കടുക് എരിവുള്ള ഒരു വിഷയം
ഫ്രാൻസിലെ ഉണരുക! ലേഖകൻ
“ഇറച്ചി കടുകുചേർക്കാതെ പൊരിച്ചു കഴിക്കേണ്ടി വരുന്നതു ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്തിലെ പൗരൻമാരായ രണ്ട് ഇംഗ്ലീഷ് വനിതകളെ സംബന്ധിച്ചിടത്തോളം തികച്ചും അന്യായമായ സംഗതിയാണ്!” ഇവിടെ ഉദ്ധരിച്ചിരിക്കുന്ന ഫ്രഞ്ച് നോവലിലെ നിരാശരായ കഥാനായികമാരോട് ലോകത്തിലെ ഏറ്റവും വലിയ കടുകു തീറ്റിക്കാരിൽ പെടുന്ന ഡെൻമാർക്കുകാർക്കു സഹതാപം തോന്നും.a
“കണ്ണിനു വിഷമമുളവാക്കുന്നത്” എന്നർഥമുള്ള സൈനാപ്പി എന്നാണു പുരാതന ഗ്രീക്കുകാർ കടുകിനെ വിളിച്ചിരുന്നത്. കടുക് വളരെയധികം അകത്താക്കിയിട്ട് കണ്ണിൽനിന്നു കണ്ണീർ കുടുകുടെ ചാടുന്ന ഊണുകാരൻ ആയിരിക്കാം ഒരുപക്ഷേ അവരുടെ മനസ്സിലുണ്ടായിരുന്നത്. കറിക്കൂട്ടിലെ പുരാതന ചേരുവകളിലൊന്നായ മുസ്റ്റുമിൽ (പുളിപ്പിക്കാത്ത മുന്തിരിച്ചാർ) നിന്ന് ഉരുത്തിരിഞ്ഞതാണ് “മസ്റ്റർഡ്” എന്ന ഇംഗ്ലീഷ് പദം. ആ പദത്തിനു ചെടിയെയോ അതിന്റെ വിത്തുകളെയോ നിങ്ങളുടെ മുഖം നീറിപ്പുകയാൻ ഇടയാക്കുന്ന കറിക്കൂട്ടിനെയോ പരാമർശിച്ചേക്കാം.
ഉണങ്ങിയിരിക്കുമ്പോൾ നിരുപദ്രവകരമാണെങ്കിലും വെള്ളം ചേർത്ത് അരയ്ക്കുമ്പോൾ ഈ വിത്ത് അലൈൽ ഐസോതയോസൈനേറ്റ് എന്നു വിളിക്കപ്പെടുന്ന അസ്വാസ്ഥ്യമുളവാക്കുന്ന ഒരു പദാർഥം പുറപ്പെടുവിക്കുന്നു. കടുകിന്റെ എരിവിനു കാരണമായിരിക്കുന്ന എരിവുള്ള ഈ ഗന്ധതൈലം ശ്ലേഷ്മ സ്തരങ്ങളിൽ അസ്വാസ്ഥ്യമുളവാക്കുകയും അങ്ങനെ ഭോജനപ്രിയന്റെയും കടുക് ഉണ്ടാക്കുന്നയാളുടെയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യുന്നു. കടുക് അൽപ്പംപോലും ഇല്ലാഞ്ഞിട്ടും ഒന്നാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച ഐപെറൈറ്റ് എന്ന ഒരു രാസായുധത്തിനു മസ്റ്റർഡ് ഗ്യാസ് എന്നു പേരുവരാനുള്ള കാരണം ഇതു സംശയമെന്യേ വിശദീകരിക്കുന്നു.
ശക്തിമത്തായ തീരെ ചെറിയ ഒരു വസ്തു
ഉഗ്രരോഷം ഉള്ളിലൊതുക്കിക്കൊണ്ടു നിഷ്കളങ്കമായി കാണപ്പെടുന്ന ആ മഞ്ഞ പുഷ്പം കണ്ടാൽ അത് റേപ്പ്വിത്തോ കോൾസായോ ആണെന്ന് എളുപ്പത്തിൽ തെറ്റിദ്ധരിച്ചുപോയേക്കാം. 4,000 വർഗങ്ങൾ ഉൾക്കൊള്ളുന്നതായി പറയപ്പെടുന്ന—അവയിൽ 40-ഓളം എണ്ണം കടുകുകളാണ്—ക്രൂസിഫെറെ കുലത്തിൽ പെടുന്നവയാണു കടുകും റേപ്പ്വിത്തും. ത്വക്കിൽ പൊള്ളലുകൾ ഉളവാക്കാൻ കഴിയുന്ന, വിശേഷാൽ വീര്യമേറിയ ഒരു സത്ത് ഉത്പാദിപ്പിക്കുന്ന വെൺകടുക് (ബ്രാസിക്ക ഹിർത്ത), ഇന്ത്യൻ കടുക് അഥവാ തവിട്ടുനിറമുള്ള കടുക് (ബ്രാസിക്ക ജുൺസിയ), കരിങ്കടുക് (ബ്രാസിക്ക നൈഗ്ര) എന്നിവയാണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കടുകുകൾ.
തനിയെ വളരുന്ന കരിങ്കടുക് ആഫ്രിക്കയിലെയും ഇന്ത്യയിലെയും യൂറോപ്പിലെയും കൽപ്രദേശങ്ങളിലും പാതകളുടെയും പുഴകളുടെയും ഓരത്തും തഴച്ചുവളരുന്നു. ഇസ്രായേലിലെ ഗലീല കടലിന്റെ പച്ചപുതച്ച മലയോരങ്ങളിലും അതു സമൃദ്ധമായി വളരുന്നുണ്ട്. ശരിയായ രീതിയിൽ കൃഷിചെയ്യുമ്പോൾ അതു വേഗം പക്വമാകുകയും “പൗരസ്ത്യനാടുകളിലും ചിലപ്പോൾ ഫ്രാൻസിന്റെ തെക്കു ഭാഗത്തും നമ്മുടെ ഫലവൃക്ഷങ്ങളുടെയത്ര ഉയരം” വയ്ക്കുകയും ചെയ്യുന്നു.—വിഗൂറൂവിന്റെ ഡിക്സ്യൊനർ ഡെ ലാ ബിബ്ൾ.
കറുത്ത “കടുകുമണി” തീർത്തും ചെറുതാണെന്നതു വിസ്മയാവഹമാണ്. യേശുവിന്റെ നാളുകളിൽ ഇസ്രായേലിൽ സാധാരണമായി വിതച്ചിരുന്ന വിത്തുകളിൽവച്ച് ഏറ്റവും ചെറുതായിരുന്നു അത്. (മർക്കൊസ് 4:31) അതിന്റെ വ്യാസം ഒരു ഇഞ്ചിന്റെ ഏതാണ്ട് ഇരുപതിലൊന്നാണ്. അളവിന്റെ ഏറ്റവും ചെറിയ യൂണിറ്റ് എന്ന നിലയിലുള്ള തൽമൂദിലെ അതിന്റെ ഉപയോഗത്തെ ഇതു ന്യായീകരിക്കുന്നു.—ബെരാഖോട്ട് 31എ.
തീരെ ചെറിയ കടുകുമണിയും പൂർണ വളർച്ചയെത്തിയ വലിയ ചെടിയും തമ്മിലുള്ള വൻ വ്യത്യാസം, ആകാശത്തിലെ പക്ഷികൾക്കു വാസസ്ഥാനം പ്രദാനം ചെയ്യത്തക്കവിധം വളർന്ന “സ്വർഗ്ഗരാജ്യ”ത്തിന്റെ വളർച്ചയെക്കുറിച്ചുള്ള ക്രിസ്തുവിന്റെ പഠിപ്പിക്കൽ സംബന്ധിച്ചു കൂടുതൽ അർഥം പ്രദാനം ചെയ്തു. (മത്തായി 13:31, 32; ലൂക്കൊസ് 13:19) വിശ്വാസത്തിന്റെ ഒരു ചെറിയ അളവിന് എത്രയധികം നിർവഹിക്കാൻ കഴിയുമെന്നു പ്രദീപ്തമാക്കാനും ക്രിസ്തു പ്രചോദനാത്മകമായ ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. അവൻ ഇപ്രകാരം പറഞ്ഞു: ‘നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഒന്നും അസാദ്ധ്യമാകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.’—മത്തായി 17:21; ലൂക്കൊസ് 17:6.
ഫ്രാൻസിലെ കടുക് ഉത്പാദനം
പ്രിയങ്കരമായ ഫ്രഞ്ച് കരിങ്കടുക് കിഴക്കൻ ഫ്രാൻസിലെ അൽസാസിലും കൃഷിചെയ്യപ്പെട്ടിരുന്നുവെങ്കിലും ഫ്രാൻസിലെ കടുകു തലസ്ഥാനം എന്ന് അറിയപ്പെടാനിടയായത് ബർഗുണ്ടിയിലെ ഡിഷോൺ എന്ന നഗരമാണ്. അവിടെ മരക്കരി ഉത്പാദനത്താൽ ക്രമമായി സമ്പുഷ്ടമാക്കപ്പെട്ട മണ്ണിലാണ് കടുകു വളർത്തിയിരുന്നത്. അതിന്റെ ഫലമായി ഭൂമിയിലുണ്ടായ പൊട്ടാഷ് പ്രത്യേക വീര്യമുള്ള കടുകുകളെ ഉത്പാദിപ്പിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, മാറിക്കൊണ്ടിരിക്കുന്ന കാർഷിക രീതികളെയും കടുത്ത അന്തർദേശീയ മത്സരത്തെയും നേരിട്ട കടുകുകൃഷി ബർഗുണ്ടിയിൽ സാവധാനം കുറഞ്ഞു വന്നു, കോൾസാ ജനപ്രീതിയാർജിക്കുകയും ചെയ്തു. ഇന്ന്, ഫ്രാൻസിന് ആവശ്യമായ കടുകുമണികളുടെ 95 ശതമാനം അത് ഇറക്കുമതി ചെയ്യുകയാണ്, അതിന്റെ 80 ശതമാനം വരുന്നതു കാനഡയിൽനിന്നാണ്. ഡിഷോൺ കടുക് എന്ന പേര് അതിന്റെ ഉത്ഭവസ്ഥലത്തിനുപകരം ഉത്പാദനപ്രക്രിയയെ സൂചിപ്പിക്കുന്നുവെങ്കിലും ഫ്രാൻസിലെ കറിക്കൂട്ടു വ്യവസായത്തിന്റെ 70 ശതമാനവും ഇപ്പോഴും ഡിഷോണിലാണു കേന്ദ്രീകരിച്ചിരിക്കുന്നത്. ബർഗുണ്ടിയിൽ വീണ്ടും കടുകു കൃഷിചെയ്യാൻ അടുത്തകാലത്തു ശ്രമം നടത്തിയിട്ടുണ്ട്.
ഒരു നീണ്ട ചരിത്രം
കുരുമുളകുപോലെ പൊടിരൂപത്തിലോ കറിക്കൂട്ടിന്റെ രൂപത്തിലോ ഉപയോഗിച്ചിരുന്ന കടുക് പുരാതന കാലങ്ങളിൽത്തന്നെ വിശപ്പുണർത്തിയിരുന്നു. ഗാറും (അയലയുടെ കുടലും തലയും ഉപ്പിലിട്ടത്), മുറിയ (ടൂണമത്സ്യം ഉപ്പിലിട്ടത്) എന്നിങ്ങനെ എരിവുള്ള സോസുകളിൽ റോമാക്കാർ സ്വാദിനുവേണ്ടി കടുകു ചേർത്തിരുന്നു. ആപിക്കിയുസ് എന്നു പേരുള്ള റോമാക്കാരനായ ഒരു അമിതഭോജനപ്രിയൻ കടുകുമണികൾ, ഉപ്പ്, വിന്നാഗിരി, തേൻ എന്നിവയുൾപ്പെടുന്ന ഒരു പാചകവിധി സ്വന്തമായി തയ്യാറാക്കി, സദ്യയ്ക്കുവേണ്ടി തയ്യാറാക്കുമ്പോൾ ഇതിൽ ബദാം പരിപ്പും പൈൻ പരിപ്പുകളും ചേർത്തിരുന്നു.
മധ്യയുഗങ്ങൾ തുടങ്ങി 19-ാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ, കടുക് വീടുകളിൽ ഉണ്ടാക്കുന്ന രീതി മാറി അത് ഒരു കുടിൽ വ്യവസായമായിത്തീർന്നു. ഫ്രാൻസിൽ കടുക്-വിന്നാഗിരി ഉത്പാദകരുടെ സഹകരണ സംഘം പാചകവിധികൾ തയ്യാറാക്കുകയും ശരിയായ ശുചിത്വം ഉറപ്പുവരുത്തുകയും വിപണിയെ നിയന്ത്രിക്കുകയും എതിരാളികളിൽ പിഴകൾ ചുമത്തുകയും ചെയ്തു. ദ്രവരൂപത്തിലോ വിന്നാഗിരിയിൽ ലയിപ്പിക്കേണ്ട ഗുളികകളായോ വിൽക്കപ്പെട്ടിരുന്ന കടുക് ഇറച്ചിയിലെന്നപോലെ മീനിലും പൂരകമായി ഉപയോഗിച്ചിരുന്നു. 19-ാം നൂറ്റാണ്ടിൽ, ഒരു ഇംഗ്ലീഷുകാരനായ ജെരെമായ കോൾമൻ തന്റെ കടുകുപൊടി ഉപയോഗിക്കാൻ വിസ്തൃതമായ ബ്രിട്ടീഷ് സാമ്രാജ്യത്തെ സ്വാധീനിച്ചു. ഭക്ഷണവേളകളിൽ അതു വെള്ളത്തിലും പാലിലും ബിയറിലും മറ്റും കലർത്തി ഉപയോഗിച്ചിരുന്നു.
ക്രമേണ, ഉത്പാദനം ഗണ്യമായ തോതിൽ വർധിപ്പിച്ചുകൊണ്ട് കുടിൽ വ്യവസായത്തിനു പകരം ഫാക്ടറി ഉത്പാദനം നിലവിൽവന്നു. 1990-ൽ, യൂറോപ്പിലെ ഏറ്റവും വലിയ ഉത്പാദക രാജ്യമായ ഫ്രാൻസ് ഏതാണ്ട് 70,000 ടൺ കടുകും 2,000 ടൺ മറ്റുപല കറിക്കൂട്ടുകളും ഉണ്ടാക്കി.
ആധുനിക ഉത്പാദന രീതികൾ
കടുകിന്റെ വീര്യം ചേരുവകളെപ്പോലെതന്നെ അതിന്റെ ഉത്പാദന രീതികളെയും ആശ്രയിച്ചാണിരിക്കുന്നത്. വിത്തുകൾ തരംതിരിക്കുകയും കഴുകിയുണക്കുകയും തീർത്തും രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന അനുപാതങ്ങളിൽ കൂട്ടിക്കലർത്തുകയും ചെയ്യുന്നു. ചിലപ്പോൾ കടുകുമണികൾ ആപ്പിൾമദ്യത്തിലോ വിന്നാഗിരിയിലോ വെർജ്യൂസിലോ (പുളിയുള്ള മുന്തിരിച്ചാറ്) 24 മണിക്കൂർവരെ കുതിർത്തു വയ്ക്കുന്നതിനു മുമ്പ് പൊടിക്കുന്നു. വയലറ്റ് നിറമുള്ള കടുകുകൾ ഉണ്ടാക്കുന്നതിനു കറുത്ത മുന്തിരിയുടെ മട്ട് ഉപയോഗിക്കുന്നു. ചേരുവകളെല്ലാം ചതയ്ക്കുകയും—പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന കടുകുമണികൾ ലഘുവായി—തോടുകൾ നീക്കംചെയ്യുന്നതിനും ബാഷ്പശീലമുള്ള എണ്ണയുടെ ഗാഢത വർധിപ്പിക്കുന്നതിനുമായി സെൻട്രിഫ്യൂജിലിട്ടു വേർതിരിക്കുകയും ചെയ്യുന്നു. അതു വീര്യംകൂടിയതായിരിക്കുമോ വീര്യംകുറഞ്ഞതായിരിക്കുമോ എന്നുള്ളത് കുഴമ്പ് എത്ര നന്നായി അരിച്ചെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
മിശ്രണത്തിന്റെ ഫലമായി കുഴമ്പിനെ ഓക്സീകരണം ചെയ്തേക്കാവുന്ന വായു കുമിളകൾ നീക്കം ചെയ്യപ്പെടുന്നു. പിന്നെ 48 മണിക്കൂറോളം വാറ്റിൽ കിടന്ന് അതിനു പതംവരുന്നു. അവിടെവച്ച് അതു സ്വാഭാവികമായും കൂടുതൽ എരിവുള്ളതായിത്തീരുകയും അതിന്റെ കയ്പ് നഷ്ടമാകുകയും ചെയ്യുന്നു. നിറമോ മാവോ മസാലയോ ചേർക്കുമ്പോൾ അതിന്റെ വീര്യം കുറയുകയോ കൂടുകയോ ചെയ്യുന്നു. പിന്നെ അതിൽ നല്ല വാസനയുള്ള പല ഫ്ളേവറുകളും ചേർക്കുന്നു: പരമ്പരാഗതം (റോക്വെഫോർട്ട്, റ്ററാഗോൺ), വിദേശീയം (ഏത്തപ്പഴം, കറി), അല്ലെങ്കിൽ ആധുനികം (കോണ്യാക്, ഷാംപെയ്ൻ). മിയവുക്സ് കടുകിന്റെ ആസ്വാദ്യമായ സുഗന്ധം 11-ൽ ഒട്ടുംകുറയാതെയുള്ള വാസനകളുടെ ഫലമാണ്.
കുഴമ്പിനെ വായു തവിട്ടുനിറമുള്ളതാക്കുകയും ചൂട് ബാഷ്പശീലമുള്ള എണ്ണ ആവിയായിപ്പോകാൻ ഇടയാക്കുകയും ചെയ്യുന്നതുകൊണ്ട് നിർമാണപ്രക്രിയ പൂർത്തിയാക്കുന്നതിനു പായ്ക്കു ചെയ്യേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് കടുക് തണുപ്പും ഇരുട്ടുമുള്ള ഒരു സ്ഥലത്തു വയ്ക്കുന്നതാണ് എല്ലായ്പോഴും ഏറ്റവും നല്ലത്. ഇപ്പോൾ മുഖ്യമായും കാഴ്ചബംഗ്ലാവുകളിലെ പ്രദർശന വസ്തുക്കളുടെ കൂട്ടത്തിലും സ്വകാര്യ ശേഖരങ്ങളിലും കണ്ടുവരുന്ന, പണ്ടത്തെ നേർമയേറിയ കൽപ്പാത്രങ്ങൾക്കും മൺപാത്രങ്ങൾക്കും പോർസ്ലിൻ കലങ്ങൾക്കും പകരം പ്രത്യേകമായി ഡിസൈൻചെയ്ത ലേബലുകൾകൊണ്ടു പലപ്പോഴും അലങ്കരിച്ച പ്ലാസ്റ്റിക്കുകൊണ്ടോ ഗ്ലാസ്സുകൊണ്ടോ ഉള്ള കടുകു ജാറുകൾ ഉപയോഗിക്കുന്നു. “ഒറ്റനോട്ടത്തിൽ അവയെ തിരിച്ചറിയാൻ സഹായിച്ചിരുന്ന” ആരംഭകാലത്തെ ഡിസൈനുകളുണ്ടാക്കാനുള്ള ലക്ഷ്യത്തിൽ ശിൽപ്പകലാവിദഗ്ധർ അവരുടെ കലങ്ങളുടെ ബാഹ്യാകാരത്തിനു വലിയ ശ്രദ്ധ കൊടുത്തു.
ബഹുമുഖോപയോഗങ്ങളുള്ള ഒരു സാധാരണ സസ്യം
ഒരുകാലത്ത് ഔഷധശാലകളെ അലങ്കരിച്ചിരുന്ന ആകർഷകമായ ആ കലങ്ങളിൽ ചികിത്സോപയോഗത്തിനുള്ള കടുകുപൊടി അടങ്ങിയിരുന്നു. സ്കർവിയെ പ്രതിരോധിക്കുന്നതിനുള്ള അതിന്റെ ഗുണങ്ങളുടെ വെളിച്ചത്തിൽ, ഒരു ഡച്ചു കപ്പൽപോലും ചരക്കറയിൽ കുറച്ചു കടുകു കരുതാതെ യാത്രപുറപ്പെടുമായിരുന്നില്ല. കുളിക്കുമ്പോഴും വ്രണമരുന്നായും കടുക് ഉപയോഗിച്ചിരുന്നു.
സാലഡുകളിലിട്ടു കഴിക്കുന്ന വെൺകടുകു ചെടിയുടെ ഇലകൾ ഇപ്പോഴും കന്നുകാലിത്തീറ്റ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു. വിത്തുകളിൽനിന്നു വേർതിരിച്ചെടുക്കുന്ന ഭക്ഷ്യയോഗ്യമായ എണ്ണ എളുപ്പം കനച്ചുപോകുന്നില്ല. ഏഷ്യയിൽ വിളക്കെണ്ണയായി ഉപയോഗിക്കപ്പെടുന്ന അത് വ്യവസായത്തിന് അനുപൂരകമായി വർത്തിക്കുകയും അനേകം ഭക്ഷണ സാധനങ്ങൾക്കു സ്വാദു വരുത്തുകയും ചെയ്യുന്നു.
ഈ നിസ്സാരമായ നാട്ടുപുഷ്പം പല പഴഞ്ചൊല്ലുകളിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്. നേപ്പാളിലും ഇന്ത്യയിലും “കടുകു പുഷ്പങ്ങൾ കാണുക” എന്നു പറഞ്ഞാൽ ഞെട്ടിപ്പോകുക എന്നാണ് അർഥം. ഫ്രാൻസിൽ “കടുകു മൂക്കോളമെത്തിക്കുക” എന്നുപറഞ്ഞാൽ ദേഷ്യപ്പെടുക എന്നും. അത് ഏതുരൂപത്തിലായാലും—പൂവോ കറിക്കൂട്ടോ വിത്തോ എണ്ണയോ പൊടിയോ—കടുകിനു നിങ്ങളുടെ ജീവിതത്തെ കൂടുതൽ രസകരമാക്കിത്തീർക്കാൻ കഴിയും.
[അടിക്കുറിപ്പ്]
a എഡ്മോൺ ആബൂവിന്റെ ലി റ്വാ ഡേ മോണ്ടാനിയെ (പർവതങ്ങളുടെ രാജാവ്).
[23-ാം പേജിലെ ചിത്രം]
കടുക് അനേകം വൈവിധ്യങ്ങളിൽ