“ആകാശത്തുനിന്ന് ഒരു അടയാളം”
ഒരു കവിത ഇപ്രകാരം പറയുന്നു: “ഇരവിലെ ചെമ്മാനം നാവികർക്കാനന്ദം, പ്രഭാതചെമ്മാനം നാവികർക്കു മുന്നറിയിപ്പ്.” ഇന്നു കാലാവസ്ഥാ പ്രവചനം നടത്തുന്നതിന് ഉപഗ്രഹങ്ങളും കമ്പ്യൂട്ടറിനാൽ മൂല്യം വർധിപ്പിച്ച താപനിലാ പഠനങ്ങളും ഡോപ്ലർ റഡാറും മററു ശാസ്ത്രീയ മാർഗങ്ങളും ഉപയോഗിക്കുന്നു. പ്രവചനങ്ങൾ പലപ്പോഴും മുകളിൽ ഉദ്ധരിച്ചിരിക്കുന്ന കവിതയോടു ചേർച്ചയിലാണ്.
യേശുക്രിസ്തു മിശിഹ ആണെന്നു തെളിയിക്കുന്നതിന് ഒരു അസാധാരണ പ്രകടനമെന്നനിലയിൽ “ആകാശത്തുനിന്നു ഒരു അടയാളം” മതവൈരികൾ യേശുവിൽനിന്ന് ആവശ്യപ്പെട്ടു. “സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവാകും എന്നും രാവിലെ ആകാശം മൂടി ചുവന്നുകണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാലലക്ഷണങ്ങളെ വിവേചിപ്പാൻ കഴിയുകയില്ലയോ? ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല” എന്ന് അവിടുന്നു പറഞ്ഞു.—മത്തായി 16:1-4.
യേശുവിന്റെ ശത്രുക്കൾക്കു കാലാവസ്ഥ മുൻകൂട്ടിപ്പറയാൻ കഴിയുമായിരുന്നു. എന്നാൽ ആത്മീയ കാര്യങ്ങൾ ഗ്രഹിക്കാൻ പ്രാപ്തരല്ലായിരുന്നു. ദൃഷ്ടാന്തത്തിന്, “യോനയുടെ അടയാള”ത്തെപ്പററിയെന്ത്? ഒരു വലിയ മത്സ്യത്തിന്റെ വയററിൽ മൂന്നു ദിവസം ചെലവഴിച്ചശേഷം ദൈവത്തിന്റെ പ്രവാചകനായ യോന നിനവേയിൽ പ്രസംഗിക്കുകയും അങ്ങനെ അസീറിയയുടെ ആ തലസ്ഥാനനഗരിക്ക് ഒരു അടയാളമായിത്തീരുകയും ചെയ്തു. ക്രിസ്തു ശവക്കുഴിയിൽ മൂന്നു ദിവസങ്ങളുടെ ഭാഗങ്ങൾ ചെലവഴിക്കുകയും ഉയിർപ്പിക്കപ്പെടുകയും ചെയ്തപ്പോൾ യേശുവിന്റെ തലമുറയ്ക്കു “യോനയുടെ അടയാളം” ലഭിച്ചു. യേശുവിന്റെ ശിഷ്യൻമാർ ആ സംഭവത്തിന്റെ തെളിവു പ്രഖ്യാപിച്ചു, അങ്ങനെ യേശു ആ തലമുറയ്ക്ക് ഒരു അടയാളമായിത്തീർന്നു.—മത്തായി 12:39-41.
മറെറാരവസരത്തിൽ യേശുവിന്റെ ശിഷ്യൻമാർ രാജ്യ അധികാരത്തിലുള്ള തന്റെ ഭാവിയിലെ “സാന്നിധ്യ”ത്തിന്റെ “അടയാളം” ചോദിച്ചു. മറുപടിയായി യേശു, അതുല്യമായ യുദ്ധങ്ങളും വലിയ ഭൂകമ്പങ്ങളും ഭക്ഷ്യക്ഷാമങ്ങളും ദൈവത്തിന്റെ സ്ഥാപിത സ്വർഗീയ രാജ്യത്തെ സംബന്ധിച്ചുള്ള ഭൂവ്യാപകമായ പ്രസംഗവും ഉൾപ്പെടെ വ്യത്യസ്ത ഘടകങ്ങളടങ്ങിയ ഒരു സംയുക്ത അടയാളം നൽകി.—മത്തായി 24:3-14.
അദൃശ്യ സ്വർഗീയ രാജാവായുള്ള യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളം നിങ്ങൾ തിരിച്ചറിയുന്നുവോ? അതിന്റെ സവിശേഷതകൾ ഈ തലമുറയുടെമേൽ നിവർത്തിച്ചുകൊണ്ടിരിക്കുകയാണ്. (മത്തായി 24:34) ഭാവിയെ സംബന്ധിച്ചെന്ത്? ബൈബിൾ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനം അടുത്തെത്തിയിരിക്കുന്നുവെന്നു വെളിപ്പെടുത്തുക മാത്രമല്ല മനുഷ്യവർഗത്തിനുവേണ്ടി വ്യക്തമായും ശോഭനമായും ഉദിക്കാനുള്ള ദൈവത്തിന്റെ നൂതന വാഗ്ദത്തദിവസത്തെ മുൻകൂട്ടി പറയുകയും ചെയ്യുന്നു.—2 പത്രൊസ് 3:13.