‘ഇളക്ക’ലാണു സമീപിച്ചിരിക്കുന്നത്, തത്ഫലമായി എന്തുണ്ടാകും?
16 അതേ ദിവസംതന്നെ “സൈന്യങ്ങളുടെ യഹോവ”യുടെ വചനം നാലാം തവണ അവസാനമായി ഹഗ്ഗായിക്കു ലഭിച്ചു. “ആകാശത്തെയും ഭൂമിയെയും ഇളക്കു”ന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് അവൻ അറിയിച്ചു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “ഞാൻ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാൻ രഥത്തെയും അതിൽ കയറി ഓടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും പുറത്തു കയറി ഓടിക്കുന്നവരും ഓരോരുത്തൻ താന്താന്റെ സഹോദരന്റെ വാളിനാൽ വീഴും.” (ഹഗ്ഗായി 2:6, 21, 22) യഹോവ ഭൂമിയെ അർമഗെദോനിൽ പൂർണമായി ശുദ്ധീകരിക്കുമ്പോൾ ആ ‘ഇളക്കൽ’ പാരമ്യത്തിലെത്തും. അപ്പോഴേക്കും ‘സകല ജാതികളുടെയും മനോഹരവസ്തുക്കൾ’ വന്നുകഴിഞ്ഞിരിക്കും. അവർ പുതിയ ലോകത്തിനു വേണ്ടിയുള്ള മനുഷ്യസമൂഹത്തിന്റെ കേന്ദ്രമായി വർത്തിക്കും. സന്തോഷിക്കുന്നതിനും യഹോവയ്ക്കു സ്തുതി നൽകുന്നതിനും എന്തെല്ലാം കാരണങ്ങളാണുള്ളത്!—ഹഗ്ഗായി 2:7; വെളിപ്പാടു 19:6, 7; 21:1-4.
17. യേശുവിനെ ഒരു “മുദ്രമോതിര”മായി വെച്ചിരിക്കുന്നത് എങ്ങനെ?
17 തന്റെ പ്രവചനം ഉപസംഹരിച്ചുകൊണ്ട് ഹഗ്ഗായി ഇങ്ങനെ എഴുതുന്നു: “അന്നാളിൽ—സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു— . . . സെരുബ്ബാബേലേ, ഞാൻ നിന്നെ എടുത്തു മുദ്രമോതിരമാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.” (ഹഗ്ഗായി 2:23) ഗവർണറായിരുന്ന സെരുബ്ബാബേലും മഹാപുരോഹിതനായ യോശുവയും ഭൗമിക യെരുശലേമിൽ വ്യത്യസ്തമായി വഹിച്ചിരുന്ന സ്ഥാനങ്ങൾ സ്വർഗത്തിൽ ഒരുമിച്ചു വഹിക്കുന്ന ക്രിസ്തുയേശു ഇപ്പോൾ യഹോവയുടെ പ്രതിമാതൃക മിശിഹൈക രാജാവും മഹാപുരോഹിതനുമാണ്. യഹോവയുടെ വലതുകരത്തിലുള്ള ഒരു ഔദ്യോഗിക മുദ്രമോതിരംപോലെ, “ദൈവത്തിന്റെ വാഗ്ദത്തങ്ങൾ” യാഥാർഥ്യത്തിലേക്കു കൊണ്ടുവരുന്ന യഹോവയുടെ ഉപകരണമെന്ന നിലയിൽ “ഉവ്വു” എന്നായിത്തീർന്നിരിക്കുന്നവൻ യേശുവാണ്. (2 കൊരിന്ത്യർ 1:20; എഫെസ്യർ 3:10, 11; വെളിപ്പാടു 19:10) ബൈബിളിന്റെ മൊത്തം പ്രാവചനിക സന്ദേശം, രാജാവും പുരോഹിത വീണ്ടെടുപ്പുകാരനും എന്ന നിലയിൽ യഹോവ ക്രിസ്തുവിനെ നൽകിയതിൽ കേന്ദ്രീകരിച്ചിരിക്കുന്നു.—യോഹന്നാൻ 18:37; 1 പത്രൊസ് 1:18, 19.
18. ‘സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടിന്’ ഉന്മേഷദായകമായ ഒരു നിവൃത്തി ഉണ്ടാകാൻ പോകുന്നതെങ്ങനെ?
18 യഹോവയുടെ ഉജ്ജ്വലമായ ആത്മീയാലയത്തിൽ ഏറ്റവും വലിയ മഹത്ത്വം കണ്ടെത്താൻ കഴിയുന്നത് സത്യമായും നമ്മുടെ നാളുകളിലാണ്! പെട്ടെന്നുതന്നെ, യഹോവ സാത്താന്റെ വ്യവസ്ഥിതിയെ തുടച്ചുനീക്കിക്കഴിയുമ്പോൾ ഹഗ്ഗായി 2:9-ന് കൂടുതലായി ആനന്ദകരമായ നിവൃത്തിയുണ്ടാകും: “ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.” ഒടുവിൽ സമാധാനം!—യഹോവയുടെ ‘മുദ്രമോതിര’മായ ക്രിസ്തുയേശുവെന്ന സമാധാനപ്രഭു ഉറപ്പു നൽകുന്ന നിലനിൽക്കുന്നതും സാർവത്രികവുമായ സമാധാനം. അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു: “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; . . . സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” (യെശയ്യാവു 9:6, 7) സകല നിത്യതയിലും, യഹോവയുടെ പരമാധികാരത്തിന്റെ സമാധാനപൂർണമായ മണ്ഡലത്തിലെങ്ങും അവന്റെ ആരാധനാലയത്തിന്റെ മഹത്ത്വം പ്രതിഫലിച്ചുകൊണ്ടിരിക്കും. നമുക്ക് ആ ഭവനത്തിൽ എന്നെന്നും നിലനിൽക്കാം!—സങ്കീർത്തനം 27:4; 65:4; 84:10.
[അടിക്കുറിപ്പുകൾ]
a 1995 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “ഒരു ‘ദുഷ്ടതലമുറ’യിൽനിന്നുള്ള രക്ഷ,” “ഉണർന്നിരിക്കാനുള്ള സമയം” എന്നീ ലേഖനങ്ങൾ കാണുക.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ ഇന്ന് യഹോവയുടെ ഭവനം ‘മഹത്വപൂർണ്ണ’മായിക്കൊണ്ടിരിക്കുന്നത് എങ്ങനെ?
◻ ഇപ്പോൾ സുവാർത്ത പ്രസംഗിക്കുന്നത് എന്നത്തെക്കാളും അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
◻ അടിയന്തിരമായി പ്രസംഗിക്കുന്നതിനുള്ള എന്തു പ്രചോദനം 1996 സേവനവർഷത്തെ വാർഷിക റിപ്പോർട്ട് പ്രദാനം ചെയ്യുന്നു?
◻ യഹോവയുടെ “മുദ്രമോതിര”മായി ക്രിസ്തു സേവിക്കുന്നത് എങ്ങനെ?
[15-ാം പേജിലെ ചതുരം]
“ഭൂമിയുടെ അറ്റത്തുനിന്നു” കൊയ്തെടുക്കൽ
യെശയ്യാവു 43:6, 7-ൽ യഹോവയുടെ ഈ കൽപ്പന നാം വായിക്കുന്നു: “ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും . . . കൊണ്ടുവരിക.” പൂർവ യൂറോപ്പിൽ ഈ തിരുവെഴുത്ത് അസാധാരണമായി നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, മുൻ കമ്മ്യുണിസ്റ്റ് രാജ്യമായ മോൾഡോവയുടെ കാര്യം പരിചിന്തിക്കുക. ജനങ്ങളിൽ പകുതിയും സാക്ഷികളായുള്ള ഗ്രാമങ്ങളുണ്ട് അവിടെ. പ്രസംഗത്തിനു പ്രദേശം കണ്ടുപിടിക്കുന്നതിന് അവർക്കു വളരെ ദൂരം യാത്ര ചെയ്യേണ്ടിയിരിക്കുന്നു, എങ്കിലും അവർ ശ്രമം ചെലുത്തുന്നു! ഈ സഭകളിലുള്ള പ്രസാധകരിൽ പലരും, 1950-കളുടെ ആരംഭത്തിൽ സൈബീരിയയിലേക്കു നാടുകടത്തപ്പെട്ടവരുടെ മക്കളാണ്. ഇപ്പോൾ അവരുടെ കുടുംബങ്ങൾ കൊയ്ത്തിനു നേതൃത്വം വഹിക്കുന്നു. 12,565 പ്രസാധകരിൽ 1,917 പേർ ഈ കഴിഞ്ഞ വർഷം സ്നാപനമേറ്റവരാണ്. 43 സഭകളിൽ ഏകദേശം 150 പ്രസാധകർ വീതമുണ്ട്. പുതിയ സേവനവർഷത്തിൽ സർക്കിട്ടുകളുടെ എണ്ണം നാലിൽനിന്ന് എട്ടായി വർധിക്കുകയുണ്ടായി.
അൽബേനിയയിലെ പുരോഗതിയും ശ്രദ്ധേയമാണ്. ഏതാണ്ട് 50 വർഷത്തോളം അതിക്രൂരമായ സ്വേച്ഛാധിപത്യഭരണവ്യവസ്ഥിതികളെ സഹിച്ചുനിന്നിട്ടുള്ള വിശ്വസ്ത സാക്ഷികളിൽ ഏതാനും ചിലരേ അവിടെയുള്ളൂ. അവരിൽ പലരും കൊല്ലപ്പെട്ടു. അത് യേശുവിന്റെ ഈ വാഗ്ദാനത്തെ മനസ്സിലേക്കു കൊണ്ടുവരുന്നു: “നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; . . . മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.” (വെളിപ്പാടു 2:10; യോഹന്നാൻ 5:28, 29-ഉം 11:24, 25-ഉം കൂടെ കാണുക.) അൽബേനിയയിൽ ഇപ്പോൾ നാം കാണുന്നത് എന്താണ്? യെശയ്യാവു 60:22-ൽ കാണുന്ന, ‘കുറഞ്ഞവൻ ആയിരമായിത്തീരും’ എന്ന യഹോവയുടെ വാഗ്ദാനത്തിന്റെ ശ്രദ്ധേയമായ നിവൃത്തി! 1990-ൽ ഒരു പ്രസാധകൻ മാത്രമേ അൽബേനിയയിൽ സേവനം റിപ്പോർട്ടു ചെയ്തുള്ളൂ. എന്നിരുന്നാലും, “ആകയാൽ നിങ്ങൾ പുറപ്പെട്ടു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ ആഹ്വാനത്തിന് ഇറ്റലിയിൽനിന്നും മറ്റു ദേശങ്ങളിൽനിന്നുമുള്ള കൂടുതൽ ‘വേലക്കാർ’ ഉത്തരം നൽകി. (മത്തായി 28:19, 20; ലൂക്കൊസ് 10:2) 1996-ൽ, യേശുവിന്റെ മരണത്തിന്റെ സ്മാരകസമയമായപ്പോഴേക്കും 773 പ്രസാധകർ വയലിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇവർ സ്മാരക യോഗങ്ങൾക്കായി 6,523 വ്യക്തികളെ കൂട്ടിച്ചേർത്തു. അതു പ്രസാധകരുടെ എണ്ണത്തിന്റെ എട്ടിരട്ടിയിലധികമായിരുന്നു! ഒറ്റപ്പെട്ട പ്രദേശങ്ങളിൽനിന്നും അമ്പരപ്പിക്കുന്ന യോഗഹാജരുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. കൂക്കെസ്, ഡിവ്യേക്കെ എന്നീ നഗരങ്ങളിൽ പ്രാദേശിക പ്രസാധകർ ഇല്ലായിരുന്നെങ്കിലും, യഥാക്രമം 192-ഉം 230-ഉം പേർ കൂടിവന്നിരുന്നു. ക്രൂയയിൽ ഒരു പ്രസാധകനേ ഉണ്ടായിരുന്നുള്ളുവെങ്കിലും 212 പേരാണു സ്മാരകത്തിനു ഹാജരായത്. കോർച്ചയിലെ 30 പ്രസാധകർ 300-ലധികം പേർക്കായി കെട്ടിടസൗകര്യങ്ങൾ വാടകയ്ക്കെടുത്തു. ഓഡിറ്റോറിയം അത്രയും ആളുകളെക്കൊണ്ടു നിറഞ്ഞതിനാൽ സ്ഥലമില്ലാഞ്ഞതു നിമിത്തം 200 പേർക്കു തിരിച്ചുപോകേണ്ടിവന്നു. തീർച്ചയായും കൊയ്ത്തിനു പാകമായ വയൽ!
റൊമേനിയയിൽനിന്നുള്ള ഈ റിപ്പോർട്ടു നോക്കൂ: “വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ടിരിക്കെ ഞങ്ങൾ ഒരാളെ കണ്ടുമുട്ടി. താൻ ഒരു യഹോവയുടെ സാക്ഷിയാണെന്ന് അയാൾ പറഞ്ഞു. അയാൾ താമസിച്ചിരുന്നത്, ഞങ്ങളുടെ അറിവിൻപ്രകാരം, സാക്ഷികളാരുമില്ലാത്ത ഒരു കൊച്ചു പട്ടണത്തിലായിരുന്നു. തന്നെക്കൂടാതെ 15 ആളുകൾ കൂടിയുണ്ടെന്നും വർഷങ്ങളായി അവർ വ്യാഴം, ഞായർ എന്നീ ദിവസങ്ങളിൽ യോഗങ്ങൾ നടത്തുകയും വീടുതോറുമുള്ള പ്രസംഗത്തിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു. പിറ്റേന്ന് ഞങ്ങൾ ആ പട്ടണത്തിൽ ചെന്നു. രണ്ടു മുറികളിലായി ഞങ്ങളെ കാത്ത് 15 പുരുഷന്മാരും സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. അവർ 20 പുസ്തകങ്ങളും ഏറ്റവും പുതിയ 20 മാസികകളും സ്വീകരിച്ചു. ബൈബിളധ്യയനങ്ങൾ എങ്ങനെ നടത്താമെന്ന് ഞങ്ങൾ അവർക്കു കാട്ടിക്കൊടുത്തു. ഞങ്ങൾ ഒന്നിച്ച് ഗീതം പാടി. അവരുടെ അടിയന്തിര ചോദ്യങ്ങൾക്ക് ഉത്തരവും നൽകി. ആ കൂട്ടത്തിൽ നേതൃത്വമെടുക്കുന്നയാൾ ഇങ്ങനെ തുറന്നു പറഞ്ഞു: ‘ഏതാനും ദിവസങ്ങൾക്കു മുമ്പ്, ഒരു ഇടയനെ ഞങ്ങളുടെ അടുക്കലേക്ക് അയയ്ക്കാൻ ഞാൻ കണ്ണീരോടെ യഹോവയോടു പ്രാർഥിച്ചു, എന്റെ പ്രാർഥനയ്ക്ക് ഉത്തരം ലഭിച്ചിരിക്കുന്നു.’ ഞങ്ങൾ അതീവ സന്തുഷ്ടരായിരുന്നു. ഞങ്ങൾ പോരാൻനേരം, ഒടുവിൽ പിതാവിനെ കണ്ടെത്തിയ ഒരു അനാഥനെപ്പോലെ അദ്ദേഹം പറഞ്ഞു: ‘ദയവായി ഞങ്ങളെ മറക്കരുത്. വീണ്ടും ഞങ്ങളെ വന്നു കാണണം!’ ഞങ്ങൾ വീണ്ടുമവിടെ ചെന്നു. ഇപ്പോൾ ആ പട്ടണത്തിൽ ഏഴു ബൈബിളധ്യയനങ്ങൾ നടത്തപ്പെടുന്നുണ്ട്. പുതിയ പല പ്രദേശങ്ങളിലും, ബൈബിൾ സാഹിത്യങ്ങൾകൊണ്ട് അത്ഭുതകരമായ വിധത്തിലാണു വേല ആരംഭിക്കുന്നത്. അതു വളരെയധികം വിലമതിക്കപ്പെടുകയും ചെയ്യുന്നു. ഈ വേല ദിവ്യ ഉറവിടത്തിൽനിന്നുള്ളതാണ് എന്നാണ് അതു കാണിക്കുന്നത്.”
[18-21 പേജുകളിലെ ചാർട്ട്]
യഹോവയുടെ സാക്ഷികളുടെ 1996 സേവനവർഷത്തിലെ റിപ്പോർട്ട്
(For fully formatted text, see publication.)
[16, 17 പേജുകളിലെ ചിത്രങ്ങൾ]
സമുദ്രദ്വീപുകൾ (1), തെക്കേ അമേരിക്ക (2), ആഫ്രിക്ക (3), ഏഷ്യ (4), വടക്കേ അമേരിക്ക (5), യൂറോപ്പ് (6) എന്നിവിടങ്ങളിൽ ‘സകല ജാതികളുടെയും മനോഹരവസ്തുക്കൾ’ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ്