ഏറെ നല്ല ഒരു ശുശ്രൂഷക്കായി ഞാൻ പൗരോഹിത്യം ഉപേക്ഷിച്ചതിന്റെ കാരണം
ആയിരത്തിത്തൊള്ളായിരത്തമ്പത്തഞ്ച് ജൂലൈ 31-ന് 24-ാമത്തെ വയസ്സിൽ ഒരു കത്തോലിക്കാ പുരോഹിതനായി എനിക്കു പട്ടം കിട്ടി. ഇൻഡ്യയിൽ ഗോവയിലുള്ള മുഖ്യ ഇടവകയിലെ റാക്കോൽ സെമിനാരിയിൽ ചെലവഴിച്ച 12 നിർണായക വർഷങ്ങളുടെ പര്യവസാനമായിരുന്നു അത്. ഒരു പുരോഹിതനായിത്തീരാനുള്ള അഭിലാഷം എന്നിൽ ഉളവാക്കിയത് എന്താണ്?
ആയിരത്തിത്തൊള്ളായിരത്തിമുപ്പത് സെപ്ററംബർ 3-ന് ഇൻഡ്യയിലെ ബോംബെയിൽ ഞാൻ ജനിച്ചു. അതിനടുത്ത വർഷം എന്റെ പിതാവു ജോലിയിൽനിന്നു വിരമിക്കുകയും ഞങ്ങളുടെ കുടുംബം ഇൻഡ്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുള്ള ഗോവയിലെ ബാർഡിസിൽ, സാൽവഡോർ ഡോ മുഡോയിൽ താമസമുറപ്പിക്കുകയും ചെയ്തു. ഞാൻ നാലു കുട്ടികളിൽ ഏററവും ഇളയവനായിരുന്നു. പോർച്ചുഗൽ ഗോവയെ കോളനിയാക്കിയ 1510 മുതൽ അവിടെ നിലനിന്നിരുന്ന പോർച്ചുഗീസ് കത്തോലിക്കാ പാരമ്പര്യത്തിലും സംസ്കാരത്തിലും ശൈശവം മുതൽത്തന്നെ ഞാൻ വളർത്തപ്പെട്ടു.
ഓരോ വർഷവും ക്രിസ്മസും നാല്പ്പതു നോയമ്പും ഈസ്റററും കന്യാമറിയത്തിന്റെയും മററനേകം “വിശുദ്ധൻമാരു”ടെയും മഹത്ത്വത്തിനായി ഉത്സവവിരുന്നുകളും നടത്തിയ, തങ്ങളുടെ വിശ്വാസങ്ങളോടു വിശ്വസ്തരായ, തീക്ഷ്ണതയുള്ള കത്തോലിക്കരായിരുന്നു എന്റെ മാതാപിതാക്കൾ. ഈ ആഘോഷങ്ങളിൽ പങ്കെടുത്ത പുരോഹിതൻമാർ മിക്കപ്പോഴും ഞങ്ങളുടെ ഭവനങ്ങളിൽ താമസിച്ചിരുന്നു, ചിലപ്പോൾ അടുപ്പിച്ചു പത്തിലേറെ ദിവസങ്ങളോളം. അതുകൊണ്ട് അവരുമായി ഞങ്ങൾക്കു തുടർച്ചയായ അടുത്ത ബന്ധം ഉണ്ടായിരുന്നു. ഒരു കുട്ടിയെന്ന നിലയ്ക്ക് എനിക്ക് അവരോടു മതിപ്പു തോന്നി.
ഗോവയിലെയും സലമാങ്കയിലെയും റോമിലെയും എന്റെ ശുശ്രൂഷ
വലിയ ഉത്സാഹത്തോടെയാണു ഞാൻ പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചത്. കത്തോലിക്കാ സഭയുടെ ഉപദേശങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സത്യത സംബന്ധിച്ച് എനിക്ക് ഒരു തരത്തിലുമുള്ള മനസ്സാക്ഷിക്കുത്തും തോന്നിയില്ല. ഗോവയിലെ എന്റെ ശുശ്രൂഷയുടെ ആദ്യത്തെ ഏഴു വർഷം, ഗോവയുടെ തലസ്ഥാനമായ പനാജിയിലെ സെൻറ് തോമസ് പള്ളിയിൽ സാമൂഹികവും പൗരോഹിത്യപരവും ആയ ചുമതലകൾ ഞാൻ നിർവഹിച്ചു. അതേ സമയംതന്നെ അപ്പോഴത്തെ പോർച്ചുഗീസ് ഗവൺമെൻറിന്റെ പോളിടെക്നിക് ഇൻസ്ററിററ്യൂട്ടിൽ രണ്ടു പദവികളിൽ ഞാൻ പൊതുസേവനവും അനുഷ്ഠിച്ചു—പ്രൊഫസറും ഇൻസ്ററിററ്യൂട്ട് ക്യാമ്പസ് ഡയറക്ടറും എന്ന നിലകളിൽ.
ആയിരത്തിത്തൊള്ളായിരത്തറുപത്തിരണ്ടിൽ സ്പെയ്നിലുള്ള സലമാങ്ക സർവകലാശാലയിലേക്ക് എന്നെ അയച്ചു. അവിടെവച്ചു നിയമതത്ത്വശാസ്ത്രത്തിലും കാനോനിക നിയമത്തിലും ഞാൻ ഡോക്ടറേററ് ബിരുദം (PhD) സമ്പാദിച്ചു. നിയമ സംബന്ധമായ എന്റെ പരിശീലന കാലയളവിൽ ഞാൻ പഠിച്ച ചില വിവരങ്ങൾ, പ്രത്യേകിച്ച് റോമൻ നിയമവും കാനോനിക നിയമചരിത്രവും, ‘സഭയുടെമേൽ ഭരണമേധാവിത്വമുള്ള’ പത്രോസിന്റെ പിൻഗാമി എന്നനിലയിൽ പാപ്പായെ തിരിച്ചറിയിക്കുന്ന ഘട്ടത്തോളം കത്തോലിക്കാ സഭയുടെ ഭരണഘടന എങ്ങനെ രൂപഭാവം കൈവരിച്ചുയർന്നു എന്നു പരിശോധിച്ചു നോക്കാൻ എന്നെ പ്രേരിപ്പിച്ചു.
ദൈവശാസ്ത്രപരമായ ഡോക്ടറേററ് പഠനങ്ങൾ ഇററലിയിലെ റോമിൽ ആയിരിക്കാൻ ആസൂത്രണങ്ങൾ ചെയ്യപ്പെട്ടതിൽ ഞാൻ സന്തുഷ്ടനായിരുന്നു. അവിടെവച്ചു സഭയുടെ വൈദിക ഭരണകൂടത്തെക്കുറിച്ചു (hierarchy) കൂടുതൽ പഠിക്കാൻ എനിക്ക് അവസരം ലഭിക്കുമായിരുന്നു. ആയിരത്തിത്തൊള്ളായിരത്തറുപത്തഞ്ചിലെ വേനൽക്കാലത്തു ഞാൻ റോമിലേക്കു പോയി.
ഈ സമയത്തു രണ്ടാം വത്തിക്കാൻ സഭൈക്യ കൗൺസിൽ അതിന്റെ ഉച്ചകോടിയിൽ എത്തിയിരുന്നു. ഞാൻ എന്റെ ദൈവശാസ്ത്ര പഠനങ്ങൾ തുടരവേ കൗൺസിലിലെ യാഥാസ്ഥിതികരെ എതിർത്ത പല ദൈവശാസ്ത്രജ്ഞൻമാരുമായും “കൗൺസിൽ പിതാക്കൻമാ”രുമായും രസാവഹമായ ചർച്ചകൾ നടത്തി. അപ്പോൾ വാണിരുന്ന പാപ്പ, പോൾ ആറാമനായിരുന്നു. ഇൻഡ്യൻ പുരോഹിതസമൂഹത്തിന്റെ റോമിലെ വൈസ് പ്രസിഡൻറ് എന്ന എന്റെ പദവിയിൽ അദ്ദേഹവുമായി ഞാൻ വ്യക്തിപരമായ സമ്പർക്കം പുലർത്തിയിരുന്നു.
ആദ്യകാല സംഘർഷങ്ങളും സംശയങ്ങളും
ഈ സമ്പർക്കങ്ങളുടെയും ഡോക്ടറേററ് നേടാനുള്ള പ്രബന്ധത്തിനു വേണ്ടിയുള്ള എന്റെ ഗവേഷണപഠനങ്ങളുടെയും കാലത്തുടനീളം കത്തോലിക്കാ സഭയുടെ അടിസ്ഥാന ചട്ടക്കൂടിന്റെ ചരിത്രവും വികസനവും സംബന്ധിച്ചു കൂടുതൽ ഉൾക്കാഴ്ച നേടാനുള്ള അവസരം എനിക്കു ലഭിച്ചിരുന്നു.a പീയൂസ് പന്ത്രണ്ടാമന്റെ (1939-58) സമ്പൂർണ ഏകാധിപത്യഭരണം പരിചയിച്ചുപോന്ന കൗൺസിലിലെ യാഥാസ്ഥിതികരുടെ വീക്ഷണങ്ങൾക്കു വിരുദ്ധമായി സഭയുടെ ഡോഗ്മാററിക് ഭരണഘടനയ്ക്ക് (ലാററിൻ ശീർഷകം, ലൂമെൻ ജെൻറിയം, ജനതകളുടെ വെളിച്ചം) സ്വാതന്ത്ര്യവാദികൾ ഒടുവിൽ സമിതിയുടെ അംഗീകാരം നേടിയെടുത്തു. സഭയുടെ മേലുള്ള പാപ്പായുടെ സമ്പൂർണവും പരമോന്നതവും ആയ അധികാരത്തിൽ പങ്കുപററാനുള്ള ബിഷപ്പുമാരുടെ അവകാശത്തെ അത് 3-ാം അധ്യായത്തിൽ കൈകാര്യം ചെയ്തു. ഈ പഠിപ്പിക്കൽ പാരമ്പര്യത്തിൽ ആഴമായി വേരൂന്നിയതായിരുന്നു. എന്നാൽ ഇതിനെ യാഥാസ്ഥിതികർ പാഷണ്ഡപരവും വിപ്ലവാത്മകവും ആയി കണക്കാക്കി.
ഇരു വീക്ഷണങ്ങളിലും സുവിശേഷസത്യം ഇല്ലാതിരുന്നതിനാൽ അവ എനിക്ക് അസ്വീകാര്യമായിരുന്നു. അവ മത്തായി 16:18, 19-ന്റെ ഒരു വളച്ചൊടിക്കലാണ്. കൂടാതെ സഭയുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതും ആയ എല്ലാ തിരുവെഴുത്തു വിരുദ്ധ ഉപദേശങ്ങൾക്കും പ്രമാണങ്ങൾക്കും അവ അനുമതി നൽകുകയും ചെയ്യുന്നു.b ഈ പാഠത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദങ്ങൾ “പാറക്കൂട്ടം” എന്നർഥമുള്ള പെട്രയും (സ്ത്രീലിംഗം) “പാറക്കഷണം” എന്നർഥമുള്ള പെട്രോസ (പുല്ലിംഗം) ആണെന്നു ഞാൻ ശ്രദ്ധിച്ചു. ഒരേ അർഥം വഹിക്കുന്ന പര്യായപദങ്ങളായി യേശു അവ ഉപയോഗിച്ചില്ല. അതിനുപുറമേ, ഒരു മൂലക്കല്ലുപോലുള്ള പാറക്കൂട്ടം എന്ന സ്ഥാനം പത്രോസിനു ലഭിച്ചിരുന്നെങ്കിൽ, പിന്നീടു തങ്ങളുടെയിടയിൽ ഏററവും വലിയവൻ ആരാണെന്നതിനെച്ചൊല്ലി അപ്പോസ്തലൻമാരുടെ ഇടയിൽ യാതൊരു തർക്കങ്ങളും ഉണ്ടാകുമായിരുന്നില്ല. (മർക്കൊസ് 9:33-35; ലൂക്കൊസ് 22:24-26 താരതമ്യം ചെയ്യുക.) മാത്രവുമല്ല ‘സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കാ’ത്തതു നിമിത്തം പത്രോസിനെ പരസ്യമായി ശാസിക്കാൻ പൗലോസ് ധൈര്യപ്പെടുമായിരുന്നുമില്ല. (ഗലാത്യർ 2:11-14) യേശുക്രിസ്തു അടിസ്ഥാന മൂലക്കല്ലായിരിക്കെ അവിടുത്തെ ആത്മജാതരായ അനുഗാമികളെല്ലാം കല്ലുകൾ എന്നനിലയിൽ തുല്യരാണ് എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു.—1 കൊരിന്ത്യർ 10:4; എഫെസ്യർ 2:19-22; വെളിപ്പാടു 21:2, 9-14.
ഞാൻ നേടിയ വിദ്യാസംബന്ധവും പൗരോഹിത്യ സംബന്ധവും ആയ നിലവാരത്തിന്റെ തലം എത്രയധികം ഉയരുകയും എനിക്കു ലഭിച്ച ആശയങ്ങളുടെ കൈമാററം എത്രയധികം വർധിക്കുകയും ചെയ്തുവോ, കത്തോലിക്കാ സഭയുടെ വ്യത്യസ്ത പഠിപ്പിക്കലുകളിൽനിന്നു മനസ്സുകൊണ്ടും ഹൃദയംകൊണ്ടും ഞാൻ അത്രയധികം അകലുകയും ചെയ്തു. പ്രത്യേകിച്ച് “കുർബാന എന്ന വിശുദ്ധ ബലി”യുടെയും അപ്പവീഞ്ഞുകളുടെ രൂപാന്തരീകരണം എന്നു വിളിക്കപ്പെടുന്ന “തിരുവത്താഴം എന്ന വാഴ്ത്തപ്പെട്ട കൂദാശ”യുടെയും സന്ദർഭത്തിൽ പൗരോഹിത്യ പട്ടംകൊടുക്കലിനോടു ബന്ധപ്പെട്ടവയിൽനിന്ന്.
കത്തോലിക്കാ രീതിയിൽ “കുർബാന എന്ന വിശുദ്ധ ബലി” “കുരിശി”ലെ യേശുവിന്റെ ബലിയുടെ നിരന്തര ഓർമാനുഷ്ഠാനവും രക്തരഹിതമായ ആവർത്തനവും ആണ്. പക്ഷേ യേശുവിന്റെ ബലി ഒരു സമ്പൂർണ ബലിയാണെന്ന നിഗമനത്തിലെത്താൻ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ പൊതുവെയും, എബ്രായർക്കുള്ള പൗലോസിന്റെ ലേഖനം പ്രത്യേകിച്ചും, എനിക്കു വേണ്ടത്ര വ്യക്തമായിരുന്നു. അവിടുത്തെ വേല തികവുള്ളതായിരുന്നു. അത് ഏതെങ്കിലും കൂട്ടിച്ചേർക്കലുകളോ ആവർത്തനമോ മെച്ചപ്പെടുത്തലുകളോ ആവശ്യപ്പെടുകയാകട്ടെ, അനുവദിക്കുകയാകട്ടെ ചെയ്തില്ല. ആ യാഗം “എന്നേക്കുമായി ഒരിക്കൽ” അർപ്പിക്കപ്പെട്ടതായിരുന്നു.—എബ്രായർ 7:27, 28, NW.
സത്യത്തിനു വേണ്ടിയുള്ള എന്റെ അന്വേഷണം തുടരുന്നു
എന്നെത്തന്നെ പരീക്ഷിച്ചുനോക്കാനെന്നോണം പശ്ചിമ യൂറോപ്പിലെ പല ഇടവകകൾക്കും മുഖ്യ ഇടവകകൾക്കും ന്യൂയോർക്കിലെ മുഖ്യ ഇടവകയ്ക്കും അലാസ്കയിലെ ഫെയർബാങ്ക്സ് ഇടവകയ്ക്കും വേണ്ടി ഞാൻ തുടർന്നു പ്രവർത്തിച്ചു. സത്യത്തിനു വേണ്ടിയുള്ള എന്റെ അന്വേഷണത്തിലെ വേദന നിറഞ്ഞ ഒമ്പതു വർഷത്തെ ഒരു പരിശോധന ആയിരുന്നു അത്. ഭരണപരമായ കാര്യങ്ങളിലും പൗരോഹിത്യ നിയമശാസ്ത്രത്തിലും നീതിന്യായ നടത്തിപ്പിലും ഞാൻ മുഖ്യമായി ഉൾപ്പെട്ടു. കുർബാന സംബന്ധമായ ആചാരാനുഷ്ഠാനങ്ങളിൽനിന്നു ഞാൻ കഴിവതും അകന്നുനിന്നു. ദിവസവും കുർബാന ചൊല്ലുന്നതായിരുന്നു ഏററവും വലിയ വെല്ലുവിളി. വികാരവിചാരങ്ങളുടെ ഒരു ഗുരുതരമായ സംഘട്ടനം അതു സൃഷ്ടിച്ചു. കാരണം ക്രിസ്തുവിന്റെ രക്തരഹിത ബലിയുടെ ആവർത്തനത്തിലോ, അപ്പവീഞ്ഞുകളുടെ രൂപാന്തരീകരണത്തിലോ, രൂപാന്തരീകരണം എന്ന “മായാജാലം” നിയമത്തിന്റെ സാധുതയോടും അനുമതിയോടും നിർവഹിക്കാൻ ആവശ്യപ്പെട്ട ഭൂമിയിലെ വിശുദ്ധ പൗരോഹിത്യത്തിലോ ഞാൻ വിശ്വസിച്ചില്ല.
രണ്ടാമത്തെ വത്തിക്കാൻ കൗൺസിലിൽ ഈ “മായാജാല”ത്തെക്കുറിച്ച് ഒച്ചപ്പാടുണ്ടായി. ഡച്ച് കത്തോലിക്കാ മേധാവികളുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യവാദികൾ “അപ്പവീഞ്ഞുകളുടെ പ്രതീകവത്കരണ”ത്തെ, (transignification) അതായത് അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരത്തെയും രക്തത്തെയും അർഥമാക്കുകയോ പ്രതീകപ്പെടുത്തുകയോ മാത്രമേ ചെയ്യുന്നുള്ളു എന്ന ആശയത്തെ മാത്രമേ പിന്താങ്ങിയുള്ളു. മറിച്ച് ഇററലിയിലെ കത്തോലിക്കാ മേധാവികൾ നയിച്ച കടുത്ത യാഥാസ്ഥിതികർ “അപ്പവീഞ്ഞുകളുടെ രൂപാന്തരീകരണ”ത്തെ, (transubstantiation) അതായത് കുർബാനയുടെ സമയത്ത് “വാഴ്ത്തപ്പെട്ട വാക്കുകൾ” ഉച്ചരിക്കുമ്പോൾ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ യഥാർഥ ശരീരവും രക്തവും ആയി മാറുന്നു എന്ന വിശ്വാസത്തിനനുകൂലമായി ശക്തമായ പ്രതിവാദം നടത്തി. അതുകൊണ്ട് ഇങ്ങനെ ഒരു ചൊല്ലുണ്ടായി: ‘ഇററലിയിൽ അപ്പവും വീഞ്ഞും ഒഴികെ ഒന്നും മാറാത്തപ്പോൾ ഹോളണ്ടിൽ അപ്പവും വീഞ്ഞും ഒഴികെ സകലതും മാറുന്നു.’
ഞാൻ വിട്ടുപോരുന്നു
ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും ഇങ്ങനെ തെററായി പ്രതിനിധാനം ചെയ്യുന്നതിന്റെ കാഴ്ചപ്പാടിൽ, ദൈവത്തെ മഹത്ത്വീകരിക്കാനും ദേഹികളെ രക്ഷിക്കാനും ഉള്ള എന്റെ ലക്ഷ്യം തുരങ്കം വയ്ക്കപ്പെട്ടതിൽ എനിക്കു ഭയങ്കരമായ നിരാശയും വിഫലതാബോധവും തോന്നി. ആയിരത്തിത്തൊള്ളായിരത്തെഴുപത്തിനാല് ജൂലൈയിൽ അനിശ്ചിത കാലത്തേക്കുള്ള ഒരു ലീവിനുവേണ്ടി അപേക്ഷിച്ചുകൊണ്ടു സജീവ ശുശ്രൂഷയിൽനിന്നു ഞാൻ ഒടുവിൽ രാജിവെച്ചു. യാതൊരു ബൈബിളടിസ്ഥാനവും ഇല്ലാത്ത ഒരു പൗരോഹിത്യത്തിൽനിന്ന് ആനുകൂല്യങ്ങൾ തടയപ്പെടാതവണ്ണം കർത്തവ്യവിമുക്തനായിരിക്കുന്നതിന് ആവശ്യപ്പെടുക എന്നെ സംബന്ധിച്ചിടത്തോളം ന്യായത്തിനു നിരക്കാത്തതും അസ്വീകാര്യവും ആയിരുന്നു. തത്ഫലമായി 1974 ജൂലൈമുതൽ 1984 ഡിസംബർവരെ യാതൊരു മതത്തിലും ഉൾപ്പെടാതെ ഞാൻ നിലകൊണ്ടു. ക്രൈസ്തവലോകത്തിലെ മറെറാരു മതവുമായി ഞാൻ സഹവസിച്ചില്ല, കാരണം ത്രിത്വത്തിനും ദേഹിയുടെ അമർത്ത്യതയ്ക്കും നീതിയുള്ള എല്ലാ ആളുകൾക്കും സ്വർഗത്തിലെ നിത്യജീവൻ കിട്ടുന്നു എന്ന ആശയത്തിനും ഒരിക്കലും അവസാനിക്കാത്ത നരകാഗ്നിശിക്ഷയ്ക്കും വിരുദ്ധമായ എന്റെ നിഗമനങ്ങൾ ആ മതങ്ങളൊന്നും പങ്കുവച്ചില്ല. ഈ ഉപദേശങ്ങളെ പുറജാതീയ വിശ്വാസത്തിന്റെ ഉത്പന്നങ്ങളായി ഞാൻ വീക്ഷിച്ചു.
ആന്തരിക സമാധാനവും സന്തുഷ്ടിയും
ആയിരത്തിത്തൊള്ളായിരത്തെൺപത്തിനാല് ഡിസംബറിൽ മതപരമായ എന്റെ ഏകാന്തവാസം അവസാനിച്ചു. അലാസ്കയിലെ ആങ്കറിജിലുള്ള ഒരു ബിസിനസ്സിന്റെ അക്കൗണ്ട്സ് ഡിപ്പാർട്ടുമെൻറ് മനേജരെന്ന നിലയിൽ ഞാൻ ജോലി നോക്കവേ ബാർബ്രാ ലെർമാ എന്ന ഒരു ഉപഭോക്താവുമായി പല വിലച്ചീട്ടുകൾ (invoices) എനിക്കു ചർച്ച ചെയ്യേണ്ടതുണ്ടായിരുന്നു. അവർ ധൃതിയിലായിരുന്നു, അവർക്ക് ഒരു “ബൈബിളധ്യയന”ത്തിൽ സംബന്ധിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. “ബൈബിളധ്യയനം” എന്ന പദപ്രയോഗം എന്റെ ശ്രദ്ധയാകർഷിച്ചു. ഞാൻ അവരോടു ബൈബിൾ സംബന്ധമായ ചില ചോദ്യങ്ങൾ ചോദിച്ചു. എന്റെ സ്വന്തം സൈദ്ധാന്തിക നിഗമനങ്ങളോടു തികച്ചും പൊരുത്തമുള്ള തിരുവെഴുത്തുത്തരങ്ങൾ ഉടനുടൻ വളരെ ഫലപ്രദമായി അവർ എനിക്കു പറഞ്ഞു തന്നു. എനിക്കു കൂടുതൽ ചോദ്യങ്ങൾ ഉണ്ടെന്നു മനസ്സിലാക്കിയപ്പോൾ യഹോവയുടെ സാക്ഷികളുടെ അലാസ്കയിലെ ബ്രാഞ്ചോഫീസിലുണ്ടായിരുന്ന ജെറാൾഡ് റാങ്കോയുമായി ബാർബ്രാ എന്നെ പരിചയപ്പെടുത്തി.
ബൈബിളിനോടു ബന്ധപ്പെട്ട് തുടർന്നുണ്ടായ പരിപുഷ്ടിപ്പെടുത്തുന്ന ചർച്ചകൾ എനിക്ക് ആന്തരിക സമാധാനവും സന്തുഷ്ടിയും കൈവരുത്തി. ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നതരം ആളുകൾ—ദൈവത്തിന്റെ ആളുകൾ—ഇവരായിരുന്നു. മാർഗനിർദേശത്തിനായി ഞാൻ ദൈവത്തോടു പ്രാർഥിച്ചു, തക്കസമയത്തു സുവാർത്തയുടെ സ്നാപനമേൽക്കാത്ത ഒരു പ്രസാധകനായി യഹോവയുടെ സാക്ഷികളോടൊത്തു സഹവസിക്കാനും തുടങ്ങി. ഈ സ്ഥാപനത്തിന്റെ ആസ്ഥാനം ന്യൂയോർക്കിലെ ബ്രുക്ക്ളിനിലാണു സ്ഥിതിചെയ്തിരുന്നത് എന്നു മനസ്സിലാക്കിയപ്പോൾ ഞാൻ സത്യമായും അമ്പരന്നുപോയി. ഐക്യരാഷ്ട്രങ്ങളുടെ പാരീഷ് ചർച്ചിന്റെ സഹപുരോഹിതനായി (1969, 1971, 1974 എന്നീ വർഷങ്ങളിൽ) ഞാൻ സേവനമനുഷ്ഠിച്ച മാൻഹാട്ടണിലെ വിശുദ്ധ കുടുംബപ്പള്ളിയിൽനിന്നും ഏതാനും മൈലുകൾ മാത്രം അകലെയായിരുന്നു അതു സ്ഥിതിചെയ്തിരുന്നത്.
സത്യം മനസ്സിലാക്കാൻ എന്റെ കുടുംബത്തെ സഹായിക്കൽ
ആങ്കറിജിൽ യഹോവയുടെ സാക്ഷികളോടൊത്ത് ആറു മാസം സഹവസിച്ചശേഷം, 1985 ജൂലൈ 31-നു ഞാൻ പെൻസിൽവേനിയയിലേക്കു മാറി. അവിടെവെച്ച് എന്റെ സഹോദരീപുത്രിയായ മിലനെ മെൻഡാന്യയോടു യഹോവയുടെ രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പങ്കുവയ്ക്കാനുള്ള പദവി എനിക്കു ലഭിച്ചു. സ്ക്രാൻഡൻ യൂണിവേഴ്സിററിയിൽ ജൈവരസതന്ത്രത്തിൽ അവർ ബിരുദത്തിനുവേണ്ടി പഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞാൻ യഹോവയുടെ സാക്ഷികളെ അന്വേഷിക്കുന്നു എന്നു മിലനെ മനസ്സിലാക്കിയപ്പോൾ അവർ തീർത്തും അമ്പരന്നുപോയി. ഈ വിഭാഗം ഒരു വിചിത്ര ഭക്തിപ്രസ്ഥാനം ആണെന്ന തെററായ വിവരമാണ് അവർക്കു മുമ്പു ലഭിച്ചിരുന്നത്. ആദ്യം അവർ എന്നോട് ഒന്നും പറഞ്ഞില്ല, കാരണം അവർ തന്റെ മാതുലനും ഒരു പുരോഹിതനും എന്ന നിലയ്ക്ക് എന്നെ ആദരിക്കുകയും വിദ്യാരംഗത്തും പൗരോഹിത്യശുശ്രൂഷയിലും ഞാൻ കൈവരിച്ച നേട്ടങ്ങളോട് ഉയർന്ന ബഹുമാനം പുലർത്തുകയും ചെയ്തിരുന്നു.
പിറേറ ഞായറാഴ്ച കുർബാനയ്ക്കായി മിലനെ കത്തോലിക്കാ പള്ളിയിലേക്കു പോയി, ബൈബിൾ പ്രസംഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനുമായി ഞാൻ രാജ്യഹാളിലേക്കും. അന്നു വൈകുന്നേരം ഞങ്ങൾ ഒന്നിച്ചിരുന്നു, അവർ തന്റെ കത്തോലിക്കാ ജെറൂസലേം ബൈബിളമായും ഞാൻ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തര[ഇംഗ്ലീഷ്]വുമായും. അവരുടെ ബൈബിളിൽ യാഹ്വെ എന്ന നാമവും പുതിയലോക ഭാഷാന്തരത്തിൽ യഹോവ എന്ന അതിന്റെ തുല്യപദവും ഞാൻ അവർക്കു കാട്ടിക്കൊടുത്തു. ദൈവത്തിന് ഒരു പേരുണ്ടെന്നും തന്റെ പേരിനാൽ നാം അവിടുത്തെ വിളിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും മനസ്സിലാക്കിയപ്പോൾ അവർ അത്യധികം സന്തോഷിച്ചു. ത്രിത്വത്തെയും അപ്പവീഞ്ഞുകളുടെ രൂപാന്തരീകരണത്തെയും ദേഹിയുടെ അമർത്ത്യതയെയും കുറിച്ചുള്ള ഉപദേശങ്ങൾ എത്ര തിരുവെഴുത്തുവിരുദ്ധമാണെന്നു ഞാൻ അവരോടു പറയുകയും ബന്ധപ്പെട്ട തിരുവെഴുത്തുകൾ അവരെ കാണിച്ചുകൊടുക്കുകയും ചെയ്തു. അവർ തികച്ചും വിസ്മയിച്ചുപോയി!
ഭൂമിയിലെ പറുദീസയിലെ നിത്യജീവന്റെ പ്രത്യാശയെക്കുറിച്ചു ഞാൻ അവരോടു പറഞ്ഞപ്പോൾ മിലനെയുടെ താത്പര്യം കൂടുതൽ വർധിച്ചു. അതിനുമുമ്പു മരണത്തിങ്കൽ തനിക്കെന്തു സംഭവിക്കും എന്നതിനെപ്പററി അവർ ഉത്കണ്ഠപ്പെട്ടിരുന്നു. നേരിട്ടു സ്വർഗത്തിലേക്കു പോകാൻ മാത്രം താൻ അത്ര പരിശുദ്ധയല്ലെന്ന് അവർ കരുതി, എന്നാൽ നിത്യനരകാഗ്നി ശിക്ഷയ്ക്കു വിധിക്കപ്പെടാൻ താൻ അത്രയ്ക്കു ദുഷ്ടയാണെന്നും അവർ വിചാരിച്ചില്ല. അതുകൊണ്ട് അവരുടെ മനസ്സിൽ അവശേഷിക്കുന്ന ഒരേയൊരു ഇടമുണ്ടായിരുന്നത് ശുദ്ധീകരണസ്ഥലമായിരുന്നു. തന്നെ സ്വർഗത്തിലേക്കു അയയ്ക്കാനുള്ള ആളുകളുടെ പ്രാർഥനകൾക്കും കുർബാനകൾക്കും വേണ്ടി അവിടെ അവർ ക്ഷമാപൂർവം കാത്തിരിക്കണമായിരുന്നു. ഏതായാലും പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയെക്കുറിച്ച് അനവധി തിരുവെഴുത്തുകൾ ഞാൻ കാണിക്കുകയും വിശദീകരിക്കുകയും ചെയ്തതോടെ ആ അത്ഭുതകരമായ സുവാർത്തയെക്കുറിച്ചു കൂടുതൽ പഠിക്കാൻ അവർ ആകാംക്ഷാഭരിതയായി. മിലനെ എന്നോടൊപ്പം രാജ്യഹാളിലെ യോഗങ്ങൾക്കു ഹാജരായി. പ്രാദേശിക സാക്ഷികളോടൊപ്പം ഞങ്ങൾ ഒരു ഔപചാരിക ബൈബിളധ്യയനം തുടങ്ങി. അനന്തരം താമസിയാതെ യഹോവയാം ദൈവത്തിനു ഞങ്ങൾ സമർപ്പണം നടത്തുകയും 1986 മേയ് 31-നു സ്നാപനമേൽക്കുകയും ചെയ്തു.
ഞാൻ പൗരോഹിത്യം ഉപേക്ഷിച്ച വാർത്തയിൽ എന്റെ കുടുംബത്തിലുള്ളവർ പരിഭ്രാന്തരായിപ്പോയിരുന്നു, പ്രത്യേകിച്ച് എന്റെ മൂത്ത സഹോദരനായ ഒർലാൻഡോ. അദ്ദേഹം എന്റെ മൂത്ത സഹോദരിയായ മൈരാ ലോബോ മെൻഡാന്യയെ ചെന്നുകണ്ടു. “വളരെ നല്ല ഒരു കാരണമില്ലെങ്കിൽ 43 വർഷത്തെ കഠിന വേലയിലൂടെ സമ്പാദിച്ചതെല്ലാം അലിനിയോ പരിത്യജിക്കുകയില്ല, അതുകൊണ്ട് ഇക്കാര്യത്തെച്ചൊല്ലി നമുക്ക് അസ്വസ്ഥരാകാതിരിക്കാം” എന്നു പറഞ്ഞുകൊണ്ട് അവർ അദ്ദേഹത്തെ ശാന്തനാക്കി. ആയിരത്തിത്തൊള്ളായിരത്തെൺപത്തേഴ് സെപ്ററംബറിൽ മൈരായും അവരുടെ കുടുംബവും അമേരിക്കയിലെ വിസ്ക്കോൺസനിൽ എന്നോടൊപ്പം ചേർന്നു. കത്തോലിക്കാ ഉപദേശങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും തിരുവെഴുത്തുവിരുദ്ധമായ സ്വഭാവം അവരെ കാട്ടിക്കൊടുക്കുന്നതിൽ എനിക്കു യാതൊരു വിഷമവും ഉണ്ടായിരുന്നില്ല. ബൈബിൾ സത്യം പഠിക്കാൻ അവർ അത്യന്തം ഉത്സുകരായിരുന്നു. പെട്ടെന്നുതന്നെ മിലനെയും ഞാനും അവരോടൊപ്പം ഒരു ബൈബിളധ്യയനം ആരംഭിച്ചു. ഫ്ളോറിഡയിലെ ഓർലാൻഡോയിലേക്കു മാറിയപ്പോൾ അവർ പഠനം തുടർന്നു.
കാനഡയിലെ ടൊറാന്റോയിൽ താമസിക്കുന്ന എന്റെ ഏററവും മൂത്ത സഹോദരിയായ ജെസ്സിയുമായി യഹോവയുടെ രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പങ്കുവയ്ക്കാൻ ഞങ്ങൾ എല്ലാവരും ആസ്വദിച്ച സമാധാനവും സന്തുഷ്ടിയും ഞങ്ങളെ പ്രേരിപ്പിച്ചു. ആയിരത്തിത്തൊള്ളായിരത്തെൺപത്തിമൂന്നിൽ അവർക്കു സാക്ഷ്യം ലഭിച്ചിരുന്നു. എന്നിരുന്നാലും ഒരു പുരോഹിതനായിട്ട് ഒരു സഹോദരൻ ഉണ്ടായിരുന്നതുകൊണ്ടു യാതൊന്നും തന്റെ വിശ്വാസത്തെ മാററുകയില്ല എന്ന് അവർ വിശ്വസിച്ചിരുന്നു. യഹോവയുടെ സാക്ഷികളുമായുള്ള ആ ആദ്യ സംഭാഷണത്തിനുശേഷം നാലു വർഷം കഴിഞ്ഞ്, ഞാൻ യഹോവയുടെ ഒരു സാക്ഷിയായിത്തീർന്നിരിക്കുന്നെന്നും മൈരായും അവരുടെ കുടുംബവും സുവാർത്താഘോഷകരാണെന്നും മനസ്സിലാക്കിയപ്പോൾ അവർ ഒരു സാക്ഷിയുമായി ബന്ധപ്പെട്ടു, ആ സാക്ഷി സത്വരം ഒരു ബൈബിളധ്യയനം ക്രമീകരിക്കുകയും ചെയ്തു. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ് ഏപ്രിൽ 14-ന് ജെസ്സി സ്നാപനമേററു; മൈരായും എന്റെ അളിയനായ ഓസ്വാൾഡും എന്റെ സഹോദരീപുത്രിയായ ഗ്ലിനിസും 1991 ഫെബ്രുവരി 2-ന് സ്നാപനമേററു. അത്യുന്നതനായ യഹോവയാം ദൈവത്തെ സേവിക്കാൻ അവർ അതീവ സന്തോഷമുള്ളവരാണ്.
കത്തോലിക്കാ സഭയിലെ യാഥാസ്ഥിതിക പാരമ്പര്യവാദികളും സ്വതന്ത്രചിന്താഗതിക്കാരായ പുരോഗമനവാദികളും തീർച്ചയായും ബുദ്ധിയുള്ള ആളുകളാണ്. തങ്ങൾ ദൈവേഷ്ടമാണു ചെയ്യുന്നതെന്ന് അവർ വിശ്വസിക്കുന്നു. എന്നിരുന്നാലും “ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി” എന്ന വസ്തുത നാം അവഗണിക്കരുത്. (2 കൊരിന്ത്യർ 4:4) അതുകൊണ്ട് ഈ വ്യവസ്ഥിതിയുടെ ജ്ഞാനം ദൈവത്തിനു ഭോഷത്വമാണെന്നു വ്യക്തമാണ്. (1 കൊരിന്ത്യർ 3:18, 19) യഹോവ തന്റെ വചനത്തിന്റെ സൂക്ഷ്മ പരിജ്ഞാനത്തിലൂടെ “അനുഭവപരിചയമില്ലാത്തവനെ ജ്ഞാനി”യാക്കുന്നതിൽ ഞാൻ എത്ര നന്ദിയും സന്തോഷവും ഉള്ളവനാണെന്നോ.—സങ്കീർത്തനം 19:7, NW.
ഒരു കത്തോലിക്കാ പുരോഹിതൻ എന്ന നിലയ്ക്കുള്ള 19 വർഷത്തെ എന്റെ സേവനം കഴിഞ്ഞകാല കഥയാണ്. ഇപ്പോൾ ഞാൻ ഒരു യഹോവയുടെ സാക്ഷിയാണ്. യഹോവയുടെ വഴികളിൽ നടന്ന് അവിടുത്തെ പുത്രനും നമ്മുടെ രാജാവും രക്ഷിതാവും ആയ യേശുക്രിസ്തുവിനെ പിന്തുടരുകയെന്നത് എന്റെ ആഗ്രഹമാണ്. ഒരു പറുദീസാഭൂമിയിലെ നിത്യജീവൻ എന്ന സമ്മാനത്തിനു യോഗ്യരാകാനും സത്യദൈവമായ യഹോവയുടെ മഹത്ത്വത്തിനു വേണ്ടിയും യഹോവയെ അറിയുന്നതിനു മററുള്ളവരെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.—അലിനിയോ ഡി സാൻറാ റീററാ ലോബോ പറഞ്ഞപ്രകാരം. (g93 9/8)
[അടിക്കുറിപ്പുകൾ]
a കാനോനിക നിയമത്തെക്കുറിച്ചുള്ള എന്റെ പ്രബന്ധത്തെക്കുറിച്ചു ഗവേഷണം നടത്തിക്കൊണ്ടിരിക്കെ ഞാൻ സലമാങ്ക വിട്ടുപോയി, ഞാൻ ആ പ്രബന്ധം അവതരിപ്പിച്ചത് 1968-ൽ ആയിരുന്നു.
b കത്തോലിക്കാ ന്യൂ അമേരിക്കൻ ബൈബിൾ പ്രകാരം ഈ പാഠഭാഗം ഭാഗികമായി ഇപ്രകാരം പ്രസ്താവിക്കുന്നു: “ഞാൻ നിന്നോടു പ്രഖ്യാപിക്കുന്നു, നീ ‘പാറ’യാകുന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും . . . ഭൂമിയിൽ കെട്ടപ്പെട്ടിരിക്കുന്നതായി നീ പ്രഖ്യാപിക്കുന്നതെന്തും സ്വർഗത്തിൽ കെട്ടപ്പെട്ടിരിക്കും; ഭൂമിയിൽ അഴിഞ്ഞിരിക്കുന്നതായി നീ പ്രഖ്യാപിക്കുന്നതെന്തും സ്വർഗത്തിൽ അഴിഞ്ഞിരിക്കും.”—ചതുരം കാണുക, പേജ് 21.
[21-ാം പേജിലെ ചതുരം]
രാജ്യത്തിന്റെ താക്കോലുകൾ
“സ്വർഗരാജ്യത്തിന്റെ താക്കോലുക”ളെ സംബന്ധിച്ചാണെങ്കിൽ, യേശു മതനേതാക്കൻമാർക്കു നൽകിയ താക്കീതിനെക്കുറിച്ചു പരിചിന്തിക്കുമ്പോൾ അതിന്റെ അർഥം വ്യക്തമായിത്തീരുന്നു: “നിങ്ങൾ പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു; നിങ്ങൾ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.” (ലൂക്കൊസ് 11:52) “കടക്കുക” എന്നുള്ളത് “സ്വർഗ്ഗരാജ്യ”ത്തിലേക്കുള്ള പ്രവേശനത്തെ സൂചിപ്പിക്കുന്നതായി മത്തായി 23:13 കൂടുതലായി വിശദമാക്കുന്നു.
യേശു പത്രോസിനു വാഗ്ദത്തം ചെയ്ത താക്കോലുകളിൽ സ്വർഗരാജ്യത്തിലേക്കു കടക്കാൻ വ്യക്തികൾക്കു പ്രത്യേക അവസരങ്ങൾ തുറന്നു കൊടുക്കുന്ന അനുപമമായ ഒരു വിദ്യാഭ്യാസവേല ഉൾപ്പെട്ടിരുന്നു. മൂന്നു സന്ദർഭങ്ങളിലായി യഹൂദൻമാരെയും ശമര്യരെയും വിജാതീയരെയും സഹായിച്ചുകൊണ്ടു പത്രോസ് ഈ പദവി ഉപയോഗപ്പെടുത്തി.—പ്രവൃത്തികൾ 2:1-41; 8:14-17; 10:1-48; 15:7-9.
ഈ വാഗ്ദത്തത്തിന്റെ ഉദ്ദേശ്യം എന്തു കെട്ടപ്പെടണമെന്നോ എന്ത് അഴിയപ്പെടണമെന്നോ സംബന്ധിച്ചു പത്രോസ് സ്വർഗത്തോട് ആജ്ഞാപിക്കുക എന്നതായിരുന്നില്ല, പിന്നെയോ മൂന്നു പ്രത്യേക നിയമനങ്ങൾക്കായി സ്വർഗത്തിന്റെ ഉപകരണമെന്നോണം പത്രോസ് ഉപയോഗിക്കപ്പെടുക ആയിരുന്നു. വാസ്തവം അതാണ്, കാരണം സഭയുടെ യഥാർഥ ശിരസ്സായി യേശു നിലകൊണ്ടു.—1 കൊരിന്ത്യർ 11:3; എഫെസ്യർ 4:15, 16; 5:23; കൊലൊസ്സ്യർ 2:8-10; എബ്രായർ 8:6-13 താരതമ്യം ചെയ്യുക.
[22-ാം പേജിലെ ചിത്രം]
അലിനിയോ ഡി സാൻറാ റീററാ ലോബോ ഇപ്പോൾ ഒരു സാക്ഷി