അമൂല്യ നിക്ഷേപങ്ങൾ പങ്കുവെക്കുക
1 നാം അതിയായി വിലമതിക്കുന്ന ആത്മീയ നിക്ഷേപങ്ങളാൽ സമൃദ്ധമാണ് ദൈവവചനം. (സങ്കീ. 12:6; 119:11, 14) ഒരവസരത്തിൽ, ദൈവരാജ്യത്തിന്റെ വ്യത്യസ്ത വശങ്ങൾ ചിത്രീകരിക്കുന്ന ചില ഉപമകൾ പറഞ്ഞശേഷം യേശു തന്റെ ശിഷ്യന്മാരോട് “ഇതെല്ലാം ഗ്രഹിച്ചുവോ?” എന്നു ചോദിച്ചു. അവർ ‘ഉവ്വ്’ എന്നു മറുപടി പറഞ്ഞപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു: “അതുകൊണ്ടു സ്വർഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീർന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു.”—മത്താ. 13:1-52.
2 ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ നാം മനസ്സിലാക്കിയ സത്യങ്ങളെ പഴയ നിക്ഷേപങ്ങളായി കരുതാവുന്നതാണ്. ദൈവവചനത്തിലെ ആഴമേറിയ കാര്യങ്ങൾ വ്യക്തിപരമായി പഠിക്കുന്നതിൽ മുന്നേറവെ മറ്റു ബൈബിൾ സത്യങ്ങളും നമുക്കു കണ്ടെത്താനായി. നമ്മെ സംബന്ധിച്ചിടത്തോളം അവ പുതിയ നിക്ഷേപങ്ങളാണ്. (1 കൊരി. 2:7) വിശ്വസ്തനും വിവേകിയുമായ അടിമയിലൂടെയും നമുക്കു പുതിയ നിക്ഷേപങ്ങൾ ലഭിക്കുന്നു.—മത്താ. 24:45.
3 പഴയതും പുതിയതുമായ ഈ ആത്മീയ നിക്ഷേപങ്ങളെ നാം അമൂല്യമായി കരുതുന്നു. അതാകട്ടെ, നാം പഠിച്ചിരിക്കുന്ന അമൂല്യ സത്യങ്ങൾ മറ്റുള്ളവരുമായി ഉദാരമായി പങ്കുവെച്ചുകൊണ്ട് ദൈവവചനം പഠിപ്പിക്കുന്നതിൽ പരിശീലനവും അനുഭവപരിചയവും നേടാൻ നമുക്കു പ്രചോദനമേകുന്നു.
4 യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നു പഠിക്കുക: ഈ നിക്ഷേപങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ കഠിനശ്രമം ചെയ്തുകൊണ്ട് താൻ അവയെ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് യേശു പ്രകടമാക്കി. ക്ഷീണിതനായിരുന്നപ്പോൾപ്പോലും തന്റെ ‘നിക്ഷേപത്തിൽനിന്ന് എടുത്തുകൊടുക്കുന്നതിന്’ അവൻ മടിച്ചില്ല.—യോഹ. 4:6-14.
5 മോശമായ ആത്മീയ അവസ്ഥയിലുള്ളവരോടുള്ള സ്നേഹം ദൈവവചനത്തിലെ ജീവദായകമായ നിക്ഷേപങ്ങൾ അവരുമായി പങ്കുവെക്കാൻ യേശുവിനെ പ്രേരിപ്പിച്ചു. (സങ്കീ. 72:13) ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് അറിയാൻ ആഗ്രഹിച്ചവരോട് അവന് മനസ്സലിവു തോന്നി. അവരെ ‘പലതും ഉപദേശിക്കാൻ’ അത് അവനെ പ്രേരിപ്പിച്ചു.—മർക്കൊ. 6:34.
6 യേശുവിനെ അനുകരിക്കുക: ആത്മീയ നിക്ഷേപങ്ങളെ അതിയായി വിലമതിക്കുന്നുണ്ടെങ്കിൽ നാമും യേശുവിനെപ്പോലെ ആളുകൾക്കു ബൈബിളിൽനിന്ന് ആത്മീയ രത്നങ്ങൾ കാണിച്ചുകൊടുക്കാൻ ശുഷ്കാന്തിയുള്ളവരായിരിക്കും. (സദൃ. 2:1-5) ചിലപ്പോഴൊക്കെ നാം ക്ഷീണിതരായിരുന്നേക്കാം. എങ്കിൽപ്പോലും തിരുവെഴുത്തു സത്യങ്ങളെക്കുറിച്ച് നാം അത്യന്തം ഉത്സാഹത്തോടെ സംസാരിക്കും. (മർക്കൊ. 6:31-34) നമ്മുടെ പക്കലുള്ള നിക്ഷേപങ്ങളോടുള്ള വിലമതിപ്പ് ശുശ്രൂഷയിൽ ആവുന്നതെല്ലാം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും; അതെ, ശുശ്രൂഷയിൽ ഒരു പൂർണ പങ്കുണ്ടായിരിക്കാൻ നാം ശ്രമിക്കും.