തിരുവെഴുത്തുകളിൽനിന്നുള്ള പാഠങ്ങൾ: സെഫന്യാവ് 1:1–3:20
യഹോവയെ അന്വേഷിക്കുകയും അവനെ പൂർണ്ണഹൃദയത്തോടെ സേവിക്കുകയും ചെയ്യുക
ബാബിലോന്യർ വിശ്വാസത്യാഗിയായ യഹൂദയെ ശൂന്യമാക്കുന്നതിന് ഏതാണ്ട് 50 വർഷം മുമ്പ് “ഞാൻ കണിശമായും ഭൂതലത്തിൽനിന്ന് സകലത്തെയും നീക്കിക്കളയും” എന്ന് യഹോവ തന്റെ പ്രവാചകനായ സെഫന്യാവു മുഖാന്തരം പ്രഖ്യാപിച്ചു. (1:1, 2) എന്നാൽ ദൈവം സുരക്ഷിതത്വത്തിലേക്കുള്ള മാർഗ്ഗവും തന്റെ ജനത്തിന് കാണിച്ചുകൊടുത്തു. (2:3; 3:9) ഈ കാര്യത്തിൽ, “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തെ” അഭിമുഖീകരിക്കുന്ന സകലർക്കുമുള്ള വിലയേറിയ പാഠങ്ങൾ സെഫന്യാവിന്റെ പുസ്തകത്തിൽ അടങ്ങിയിട്ടുണ്ട്.—വെളിപ്പാട് 16:14.
യഹോവയുടെ ദിവസം അടുത്തിരിക്കുന്നു
യഹോവയുടെ ദിവസം വളരെ അടുത്തിരിക്കുന്നതുകൊണ്ട് ദൈവത്തിൽനിന്ന് അകന്നുപോയിരിക്കുന്ന ഏവനും പെട്ടെന്ന് അവനിലേക്കു മടങ്ങിവരണം. ദൈവം നീക്കിക്കളയുന്നവരിൽ “യഹോവയെ അനുഗമിക്കുന്നതിൽനിന്നു പിന്നോട്ടുപോകുന്നവർ” ഉൾപ്പെടുന്നു. അവർ അകന്നുപോയിരിക്കുന്നു, മേലാൽ ദൈവേഷ്ടത്തിൽ താൽപര്യമെടുക്കുന്നില്ല. എന്തോരു അപകടകരമായ സാഹചര്യം! അതിനെ പെട്ടെന്ന് തിരുത്തേണ്ടതാണ്.—സെഫന്യാവ് 1:3-11.
ഭൗതികധനത്തിന് യഹോവയുടെ ദിവസത്തിൽ സുരക്ഷിതത്വം പ്രദാനംചെയ്യാൻ കഴിയുകയില്ല. യഹോവയെ സേവിക്കുന്നതായി അവകാശപ്പെടുന്ന ചിലർ ഒരു സുഖകരമായ സ്ഥാനത്ത് പററിനിന്നുകൊണ്ട് ഭൗതികവ്യാപാരങ്ങളിൽ തിരക്കോടെ ഏർപ്പെടുന്നു. എന്നാൽ എന്തോരു ആത്മവഞ്ചന! “ആ ദിവസ”ത്തിൽ അവരുടെ ഭൗതികവസ്തുക്കൾ യാതൊരു സുരക്ഷിതത്വവും നൽകുകയില്ല.—സെഫന്യാവ് 1:12-18.
രക്ഷ സാദ്ധ്യം
യഹോവയുടെ ദിവസത്തിൽ മറയ്ക്കപ്പെടുന്നതിന് തിരുവെഴുത്തുകളുടെ ഉപരിപ്ലവമായ അറിവിലധികം ആവശ്യമാണ്. “അവന്റെ സ്വന്തം ന്യായത്തീർപ്പുകൾ ആചരിച്ചിരിക്കുന്ന” “സൗമ്യതയുള്ളവർ” ‘യഹോവയെ അന്വേഷിക്കാൻ, നീതി അന്വേഷിക്കാൻ, സൗമ്യത അന്വേഷിക്കാൻ,’ ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു. “അവസാനത്തോളം സഹിച്ചിരിക്കുന്നവർ” മാത്രമാണ് രക്ഷിക്കപ്പെടുന്നത്.—സെഫന്യാവ് 2:1-3; മത്തായി 24:13.
ഇന്ന് യഹോവയുടെ ജനത്തെ ഞെരുക്കുന്നവർ നാശം അനുഭവിക്കും. അവർക്ക് മോവാബിനും അമ്മോനും അസ്സീറിയായിക്കും യഹൂദക്കു ചുററുമുണ്ടായിരുന്ന മററു ജനതകൾക്കും നേരിട്ട അതേ അനുഭവം ഉണ്ടാകും. മഹാബാബിലോനും നാശം ഭവിക്കാനിരിക്കുന്നു. (വെളിപ്പാട് 18:4-8) ഇത് ദൈവത്തിന്റെ ന്യായവിധി ഘോഷിക്കുന്നതിൽ മുന്നേറുന്നതിന് നമ്മെ എങ്ങനെ പ്രോൽസാഹിപ്പിക്കുന്നു!—സെഫന്യാവ് 2:4-15.
പുനഃസ്ഥിതീകരിക്കപ്പെട്ട ഒരു ജനം
യഹോവ തന്റെ ജനത്തെ ഇപ്പോൾ അതിജീവനത്തിനുവേണ്ടി ഒരുക്കുകയാണ്. നിങ്ങൾ ബാബിലോന്യാശയങ്ങൾ ഉപേക്ഷിക്കുകയും വിലപ്പെട്ട ബൈബിൾസത്യമാകുന്ന “നിർമ്മലഭാഷ” സംസാരിക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നുവോ? നിങ്ങളെത്തന്നെ യഹോവക്കു സമർപ്പിച്ചുകൊണ്ട് നിങ്ങൾ ‘യഹോവയുടെ നാമത്തെ വിളിച്ചപേക്ഷി’ച്ചിരിക്കുന്നുവോ? നിങ്ങൾ “അവന്റെ നാമത്തിനു പരസ്യപ്രഖ്യാപനം നടത്തുന്ന അധരഫല”മാകുന്ന ‘ഒരു വഴിപാടു കൊണ്ടുവരുന്നു’വോ? അതിജീവിക്കുന്നതിന്, നിങ്ങൾ യഹോവയുടെ സമർപ്പിത ജനത്തോട് “തോളോടു തോൾ ചേർന്ന്” സേവിക്കേണ്ടതാണ്.—സെഫന്യാവ് 3:1-10; റോമർ 10:13-15; എബ്രായർ 13:15.
രക്ഷക്കുവേണ്ടി നാം യഹോവയെ അന്വേഷിക്കുകയും അവന്റെ വിശുദ്ധനാമത്തെ ഉയർത്തിപ്പിടിക്കുകയും വേണം. അഹങ്കാരത്തിനും അനീതിക്കും നുണകൾക്കും അവന്റെ ജനത്തിന്റെ ഇടയിൽ സ്ഥാനമില്ല. (എഫേസ്യർ 4:25-32) അവൻ തന്റെ വിശുദ്ധനാമത്തെ വിശുദ്ധീകരിക്കുമ്പോൾ “താഴ്മയും എളിമയുമുള്ളവർ” മാത്രമേ രക്ഷിക്കപ്പെടുകയുള്ളു.—സെഫന്യാവ് 3:11-20.
തിരുവെഴുത്തുകളിൽനിന്നുള്ള പാഠങ്ങൾ: ഹഗ്ഗായി 1:1–2:23
ഹഗ്ഗായിയുടെ പുസ്തകം ഒരു യഹൂദശേഷിപ്പ് യഹോവയുടെ ആലയം പുനർനിർമ്മിക്കാൻ യരൂശലേമിലേക്ക് മടങ്ങിപ്പോയശേഷം 17 വർഷം കഴിഞ്ഞ് ക്രി.മു. 520-ലേക്ക് നമ്മെ കൊണ്ടുപോകുന്നു. (ഹഗ്ഗായി 1:1) അത് എല്ലാവരും ദൈവവേലയിൽ ഹൃദയം പതിപ്പിക്കാനുള്ള സമയമായിരുന്നു. എന്നിരുന്നാലും, തന്റെ ജനത്തിന്റെ കടപ്പാട് ഓർപ്പിക്കാൻ അവരുടെ അടുക്കലേക്ക് ഹഗ്ഗായി പ്രവാചകനെ അയക്കേണ്ടതാവശ്യമാണെന്ന് യഹോവ കണ്ടെത്തി. ഇതിൽ നമുക്കുവേണ്ടിയുള്ള പാഠമുണ്ടോ?
യഹോവയുടെ വേലയെ ഒന്നാമതു കരുതുക
ഒരിക്കലും ഭൗതികതാൽപര്യങ്ങളെ ആത്മീയകടമകൾക്കുപരി കരുതരുത്. തങ്ങളുടെ സ്വദേശത്തേക്കു മടങ്ങിയ യഹൂദൻമാർക്ക് സാമ്പത്തിക അനിശ്ചിതത്വങ്ങളിലും വിരോധികളായ അയൽക്കാരിലും മററും ഉൽക്കണ്ഠപ്പെടുന്നതിന് കാരണമുണ്ടായിരുന്നു. എന്നാൽ അവരുടെ ആഡംബരപൂർവകമായ ജീവിതാവസ്ഥകളുടെ വീക്ഷണത്തിൽ അവരുടെ ഉദാസീനതയുടെ കാരണങ്ങൾ ഇവയായിരുന്നില്ല. ഹഗ്ഗായിയാൽ ഉണർത്തപ്പെട്ടശേഷം മാത്രമേ അവർ ആലയംപണി തുടങ്ങിയുള്ളു. അതുപോലെ ഇന്നും നാം ‘നമ്മുടെ വഴികളിൽ നമ്മുടെ ഹൃദയം പതിപ്പിക്കുക’യും സാദ്ധ്യമാകുന്നടത്തോളം പൂർണ്ണമായ അളവിൽ നാം ദൈവവേലയെ പിന്താങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്.—ഹഗ്ഗായി 1:2-15.
തന്റെ വേല മുഴുഹൃദയത്തോടെ ചെയ്യുന്നവരെ യഹോവ അനുഗ്രഹിക്കുന്നു. ആലയം പൂർത്തീകരിക്കുന്നതിൽ സെരുബ്ബാബേലിന്റെയും മററു യഹൂദൻമാരുടെയും വേലയെ ദൈവം അനുഗ്രഹിക്കും. അതിന്റെ മഹത്വം മുൻ ആലയത്തിന്റേതിനെക്കാൾ കവിയും. “ഒരു മഹാപുരുഷാരം” ഇന്ന് രാജ്യസന്ദേശത്തിന് ചെവികൊടുക്കുന്നതിനാൽ “സകല ജനതകളിലെയും അഭികാമ്യർ” യഹോവയുടെ ആത്മീയാലയത്തിലേക്കു വരുന്നുണ്ട്, അവൻ ‘തന്റെ ആലയത്തെ മഹത്വംകൊണ്ടു നിറക്കുകയാണ്.’—ഹഗ്ഗായി 2:1-9; വെളിപ്പാട്7:9.
മുഴുഹൃദയത്തോടുകൂടിയ സേവനം ആവശ്യം
നമ്മൾ നിർമ്മലരായി ശുദ്ധമായ ആന്തരങ്ങളോടെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിക്കുന്നുവെങ്കിൽ മാത്രമേ നമ്മുടെ ആരാധന മൂല്യവത്തായിരിക്കയുള്ളു. യഹോവയുടെ ആലയത്തെ അവഗണിച്ചത് യഹൂദൻമാരെ അശുദ്ധരാക്കി, എന്നാൽ ആലയംപണി തുടങ്ങിയാലുടനെ അവൻ അവരെ അനുഗ്രഹിക്കുമായിരുന്നു. അതുകൊണ്ട് നാം യഹോവയുടെ അനുഗ്രഹം ആസ്വദിക്കണമെങ്കിൽ ശ്രദ്ധ ആവശ്യമുള്ള എന്തിനെയും നാം ക്രമപ്പെടുത്തുകയും നമ്മുടെ ഹൃദയത്തെ അവന്റെ വേലയിൽ പതിപ്പിക്കുകയും വേണം. (സംഖ്യാപുസ്തകം 19:11-13 താരതമ്യപ്പെടുത്തുക.) ദൈവം രാജ്യങ്ങളെ മറിച്ചിട്ടുകൊണ്ട് ആകാശങ്ങളെയും ഭൂമിയെയും ഇളക്കാൻ കാത്തിരിക്കുമ്പോൾ നമുക്ക് പ്രതിമാതൃകയിലെ സെരുബ്ബാബേലായ യേശുക്രിസ്തുവിനെ അനുകരിക്കുകയും യഹോവയുടെ വേലയിൽ മുഴുഹൃദയത്തോടെ പങ്കെടുക്കുകയും ചെയ്യാം.—ഹഗ്ഗായി 2:10-23. (w89 6/1)
[29-ാം പേജിലെ ചതുരം]
ബൈബിൾവാക്യങ്ങൾ പരിശോധിക്കപ്പെടുന്നു
● സെഫന്യാവ് 1:5—അമ്മോന്യരുടെ മുഖ്യ വ്യാജദൈവം മാൽക്കം ആയിരുന്നു, അവൻ മിൽക്കോമോ മോലക്കോ മോലോക്കോ തന്നെ ആയിരിക്കാനിടയുണ്ട്. (1രാജാക്കൻമാർ 11:5, 7) മോലേക്കിന്റെ ആരാധനയിൽ അറയ്ക്കത്തക്ക ശിശുബലി ഉൾപ്പെട്ടിരുന്നു. അതു ന്യായപ്രമാണത്താൽ കുററംവിധിക്കപ്പെട്ടിരുന്നു.ലേവ്യപുസ്തകം 20:2-5; പ്രവൃത്തികൾ 7:42, 43.
● സെഫന്യാവ് 2:14—മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, ശൂന്യമാക്കപ്പെട്ട നിനവേയുടെ മറിഞ്ഞുവീണ തൂണുകളും അവയുടെ മുകൾഭാഗങ്ങളും പക്ഷികൾക്കും ജന്തുക്കൾക്കുമുള്ള സ്ഥലമായിത്തീർന്നു. പക്ഷികൾ, ഒരുപക്ഷേ കാററ്, ത്യജിക്കപ്പെട്ട ജനാലകളിൽ ‘ഗാനമുതിർത്തു.’ വാതിലുകളും കൊട്ടാരത്തിന്റെ അന്തർഭാഗങ്ങളും പോലും ശൂന്യമാക്കപ്പെട്ടു.
● സെഫന്യാവ് 3:9—ഒരേ ഭാഷ സംസാരിക്കുന്ന ജനങ്ങൾ തമ്മിൽ നടക്കുന്ന യുദ്ധങ്ങളാൽ പ്രകടമാക്കപ്പെടുന്നതുപോലെ ഒരു പൊതു മനുഷ്യഭാഷ ഐക്യത്തിന് ഉറപ്പുനൽകുന്നില്ല. “നിർമ്മലഭാഷ” തിരുവെഴുത്തുസത്യമാണ്, “ആരോഗ്യാവഹമായ വചനങ്ങളുടെ മാതൃക”. (2 തിമൊഥെയോസ് 1:13) അത് അഹങ്കാരത്തെ വെല്ലുകയും ദൈവത്തെ മഹത്വീകരിക്കുകയും അത് സംസാരിക്കുന്ന എല്ലാവരെയും ഏകീഭവിപ്പിക്കുകയുംചെയ്യുന്നു.
● ഹഗ്ഗായി 1:6—യഹൂദൻമാർ യഹോവയുടെ ആലയത്തെ അവഗണിക്കുകയായിരുന്നതുകൊണ്ട് അവർക്ക് അവന്റെ അനുഗ്രഹമില്ലായിരുന്നു. അതുകൊണ്ട്, അവർ അധികം വിതച്ചെങ്കിലും കുറച്ചു വിളവേ ലഭിച്ചുള്ളു. അവരുടെ ആവശ്യങ്ങൾ നിറവേററുന്നതിന് വേണ്ടത്ര ഭക്ഷ്യപാനീയങ്ങൾ ഇല്ലായിരുന്നു. അവരുടെ വസ്ത്രം അവർക്ക് ചൂടേകാൻതക്ക ഗുണമോ അളവോ ഇല്ലാത്തവയായിരുന്നു. ശമ്പളക്കാർ ദ്വാരങ്ങൾ നിറഞ്ഞ ഒരു സഞ്ചിയിൽ പണമിടുന്നതുപോലെ തോന്നി. ആ യഹൂദൻമാരിൽനിന്നു വ്യത്യസ്തമായി നമുക്ക് ഒരിക്കലും ദിവ്യതാൽപര്യങ്ങളെ അവഗണിക്കാതിരിക്കാം.—സദൃശവാക്യങ്ങൾ 10:22; നെഹെമ്യാവ് 10:39.
● ഹഗ്ഗായി 2:9—ശലോമോൻ പണികഴിപ്പിച്ച “മുൻ” ആലയം 420 വർഷം നിന്നപ്പോൾ “പിൽക്കാലത്തെ” ആലയം 584 വർഷം ( ക്രി.മു. 515-ക്രി.വ. 70) ഉപയോഗിക്കപ്പെട്ടു. അതുകൊണ്ട് രണ്ടാമത്തെ ആലയമാണ് കൂടുതൽ നിലനിന്നത്. ക്രി.വ. 33-ലെ പെന്തെക്കോസ്തിലേതുപോലെ കൂടുതൽ ആരാധകർ അതിലേക്കു തടിച്ചുകൂടി, അന്ന് യഹൂദ്യക്കു വെളിയിൽനിന്നും യഹൂദൻമാരും യഹൂദമതാനുസാരികളും അതിൽ കൂടിവന്നു. മാത്രവുമല്ല, മശിഹായായ യേശുക്രിസ്തു “പിൽക്കാലത്തെ ആലയ”ത്തിൽ പഠിപ്പിച്ചു. ഈ വസ്തുതകൾ അതിന് ഏറിയ മതമഹത്വം കൊടുത്തു.